തിരക്കഥ, സംഭാ ഷണം: അനില്‍ മുഖത്തല
നിര്‍മ്മാണം: വി.ആര്.ദാസ്, വി.മോഹന്‍ലാല്‍, സൈബര്‍ വിഷന്‍
അഭിനേതാക്കള്‍: സുകുമാരി, മോഹന്‍ലാല്‍, നെടുമുടി വേണു, വിനീത്, കൊച്ചുപ്രേമന് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 20 ജൂണ്‍, 2008
സിനിമ കണ്ടത്: 28 ജൂണ്‍, 2008 @ ദേവകി സിനിമാക്സ്, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.04 @ 10
ചിന്തിച്ചിട്ടുണ്ടോ ഒരു നല്ല സിനിമ ഉണ്ടാകുന്നതെങ്ങനെയെന്ന്?. അടുത്തിടെ ഇറങ്ങുന്ന തട്ടിക്കൂട്ടു കഥകളല്ല ഞാനുദ്ദേശിച്ചത്. പ്രേക്ഷകന് അനുഭവമായ് മാറുന്ന – അത് കച്ചവടമായാലും, കലയായാലും, സമാന്തരമായാലും - നല്ല സിനിമയാണ് ഇവിടെ പ്രതിപാദ്യം. ഒരുവന്റെ മനസ്സിലുണ്ടാകുന്ന കഥയുടെ നുറുങ്ങുവെട്ടം അവന്റെ ചിന്തകളിലൂടെ മറ്റുള്ളവരുമായുള്ള ചര്‍ച്ചകളിലൂടെ രൂപപ്പെട്ട്, ആദിമദ്ധ്യാന്തമുള്ള കഥയായ് മാറിക്കഴിഞ്ഞാല്‍ അടുത്ത് ഘട്ടം എന്താണ്? കുറച്ചെങ്കിലും സിനിമാബോധമുള്ള ആരും പറയും തിരക്കഥയെന്ന്. പൂര്‍ണ്ണരൂപത്തിലുള്ള ഒരു കഥ മനസ്സിലുണ്ടെങ്കില്‍ ആര്‍ക്കുമെഴുതാവുന്ന ഒന്നാണോ തിരക്കഥ? തീര്‍ച്ചയായും അല്ല. എന്റെ അഭിപ്രായത്തില്‍ ഇവിടെയാണ് ഒരു സിനിമ ഉണ്ടാവുന്ന പ്രക്രിയയിലെ ഏറ്റവും ദുര്‍ഘടകരമായ ഘട്ടം കടന്ന് വരുന്നത്. ചലച്ചിത്രമെന്ന മാധ്യമത്തെ കുറിച്ചുള്ള തിരക്കഥാക്കൃത്തിന്റെ അവഗാഹം ഇവിടെയാണ് പരീക്ഷിക്കപ്പെടുന്നത്. ഒരു കഥ ഒരുപാട് രീതിയില്‍ അവതരിപ്പിക്കാം. തന്റെ കഥയ്ക്ക് ഏറ്റവുമനുയോജ്യമായ നരേഷന് ഏതെന്ന് തിരിച്ചയുന്നിടത്താണ് ഒരു ചലച്ചിത്രകാരന്റെ ആദ്യവിജയം. താന്‍ മനസ്സില്‍ കണ്ട കഥാസന്ദര്‍ഭങ്ങള്‍ ഇഫക്ടീവായ് കോര്‍ത്തിണക്കുന്ന ഈ വിദ്യ അറിയാത്ത ഒരാള്‍ക്കും നല്ലൊരു തിരക്കഥാകൃത്താവാനോ സംവിധായകനാവാനോ കഴിയില്ല. പ്രത്യേകിച്ചും സിനിമ എന്ന മാധ്യമത്തെ കുറിച്ച് നല്ല പരിജ്ഞാനമുള്ള പ്രേക്ഷകരുള്ള ഈ നാട്ടില്‍. കയ്യില്‍ നല്ലൊരു കഥയുണ്ടായിട്ടും, കഥാപാത്രങ്ങളുണ്ടായിട്ടും, കഥാസന്ദര്‍ഭങ്ങളുണ്ടായിട്ടും അശോക്.കെ.നാഥിന്റെ ‘മിഴികള്‍ സാക്ഷി’ പരാജയപ്പെടുന്നത് ഈ ‘വിദ്യ‘ അറിയാത്തത് കൊണ്ടാണ്.
കഥാസംഗ്രഹം
മകന്റെ മരണം അംഗീകരിക്കാനാവാത്ത - ഊമയായ, മനസ്സിന്റെ താളം തെറ്റി കൊണ്ടിരിക്കുന്ന - ഒരു അമ്മയുടെ (സുകുമാരി) യാത്രയാണ് ഈ കഥ. ഒരു ശ്രീകൃഷ്ണക്ഷേത്രത്തിലെത്തുന്ന ഊരും പേരുമറിയാത്ത അവര്‍ അമ്പലവാസികളായ ചൊല്ലുസ്വാമി (കൊച്ചുപ്രേമന്), വാരസ്യാരുക്കുട്ടി അമ്പിളി (കൃഷ്ണ) എന്നിവരുമായ് അടുക്കുന്നു. അവര്‍ ആ അമ്മയെ കൂനിയമ്മ എന്ന് വിളിക്കുന്നു. ക്ഷേത്രപരിസരത്തെ ജീവിതം മെല്ലെ പുരോഗമിക്കവേ അവരുടെ ഉള്ളിലെ അമ്മ ഉണ്ണികണ്ണന്റെ പുത്രസങ്കല്‍പ്പത്തില്‍ ആകൃഷ്ടയാവുന്നു. മനസ്സിലെ ദു:ഖങ്ങള്‍ പതിയെ മറവിയിലാഴുമ്പോഴാണ് ആ അമ്മ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് എല്ലാവരുമറിയുന്നത്. അവരുടെ ജീവിതത്തിലുണ്ടായ ദുരന്തത്തിനും തുടര്‍ന്നുള്ള സംഭവങ്ങള്‍ക്കുമാണ് നാം പിന്നീട് സാക്ഷികളാവുന്നത്.
അഭിനയം
കഥയിലെ ഒരു മുഖ്യകഥാപാത്രമായ് മോഹന്‍ലാല്‍ അഭിനയിക്കുമ്പോഴും, ഒരു മോഹന്‍ലാല്‍ ചിത്രമെന്ന രീതിയിലല്ല അണിയറക്കാര്‍ ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റില്‍ മുതല്‍ ഒടുക്കം വരെ കൂനിയമ്മ എന്ന കഥാപാത്രത്തിലാണ് അവരുടെ ഫോക്കസ്. തനിക്ക് ലഭിച്ച ഈ സുവര്‍ണ്ണാവസരം മനോഹരമായ് അവതരിപ്പിക്കുന്നതില്‍ സുകുമാരി വിജയിച്ചിരിക്കുന്നു. ശരീരചലനങ്ങളില്‍ ഭാവങ്ങളില്‍ ആഹാര്യ-വാചികാഭിനയത്തില്‍ എല്ലാം അനുഭവസമ്പന്നയായ അനുഗ്രഹീതനടിയുടെ സ്പര്ശനമുണ്ട് അവരുടെ അഭിനയത്തില്‍. തന്റെ വിശപ്പും പുത്രദു:ഖവും ഉണ്ണിക്കണ്ണനോടുള്ള വാത്സല്യവും സമൂഹത്തിന്റെ മുന്നില്‍ നില്ക്കുമ്പോഴത്തെ നിസ്സഹായാസ്ഥയുമെല്ലാം വളരെ തന്മയത്വത്തോടെ അവര്‍ പ്രകടിപ്പിച്ചിരിക്കുന്നു. ചേമ്പിലയില്‍ കുമ്പിള് കുത്തിക്കൊണ്ട് ഭക്ഷണത്തിനായ് അന്നദാനപ്പുരയ്ക്ക് മുന്നില്‍ കാത്ത് നില്കുന്ന കൂനിയമ്മയുടെ രൂപം ഏറെ നാള് സഹൃദയമനസ്സില്‍ തങ്ങി നില്‍കുമെന്നുറപ്പ്.
വളരെ അപൂര്‍വ്വമായ് മാത്രമാണ് ഒരു നടന് ഒരു കഥാപാത്രത്തിന് ബാദ്ധ്യതയായ് മാറുന്നത്. ആ നടനെ കുറിച്ചുള്ള അമിതപ്രതീക്ഷകളോ അയാള്‍ അവതരിപ്പിക്കുന്നത് കൊണ്ട് പ്രേക്ഷകര്‍ ഒരു മുന്‍വിധിയോടെ കഥാപാത്രത്തെ സമീപിക്കുന്നതോ ആവാം ഈ സന്ദര്‍ഭത്തിന് കാരണം. മറ്റൊരു നല്ല നടന് - ഒരു പുതുമുഖമായാല്‍ പോലും - അവതരിപ്പിച്ചാല്‍ ഇതിലും നന്നാവുമായിരുന്നു സയ്യദ് അഹമ്മദ് എന്ന സ്വതന്ത്രചിന്തകനായ കോളേജ് പ്രൊഫസറുടെ വേഷം. സാമൂഹികതെറ്റിദ്ധാരണകളില്‍ നിന്നും തന്റെ മതത്തെ രക്ഷിക്കണം എന്നാഗ്രഹിക്കുന്ന, അതിനായ് തന്റെ തന്നെ മതത്തിലുള്ളവരോട് ഒറ്റയ്ക്ക് പൊരുതുന്ന, ശക്തമായ ഒരു വ്യക്തിത്വത്തിനുടമയാണ് സയ്യദ് അഹമ്മദ്. ചിന്തകളിലൂടെ വിപ്ലവം നടത്തുന്ന മനുഷ്യസ്നേഹി. ഇടയ്ക്കിടയ്ക്ക് രംഗത്ത് വന്ന് ഒരു കൊച്ചുപ്രഭാഷണം നടത്തി പോകുക എന്നതിനപ്പുറം ഇവിടെ കഥാപാത്രമായ് മാറുന്നതില്‍ എല്ലാ രീതിയിലും മോഹന്‍ലാല്‍ എന്ന അനുഗ്രഹീതനടന്‍ പരാജയപ്പെട്ടിരിക്കുന്നു. പക്ഷെ തിയേറ്ററിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സഹായകരമാകുമെന്നതില് സംശയമില്ല.
ഏടുത്ത് പറയേണ്ട ഒരു പ്രകടനം കൊച്ചുപ്രേമന്റേതാണ്. സ്ഥിരം ശൈലിയിലുള്ള കോമഡിവേഷങ്ങളില്‍ തളയ്ക്കപ്പെട്ട ഈ നടന്റെ (ഞാന്‍ കണ്ടതില്‍ വെച്ച്) ഏറ്റവും നല്ല വേഷമാണ് ഈ ചിത്രത്തിലെ ചൊല്ലുസ്വാമി. സാത്വികഭാവം സ്ഥായിയായുള്ള ചൊല്ലുസ്വാമിയെ കൊച്ചുപ്രേമന് മിതമായ അഭിനയരീതി കൊണ്ട് നന്നാക്കിയിരിക്കുന്നു.
പോലീസുദ്യോഗസ്ഥന് ആദിത്യവര്‍മ്മയായ് വരുന്ന മനോജ്.കെ.ജയന്, കൃഷ്ണനാട്ടക്കാരനായ് വരുന്ന വിനീത്, ദേവസ്വം മാനേജറായ് വരുന്ന ദിനേശ് പണിക്കര്‍, രണ്ട് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തില്‍ മാള അരവിന്ദന്, അമ്പിളിയെ അവതരിപ്പിച്ച കൃഷ്ണ തുടങ്ങിയവരൊന്നും തെറ്റില്ലാത്ത വിധം അഭിനയിച്ചിരിക്കുന്നു.
ഗാനങ്ങള്‍
കഥാഗതിയ്ക്ക് അനുചിതമായ് ഗാനങ്ങള്‍ വരുന്നു എന്നത് ഈ സിനിമയുടെ ഒരു പോരായ്മയാണ്. പക്ഷെ ദക്ഷിണാമൂര്‍ത്തി-ഒ.എന്‍.വി ടീമിന്റെ ഗാനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു എന്ന് മാത്രമല്ല രചനയിലും ഈണത്തിലും അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും നല്ലവയാണെന്ന് നിസ്സശയം പറയാം.
കെ.എസ്.ചിത്ര അതീവഹൃദ്യമായ് ആലപിച്ച ‘തെച്ചിയും ചെമ്പരുത്തിയും നല്ല തൃത്താവും ചാര്‍ത്തും പൈതലേ’ ഒരമ്മയുടെ നേര്‍ത്ത നൊമ്പരമുള്ള മനസ്സില്‍ നിന്ന് വരുന്ന കൃഷ്ണഭക്തിഗാനമാണ്. കൂനിയമ്മയുടെ മനസ്സില്‍ കൃഷ്ണനോടുള്ള പുത്രവാത്സല്യം ഉറവിടുന്നതാണ് സിനിമയിലെ ഗാനപശ്ചാത്തലം.
‘അമ്മേ നീയൊരു ദേവാലയം നന്മകള് പൂവിട്ടു പൂജിക്കുമാലയം’ എന്ന ഗാനത്തിന്റെ അടിസ്ഥാനഭാവം ദു:ഖമാണ്. കൂനിയമ്മയുടെ ലക്ഷ്യമില്ലാത്ത യാത്രയും അലച്ചിലുമാണ് സംവിധായകന് ഈ ഗാനരംഗത്തില്‍ പകര്‍ത്തിയിരിക്കുന്നത്. അമ്മയുടെ മഹത്വവും അപദാനങ്ങളും വിവരിക്കപ്പെടുന്ന ഈ ഗാനം യേശുദാസിന്റെ ഭാവസാന്ദ്രമായ ആലാപനത്തിലാണുള്ളത്.
അപര്‍ണ്ണ രാജീവിന്റെ ശബ്ദത്തില്‍ വരുന്ന ‘മഞ്ജുതരശ്രീലതികാഗൃഹത്തില്‍’ എന്ന ഗാനത്തില്‍ നിറഞ്ഞ് നില്കുന്നത് കൃഷ്ണാനുരാഗമാണ് . നല്ല ഭാവമുള്ള മനോഹരമായ ആലാപനം ഗാനത്തെ ശ്രദ്ധേയമാക്കുമെങ്കിലും സിനിമയില്‍ ഈ ഗാനം അധികപറ്റാണ്. കഥയുമായോ ഏതെങ്കിലും സന്ദര്ഭവുമായോ യോജിച്ച് നില്ക്കാന് ഈ ഗാനത്തിനാവുന്നില്ല. കൂനിയമ്മ ദേവകിയില്‍ നിന്ന് രാധയായ് മാറി എന്ന് കരുതാന്‍ വയ്യല്ലോ! എന്നിരുന്നാലും ഈ ഗാനരംഗത്തില്‍ വിനീതും സുകുമാരിയുമായുള്ള നൃത്തചുവടുകള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണീയതയുണ്ട്.
എസ്.ജാനകി പാടിയ ‘താഴമ്പൂ തൊട്ടിലില്‍ താമരത്തുമ്പിയെ താലോലമാട്ടുവാന്‍ കാറ്റേ വാ’ ഒരു പഴയമലയാളസിനിമാഗാനത്തിന്റെ മൂഡിലുള്ള വിഷാദഭാവമുള്ള ഒരു താരാട്ടുപാട്ടാണ്. ‘മിന്നും പൊന്നിന് ഞെറിവച്ചുടുക്കുവാന്‍ ചിങ്ങവെയിലേ ചിറ്റാടതായോ‘ തുടങ്ങിയ അനുപമമായ വരികള്‍ എത്രയുണ്ട് ഇന്നത്തെ ഗാനങ്ങളില്‍?
ഗാനങ്ങളിലെ ഈണം നാം മുന്‍പെങ്ങോ കേട്ടതാണെന്ന പ്രതീതി ഉണര്‍ത്തുന്നുണ്ട്. ഒരേ രാഗത്തില്‍ ഉണ്ടാകുന്ന ഗാനങ്ങളുടെ സമാനത എന്ന രീതിയില്‍ അതിനെ കണ്ടാല്‍ മതി എന്നാണെനിക്ക് തോന്നിയത്. സിനിമാപ്പാട്ടുകള്‍ കോലാഹലങ്ങളാകുന്ന ഇന്നത്തെ കാലത്ത് അമിതവാദ്യോപകരണബഹളങ്ങളില്ലാത്ത, കവിത്വവും പദഗുണവും സംഗീതബോധവുമുള്ള, ‘മിഴികള്‍ സാക്ഷി‘യിലെ ഗാനങ്ങള്‍ സഹൃദയര്‍ക്ക് വളരെ ആശ്വാസമേകുന്നു.
സാങ്കേതികം
അശോക് ആര് നാഥിന്റെ മുന്‍ചിത്രങ്ങളായ ‘സഫല’വും ‘ഡിസംബറും’ ഞാന്‍ കണ്ടിട്ടില്ല. ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ട് കൊണ്ട് പരിമിതബഡ്ജറ്റില്‍ ചിത്രീകരിച്ച ഒരു സിനിമ എന്ന നിലയ്ക്ക് ‘മിഴികള്‍ സാക്ഷി’ കണ്ട് അദ്ദേഹത്തെ വിലയിരുത്തുന്നതും ശരിയാകില്ല. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് കാമ്പുള്ള നല്ല സിനിമകളാണ് എന്ന് നമുക്ക് അറിയാം.ഇങ്ങനെ ഒരു സിനിമ കണ്‍സീവ് ചെയ്ത് ചുരുങ്ങിയ നാള് കൊണ്ട് ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വിജയമാണ്. ആ ശ്രമം അഭിനന്ദനാര്‍ഹവുമാണ്.
‘മിഴികള്‍ സാക്ഷി’യിലെ മിക്ക പാളിച്ചകളും അവതരണത്തിലാണെന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ. കൂനിയമ്മയും അമ്പലവാസിപെണ്‍കുട്ടിയും തമ്മില്‍ പതിയെ ഉടലെടുക്കുന്ന ബന്ധത്തിന്റെ തീവ്രത പ്രേക്ഷകനിലേക്കെത്തുന്നില്ല. കൂനിയമ്മയുടെ അലച്ചിലുകള്‍ക്ക് കഥാഗതിയുമായ് വല്ലാത്ത ചേര്‍ച്ചക്കുറവനുഭവപ്പെടുന്നു. ഗാനങ്ങളും ആട്ടരംഗങ്ങളും വല്ലാതെ മിസ്പ്ലേസ്ഡ് ആയിരിക്കുന്നു.
സിനിമയുടെ ആദ്യപകുതി വരെ കൂനിയമ്മയുടെ സങ്കടമെന്ത് എന്നത് നമുക്കജ്ഞാതമാണ് എന്നതിനാല്‍ അത്രയും നേരം നമുക്ക് ആ കഥാപാത്രവുമായ് ശരിയാംവിധം സംവേദിക്കാനാവുന്നില്ല. പക്ഷെ അവരുടെ പ്രശ്നങ്ങള്‍ ഒരളവു വരെ നാം മനസ്സിലാക്കുന്നതോടെ സിനിമയിലുള്ള സംവിധായകന്റെ പിടി അയഞ്ഞ് പോകുന്നു. ഒരു അന്വേഷണോദ്യോഗസ്ഥന്റെ കണ്ണിലൂടെ പിന്നെ നാമറിയുന്ന കഥയില്‍ എന്തിന് കൂനിയമ്മ അലഞ്ഞ് നടക്കുന്നു, എന്താണ് അവര്‍ക്ക് വേണ്ടത് എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. ’ദേവകിയുടെ വിശ്വരൂപദര്‍ശന‘ത്തെ കൂനിയമ്മയുടേ കഥയുമായ് ബന്ധപ്പെടുത്താമെന്ന ആശയം നന്ന്, പക്ഷെ അത് ഫലപ്രദമായില്ലെന്ന് മാത്രമല്ല പ്രേക്ഷകനെ ഒട്ടൊന്ന് ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. പ്രത്യേകിച്ചും ഒരാവശ്യവുമില്ലാതെ അവസാനം വരുന്ന ഗാനവും കൂനിയമ്മയും കൃഷ്ണനാട്ടക്കാരനും ചേര്‍ന്നുള്ള നടനവും. വാത്സല്യത്തേക്കാളേറെ ശൃംഗാരഭാവമാണ് അവിടെ നമ്മള് കാണുന്നത് എന്നത് നമ്മെ അമ്പരപ്പിക്കുന്നു.
രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണം പാവുമ്പ മനോജിന്റെ കലാസംവിധാനം റാണാ പ്രതാപിന്റെ വസ്ത്രാലങ്കാരം ദാസിന്റെ ചമയം എന്നിവ കഥയ്ക്കനുയോജ്യമാംവണ്ണം നന്നായിരിക്കുന്നു.
സുകുമാരിയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രവും അഭിനയവും, മോഹന്‍ലാല്‍, നെടുമുടി വേണു എന്ന മികച്ച നടന്മാരുടെ സാന്നിധ്യം എന്നീ അനുകൂലഘടകങ്ങള്‍ ഫലപ്രദമായ് ഉപയോഗിക്കുന്നതില്‍ തിരക്കഥാക്കൃത്തും സംവിധായകനും പരാജയപ്പെട്ടിരിക്കുന്നു. കഥാപാത്രങ്ങളുടെ ദു:ഖം പ്രേക്ഷകരില്‍ വിങ്ങലായ് മാറേണ്ടിയിരുന്ന കഥ, അവനില്‍ ഒരു സ്വാധീനവും ചെലുത്താതെ, ഒരു നിശ്വാസം പോലുമുണര്‍ത്താതെ, കടന്നു പോകുന്നു. എന്നിരുന്നാലും ഇത്തരമൊരു കഥ – ഒരു വയസ്സായ സ്ത്രീ മുഖ്യകഥാപാത്രമായ് വരുന്ന കഥ - മെനഞ്ഞെടുക്കാനും, അത് ചുരുങ്ങിയ ബഡ്ജറ്റില്‍ ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കി തിയേറ്ററുകളിലെത്തിക്കാനും സന്നദ്ധരായ, അതിന് ധൈര്യം കാണിച്ച, എല്ലാവരും - പ്രത്യേകിച്ചും നിര്‍മ്മാതാക്കളും വിതരണക്കാരും - പ്രത്യേകപരാമര്‍ശവും അഭിനന്ദനവുമര്‍ഹിക്കുന്നു. ആ ധൈര്യത്തിനും കലാസമര്‍പ്പണത്തിനും ദൃശ്യന്റെ വക ഒരു സല്യൂട്ട്!!!
+ ആവശ്യത്തിന് മാത്രമുള്ള കഥാപാത്രങ്ങള്‍
+ രചനാപരമായും സംഗീതപരമായും മികച്ച നിലവാരം പുലര്‍ത്തുന്ന ഗാനങ്ങള്‍
x മോഹന്‍ലാല്‍
x അതിഭാവുകത്വം
x മിസ്പ്ലേസ്ഡ് ആയി വരുന്ന ഗാനങ്ങള്‍, കൃഷ്ണനാട്ടരംഗങ്ങള്‍
x ലക്ഷ്യബോധമില്ലാത്ത നറേഷന് സ്റ്റൈല്‍, ദുര്‍ബലമായ തിരക്കഥ
x സാന്ദര്‍ഭികമായ ഹാസ്യത്തിന്റെ - സരസമായ രംഗങ്ങളുടെ - അഭാവം
--------------------------------------------------------------------------------------------------------------------------------------
11 comments:
:)
വളരെ നല്ല റിവ്യൂ.
• അമ്പിളിയെ അവതരിപ്പിച്ച നടിയുടെ പേര് കൃഷ്ണ. ഒടുവില്‍ എഴുതിക്കാണിച്ചിരുന്നു. പക്ഷെ ആദ്യഭാഗങ്ങളില്‍ അത്ര ഇഷ്ടമായില്ല. പിന്നെ നന്നായിട്ടുണ്ടെന്നു തോന്നി.
• ഗാനങ്ങളില്‍ “മഞ്ജുതരശ്രീലതികാഗൃഹത്തില്‍...” എന്നഗാനം കേള്‍ക്കുവാന്‍ ഇമ്പമുള്ളതുകൊണ്ടും; “അമ്മേ നീയൊരു ദേവാലയം...” എന്നത് വരികളുടെ മെച്ചം കൊണ്ടും ഇഷ്ടമായി. മറ്റുള്ളവ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുവാന്‍ മാത്രം മെച്ചമുള്ളവയാണോ?
• കഥകളി വേഷമല്ല വിനീത് അവതരിപ്പിച്ചത്. അത് കൃഷ്ണനാട്ടമാണ്. (കഥകളി വേഷം ഏറെ വ്യത്യസ്തമാണ്; അതുകൊണ്ട് കൃഷ്ണനാട്ടമാവാമെന്നു കരുതുന്നു. മാത്രവുമല്ല പദങ്ങള്‍ ഗീതാഗോവിന്ദത്തിലെയോ മറ്റോ ആണെന്നു തോന്നുന്നു, അത് ആടുന്നത് കൃഷ്ണനാട്ടത്തിലാണ്.)
• മോഹന്‍ലാല്‍ മോശമായി എന്ന് എനിക്കു തോന്നുന്നില്ല. എന്നാല്‍ കൂടുതല്‍ മികച്ചതാക്കുവാനുള്ള സന്ദര്‍ഭങ്ങളോ, സാധ്യതകളോ തിരക്കഥയില്‍ ഇല്ലാതെ പോയി. പൂര്‍ണ്ണമായും കൂനിയമ്മയുടെ ഭാഗത്തുനിന്നും കഥപറയുവാന്‍ ശ്രമിച്ചത് ഇവിടെ അബദ്ധമായോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു; അതുകഴിഞ്ഞു കഥപോവുന്നത് മനോജ് കെ. ജയന് അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനിലൂടെയും. എളുപ്പപ്പണി പ്രയോഗിച്ചപ്പോള്‍, സിനിമ ഒരു വഴിക്കായി! കൊച്ചുപ്രേമന്റെ വേഷത്തിനും, അഭിനയത്തിനും നൂറു മാര്‍ക്ക്. :)
--
സുകുമാരിയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രവും അഭിനയവും, മോഹന്‍ലാല്‍, നെടുമുടി വേണു എന്ന മികച്ച നടന്മാരുടെ സാന്നിധ്യം എന്നീ അനുകൂലഘടകങ്ങള്‍ ഫലപ്രദമായ് ഉപയോഗിക്കുന്നതില്‍ തിരക്കഥാക്കൃത്തും സംവിധായകനും പരാജയപ്പെട്ടിരിക്കുന്നു. കഥാപാത്രങ്ങളുടെ ദു:ഖം പ്രേക്ഷകരില്‍ വിങ്ങലായ് മാറേണ്ടിയിരുന്ന കഥ, അവനില്‍ ഒരു സ്വാധീനവും ചെലുത്താതെ, ഒരു നിശ്വാസം പോലുമുണര്‍ത്താതെ, കടന്നു പോകുന്നു. എന്നിരുന്നാലും ഇത്തരമൊരു കഥ – ഒരു വയസ്സായ സ്ത്രീ മുഖ്യകഥാപാത്രമായ് വരുന്ന കഥ - മെനഞ്ഞെടുക്കാനും, അത് ചുരുങ്ങിയ ബഡ്ജറ്റില്‍ ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കി തിയേറ്ററുകളിലെത്തിക്കാനും സന്നദ്ധരായ, അതിന് ധൈര്യം കാണിച്ച, എല്ലാവരും - പ്രത്യേകിച്ചും നിര്‍മ്മാതാക്കളും വിതരണക്കാരും - പ്രത്യേകപരാമര്‍ശവും അഭിനന്ദനവുമര്‍ഹിക്കുന്നു. ആ ധൈര്യത്തിനും കലാസമര്‍പ്പണത്തിനും ദൃശ്യന്റെ വക ഒരു സല്യൂട്ട്!!!
‘മിഴികള്‍ സാക്ഷി’യിലെ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.
സസ്നേഹം
ദൃശ്യന്‍
നന്ദി ഹരി.
അയ്യോ അബദ്ധായീല്ലേ. ഞാനും കരുതി. കഥകളിസംഗീതം പോലെ തോന്നിയില്ല എന്ന് മാത്രമല്ല ഭാഗവതകഥ (പ്രത്യേകിച്ചും ‘വിശ്വരൂപം’)കഥകളിയില്‍ അങ്ങനെ (ഞാന്‍) കണ്ടിട്ടുമില്ല. പിന്നെ കഥാപാത്രങ്ങള്‍ ‘കളി’ എന്ന് പറഞ്ഞപ്പോള്‍ അത് കഥകളി തന്നെയാവുമെന്നുറപ്പിക്കുകയും ചെയ്തു. പിന്നെ കഥകളിയുടെ വിശദാംശങ്ങള്‍ അത്രകണ്ട് മനസ്സിലാക്കാനുള്ള വിവരവുമില്ല :-) തെറ്റ് ഞാന്‍ തിരുത്തിയിട്ടുണ്ട്.
പാട്ടുകളില്‍ എനിക്കേറ്റവുമിഷ്ടപ്പെട്ടത് ‘തെച്ചിയും ചെമ്പരുത്തിയും‘ ആണ്. ‘താഴമ്പൂത്തോട്ടിലില്’ലിന് പഴയകാലഗാനങ്ങളുടെ ഒരു ഛായയുള്ളതുമിഷ്ടപ്പെട്ടു. പിന്നെ സിനിമ കണ്ടപ്പോള്‍ ‘അമ്മേ നീയൊരു’ ഒഴിച്ച് ഒന്നും വൃത്തിയില്‍ കേട്ടിരുന്നില്ല. മുഖ്യകാരണം കഥാഗതിയുമായുള്ള ചേര്‍ച്ച ക്കുറവ് തന്നെ. പിന്നീട് കേട്ടപ്പോഴാണ് അവ ഇഷ്ടപ്പെട്ടത്. കൂടുതല്‍ ആകര്‍ഷിച്ചത് വരികളും സംഗീതത്തിന്റെ ലാളിത്യവുമാണ്.
തിരക്കഥയാണ് മോഹന്‍ലാലിന്റെ പ്രകടനം ഇത്രയും മോശമാവാന്‍ കാരണം എന്നതിനോട് ഞാനും ചോദിക്കുന്നു. പക്ഷെ ‘ഉമ്മയേയും ബാപ്പയേയും കാണാന്‍ പതുങ്ങി വരുന്ന രംഗം പോലീസ് അന്വേഷണത്തിന്റെ രംഗങ്ങള്‍ തുടങ്ങിയവയില്‍ ഒരു നടന് കൊടുക്കാവുന്ന സാമാന്യമായ കോണ്ട്രിബ്യൂഷന് പോലും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല എന്ന് തോന്നി. പിന്നെ ഡയലോഗ് ഡെലിവെറിയും വളരെ ആര്‍ട്ടിഫിഷ്യല്‍ ആണെന്നും (ഇത് മിക്കപ്പോഴും മോഹന്ലാലിനുണ്ടാവുന്ന പ്രശ്നങ്ങളുമാണ്).
സസ്നേഹം
ദൃശ്യന്‍
ചിത്രം കണ്ടില്ല. പക്ഷേ ഗാനങ്ങള്‍ കേട്ടു. ഓ.എന്‍.വി സാറിന്റ്റെ കാവ്യാത്മകമായ വരികളും ദക്ഷിണാമൂര്‍ത്തിസ്വാമിയുടെ ലളിതമായ സംഗീതവും ഇഷ്ടപ്പെട്ടു.
അമ്മേ നീയൊരു ദേവാലയം നന്മകള് പൂവിട്ടു പൂജിക്കുമാലയം -ദേവാലയം.........
ചെത്തിയും ചെമ്പരത്തിയും നല്ല തൃത്താവും ചാര്‍ത്തും പൈതലേ.......
താഴമ്പൂത്തൊട്ടിലില്‍ താമരത്തുമ്പിയെ താലോലമാട്ടുവാന്‍ കാറ്റേ വാ........
മഞ്ജുതരശ്രീലതികാഗൃഹത്തില്‍ എന്റ്റെ കഞ്ജലോചനാ നിന്നെ കാത്തിരിപ്പൂ-ഞാന്‍ കാത്തിരിപ്പൂ...
ഈ പോസ്റ്റിനു നന്ദി :)
നന്ദി മാഷേ .
:)
ഇങ്ങനെയുള്ള റിവ്യൂസ് ഉണ്ടാവുകതന്നെ വേണം. വളരെ വളരെ നന്ദിയുണ്ട്
നന്ദി ബൈജൂ, ചിത്രത്തിലെ ഗാനങ്ങള്‍ എനിക്കുമൊരുപാട് ഇഷ്ടപ്പെട്ടു.
ശ്രീ :-)
രഘുവംശി, ആദ്യമായാണല്ലെ ഇവിടെ. നന്ദി. ഇനിയും തുടരുന്നതാട്ടോ.
സസ്നേഹം
ദൃശ്യന്‍
ee cinema kananam ennund...pakshe chennail ith vare etheettilla
enthayalum mashe, athyugran review
Thanks for providing such close details
congrats for ur gt8 reviews.!
Madhu
സിനിമ കാണാന്‍ പറ്റിയില്ല പാട്ടും ദൃശ്യങ്ങളും യു റ്റ്യൂബില് കേട്ടു, കണ്ടൂ. ഇന്ന് ഇതുപോലത്ത പാട്ടുകള്‍ കൊണ്ടുവരാന്‍ സംവിധായകന് കാണിച്ച ചങ്കൂറ്റം അഭിനന്ദനാര്‍ഹം. പഴേ ആള്‍ക്കാരായ യേശുദാസും എസ്. ജാനകിയും വീണയും ഫ്ലൂട്ടും പ്രധാനമായും ഓര്‍ക്കെസ്ട്രയില്‍ ഉള്‍പ്പെടുത്തി ക്ലാസിക് ശൈലിയില്‍ പാടിയാല്‍ കുഴപ്പമൊന്നുമില്ലെന്നു തെളിയുന്നത് തമാശ് തന്നെ. ചിത്രയുടെ ‘തെച്ചിയും ചെമ്പരുത്തിയും’ ആലാപനസൌഭഗം ചൊരിയുന്നു.
‘മഞ്ജുതര ശ്രീലതികാ...’ ആനന്ദഭൈരവിയുടെ ലാളിത്യം പിടിച്ചെടുത്തിരിക്കുന്നു.
പക്ഷേ ആ പാട്ട് ദൃശ്യന്‍ സൂചിപ്പിച്ചതുപോലെ അനുരാഗവിവശയായ നായികയുടേതാണ്. അഷ്ടപദിയുടെ ചുവടുപിടിച്ച് എഴുതിയതും. അതു വേണ്ടായിരുന്നു. “ഒരുവരുമറിയാതെ അവന് വന്നു പുണര്‍ന്നുവോ ...” എന്നൊക്കെ അതിലുണ്ട്!
വിനീതിന്റെ വേഷം കഥകളിയ്ക്കും കൃഷ്ണനാട്ടത്തിനും ഇടയ്ക്കാണ്. കണ്ഫ്യൂഷന് സാദ്ധ്യം. നൃത്തം കഥകളിയുടേത് തന്നെ. സ്വല്പ്പം ‘സിനിമാറ്റിക്’ ആക്കിയിട്ടുണ്ട്.
‘അമ്മേ നീയൊരു...’ ചിത്രീകരണം അതിഭാവുകത്വവും ക്ലീഷേയും കൊണ്ട് സ്വല്പ്പം പഴഞ്ചനായിപ്പോയി. ചിലയിടത്ത് “ഒരിടത്തു ജനനം ഒരിടത്തു മരണം....’സീനുകള്‍ പോലെ.
‘അമ്മേ നീയൊരു ദേവാലയം...’ എന്നതിനൊക്കെ വലിയ കവിതാഗുണം പറയാന്‍ പ്രയാസം. അമ്മേ അവിടുത്തെ മുന്നില്‍ ഞാനാര് ദൈവമാര്, ഈപ്രപഞ്ചം സൃഷ്ടിച്ച ദൈവത്തിനും ഒരു അമ്മയുണ്ടായിരുന്നു എന്നൊക്കെ സിനിമാപ്പാട്ടില്‍ പണ്ടേ വന്നുകഴിഞ്ഞിട്ടുളളതാണല്ലൊ.
Post a Comment