Thursday, January 28, 2010

ബോഡിഗാര്‍ഡ്: അവിയല്‍ സിനിമ

റാംജിറാവ് സ്പീക്കിംഗിലൂടെ ഇരട്ടസംവിധായകരിലൊരാളായ് വരികയും ഹിറ്റ്ലറിലൂടെ സ്വതന്ത്രസംവിധായകനായ് മാറുകയും ചെയ്ത സിദ്ദിക്ക് വലിച്ച് വാരി സിനിമകള്‍ ചെയ്യാത്ത സിനിമാക്കാരനാണ്. സിദ്ദിക്ക്-ലാല്‍ സിനിമകളുടെ മുഖമുദ്ര സിറ്റ്വേഷണല്‍ കോമഡിയിലൂന്നിയ പുതുമയും രസകരവുമായ നറേഷനാണ്. അതിന് പകരം കൃത്രിമമായ കഥാപരിസരങ്ങളും കഥയുമായ് ഏച്ചുകൂട്ടിയ ഹാസ്യരംഗങ്ങളും കളറില്‍ കുളിച്ച നടീനടന്മാരും സിദ്ദിക്ക്സിനിമയില്‍ നിറഞ്ഞാടുന്നത് ഈ സംവിധായകനെ കുറിച്ചുള്ള പ്രേക്ഷകമതിപ്പ് കുറയ്ക്കുന്നതിന് ഹേതുവായി. 2003ലിറങ്ങിയ ക്രോണിക്ക്ബാച്ചിലറിന് ശേഷം സിദ്ദിക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്ത് വന്ന, ദിലീപ്-നയന്‍‌താര എന്നിവരഭിനയിച്ച ബോഡിഗാര്‍ഡ് ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു സംവിധായകന്റെ ദയനീയകാഴ്ചയാണ് നമുക്ക് നല്‍കുന്നത്.

കഥാസംഗ്രഹം:
(മനസ്സിലാക്കാന്‍ ലേശം ബുദ്ധിമുട്ടു തോന്നിച്ച ഒരു കാരണത്താല്‍) ഗുണ്ടയാകാന്‍ മോഹിച്ച് നടക്കുന്ന പഠിക്കാന്‍ മിടുക്കനും കാരുണ്യഹൃദയനുമായ ഒരു ചെറുപ്പക്കാരനാണ് ജയക്കൃഷ്ണന്‍ (ദിലീപ്). റിട്ട.ഗുണ്ടയെങ്കിലും ഇന്നും അധോലോകത്തില്‍ ആജ്ഞാശക്തിയുള്ള അശോകേട്ടന്റെ (ത്യാഗരാജന്‍) ബോഡിഗാര്‍ഡാകുക എന്ന ലക്ഷ്യത്തോടെ വരുന്ന പുന്നത്തൂര്‍ക്കടവിലെത്തുന്ന ജയനെ ആദ്യം ആരും അംഗീകരിക്കുന്നില്ല. അശോകേട്ടന്‍, മകള്‍ അമ്മു (നയന്‍ താര), ഭാര്യ രാധാമണി (സീനത്ത്) എന്നിവരുമായ് ചില ഉരസരലുകളുണ്ടാവുന്നുണ്ടെങ്കിലും ഒരു ആകസ്മികസംഭവ(?)ത്തിലൂടെ അവര്‍ അവനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. കോളേജില്‍ തുടര്‍ന്ന് പഠിക്കണമെന്ന് വാശിപിടിക്കുന്ന അമ്മുവിന്റെ കൂടെ കോളേജില്‍ ചേര്‍ന്ന് അവളെ സംരക്ഷിക്കാന്‍ അശോകന്‍ ജയനോട് പറയുന്നു. അമ്മുവിനും കൂട്ടുകാരി സേതുലക്ഷ്മിക്കും (മിത്ര കുര്യന്‍) മറ്റു കൂട്ടുകാര്‍ക്കുമെല്ലാം ജയക്കൃഷ്ണന്‍ എന്ന ബോഡിഗാര്‍ഡ് ഒരു ശല്യമാകുന്നു. അയാളുടെ സെക്യൂരിറ്റിവലയത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായ് അജ്ഞാതയായ ഒരു ആരാധികയായ് അമ്മു ജയനെ ഫോണ്‍ ചെയ്തു തുടങ്ങുന്നു. പതിയെ പതിയെ ജയനില്‍ പ്രണയം പൂവിടുന്നു. കാണാതുള്ള പ്രണയത്തിന്റെ ഒഴുക്കും അതിന്റെ പരിസമാപ്തിയുമാണ് തുടര്‍ന്ന് ബോഡിഗാര്‍ഡ് നമ്മോട് പറയുന്നത്.

അഭിനയം, സാങ്കേതികം:
ദിലീപിന്റെ ജയക്കൃഷ്ണന്‍ സ്ഥിരംശൈലിയിലുള്ള എല്ലാ ഗുണങ്ങളും ചേര്‍ന്ന ഒരു നായകനാണ്. സംവിധായകന് വിധേയനായ് അയാള്‍ വീരനും പൊട്ടനും ബുദ്ധിമാനും ഒക്കെയായ് മാറുന്നുണ്ട്. വ്യക്തിത്വമില്ലാത്ത ഇത്തരം നായകകഥാപാത്രങ്ങള്‍ സിനിമയ്ക്കോ നടനോ യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് മാത്രം. നയന്‍‌താരയുടെ അമ്മുവും വ്യത്യസ്തമല്ല. ഒരു കാരണവുമില്ലാതെ നായകനെ പറ്റിക്കാനും പിന്നെ തമ്മിലടിക്കാനും പ്രകൃതിനിയമമെന്നോണം പ്രണയത്തിലകപ്പെടാനും ഒടുവില്‍ വിധിക്ക് വഴങ്ങി അവനെ കാത്തിരിക്കാനും ഒരു സങ്കോചവുമില്ലാത്തവളാണ് അമ്മു. വലിയ ബദ്ധപ്പാടൊന്നുമില്ലാതെ ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും, കരിയറില്‍ മറ്റൊരു സിനിമ കൂടി എന്നല്ലാതെ മറ്റൊന്നും ബോഡിഗാര്‍ഡ് ഇവര്‍ക്കേകിയിട്ടില്ല.

മിത്രാകുര്യന്റെ സേതുലക്ഷ്മി ആശയക്കുഴപ്പം നിറഞ്ഞ (നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന) ഒരു കഥാപാത്രമാണ്. സ്വിച്ചോണ്‍ ചെയ്ത പോലെ ഒരുവനോട് മോഹം തോന്നി അവനെ എല്ലാവരില്‍ നിന്നകറ്റി കല്ല്യാണം കഴിച്ച് ജീവിക്കുന്ന ഈ കഥാപാത്രം തലച്ചോറില്ലാത്തവന്റെ സര്‍ഗ്ഗശേഷിയുടെ ചാപ്പിള്ളയാണ്. ആരംഭത്തിന്റെ സഭാകമ്പമില്ലാതെ മിത്രാകുര്യന്‍ അഭിനയിച്ചു എന്നതാശ്വാസം.

ത്യാഗരാജന്റെ അശോകേട്ടന്‍ നിരൂപണമര്‍ഹിക്കുന്നില്ല. ഭാഗ്യലക്ഷ്മി, ഷോബി തിലകന്‍, ശ്രീജ തുടങ്ങിയ ഡബ്ബിംഗ് കലാകാരന്മാര്‍ മലയാളസിനിമയുടെ അവിഭാജ്യഘടകമാകുന്നു എന്നത് നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ സിനിമയും കഥാപാത്രങ്ങളും. അല്ലെങ്കില്‍ വടി വിഴുങ്ങിയ പോലെ നിന്ന് വാക്കുകളുരുവിടുന്ന ത്യാഗരാജനെയൊക്കെ എങ്ങനെയാണ് നമ്മള്‍ സഹിക്കുക?

ഹരിശ്രീ അശോകന്റെ നീലാംബരന്‍‍, ജനാര്‍ദ്ദനന്റെ മേനോന്‍ (എന്ന അനാവശ്യപാത്രം), കൊച്ചിന്‍ ഹനീഫയുടെ പ്രിന്‍സിപ്പാള്‍
(എന്ന ബോറന്‍ കഥാപാത്രം), സീനത്തിന്റെ രാധാമണി (എന്ന ജയനെ ചീത്ത വിളിക്കാനും അടിക്കാനുമായ് മാത്രമായൊരു കഥാപാത്രം) എന്നിവ പഴയ അച്ചുകളില്‍ തുടര്‍ച്ചയായ് വാര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നവയും പക്രുവിന്റെ ബാലാജി, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ലക്‍ചറര്‍, വൈജയന്തിയുടെ മല്ലിക എന്ന അടുക്കളക്കാരി തുടങ്ങി അധികം പഴക്കമില്ലാത്ത അച്ചുകളില്‍ വാര്‍ത്തെടുത്തതുമായ കഥാപാത്രങ്ങളാണ്. അമ്മുവിന്റെ ആങ്ങള (അപ്പാഹാജ), ജയക്കൃഷ്ണന്റെ അച്ഛന്‍ രാമനുണ്ണി മാസ്റ്റര്‍ (നന്ദു), അമ്മുവിന്റെ കൂട്ടുകാരായ റം‌ല (ഗൌതമി), മത്തായി (സിദ്ദാര്‍ഥ്) തുടങ്ങിയ കഥാപാത്രങ്ങളും സിനിമയിലുണ്ട്. വാര്യന്‍ മാഷെന്ന അദൃശ്യനായ കഥാപാത്രത്തിന്റെ ശബ്ദമായ് വരുന്ന രഞ്ജിത്ത് തന്റെ ശബ്ദഗാംഭീര്യം കൊണ്ട് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

എസ് സുകുമാറിന്റെ ക്യാമറ കാഴ്ചയിലെ ആശ്വാസങ്ങളിലൊന്നാണ്. ഗൌരിശങ്കറിന്റെ ചിത്രസംയോജനത്തിന് തിരക്കഥയിലെ പാളിച്ചകള്‍ മറയ്ക്കാനാവുന്നില്ല. മലേഷ്യ ഭാസ്ക്കറിന്റെ ഫൈറ്റ്‌സ് ‘ഗുണ്ടയാവാന്‍ ശ്രമിക്കുന്ന’ ജയക്കൃഷ്ണനെ ‘ആയോധനകലകളില്‍’ വിദഗ്ദനാക്കിയിരിക്കുന്നു. കൈതപ്രം, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ നല്‍കിയ സംഗീതവും അതിന്റെ ദൃശ്യാവിഷ്ക്കാരവും നമ്മള്‍ മുന്‍പ് അനുഭവിച്ചവ തന്നെ. പാട്ടുകളില്‍ “അരികത്തായ് ആരോ പാടുന്നുണ്ടോ അതോ എന്റെ മനസ്സാണോ?”, “പുലര്‍‌മഞ്ഞ് മഞ്ജിമയിലൂടെ“, “എന്നെയാണോ അതോ നിന്നെയാണോ” എന്നിവ സിനിമയുടെ ഭാഗമായ് കേട്ടിരിക്കാവുന്നതും “കോഴി ചിങ്കാര പൂങ്കോഴി” അസഹ്യവുമാണ്.

ദിലീപിനായ് ബാലു, നയന്‍‌താരക്കായ് നളിനി ശ്രീരാം, മറ്റുള്ളവര്‍ക്ക് പൊതുവായ് മനോജ് ആലപ്പുഴ എന്നിവര്‍ ഒരുക്കിയ വസ്താലങ്കാരവും രഞ്ജിത്ത് അമ്പാടി, രതീഷ് അമ്പാടി, എം ശങ്കര്‍ (ദിലീപ്), രാജു (നയന്‍‌താര) എന്നിവരുടെ ചാമയവും സാധാരണമാണ്. പ്രഭുദേവ, വിഷ്ണുദേവ, വിനോദ് എന്നിവരുടെ കോറിയോഗ്രഫി പാട്ടുകളിലെ ബീറ്റുകള്‍ക്ക് അനുയോജ്യമാണ്.

ബോഡിഗാര്‍ഡിന്റെ കഥയും കഥാഘടനയും ഒരുക്കി സംവിധാനം ചെയ്ത സിദ്ദിക്ക് എങ്ങനെയെക്കെയോ ഒരു സിനിമ ഒരുക്കണം എന്നതിലപ്പുറം ഒന്നും തന്നെ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. തലയും വാലുമില്ലാത്ത നറേഷനും വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളും അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ ചൊറിച്ചിലാണുണ്ടാക്കുന്നത്. രണ്ടരമണിക്കൂറിലധികം സമയം ദിലീപിനെയും നയന്‍‌താരയെയും കണ്ടിരിക്കാമെന്ന പ്രതീക്ഷയില്‍ പോവുന്ന പ്രേക്ഷകരെ മാത്രമേ ബോഡിഗാര്‍ഡ് തൃപ്തരാക്കാന്‍ സാധ്യതയുള്ളൂ.


+ ദ്വയാര്‍ത്ഥമില്ലാത്ത തമാശരംഗങ്ങള്‍


- പലവകകഥകള്‍!
- അവിശ്വസനീയമായ കഥാഗതിയും സന്ദര്‍ഭങ്ങളും


വാല്‍ക്കഷ്ണം: കുച്ച് കുച്ച് ഹോതാ ഹെ (2 ടീസ്പൂണ്‍) + മെം ഹൂ നാ (1 ടീസ്പൂണ്‍) + മുന്നാഭായ് (അര ടീസ്പൂണ്‍ ) + അംഗരക്ഷക് (അര ടീസ്പൂണ്‍ ) + പലവക തമിഴ്-തെലുങ്ക് സിനിമകള്‍ (ആവശ്യത്തിന്) = ബോഡിഗാര്‍ഡ്.

Labels: BodyGuard Review, ബോഡിഗാര്‍ഡ്, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച
&------------------------------------------------------------------------------------------------------------------&

Wednesday, December 30, 2009

ചട്ടമ്പിനാട്: വഞ്ചി തിരുന്നക്കര തന്നെ!

ഷാഫി എന്ന സംവിധായകന്‍ തന്റെ വരവറിയിച്ചത് വണ്‍‌മാന്‍‌ഷോ എന്ന വിവരം കെട്ട ഒരു സിനിമയുമായിട്ടായിരുന്നു. കല്യാണരാമന്‍ എന്ന കോപ്രായചിത്രവും, തൊമ്മനും മക്കളും എന്ന പൊള്ളാച്ചിചിത്രവും മായാവി, ചോക്ലേറ്റ് എന്ന രസകരമായ ചിത്രങ്ങളും ഷാഫിയെ പറ്റി അല്പം മതിപ്പുണ്ടാക്കി. ലോലിപ്പോപ്പ് എന്ന അവിയല്‍ചിത്രം ആരുമറിയാതെ പോവുകയും ചെയ്തു. ബെന്നി.പി.നായരമ്പലവുമായ് ചേര്‍ന്ന് മമ്മൂട്ടി കന്നഡിഗയായ് അഭിനയിക്കുന്ന ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നു എന്നത് ഫാന്‍സുമാര്‍ക്ക് ആവേശകരമായതും സഹൃദയന് പ്രതീക്ഷയില്ലാത്തതുമായ ഒരു വാര്‍ത്തയായിരുന്നു. ഷാഫി എന്ന സംവിധായകനും മലയാളസിനിമാപ്രവര്‍ത്തകരുടെ കച്ചവടബോധവും ഫാന്‍സുകാരുടെ പ്രതീക്ഷകളും ഒരുമിച്ച് ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്ന ചട്ടമ്പിനാട് എന്ന ഈ വഞ്ചി വിനോദതീരത്തില്‍ നിന്നും ബഹുദൂരം അകലെയാണ്. നൌഷാദ്, ആന്റോ ജോസഫ് എന്നിവര്‍ നിര്‍മ്മിച്ച ഈ പൊള്ളാച്ചിചിത്രം ആരും അധികം മണിക്കൂറുകള്‍ ഓര്‍ക്കാന്‍ വഴിയില്ല.

കഥാസംഗ്രഹം:
ഒരുപാട് ചട്ടമ്പികള്‍ ഉള്ളത് കൊണ്ട് ചട്ടമ്പി നാട് എന്നറിയപ്പെടുന്ന ചെമ്പട്ട് നാട് എന്ന ഗ്രാമത്തിലെ മൂത്ത ചട്ടമ്പിയാണ് കട്ടാപ്പിള്ളി നാഗേന്ദ്രന്‍ (സിദ്ദിക്ക്). തന്റെ ആജന്മശത്രുവായ മല്ലഞ്ചറ ചന്ദ്രമോഹന്‍ ഉണ്ണിത്താനെ (മനോജ് കെ ജയന്‍) കൊണ്ട് മല്ലഞ്ചറ തറവാട് വില്പിക്കില്ലെന്ന ദൃഢപ്രതിജ്ഞ ചെയ്തവനാണവന്‍. സ്ഥലത്തെ എസ്.ഐ.യുടെയും ബ്രോക്കറും കൂടി ചേര്‍ന്ന് വീരേന്ദ്ര മല്ലയ്യയോട് (മമ്മൂട്ടി) സ്ഥലവും വീടും വാങ്ങാന്‍ അപേക്ഷിക്കുന്നു. മല്ലയ്യയുടെ സഹോദരതുല്യനായ മുരുകനും (വിനു മോഹന്‍) ഇതില്‍ തല്പരനാണ്. നാഗേന്ദ്രന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് മല്ലയ്യ മല്ലഞ്ചറവീട്ടില്‍ താമസമാക്കുന്നു. മെല്ലെ മെല്ലെ അയാള്‍ നാട്ടുകാരുടെ ഇഷ്ടത്തിന് പാത്രമാവുന്നു. പക്ഷെ ചെമ്പട്ട്നാട്ടിലേക്കുള്ള മല്ലയ്യയുടെ വരവിന് പിന്നില്‍ മറ്റു താല്പര്യങ്ങളുണ്ടായിരുന്നു. പറമ്പിലെ കുടിക്കിടപ്പുകാരിയായ ഗൌരി (ലക്ഷി റായ്)യുമായുള്ള മല്ലയ്യയുടെ പ്രണയവും നാഗേന്ദ്രനും ഗുണ്ടകളുമായുള്ള സംഘട്ടനങ്ങളുമാണ് പിന്നീട് ചട്ടമ്പിനാടില്‍ നാം കാണുന്നത്.

അഭിനയം, സാങ്കേതികം:
ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി അഭിനയിക്കാന്‍ പറഞ്ഞാലും മമ്മൂട്ടി മല്ലയ്യയെ ഇതു പോലെ അഭിനയിച്ച് ഫലിപ്പിക്കും. കന്നഡ കലര്‍ന്ന മലയാളം എന്നൊരു പുതുമ (!) മാത്രമേ മല്ലയ്യയ്ക്കുള്ളൂ. സംഭാഷണത്തിലുള്ള ഈ വ്യത്യാസവും പതിവുപൊള്ളാച്ചിചിത്രങ്ങളുളെ മമ്മൂട്ടിയുടെ കോമാളിക്കളികള്‍ ഇല്ലാത്തതും മാത്രമാണ് ഈ സിനിമയിലെ മമ്മൂട്ടിഹൈലൈറ്റ്. പ്രേക്ഷകന്റെ ഓര്‍മ്മയില്‍ അധികകാലം മല്ലയ്യ എന്ന ചട്ടമ്പി ഉണ്ടായിരിക്കാനിടയില്ല.

ലക്ഷ്മി റായ് എന്നതെയും പോലെ ഈ സിനിമയിലും മോശമായിട്ടുണ്ട്. ഇവിടം സ്വര്‍ഗ്ഗമാണ് എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായത്തില്‍ പറഞ്ഞ പോലെ ഡബ്ബിംഗിലെ പ്രശ്നങ്ങള്‍ കാഴ്ചക്കാരന് അലോസരമുണ്ടാക്കുന്നുണ്ട്. അറ്റന്‍ഷനില്‍ നിന്നു കൈകള്‍ വടി കൊണ്ട് കെട്ടിയ പോലെ ആട്ടുന്നതിലും കൂടുതല്‍ പ്രാഗത്ഭ്യം അഭിനയിക്കാനാവശ്യമാണെന്ന് ഈ നടിയോട് ഏതെങ്കിലും സംവിധായകന്‍ പറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സലീംകുമാര്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍ നവാസ് എന്നിവര്‍ തമാശകള്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കെ അല്പെമെങ്കിലും ആശ്വാസമാകുന്നത് സുറാജ് വെഞ്ഞാറമൂടിന്റെ മിമിക്രിയാണ്. വല്ലാതെ ബോറടിക്കുമ്പോള്‍ കോപ്രായക്കളികളും ചിലപ്പോള്‍ ചിരിപ്പിക്കുമല്ലോ!

സിദ്ദിക്കിന്റെ നാഗേന്ദ്രന്‍ വേഷത്തിലും സംഭാഷണത്തിലും ഭാവത്തിലുമെല്ലാം മാടമ്പിയിലെ കുറുപ്പിന്റെയും പ്രജാപതിയിലെ ഗിരിയുടേയും തുടര്‍ച്ചയാണ്. നാഗേന്ദ്രന്റെ ശിങ്കിടിയായ് മോഹന്‍‌ജോസ്, റിട്ട. ചട്ടമ്പിയായ് ടി ജി രവി, മുരുകനായ് വിനു മോഹന്‍ എന്നിവര്‍ തരക്കേടില്ല.

മനോജ്‌പിള്ള ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ തരക്കേടില്ലെങ്കിലും അവ ഇതിലും വൃത്തിയായ് ഒഴുക്കോടെ വി സാജന് സന്നിവേശിപ്പിക്കാമായിരുന്നു. എങ്കില്‍ ബെന്നി പി നായരമ്പലത്തിന്റെ കഥാരഹിതമായ മോശം തിരക്കഥ ഇത്രയും വിരസമാവില്ലായിരുന്നേനെ. ആദ്യചര്‍ച്ചയില്‍ തന്നെ ഒരു സിനിമയ്ക്ക് വേണ്ടതായി ഒന്നും ഈ കഥാതന്തുവില്‍ ഇല്ല എന്ന് തിരിച്ചറിയാനാവാഞ്ഞ സംവിധായകകലയെ കുറിച്ച് അധികമൊന്നും പറയണമെന്ന് തോന്നുന്നില്ല. ഓര്‍ത്തുവെക്കാനൊരു നിമിഷം പോലുമില്ല എന്നതാണ് ചട്ടമ്പിനാടിന്റെ ഏറ്റവും വലിയ ദുരന്തം! കണ്ടുമടുത്തതെങ്കിലും, താരങ്ങളുടെ സാന്നിധ്യവും പൊള്ളാച്ചി-പഴനിയുടെ പ്രകൃതിയും മാത്രാമാണ് ചട്ടമ്പിനാടിനെ അല്പമെങ്കിലും കണ്ടിരിക്കാവുന്നതാക്കുന്നത് - പിന്നെ സിനിമ, അതെത്ര ചവറാണെങ്കിലും, അതില്‍ നിന്നെന്തെങ്കിലും പഠിക്കാനുണ്ടാവുമെന്ന എന്ന എന്റെ ചിന്തയും!


+ ???


- എഴുത്ത്, സംവിധാനം
- ആവര്‍ത്തനവിരസമായ അഭിനയം, പരിസരങ്ങള്‍


വാല്‍ക്കഷ്ണം: ഫാന്‍സുകാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഥയുടെ ഒരു സ്പാര്‍ക്ക് പോലുമില്ലാത്ത ഇത്തരം സിനിമകള്‍ പടച്ച് വിടുന്നതെങ്കില്‍, ഇത്തരം സിനിമകള്‍ ആഘോഷിക്കുന്ന മസ്തിഷ്കശൂന്യരാണ് ഫാന്‍സുകാരെങ്കില്‍, ഇവരില്‍ തളിക്കാന്‍ പറ്റിയ ഒരു കീടനാശിനി കണ്ടുപിടിക്കാന്‍ മുഖ്യമന്തിക്ക് ഉടനെ ഒരു നിവേദനം കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. അതിലേക്കായ് ആദ്യത്തെ ഒപ്പ് ദൃശ്യന്റെ വക!

Labels: ചട്ടമ്പിനാട്, Chattambi Nadu Review, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച
&------------------------------------------------------------------------------------------------------------------&

Tuesday, December 29, 2009

ഇവിടം സ്വര്‍ഗ്ഗമാണ്: ലളിതസുന്ദരമായ അനുഭവം!

ഒരു സംവിധായകന്റെ സാന്നിധ്യമറിയിച്ച ‘ഉദയനാണ് താരം’, ‘നോട്ട്ബുക്ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ജെയിംസ് ആല്‍ബര്‍ട്ടിന്റെ രചനയില്‍ ഒരുക്കിയ ചിത്രമാണ് ‘ഇവിടം സ്വര്‍ഗ്ഗമാണ്’. ഭ്രമരത്തിനു ശേഷം മോഹന്‍‌ലാല്‍ എന്ന നല്ല നടനെ നാം ഒരിക്കല്‍ കൂടി കാണുന്ന ഈ ചലച്ചിത്രം മണ്ണിനെ സ്നേഹിക്കുകയും സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കര്‍ഷകന്റെ ലളിതമായ കഥ സരസമായ് പറയുന്നു.

കഥാസംഗ്രഹം:
കോടനാട് എന്ന ദേശത്തുള്ള ജെര്‍മിയാസ് ഫാമിന്റെ ഉടമസ്ഥനായ ജെര്‍മിയാസിന്റെ (തിലകന്‍) മകനാണ് മാത്യൂസ്. അപ്പനെ കൂടാതെ അമ്മ എല്‍‌സമ്മയും (കവിയൂര്‍ പൊന്നമ്മ), വല്ല്യമ്മ റാഹേലമ്മയും (സുകുമാരി) അവനോടോപ്പം താമസമുണ്ട്. അധ്വാനിച്ച് സ്വര്‍ഗ്ഗതുല്ല്യമായ് മാറ്റിയ തന്റെ കൃഷിയിടം മാത്യൂസിന്റെ ആനന്ദവും സ്വകാര്യഅഹങ്കാരവുമാണ്. പുഴക്കരയുടെ കണ്ണായ സ്ഥലത്തുള്ള ജെര്‍മിയാസ് ഫാം ഉള്‍പ്പെടെയുള്ള ഭൂമി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ബോംബെക്കാരനായ ഒരു വ്യവസായ പ്രമുഖന്‍ സ്ഥലത്തെ പ്രധാനസ്ഥലകച്ചവടക്കാരനായ ആലുവ ചാണ്ടിയെ (ലാലു അലക്സ്) സമീപിച്ച് 75ലക്ഷം അഡ്വാന്‍സ് കൊടുക്കുന്നു. പക്ഷെ മാത്യൂസ് സ്ഥലം വില്‍ക്കാന്‍ തയ്യാറാകുന്നില്ല. സ്ഥലം വില്‍പ്പിക്കുന്നതില്‍ മാത്യൂസില്‍ സമ്മര്‍ദ്ദം ചെലുത്താനും നാട്ടുകാരെ കൂടെ നിര്‍ത്തുവാനുമായ് സത്യം മറച്ച് വെച്ച് കോടനാട്ടില്‍ ഒരു ടൌണ്‍‌ഷിപ്പ് വരുന്നതിലേക്കാണ് തനിക്ക് സഥലം വേണ്ടതെന്ന് ചാണ്ടിയും കൂട്ടരും വാര്‍ത്ത പരത്തുന്നു. സര്‍ക്കാര്‍ ജീവനക്കാരും രാഷ്ട്രീയക്കാരുമെല്ലാം അതേറ്റു പറയുന്നു. തന്റെ സുഹൃത്തായ ബെറ്റ്‌സിയുടെ (പ്രിയങ്ക) സഹായത്തോടെ മീഡിയയുടെ സഹായവും അഡ്വ. സുനിത (ലക്ഷ്മി റായ്) വഴി നിയമസഹായവും തേടുന്നെങ്കിലും ചാണ്ടിയുണ്ടാക്കുന്ന പുതിയ പുതിയ പ്രശ്നങ്ങള്‍ മാത്യൂസിന്റെ സ്വര്‍ഗ്ഗജീവിതത്തെ നരകതുല്യമാക്കുന്നു. ഏതറ്റം വരെ പോയും മാത്യൂസിന്റെ സ്ഥലം കൈക്കലാക്കാന്‍ ചാണ്ടിയും, ചുറ്റുപാടുള്ളവരെല്ലാം സ്ഥലം വിറ്റീട്ടും നാട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിച്ചിട്ടും പതിനഞ്ചാം വയസ്സു മുതല്‍ കഷ്ടപ്പെടുന്ന, താന്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന മണ്ണ് രക്ഷിക്കാന്‍ മാത്യൂസും കച്ചമുറുക്കുന്നതോടെ ‘ഇവിടം സ്വര്‍ഗ്ഗമാണ്’ കൂടുതല്‍ രസകരമാവുന്നു.

അഭിനയം, സാങ്കേതികം:
മോഹന്‍‌ലാല്‍ എന്ന നടനെ നാം ഇഷ്ടപ്പെടുന്ന സിനിമകള്‍ ഇപ്പോള്‍ വിരളമായേ ഉണ്ടാകാറുള്ളൂ. ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍‌ലാല്‍ സിനിമകളില്‍ റെഡ് ചില്ലീസ്, സാഗര്‍ ഏലിയാസ് ജാക്കി, ഭഗവാന്‍, ഏഞ്ചല്‍ ജോണ്‍ എന്നിവ ആരും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത സിനിമകളാണ്. ഭ്രമരത്തിന് ശേഷം മോഹന്‍‌ലാല്‍ എന്ന നടനെ നാം ഇഷ്ടപ്പെട്ടു പോവുന്ന സിനിമയാണ് ‘ഇവിടം സ്വര്‍ഗ്ഗമാണ്”. മാത്യൂസ് മോഹന്‍‌ലാലിനായ് മാത്രം സൃഷ്ടിക്കപ്പെട്ട കഥാപാത്രമല്ല, പക്ഷെ മോഹന്‍‌ലാലിന്റെ ചില (പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന) മാനറിസങ്ങള്‍ മാത്യൂസിന് മിഴിവേകുന്നുണ്ട്. അതിഭാവുകത്വമില്ലാതെ കഥാപാത്രമായ് മാറിയിരിക്കുന്നു ഇവിടെ ഈ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍.

ഈ സിനിമയുടേ ഹൈലൈറ്റായ് പറയാവുന്ന ഒരു പെര്‍ഫോര്‍മന്‍‌സാണ് മാത്യൂസിനോടോപ്പം ആദിമധ്യാന്ത്യം നിറഞ്ഞ് നില്കുന്ന കഥാപാത്രമായ ആലുവ ചാണ്ടിയായ് ലാലു അലക്സ് നടത്തിയിരിക്കുന്നത്. അമിതാഭിനയവും ഇളകിയാടലുമില്ലാതെ സരസമായ് റിയല്‍‌എസ്റ്റേറ്റ്‌കച്ചവടക്കാരനെ ഫലിപ്പിച്ചിരിക്കുന്നു ഈ നടന്‍.

മാത്യൂസിന്റെ അഛന്‍ എന്ന തലത്തില്‍ നിന്നും കഥാപാത്രത്തെ ജെര്‍മിയാസായ് മാറ്റിയിരിക്കുന്നു തിലകന്‍. കവിയൂര്‍ പൊന്നമ്മയുടേയും സുകുമാരിയുടേയും അഭിനയത്തില്‍ പരാമര്‍ശിക്കതക്കതായ് ഒന്നും തന്നെയില്ല. ഡൈ ചെയ്ത കറുത്തിരുണ്ട മുടിക്കെട്ട് രണ്ട് കഥാപാത്രങ്ങള്‍ക്കും യോജിക്കാത്തതാണെന്ന് കാഴ്ചയിലെവിടെയോ ഓര്‍ത്തിരുന്നു.

ലക്ഷിറായിയുടെ സുനിതവക്കീല്‍ തരക്കേടില്ലെങ്കിലും പരിമിതമായ ഭാവങ്ങള്‍ മാത്രം മുഖത്ത് പ്രകാശിപ്പിക്കാനുള്ള അഭിനേത്രിയുടെ കഴിവുകേട് കാരണം പ്രേക്ഷകനില്‍ യാതൊരു ചലമുണ്ടാക്കുന്നില്ല. അമ്മയോട് ‘മാത്യൂസിനെ പോലുള്ളവരെ സഹായിക്കുന്നത് പച്ചക്കറിയുടെ തീ പൊള്ളിക്കുന്ന വിലയിലുരുകുന്ന സാധാരണക്കാരുടെ ആവശ്യമാണെ‘ന്ന് പറയുന്ന രംഗത്തിലാണെന്ന് തോന്നുന്നു, ലക്ഷ്മിയുടെ ഡബ്ബിങ് തീരെ സിങ്ക് ചെയ്യുന്നില്ല. കാണാനഴകുണ്ടെങ്കിലും അഭിനയമേഖലയില്‍ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു ഈ നടിക്ക്.

മാധ്യമപ്രവര്‍ത്തകയായ ബെറ്റ്‌സിയായ് പ്രിയങ്കയും എസ്.എഫ്.സി മാനേജര്‍ മരിയയായ് ലക്ഷ്മി ഗോപാലസ്വാമിയും തരക്കേടില്ല. ലക്ഷ്മി ഗോപാലസ്വാമിയുടെ കണ്ണു കൊണ്ടും മുഖപേശികള്‍ കൊണ്ടുമുള്ള “മുദ്രകള്‍” (ബോയ്‌ഫ്രണ്ടും കൊച്ചു കൊച്ചു സന്തോഷങ്ങളും ഓര്‍ക്കുക) അധികമില്ല എന്നത് ശുഭകരമായ പുരോഗതിയാണ്.

സിനിമയിലെ നര്‍മ്മരസം നിറഞ്ഞ് രംഗങ്ങളിലേറേയും ഭുവനചന്ദ്രന്‍ എന്ന ആധാരമെഴുത്തുകാരന്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. കേരളാ കഫേയിലെ ജി.കെയില്‍ നിന്നും ഭുവനചന്ദ്രനിലേക്ക് വരുമ്പോള്‍ ജഗതി ശ്രീകുമാര്‍ എന്ന നടന്റെ അയത്നലളിതമായ കൂടു വിട്ടു കൂടു മാറല്‍ പ്രക്രിയ നമ്മെ അത്ഭുതപ്പെടുത്തും. പ്രബലന്‍ എന്ന അമിക്കസ് ക്യൂറിയായ് ശ്രീനിവാസനും നമ്മെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു.

മാത്യൂസിന്റെ പണിക്കാരന്‍ (അനൂപ് ചന്ദ്രന്‍), ടൌണ്‍ഷിപ്പ് കമ്മറ്റി പ്രെസിഡന്റ് കൂടിയായ പള്ളിയിലച്ചന്‍, ടൌണ്‍‌ഷിപ്പ് വന്നാല്‍ മാത്രമേ പണിക്ക് പോവൂ എന്ന് വാശിയില്‍ നില്‍കുന്ന ഭര്‍ത്താവും ഭാര്യയും, വരാന്‍ പോകുന്ന ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലിലെ ലോണ്‍‌ടി ജോബിനായ് കാത്തിരിക്കുന്ന അലക്കുകാരന്‍, (ഭാവി) സെക്യൂരിറ്റിക്കാരന്‍, റിയല്‍‌എസ്റ്റേറ്റ് ഏജന്റ് കൂടിയായ കൃഷി ഓഫീസര്‍, എസ്.എഫ്.സി ജീവനക്കാരനായ ലംബോധരന്‍, ആലുവാ ചണ്ടിയുടെ അഡ്വേക്കറ്റ് (രാജു), താലൂക്ക് ഓഫീസര്‍ (ഇന്നസെന്റ്), ജെര്‍മിയാസിന്റെ വകയിലെ അനിയന്‍ (പ്രേം പ്രകാശ്), കളക്ടര്‍ (ഗീതാവിജയന്‍), വില്ലേജ് ഓഫീസര്‍ (ഇടവേള ബാബു), മാത്യൂസിന്റെ സുഹൃത്തായ സുധീര്‍ (ശങ്കര്‍) തുടങ്ങിയ മറ്റനേകം കഥാപാത്രങ്ങളും സിനിമയിലുണ്ട്. ചെറിയ ചെറിയ കഥാപാത്രങ്ങള്‍ക്കിടയിലുള്ള സംഭാഷണങ്ങളിലെ (ആക്ഷേപ)ഹാസ്യം രസിപ്പിക്കുന്നവയാണ്.

പാട്ടുകളൊന്നും ഉള്‍ക്കൊള്ളിക്കാഞ്ഞ സിനിമയില്‍ പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ് കഥയ്ക്കനുസൃതമാണ്. ദിവാകര്‍ പകര്‍ത്തിയ രംഗങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത് രഞ്ജന്‍ എബ്രഹാം ആണ്. കഥയുടെ ലാളിത്യമാര്‍ന്ന പരിസരങ്ങള്‍ ലളിതമായ് - പ്രേക്ഷകന് തലവേദന ഉണ്ടാക്കുന്ന ഗിമ്മിക്കുകള്‍ക്കൊന്നും പോവാതെ - കാഴ്ചയൊരുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമയുടെ അമരക്കാരന്‍ സംവിധായകനെങ്കിലും ശരിക്കും താരം രചയിതാവാണ്. കഥയുടെ പുതുമയും തിരനാടകത്തിന്റെ രസകരമായ ഒഴുക്കും ജെയിംസിലെ കഥപറച്ചിലുകാരനെ കുറിച്ചുള്ള നമ്മുടെ മതിപ്പു വര്‍ധിപ്പിക്കുന്നു.‘ഗോസ്‌ലാ കാ ഘോസ്‌ലാ’ എന്ന ഹിന്ദി ചിത്രവുമായ് (ഇത് പിന്നെ ‘പൊയ് സൊല്ല പോറോം‘ എന്ന പേരില്‍ പ്രിയദര്‍ശന്‍ തമിഴില്‍ നിര്‍മ്മിക്കുകയുണ്ടായി) ഈ സിനിമയ്ക്കുള്ള സാദൃശ്യം ‘റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ തെമ്മാടിത്തരത്തിന് ഇരയാവുന്ന സാധാരണക്കാരന്റെ പ്രതിരോധം’ എന്നതിലൊതുങ്ങുന്നു. ബെറ്റ്‌സിയും മാത്യൂസും തമ്മിലുള്ള രംഗം, ജെര്‍‌മിയാസിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്ന രംഗം തുടങ്ങിയ ചില രംഗങ്ങളില്‍ മെലോഡ്രാമയുടെ അളവ് മുഴച്ച് നില്‍ക്കുന്നെങ്കിലും, മൂലകഥയിലേക്ക് കേരളത്തിന്റെ ഭക്ഷ്യക്ഷാമത്തെ കുറിച്ചും വികസനപദ്ധതിപ്രവര്‍ത്തനത്തെ പറ്റിയുള്ള ജനങ്ങളുടെ വസ്തുനിഷ്ഠമല്ലാത്ത അഭിപ്രായപ്രകടനങ്ങളെ കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ രസകരമായ് തുന്നി ചേര്‍ത്തിരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു ജെയിംസ്. തിരക്കഥയുടെ സാദ്ധ്യതകള്‍ റോഷന്‍ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കഥാപരിസരത്തിലുള്ള മാറ്റം കൊണ്ടോ എന്തോ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് “ഒരു റോഷന്‍ ടച്ച്” നമുക്ക് ഫീല്‍ ചെയ്യുന്നില്ല. ഇതൊരു പക്ഷെ സംവിധായകന്റെ വിജയവുമാകാം!


+ ലളിതമായ കഥ, രസകരമാ‍യ അവതരണം
+ മോഹന്‍‌ലാല്‍, ലാലു അലക്സ്


- ചില രംഗങ്ങളിലെ അനാവശ്യ മെലോഡ്രാമ


വാല്‍ക്കഷ്ണം: ചെയ്ത മൂന്നു സിനിമകളും നന്നാക്കിയ തിരക്കഥാക്കൃത്തും സംവിധായകനും തങ്ങളില്‍ നിന്നും ഇനിയുമേറെ നല്ല സിനിമകള്‍ പ്രതീക്ഷിക്കാമെന്ന് നമ്മെ കൊണ്ട് തോന്നിപ്പിക്കുന്നു എന്നതാണ് കാഴ്ചാവസാനം എനിക്ക് തോന്നിയത്. കച്ചവടസിനിമയുടെ ഫോര്‍മാറ്റില്‍ നിന്ന് കൊണ്ട് സ്ഥിരം ഫോര്‍‌മുല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ് ചിന്തിച്ച ഇരുവര്‍ക്കും ദൃശ്യന്റെ വക ഇമ്മിണി ബല്യ ഒരു താങ്ക്‍സ്!

Labels: Ividam Swargamanu Review, ദൃശ്യന്‍, റിവ്യൂ, ഇവിടം സ്വര്‍ഗ്ഗമാണ് ‍, സിനിമ, സിനിമാ നിരൂപണം

@---------------------------------------------------------------------------------------------------------------@