സംവിധാനം: ജയരാജ്
നിര്‍മ്മാണം: മാത്യൂസ്, ബാനര്‍: ന്യൂ ജനറേഷന്‍ സിനിമ/ ഓറിയന്റ് മൂവീസ്
അഭിനേതാക്കള്‍: രഞ്ജിത്ത്, നീനു മാത്യു, സിദ്ധിക്ക്, കൊല്ലം തുളസി, സുധീഷ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 2 ഓക്ടോബര്‍, 2008
സിനിമ കണ്ടത്: 4 ഓക്ടോബര്‍, 2008 @ രാധ, കോഴിക്കോട്
ദൃശ്യന്റെ റേറ്റിംഗ്: 6.36 @ 10
റിലീസിംഗ് തിയ്യതി: 2 ഓക്ടോബര്‍, 2008
സിനിമ കണ്ടത്: 4 ഓക്ടോബര്‍, 2008 @ രാധ, കോഴിക്കോട്
ദൃശ്യന്റെ റേറ്റിംഗ്: 6.36 @ 10
സൂര്യന്റെ കൊടുംചൂട് ആഗിരണം ചെയ്ത് തന്റെ പൂക്കളെ തീജ്വാലകളാക്കി മാറ്റുന്ന, വെയിലില്‍ പൂക്കുന്ന ഗുല്‍മോഹര്‍. ഇന്ദുചൂഢന്‍ ഗുല്‍മോഹറിനെ പോലെയാണ്. മനസ്സിലെ വിപ്ലവത്തിന്റെ ചൂട് പ്രവര്‍ത്തിയാക്കി, ഒടുവില്‍ തീജ്വാലയായ് മാറുന്ന അവന്റെ കഥയാണ് ദീദി ദാമോദരന്‍ എഴുതി ജയരാജ് സംവിധാനം ചെയ്ത ‘ഗുല്‍മോഹര്‍’. ഫയര്‍ ബ്രാന്‍ഡില്‍ പെട്ട ഒരു പുരുഷന്‍ കേന്ദ്രകഥാപാത്രമാവുന്ന ഒരു സിനിമയില്‍ ഉണ്ടാകാവുന്ന കുഴപ്പങ്ങളൊഴിച്ചാല്‍ സമീപകാലത്ത് മലയാളത്തിലിറങ്ങിയ മികച്ച സിനിമകളിലൊന്നാണ് ഈ ചലച്ചിത്രം.
കഥാസംഗ്രഹം:
പകച്ച മുഖങ്ങളും പൊഴിയുന്ന ഗുല്‍മോഹര്‍ഇലകളും ഇടകലര്‍ന്ന ടൈറ്റിലുകള്‍ക്ക് ശേഷം ഒരു സ്കൂള്‍ ഹെഡ്‌മാസ്റ്ററായ ഇന്ദുചൂഢന്റെ (രഞ്ജിത്ത്) ദിനാരംഭത്തിലാണ് സിനിമ തുടങ്ങുന്നത്. ‘അറിയ്യോ ഈ പഴയ ചങ്ങാതിയെ’ എന്ന ചോദ്യവുമായ് വന്ന ഹരിക്കൃഷ്ണനോട് (സിദ്ധിക്ക്) ‘അങ്ങനെ ഒരു ചങ്ങാതി എനിക്കില്ലല്ലോ, കൂടപ്പിറപ്പല്ലേടാ’ എന്ന മറുചോദ്യം നമുക്ക് ഇന്ദുചൂഢന്റെ വ്യക്തിത്വത്തിലേക്കും പൂര്‍വ്വകാലജീവിതത്തേക്കുമുള്ള ചൂണ്ടുപലകയാവുന്നു. ഒരു കോളേജിലെ മലയാളം ഗസ്റ്റ് ലക്ചററായ ഇന്ദുചൂഢനും ഹരിക്കൃഷ്ണനും മറ്റു സുഹൃത്തുക്കളും (മേഘനാഥന്‍, നിഷാന്ത് സാഗര്‍ തുടങ്ങിയവര്‍) നടത്തുന്ന വിപ്ലവം കലര്‍ന്ന പ്രതികരണശേഷിയുള്ള സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന സിനിമ, തന്റെ വിദ്യാര്‍ഥിയായ ഗായത്രി (നീനു മാത്യു)യുമായുള്ള ഇന്ദുചൂഢന്റെ നിശബ്ദസുന്ദരമായ പ്രണയമുഹൂര്‍ത്തങ്ങളും നമുക്ക് സമ്മാനിക്കുന്നു. അടിയാളുകളെ അടിമകളായ് കരുതുന്ന ചാക്കോ മുതലാളിയുടെ (രാജാമണി) ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ വിപ്ലവകാരികള്‍ ‘ഓപ്പറേഷന്‍ ഏപ്രില്‍’ ആരംഭിക്കുന്നതോടെ കഥയുടേ മൂഡ് മാറുന്നു. ഈ കര്‍മ്മത്തില്‍ ഇന്ദുചൂഢന് ലഭിക്കുന്ന വിളിപ്പേരാണ് ‘ഗുല്‍മോഹര്‍’. ആദിവാസിയുവാവിന്റെ (ഐ.എം.വിജയന്‍) സഹായത്തോടെ ചാക്കോ മുതലാളിയെ കൊല്ലാനുള്ള ശ്രമം വ്യക്തമായ പ്ലാനിംഗും ലക്ഷ്യബോധവും ഉണ്ടായിട്ടും പാളുന്നു; എല്ലാവരും ഒളിവില്‍ പോകുന്നു. തുടര്‍ന്ന് ഇന്ദുചൂഢന്റെ ജീവിതത്തിന്റെ ഗതിവിഗതികളാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
അഭിനയം, സാങ്കേതികം:
ഒരര്‍ത്ഥത്തില്‍ ‘ഗുല്‍മോഹര്‍’ രഞ്ജിത്തിന് അവകാശപ്പെട്ടതാണ്. കാലത്തിന് കെടുത്താനാവാത്ത വിപ്ലവവീര്യം മനസ്സില്‍ സൂക്ഷിക്കുന്ന ഇന്ദുചൂഢനെ രഞ്ജിത്ത് നന്നായി അവതരിപ്പിച്ചിരിട്ടുണ്ട്. ഡയലോഗ് ഡെലിവെറിയില്‍ അല്പം കൂടി ശ്രദ്ധ വേണമെന്നതൊഴിച്ചാല്‍ അടി മുതല്‍ മുടി വരെ രഞ്ജിത്ത് ഇന്ദുചൂഢനാണ്. നോട്ടങ്ങളിലൂടെയും ചലനങ്ങളിലും എന്തിന് മൌനത്തില്‍ പോലും വല്ലാത്തൊരു ഭാവം പകരുന്നുണ്ട് രഞ്ജിത്ത്.
സിന്ധുവായ് മീര വാസുദേവ്, ഹരിക്കൃഷ്ണനായ് സിദ്ദിക്ക്, ഗായത്രിയായ് പുതുമുഖം നീനു മാത്യു, ചാക്കോയായ് ഭാവമാറ്റം നടത്തിയ രാജാമണി എന്നിവര്‍ തരക്കേടില്ല. പോലീസ് ഉദ്യോഗസ്ഥന്മാരായി വരുന്ന സുബൈര്‍, കൊല്ലം തുളസി, നെഗോഷിയേറ്ററായി വരുന്ന നടന്‍, സിനിമയുടെ ആരംഭത്തില്‍ നാം കാണുന്ന സ്കൂള്‍ വിദ്യാര്‍ഥി, ഇന്ദുചൂഢന്റെ മക്കളെ അവതരിപ്പിച്ച ബാലതാരങ്ങള്‍ എന്നിവരും താന്താങ്ങളുടെ ഭാഗം നന്നാക്കി. കൂട്ടത്തില്‍ ഗായത്രിയുടെ കൂട്ടുകാരിയെ അവതരിപ്പിച്ച നടിയുടെ (പുതുമുഖമാണെന്ന് തോന്നുന്നു) പ്രകടനം എടുത്ത് പറയേണ്ടതാണ്. സഹോദരന്റെ മരണശേഷം കോളേജ് കാന്റീനില്‍ വെച്ച് ഇന്ദുചൂഢനെ കാണുന്ന രംഗം അവരുടെ സ്വാഭാവികമായ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. “കഴിക്കാന്‍ എന്തെങ്കിലും പറയട്ടെ?” എന്ന ഇന്ദുചൂഢന്റെ ചോദ്യത്തിന് “സാറ് പറഞ്ഞോളൂ, ഞാനിന്നൊന്നും കഴിച്ചിട്ടില്ല’ എന്ന് മറുപടി പറയുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന നിസ്സംഗത, സിനിമാക്കാഴ്ചയുടെ ഒടുക്കവും മനസ്സില്‍ തങ്ങി നില്‍കുന്ന ഒന്നാണ്.
എം.ജെ.രാധാക്കൃഷ്നന്റെ ഛായാഗ്രഹണമാണ് ചിത്രത്തില്‍ എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ‘ശാലിനി എന്റെ കൂട്ടുകാരി’ തുടങ്ങിയ സിനിമകളിലൂടെ നമുക്ക് പരിചിതമായ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് കാമ്പസും എസ്റ്റേറ്റ് പരിസരങ്ങളും മറ്റും മനസ്സില്‍ തട്ടും വിധം ഒപ്പിയെടുത്തിട്ടുണ്ട് അദ്ദേഹത്തിന്റെ ക്യാമറ. മനോജിന്റെ ചിത്രസംയോജനകലയും സുജിത് രാഘവന്റെ കലാസംവിധാനവും കഥാവതരണാനുയോജ്യം തന്നെ. സിദ്ദിക്കിന്റെ താടിയുടെ സ്ഥിരതയില്ലായ്മ (കൃത്രിമത്വം പ്രകടം!) മേക്കപ്പ് വിഭാഗത്തിന്റെ നല്ല ജോലിയില്‍ റെഡ് മാര്‍ക്കാകുന്നു.
ഒ.എന്‍.വി-ജോണ്‍സണ്‍ ടീം ഒരുക്കിയ ഗാനങ്ങള്‍ പഴയ കാലഗാനങ്ങളുടെ ചുവട് പിടിച്ചാണ്. കവിതയൂറുന്ന വരികളും മൃദുവായ സംഗീതവും (ഓര്‍ക്കസ്‌ട്രേഷന്‍ ജോണ്‍സണ്‍ മാഷിന്റെ തന്നെ പഴയ ചില ഗാനങ്ങളെ ഓര്‍മ്മിപ്പിക്കുമെങ്കിലും!) കര്‍ണ്ണാമൃതമാവുന്നു. രഹസ്യദൂതസന്ദേശങ്ങള്‍ക്കിടയില്‍ ഗായത്രി (നിര്‍ഭയം) കൊടുക്കുന്ന പ്രണയലേഖനം ഇന്ദുചൂഢന്‍ വായിക്കുന്ന രംഗം സംവിധായകന്‍ പകര്‍ത്തുന്നത് വിജയ് യേശുദാസ്, ശ്വേത എന്നിവര്‍ മനോഹരമായ് പാടിയ ‘ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ, ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ്. നായകന്റെ വിടരാന്‍ മടിക്കുന്ന പ്രണയഭാവങ്ങളും നായികയുടെ ആകാക്ഷയും ഗാനചിത്രീകരണത്തില്‍ കൊണ്ട് വരാന്‍ സംവിധായകനും അഭിനേതാക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇന്ദുചൂഢന്റെ ചിന്തകളും യാത്രകളും പകര്‍ത്തിയ യേശുദാസ് പാടിയ ‘കാനനത്തിലെ ജ്വാലകള്‍ പോല്‍ മലര്‍വാക പൂക്കുമീ താഴ്വരയില്‍’ എന്ന ഗാനം നന്നെങ്കിലും അനവസരത്തിലായ് തോന്നി.
ദീദി ദാമോദരന്റെ ആദ്യ തിരക്കഥയാണ് ‘ഗുല്‍മോഹര്‍’. സിനിമയുടെ സാമ്പത്തികശാസ്ത്രം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ പരിണാമഫലമായ ഒരു ക്ലൈമാക്സ് ഒഴിച്ചാല്‍ മികച്ച കഥാമുഹൂര്‍ത്തങ്ങളുള്ള നല്ല ഒരു തിരക്കഥയാണ് ഇത്. ഒരുപാട് സൂപ്പര്‍ ചിത്രങ്ങള്‍ ക്രെഡിറ്റിലുള്ള ടി.ദാമോദരന്റെ മകളായ ദീദിയുടെ തൂലിക തന്റെ ആദ്യചിത്രത്തിന് ഒരു രാഷ്ട്രീയസ്വഭാവം നല്‍കിയതില്‍ അത്ഭുതമില്ല. പക്ഷെ കഥയ്ക്കനുയോജ്യമായ രീതിയിലുള്ള കാച്ചികുറുക്കിയ സംഭാഷണങ്ങളും ലളിതമായ ആഖ്യാനശൈലിയും അച്ഛനില്‍ നിന്ന് അവരെ വ്യത്യസ്തയാക്കുന്നു. അപൂര്‍വ്വമായേ ഇന്ത്യന്‍സിനിമയില്‍ സ്ത്രീകള്‍ സ്വതന്ത്രതിരക്കഥാക്കൃത്തുകള്‍ ആകാറുള്ളൂ. അതില്‍ തന്നെ രാഷ്ട്രീയ-സാമൂഹികപശ്ചാത്തലത്തില്‍ ഗൌരവപരമായ വിഷയങ്ങള്‍ സ്വീകരിക്കുന്നവര്‍ വിരളം. തന്റെ ആദ്യതിരക്കഥയില്‍ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യാന്‍ ദീദി ദാമോദരന്‍ കാണിച്ച ധൈര്യം അഭിനന്ദനമര്‍ഹിക്കുന്നു.
‘ഗുല്‍മോഹറി‘ലെ പിഴവുകള്‍ അവര്‍ അടുത്ത തിരക്കഥയില്‍ തിരുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ജയരാജിന്റെ മികച്ച സിനിമകളുടെ അവസാനം നില്‍കുന്ന സിനിമയാകാം ചിലപ്പോള്‍ ഗുല്‍മോഹര്‍. ‘കരുണ‘ത്തില്‍ നാം അനുഭവിച്ച ആകുലതയോ, ‘ശാന്ത’ത്തിലെ അശാന്തതയോ, ‘കളിയാട്ട’ത്തില്‍ കണ്ട മീഡിയത്തിലുള്ള കയ്യൊതുക്കമോ, ‘ദേശാടന‘ത്തില്‍ പ്രകടമായ പ്രതിഷ്ഠയോ, ‘പൈതൃക‘ത്തിലെ ആശയവൈരുദ്ധ്യപോരാട്ടത്തിന്റെ രൂക്ഷതയോ ‘ഗുല്‍മോഹറി‘ല്‍ കണ്ടെന്ന് വരില്ല. പക്ഷെ വിപ്ലവത്തിന്റെ തീഷ്ണതയും പ്രണയത്തിന്റെ ഗൃഹാതുരത്വവും പുതുമുഖങ്ങളിലെ പുതുമയും ഇതിലുണ്ട്. ഉള്ളിലെ അഗ്നിയുടെ ഊര്‍ജ്ജത്തില്‍ സ്വയം ദഹിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ദുചൂഢനെ നോക്കി നില്‍ക്കുന്ന തൂങ്ങി മരിക്കാന്‍ ഒരുങ്ങുന്ന അവഗണിക്കപ്പെട്ട ജനതയുടെ മുഖം, പോലീസ് ഇന്ററോഗ്ഗേഷന്‍/നെഗോസിയേഷന്‍, അറിയാതെ കൊന്നവന്റെ കുടുംബത്തോടുള്ള മാപ്പപേക്ഷ, ക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടിയുമായുള്ള ഇന്ദുചൂഢന്റെ സംഭാഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം ഹരിക്കൃഷ്ണനുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ മറക്കാനാവാത്ത ചില കാഴ്ചകളും ‘ഗുല്‍മോഹര്‍’ നമുക്ക് നല്‍കുന്നുണ്ട്.
തിരക്കഥയിലെയും സംവിധാനത്തിലെയും പാളിച്ചകളാണ് ഗുല്‍മോഹറിന് വിനയാവുന്നത്. ജയരാജിന്റെ മുന്‍മസാലചിത്രങ്ങളില്‍ നാം കണ്ട് മടുത്ത ക്യാമറാചലനങ്ങളും ചിത്രസംയോജനട്രിക്കുകളും അപക്വമായ ക്ലൈമാക്സും ആസ്വാദനത്തിന് വിലങ്ങുതടിയായി. ഇന്ദുചൂഢന്റെ ഭാര്യ സിന്ധു (മീര വാസുദേവ്), സിന്ധുവിന്റെ അമ്മ (കവിയൂര്‍ പൊന്നമ്മ), സാമൂഹ്യബോധമുള്ള ചെറുപ്പക്കാരന്‍ (സുധീഷ് അവതരിപ്പിച്ച ഈ കഥാപാത്രത്തിന്റെ പേര് ഓര്‍മ്മയില്‍ തെളിയുന്നില്ല) തുടങ്ങിയ അപൂര്‍ണ്ണകഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ജയിലില്‍ നിന്നിറങ്ങിയ ഇന്ദുചൂഢനിലെ മാറ്റങ്ങള്‍, അവന്റെ ജീവിതത്തിലേക്കുള്ള സിന്ധുവിന്റേയും അവളുടെ അമ്മയുടേയും വരവ്, വിപ്ലവജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കിന് മുന്‍പുള്ള യാത്രപറച്ചിലില്‍ ‘എന്റെ സ്വന്തം അമ്മ’ എന്ന് കൂട്ടുകാരന് പരിചയപ്പെടുത്തിയ അമ്മയുടെ അസാന്നിധ്യം, ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ വളര്‍ന്ന ഇന്ദുചൂഢന്റെ താടി എന്നിങ്ങനെ ഉത്തരം കിട്ടാത്ത ‘സംഗതി‘കള്‍ സിനിമാക്കാഴ്ചയുടെ ഒടുക്കം പ്രേക്ഷകനുണ്ടാകുന്നു. സ്ഥിരം ഫയര്‍ബ്രാന്‍ഡ് നായകന്മാരുടെ രീതിയിലുള്ള ഇന്ദുചൂഢന്റെ പരിണാമം, ചാക്കോയെ വധിക്കാനുണ്ടാകുന്ന വ്യക്തിപരമായ മോട്ടീവ് (നായകന്റെ മകളുടെ കൂട്ടുകാരിയായ സീതക്കുട്ടിയെയും ചാക്കോ പിടിച്ച് കൊണ്ട് പോയിരിക്കുന്നു!), മൂന്നാംകിട മസാല പടങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രതിനായക-പ്രതിനായകസഹചാരി ഉന്മൂലനം, ക്ലൈമാക്സിലെ നായകരംഗപ്രവേശനം മുതലായ രചനയിലെയും അവതരണത്തിലേയും ഇത്തരം അശ്രദ്ധകളില്‍ സംവിധായകനുമുണ്ടായേക്കാം നല്ല ഒരു പങ്ക്.
വാല്‍ക്കഷ്ണം:
ഗുല്‍മോഹര്‍ ഒരു അടയാളമാണ്. സിനിമയിലുടനീളം ഗുല്‍മോഹറായും, വിപ്ല്ലവകാരിയുടെ മനസ്സായും, മനസ്സിലെ നിശബ്ദതയായും തീജ്വാലകളുടെ ചൂട് നമുക്കനുഭവപ്പെടുന്നു. ഗുല്‍മോഹറിന്റെ ഏറ്റവും മികച്ച ഗുണവും അതാണ്. നക്സല്‍-വിപ്ലവചിത്രങ്ങളുടെ പേരിലിറങ്ങുന്ന മിക്ക സിനിമകളും നെടുനീളന്‍ ഡയലോഗുകളും അമിതശബ്ദവും സംവേദനത്തിനുള്ള ഉപാധിയായ് സ്വീകരിക്കുമ്പോള്‍ ‘ഗുല്‍മോഹറി‘ല്‍ നാം അനുഭവിക്കുന്നത് ചെറുചലനങ്ങളും നിശബ്ദതയും മനോഹരമായ സംഭാഷണങ്ങളുമാണ്. ‘ഇതെന്റെ തീരുമാനമാണ്, വരും വരായ്കകളെ കുറിച്ച് ആലോചിച്ചെടുത്ത തീരുമാനം.‘ എന്ന് ഇന്ററോഗ്ഗേഷന്‍ സെല്ലില്‍ വെച്ചും ‘അതൊരു പ്രതീക്ഷയാണ്, മോഹിപ്പിക്കുന്ന പ്രതീക്ഷ. പൂത്ത ഗുല്‍മോഹര്‍ മരത്തിന് കീഴില്‍ ഋതുഭേദങ്ങളറിയാതെ കാത്ത് നില്‍കുന്ന ഒരു പെണ്‍കുട്ടി.‘ എന്ന് ജയിലില്‍ വെച്ചും ഇന്ദുചൂഢന്‍ പറയുമ്പോള്‍ പ്രണയത്തിന്റേയും പ്രതീക്ഷയുടേയും തീഷ്ണത നാം അറിയുന്നു. ആ അനുഭവത്തിന്റെ മധുരതരമായ ചൂടേകിയ അണിയറശില്പികള്‍ക്ക്, ഇരിക്കട്ടെ ദൃശ്യന്റെ വക ചുവപ്പ് കലരാത്ത ഒരു സല്യൂട്ട്.
+ രഞ്ജിത്ത്
+ കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, നല്ല കഥാമുഹൂര്‍ത്തങ്ങളുള്ള തിരക്കഥ (മൈനസ്സ് ക്ലൈമാക്സ് !)
x ക്ലൈമാക്സ്
x അവതരണത്തിലെ ചില്ലറ തട്ടലും മുട്ടലും ; വിശദീകരണം ആവശ്യപ്പെടുന്ന കഥാഗതി
x അപൂര്‍ണ്ണമായ ചില കഥാപാത്രങ്ങള്‍
--------------------------------------------------------------------------------------------------------------------------------------
+ കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, നല്ല കഥാമുഹൂര്‍ത്തങ്ങളുള്ള തിരക്കഥ (മൈനസ്സ് ക്ലൈമാക്സ് !)
x ക്ലൈമാക്സ്
x അവതരണത്തിലെ ചില്ലറ തട്ടലും മുട്ടലും ; വിശദീകരണം ആവശ്യപ്പെടുന്ന കഥാഗതി
x അപൂര്‍ണ്ണമായ ചില കഥാപാത്രങ്ങള്‍
--------------------------------------------------------------------------------------------------------------------------------------
10 comments:
സൂര്യന്റെ കൊടുംചൂട് ആഗിരണം ചെയ്ത് തന്റെ ഇലകളെ തീജ്വാലകളാക്കി മാറ്റുന്ന, വെയിലില്‍ പൂക്കുന്ന ഗുല്‍മോഹര്‍. ഇന്ദുചൂഢന്‍ ഗുല്‍മോഹറിനെ പോലെയാണ്. മനസ്സിലെ വിപ്ലവത്തിന്റെ ചൂട് പ്രവര്‍ത്തിയാക്കി, ഒടുവില്‍ തീജ്വാലയായ് മാറുന്ന അവന്റെ കഥയാണ് ദീദി ദാമോദരന്‍ എഴുതി ജയരാജ് സംവിധാനം ചെയ്ത ‘ഗുല്‍മോഹര്‍’ എന്ന സിനിമയുടെ കാഴ്ച്കളാണ് ഇക്കുറി സിനിമാക്കാഴ്ചയില്‍.
സസ്നേഹം
ദൃശ്യന്‍
നന്നായി മാഷേ...
ചിത്രവും മോശമായില്ല എന്ന് കേട്ടിരുന്നു.
വളരെ വിശദമായി തന്നെ എഴുതിയിരിക്കുന്നല്ലോ. അടുത്തൊന്നും സിനിമ കണ്ടിട്ടില്ല, ഏതായാലും ദൃശ്യന്റെ റിവ്യു ഈ പടം കാണ്ടാല്‍ കൊള്ളാമെന്ന് തോന്നിക്കുന്നു. :)
നന്ദി ശ്രീ, കണ്ണൂരാന്‍. പോയി ഒന്നു കണ്ടു നോക്കൂ. മഹത്തരം എന്നൊന്നും ഞാന്‍ പറയില്ല്ല, പക്ഷെ നല്ല സിനിമകള്‍ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുഷിയില്ല എന്നുറപ്പ്.
കോഴിക്കോട് രാധയില്‍ വെച്ചാണ് ഞാന്‍ ഈ സിനിമ കണ്ടത്. രണ്ടാം നാള്‍ നൂണ്‍ഷോ ആയി മാറിയിരുന്നു സിനിമ. അന്നു പ്രസ്സ് ക്ലബ്ബിന്റെ ആളുകള്‍ കുറേ ഉണ്ടായിരുന്നതിനാല്‍ ‘ഏകാന്തത’യൊന്നും അനുഭവപ്പെട്ടില്ല. ഇന്റര്‍വെല്ലിന് ഓപ്പറേറ്ററോട് കുശലം പറഞ്ഞപ്പോള്‍ ‘നല്ല പടമാണ്, പക്ഷെ ആളില്ല അതു കൊണ്ടാ രണ്ടാം നാള്‍ ഹിന്ദി ചിത്രമായ ദ്രോണ ഇട്ടത്‘ എന്ന പരിഭവമാണ് കേട്ടത്. മലയാളത്തില്‍ നല്ല സിനിമകളൊന്നും ഇറങ്ങുന്നില്ല എന്ന് കരയുന്നവര്‍ മാത്രം കണ്ടാല്‍ മതി ഇത്തരം സിനിമകള്‍ രണ്ടാഴ്ചയെങ്കിലും ഓടാന്‍!
സസ്നേഹം
ദൃശ്യന്‍
> ഇംഗ്ലീഷില്‍ Didi എന്നെഴുതുന്നു; അത് ദിദി-യെന്നാണോ, ദീദി-യെന്നാണോ വായിക്കേണ്ടത്? മീനു മാത്യുവോ, നീനു മാത്യുവോ, മീനു മാത്യൂസോ, നീനു മാത്യൂസോ? ഇന്ദുചൂഡനോ, ഇന്ദുചൂഢനോ? (പൌഡര്‍, പൌഢര്‍ എന്നല്ലല്ലോ! ആ ‘ഡ’ തന്നെയല്ലേ ഇവിടെയും?) ഈ പേരൊക്കെ എന്നെയും കുറേ കുഴക്കിയതാണ്, വിശേഷമെഴുതിയപ്പോള്‍... ചുമ്മാ പറഞ്ഞുവെന്നു മാത്രം. :-)
> “ചങ്ങാതി എനിക്കില്ലല്ലോ, കൂടപ്പിറപ്പല്ലേടാ?”, “സാറു പറഞ്ഞോളൂ, ഞാനിന്നൊന്നും കഴിച്ചിട്ടില്ല...” ഈ രീതിയിലുള്ള സ്വാഭാവികമായ സംഭാഷണങ്ങളും, അതിനേക്കാളുപരി അവ പറയുന്നതിലെ ഭംഗിയും; ശരിക്കും അപ്രീഷ്യബിള്‍, അല്ലേ? :-)
> പാട്ടിനെക്കുറിച്ച്, പ്രത്യേകിച്ചും “ഒരുനാള്‍ ശുഭരാത്രി...” എന്ന പ്രണയഗാനത്തെയും, അതിന്റെ ചിത്രീകരണത്തെക്കുറിച്ചും എഴുതണമെന്നു കരുതിയതാണ്, എഴിയതുമാണ്. പിന്നീടത് ഡിലീറ്റ് ചെയ്തു, എഴുതിയിട്ടു തൃപ്തിവരുന്നില്ല... പിന്നോര്‍ത്തു, കാണുന്നവര്‍ക്ക് എഴുതുന്നതിലും നന്നായി ആസ്വദിക്കുവാന്‍ കഴിയുമല്ലോ എന്ന്.. കാണാത്തവര്‍ ചുമ്മാ മിസ്സ് ചെയ്യട്ടേന്നേ... :-)
നല്ല നിരൂപണം... നന്ദി. :-)
--
അസ്സലായി!!!!
പടം കണ്ടപ്പോള്‍ എനിക്ക് തോന്നിയത് പലതും അതേ രീതിയില്‍ ഇവിടെ വായിച്ചപ്പോള്‍ സത്യത്തില്‍ അല്‍ഭുതം തോന്നി...
നല്ല നിരൂപണം.
അഭിനന്ദനങ്ങള്‍...
നന്ദി..
കാണണം എന്നു മനസ്സിൽ കുറിച്ച ഒരു സിനിമയാണ് ഗുൽമോഹർ. അതിനെ കുറിച്ച് നല്ലൊരു ഐഡിയ തന്നു. നന്ദി
നന്നായി വിലയിരുത്തിയിരിക്കുന്നു...
ഹരിയുടെ പോസ്‌റ്റിലിട്ട കമന്റ് എഡിറ്റ് ചെയ്‌ത് ഇവിടെ നല്‍കുന്നു.
ദൃശ്യന്‍ നിരീക്ഷിക്കാത്ത ചില സംഗതികള്‍...
* വീടും കുടുംബവും ഉപേക്ഷിച്ച് ഇന്ദുചൂഡന്‍ ഇറങ്ങിപ്പോകുന്നതിലെ ലാഘവത്വം അംഗീകരിക്കാനാകില്ല. ഇതിലും നല്ലത് അയാളെ അവിവാഹിതനായി ചിത്രീകരിക്കുകയായിരുന്നു.
* കാലത്തെപ്പറ്റി യാതൊരു ധാരണയുമില്ലാതെയാണ് ഈ സിനിമ എടുത്തിരിക്കുന്നത്. നക്‌സല്‍ കാലത്തിനും ജനകീയ സാംസ്‌കാരികവേദിക്കും ശേഷമാണ് പൊലീസുകാര്‍ക്ക് നിക്കര്‍ മാറി പാന്‍സ് വരുന്നത്. ഇതിലാകട്ടെ പൊലീസ് യൂണിഫോമും വസ്‌ത്രവും എല്ലാം ആധുനിക കാലത്തിലേതാണ്.
* കുറഞ്ഞത് 25 വര്‍ഷം മുമ്പാണ് ഫ്‌ളാഷ് ബായ്‌ക്ക് നടക്കുന്നതെന്നോര്‍ക്കണം. അന്നത്തെ കാലം സൂചിപ്പിക്കാന്‍ വാഹനത്തിന്റെ പഴയ നമ്പര്‍ രീതി മാത്രമാണുള്ളത്.
* നക്‌സലൈറ്റുകളുടെ രീതിയത്രയും ചോര ചിന്തി കൊല്ലുന്നതാണ്. ഒന്നുകില്‍ വെടിവച്ച്, അല്ലെങ്കില്‍ വെട്ടിമുറിച്ച്. (തലപ്പാവ് ഓര്‍ക്കുക) ഇതിലോ ? സാദാ ജയരാജ് ചിത്രത്തിലെ കള്ളന്‍മാര്‍ ചെയ്യുന്നതുപോലെ വഴിയരികിലൊരു സീന്‍ സൃഷ്ടിച്ച് പിന്നില്‍ നിന്നു കഴുത്തില്‍ കുരുക്കിട്ടുള്ള കൊലപാതകം. ഇവര്‍ കള്ളന്‍മാരല്ല, നക്‌സലുകളാണെന്ന കാര്യം സംവിധായകന്‍ മറന്നു.
* എഴുപതുകളിലെ നക്‌സല്‍ പ്രസ്ഥാനങ്ങളുടെ രീതിയും എണ്‍പതുകളിലെ ജനകീയസാംസ്‌കാരികവേദിയുടെ രീതിയും തികച്ചും വ്യത്യസ്‌തമായിരുന്നു. നക്‌സലുകള്‍ ആയുധംകെണ്ടു നേരിട്ടപ്പോള്‍ വേദിക്കാര്‍ ജനകീയ വിചാരണയും മറ്റും സ്വീകരിച്ചു. ഇതില്‍ തിരിച്ചാണ് പറയുന്നത്. ഇന്ദുചൂഡന്റെ ആദ്യപ്രവര്‍ത്തനം വേദിയുടെ രീതിയിലും ( അന്നാണ് ചുള്ളിക്കാട് കവിതപാടിത്തുടങ്ങിയത്), പിന്നീടുള്ളത് നക്‌സല്‍ രീതിയിലും.
എനിക്കും ഇഷ്ടമായി ഈ ഫിലിം.. അംഗഭംഗം വരാതെ തന്നെ കാണാനൊത്തു..
(എനിക്കല്ല സിനിമക്ക്)
ആ പൂമരത്തിന് ഗുല്‍മോഹര്‍ എന്നു തന്നെയാണൊ നമ്മുടെ നാട്ടില്‍ പറയുന്നത്.. എന്റെ വീട്ടിലെപറമ്പില്‍ നിറയെ ഉണ്ട്..പൂത്തുകഴിഞ്ഞാല്‍ പറമ്പുമുഴുവന്‍ പൂക്കളമിട്ടു തരും ഈ മരം .. പിന്നെ അതിന്റെ നീണ്ട കുരു കുത്തി പൊട്ടിച്ച് അതിലെ മഞ്ഞനിറമുള്ള പരിപ്പെടുത്ത് തിന്നുക എന്നത് കുട്ടികളുടെ വിനോദവും.. അത് തിന്നാല്‍ മഞ്ഞപ്പിത്തം വരും എന്നൊക്കെ മൂത്തവര്‍പറയും.. കാട്ടുകായകളെല്ലാം തിന്നു നടക്കണകാലത്ത് അതൊക്കെ ആരു കേള്‍ക്കാന്‍..
വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം... കാണണം എന്നുണ്ടായിരുന്നു... നാട്ടില്‍ എത്തിയപ്പോഴേക്കും തീയേറ്ററുകളില്‍ നിന്നും മാറിക്കഴിഞ്ഞിരുന്നു. ഇവിടെ ഇതു വരുമെന്നും തോന്നുന്നില്ല... എന്തായാലും സിനിമാക്കാഴ്ച വായിച്ചതോടെ പടം കണ്ട ഒരു പ്രതീതി... സി.ഡി ഇറങ്ങുമ്പോഴെങ്കിലും കാണാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍....
Post a Comment