Showing posts with label ചലച്ചിത്രം. Show all posts
Showing posts with label ചലച്ചിത്രം. Show all posts

Wednesday, April 16, 2008

ദേ ഇങ്ങോട്ട് നോക്കിയേ: പമ്പരവിഡ്ഡിത്തരം!

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാലചന്ദ്ര മേനോന്‍
നിര്‍മ്മാണം: എ.വി.അനൂപ്, എ.വി.എ. പ്രൊഡക്ഷന്‍‌സ്
അഭിനേതാക്കള്‍: ജഗതി, ജയസൂര്യ, ബാലചന്ദ്രമേനോന്‍, നെടുമുടി വേണു, തിലകന്‍, ഗോപകുമാര്‍, മാള, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 11 ഏപ്രില്‍‍‍, 2008
സിനിമ കണ്ടത്: 13 ഏപ്രില്‍‍‍, 2008 @ ലാവണ്യ, ബാംഗ്ലൂര്‍
‍ദൃശ്യന്റെ റേറ്റിംഗ്: 0.89 @ 10


രാഷ്ട്രീയം പാശ്ചാത്തലമാക്കിയ ഒരുപാട് കലാ-സാഹിത്യരൂപങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അക്ഷരങ്ങളായും കാഴ്ചകളായും നമ്മെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തവ അനവധി! രാഷ്ട്രീയമെന്ന പോലെ രാഷ്ട്രീയക്കാരന്റെ ജീവിതവും നമുക്ക് ഇഷ്ടവിഷയങ്ങള്‍ തന്നെ. ‘മുഖാമുഖം’, ‘മരണസിംഹാസനം’, ‘വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ’ തുടങ്ങിയ ചിന്തോദ്ദീപകമായ സൃഷ്ടികളെന്ന പോലെ ‘പഞ്ചവടിപ്പാലം’, ‘സന്ദേശം’, ‘അറബിക്കഥ’ തുടങ്ങിയ സരസമായ സിനിമകളും നമ്മള്‍ മനസ്സ് നിറഞ്ഞ് ആസ്വദിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞവയുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നായിരുന്നു ബാലചന്ദ്രമേനോന്‍-മമ്മൂട്ടി ടീമിന്റെ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രം. ഒരു സാധാരണ രാഷ്ട്രീയപ്രവര്‍ത്തകന്റെ കുടുംബജീവിതം സരസമായ് പറഞ്ഞ ഈ ചിത്രത്തിന്റെ സംവിധായകന്‍, പ്രേക്ഷകസമക്ഷം സമര്‍പ്പിച്ച വിഷുക്കണിയത്രേ, അനൂപ് നിര്‍മ്മിച്ച്, ജഗതിയും ജയസൂര്യയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ‘ചലച്ചിത്രം’. സിനിമ എന്നാല്‍ ‘എന്തല്ല’ എന്ന അറിവിനായ് ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് പഠനവിധേയമാക്കാവുന്നതാണ് ലക്ഷ്യബോധമില്ലാത്ത ഈ അറുബോറന്‍ ചിത്രം!

കഥാസംഗ്രഹം:
സിനിമ തുടങ്ങി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ തന്നെ ഏതൊരു പ്രേക്ഷകനും ഊഹിച്ചെടുക്കാന്‍ പറ്റാവുന്ന തരത്തിലുള്ള അതിവിശിഷ്ടമായ ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ വെട്ടിക്കാട് സദാശിവന്‍ (ജഗതി ശ്രീകുമാര്‍) എന്ന നിത്യബ്രഹ്മചാരിയായ കേരളാമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മരുമകന്‍ വെട്ടികാട് ശിവനും (ജയസൂര്യ) ആണ്. മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ അമ്മാവനെ മാതൃകാപുരുഷനായ്‌ മനസ്സില്‍ കൊണ്ട് നടക്കുന്ന തൊഴില്‍‌രഹിതനായ ഒരു ചെറുപ്പക്കാരനാണ് ശിവന്‍. തന്റെ മറ്റൊരു അമ്മാവന്റെ (ജനാര്‍ദ്ദനന്‍) മകള്‍ ചക്കരയുമായ് (പുതുമുഖം ) ശിവന്‍ കൊടും‌പ്രണയത്തിലാണ്. അവരുടെ ശിവ-‘പാര്‍വ്വതി’ ശൃംഗാരങ്ങള്‍ മുറുകുന്നതിനിടയില്‍ കേരളത്തില്‍ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നു. അമ്മാവനെ സര്‍വ്വപിന്തുണയേകാനായ് തിരുവനന്തപുരത്തെത്തുന്ന ശിവന്‍ അദ്ദേഹത്തിന്റെ മറ്റൊരു മുഖം കാണുന്നു, ‘കേരള ജനത‘യ്ക്കായ് അവന്‍ അമ്മാവനെതിരെ തിരിയുന്നു.

ഇലക്ഷനില്‍ മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ തീരുമാനിച്ച അവന്‍ മുറയ്ക്ക് പത്രസമ്മേളനങ്ങള്‍ വിളിച്ച് കൂട്ടുന്നു, കുതന്ത്രങ്ങള്‍ മെനയുന്നു. ‘പ്ലാനിങുകള്‍’ക്കിടയില്‍ പണ്ട് നാട് വിട്ടു പോയ, വെട്ടിക്കാട് സദാശിവന്റെ ഇരട്ടസഹോദരനായ വെട്ടിക്കാട് സാംബശിവന്റെ മുഖം പഴയ ഒരു പത്രത്താളില്‍ അവന്‍ കാണുന്നു. പിന്നെ നടക്കുന്നത് ഏതൊരു കൊച്ച് കുഞ്ഞിനും ഊഹിക്കാവുന്ന കാര്യങ്ങളാണ്. എന്നാല്‍ പറഞ്ഞിരിക്കുന്ന രീതി ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് പോലും വിശ്വസിക്കാനാവാത്ത രീതിയിലും!

അഭിനയം, സാങ്കേതികം:
ജഗതി, നെടുമുടി വേണു, തിലകന്‍, ഗോപകുമാര്‍, മാള, ജനാര്‍ദ്ദനന്‍ തുടങ്ങിയവ അഭിനയമറിയാവുന്ന നടന്മാര്‍ അണിനിരക്കുന്ന ഒരു ചിത്രത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനയമുഹൂര്‍ത്തമോ തരക്കേടില്ലാതെ അഭിനയിച്ചു എന്ന് പറയാന്‍ പോലും ഒരു പേരോ ഇല്ല എന്നത് സങ്കടമുണര്‍ത്തുന്ന കാര്യമാണ്. ജഗതി പോലും നമ്മെ വല്ലാതെ ബോറടിപ്പിക്കുന്ന സിനിമയില്‍ സാങ്കേതികവശം ഒരു ടി.വി. സീരിയലിനേക്കാളും താണ നിലവാരം പുലര്‍ത്തുന്നു എന്നതാണ് പരമാര്‍ത്ഥം. അതിനാല്‍ ഒരു വിഭാഗവും ഏടുത്ത് പറയാന്‍ മുതിരുന്നില്ല ഞാന്‍.


‘കണ്ടാല്‍ മാത്രം വിശ്വസിക്കാനാവുന്ന‘ ഒരു ബാലചന്ദ്രമേനോന്‍ സൃഷ്ടിയാണ് ഈ സിനിമ. പത്ത് മുപ്പത് കൊല്ലങ്ങളായി സിനിമാരംഗത്തുള്ള, നാല്പതിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒരു സംവിധായകന്‍, ഇങ്ങനെ ഒരു സിനിമ പടച്ചുണ്ടാകുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. തന്റേതായ അഭിനയ-സംവിധാനശൈലിയിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഇദ്ദേഹത്തിന്റെ മുന്‍‌ചിത്രമായ ‘കൃഷ്ണാ ഗോപാലകൃഷ്ണാ’ എന്ന മോശം സിനിമയില്‍ പോലും പറയാനായ് ഒരു വിഷയമുണ്ടായിരുന്നു (അത് പറയുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടുവെങ്കിലു). പക്ഷെ ഈ ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും ഈ സിനിമയ്ക്ക് താന്‍ തിരക്കഥ എഴുതിയിരുന്നെങ്കില്‍ ഇത്രയും ബോറാകുമായിരുന്നില്ല എന്ന് തോന്നിയാല്‍ കുറ്റം പറയാനാകില്ല! ഇതില്‍ കൂടുതല്‍ ഈ സിനിമയെ കുറിച്ച് എഴുതി സമയം കളയാന്‍ ഞാനും ആഗ്രഹിക്കുന്നില്ല!!!

+ വട്ടപൂജ്യം!


x ഒരുപാടൊരുപാടൊരുപാട്!! ഇരുന്നൂറ് പേജിന്റെ ഒരു നോട്ട്ബുക്കില്‍ എഴുതി നിറയ്ക്കാന്‍ പ്രയാസമേതുമുണ്ടാവില്ല!!!


വാല്‍ക്കഷ്ണം:
ഈ സിനിമയുടെ പോസ്റ്ററുകളൊന്നില്‍ ഇങ്ങനെ കണ്ടു - An Idiotic film with intention and intelligence. idiotic എന്ന വിശേഷണത്തോട് പരിപൂര്‍ണ്ണമായും യോജിക്കുന്നു. intention and intelligence സിനിമയിലെങ്ങും കണികാണാന്‍ കിട്ടിയതുമില്ല. വിഷുക്കണിയായ് ഇത്തരം സിനിമകള്‍ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഈ കൊല്ലം ഇനി സിനിമ കാണുകയേ ഇല്ല എന്ന് തീരുമാനിച്ചാല്‍ തന്നെ അതിശയിക്കാനില്ല!

Thursday, January 24, 2008

ഓഫ് ദി പീപ്പിള്‍: ഒരു സീരിയസ്സ് സിനിമാല

കഥ, സംവിധാനം: ജയരാജ്
തിരക്കഥ, സംഭാഷണം: ശ്രീകുമാര്‍ ശ്രേയസ്സ്
നിര്‍മ്മാണം: ന്യൂ ജനറേഷന്‍ സിനിമ അഭിനേതാക്കള്‍: അരുണ്‍, അര്‍ജ്ജുന്‍, പത്മകുമാര്‍, തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 4 ജനുവരി‍‍, 2008

സിനിമ കണ്ടത്:
4 ജനുവരി‍‍, 2008 @ കൈരളി, കോഴിക്കോട്
ദൃശ്യന്റെ റേറ്റിംഗ്: 1.97 @ 10

ന്യൂ ജനറേഷന്‍ സിനിമയുടെ ബാനറില്‍, ജയരാജ് കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിള്‍ 2008ലെ ആദ്യ മലയാളസിനിമയാണ്. ജനുവരി നാലാം തീയതി ഇറങ്ങിയ ഈ ചിത്രം അന്നു തന്നെ ഞാന്‍ കണ്ടിരുന്നെങ്കിലും ഒരു റിവ്യൂ കൂടി എഴുതി സമയം കളയാന്‍ ഇതു വരെ തോന്നിയിരുന്നില്ല. കണ്ട വൃത്തികേടിനെ കുറിച്ച് ഒരിക്കല്‍ കൂടെ ഓര്‍ക്കാനിഷ്ടമില്ലായിരുന്നു എന്നതാണ് സത്യം.രണ്ടു വരി എഴുതിക്കളയാന്‍ ധൈര്യം കിട്ടിയത് ഇന്നു മാത്രം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ മലയാള ചലച്ചിത്രമായ, ജയരാജ് തന്നെ സംവിധാനം ചെയ്ത, ‘മില്ലേനിയം സ്റ്റാര്‍‌സി‘നേക്കാള്‍‍ ദുസ്സഹമാണ് ഈ ചലച്ചിത്രാനുഭവം!

കഥാസംഗ്രഹം:
ജയിലില്‍ നിന്നിറങ്ങിയ ‘ഫോര്‍ പീപ്പിള്‍’ ഇന്ന് മൂന്നു പേരേയുള്ളൂ- ഈശ്വര്‍ (അര്‍ജ്ജുന്‍), അരവിന്ദ് (അരുണ്‍), റഫീക്ക് (പത്മകുമാര്‍) . കൂട്ടത്തിലെ പാട്ടുകാരന്‍ വിവേക് (ഭരത്) പീപ്പിള്‍‌സിനെ പോലീസുമായുള്ള സംഘട്ടനത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. (തമിഴില്‍ നല്ല മാര്‍ക്കറ്റുള്ള ഭരതിനെ കിട്ടാന്‍ ഒരു നിര്‍വ്വാഹവുമില്ല എന്ന് മനസ്സിലാക്കിയ കഥാക്കൃത്തിന്റെ ഒരു ബുദ്ധിയേ!). നഗരത്തില്‍ പുതിയതായി ചാര്‍ജ്ജെടുത്ത അസി.കമ്മീഷണര്‍ ഹരിശങ്കര്‍(ഹര്‍ഷന്‍) യാദൃശ്ചികമായി ഇവരിലെ നാലാമനാകുന്നു. ബുദ്ധിമാനായ കുറ്റവാളിയായ ഡി.ജി.പി.‍ അവര്‍ക്കിടയിലേക്ക് ഒരു ചാരനെ അയക്കുന്നതിനെ തുടര്‍ന്ന് ഫോര്‍ ദി പീപ്പിള്‍ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ പ്രേക്ഷകന് പിന്നീട് കാണിച്ചു തരുന്നത്.


അഭിനയം, സാങ്കേതികം:

അഭിനയത്തിന്റെ കാര്യത്തില്‍ ഓരോരുത്തരും മോശമാവാന്‍ മത്സരിക്കുകയാണെന്ന് തോന്നും. സിനിമയുടെ മുക്കാല്‍ ഭാഗം സമയത്തും ചെഗുവേരയുടെ വേഷവിധാനത്തില്‍ മലമുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന പീപ്പിള്‍ സംഘം, അതിനാടകീയമായ രീതിയില്‍ അഭിനയിക്കുന്ന മൂന്നാര്‍ സംഘം, വില്ലന്മാര്‍, മന്ത്രിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്ന് മൂന്നം കിട അഭിനയമാണ് നമുക്ക് കാണാനാകുന്നത്. ദേവിപ്രിയ അവതരിപ്പിച്ച പത്രപ്രവര്‍ത്തക മാത്രമാണ് തമ്മില്‍ ഭേദം.
കഥ, തിര‍ക്കഥ എന്നിവയെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ഫോര്‍ ദി പീപ്പിള്‍ + ദി ഡിപ്പാര്‍ട്ടഡ് = ഓഫ് ദി പീപ്പിള്‍ എന്ന് പറയുന്നത് തന്നെ ധാരാളമാകുമെന്ന് തോന്നുന്നു. കൂടാതെ കൈരളി ടി.വി.-ഹാരിസ്, മൂന്നാര്‍-മൂവ്വര്‍ സംഘം, സുധാകരന്‍-അച്യുതാനന്ദന്‍ പ്രശ്നങ്ങള്‍ തുടങ്ങിയ കാലിക-രാഷ്ട്രീയ സംഭവവികാസങ്ങളും മുഖ്യധാരയില്‍ ചേര്‍ത്ത് തട്ടികൂട്ടിയ ഈ കഥയ്ക്ക് തിരക്കഥ എന്നൊന്ന് എഴുതാന്‍ ശ്രീകുമാര്‍ ശ്രേയസ്സ് വല്ലാതെ പണിപ്പെട്ടിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

തനു ബാലക്കിന്റെ , ഫോര്‍ ദി പീപ്പിളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട, അച്ചടക്കമില്ലാത്ത ക്യാമറാ ചലനങ്ങളും ചടുലതയാര്‍ന്ന ചിത്രസംയോജനവും കണ്ണുകള്‍ക്ക് വിരസമാവുന്നു. ജയരാജും ജോയിയും എന്തിനോ വേണ്ടി കുത്തിക്കുറിച്ച വരികളും, വിനു തോമസ് എവിടെ നിന്നൊക്കെയോ കൊണ്ട് വന്ന സംഗീതവും ആര്‍ക്ക് രസിക്കുമെന്ന് മനസ്സിലാവുന്നില്ല. ഗാനരംഗങ്ങളില്‍ കാണികളെ പുറത്തേക്ക് പോകാതെ പിടിച്ചിരുത്തുന്നത് ഒരു ജോഡി തുടകളും 2 പൊക്കിളുകളും മാത്രമായിരിക്കണം! കലാസംവിധാനം തെറ്റില്ലെന്ന് മാത്രം. സംഘട്ടനങ്ങള്‍ ഭേദമാണ്.

സംവിധായകന്‍ എന്ന നിലയില്‍ ജയരാജ് ഈ ചിത്രത്തില്‍ വന്‍പരാജയമാണ്. കോമ്മണ്‍ സെന്‍സില്ലാത്ത ഇത്തരം ചലച്ചിത്രങ്ങള്‍ തുടര്‍ച്ചയായി പടയ്ക്കാന്‍ മാത്രം തൊലിക്കട്ടി ജയരാജിനുണ്ടോ എന്നത് വസ്തുത ശരിക്കുമെന്നെ അമ്പരിപ്പിച്ചു. മലയാളിയ്ക്ക് കുറച്ചൊക്കെ നല്ല സിനിമകള്‍ നല്‍കിയ പ്രതിഭാധനനായ ഒരു സംവിധായകന്റെ അന്ത്യകൂദാശയായ് മാറരുതേ ഈ ചിത്രം എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

+ ഒന്നുമില്ല!!!


x പറയാനൊന്നുമില്ലാത്ത കഥ, എഴുതാത്ത തിരക്കഥ, മൂന്നം കിട അഭിനയം തുടങ്ങിയ ഒരു നീണ്ട നിര തന്നെയുണ്ട്. ഇതില്‍ കൂടുതല്‍ ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ഇവിടെ നിര്‍ത്തുന്നു!

വാല്‍ക്കഷ്ണം:
‘സിനിമാല’ ടീം ഈ ചിത്രം സംവിധാനം ചെയ്തിരുന്നെങ്കില്‍ ചിരിക്കാനെങ്കിലും ഇത്തിരി കാണുമായിരുന്നു!