Wednesday, March 12, 2008

ജോധാ അക്‍ബര്‍: ചരിത്രവും ഭാവനയും ചേര്‍ന്ന നല്ല മിശ്രണം

സംവിധാനം: അഷുതോഷ് ഗൊവാരിക്കര്‍
കഥ: ഹൈദര്‍ അലി
തിരക്കഥ: ഹൈദര്‍ അലി, അഷുതോഷ് ഗൊവാരിക്കര്‍
സംഭാഷണം: കെ.പി. സക്സേന
നിര്‍മ്മാണം: റോണി സ്ക്രൂവാല (UTV), അഷുതോഷ് ഗൊവാരിക്കര്‍ (AGPLL)
അഭിനേതാക്കള്‍: ഹൃതിക്ക് റോഷന്‍, ഐശ്വര്യ ബച്ചന്‍, കുല്‍ബുഷന്‍ കര്‍ബന്ധ, സോനു സൂദ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 15 ഫെബ്രുവരി‍, 2008
സിനിമ കണ്ടത്: 19 ഫെബ്രുവരി, 2008 @ രാധാകൃഷ്ണ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 7.47 @ 10





‘ലഗാന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ‘കലാബോധമുള്ള’ സംവിധായകരുടെ ഗണത്തില്‍ ചേര്‍ന്നയാളാണ് അഷുതോഷ് ഗവാരിക്കര്‍. ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ അതിനടിവരയിടുകയും ചെയ്തു. ചരിത്രപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ മറന്ന് ഒരു സിനിമ എന്ന നിലയില്‍ വിലയിരുത്തിയാല്‍, അഷുതോഷിന്റെ രണ്ട് മുന്‍‌ചിത്രങ്ങളേക്കാളും മികച്ച ഒന്നാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം - ഹൃതിക്ക് റോഷന്‍, ഐശ്വര്യ ബച്ചന്‍ എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജോധാ-അക്‍ബര്‍’.
കഥാസംഗ്രഹം: ഹുമയൂണിന്റെ മരണത്തിന് ശേഷം പതിമൂന്നുകാരനായ ജലാലുദ്ദീന്‍ മുഹമ്മദ് ചക്രവര്‍ത്തിയായി അധികാരമേറ്റ കാലഘട്ടത്തില്‍ നിന്നാണ് സിനിമയാരംഭിക്കുന്നത്. മുന്‍‌കാലമുഗള്‍ ചക്രവര്‍ത്തിമാരില്‍ നിന്ന് വേറിട്ട കാഴ്ചപ്പാടാണ് ശത്രുക്കളോടും പ്രജകളോടും അദ്ദേഹത്തിനുള്ളതെന്ന് ആദ്യരംഗത്തില്‍ തന്നെ നമ്മെ അറിയിക്കുന്നു സംവിധായകന്‍. സമാന്തരമായി, രജപുത്രരാജാവായ ബാര്‍മലിന്റെ (കുല്‍ബുഷന്‍ കര്‍ബന്ധ) മകള്‍ ഹിരാ കുന്‍‌വാരി എന്ന ജോധയുടെ ബാല്യം, സഹോദരതുല്യനായ സുജാമലുമായുള്ള കായിക-ആയോധനാഭ്യാസങ്ങളിലൂടെ നാം കാണുന്നു. കൌമാരത്തില്‍ നിന്ന് യൌവനത്തിലേക്കെത്തിയപ്പോഴേക്കും ജലാലുദ്ദീന്‍ മുഹമ്മദ് (ഹൃതിക്ക് റോഷന്‍) രാഷ്ടീയപരമായി പതിന്മടങ്ങ് ശക്തനായി കഴിഞ്ഞിരുന്നു. മുഗളന്മാര്‍ക്ക് കപ്പം നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം രജപുത്രരാജാക്കന്മാര്‍ക്കിടയില്‍ അതൃപ്തിയും എതിര്‍പ്പുമുളവാക്കി. രാജ്യഭരണത്തിലെ പ്രമുഖസ്ഥാനമാനങ്ങള്‍ തനിക്ക് ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന സുജാമല്‍ (സോനു സൂദ്) മറ്റു രജപുത്രരുമായി കൂട്ടു ചേര്‍ന്ന് തനിക്കെതിരെ ആക്രമണത്തിനൊരുങ്ങുന്നതറിഞ്ഞ ബാര്‍മല്‍ മുഗളന്മാരുമായി ബന്ധം ആഗ്രഹിക്കുന്നു, തന്റെ മകളെ വിവാഹം കഴിക്കണമെന്ന് ജലാലുദ്ദീനോടാവശ്യപ്പെടുന്നു. രാഷ്ട്രീയപരമായി ഈ നീക്കം തങ്ങള്‍ക്ക് ഗുണപരമാകുമെന്ന് മനസ്സിലാക്കിയ ജലാലുദ്ദീന്‍ വിവാഹത്തിന് സമ്മതിക്കുന്നു. ജോധ (ഐശ്വര്യ ബച്ചന്‍) ഈ വിവാഹത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നെങ്കിലും വേറെ നിവൃത്തിയില്ലെന്നറിഞ്ഞ അവള്‍ ജലാലുദ്ദീനു മുന്നില്‍ ചില നിബന്ധനകള്‍ വെയ്ക്കുന്നു. അതെല്ലാം സമ്മതിച്ച് കൊണ്ട് ജോധയെ രാജ്ഞിയായ് മുഗള്‍കൊട്ടാരത്തിലെത്തിക്കുന്ന ജലാലുദ്ദീന്റെ മുന്നില്‍ പ്രശ്നങ്ങള്‍ ഏറെയായിരുന്നു - ജോധയുള്‍പ്പടെ! അവര്‍ക്കിടയില്‍ പതിയെ ഉടലെടുക്കുന്ന സ്നേഹബന്ധവും ജലാലുദ്ദീനിന്‍ നിന്ന് അക്‍ബറിലേക്കുള്ള മുഗള്‍ചക്രവര്‍ത്തിയുടെ പ്രയാണവുമാണ് പിന്നീട് ഈ സിനിമ പ്രതിപാദിക്കുന്നത്.

അഭിനയം, സാങ്കേതികം: ഒരു ചരിത്രപുരുഷനായ് നമ്മുടെയെല്ലാം മനസ്സിലുള്ള അക്‍ബറിന്റെ വീര-പ്രണയ-രൌദ്ര-രാഷ്ടീയഭാവങ്ങള്‍ അവതരിപ്പിക്കുക ഏതൊരു നടനും വലിയ ഒരു വെല്ലുവിളി തന്നെയാണ്. തന്റെ കഴിവിന്റെ പരിമിതികള്‍ മനസ്സിലാക്കി കൊണ്ട്, വീരത്വത്തേക്കാള്‍ അക്‍ബറിന്റെ മാനുഷികഭാവങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അഷുതോഷ് തയാറാക്കിയ അക്‍ബറെ അവതരിപ്പിക്കുന്നതില്‍, ഒരു പരിധി വരെ ഹൃതിക്ക് വിജയിച്ചിട്ടുണ്ട് - സൂക്ഷ്മാഭിനയത്തിന്റെ അഭാവം നമ്മെ ചിലപ്പോഴൊക്കെ അലോസരപ്പെടുത്തുമെങ്കിലും!

മറുവശത്ത് ജോധയാവാന്‍, പ്രത്യേകിച്ചും ജോധയുടെ ‘രജപുത്ര’ഭാവങ്ങളാവിഷ്ക്കരിക്കാന്‍ ഐശ്വര്യ തെല്ല് കഷ്ടപ്പെടുന്നതായ് തോന്നി. ശുഷ്കമായ മുഖാഭിനയം ഈ സിനിമയിലും ഐശ്വര്യയുടെ പ്രശ്നമായി തുടരുന്നെങ്കിലും അമിതാഭിനയത്തിലേക്ക് വഴുതി വീഴാതെ തന്റെ കഥാപാത്രത്തെ ഐശ്വര്യ കാത്തു. അവരുടെ അഭിനയത്തിന്റെ ഗ്രാഫില്‍ ഈ ചിത്രം വളരെ മുകളിലായിരിക്കുമെന്നതില്‍ സംശയമില്ല.

അഭിനയമേഖലയില്‍ അതിശയിപ്പിക്കുന്ന പുരോഗതി കാണിച്ചിരിക്കുന്ന ഒരു നടന്‍ സോനു സൂദ് ആണ്. രാജ്‌കുമാര്‍ സുജാമലിനെ സോനു വളരെ ഭംഗിയായ് അവതരിപ്പിച്ചിരിക്കുന്നു. അമിതാഭിനയത്തിലേക്ക് വഴുതി വീഴാവുന്ന രംഗങ്ങളില്‍ അദ്ദേഹത്തെ വരിഞ്ഞു കെട്ടി അഭിനയിപ്പിച്ചതില്‍ സംവിധായകനും ഉണ്ട് നല്ലൊരു പങ്ക്.

അക്‍ബറിന്റെ ജീവിതത്തെ ഒരു പരിധി വരെ നിയന്ത്രിച്ചിരുന്ന മഹാം അംഗയെ അവതരിപ്പിച്ച ഇളാ അരുണ്‍ തന്റെ കഥാപാത്രത്തെ മനോഹരമായ് അവതരിപ്പിച്ചിട്ടുണ്ട്. തന്റെ ചെയ്തികളെ അക്‍ബര്‍ ചോദ്യം ചെയ്യുന്ന രംഗത്തില്‍ മാഹം അംഗയുടെ മനോവികാരങ്ങളും നിര്‍വ്വികാരതയും മനസ്സില്‍ തട്ടും വിധം അവര്‍ അഭിനയിച്ചിരിക്കുന്നത് എടുത്ത് പറയാതിരിക്കാനാവില്ല. മഹാം അംഗയുടെ മകനായ ആദം ഖാനായ് വന്ന ഷാജി ചൌധരി, മുഖ്യപ്രതിനായകനായ് ഷരിഫുദ്ദിന്‍ ഹുസ്സൈനെ അവതരിപ്പിച്ച നികിതിന്‍ എന്നിവരും നന്നായിട്ടുണ്ട്. മറ്റുള്ള കഥാപാത്രങ്ങളും പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍ക്കും വിധം തങ്ങളുടെ റോളുകള്‍ നന്നാക്കിയിട്ടുണ്ട്.

ബല്ലു സഹൂജയുടെ ചിത്രസംയോജനം നീളമേറേയുള്ള സിനിമയുടെ വേഗതയ്ക്ക് ആക്കം കൂട്ടാനേറേ പ്രയാസപ്പെട്ടിട്ടുണ്ട്. ഇത്രയും നീളമുള്ള സിനിമ വിരസമാവാതെ രക്ഷപ്പെടുത്തിയതില്‍ സംവിധായകനോടോപ്പം അദ്ദേഹത്തിനുമുണ്ട് വലിയൊരു പങ്ക്. ഓരോ രംഗങ്ങളും ആവശ്യപ്പെടുന്നരീതിയില്‍, രംഗങ്ങളുടെ വികാരതീവ്രത ചോര്‍ന്നു പോകാത്ത വിധം വിശദമായ ഷോട്ടുകളിലൂടെ ഛായാഗ്രഹണകലയിലെ തന്റെ കഴിവ് കിരണ്‍ പ്രകടിപ്പിച്ചിരിക്കുന്നു. നീത ലുല്ലയുടെ വസ്ത്രാലങ്കാരവും മാധവ് കദമിന്റെ മേക്കപ്പും രവി ദേവന്റെ സ്റ്റണ്ട്‌സും സ്റ്റീഫന്‍ ഗോംസിന്റെ ശബ്ദലേഖനവുംസിനിമയ്ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. സിനിമയ്ക്കനുയോജ്യമായ രീതിയില്‍ ചെയ്തിട്ടുള്ള പങ്കജിന്റെ (ടാറ്റാ എലക്സി) വിഷ്വല്‍ ഇഫക്ട്‌സ് നന്നായിട്ടുണ്ട്. ഉദയസൂര്യന്റെ ആദ്യകിരണങ്ങള്‍ ജോധയുടെ അന്ത:പുരത്തിലെ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന രംഗം പ്രത്യേകപരാമര്‍ശയോഗ്യമാണ്.
ഗാനങ്ങള്‍: ഒരു ചരിത്ര-പ്രണയകഥയില്‍ സംഗീതം ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്. ജോധാ-അക്‍ബറില്‍ അഷുതോഷ് തന്റെ മുന്‍‌ചിത്രങ്ങളിലെ സംഗീതശില്പികളെ തന്നെയാണ് ഈ ദൌത്യം ഏല്പിച്ചിരിക്കുന്നത്. ജാവേദ് അക്തറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ഏ. ആര്‍. റഹ്‌മാന്‍.

ജാവേദ് അലി ആലപിച്ച ‘ജഷ്‌ന്‍ യെ ബഹാറാ ഹെ’ എന്നിവയ്ക്ക് ‘പുതിയ മുഖ’ത്തിലെ ഗാനങ്ങളുടെ വിദൂരഛായയുണ്ട്. ‘അസീം ഓ ഷഹന്‍ഷാ‘ (ഗായകന്‍: അസീം) എന്ന സൂഫിഗാനത്തിന്റെ പശ്ചാത്തലസംഗീതം ചിലയിടങ്ങളില്‍ ലഗാനിലെ ‘ഗനന്‍ ഗനന്‍’ എന്ന ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്നു.ഈ ഗാനത്തിലും ‘ഖ്വാജാ മേരെ ഖ്വാജാ‘ (ഗായകന്‍: ഏ.ആര്‍. റഹ്‌മാന്‍) എന്ന ഗാനത്തിലും കോറസ് അതിമനോഹരമായ് ഉപയോഗിച്ചിരിക്കുന്നു സംഗീതസംവിധായകന്‍ എന്നത് എടുത്തു പറയേണ്ടതാണ്. ‘മന്‍ മോഹന’ (ഗായിക: ബേല) എന്ന ഭജന്‍ തരക്കേടില്ല. പാട്ടുകള്‍ക്ക് വേണ്ടി സീനുകളുണ്ടാക്കാതെ സീനുകളുടെ മൂഡിനനുസരിച്ചാണ് എല്ലാ ഗാനങ്ങളും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മധുശ്രീ, സോനു നിഗം എന്നിവര്‍ മനോഹരമായ് ആലപിച്ച ‘ഇന്‍ ലഹോം കെ ദാമന്‍ മേം‘ എന്ന ഗാനചിത്രീകരണം ഒരു ഉദാഹരണം മാത്രം. ജോധാ-അക്‍ബറിന്റെ ആദ്യസമാഗമം അതിസൂക്ഷ്മമായും മനോഹരമായും ഈ ഗാനത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു സംവിധായകന്‍. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ പ്രതിഫലിക്കുന്ന രീതിയില്‍, സംഗീതത്തിനൊപ്പം ചലനങ്ങളൊ‍രുക്കിയ ചിന്നി പ്രകാശ്, രേഖ പ്രകാശ്, രാജു ഖാന്‍ എന്നിവര്‍ താന്താങ്ങളുടെ പങ്ക് മികച്ചതാക്കി.

എഴുത്തും സിനിമാഭാഷയും: ഒരു സിനിമയ്ക്കാവശ്യമായ സിറ്റുവേഷന്‍സും സംഭാഷണങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതില്‍ സംവിധായകനും സഹ-എഴുത്തുകാരും വിജയിച്ചു എന്ന് തന്നെ വേണം കരുതാന്‍. സിനിമയോട് ഇഴുകി ചേര്‍ന്ന് കാണാന്‍ പ്രേക്ഷകന് അവസരം നല്‍കുന്ന പല രംഗങ്ങളും സിനിമയിലുണ്ട്. കീഴടങ്ങിയ ശത്രുവിനെ കൊല്ലുന്ന പാരമ്പര്യം താന്‍ ഉപേക്ഷിക്കുന്നു എന്ന് പതിമൂന്നുകാരനായ ചക്രവര്‍ത്തി പടനായകന്‍ ബൈരം ഖാനോട് (യുരി) പറയുന്ന രംഗം, താന്‍ നിരക്ഷരനാണെന്ന് അക്‍ബര്‍ ജോധയോട് പറയുന്ന രംഗം, വിവാഹത്തലേന്നത്തെ സൂഫിമാരുടെ പാട്ടില്‍ ലയിച്ച് ചക്രവര്‍ത്തി നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന രംഗം, തന്റെ പ്രധാനമന്ത്രിയായിരുന്ന അത്കാ ഖാനെ കൊന്ന ആദം ഖാനെ കൊട്ടാരത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു കൊല്ലാന്‍ അക്‍ബര്‍ കല്പിക്കുന്ന രംഗം, ട്രോയ് എന്ന സിനിമയില്‍ നിന്ന് അടര്‍ത്തിയെടുത്ത ക്ലൈമാക്സ് സീന്‍ എന്നിവ അവയില്‍ ചിലത് മാത്രം.

30% ചരിത്രം 70% ഭാവന എന്നാണ് ഒരു അഭിമുഖത്തില്‍ അഷുതോഷ് ഈ സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്. അതനുസരിച്ച് വിലയിരുത്തിയാല്‍ ജോധാ അക്‍ബര്‍ നല്ലൊരു ചിത്രം തന്നെയാണ്. എങ്കിലും ഇത്തിരി ചരിത്രമറിയുന്നവര്‍ക്ക് മനസ്സില്‍ ഒരു പാട് സംശയങ്ങളുയരുക സ്വാഭാവികം. അക്‍ബറിന്റെ ആദ്യഭാര്യയെ കുറിച്ച് സിനിമയില്‍ പരാമര്‍ശങ്ങളൊന്നും തന്നെ ഇല്ല. ഈ സിനിമ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത് ജോധയും അക്‍ബറുമായുള്ള ബന്ധമായതിനാലാണ് അക്‍ബറിന്റെ ജീവിതത്തിലെ ചരിത്രപരമായ് പ്രാധാന്യം പുലര്‍ത്തുന്ന പല രംഗങ്ങളും ഒഴിവാക്കിയിയിരിക്കുന്നത് എന്ന വാദം മുഖവിലയ്ക്കെടുത്താലും, വൈകാരികമായി ജോധയെ ബാധിക്കാമായിരുന്ന ഈ കഥാപാത്രത്തിന്റെ അഭാവം വിശദീകരണം അര്‍ഹിക്കുന്നതാണ്. ഇത്തരം സംശയങ്ങള്‍ മനസ്സിലുണര്‍ത്തുമെങ്കിലും രചനാപരമായും സാങ്കേതികപരമായും മികച്ചു നില്‍കുന്നു അഷുതോഷ് ചരിത്രത്തില്‍ ഭാവന ചേര്‍ത്തുണ്ടാക്കിയ ഈ ചലച്ചിത്രം - ബോളിവുഡില്‍ നിന്ന് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന നല്ല ചിത്രങ്ങളില്‍ ഒന്ന്!


+ കഥയുടെ, സിനിമയുടെ മര്‍മ്മമറിഞ്ഞ സംവിധാനം
+ സാങ്കേതികവിഭാഗം
+ ഗാനങ്ങള്‍, ഗാനരംഗങ്ങള്‍

x മെച്ചപ്പെടുത്താമായിരുന്ന മുഖ്യകഥാപാത്രങ്ങളുടെ അഭിനയം. സൂക്ഷ്മാഭിനയത്തിന് ഒരു പാട് സാദ്ധ്യതകളുണ്ടായിരുന്ന പാത്രങ്ങള്‍ക്ക് തങ്ങളുടേതായ പങ്ക് വലുതായൊന്നും നല്‍കാന്‍ ഹൃതിക്കിനും ഐശ്വര്യക്കുമായില്ല എന്ന് വേണം കരുതാന്‍. മോശമാക്കിയില്ല എന്നത് ആശ്വാസം.
x നീളം: 3മണിക്കൂര്‍ 20 മിനിട്ട് ഇത്തരമൊരു സിനിമയ്ക്ക് അവശ്യമെങ്കിലും, ചില പാട്ടുകളും സീനുകളും ഒഴിവാക്കി നീളം അല്പം ഒന്നു കുറച്ചിരുന്നെങ്കില്‍ വളരെ നന്നായേനെ.

9 comments:

salil | drishyan said...

‘ലഗാന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ‘കലാബോധമുള്ള’ സംവിധായകരുടെ ഗണത്തില്‍ ചേര്‍ന്നയാളാണ് അഷുതോഷ് ഗവാരിക്കര്‍. ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ അതിനടിവരയിടുകയും ചെയ്തു. ചരിത്രപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ മറന്ന് ഒരു സിനിമ എന്ന നിലയില്‍ വിലയിരുത്തിയാല്‍, അഷുതോഷിന്റെ രണ്ട് മുന്‍‌ചിത്രങ്ങളേക്കാളും മികച്ച ഒന്നാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം - ഹൃതിക്ക് റോഷന്‍, ഐശ്വര്യ ബച്ചന്‍ എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജോധാ-അക്‍ബര്‍’.

ജോധാ-അക്‍ബറിന്റെ കാഴ്ചകളുമായ് സിനിമാക്കാഴ്ച വീണ്ടും.

സസ്നേഹം
ദൃശ്യന്‍

വിന്‍സ് said...

ഏകദേശം ഞാന്‍ ഈ പടത്തിനെ കുറിച്ചെഴുതിയതു പോലെ തന്നെ. ഈ പോസ്റ്റ് എന്റെ വ്യൂസ് തെറ്റായിരുന്നില്ല എന്നു തെളിയിച്ചിരിക്കുന്നു. ഈ പോസ്റ്റൊക്കെ വായിക്കുമ്പോള്‍ ആണു ഞാന്‍ റീവ്യൂ ചെയ്യാന്‍ ശ്രമിക്കരുതു എന്നു എന്നെ ബോധ്യപ്പെടുത്തുന്നത് :) :) :)

Balu said...

സിനിമ കണ്ടിരുന്നു. എന്നാല്‍ ലഗാന്‍, സ്വദേശ് എന്നീ ചിത്രങ്ങളുടെ ആ രസം ഇതില്‍ നിന്നും കിട്ടിയില്ല. എങ്കിലും മോശമായില്ല “ജോധാ അക്‍ബര്‍”. റിതിക്, ഐശ്വര്യ എന്നിവരുടെ പ്രകടനം ആണ് സിനിമയെ രക്ഷിച്ചത് എന്നാണ് എനിക്ക് തോന്നിയത്. ധൂം 2വില്‍ നിന്നും ഒരുപാട് മാറ്റം അനുഭവപ്പെട്ടു രണ്ട് പേരും കൂടി ചേര്‍ന്നുള്ള രംഗങ്ങളില്‍. പിന്നെ യുദ്ധരംഗങ്ങള്‍ക്ക് “ഇഫക്ട്” പോരാ എന്നും തോന്നി. രാജസദസ്സില്‍ നിന്നും ജോധായുടെ ഭജന്‍ കേട്ട് അക്‍ബര്‍ പൂജാമുറിയില്‍ ചെല്ലുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്..

റിവ്യൂ പടം പോലെ തന്നെ, നീളമുണ്ടെങ്കിലും ബോറടിപ്പിക്കുന്നില്ല..! ;)

Suraj said...

ചിത്രം കണ്ടത് തിരുവനന്തപുരത്ത് നിന്നും അത് ഹോള്‍ഡ് ഓവര്‍ ആകുന്നതിനു തൊട്ടു മുന്‍പായിരുന്നു. കാരണം പലരും പറഞ്ഞിരുന്നു പടം പോക്കാണെന്ന്. എങ്കിലും സ്വദേശ് എടുത്ത അശുതോഷിന് ഒരിക്കലും ഒരു പാഴ് പടം എടുക്കാനാവില്ല എന്ന് വിശ്വസിച്ചുകൊണ്ട് പോയി കണ്ടു. കണ്ടില്ലായിരുനെങ്കില്‍ മികച്ച ഒരു ചിത്രം മിസ് ചെയ്തേനെ എന്നും മനസിലായി.

ഞാന്‍ ഓര്‍ത്തു വച്ചിരുന്ന പ്ലസ് പോയിന്റുകളത്രയും ദൃശ്യന്‍ ജീ ഇവിടെ നിരത്തിയിരിക്കുന്നു.(വിന്‍സ് ജീയുടെ പോസ്റ്റും ഇഷ്ടപ്പെട്ടു) സമാന രീതികളില്‍ ആസ്വദിക്കുന്നവരുണ്ട് എന്ന് അറിയുന്നതില്‍ സന്തോഷം.

സൂഫി പാരമ്പര്യത്തിലെ ഖ്വാജാ മേരെ ഖ്വാജാ എന്ന കവ്വാലി ഗാനമാണ് സിനിമയ്ക്കു പിന്നിലെ ഗവേഷണ ബുദ്ധി വ്യക്തമാക്കുന്നത് എന്നെനിക്കു തോന്നിയിരുന്നു. ദര്‍വേഷുകള്‍ എന്നു വിളിക്കുന്ന സഹ നര്‍ത്തകരുടെ (ഇവരുടെ പ്രധാന ഹൈലൈറ്റായ whirling motion ഉള്‍പ്പടെ) ഇറാനിയന്‍ പാരമ്പര്യത്തിലുള്ള വേഷ വിധാനങ്ങള്‍,കൂമ്പന്‍ തൊപ്പി, അടക്കം സകലതും വളരെ നന്നായി അഭ്രപാളിയിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നു സംവിധായകന്‍.
സൂഫിവര്യനായ ചിസ്തിയുടെ ഖബറില്‍ ചെന്ന് വിവാഹത്തിനു മുന്‍പ് പ്രാര്‍ത്ഥിച്ചു സമ്മതം വാങ്ങുന്ന, റൂമി കവിതകളില്‍ പ്രണയം തേടുന്ന, വിവാഹത്തലേന്ന് ദര്‍വേഷുകളുമൊത്ത് ആത്മീയാ‍നന്ദത്തില്‍ ചുവടുവയ്ക്കുന്ന, ജോധയുടെ ഭജന് കാതോര്‍ത്ത് അവളുടെ സിന്ദൂരം വാങ്ങുന്ന ജലാലുദ്ദീന്‍ മുഹമ്മദ് ആണ് പില്‍ക്കാലത്ത് ഇസ്ലാം-ഹൈന്ദവ-സൂഫി സംസ്കാരങ്ങളുടെ സമന്വയമായ ‘ദീന്‍ ഇലാഹി’ യുടെ സൃഷ്ടാവും ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കലാസ്വാദകനും ജനപ്രിയനുമായ അക്ബര്‍ ചക്രവര്‍ത്തി ആയി രൂപാന്തരം പ്രാപിക്കാന്‍ പോകുന്നത് എന്ന് ചിത്രത്തിലാകെ വിതറിയിരിക്കുന്ന കൊച്ചു കൊച്ചു സൂചനകളിലൂ‍ടെ സംവിധായകന്‍ നമ്മോട് സംവദിക്കുന്നുണ്ട്. (ബീര്‍ബല്‍, താന്‍സെന്‍ തുടങ്ങിയ പ്രസിധ ഭരണതന്ത്രജ്ഞരും കലാകാരന്മാരുമടങ്ങുന്ന അക്ബര്‍ സദസ്സിലെ നവരത്നങ്ങള്‍ വരുന്നത് അക്ബറിന് 50 വയസ്സിന് മേല്‍ പ്രായമാകുമ്പോഴാണ്. അതറിയാതെ പലരും അവരൊക്കെ സിനിമയില്‍ എവിടെ എന്ന് അശുതോഷിനെ കുറ്റപ്പെടുത്തുന്നത് ചില റിവ്യൂകളില്‍ കണ്ടിരുന്നു). അക്ബര്‍ എഴുത്തും വായനയും ഔദ്യോഗികമായി പരിശീലിച്ചിരുന്നില്ല എന്ന സത്യം വെളിപ്പെടുന്ന രംഗം മനോഹരമായിരുന്നു. (അക്ബര്‍ തന്റെ കുട്ടിക്കാലമത്രയും മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ട് അഫ്ഘാനിസ്ഥാനില്‍ ബൈറാം ഖാനെപ്പോലുള്ള യുദ്ധവീരന്മാരുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പേര്‍ഷ്യയിലുമായിരുന്നു എന്ന് ചരിത്രം)

ചരിത്രപരമായ പിഴവുകളില്‍ വിവാദമായത് ജോധ എന്ന പേര് മാത്രമാണെങ്കിലും മറ്റു ചിലതു കൂടി ചിത്രത്തില്‍ കാണാം. ഉദാഹരണത്തിനു കുട്ടിയായിരിക്കുമ്പോള്‍ ജലാലുദ്ദീന്‍ ബൈറാം ഖാന്റെ ‘എതിരാളിയുടെ തലയറുക്കലി’നെ എതിര്‍ത്തിരുന്നു എന്നൊരു സൂചന ഹേമചന്ദ്ര വിക്രമാദിത്യനെ വധിക്കുന്ന രംഗത്തില്‍ ഉണ്ട്. അതു ചരിത്രപരമായി ശരിയല്ല. ഹേമുവിന്റെ വധത്തിനു ശേഷവും ചില യുദ്ധതടവുകാരുടെ വധശിക്ഷകള്‍ ജലാലുദ്ദീന്‍ അക്ബര്‍ നടത്തിയിരുന്നു. വളര്‍ത്തമ്മ മഹാം അംഗ കുത്തിരിപ്പുണ്ടാക്കിയതിനാല്‍ ജലാലുദ്ദീന്‍ ബൈറാം ഖാനെ തെറ്റിദ്ധരിക്കുകയും പിന്നീട് കീഴടക്കിയശേഷം മക്കയിലേക്ക് പരിവാരസമേതം ആദരപൂര്‍വ്വം നാടുകടത്തുകയുമാണ് ചെയ്തത്. അല്ലാതെ യുദ്ധത്തടവുകാരനായ ഒരു രാജാവിനെ വധിക്കുന്നതിനെ ചൊല്ലിയല്ല അക്ബറും ബൈറാം ഖാനും പിണങ്ങുന്നത്. (യോദ്ധാവായ അക്ബറിന്റെ നിര്‍ദ്ദയത്വവും ക്രൌര്യവും തന്റെ അര്‍ദ്ധ സഹോദരനെ മട്ടുപ്പാവില്‍ നിന്ന് ചാകും വരെ എറിഞ്ഞു കൊല്ലാന്‍ നിര്‍ദ്ദേശിക്കുന്നതിലൂടെ ചലച്ചിത്രത്തില്‍ ഒന്നു പരാമര്‍ശിച്ചു പോകുന്നുണ്ട് എന്നതു മറന്നൂകൂടാ)

ജോധ എന്ന് സിനിമയില്‍ വിളിക്കപ്പെടുന്ന രജപുത്രരാജകുമാരിയെ ജലാലുദ്ദീന്‍ വിവാഹം കഴിക്കുന്നത് യുദ്ധവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ അടവു നയമായിരുന്നുവെങ്കിലും അതിനെ രണ്ടു സംസ്കാരങ്ങളുടെ സമന്വയമായി അതിമനോഹരമായി വ്യാഖ്യാനിച്ചിരിക്കുന്നിടത്താണ് ഗോവാരിക്കറുടെ പാടവം.
പലപ്പോഴും അലക്സാണ്ടര്‍, ട്രോയി, ഗ്ലാഡിയെറ്റര്‍ തുടങ്ങിയ പടങ്ങള്‍ കാണുമ്പോള്‍ തോന്നിയിട്ടുണ്ട്, നമ്മുടെ ചരിത്രത്തെ അതുപോലെ പ്രൌഡിയോടെ അവതരിപ്പിക്കാന്‍ ഷാറുഖ് ഖാനെപ്പോലുള്ള ബ്രഹ്മാണ്ഡ വേസ്റ്റുകളെ വച്ച് കോടികള്‍ മുടക്കി കളിക്കുന്ന ബോളിവുഡിനാവുന്നില്ലല്ലോ എന്ന്. മുഗള്‍-ഇ-ആസമിനു ശേഷം ആ കുറവു നികത്തിയത് ജോധാ-അക്ബര്‍ ആണ് എന്ന് നിസ്സംശയം പറയാം.

നമുക്കഭിമാനിക്കാവുന്ന ഒരു സുവര്‍ണ്ണ കാലഘട്ടത്തെ - വിശ്വപ്രസിദ്ധമായ മുഗള്‍ വാസ്തുശില്പകലയുടെ മുഴുവന്‍ ഭംഗിയും ആവാഹിക്കുന്ന സെറ്റുകളും കോസ്റ്റ്യൂം ഡിസൈനും വഴി ആവാഹിച്ചിട്ടുണ്ട് - ദൃശ്യന്‍ ചൂണ്ടിക്കാട്ടിയ കണ്ണാടിയിലെ ആ പ്രഭാത ദൃശ്യം തന്നെ മികച്ച ഉദാഹരണം.

ആകെ കല്ലുകടിയായി തോന്നിയത് രാമായണ-മഹാഭാരത സീരിയലുകളിലെ പോലെ രണ്ടു പക്ഷത്തേയും സൈനികര്‍ ഓടിവന്ന് ഏറ്റുമുട്ടുന്ന സീനുകളാണ്. മിലിട്ടറി ചിട്ടയില്‍ മാര്‍ച്ചുചെയ്യുന്ന രീതി അലക്സാണ്ട്രിയന്‍ പടയോട്ടകാലത്തു തന്നെ ഇന്ത്യയില്‍ വ്യാപകമായികഴിഞ്ഞതാണ് എന്നിരിക്കെ പട്ടാളക്കാര്‍ ഒരു ചിട്ടയുമില്ലാതെ ഓടിവന്ന് ഏറ്റുമുട്ടുന്ന സീന്‍ ഔചിത്യമില്ലാത്തതായി - പിന്നോട്ട് അതിവേഗം നീങ്ങി സൂം ഔട്ട് ചെയ്യുന്ന ക്യാമറാ മോഷന്‍ അടിപൊളിയായിരുന്നെങ്കിലും. മാത്രമല്ല അമ്പും വില്ലും ഉപയോഗിക്കുന്ന വിഭാഗം കാലാള്‍പ്പടയുടെയൊപ്പം നേരിട്ട് യുദ്ധഭൂമിയിലിറങ്ങുന്നതും പ്രാചീന സ്ട്രാറ്റജിയായിരുന്നില്ല. ആനയെ മെരുക്കുന്ന അക്ബര്‍ നന്നായിരുന്നുവെങ്കിലും ജോധയുടെ മുന്‍പില്‍ ആക്ഷന്‍ പോസുകള്‍ കാട്ടി മസിലുപെരുപ്പിക്കുന്നിടത്ത് മഹാനായ അക്ബര്‍ വെറും ഹൃത്തിക് റോഷനായി ചുരുങ്ങി പോയി :)

തെറ്റുകുറ്റങ്ങള്‍ ചെറുതും മെറിറ്റുകള്‍ വലുതുമാണ് അശുതോഷിന്റെ ഈ ഗംഭീര ചിത്രത്തില്‍. മറ്റൊന്നും അംഗീകരിച്ചില്ലെങ്കിലും, ഗ്രീക്കുകാരനും റോമാക്കാരനും ബ്രിട്ടീഷുകാരനും മാത്രമല്ല നമുക്കുമുണ്ട് അതുല്യമായ പ്രൌഡിയുള്ള ഒരു ചരിത്രം എന്ന് ലോകത്തോട് വിളിച്ചു പറയാന്‍ പോന്ന ഒരു സിനിമ എടുത്തതിന് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല - അതും ഇന്ത്യയെപ്പോലെ സാംസ്കാരിക വൈവിധ്യമുള്ള ഒരു ദേശത്തിനു മാത്രം പറയാവുന്ന ഒരു സൌഹാര്‍ദ്ദത്തിന്റെ സന്ദേശവും ഉള്‍ച്ചേര്‍ത്ത്.

പപ്പൂസ് said...

വിന്‍സിന്‍റെ പോസ്റ്റ് വായിച്ച ശേഷമാണ് പടം കണ്ടത്. എന്തോ, ഇഷ്ടമായി എങ്കിലും ഇനിയുമൊരുപാട് നന്നാക്കാമായിരുന്നു എന്ന് തോന്നി. ലഗാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, അതു കൊണ്ടുമാവാം.

ഒന്നാമത് കഥാപാത്രങ്ങളെല്ലാം വളരെ വളരെ പൊളൈറ്റ് ആണ്. അളന്നു മുറിച്ചതു പോലെ പെരുമാറുന്നവരായി വ്യക്തികളെ ചിത്രീകരിച്ചത് ചില സീരിയലുകളെ ഓര്‍മ്മിപ്പിച്ചു. അല്പം വിരസതയുമുണ്ടാക്കി എന്നതാവും സത്യം. ചില സീനുകള്‍, പ്രത്യേകിച്ചും ദൃശ്യന്‍ എടുത്തു പറഞ്ഞവ ചില ചലനങ്ങളുണ്ടാക്കിയെന്നതു സത്യം. പക്ഷേ, മൊത്തത്തില്‍ ഒരു കൃത്രിമത്വം കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലൂം സംസാരത്തിലുമെല്ലാം അനുഭവപ്പെട്ടു. ഒരു പക്ഷേ, വായിച്ചു പരിചയിച്ച കൊട്ടാരക്കഥകളുടെ സ്വാധീനം കാരണമാവാം.

ദ്വന്ദയുദ്ധരംഗങ്ങളും അല്പം കൂടെ നന്നാക്കാമായിരുന്നു എന്നു തോന്നി. കാമറ അല്പം കൂടെ ശ്രദ്ധിച്ചുപയോഗിച്ചിരുന്നെങ്കില്‍ ചലനത്തിലും വേഗതയിലും മറ്റും താരങ്ങളുടെ പരിചയക്കേടോ ഫൈറ്റ് മാസ്റ്ററുടെ പിടിപ്പു കേടോ പുറത്തു വരില്ലായിരുന്നു.

റഹ്‍മാനൂം ഇനിയുമൊരുപാടു നന്നാക്കാമായിരുന്നെന്നു തോന്നി. ആ സംസ്കാരങ്ങളുടെ ബ്ലെന്‍ഡ് പല രംഗങ്ങളിലൂടെയും കൊണ്ടു വന്നത് വളരെ ഇഷ്ടമായി.

ശ്രീ said...

വീണ്ടും നല്ലൊരു സിനിമാ വിശേഷം മാഷേ. കാണാനിരിയ്ക്കുകയാണ് ഈ ചിത്രം. അപ്പോള്‍ അത് കൂടുതല്‍ ആസ്വാദ്യമാക്കാന്‍ ഈ പോസ്റ്റ് സഹായിയ്ക്കും... നന്ദി.
:)

salil | drishyan said...

വിന്‍സ്,
തന്റെ റിവ്യൂ വായിച്ചു. നന്നായിട്ടുണ്ട്. ബ്ലോഗിന്റെ പേര് അന്വര്‍ത്ഥമാക്കുന്നു എഴുത്തിന്റെ രീതിയെങ്കിലും ചൂണ്ടി കാണിച്ചതൊക്കെ കാര്യം തന്നെ. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

ബാലു,
ലഗാന്‍, സ്വദേശ് എന്നീ ചിത്രങ്ങളുടെ കാറ്റഗറിയില്‍ പെടുത്താവുന്ന ചിത്രമല്ലല്ലോ ഇത്. ഹൃതിക്, ഐശ്വര്യ എന്നിവരുടെ പ്രകടനത്തേക്കാള്‍ അഷുതോഷിന്റെ സംവിധാനമല്ലേ സിനിമയെ രക്ഷിച്ചത് ? ബോക്സ് ഓഫീസില്‍, ശരിയായിരിക്കും. പിന്നെ യുദ്ധരംഗങ്ങള്‍ക്ക് ഇംഗ്ലീഷ് സിനിമകളുടെ ആവര്‍ത്തനമായ് എനിക്ക് തോന്നി.റിവ്യൂ പടം പോലെ തന്നെ, നീളമുണ്ടെങ്കിലും ബോറടിപ്പിക്കുന്നില്ല എന്ന കമന്റ് എന്നെ രസിപ്പിച്ചു. നന്ദി, വായനയ്ക്കും വാക്കുകള്‍ക്കും.

സൂരജേ, ഇത്ര നീളമേറിയ കമന്റ് ആദ്യമായണെനിക്ക്. നന്ദി. നല്ലൊരു മറുപടി പിറകെ.

പപ്പൂസേ, കൃത്രിമത്വം കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം അനുഭവപ്പെട്ട ആ കൃത്രിമത്വം എനിക്കുമുണ്ടായി. അത് അഭിനേതാക്കളുടെ കഴിവുകേടായാണ് എനിക്ക് തോന്നിയത്. സൂക്ഷ-സ്വാഭാവികാഭിനയം ഇവരുടെ കഴിവ്‌കേടായി തുടരുകയും ചെയ്യും എന്നാണ് എന്റെ മതം. വിശദമായ കമന്റിന് നന്ദി.

നന്ദി ശ്രീ. സിനിമ കണ്ടീട്ട് വിശേഷങ്ങള്‍ പറയൂ.

സസ്നേഹം
ദൃശ്യന്‍

Jijo said...

Sorry for English and an outdated comment. English because my mozhi quit on me and outdated because I just saw the movie yesterday.

I'm sorry that I couldn't find the greatness you were talking about. May be because I was comparing to similar period movies in English. I felt the movie was like the adaptation of a stage play. One reason I feel is the limited number of locations. Taming the elephant did not impress me and so did the battle scenes. I also felt too many adjustments were done to the story to make it politically correct. The market scenes and commoners who appear there and in climax were right out of a cheap bollywood formula. I wish the commoners were given a little more depth so they didn't look like snippets. I had expected little more depth and insight to the character of Akbar and to the way of life of the period.

I'm not a movie critic and my views could be very very wrong. About the stage play adaptation comment, i have to warn you that I felt the same way when I watched 'The Golden Flower'. So it could be my lack of understanding.

Finally, I read all your reviews. I haven't watched any of these movies except Jodha Akbar and Dasavatharam. The later do not deserve any serious comments. But I really liked your reviews. It's not always I get to read matured reviews in Malayalam.

VIPIN DAS said...

oru pattinu pudiya mugham pattinte copy anennu thonniya mashinte comment ithiri kadannu poyi... :D ithinu marupadi arhikkunnilla...