Tuesday, November 3, 2009

സ്വ.ലേ - അപ്രിയവാര്‍ത്തകള്‍

കലവൂര്‍ രവികുമാറിന്റെ രചനയില്‍ പ്രശസ്തഛായാഗ്രാഹകന്‍ പി.സുകുമാറിന്റകന്നിസംവിധായകസംരംഭമായ് പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് ദിലീപ് നായകനായ സ്വ.ലേ. (സ്വന്തം ലേഖകന്‍). പത്രപ്രവര്‍ത്തനരംഗത്തെ (അപ്രിയ)വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ട് പോവുന്ന സ്വ.ലേ. നല്ലൊരു ആശയം ഒരു നല്ല സിനിമയായ് മാറാതെ പോവുന്നതിന്റെ പുത്തന്‍ ഉദാഹരണമാണ്.

കഥാസംഗ്രഹം:
1980-കളില്‍ നടക്കുന്ന രണ്ട് വന്‍‌കിടപത്രങ്ങളുടെ കിടമത്സരത്തിന്റെ ഇടയില്‍ സര്‍ക്കുലേഷന്‍ കൂട്ടാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ജനചിന്ത എന്ന ചെറുപത്രത്തിന്റെ റിപ്പോര്‍ട്ടറാണ് ഉണ്ണി മാധവന്‍ (ദിലീപ്). പ്രണയ‌വിവാഹത്തിന്റെ പേരില്‍ ബന്ധുക്കളുടെ സഹായം ലഭിക്കാതെ വരുന്ന ഉണ്ണിക്ക് ഗര്‍ഭിണിയായ ഭാര്യ വിമലയ്ക്കായ് (ഗോപിക) പോലും മാറ്റി വെക്കാന്‍ സമയമില്ല്ലാതെ വാര്‍ത്തകള്‍ക്ക് പിറകെ പോവേണ്ടി വരുന്നു. തുച്ഛമായ ശമ്പളത്തിന്റെ പരാധീനതയില്‍ ജീവിക്കുന്ന ഉണ്ണിയെ ന്യൂസ് എഡിറ്റര്‍ കൈമള്‍ (ഇന്നസെന്റ്) കുടുംബത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാതെ പുതിയ എക്സ്ക്ലൂസിവുകള്‍ക്ക് പിറകെ പോവാന്‍ നിര്‍ബന്ധിക്കുന്നു. തന്റെ കൂടെയുള്ള - ചെയ്യുന്ന ശമ്പളത്തിനാവശ്യമായ ജോലി മാത്രം ചെയ്യാന്‍ താല്പര്യമുള്ള – ഫോട്ടോഗ്രാഫര്‍ ചന്ദ്രമോഹനെ (സലീംകുമാര്‍) വെച്ച് മറ്റു പത്രങ്ങളുടെ ജേര്‍‌ണലിസ്റ്റ് സംഘങ്ങളോട് (ഗണേശ്, അശോകന്‍, ഇടവേള ബാബു തുടങ്ങിയവര്‍) പിടിച്ചു നിന്ന് വാര്‍ത്തകള്‍ ശേഖരിക്കാന്‍ ഉണ്ണി പാടു പെടുന്നു.

തന്റെ പത്രത്തിന് മാത്രം ലഭിക്കുന്ന ഒരു സ്കൂപ്പ് കൊണ്ടു വന്നേ പറ്റൂ എന്ന ദുരിതസ്ഥിതിയില്‍ എത്തിനില്‍ക്കുമ്പോഴാണ് ഉണ്ണിയെ തേടി പുതിയ വാര്‍ത്തയെത്തുന്നത് - മലയാളസാഹിത്യലോകത്തെ അതികായന്‍ പാലാഴി ശിവശങ്കരപ്പിള്ള (നെടിമുടി വേണു) മരണക്കിടക്കയിലാണ്. ആശുപത്രികളും ഡോക്ടര്‍മാരും ഉപേക്ഷിച്ച് നിലയില്‍ തറവാട്ടിലെത്തിയ അദ്ദേഹത്തിന്റെ അവസാനനിമിഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ഉണ്ണിയുടെ പുതിയ അസൈ‌ന്‍‌മെന്റ്. ഉണ്ണിക്ക് അദ്ദേഹവുമായുള്ള മുന്‍‌കാലപരിചയം ജനചിന്തയ്ക്ക് മാത്രം ലഭിക്കാവുന്ന സെന്റിമെന്റല്‍ റിപ്പോര്‍ട്ടുകളായ് മാറുമെന്ന കൈമളിന്റെ കണക്കുകൂട്ടലുകള്‍ക്ക് വഴങ്ങി, മറ്റു പത്രപ്രവര്‍ത്തകഴുകസംഘത്തോടൊപ്പം ഉണ്ണിയും പാലാഴിയുടെ നാട്ടില്‍ തമ്പടിക്കുന്നു. അവസാന‌എഡിഷന്‍ അച്ചടിക്കേണ്ട സമയമായ പുലര്‍ച്ച3മണി വരെ അവിടെ തമ്പടിക്കേണ്ടി വരികയും അതിന് ശേഷം പുഴ നീന്തി കടന്ന് ഗര്‍ഭിണിയായ ഭാര്യയുടെ അടുക്കലെത്തുകയും ചെയ്യുന്ന, ദുരിതപൂര്‍ണ്ണമായ ഒരു ജീവിതസാഹചര്യത്തിലേക്ക് ‘പത്രധര്‍മ്മം’ വലിച്ചിഴക്കപ്പെട്ട, (പാലാഴിയുടെ) മരണവും (സന്താനത്തിന്റെ) ജീവിതവും കാത്തിരിക്കുന്ന ഉണ്ണിയുടെ ദിനങ്ങളാണ് പിന്നീട് സിനിമ കാണിക്കുന്നത്.


അഭിനയം, സാങ്കേതികം:
ഉണ്ണി മാധവന്‍ എന്ന സാധാരണക്കാരന്‍ ദിലീപിന് ഒരു ടെയ്‌ലര്‍മേഡ് കഥാപാത്രമാണ്. ദിലീപിന്റെ മാനറിസങ്ങളും അയല്‍പ്പക്കത്തെ പയ്യനെന്ന ഇമേജും ചേര്‍ത്ത് പരുവപ്പെടുത്തിയ പത്രപ്രവര്‍ത്തകനെ പ്രേക്ഷകന് സ്വീകാര്യമാവുന്ന രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ ദിലീപിനായിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ അധികം കോട്ടുവായകളിടാതെ സിനിമ കണ്ടിരിക്കാന്‍ നമ്മെ സഹായിക്കുന്നതും ദിലീപിന്റെ അനായാസപ്രകടനമാണ്.

അഭിനയജീവിതത്തിലെ രണ്ടാം വരവില്‍ ചെയ്യാനായ് സ്വലേ ഗോപികയ്ക്കായ് മാറ്റി വെച്ചത് ചില സംഭാഷണങ്ങള്‍ മാത്രമാണ്. ഉണ്ണി മാധവനെ ജീവിതത്തോട് ചേര്‍ത്ത് വെക്കുക എന്നതില്‍ കവിഞ്ഞ് - ഏതൊരു പത്രപ്രവര്‍ത്തകന്റേയും സ്വപ്നഭാര്യയായ് അവതരിപ്പിക്കപ്പെട്ട - വിമലക്കായ് കൂടുതല്‍ ഒന്നും തന്നെ തിരക്കഥാക്കൃത്ത് കരുതി വെച്ചിട്ടില്ല.

മരണത്തിന്റെ കണ്ണുപൊത്തിക്കളിക്കിടയില്‍ വ്യാപാരസാദ്ധ്യതകളുമായി ജീവിതം മുന്നോട്ട് നീക്കാന്‍ പാ‍ടു പെടുന്ന ചായക്കടക്കാരന്‍ ഗോവിന്ദന്‍ (ജഗതി ശ്രീകുമാര്‍), പാലാഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ സരോജിനി അമ്മ (കെ.പി.എസ്.സി. ലളിത ), അനുദിനം തകര്‍ന്ന് കൊണ്ടേയിരിക്കുന്ന ദാമ്പത്യത്തിനവകാശിയായ വിഷ്ണു (ഗണേശ്), എന്തിലും ഏതിലും വാര്‍ത്തയും വാര്‍ത്തയ്ക്ക് വേണ്ടിയുള്ള അനാരോഗ്യകരമായ മത്സരവും മാത്രം കാണാന്‍ കഴിയുന്ന ഹരി (അശോകന്‍), ഫോട്ടോഗ്രാഫര്‍മാരായ ബിജുരാജ് (ഇടവേള ബാബു), മാര്‍ട്ടിന്‍ (ഷാജു), ക്രിക്കറ്റര്‍ സന്ദീപ് ജഡേജ (നിഷാന്ത് സാഗര്‍), റിപ്പോര്‍ട്ടര്‍ ആലത്തൂര്‍ സുരേഷ് (കലാഭവന്‍ ഹനീഫ്), ഡോ. മാലതി (സോനാ നായര്‍) തുടങ്ങിയ കഥാപാത്രങ്ങളും ഈ പത്രപ്രവര്‍ത്തനക്കഥയില്‍ കടന്നു വരുന്നുണ്ട്. ‌പത്രപ്രവര്‍ത്തകനില്‍ നിന്ന് കര്‍ഷകായ് മാറിയ രാമനാഥന്റെ ചെറിയ റോളില്‍ ശ്രീജിത്ത് രവി നന്നായിട്ടുണ്ട്.

ബാവയുടെ കലാസംവിധാനം കഥയാവശ്യപ്പെടുന്ന പരിസരങ്ങള്‍ ഒരുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. വി.സാജന്റെ ചിത്രസംയോജനകലയ്ക്ക് തിരനാടകത്തിലെ രണ്ടാം പകുതിയിലെ പോരായ്മകള്‍ തരണം ചെയ്യാനായിട്ടില്ല. സുദേവന്റെ മേക്കപ്പ്, അനില്‍ ചെമ്പൂരിന്റെ വസ്ത്രാലങ്കാരം എന്നിവ മിതമായ രീതിയില്‍ തന്നെ.പ്രസന്നയുടെ നൃത്തകലയും മാഫിയാ ശശിയുടെ സംഘട്ടനവും പി.സുകുമാറിനധികം പ്രയോജനപ്പെടുത്തേണ്ടി വന്നിട്ടില്ല.

ലൌഡ് സ്പീക്കറിന് ശേഷം ബിജി ബാല്‍ - അനില്‍ പനച്ചൂരാന്‍ ടീം വീണ്ടുമൊന്ന് ചേരുന്നു ഈ സിനിമയില്‍. കഥസന്ദര്‍ഭങ്ങളില്‍ ചേര്‍ത്തിട്ടുള്ള ഗാനവും കവിതയും നല്ല നിലവാരം പുലര്‍ത്തുന്നു. മധു ബാലക്കൃഷ്ണനും ശ്വേതാ മേനോനും ചേര്‍ന്നാലപിച്ച ‘ചെറുതിങ്കള്‍ത്തോണി’ എന്ന ഗാനം ശ്രവണമധുരമാണ്. ഗാനങ്ങളിലെ പിന്നണിസംഗീതത്തില്‍ ബിജിബാല്‍ പുലര്‍ത്തുന്ന മിതത്വം എടുത്ത് പറയേണ്ടതാണ് ‘അറബിക്കഥ’ മുതല്‍ക്കിങ്ങോട്ട് നിലവാരമുള്ള പാട്ടുകളൊരുക്കുന്നതിലെ ബദ്ധശ്രദ്ധ ഇവര്‍ വരുംകാലങ്ങളിലും തുടരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

കലവൂര്‍ രവികുമാറിന്റെ കഥയില്‍ അനുഭവങ്ങളുടെ ചൂടുണ്ട്. പക്ഷെ ആ വികാരം പ്രേക്ഷകരിലേക്ക് പകരാന്‍ പോന്ന ശക്തിയുള്ള തിരക്കഥ രചിക്കാന്‍ അദ്ദേഹത്തിനായില്ല എന്നതാണ് സ്വ.ലേയുടെ പ്രധാനന്യൂനത. ആദ്യപകുതിയില്‍ ഫലപ്രദമായ് പടുത്തുയര്‍ത്തിയ ഉണ്ണിയുടെ പ്രശ്നങ്ങള്‍ തന്നെ വീണ്ടും രണ്ടാം പകുതിയില്‍ പറഞ്ഞ് കൊണ്ടേയിരുന്നത് പ്രേക്ഷകനെ മടുപ്പികാനേ ഉതകിയുള്ളൂ. മരണം കാത്തു നില്‍കുന്ന വീട്ടിലെ തമാശകള്‍ സരസമായ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു പരിധി വരെ വിജയിച്ച തിരക്കഥാക്കൃത്ത് സിനിമ കൂടുതല്‍ രസകരമാക്കാനെന്നോണം കുത്തി നിറച്ച ദ്വയാര്‍ത്ഥസംഭാഷണങ്ങള്‍ തറടിക്കറ്റുകാരെ പോലും ചിരിപ്പിക്കുന്നവയല്ല. “സാമാന്യം കാണാന്‍ കൊള്ളാവുന്ന പെണ്‍‌കുട്ടി”എന്ന പരസ്യത്തിലെ അച്ചടിപ്പിശകും, ചായക്കടക്കാരന്റെ അളിയന്‍ ദാസന്റെ (ഹരെശ്രീ അശോകന്റെ) സംഭാഷണങ്ങളും ഫോട്ടോഗ്രാഫറുടെ ‘കര്‍ഷക’ഫോട്ടോസെഷനും മറ്റും ആരിലും അരോചകമുളവാക്കുന്നവയാണ്.

പി.സുകുമാര്‍ സംവിധാനകലയില്‍ പുതുമുഖമെങ്കിലും സംവിധായകന്റെ മനസ്സായ് പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള ഒരു ഛായഗ്രാഹകനാണ്. പക്ഷെ തൊടുപുഴയുടെ പരിസരങ്ങള്‍ ഒപ്പിയെടുക്കുന്നതിലെ പ്രാവീണ്യം ഉണ്ണിയുടെ ജീവിതം പകര്‍ത്തുന്നതില്‍ കാണിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 80കളെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ച സംവിധാകന് ഇന്നത്തെ കാലം കാണിച്ചപ്പോള്‍ മാത്രം ഒരു മിമിക്രിക്കാരന്റെ മനസ്സെങ്ങനെ ലഭിച്ചു എന്ന് മനസ്സിലാവുന്നില്ല. നികേഷ് കുമാറിന്റെ ചലനങ്ങളും സംസാരരീതികളുമുള്ള ഒരു കോമാളിരൂപമായ് ഉണ്ണിയെ അവസാനം അവതരിപ്പിച്ചതിലുള്ള അനൌചിത്യം, പത്രപ്രാര്‍ത്തനത്തെ കുറിച്ചുള്ള ഒരു സറ്റയര്‍ എന്ന രീതിയിലവസാനിക്കേണ്ടിയിരുന്ന ഒരു സിനിമയെ വെറുമൊരു ഹാസ്യസിനിമയാക്കുന്നതില്‍ കലാശിച്ചു എന്ന് വേണം കരുതാന്‍. ഇത്തരം കുറവുകളുണ്ടെങ്കിലും ഒരു ക്യാമറാമാന്റെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു അരങ്ങേറ്റമായ് സ്വ.ലേയെ കാണാവുന്നതാണ്.


+ ‍സത്യസന്ധമായ അനുഭവങ്ങള്‍, ജീവിതസാഹചര്യങ്ങള്‍


- ഇഴയുന്ന രണ്ടാം പകുതി
- തമാശയ്ക്കായുള്ള അനാവശ്യസംഭാഷണങ്ങള്‍, രംഗങ്ങള്‍

`-`-`-`-`-`-`-`-`-`-`-`-`-`-
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-

Tuesday, October 20, 2009

കേരളവര്‍മ്മ പഴശ്ശിരാജ – കേരളചരിത്രം!

വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ കഥയാണ് എം.ടി-ഹരിഹരന്‍ ടീമിന്റെ ‘കേരളവര്‍മ്മ പഴശ്ശിരാജ‘ക്ക് പറയാനുള്ളത്. മലയാളസിനിമയുടെ സഹൃദയപക്ഷം ഇത്രയുമധികം ആവേശത്തോടെ കാത്തിരുന്ന മറ്റൊരു സിനിമ അടുത്ത കാലത്തുണ്ടായിട്ടില്ല. സാഹിത്യവും സിനിമയും സാങ്കേതികതയും നിറവോടെ ഒന്നിക്കുന്നതിലുള്ള പ്രതീക്ഷയാണ് ഈ കാത്തിരിപ്പിനെ ആവേശഭരിതമാക്കുന്നത് (ഇന്ത്യന്‍സ്വാതന്ത്യസമരചരിത്രവുമായ് ബന്ധപ്പെടുത്തിയുള്ള പിന്നണിപ്രവര്‍ത്തകരുടെ അവകാശവാദങ്ങളും ഫാന്‍സുകാരുടെ മറ്റു വീരവാദങ്ങളും ഞാന്‍ മന:പൂര്‍വ്വം വിസ്മരിക്കുന്നു). ശ്രീ ഗോകുലം ഫിലീംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച്, എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘കേരളവര്‍മ്മ പഴശ്ശിരാജ’ എന്ന ബിഗ്‌ബഡ്‌ജറ്റ് ചിത്രം മലയാളസിനിമാചരിത്രത്തിലെ സുവര്‍ണ്ണതിളക്കമുള്ള ഒരേടാണ് - അതിന് കാരണം ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അതുല്യമായ സമര്‍പ്പണമനോഭാവമാണ് !

കഥാസംഗ്രഹം:
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍, ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് കരം പിരിവ് കൊടുക്കാന്‍ ഉത്തരകേരളത്തിലെ നാട്ടുരാജാക്കന്മാര്‍ക്ക് സാധിക്കാത്ത സാമൂഹികപശ്ചാത്തലത്തിലാണ് സിനിമ ആരംഭിക്കുന്നത്. തങ്ങള്‍ക്ക് കരം നല്‍കാത്ത പഴശ്ശിരാജ (മമ്മൂട്ടി) യുടെ കൊട്ടാരവും സമ്പത്തും ബ്രിട്ടീഷുകാര്‍ കൈക്കലാക്കുന്നു. കണ്ണവത്ത് നമ്പ്യാര്‍ (ദേവന്‍), എമ്മന്‍ നായര്‍ (ലാലു അലക്സ്) തുടങ്ങിയവരുടെ സഹായത്തോടെ വിദേശീയര്‍ക്കെതിരെ പഴശ്ശിരാജ പടയൊരുക്കുന്നു. എടച്ചേന കുങ്കന്‍ (ശരത് കുമാര്‍), തലക്കല്‍ ചന്തു (മനോജ് കെ ജയന്‍), കൈതേരി അമ്പു (സുരേഷ് കൃഷ്ണ) എന്നിവര്‍ക്കൊപ്പം കാട്ടില്‍ താവളമൊരുക്കുന്ന കേരളവര്‍മ്മയുടെ മുന്നില്‍ ചിറക്കല്‍ രാജയും (മുരളി മോഹന്‍) മറ്റു നാട്ടു രാജാക്കന്മാരും സന്ധിസംഭാഷണത്തിനായ് വരുന്നു. നാടിന്റെയും നാട്ടാരുടേയും സമാധാനത്തിനായ് പഴശ്ശിരാജ വൈമനസ്യപൂര്‍വ്വം സന്ധികരാറിലൊപ്പു വെയ്ക്കുന്നുവെങ്കിലും തന്റെ പട പിരിച്ച് വിടുന്നില്ല. മാസങ്ങള്‍ പിന്നിട്ടിട്ടും കരാറിലെ വ്യവസ്ഥകള്‍ വെള്ളക്കാര്‍ പാലിക്കാത്തതിനാല്‍ ഉണ്ണി മൂത്ത (ക്യാപ്റ്റന്‍ രാജു) യുടെയും മറ്റുള്ളവരുടേയും ധന-ധാന്യ-ആയുധ-സഹായത്താല്‍ പഴശ്ശിരാജ പടകൂട്ടുന്നതോടെ ‘കേരള വര്‍മ്മ പഴശ്ശിരാജ’ കൂടുതല്‍ സങ്കീര്‍ണ്ണവും ഉദ്വേഗാഭരിതവുമാവുന്നു.


അഭിനയം, സാങ്കേതികം:
കേരളവര്‍മ്മ പഴശ്ശിരാജ എന്ന തോറ്റ രാ‍ജാവിനെ അയത്നലളിതമായ തന്റെ അഭിനയമികവ് കൊണ്ട് മികച്ചതായിരിക്കുന്നു മമ്മൂട്ടി എന്ന അനുഗ്രഹീത നടന്‍. എന്നിരുന്നാലും അദ്ദേഹത്തിന്റെ അഭിനയശേഷി കൂടുതലായി പ്രകടിപ്പിക്കാനാവശ്യപ്പെടുന്ന ഒന്നും തന്നെ എം.ടിയുടെ പാത്രസൃഷ്ടിയിലില്ല. അതിനാലായിരിക്കണം അഭിനയമികവധികം ആവശ്യപ്പെടാത്ത എടച്ചേന കുങ്കന്‍ നായരെന്ന പഴശ്ശിപടത്തലവനെ അവതരിപ്പിച്ച ശരത്കുമാര്‍ പ്രേക്ഷകപ്രീതി കൂടുതല്‍ നേടുന്നത്. ഒരു പടത്തലവന്റെ വീരവും ആവേശവും വൈരാഗ്യവും ഒട്ടും ചോരാതെ പകര്‍ത്താന്‍ ശരത്കുമാറിനായിട്ടുണ്ട്. തലക്കല്‍ ചന്തു എന്ന ഗോത്രവീരനായ് മനോജ് കെ ജയനും നന്നായിട്ടുണ്ട്.
സ്ത്രീപോരാളികളുടെ നേതാവ് നീലി പത്മപ്രിയയുടേയും, കൈതേരി അമ്പു എന്ന നായര്‍പടത്തലവന്‍ സുരേഷ് കൃഷ്ണയുടേയും അഭിനയജീവിതത്തിലെ മുതല്‍കൂട്ടാണ്.

ബ്രിട്ടീഷുകാരുടെ ശിങ്കിടിയായ കണാര മേനോനെ ജഗതി അനായാസമായ് അവതരിപ്പിച്ചിട്ടുണ്ട്. പഴശ്ശിരാജാവിന്റെ അമ്മാവന്‍ രാജാ വീരവര്‍മ്മ (തിലകന്‍), മൂപ്പന്‍ (നെടുമുടി വേണു), കണ്ണവത്ത് നമ്പ്യാര്‍ (ദേവന്‍), എമ്മന്‍ നായര്‍ (ലാലു അലക്സ്), അത്തന്‍ കുരിക്കള്‍ (മാമ്മുക്കോയ), മുരളി മോഹന്‍ (ചിറക്കല്‍ രാജ), സുബേദര്‍ ചേരന്‍ (അജയ് രത്നം), ഉണ്ണി മൂത്ത (ക്യാപ്റ്റന്‍ രാജു) എന്ന പാത്രങ്ങളോടൊപ്പം ഒരുപാട് ബ്രിട്ടീഷ് കഥാപാത്രങ്ങളും സിനിമയിലുണ്ട്. ആരും തന്നെ മോശമായിട്ടില്ല എന്ന് വേണം പറയാന്‍. വിദേശികളെ അവതരിപ്പിച്ച നടന്മാരില്‍ പലരും അമിതാഭിനയത്തിലേക്ക് വഴുതി വീഴുന്നത് കാഴ്ചയിലെ കല്ലുകടിയായി.

പഴയവീട്ടില്‍ ചന്തുവായ് വന്ന സുമന്‍, പഴശ്ശിരാജയുടെ പത്നി കൈതേരി മാക്കത്തെ അവതരിപ്പിച്ച കനിക എന്നിവരുടെ പ്രകടനം ഇനിയും മികച്ചതാകേണ്ടിയിരുന്നു. കൈതേരി മാക്കത്തിന്റെ കണ്ണുകളില്‍ കാണേണ്ടിയിരുന്ന വിഷാദമോ അഭിമാനമോ ധൈര്യമോ കനികക്ക് പ്രകടിപ്പിക്കാനായില്ല. ‘പഴയവീടന്റെ’ മേക്കപ്പും ഭാവങ്ങളും ഇത്തിരി ഡ്രമാറ്റിക് ആയി തോന്നിച്ചു. ‍ഗുമസ്തന്മാര്‍ തമ്മിലുള്ള (ജഗതി-ജഗദീശ് ) തമ്മില്‍ത്തല്ലു രംഗങ്ങളും അസിസ്റ്റന്റ് കലക്ടര്‍ തോമസ് ബേബറും പ്രതിശ്രുതവധുവും ചേര്‍ന്നുള്ള രംഗങ്ങളും സിനിമയിലെ അനാവശ്യങ്ങളാണ്. (ബ്രിട്ടീഷ്‌ഭരണകാലം ചിത്രീകരിക്കുന്ന സിനിമകളില്‍ ഇന്ത്യക്കാരെ സ്നേഹിക്കുന്ന വെള്ളക്കാരി ഒരു സ്ഥിരസാന്നിധ്യമാകുന്നതിലെ ആവശ്യകതയും മന‍:ശ്ശാസ്ത്രവും എനിക്ക് പിടികിട്ടുന്നില്ല! ഇവിടെ
തോമസ് ബെബറെ അവതരിപ്പിച്ച നടന്റെ അഭിനയം ‘തുറിച്ചു നോക്കലും’ പ്രതിശ്രുത വധുവിനെ അവതരിപ്പിച്ച ലിന്‍ഡ എന്ന നടിയുടെ അഭിനയം അസഹ്യവുമാണ്.)

പ്രകൃതിയും ടി മുത്തുരാജും ചേര്‍ന്നൊരുക്കിയ പഴശ്ശിരാജയിലെ ദൃശ്യപ്പൊലിമ മനോഹരമായ് പകര്‍ത്താന്‍ വേണു, രാമനാഥ് ഷെട്ടി എന്നിവരുടെ ക്യാമറക്കായിരിക്കുന്നു. സൂക്ഷ്മതയോടെ അവയെ വിളക്കിച്ചേര്‍ത്തിരിക്കുന്നു ശ്രീകര്‍പ്രസാദിന്റെ ചിത്രസംയോജനമികവ് .

മറ്റേത് സിനിമയേക്കാളും സംഘട്ടനങ്ങള്‍ക്ക് പ്രാധാന്യമുണ്ട് പഴശ്ശിരാജയില്‍. പതിനെട്ടാം നൂറ്റാണ്ടിലെ കഥ പറയുമ്പോള്‍ ഇന്നത്തെ രീതിയിലുള്ള ഫൈറ്റുകള്‍ പറ്റില്ലല്ലോ. എന്നാല്‍ പ്രേക്ഷകന്റെ ‘രസഞെരമ്പുകള്‍’ ത്രസിപ്പിക്കുന്ന രീതിയിലാവണം താനും. (കളരി രംഗങ്ങളുടെ പെര്‍ഫെക്ഷനെ പറ്റി പറയാനാന്‍ എനിക്കാവില്ലെങ്കിലും) ‘ആക്ഷന്‍ ഡിറക്ടര്‍’ രവി ദിവാനും സംഘവും തരക്കേടില്ലാതെ ചെയ്തിട്ടുണ്ടെങ്കിലും കയറു കെട്ടി വലിച്ച് ആളുകളെ ‘പറപ്പിക്കുന്ന’ തരത്തിലുള്ളവ ഒഴിവാക്കേണ്ടിയിരുന്നു. യുദ്ധരംഗങ്ങള്‍ നന്നായി ചെയ്ത ഇവര്‍ മാന്‍-ടു-മാന്‍ ഫൈറ്റിംഗുകള്‍ ഇനിയുമെത്രയോ മെച്ചപ്പെടുത്തേണ്ടിയിരുന്നു. പട്ടണം റഷീദിന്റെ ചമയ്ക്കലും നടരാജന്റെ വേഷവിധാനങ്ങളും അവയുടെ ലാളിത്യം കൊണ്ടും സാംഗത്യം കൊണ്ടും എടുത്ത് പറയേണ്ടതാണ്.

പഴശ്ശിരാജയുടെ ഹൈലൈറ്റുകളീല്‍ മറ്റൊന്ന് ഇളയരാജയുടെ ഗാനങ്ങളാണ്. യേശുദാസും എം.ജി.യും ചേര്‍ന്നലപിച്ച പോരാട്ടവീര്യമുണര്‍ത്തുന്ന “ആദിയുഷസന്ധ്യപൂത്തതിവിടെ”, എം.ജി ശ്രീകുമാര്‍, വിധു പ്രതാപ്, അഷ്‌റഫ്, എടവണ്ണ ഗഫൂര്‍, ഫൈസല്‍, കൃഷ്ണനുണ്ണി തുടങ്ങിയവരും മറ്റനേകം ഗായകരും ഉന്മാദിച്ച് ആസ്വദിച്ച് പാടിയ “ആലമടങ്ക മൈത്തവനല്ലേ അഖിലത്തിനും ഉടയവനല്ലേ”, ചിത്രയുടെ മധുരസ്വരത്തിലുള്ള ‘കുന്നത്തെ കൊന്നയ്ക്കും” എന്നിങ്ങനെ മൂന്നു ഗാനങ്ങളാണ് പൂര്‍ണ്ണമായ് സിനിമയില്‍ വന്നിരിക്കുന്നത്. ഒ.എന്‍.വിയും കാനേഷ് പൂനൂരും എഴുതിയ ഇവയ്ക്ക് പുറമേ ഗിരീഷ് പുത്തഞ്ചേരിയെഴുതിയ “അമ്പും കൊമ്പും കൊമ്പന്‍ പാട്ടും” എന്നൊരു ഗാനവും പശ്ചാത്തലത്തില്‍ വരുന്നുണ്ട്. ളയരാജയുടെ പഴയശീലുകളുടെ സ്വാധീനമുണ്ടെങ്കിലും സിനിമയുടെ ടെമ്പോയുമായ് ഒത്തു നില്കുന്നവയാണ് ഈണങ്ങള്‍. “ആദിയുഷസന്ധ്യപൂത്തതിവിടെ”യുടെ വരികള്‍ കൂട്ടത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു. പാട്ടുകളേക്കാള്‍ പശ്ചാത്തലസംഗീതത്തിലാണ് ഇളയരാജ എന്ന ജീനിയസ്സിനെ നാം കാണുന്നത്. വിപ്ലവത്തിന്റേയും വീരത്വത്തിന്റേയും ഉച്ചസ്ഥായിയും പോലെ തന്നെ നേര്‍മ്മയുള്ള പതിഞ്ഞ ഈണവും മൌനവും രംഗങ്ങള്‍ക്ക് മിഴിവേകുമെന്ന തിരിച്ചറിവ് ഇളയരാജ പ്രകടിപ്പിക്കുന്നു (അമ്മാവനുമായുള്ള പഴശ്ശിയുടെ കൂടിക്കാഴ്ച ഒരുദാഹരണം മാത്രം). പഴശ്ശിരാജയുടെ സാങ്കേതികവിഭാഗത്തുലേക്കുള്ള റസൂല്‍ പൂക്കുട്ടിയുടെ വരവ് മാധ്യമങ്ങള്‍ അതിരു ഇട്ട് ആഘോഷിച്ചിരുന്നതിനോട് വ്യക്തിപരമായ് അനിഷ്ടമുണ്ടായിരുന്നെങ്കിലും ശബ്ദസങ്കലനത്തിലുള്ള മികവ് സിനിമയിലുടനീളം സ്പഷ്ടമായി കാണാം. ശബ്ദങ്ങളുടെ ഉയര്‍ച്ച താഴ്ച്ചകളില്‍ പാലിച്ച മിതത്വം ശ്ലാഖനീയമാണ്. ഇളയരാജയുടെ അനുഭവസമ്പത്തും റസൂലിന്റെ മികവുമൊത്ത് ചേരുമ്പോള്‍ ‘ശബ്ദവിഭാഗം’ മികച്ചതിലും മികച്ചതായ് മാറുന്നു.

സഹൃദയന് പഴശ്ശിരാജയിലുള്ള മുഖ്യാകര്‍ഷണം എം.ടി വാസുദേവന്‍ നായര്‍ എന്ന മലയാളസാഹിത്യത്തിലെ അതികായനായിരിക്കും. എം.ടി യുടെ നോവലുകളെ ഇഷ്ടപ്പെടാത്തവരെ പോലും അദ്ദേഹത്തിന്റെ തിരക്കഥകള്‍ മോഹിപ്പിച്ചിട്ടുണ്ട്. ഭാരതപുഴതീരത്തെ തറവാടുകളിലെ കഥാപാത്രങ്ങള്‍ മാനസികപശ്ചാത്തലങ്ങളും പേരുകളും മാത്രം മാറ്റി പ്രത്യക്ഷപ്പെടുന്ന എം.ടി തിരക്കഥകളെ വിമര്‍ശിച്ചാലും‍, നിര്‍മ്മാല്യവും താഴ്വാരവും മഞ്ഞും ആരൂഢവും ഉയരങ്ങളിലും ആരണ്യകവും വെള്ളവും വൈശാലിയും പെരുന്തച്ചനും ഒരു വടക്കന്‍ വീരഗാഥയും മറ്റും നല്‍കിയ പ്രമേയവൈവിധ്യം എന്നും മലയാളിയുടെ അതിര്‍വരമ്പുകളില്ലാത്ത അതിശയമാണ്. ആ തൂലികയ്ക്കുടമയുടെ സമര്‍പ്പണവും പാത്രനിര്‍മ്മാണവൈദഗ്ദ്ധ്യവും പഴശ്ശിരാജയിലും തെളിഞ്ഞ് കാണാം. കഥാപാത്രങ്ങള്‍ സന്ദര്‍ഭാനുസൃതമായ സംഭാഷണങ്ങള്‍ മാത്രം മൊഴിയുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.

ഹരിഹരന്‍ എന്ന സംവിധായകന്റെ സംഘടനാപാടവം അടിവരയിടുന്ന സിനിമയാണ് പഴശ്ശിരാജ - കഥാപശ്ചാത്തലത്തിന്റേയും സാങ്കേതികാവശ്യങ്ങളിലും അദ്ദേഹത്തിന്റെ ഇന്നോളമുള്ള സിനിമകളില്‍ നിന്നെല്ലാം കാതങ്ങള്‍ മുന്നില്‍! ചരിതാഖ്യായികയുടെ പരിധികളില്‍ ഉറച്ച്, അടിസ്ഥാനങ്ങളില്‍ നിന്ന് ചരുതയോടെ കഥ പറയാന്‍ സംവിധായനായിട്ടുണ്ട്. മമ്മൂട്ടിയെ താരമായ് കാണാതെ പഴശ്ശിയായ് കണ്ട്, മറ്റ് കഥാപാത്രങ്ങള്‍ക്ക് ആവശ്യത്തിന് പ്രാധാന്യം കൊടുത്ത് സിനിമയെടുത്തതില്‍ അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു.

വീരനായകന്റെ സ്ഫോടനാത്മകമായ ഭാവപ്രകടനങ്ങള്‍ക്കൊന്നും പഴശ്ശിരാജയില്‍ ഇടം നല്‍കിയിട്ടില്ല രചയിതാവും സംവിധായകനും. സിനിമയുടെ ആരംഭത്തില്‍ നാം കാണുന്നത് പരിക്ഷീണനായ പരാജിതനായ രാജാവിനെയാണ്. പഴശ്ശിയുടെ വീരത്വം അവന്റെ പടയാളികളിലൂടെയും പരിമിതമായ സംഭാഷണങ്ങളിലൂടെയുമാണ് പുറത്തേക്ക് വരുന്നത്. പഴശ്ശിരാജ അപൂര്‍വ്വമായേ തന്നെ പറ്റി സംസാരിക്കുന്നുള്ളൂ (പിറക്കാന്‍ പോകുന്ന മകളെ കുറിച്ച് ഗര്‍ഭം അലസി കിടക്കുന്ന ഭാര്യയോട് പറയുന്ന രംഗം ഒരുദാഹരണം). രാജ്യത്തെ കുറിച്ചും നാട്ടാരെ കുറിച്ചുമുള്ള തോല്‍ക്കാന്‍ പോകുന്ന യുദ്ധത്തെ കുറിച്ചും അയാള്‍ വാചാലനാകുന്നുമില്ല. “ജീവിതത്തിലുടനീളം കൂടെ സഞ്ചരിച്ച് അവസാനം തിരിഞ്ഞ് നിന്ന് നോക്കുന്ന നിഴലാണ് മരണം“ എന്നയാള്‍ക്കറിയാം. മരണത്തിലേക്കുള്ള യാത്രക്ക് മുന്‍പും ദു:ഖിക്കേണ്ടത് തന്നെ കുറിച്ചല്ലെന്നും ഗതി കെട്ട ഈ നാടിനെ കുറിച്ചാണെന്നുമാണ് രാജാവ് പറയുന്നത്. ബഹളങ്ങളുടെ അഭാവത്തിലുള്ള നായകപ്രവേശനവും വാചകകസര്‍ത്തില്ലാതെയുള്ള നായകന്റെ രംഗമൊഴിയലും (ഫാന്‍സുകാര്‍ക്ക് രുചിക്കില്ലെങ്കിലും) പ്രശംസനീയമെങ്കിലും തോറ്റ യുദ്ധം പോരാടുന്ന രാജാവിന്റെ മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കവും കാണിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും (അതാണല്ലോ എം.ടി തിരക്കഥകളുടെ ഹൈലൈറ്റ്) ഇല്ലാത്തത് നമ്മെ ഒട്ടൊന്നുമല്ല നിരാശപ്പെടുത്തുന്നത്. അതും അത്തരത്തിലുള്ള രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കൂന്നതില്‍ പ്രഗത്ഭനായ മമ്മൂട്ടി ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍!

സിനിമയുടെ നിര്‍മ്മാതാവ് (ശരിയായ അര്‍ത്ഥത്തില്‍) സംവിധായകനോ താരമോ വേറെ ആരെങ്കിലുമോ ആവട്ടെ, പണമിറക്കുവാനാളില്ലെങ്കില്‍ എന്തു കാര്യം? അതും പ്രൊഡക്ഷന് പ്രതികൂലമായ് ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടെയിരിക്കുമ്പോള്‍! അത്തരത്തിലുള്ള ‘ദുശ്ശകുന‘ങ്ങളെല്ലാം കണക്കിലെടുക്കാതെ സിനിമയോടൊപ്പം നില്‍ക്കുന്ന ബാനര്‍/പ്രൊഡ്യൂസര്‍ ഒരപൂര്‍വ്വതയാണ്. പഴശ്ശിരാജ എന്ന സിനിമ സാക്ഷാത്കരിക്കാന്‍ മനവും അര്‍ത്ഥവും നല്‍കി കൂടെ നിന്ന ഗോകുലം ഗോപാലന്‍ എന്ന വ്യക്തി സിനിമയില്‍ പുതുമുഖമായിരിക്കാം - പക്ഷെ സിനിമാപ്രേക്ഷകര്‍ ഒട്ടൊരു കാലം മറക്കാതെ അദ്ദേഹത്തെ മാനിക്കും എന്നുറപ്പ്. ഗോകുലം ഗോപാലന്റെ ആ പ്രതിഷ്ഠക്ക് നേരെ ദൃശ്യന്റെ വക ഒരു സല്യൂട്ട്!!!



വാല്‍ക്കഷ്ണം:
പഴശ്ശിരാജ കാണുന്ന ഏതൊരു പ്രേക്ഷകനും എം.ടി-ഹരിഹരന്‍ ടീമിന്റെ ‘ഒരു വടക്കന്‍ വീരഗാഥ’യുമായ് ഒരു താരതമ്യത്തിന് മുതിരുമെന്നതുറപ്പ് . ഈ രണ്ടു സിനിമകളേയും ഒരേ അളവുകോല്‍ കൊണ്ട് അളക്കാ‍നാവില്ല. കാരണം എം.ടി-ഹരിഹരന്‍-മമ്മൂട്ടി എന്നിവയല്ലാതെ മറ്റൊന്നും പൊതുവായ് ഈ സിനിമകള്‍ക്കില്ല. വടക്കേ മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്ന വായ്പ്പാട്ടുകളുടേ പാഠാന്തരമാണ് ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ ഒരു ചരിത്രാഖ്യായികയും! ഒരു സാഹിത്യകാരന്റെ ഗവേഷണമായിരുന്നു വീരഗാഥയില്‍ പ്രകടമായിരുന്നതെങ്കില്‍ പഴശ്ശിരാജയെ ഒരു ഗവേഷകന്റെ സാഹിത്യസംരംഭമായിട്ടാണ് കരുതേണ്ടത്. അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ഏവര്‍ക്കുമറിയാവുന്ന വടക്കന്‍ പാട്ടുകള്‍ തന്റേതായ വ്യാഖ്യാനങ്ങളോട് കൂടെയാണ് എം.ടി പറഞ്ഞത്. അതു വരെയുണ്ടായിരുന്ന വിശ്വാസവിഗ്രഹങ്ങളുടയ്ക്കുക എന്ന റിസ്കുണ്ടായിരുന്നെങ്കിലും ഒരു പാട് കഥാപാത്രങ്ങളെ പ്രേക്ഷകന് മുന്നില്‍ പരിചയപ്പെടുത്തുക എന്നത് താരതമ്യേനെ ലളിതമായ ഒരു ചടങ്ങായിരുന്നു. പക്ഷെ പഴശ്ശിരാജയിലെ കഥാപാത്രങ്ങള്‍ നമുക്ക് പരിചിതരല്ല. പഴശ്ശിരാജ എന്ന് പേര് ‘പാഠപുസ്തകളിലെ ചരിത്രം‘ നമ്മെ പഠിപ്പിച്ചതാണ്. പാഠപുസ്തകകങ്ങള്‍ക്കപ്പുറം പഴശ്ശിചരിത്രം നമുക്കജ്ഞാതമാണ്. കേരളചരിത്രത്തിലെ ആ ഏടും അന്നത്തെ സാമൂഹികപശ്ചാത്തലവും പങ്കെടുത്ത ആളുകളും പ്രേക്ഷകന് പരിചയപ്പെടുത്തുക എന്ന ദൌത്യം അത്ര എളുപ്പമല്ല. അതിനാല്‍ തന്നെ കഥയുടെ ചുറ്റുപാടുകള്‍ മനസ്സിലാക്കിയെടുക്കാന്‍ അല്പനേരം ഈ സിനിമ പ്രേക്ഷകനോട് ആവശ്യപ്പെടുന്നുണ്ട്. പഴശ്ശിരാജയിലെ ആദ്യമണിക്കൂറുകള്‍ കഥയോടൊപ്പം പ്രേക്ഷകനും ചിന്തിക്കേണ്ടതായ് വരുന്നു. സിനിമയെ കുറിച്ച് മാധ്യമങ്ങളും പിന്നണിപ്രവര്‍ത്തകരും മറ്റും പറഞ്ഞ് പരത്തിയ, നാം തന്നെ ഊതി വീര്‍പ്പിച്ചെടുത്ത ഒരുപാട് മുന്‍‌വിധികള്‍ ഈ പ്രക്രിയ കഠിനമാക്കുന്നു. പതിയെ ആ കാലഘട്ടത്തോട് ഇണങ്ങി ചേര്‍ന്ന് നില്‍ക്കുമ്പോഴേക്കും കഥ ഏറെ മുന്നോട്ട് പോയതായ് നാം ദു:ഖപൂര്‍വ്വം മനസ്സിലാക്കുകയും ചെയ്യുന്നു. അതിനാലാണ് ഈ സിനിമ ഒരു രണ്ടാം കാഴ്ച ആവശ്യപ്പെടുന്നതായ് എനിക്ക് തോന്നുന്നത്. ആ ഒരു ‘benefit of doubt‘ഉം, കച്ചവടച്ചേരുവകള്‍ ചേര്‍ക്കാതെ ഈ സിനിമയ്ക്ക് ഒരു ചരിത്രാഖ്യായികയുടെ മട്ടില്‍ നല്‍കിയ പാക്കേജിംഗും മുന്‍‌നിര്‍ത്തിയാണ് റേറ്റിംഗ് നല്‍കിയിരിക്കുന്നത്.

`-`-`-`-`-`-`-`-`-`-`-`-`-`-
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-

Tuesday, September 15, 2009

ഈറം-തണുപ്പും കുളിരും പിന്നെ ചൂടും

ഷങ്കര്‍ എന്ന സംവിധായകനെ കുറിച്ച് എനിക്ക് പല രീതിയിലും എതിരഭിപ്രായം ഉണ്ട്. പക്ഷെ ഷങ്കര്‍ എന്ന നിര്‍മ്മാതാവിനെ എനിക്കിഷ്ടമാണ്. കലയും കച്ചവടവും സമന്വയിപ്പിക്കുന്ന ഒരുപാട് നല്ല സിനിമകള്‍ ഷങ്കറിന്റെ എസ്. പിക്‍ചേ‌ഴ്‌സ് നമുക്ക് സമ്മാനിച്ചിട്ടുണ്ട്. നഷ്ടപ്രണയത്തിന്റെ ദുരന്തവുമായ് ‘കാതല്‍’, കലാലയജീവിതത്തിന്റെ ഗൃഹാതൂരത്വം പേറുന്ന ‘കല്ലൂരി‘, ആക്ഷേപഹാസ്യത്തിന്റെ പുതുമുഖവുമായ് ‘ഇംസൈ അരസന്‍ 23ആം പുലികേശി’, സഹോദരബന്ധത്തിന്റെ തീവ്രമായ ആവിഷ്ക്കാരമായ ‘വെയില്‍’ തുടങ്ങിയ സിനിമകളെല്ലാം സാമ്പത്തികവിജയം നേടിയ കുടുംബസമേതം കാണാവുന്ന നല്ല സിനിമകളായിരുന്നു. ഷങ്കറിന്റെ പുതിയ നിര്‍മ്മാണസംരംഭമായ, അറിവഴകന്‍ എഴുതി സംവിധാനം ചെയ്ത ‘ഈറം’ ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലൊരുക്കിയ സിനിമയാണ്. സിനിമ ‘കാണലാ‘ണെന്ന് ശഠിക്കുന്നവര്‍ക്ക് ഈറം ഒരു നല്ല അനുഭവമായിരിക്കും. പക്ഷെ കഥയിലെ പുതുമയും അവതരണത്തിലെ ചടുലതയും കാംക്ഷിക്കുന്നവരെ ഈറം നിരാശപ്പെടുത്തിയേക്കാം. പ്രേക്ഷകര്‍ സ്വീകരിച്ച വിക്രം കുമാറിന്റെ ‘യാവരും നലം‘ത്തിനു (ഹിന്ദിയില്‍ 13ബി) ശേഷം ക്ലീഷേകള്‍ കുറഞ്ഞ ഒരു ഹൊറര്‍ സിനിമ എന്ന രീതിയില്‍ ഈറം നമ്മെ തൃപ്തിപ്പെടുന്നുന്നുണ്ട്. ജാപ്പനീസിലും പിന്നെ ഹോളിവുഡ്ഡിലുമായ് നിര്‍മ്മിക്കപ്പെട്ട ഡാര്‍ക്ക് വാട്ടര്‍ എന്ന സിനിമയുമായ് സാമ്യത തോന്നിക്കുമെങ്കിലും, അവതരണത്തിലേയും എഴുത്തിലെയും പരിമിതികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഈറം കണ്ടിരിക്കാവുന്ന ഒരു നല്ല സംരംഭമാണ്.

കഥാസംഗ്രഹം:
പുലര്‍ച്ചെ 2:30. ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കോം‌പ്ലെക്സ്. വാട്ടര്‍ ഔറ്റ്ലെറ്റില്‍ നിന്നും വെള്ളമൊഴുകുന്ന ശബ്ദം കേട്ട് ചെന്ന സെക്യൂരിറ്റി ഗാര്‍ഡ് കാണുന്നത് ഒരു ഫ്ലോര്‍ നിറച്ചും വെള്ളമാണ്. ബാലക്കൃഷ്ണന്‍ (നന്ദ) - രമ്യ (സിന്ധു മേനോന്‍) ദമ്പതിമാര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് വെള്ളം വരുന്നത്. ആത്മഹത്യ ചെയ്ത നിലയില്‍ രമ്യ കിടന്ന ബാത്ത് ടബ്ബ് കവിഞ്ഞൊഴുകിയ വെള്ളമാണ് കോറിഡോറിലെത്തിയതെന്ന് നാം മനസ്സിലാക്കുന്നു. അന്വേഷിക്കാന്‍ വരുന്ന പോലീസ് ടീമിന്റെ ഭാഗമായ ഒരു പോലീസുദ്യോഗസ്ഥന്‍ മരിച്ചത് രമ്യയാണോയെന്ന് സഹപാഠിയും സഹപ്രവര്‍ത്തകനുമായ വാസുദേവനോട്‍ (ആദി) തിരിച്ചറിയാന്‍ ആവശ്യപ്പെടുന്നു. വാസുവും രമ്യയും തമ്മിലുണ്ടായ കോളേജ്‌കാല‌പ്രണയവും രമ്യയുടെ മരണം സംബന്ധിച്ച പോലീസന്വേഷണവും ഇടകലര്‍ന്ന് നാം കാണുന്നു.
ആത്മഹത്യയെന്ന അനുമാനത്തില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച കേസ് വാസുവിന്റെ താല്പര്യപ്രകാരം തുടര്‍ന്ന് അന്വേഷിക്കാന്‍ തീരുമാനിക്കുക്കവേ അപ്പാര്‍ട്ട്മെന്റില്‍ കൂടുതല്‍ മരണങ്ങളുണ്ടാകുന്നു. മരണങ്ങളിലെല്ലാം ജലത്തിന്റെ ഒരു പ്രത്യക്ഷസാന്നിധ്യം വാസു അനുഭവിക്കുന്നു - കൂടെ രമ്യയുടെ അപ്രത്യക്ഷസാന്നിധ്യവും. വാസുവിന്റെ അന്വേഷണത്തിലെ യുക്തിയും അയുക്തിയും ഭീതിയും കലര്‍ന്ന ദിനങ്ങളാണ് തുടര്‍ന്ന് ഈറം കൈകാര്യം ചെയ്യുന്നത്.


അഭിനയം, സാങ്കേതികം:
മൃഗം എന്ന സിനിമയിലൂടെ നമുക്ക് പരിചിതനായ ആദിയുടെ ഒരു പുതിയ ഭാ‍വം വാസുവില്‍ നമുക്ക് കാണാം. രമ്യയുടെ കാമുകനായും പോലീസ് ഓഫീസറായും തൃപ്തികരമായ പ്രകടനമാണ് ആദിയുടേതെങ്കിലും പ്രേക്ഷകമനസ്സില്‍ ഒരടയാളമുണ്ടാക്കുന്ന ഒന്നും തന്നെ ആദിയുടെ സംഭാവനായായിട്ടില്ല. കാഴ്ചയിലും ഭാവത്തിലും സിന്ധു മേനോന്റെ രമ്യയെ നമുക്കിഷ്ടമാവും. ആ കഥാപാത്രത്തിന് വേണ്ട ഭംഗിയും നിഷ്ക്കളങ്കതയും അഭിനയ പാടവവും സിന്ധുവിനുണ്ട്. വാസുവുമായ് പിണങ്ങുന്ന രംഗത്തില്‍ അഭിനയം കുറച്ചമിതമായ് തോന്നിയെങ്കിലും ആകെത്തുക നോക്കുമ്പോള്‍ സിന്ധു മേനോന്‌ അഭിമാനിക്കാവുന്ന ഒന്നാണ് രമ്യയായുള്ള വേഷപകര്‍ച്ച.

ബാലക്കൃഷ്ണ നന്ദനില്‍ ഭദ്രമാണ്. കഥാപാത്രത്തിന്റെ ഭാവപകര്‍ച്ചകള്‍ ആക്ഷേപമില്ലാതെ അവതരിപ്പിക്കുന്നതില്‍ നന്ദ വിജയിച്ചു എന്ന് തന്നെ പറയാം. രമ്യയുടെ അനിയത്തി ദിവ്യയായ് ശരണ്യ മോഹന്‍ നന്നായിരിക്കുന്നു. മുഖത്തെ സ്ഥായിയായ നിഷ്കളങ്കഭാവം പാത്രത്തിന് അനുയോജ്യമാണ്.

ബാലക്കൃഷ്ണയുടെ സുഹൃത്ത് വിക്കിയായ് വരുന്ന ശ്രീനാഥും മറ്റു ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരും കൃത്യമായ അഭിനയം കാഴ്കവെച്ചിട്ടുണ്ട്.

വിവേകയുടെ വരികളും തമന്‍ നല്‍കിയ സംഗീതവും സൃഷ്ടിച്ച ഗാനങ്ങള്‍ സിനിമയുടെ മൂഡിന് ചേര്‍ന്നതെങ്കിലും കാഴ്കക്കപ്പുറം സഞ്ചരിക്കുന്നില്ല. തരക്കേടില്ലാത്ത ഒരു കഥയും പരിമിതികളുള്ള ഒരു തിരക്കഥയും തെറ്റില്ലാത്ത അഭിനയവുമാ‍യ് നമുക്ക് മുന്നിലെത്തിയ ‘ഈറം’ ഒരനുഭവമായ് മാറുന്നത് ആവശ്യത്തിന് മാത്രമുള്ള - ഉന്നതനിലവാരം പുലര്‍ത്തുന്ന- ഗ്രാഫിക്സും മനോജ് പരമഹംസയുടെ ചായാഗ്രഹണവും കിഷോറിന്റെ ചിത്രസംയോജനവുമാണ്. ജലത്തിന്റെ സാമീപ്യം - കുളിരുള്ള തണുപ്പുള്ള ചൂടുള്ള ഒപ്പം പേടി തോന്നിപ്പിക്കുന്ന ജലത്തിന്റെ സാമീപ്യം സിനിമയിലുടനീളം അനിഭവിപ്പിക്കാന്‍ ഇവര്‍ക്കായി. അവസാനത്തെ 20-25 മിനിറ്റുകളില്‍ തിരക്കഥരചനാവേളയിലും എഡിറ്റിംഗ് ടേബിളിലും സംവിധായകന്‍ ഇത്തിരി കൂടി സമയം ചിലവഴിച്ചിരുന്നെങ്കില്‍ ഈറം ഇതിലുമേറെ മെച്ചപ്പെട്ട ഒരനുഭവമായ് മാറിയേനെ. സ്തോഭജനകമായ രംഗങ്ങളോ കമ്പനമുണ്ടാക്കുന്ന ഹൊറര്‍ ദൃശ്യങ്ങളോ അവിചാരിതമായ സസ്പെന്‍സോ ഇല്ലെങ്കിലും വെള്ളസാരിയുടുത്ത ദ്രംഷ്ട്രകളുള്ള ചോര പുരണ്ട പ്രേതകഥകളില്‍ നിന്ന് മാറി ചിന്തിക്കുന്ന, സിനിമ കാഴ്ചയാണെന്ന പ്രഖ്യാപനം നടത്തുന്ന ഈറം പോലുള്ള സിനിമകള്‍ പ്രോത്സാഹനാര്‍ഹമാണ്.


+ ‍സാങ്കേതികവിഭാഗം (അത്യാവശ്യത്തിന് മാത്രമുള്ള ഗ്രാഫിക്സ്, കഥയുടെ പരിസരം മനസ്സിലാക്കിയ ഛായാഗ്രഹണം, കണിശമായ ചിത്രസംയോജനം)

- പ്രവചനീയമായ കഥാഗതി
- വലിച്ച് നീട്ടിയ ക്ലൈമാക്സ്

`-`-`-`-`-`-`-`-`-`-`-`-`-`-
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-

Thursday, April 30, 2009

ഭാഗ്യദേവത : 90-കളുടെ നിഴല്‍ക്കാഴ്ച! [Bhagyadevatha]

അതു വരെ കാണാത്തൊരു രീതിയില്‍ സുകുമാരനെ അവതരിപ്പിച്ച കുറുക്കന്റെ കല്യാണം എന്ന ഹാസ്യപ്രധാനചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്ന സത്യന്‍ അന്തിക്കാട് നമുക്ക് പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് - നമ്മെ ബുദ്ധിപരമായ് ചിരിപ്പിക്കാന്‍ പഠിപ്പിച്ച ഒരാള്‍. 1982-ല്‍ പുറത്തിറങ്ങിയ ആദ്യചിത്രം മുതല്‍ 2005-ലെ അച്ചുവിന്റെ അമ്മ വരെ മറ്റുള്ളവരുടെ തിരക്കഥാവലംബമായ ചിത്രങ്ങള്‍ മാത്രമൊരുക്കിയ സത്യന്‍ അന്തിക്കാട് ‘രസതന്ത്ര’ത്തിലൂടെ തിരക്കഥാക്കൃത്ത് കൂടിയായി. പിന്നീട് ‘വിനോദയാത്ര‘യിലൂടെ കേരള‌സംസ്ഥാന‌അവാര്‍ഡ് കരസ്ഥമാക്കുകയും ‘ഇന്നത്തെ ചിന്താവിഷയം’ കൂടി തിരക്കഥാലിസ്റ്റില്‍ ചേര്‍ത്തുകയും ചെയ്തു. എങ്കിലും അദ്ദേഹം നല്ലൊരു തിരക്കഥാക്കൃത്താണെന്ന അഭിപ്രായം അധികം പേര്‍ക്കുണ്ടാവുമെന്ന് തോന്നുന്നില്ല. മറിച്ച് തിരക്കഥയുടെ ഭാരം കൂടെ ചുമലിലേറ്റിയതോടെ സത്യന്‍ പടങ്ങള്‍ മോശമായി എന്ന അഭിപ്രായമാണ് വ്യക്തിപരമായ് എനിക്കുള്ളത്. അതിനാല്‍ തന്നെ സത്യന്‍ അന്തിക്കാട് ‘ഭാഗ്യദേവത’ എന്ന പുതിയ സിനിമ ഒരുക്കുന്നു എന്ന വാര്‍ത്ത എന്നിലെ സിനിമാപ്രേമിയെ തെല്ലും ഉത്തേജിതനാക്കിയില്ല [രസതന്ത്രത്തിന് ശേഷം വന്ന രണ്ട് സിനിമകളും കാണാന്‍ ഇതു വരെ ഞാന്‍ മുതിര്‍ന്നിട്ടില്ല]. കുട്ടനാടിന്റെ പശ്ചാത്തലം എന്ന ഒരൊറ്റ ഘടകമാണ് എന്നെ ഈ സിനിമ കാണാന്‍ പ്രേരിപ്പിച്ചത്. കലാസംഘത്തിന്റെ ബാനറില്‍ എന്‍.എന്‍. ഹംസ നിര്‍മിച്ച് (2008-ല്‍ പുറത്തിറങ്ങിയ ‘What Happens in Vegas‘ എന്ന അമേരിക്കന്‍‌സിനിമയുമായ് വിദൂര‌ച്ഛായയുള്ള) രാജേഷ് ജയരാമന്റെ കഥയ്ക്ക് തിരക്കഥാഭാഷ്യം ചമച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഭാഗ്യദേവത’ തരക്കേടില്ലാത്ത ഒരു സിനിമയാണ് - അത് പുറത്തിറങ്ങിയത് ഇന്നായത് കൊണ്ട് മാത്രം. 90-കളിലെ മലയാളസിനിമയുടെ നിഴലടിക്കുന്ന ഈ ചിത്രം ഒരു പത്ത്-പതിനഞ്ച് കൊല്ലം മുന്‍പാണ് റിലീസായിരുന്നതെങ്കില്‍ പ്രേക്ഷകന്‍ പുറംകാലുകൊണ്ടടിച്ച് പുറത്താക്കിയേനെ - ഈ നൂറ്റാണ്ടിലെ മലയാളസിനിമ വര്‍ഷാവര്‍ഷം പടച്ച് വിടുന്ന ചവറുകള്‍ക്ക് നന്ദി!

കഥാസംഗ്രഹം:
കുട്ടനാടിലെ ഒരു കേബിള്‍ ഓപ്പറേറ്ററാണ് ബെന്നി (ജയറാം). അമ്മ (കെ.പി.എസ്.സി. ലളിത), വല്യമ്മച്ചി(ഈ നടിയുടെ പേര് രുക്മിണിയമ്മ എന്നാണെന്ന് തോന്നുന്നു), പെങ്ങള്‍ (ലക്ഷിപ്രിയ)
എന്നിവരൊരുമിച്ച് കഴിയുന്ന ബെന്നിയുടെ ഒരേയൊരു ലക്ഷ്യം പണക്കാരനാവുക എന്നതാണ്. സ്കൂള്‍ പടിയില്‍ കടല വിറ്റു നടന്നിരുന്ന ജോണേട്ടനെ (അവതരിപ്പിച്ച നടന്റെ പേരറിയില്ല) പോലുള്ളവര്‍ അവന്റെ മനസ്സിലെ റോള്‍ മോഡലുകളായുണ്ട്. ബെന്നിയുടെ അപ്പച്ചന്റെ ശിഷ്യനായ കുട്ടനാടിലെ പ്രമുഖഗൈഡ് പിള്ളേച്ചന്‍ (നെടുമുടി വേണു) പണമുണ്ടാകാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് അവനുമായി ചര്‍ച്ച ചെയ്യുന്നു. അവസാനം ഒരു ഫിഷിംഗ്‌ബോട്ട് വാങ്ങാന്‍ അവര്‍ തീരുമാനിച്ച് തങ്കുവാശാന്‍ (ചേമ്പില്‍ അശോകന്‍) 25000ക. അഡ്വാന്‍സും കൊടുക്കുന്നു. ബാക്കി പണം ഉണ്ടാക്കാന്‍ വേണ്ടി ഒരു കല്യാണം കഴിക്കാന്‍ ബെന്നി തീരുമാനിക്കുന്നു. അക്കരെയുള്ള ഡെയ്‌സിയെ (കനിഹ) പെണ്ണുകണ്ട് അപ്പന്‍ ആന്റപ്പനുമായ് (വേണു നാഗവള്ളി) 5ലക്ഷം രൂപയ്ക്ക് ‘കല്യാണമുറപ്പിക്കുന്നു‘. സൊസൈറ്റി ലോണ്‍ മനസ്സില്‍ കണ്ട് വാക്ക് കൊടുത്ത അപ്പന് കല്യാണം കഴിയും വരെ കാശ് ശരിയാക്കാന്‍ കഴിയുന്നില്ല. മൂന്നു മാസം കൂടെ സമയം തരണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന ബെന്നിയുടെ നാടകനടനായ അളിയന്‍ (ഇന്നസെന്റ്) പള്ളിയിലച്ചന്റെ (പി.ശ്രീകുമാര്‍) മദ്ധ്യസ്ഥതയില്‍ സമ്മതിക്കുന്നു. പക്ഷെ ബോട്ടുകച്ചവടം മുടങ്ങുകയും അഡ്വാന്‍സ് തുക നഷ്ടപ്പെടുകയും ചെയ്ത സങ്കടത്താലും ദേഷ്യത്താലും ബെന്നി ഡെയ്‌സിയോട് കാശ് കിട്ടുന്നത് വരെ ‘നീ എന്റെ ഭാര്യയല്ല’ എന്ന് പറയുന്നു. മൂന്ന് മാസം കഴിഞ്ഞും കാശ് കിട്ടാഞ്ഞപ്പോള്‍ ബെന്നി ഡെയ്‌സിയെ വീട്ടില്‍ കൊണ്ടാക്കുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന ഭാഗ്യങ്ങളും നിര്‍ഭാഗ്യങ്ങളുമാണ് ഭാഗ്യദേവതയിലൂടെ നാം കാണുന്നത്.

അഭിനയം, സാങ്കേതികം:
ബെന്നി ജയറാമിന് ഒരു വെല്ലുവിളിയേ അല്ല. വര്‍ഷങ്ങളായി ചെയ്തു പോരുന്ന വേഷങ്ങളുടെ പുനരാവര്‍ത്തനം മാത്രമേ ഈ കഥാപാത്രത്തിനായി ജയറാമിന്റെ സംഭാവനയായുള്ളൂ. മിക്ക രംഗങ്ങളിലും, പ്രത്യേകിച്ചും രണ്ടാം പകുതിയില്‍, ‘ഈ രംഗമെന്തിനാ ജയറാം ഇങ്ങനെ അഭിനയിക്കുന്നത്‘ എന്ന് തോന്നി പോവും.അതിവേഗം മാറികൊണ്ടിരിക്കുന്ന ചിന്താഗതിയുള്ള മനുഷ്യനാണ് ബെന്നി എന്ന് പ്രേക്ഷകന് തോന്നുന്നുന്നില്ല. അസ്വാഭാവികതലങ്ങളിലേക്ക് പോവാതെ ബെന്നിയെ ജയറാം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബെന്നി നമ്മുടെ മനസ്സിനെ സ്പര്‍ശിക്കുകയോ വികാരഭരിതനാക്കുകയോ ചെയ്യുന്നില്ല. ഈ പഴിയുടെ ഒരു പങ്ക് സത്യനും അവകാശപ്പെട്ടതാണ്.

കനിഹയെ മലയാളത്തില്‍ നാമാദ്യം കാണുകയാണ്. പക്ഷെ കനിഹ ഡെയ്‌സിയാകുമ്പോള്‍ നമുക്ക് തികച്ചും പരിചിതയാകുന്നു. നായകന്റെ വശത്ത് നിന്ന് കഥ പറയുന്ന സിനിമയില്‍ ഡെയ്‌സി അത്യന്തം അഭിനയസാദ്ധ്യതകളുള്ള ഒരു കഥാപാത്രമൊന്നുമല്ല.. എങ്കിലും കുറച്ച് നാളത്തേക്കെങ്കിലും ഓര്‍ത്ത് വെക്കാവുന്ന രീതിയില്‍ ഡെ‌യ്‌സിയാവാന്‍ കനിഹയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഡെയ്‌സിയുടെ അപ്പനായ് വരുന്ന വേണു നാഗവള്ളി സിനിമയുടെ സര്‍പ്രൈസ് എലെമെന്റാണ്. വാക്കുപാലിക്കാനാവാത്ത അഭിമാനിയായ ഒരു പിതാവിന്റെ വേഷം നന്നായി അവതരിപ്പിച്ചിട്ടുണ്ട് ഈ പഴയകാലനിരാശാകാമുകവ്യഖ്യാതാവ്! സിനിമയിലെ രസകരമായ രംഗങ്ങളില്‍ ചിലത് ബെന്നിയുടെ അമ്മയും വല്യമ്മച്ചിയും ചേര്‍ന്നുള്ളവയാണ്. കുറേ കാലത്തിന് ശേഷം ഇത്തിരി അഭിനയിക്കാനുള്ള വേഷത്തില്‍ കെ.പി.എസ്.സി. ലളിതയെ കാണാനായതില്‍ സന്തോഷം. നെടുമുടി വേണുവിന്റെ ഗൈഡും നന്നായിട്ടുണ്ട്.

ബെന്നിയുടെ നാടകനടനായ അളിയന്‍ (ഇന്നസെന്റ്) , ഭക്ഷണപ്രിയനായ പള്ളിയിലച്ചന്‍(പി.ശ്രീകുമാര്‍), ബെന്നിയുടെ അസിസ്റ്റന്റ് (വെട്ടുകിളി പ്രകാശ്), ഡെയ്‌സിയുടെ അമ്മ (വനിത), സഹോദരന്‍, ഡെയ്‌സിയുടെ അപ്പന്റെ സുഹൃത്തിന്റെ മകനും ബാങ്കുദ്യോഗസ്ഥനുമായ സാജന്‍ (നരേന്‍), തോണിക്കാരന്‍ (മാമ്മുക്കോയ), ഭാര്യ (ശാന്തകുമാരി) തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങളും ഭാഗ്യദേവതയിലുണ്ട്. അവരെല്ലാം സ്വന്തം വേഷങ്ങള്‍ നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്.

വേണുവിന്റെ ഛായാഗ്രഹണവും കെ.രാജഗോപാലിന്റെ ചിത്രസംയോജനവും ജോസഫ് നെല്ലിക്കലിന്റെ കലയും സിനിമയുടെ നല്ല വശങ്ങളാണ്. ഇളയരാജ-വയലാര്‍ ശരത്ചന്ദ്രവര്‍മ്മടീമിന്റെ ഗാനങ്ങള്‍ സിനിമയോണിണങ്ങി നില്‍ക്കുന്നു. കെ.എസ്.ചിത്രയും രാഹുല്‍ നമ്പ്യാരും ചേര്‍ന്ന് പാടിയ “സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ” കൂട്ടത്തില്‍ മികച്ചതാണ്. രാഹുലിന്റെ ശബ്ദത്തിന് പഴയകാല സിനിമാ-നാടക ഗാനങ്ങളുടെ ഒരു ഗൃഹാതുരത്വമുണ്ട്. കാര്‍ത്തിക് പാടിയ “തിര തല്ലി പോയാലും” രസകരമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ സിനിമയില്‍ കുത്തിതിരുകിയ വിജയ് യേശുദാസ്, ശ്വേത എന്നിവര്‍ ചേര്‍ന്നാലപിച്ച “അല്ലിപൂവേ മല്ലിപൂവേ“ ഗാനമെന്ന നിലയില്‍ തരക്കേടില്ലെങ്കിലും സിനിമയില്‍ തികച്ചും അനാവശ്യവും അനവസരോചിതവുമാണ്.

പേര് ധ്വനിപ്പിക്കുന്നത് സ്ത്രീപ്രാധാന്യമുള്ള സിനിമയെന്നാണെങ്കിലും തിരക്കഥാക്കൃത്ത് കൂടിയായ സംവിധായകന്‍ കഥ പറയുന്നത് ബെന്നിയിലൂടെയാണ്. അതില്‍ പന്തികേടെതുമില്ല താനും. കാരണം ഈ സിനിമയില്‍ ഇത്തിരി പുതുമ അവകാശപ്പെടാവുന്ന പാത്രസൃഷ്ടി ബെന്നി എന്ന മിഥ്യാഭിമാനമുള്ള സാധാരണക്കാരന്റേതാണ്. ഭാര്യയെ തന്റെ അടിമയാക്കി വെക്കണമെന്ന ആഗ്രഹമൊന്നുമില്ലെങ്കിലും അവളുടെ സമ്പത്‌ഭാഗ്യം തനിക്കും കൂടി വേണം എന്ന് തികഞ്ഞ ബോധമുള്ളവനാണ് അയാള്‍. അത് പുറത്ത് പറയാനും പ്രകടിപ്പിക്കാനും അയാള്‍ക്ക് മടിയേതുമില്ല. അതിനാല്‍ തന്നെ സ്ഥിരം നായകശൈലിയിലുള്ള നായകനേ അല്ല ബെന്നി. സ്വാഭാവികമായും ഇത്തരമൊരു കഥാപാത്രത്തിന് ഇത്തിരി കൂടി സീരിയസ്സായ ഒരു ട്രീറ്റ്മെന്റും മാനറിസങ്ങളും കൊടുക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. രണ്ടാം പകുതിയില്‍ പൊട്ടിപോയ പട്ടം പോലെ കഥാഗതി കറങ്ങി തിരിയുന്നതും ബെന്നിയുടെ ഭാവപകര്‍ച്ചകളുടെ സ്ഥിരതയില്ലായ്മയും സിനിമയുടെ മുഖ്യപോരായ്മകളാണ്. മറുഭാഗത്ത് കഥാപാത്രത്തിന് മറ്റൊരു മാനം നല്‍കാമായിരുന്ന ചെറുത്തുനില്‍പ്പോ സ്വയം തീരുമാനമെടുക്കാനുള്ള തന്റേടമോ ഡെയ്‌സി ആര്‍ജ്ജിക്കുന്നില്ല, അതിനായ് ശ്രമിക്കുന്നുമില്ല. സിനിമയുടെ പകുതി മുതല്‍ കുറേ നേരത്തേക്ക് എല്ലാവരുടേയും നാവിലുണ്ടെങ്കിലും ചെയ്യാന്‍ ഡെയ്‌സിക്കായ് ഒന്നും സംവിധായകന്‍ കരുതിയിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. പുരുഷന്റെ ആഗ്രഹത്തിനനുസരിച്ച് ദാമ്പത്യ-ലൈംഗികബന്ധം നിര്‍വച്ചിക്കേണ്ടി വരുന്ന മലയാളസിനിമാനായികമാരുടെ കഴുത്തിനു ചുറ്റുമുള്ള “പ്രണയത്തിന്റെ നീലക്കുയില്‍ക്കുരുക്ക്“ മറ്റൊരു രീതിയില്‍ ഇവിടെ ഡെയ്‌സിയുടെ ചുറ്റുമുണ്ട്. എന്നിരുന്നാലും സമൂഹത്തില്‍ സ്വയം പര്യാപ്തത നേടിയതിന് ശേഷവും നായകന്റെ കാല്‍ച്ചുവട്ടിലിരുന്ന് കരയാനുള്ള നിയോഗം അടിച്ചേല്‍പ്പിക്കപ്പെട്ട (താങ്കളുടെ പ്രിയസുഹൃത്തിന്റെ) ശ്യാമളയുടെ വിധി ഡേയ്‌സിയിലേക്ക് പകരാന്‍ താങ്കള്‍ ശ്രമിച്ചില്ല എന്നത് അഭിനന്ദനാര്‍ഹമാണ്.

ഈ രണ്ടു കഥാപാത്രങ്ങളുടെ ബന്ധത്തിനിനിടയിലുണ്ടാകുന്ന പിരിമുറുക്കങ്ങള്‍ പ്രേക്ഷകനില്‍ ആകാംക്ഷയായ് മാറ്റുന്ന രീതിയിലുള്ള ഒരു തിരനാടകം രചിക്കാന്‍ സത്യന്‍ അന്തിക്കാടിനായിട്ടില്ല. ലോഹിതദാസ് രചിച്ച സത്യന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍‘ ഓര്‍ക്കുക. പഴയ ഒരു സാരോപദേശകഥയുടെ മട്ടില്‍, പറഞ്ഞ് പഴകിയ ഒരു പ്രണയകഥ പറയാന്‍ ലോഹിതദാസ് ധൈര്യം കാണിച്ചത് മുഴുവനായും തന്റെ കഥാപാത്രങ്ങളെ താന്‍ മനസ്സിലാക്കിയിട്ടുണ്ട് എന്ന ധൈര്യത്തിലും അത് സരസമായ് പറയാന്‍ തനിക്ക് കഴിയുമെന്ന വിശ്വാസത്തിലുമാണ്. അതില്‍ ലോഹി വിജയിച്ചത് കൊണ്ടാണ് തിലകന്റെ തോമായും ജയറാമിന്റെ റോയിച്ചനും സംയുക്തയുടെ ഭാവനയും ഇന്നും നമ്മുടെ ഓര്‍മ്മയിലുള്ളത്. ഇവിടെ ഭാഗ്യദേവതയുടെ നിര്‍ഭാഗ്യവും അതാണ് - വിശ്വാസവും കഴിവുമുള്ള ഒരു തിരക്കഥാക്കൃത്ത്!

+ ഗ്രാമീണത, ഗ്രാമീണകഥാപാത്രങ്ങള്‍
+ വേണു നാ‍ഗവള്ളി, കെ.പി.എ.സി ലളിത, മാമ്മുക്കോയ, നെടുമുടി വേണു .......


x പ്രവചനീയമായ കഥാഗതി

x സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ മുഖമുദ്രയായ ഹാസ്യത്തിന്റെ അഭാവം

വാല്‍ക്കഷ്ണം: ഇന്നസെന്റ്, മമ്മുക്കോയ, ലളിത തുടങ്ങിയ സ്ഥിരം സത്യന്‍ അന്തിക്കാട് മുഖങ്ങള്‍ക്കിടയില്‍ നാം അറിയാതെ പപ്പു, ഒടുവില്‍, ഫിലോമിന, ശങ്കരാടി തുടങ്ങിയ ഗ്രാമീണമുഖങ്ങള്‍ തിരഞ്ഞ് പോകും. ആ സുഖവും നൊമ്പരവും ഈ സിനിമയ്ക്കുണ്ട്.

*---------------------------------------------*----------------------------------------*

Wednesday, April 8, 2009

അയന്‍: മടുപ്പിക്കാത്ത ആക്ഷന്‍

‘കനാ കണ്ടേന്‍‘ എന്ന തന്റെ ആദ്യസംവിധാനസംരംഭത്തിനു ശേഷം കെ.വി ആനന്ദും ‘വാരണം ആയിരം‘ എന്ന ഗൌതം മേനോന്‍ ചിത്രത്തിനു ശേഷം സൂര്യയും ഒത്ത് ചേര്‍ന്ന ചിത്രമാണ് അയന്‍. [അയന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ‘സൃഷ്ടാവ്’ ‘അപരാജിതന്‍’ എന്നൊക്കെയാണെന്ന് ചില വെബ് സൈറ്റുകള്‍ സൂചിപ്പിക്കുന്നു]. എ.വി.എം., സണ്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എം. ശരവണന്‍, എം.എസ്.ഗുണ, അരുണ, അപര്‍ണ്ണ എന്നിവരാണ്. അന്താരാഷ്ട്ര വ്യാജ സി.ഡി-സ്വര്‍ണ്ണബിസ്കറ്റ്-മയക്കുമരുന്ന് ശൃംഗലയിലെ കണ്ണികളായ ഇടത്തരക്കാരുടെ കഥ പറയുന്ന ഈ ചിത്രം വലിയ പാളിച്ചകളില്ലാത്ത ഒരു എന്റര്‍ടെയിനറാണ്.


കഥാസംഗ്രഹം:
ഇന്റര്‍നാഷനല്‍ ലെവലില്‍ ചെറുകിട‌കള്ളക്കടത്ത് നടത്തുന്ന അറുമുഖ ദാസ് എന്ന ദാസണ്ണയുടെ
(പ്രഭു) വലംകയ്യാണ് ദേവ (സൂര്യ). സൂര്യയുടെ അച്ഛനും ദാസും ചേര്‍ന്ന് തുടങ്ങിയ കൈ-കാല്‍ വെട്ട് ബിസിനസ്സ് നിര്‍ത്തിവ്യാജ സി.ഡി-സ്വര്‍ണ്ണ-വജ്ര വ്യാപാരമേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ദില്ലി (കരുണാസ്) കൂടി ഉള്‍പെട്ട ഇവരുടെ ടീം ചെയ്യുന്നത്. ദേവയുടെ അമ്മ കാവേരിയുടെ (രേണുക) ആഗ്രഹം മകന്‍ ഒരു സര്‍ക്കാറുദ്യോസ്ഥനാവണം എന്നാണ്. പക്ഷെ ദാസണ്ണനെ വിട്ട് പോകാന്‍ അഭ്യസ്തവിദ്യനായ ദേവയ്ക്കാവുന്നില്ല. ബിസിനസ്സില്‍ ഇവരുടെ ഏകശത്രു സേട്ടുപുത്രന്‍ കമലേഷാണ് (ആകാഷ്‌ദീപ് സൈഗള്‍). ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ റിബല്‍ നേതാവ് മോന്‍ബോയുമായുള്ള ദാസിന്റെ ഡയമണ്ട് ബിസിനസ്സും വിദേശകപ്പലുകള്‍ വഴി വന്നു ചേരുന്ന സ്വര്‍ണ്ണവുമെല്ലാം കമലേഷിന്റെ മോഹങ്ങളാണ്. പുതിയ സൂപ്പര്‍സ്റ്റാര്‍ ചിത്രമായ ‘ആണ്ടവന്‍ ആരംഭ’ത്തിന്റെ വ്യാജ സി.ഡിയുമായ് മലേഷ്യയില്‍ നിന്ന് ദേവ വരുന്നതോട് കൂടിയാണ് അയന്‍ ആരംഭിക്കുന്നത്. അതേ സിനിമയുടെ സി.ഡി കടത്താന്‍ ശ്രമിച്ച് കമലേഷിന്റെ ആളുകളെ കസ്റ്റംസ് ഓഫീസര്‍ പാര്‍ത്ഥിപന്‍ (പൊന്‍‌വണ്ണന്‍) പിടിക്കുന്നു. കമലേഷിന്റെ ഇന്‍ഫോര്‍മേഷന്‍ അനുസരിച്ച് ദാസിന്റെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പോലീസ് എത്തുന്നുവെങ്കിലും സി.ഡികള്‍ അവിടെയുപേക്ഷിച്ച് ദേവയും കൂട്ടരും രക്ഷപ്പെടുന്നു. രേഖയ്ക്കായ് ആരെയെങ്കിലുമൊരാളെ അറസ്റ്റ് ചെയ്യണമെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ പറയുമ്പോള്‍ തൊഴില്‍രഹിതനായ ചിത്തി ബാബു (ജഗന്‍) സ്വയം ആ ദൌത്യം ഏറ്റെടുക്കുന്നു. ദേവയും ചിത്തിയും സുഹൃത്തുക്കളാകുന്നു. “ഒരു നോക്ക് രണ്ട് വാക്ക്, പിന്നെ പ്രേമം’ എന്ന മട്ടില്‍ ചിത്തിയുടെ സഹോദരി യമുനയും (തമന്നഭാട്ടിയ) ദേവയും തമ്മിലടുക്കുന്നു. ദാസിന്റെ ടീം തകര്‍ക്കാനുള്ള കമലേഷിന്റെ ശ്രമങ്ങളും അജയ്യനായി നില്‍കാനുള്ള ദേവയുടെ ശ്രമങ്ങളുമാണ് പിന്നീട് അയന്‍ കാണിക്കുന്നത്.

അഭിനയം, സാങ്കേതികം:
പോസ്റ്ററുകളിലും മറ്റും പറഞ്ഞിരിക്കുന്ന പോലെ അയന്‍ ഒരു സൂര്യചിത്രമാണ്. വിദ്യാഭ്യാസമുള്ള സ്റ്റണ്ടും ഡാന്‍സും പാട്ടും പ്രണയവും എല്ലാമറിയുന്ന കൂര്‍മ്മബുദ്ധിയുള്ള സ്റ്റീരിയോ‌ടൈപ്പ് നായകനായ ദേവയെ അഭിനയിച്ച് ഫലിപ്പിക്കാന്‍ സൂര്യ ഏറെയൊന്നും ശ്രമപ്പെട്ടിട്ടുണ്ടാവില്ല. ഗജിനിക്ക് ശേഷം സൂര്യക്ക് ലഭിക്കുന്ന നല്ലൊരു വാണിജ്യവിജയമായിരിക്കും അയന്‍.

കല്ലൂരിക്കും പഠിക്കാത്തവനും ശേഷം തമന്നക്ക് കിട്ടിയ ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് യമുന. കച്ചവടസിനിമയുടെ സ്ഥിരം ചട്ടകൂടിലൊതുങ്ങുന്ന ഈ നായികാവേഷത്തെ ഗ്ലാമറിന്റെ അതിപ്രസരം നല്‍കാതെ രക്ഷപ്പെടുത്തിയിട്ടുണ്ട് തമന്നയും സംവിധായകനും. സൂര്യയുമൊരുമിച്ചുള്ള പ്രണയരംഗങ്ങളില്‍ തരക്കേടില്ലെങ്കിലും ഇത്തിരി അഭിനയം ആവശ്യപ്പെടുന്ന രംഗങ്ങളില്‍ തമന്ന നന്നേ പാടു പെടുന്നതായ് കാണാം.

അയനില്‍ ഏറ്റവും നന്നായി അനുഭവേദ്യമായ് അഭിനയിച്ചിരിക്കുന്നത് ചിത്തിയായ് വരുന്ന ജഗനും ദാസണ്ണയായ് മാറിയ പ്രഭുവുമാണ്. മലേഷ്യയിലേക്ക് മയക്കുമരുന്ന്കടത്തുന്ന രീതിയും ചിത്തിക്കുണ്ടാവുന്ന ദുരന്തവുമെല്ലാം പ്രേക്ഷകനോടൊപ്പം തിയേറ്ററിന് വെളിയിലേക്ക് വരുമെന്നതുറപ്പാണ്. രേണുകയും പൊന്‍‌വണ്ണനും [ഫ്ലാഷ് എന്ന സിനിമയിലൂടെ മലയാളത്തില്‍ നാം ഇദ്ദേഹത്തെ മുന്‍പ് കണ്ടിട്ടുണ്ട്], കരുണാസുമെല്ലാം കഥാപാത്രങ്ങളായിരിക്കുന്നു.

അയനിലെ ഏറ്റവും ദുര്‍ബലകണ്ണി കമലേഷായി വരുന്ന ആകാഷ്‌ദീപ് സൈഗളാണ്. സാസ്-ബഹു പരമ്പരകളിലൂടെ പരിചിതനായ ആകാഷ് സീരിയല്‍ അഭിനയം തന്നെ വെള്ളിത്തിരയിലും കാഴ്ച വെച്ചിരിക്കുന്നു. “ഹീറോ, എന്നെ പെട്ടന്ന് ഇടിച്ചോ” എന്ന് വിളിച്ച് പറയുന്ന രീതിയില്‍ പഴയകാല-പ്രതിനായകഥാപാത്രങ്ങളുടെ ഭാവഹാവാദികളുമായ് (കണ്ണുരുട്ടല്‍, തലയും മുടിയും കുലുക്കല്‍, അത്യുച്ചത്തില്‍ സംസാരിക്കല്‍, എന്തിനും എതിര്‍ക്കല്‍) സ്ക്രീന്‍ നിറഞ്ഞ് നില്‍കുന്ന ആകാഷ് അഭിനയമെന്തെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു.

മാഫിയശൃംഖലയിലെ ജീവിതങ്ങള്‍ പകര്‍ത്തുന്ന കഥ മെനഞ്ഞ ശുഭ പ്രവചനീയമായ ഒരു അവസാനം സിനിമയ്ക്ക് നല്‍കരുതായിരുന്നു. ദേവയുടെ പ്രതികാരവും കമലേഷിന്റെ പതനവുമെല്ലാം എത്രയോ വര്‍ഷങ്ങളായി നാം കാണുന്നതാണ്. രണ്ടാം പകുതിയില്‍ വരുന്ന പ്രണയവും പകയും വേര്‍പാടും വളവുകളും തിരിവുകളുമെല്ലാം (ട്വിസ്റ്റ് & ടേര്‍‌ണ്‍) പരിചിതമായ് തോന്നുമെങ്കിലും തിരക്കഥയുടെ വേഗത നിലനിര്‍ത്തി കൊണ്ട് അതെല്ലാം പറഞ്ഞിരിക്കുന്നതിനാല്‍ പ്രേക്ഷകന് മുഷിയില്ല. ആഭ്യന്തരയുദ്ധം പരിസരമായുള്ള കോം‌ഗോ അദ്ധ്യായത്തിലെ വജ്രകച്ചവടത്തിനായ് വരുന്ന ദേവയും റിബല്‍ നേതാവ് മോന്‍ബോയുമായുള്ള കൂടിക്കാഴ്ചയും, ഡയമണ്ടിനായുള്ള ചേസുമെല്ലാം ബ്ലഡ് ഡയമണ്ട്, കസിനോ റോയല്‍ തുടങ്ങിയ ഒട്ടനവധിവിദേശചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. സാധാരണകച്ചവടസിനിമകളില്‍ കാണാറുള്ള വേറിട്ട കോമഡി ട്രാക്കും, സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രംഗങ്ങളുമില്ലാത്ത ഒരു വിനോദസിനിമ എടുത്തതില്‍ സിനിമയുടെ തിരക്കഥാപങ്കാളി കൂടിയായ കെ.വി.ആനന്ദിന് അഭിമാനിക്കാം.

അയന്റെ ഹൈലൈറ്റ് കനല്‍ കണ്ണന്റെ സംഘട്ടനരംഗങ്ങളാണ്. അതിമാനുഷികങ്ങളെങ്കിലും വിശ്വസനീയമായ രീതിയില്‍ സംഘട്ടനങ്ങള്‍ ചിത്രീകരിക്കാന്‍ കനല്‍ കണ്ണനും ആനന്ദിനും കഴിഞ്ഞിരിക്കുന്നു. രാജീവന്റെ കലാസംവിധാനം ഫലപ്രദമാണ്. ആന്റണിയുടെ എഡിറ്റിംഗ് ടേബിളില്‍ രൂപപ്പെട്ട കോംഗൊ, ചെന്നൈ, മലേഷ്യ എന്നിടങ്ങളിലൂടെസഞ്ചരിക്കുന്ന പ്രഭുവിന്റെ ക്യാമറ പകര്‍ത്തിയ രംഗങ്ങള്‍ ആദിമദ്ധ്യാന്തം പ്രേക്ഷകനെ രസിപ്പിച്ചിരുത്താന്‍ പര്യാപ്തമാണ്.

ഹാരിസ് ജയരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് വരികളൊപ്പിച്ചത് വൈരമുത്തു, നാ.മുത്തുകുമാര്‍, പ.വിജയ് എന്നിവരാണ്. ഹാരിസിന്റെ സ്ഥിരം ഫോര്‍മാറ്റിലൊരുക്കിയിരിക്കുന്ന ഗാനങ്ങള്‍ മികച്ചതെന്ന് പറയാനാകില്ലെങ്കിലും ഒരു വട്ടം കേള്‍ക്കുമ്പോള്‍ തരക്കേടില്ല എന്ന തോന്നിപ്പിക്കുന്നവയാണ്. കോയ്‌ന മിത്രയുടെ ഐറ്റം നമ്പറിന് താളം പിടിക്കുന്ന ‘ഹണി ഹണീ...’ എന്ന് ഗാനം അസ്സഹനീയവും സിനിമയില്‍ അനവസരോചിതവുമാണ്. കാര്‍ത്തിക് പാടിയ ‘വിഴി മൂടി...’ പിന്നെയും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്നതാണ്. ഇതിന്റെ ഗാനചിത്രീകരണം ചിലയിടങ്ങളില്‍ ഗജിനിയെ ഓര്‍മ്മിപ്പിക്കുമെങ്കിലും രസകരമാണ്. ഹരീഷും മഹതിയും പാടിയ ‘നെഞ്ചേ നെഞ്ചേ’ ചിത്രീകരിച്ചിരിക്കുന്നത് ഗജിനി (ഹിന്ദി പതിപ്പ്)യിലെ ‘ഗുസാരിഷ്...’ എന്ന് ഗാനത്തിന് പരിസരമായ നമിബ് മരുഭൂമിയിലാണ്.


+ സൂര്യ, പ്രഭു, ജഗന്‍
+ ആക്ഷന്‍ രംഗങ്ങള്‍
+ വേഗതയുള്ള തിരക്കഥ

x പുതുമയില്ലാത്ത അവസാനരംഗങ്ങള്‍
x കണ്ണുരുട്ടി നടക്കുന്ന വില്ലന്‍
x അനവസരത്തില്‍ വരുന്ന ഗാനങ്ങള്‍


വാല്‍ക്കഷ്ണം:
ആക്ഷന്‍-ത്രില്ലര്‍ എന്ന ലേബലില്‍ പോലീസ് കഥകളും അധോലോകനായകവില്ലുപാട്ടുകളും പടച്ചിറക്കുന്ന മലയാളസിനിമാനായക-സംവിധായകപ്രഭുക്കന്മാര്‍ ഇംഗ്ലീഷ് സിനിമകളില്ലെങ്കിലും തമിഴ്‌സിനിമകളെങ്കിലും കണ്ട് ‘ത്രില്ലര്‍’ എന്നാല്‍ എന്തെന്ന് കണ്ടു പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് അയന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

*---------------------------------------------*----------------------------------------*

Tuesday, April 7, 2009

2 ഹരിഹര്‍നഗര്‍: തെറ്റാത്ത ഉന്നം!

റിലീസിംഗ് തിയ്യതി: 3 ഏപ്രില്‍, 2009
സിനിമ കണ്ടത്: 3 ഏപ്രില്‍, 2009 @ സംഗീത്, ബാംഗ്ലൂര്‍


മലയാളസിനിമയില്‍ പരാജയത്തിന്റെ കയ്പുനീര്‍ അധികമനുഭവിച്ചില്ലാത്തവരാണ് സിദ്ദിക്കും ലാലും. മിമിക്രിവേദിയില്‍ നിന്ന് ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായ് തിളങ്ങിയ ഇവരുടെ മിക്ക സിനിമകളും, സിനിമകളിലെ കഥാപാത്ര-സന്ദര്‍ഭ-സംഭാഷണങ്ങളുംമലയാളസിനിമാപ്രേക്ഷകര്‍ക്കും മന:പാഠമാണ്. 1989ലിറങ്ങിയ റാംജിറാവു സ്പീക്കിംഗ് മുതല്‍ 1993-ലെ മാന്നാര്‍മത്തായി സ്പീക്കിംഗ് വരെ ഒരുമിച്ച സംവിധായകജോഡികള്‍ വേര്‍പിരിഞ്ഞപ്പോള്‍ പിന്നെ വന്ന സിദ്ദിക്ക് പടങ്ങള്‍ നമ്മെ അത്രക്കധികം രസിപ്പിക്കാഞ്ഞവയായിരുന്നു (അവയില്‍ മിക്കതും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിട്ടുണ്ടെങ്കിലും!). ഹിറ്റ്‌ലറിലും ഫ്രണ്ട്സിലും ക്രോണിക് ബാച്ചിലറിലും മലയാളത്തിന് കൃത്രിമമായതെന്തോ ഉണ്ടായിരുന്നു. അഭിനയവും നിര്‍മ്മാണവും വിതരണവുമായി ട്രാക്ക് മാറി നടന്ന ലാലിന്റെ അസാന്നിധ്യമാണതിന് കാരണമെന്ന് നമ്മളില്‍ ചിലരെങ്കിലും ‘വിശ്വസിച്ചു‘. അത് കൊണ്ട് തന്നെ 1990-ലെ സൂപ്പര്‍ ഹിറ്റായ ഇന്‍ ഹരിഹര്‍നഗറിന്റെ രണ്ടാം ഭാഗത്തില്‍ ലാല്‍ രചയിതാവും സംവിധായകനുമായ് തിരിച്ച് വരുന്നു എന്ന വാര്‍ത്ത പ്രേക്ഷകന് ‘പ്രതീക്ഷ‘യുളവാക്കുന്നതായിരുന്നു - പ്രത്യേകിച്ചും വൃത്തിയുള്ള തമാശചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്. നമ്മുടെ ഈ വിശ്വാസവും പ്രതീക്ഷയും കാക്കുന്നതില്‍ വലിയൊരളവു വരെ ലാല്‍ വിജയിച്ചിരിക്കുന്നു എന്ന് ‘ടു ഹരിഹര്‍ നഗര്‍’ പറയുന്നു. ഉന്നം മറന്ന് തെന്നി പറന്ന നാന്‍‌വര്‍ സംഘം രണ്ടാം വരവിലും പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ രസിപ്പിച്ച് കാശു വാരുക എന്ന ലാലിന്റെ ഉന്നം തെറ്റിയിട്ടില്ല! പക്ഷെ ‘റാംജിറാവ് സ്പീക്കിംഗ്’ തുടങ്ങിവെച്ച ‘ഒരു കൂട്ടം സുഹൃത്തുക്കള്‍, ഒരു ദിവസം ഒരു സംഭവം, തുടര്‍ന്ന് പ്രശ്നങ്ങള്‍, കൂട്ടയോട്ടം’ എന്ന മട്ടിലുള്ള പടങ്ങളുടെ ശ്രേണിയിലേക്ക് ഒന്നു കൂടി എന്നതില്‍ കവിഞ്ഞ് ഒന്നും തന്നെ പ്രേക്ഷകന് നല്‍കാന്‍ ലാലിനും ടീമിനും കഴിഞ്ഞിട്ടില്ല.

കഥാസംഗ്രഹം:
പുതിയ പതിപ്പിന്റെ ആരംഭത്തില്‍ ‘ഇന്‍ ഹരിഹര്‍നഗറില്‍‘ നിന്നും 10വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ‘ടു ഹരിഹര്‍നഗറിലെ’ മഹാദേവനും തോമസുകുട്ടിയും ഗോവിന്ദന്‍‌കുട്ടിയും അപ്പുക്കുട്ടനും നില്‍കുന്നത്. ത്രിമൂര്‍ത്തിസംഘത്തിലേക്കുള്ള തോമസ്സ്കുട്ടിയുടെ വരവോട് കൂടിതുടങ്ങുന്ന സിനിമ പിന്നെ വന്നു നില്‍കുന്നത് ഇന്നാണ് - ‘ഇന്‍ ഹരിഹര്‍നഗറില്‍’ നിന്നും 18 വര്‍ഷങ്ങള്‍ക്ക് ശേഷം. മഹാദേവനും ഗോവിന്ദന്‍‌കുട്ടിയും അപ്പുക്കുട്ടനും ഇന്ന് ഉത്തരവാദിത്തബോധമുള്ള ജോലിയും കൂലിയുള്ള കുടുംബസ്ഥരാണ്. തോമസ്സ്കുട്ടി ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കാനുള്ള ആദ്യപടിയായ് ഒരു ഇണയെ കണ്ടെത്തി ഇരിക്കുകയാണ്. അവന്റെ മനസ്സമ്മതം കൂടാന്‍ എല്ലാരും കൂടി ഹരിഹര്‍ നഗറില്‍ ഒത്ത് കൂടുന്നു. യൌവനത്തിന്റെ പഴയ തട്ടകത്തിലെത്തിയ അവര്‍ ഒരു തീരുമാനത്തിലെത്തുന്നു - തോമസ്സ്കുട്ടിയുടെ കല്യാണത്തിന് മുന്‍പുള്ള ഏതാനും ദിവസങ്ങള്‍ പഴയപോലെ ആസ്വദിക്കുക! ‘ഉന്നം മറന്ന് തെന്നി പറന്ന് ‘ നടക്കുന്ന അവരുടെ ഇടയിലേക്ക് മായ എന്ന ‘ഏകാന്തചന്ദ്രിക’(ലക്ഷ്മി റായ്) കടന്ന് വരുന്നു. അതോടെ അതീവസുന്ദരമായ ദിവസങ്ങളിലൊന്നില്‍ തോമസ്സ്കുട്ടിയെ കാണാതാവുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിതസംഭവങ്ങങ്ങളാണ് ‘2 ഹരിഹര്‍ നഗര്‍’ പറയുന്നത്.

അഭിനയം, സാങ്കേതികം:

ആദ്യപതിപ്പില്‍ നിന്നും വ്യത്യസ്തമായി ഒന്നും തന്നെ മുകേഷിനും അശോകനും സിദ്ദിക്കിനും ജഗദീശിനും ചെയ്യേണ്ടതായില്ല. അതു കൊണ്ട് തന്നെ തങ്ങളെ ഏല്പിച്ച കഥാപാത്രങ്ങള്‍ അവര്‍ തരക്കേടില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ലക്ഷ്മി റായിയുടെ മായയെ നാം അധികകാലമൊന്നും ഓര്‍ത്തിരിക്കാനിടയില്ല. സിനിമയിലെ ഏറ്റവും ബോറടിപ്പിക്കുന്ന നിമിഷങ്ങല്‍ സലീംകുമാറും
അറ്റ്ലസ് രാമചന്ദ്രനും സ്ക്രീനില്‍ പ്രത്യക്ഷമാവുന്നവയാണ്. ജനാര്‍ദ്ദനന്റെ പള്ളിയിലച്ചന്‍, കൊച്ചുപ്രേമന്റെ അപ്പച്ചന്‍, അപ്പാഹാജയുടെ പോലീസ്, രോഹിണിയുടെ മിസ്സിസ്സ് മഹാദേവന്‍, ലെനയുടെ മിസ്സിസ്സ് ഗോവിന്ദങ്കുട്ടി, റീനാ ബഷീറിന്റെ മിസ്സിസ്സ് അപ്പുക്കുട്ടന്‍, വിനീതിന്റെ ശ്യാം എന്നീ വേഷങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. വില്ലനായ് വരുന്ന സുദീപ് തോ തരക്കേടില്ല എന്ന് മാത്രം.

‘ഇന്‍ ഹരിഹര്‍ നഗര്‍‘ അടക്കം ഒരുപാട് സിനിമകളില്‍ നാം കണ്ട് മടുത്ത കഥ തന്നെയാണ് ലാല്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അതും കണ്ട് രസിച്ച അതേ കഥാപാത്രങ്ങളിലൂടെ. സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും അവതരണവും പരിചിതം. എന്നീട്ടും ഈ രണ്ടാം വരവിലും ഈ ‘ഫോര്‍‌മൂത്രികള്‍’ നമ്മെ രസിപ്പിക്കുന്നു - ദ്വയാര്‍ത്ഥപ്രയോഗങ്ങളില്ലാതെ! (ഒരുപാട് ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിക്കുന്നതെങ്കിലും) ഊഹിക്കാനാവാത്ത ക്ലൈമാക്സ് സിനിമയുടെ വ്യത്യസ്തതയാവുന്നു. രചയിതാവ് കൂടിയായ സംവിധായകന്‍ ലാലിന് അത്രയും അഭിമാനിക്കാം.

ബിച്ചു തിരുമലയും അലക്സ് പോളും ചേര്‍ന്ന് കൈകാര്യം ചെയ്ത സംഗീതമേഖല ശുഷ്കമാണ്. ‘ഉന്നം മറന്ന്’, ‘ഏകാന്തചന്ദ്രിക’ എന്നീ ഗാനങ്ങള്‍ പഴയ മട്ടില്‍ തന്നെ കേള്‍ക്കാനാവും ആരുമിഷ്ടപ്പെടുക.
സിനിമയുടെ തടസ്സമില്ലാത്ത കാഴ്ചയ്ക്ക് ഏറെ സഹായകമായ വേണുവിന്റെ ഛായാഗ്രഹണവും വി.സാജന്റെ ചിത്രസംയോജനവും മികച്ചതാണ്. പ്രശാന്തിന്റെ കലാസംവിധാനം സിനിമയുടെ മൂഡിന് ചേര്‍ന്നത് തന്നെ. മാഫിയാ ശശിയുടെ സംഘട്ടനം മുഷിപ്പിക്കുന്നില്ല. എസ്.ബി.സതീശിന്റെ വസ്ത്രാലങ്കാരവും പി.എന്‍.മണിയുടെ മേക്കപ്പും മുഖ്യകഥാപാത്രങ്ങളെ കോമാളികളായ് ചിത്രീകരിച്ചിരിക്കുന്നു. ‘കാക്ക തൂറി’ എന്ന് പറയുന്ന യുവാക്കളില്‍ നിന്നും നാല്പതുകളിലെത്തിയ കഥാപാത്രങ്ങള്‍ 60കളിലെ സിനിമകളില്‍ കാണുന്ന പോലെയുള്ള വിഗ്ഗും കൃത്രിമകൃതാവുമെല്ലാം ഫിറ്റ് ചെയ്ത് വന്നാല്‍ - അത് എന്തിന്റെ പേരിലായാലും - ദഹിക്കാനിത്തിരി ബുദ്ധിമുട്ടാണ്. സംവിധായകന്റെ ഇത്തിരി കൂടുതല്‍ ശ്രദ്ധ ഈ മേഖലയിലുണ്ടായിരുന്നെങ്കിലെന്ന് സിനിമ കണ്ട ആരും കൊതിച്ച് പോവും. സുനില്‍ ഗുരുവായൂരിന്റെ സ്റ്റില്‍‌സ് സാബൂ കൊളോണിയയുടെ ഡിസൈന്‍ എന്നിവ സിനിമ കാണാനുള്ള പ്രേക്ഷകന്റെ മോഹം ഇരട്ടിപ്പിക്കാനുതകുന്നതാണ്.


+ ദ്വയാര്‍ത്ഥസംഭാഷങ്ങളില്ലാത്ത കോമഡി
+ ഒഴുക്കുള്ള തിരക്കഥ, മുഷിപ്പിക്കാത്ത അവതരണം


x ഗാനങ്ങള്‍
x പുതുമയില്ലാത്ത കഥ, കഥാസന്ദര്‍ഭങ്ങള്‍
x സലീം കുമാര്‍, അറ്റ്ലസ് രാമചന്ദ്രന്‍

വാല്‍ക്കഷ്ണം: (താഴെ നക്ഷത്രങ്ങള്‍ക്കിടയിലെ വാചകം ചിലര്‍ക്ക് കഥയിലെ ട്വിസ്റ്റിലേക്കുള്ള ചൂണ്ടുപലകയായ് തോന്നിയേക്കാം; വായിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ ഭാഗം ഹൈ‌ലൈറ്റ് ചെയ്തു വായിക്കുക)
***സിനിമ കണ്ട് കഴിഞ്ഞപ്പോല്‍ ഒരു സംശയം - ഒരു സ്പോടനമുണ്ടായാല്‍ എല്ലാവരും മരിച്ചു എന്ന് വിശ്വസിച്ച് ‘റ്റാറ്റാ’ പറഞ്ഞ് പോവാന്‍ മാത്രം വിഡ്ഢികളാണോ ലാലിന്റെ കഥാപാത്രങ്ങളും അവര്‍ക്ക് ചുറ്റുമുള്ളവരും?! അതും ഒന്നല്ല രണ്ട് വട്ടം!!***

*---------------------------------------------*----------------------------------------*