
നിര്‍മ്മാണം: കാര്‍ത്തിക് ജെയ്
അഭിനേതാക്കള്‍: ആദി (പുതുമുഖം), പത്മപ്രിയ, ഡോണ, കഞ്ച കറുപ്പ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 14 ഡിസംബര്‍, 2007
ദൃശ്യന്റെ റേറ്റിംഗ്: 7.75 @ 10
ഒരു സംഭവകഥയെ ആസ്പദമാക്കി സാമി രചിച്ച് സാക്ഷാത്കരിച്ച ചിത്രമാണ് മൃഗം. ഉള്‍നാടന്‍ ഗ്രാമത്തിന്റെ തീഷ്ണരൌദ്രതയും വന്യമായ കാമാവേശവും നന്മതിന്മകള്‍ ഇടകലര്‍ന്ന ചിന്തകളും സമന്വയിപ്പിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കാര്‍ത്തി ജൈ ആണ്.
ജല ഉപഭോഗത്തിന്റെ പേരില്‍ തമ്മില്‍ തല്ലി നില്‍ക്കുന്ന മധുര ജില്ലയില്‍ പെട്ട ഗ്രാമങ്ങളിലൊന്നിലാണ് അന്‍പഴകന്‍ അഥവാ അയ്യനാര്‍ (ആദി) താമസിക്കുന്നത്. വിത്തുകാളകളുമായുള്ള സഹവാസം അവനിലും ആ സ്വഭാവം പകര്‍ത്തി. പെണ്ണ് - അത് വേശ്യയായാലും ഭാര്യയായാലും അന്യന്റെ മുതലായാലും - അവനൊരു ഹരമാണ്. തന്റെ ആരോഗ്യദൃഡമായ ശരീരത്തില്‍ അമിതമായ് അഹങ്കരിക്കുന്ന അവന്റെ ജീവിതം പെണ്ണില്‍ നിന്ന് പെണ്ണിലേക്ക് ഒഴുകി നടക്കുമ്പോഴാണ് അടുത്ത ഗ്രാമത്തില്‍ വെച്ച് അവന്‍ അഴകമ്മയെ (പത്മപ്രിയ) കാണുന്നത്. അവളെ കല്യാണം കഴിക്കുന്നതാണ് ബലമായി പ്രാപിക്കുന്നതിനേക്കാള്‍ നല്ലതെന്ന സുഹൃത്ത് ഇടിത്താങ്കി (കഞ്ച കറുപ്പ)യുടെ ഉപദേശം അയ്യനാര്‍ സ്വീകരിക്കുന്നു. പക്ഷെ അഴകമ്മ അവന്‍ കരുതിയ പോലെ ഒരു സാധാരണ നാട്ടു പെണ്ണായിരുന്നില്ല. അയ്യനാരോ, അവള്‍ കരുതിയ പോലെ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ സ്വീകരിക്കുന്ന ഒരു മനുഷ്യനുമായിരുന്നില്ല. അവര്‍ തമ്മിലുണ്ടാവുന്ന ദാമ്പത്യത്തിലെ മാനസികവും ശാരീരികവുമായ പോരാട്ടങ്ങളാണ് പിന്നെ സിനിമയിലെ വഴിത്തിരിവുകളിലൂടെ നാം അഭിമുഖീകരിക്കുന്നത്. അവരിലൂടെ നാമറിയുന്ന സ്നേഹത്തിന്റെ ശക്തി, മനസ്സിന്റെ ദൌര്‍ബല്യങ്ങള്‍, ജീവിതത്തിന്റെ വേലിപ്പുറങ്ങളില്‍ കാമ-ക്രോധാദികളുടെ പടര്‍ന്നുകയറ്റം, രോഗം-പ്രതിവിധി-ശരീരത്തിന്റെയും മനസ്സിന്റെയും പ്രതിപ്രവര്‍ത്തനം എന്നിവയിലൂടെ കഥ പുരോഗമിക്കുന്നു.
അഭിനയം, സാങ്കേതികം:
ഇതു പോലെ ഒരു കഥയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനേക്കള്‍ ബുദ്ധിമുട്ടാണ് അതിനു ചേര്‍ന്ന അഭിനേതാക്കളെ കണ്ടു പിടിക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങളായ അയ്യനാര്‍, അഴകമ്മ എന്നിവര്‍ വളരെ ശക്തമാണ്, ആദ്യന്തം കഥ കൊണ്ടു പോകേണ്ടവരാണ്. തമിഴിലെ പ്രമുഖ താരങ്ങളെല്ലാം കയ്യൊഴിഞ്ഞ നായകപാത്രത്തിന് ജീവന്‍ നല്‍കാന്‍ സംവിധായകന്‍ കണ്ടുപിടിച്ചത് പുതുമുഖം ആദിയേയാണ്. അഴകമ്മയെ അവതരിപ്പിക്കാന്‍ പത്മപ്രിയയേയും. എഴുത്തുകാരന്റെ കടലാസില്‍ നിന്നും സംവിധായകന്റെ മനസ്സിലെ ഫ്രെയിമുകളിലേക്കുള്ള പരിണാമം മനോഹരമാക്കാന്‍ ആദിയ്ക്കും പത്മപ്രിയയ്ക്കുമായിരിക്കുന്നു.
മൃഗത്തിന്റെ സവിശേഷത പാത്രസൃഷ്ടിയിലെ പൂര്‍ണ്ണതയും നടീ-നടന്മാരുടെ തിരഞ്ഞെടുപ്പിലെ വൈദഗ്‌ദ്യവുമാണ്. അയ്യനാരുടെ അമ്മ (ലക്ഷ്മി അമ്മാള്‍), ഗ്രാമത്തിലെ മറ്റു മുഖങ്ങള്‍ തുടങ്ങിയ എല്ലാവരും പൂര്‍ണ്ണ കഥാപാത്രങ്ങളാണ്. ഓരോരുത്തരുടെയും ശരീര-ശാരീര സവിശേഷതകള്‍ പ്രതിഫലിപ്പിക്കാനുതകുന്ന മുഖങ്ങളേയാണ് സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമത്തിലെ വേശ്യ (ഡോണ), നല്ലവനായ ഡോക്ടര്‍ എന്നിങ്ങനെ ക്ലീഷേ കഥാപാത്രങ്ങളുണ്ടെങ്കിലും അവയെല്ലാം കഥയില്‍ നിന്നും ഒഴിവാക്കാനാവാത്തവയാണ്.

വാര്‍ത്തകളും വിവാദങ്ങളും ‘മൃഗ‘ത്തിന്റെ കൂടെ എപ്പോഴുമുണ്ടായിരുന്നു. നായികനടിയെ കരണത്തടിച്ച സംവിധായകനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൊണ്ടാടിയപ്പോള്‍, സെന്‍സര്‍ സര്‍ഫിക്കേറ്റും റിലീസ് തീയതിയും ലഭിച്ച ശേഷം മൃഗ പരിരക്ഷണ വിഭാഗക്കാര്‍ സിനിമയിലെ ജല്ലിക്കട്ട് (കാളപ്പോര്) രംഗത്തിനെതിരെ പരാതിയുമായ് കോടതിയെ സമീപിച്ചത് അപ്രതീക്ഷിതമായിരുന്നു. അവസാനം ‘സിനിമയിലെ മര്‍മ്മപധാനമായ രംഗ‘മെന്ന്’ സംവിധായകന്‍ അഭിപ്രായപ്പെട്ട രംഗം മുറിച്ചു മാറ്റിയാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ഈ നടപടിക്കെതിരെ യൂണിറ്റ് അംഗങ്ങളൊന്നാകെ റിലീസിനു ശേഷം ഒരു നാള്‍ സത്യാഗ്രഹത്തിലുമേര്‍പ്പെട്ടിരുന്നു. മലയാള സിനിമാരംഗത്തെന്നു കാണാനാകും നമുക്കീ തരത്തിലുള്ള കര്‍മ്മസമര്‍പ്പണം?

+ മികച്ച അഭിനയം, സാങ്കേതികവശം.
+ ഒരു Educational movie ആയി മാറാതെ തന്നെ AIDS എന്ന മാരക രോഗത്തെ കുറിച്ചുള്ള പരോക്ഷമായ ബോധവല്‍ക്കരണം.

x അനവസരത്തിലുള്ള, തികച്ചും അനാവശ്യമായ ചില ഗാനങ്ങള്‍.
x സിനിമയുടെ മധ്യഭാഗത്ത് ലക്ഷ്യവും വേഗവും നഷ്ടപ്പെടുന്ന തിരക്കഥ.
x ആസ്വാദനത്തിന് കല്ലുകടിയായ് മാറുന്ന തമാശ രംഗങ്ങള്‍
വാല്‍ക്കഷ്ണം: ‘മൃഗം‘ കാണിച്ച ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ ഭൂമികയിലെ ക്രൂരഭാവങ്ങള്‍ കണ്ടിറങ്ങിയപ്പോള്‍ മനസ്സിലുണര്‍ന്നത് ഭരതന്‍ സംവിധാനം ചെയ്ത ‘ചാട്ട’, ‘ലോറി’, പറങ്കിമല തുടങ്ങിയ ചിത്രങ്ങളാണ്. മലയാളത്തിന് നഷ്ടമായ അത്തരം ‘കഥകള്‍ അനുഭവമാക്കുന്ന സിനിമകള്‍’ ഉണ്ടാക്കാന്‍ ഇന്നത്തെ പ്രതിഭാധനരായ സംവിധായകപ്രഭുക്കള്‍ക്ക് ഭയമാണല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സിലെവിടെയോ ഒരു നഷ്ടബോധം!
സിനിമ കണ്ടത്: 13, ഡിസംബര്‍, 2007 @ ലാവണ്യ, ബാംഗ്ലൂര്‍
6 comments:
ഒരു സംഭവകഥയെ ആസ്പദമാക്കി സാമി രചിച്ച് സാക്ഷാത്കരിച്ച ചിത്രമാണ് മൃഗം. ഉള്‍നാടന്‍ ഗ്രാമത്തിന്‌റ്റെ തീഷ്ണരൌദ്രതയും വന്യമായ കാമാവേശവും നന്മതിന്മകള്‍ ഇടകലര്‍ന്ന ചിന്തകളും സമന്വയിപ്പിച്ച ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ മനസ്സിലുണര്‍ന്നത് ഭരതന്‍ സംവിധാനം ചെയ്ത ‘ചാട്ട’, ‘ലോറി’, പറങ്കിമല തുടങ്ങിയ ചിത്രങ്ങളാണ്.
ഗ്രാമത്തിന്‌റ്റെ വരണ്ടുണങ്ങിയ ഭൂമികയിലെ ക്രൂരഭാവങ്ങള്‍ മനോഹരമായി ആവിഷ്കരിച്ച ‘മൃഗ‘ത്തിന്‍റ്റെ കാഴ്ചകളുമായ് സിനിമാക്കാഴ്ച വീണ്ടും.
സസ്നേഹം
ദൃശ്യന്‍
ഈ ചിത്രത്തെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞിരുന്നു.
നല്ല വിശകലനം മാഷേ...
:)
നന്ദി ശ്രീ.
സസ്നേഹം
ദൃശ്യന്‍
സിനിമാ നിരൂപണത്തിന് ഊരു പ്രൊഫഷണല്‍ ടച്ച് ഉണ്ട് ദൃശ്യന്‍.
പ്രിന്റ് മീഡിയകളില്‍ ഒള്‍പ്പെടെ പലതിലും ചലച്ചിത്രങ്ങളെ കുറിച്ചുള്ള ഇത്തരം വിലയിരുത്തലുകള്‍ വരാറുണ്ടെങ്കിലും എന്തോ അതില്‍ നിന്നൊക്കെ വേറിട്ട ഒരു ശൈലി താങ്കളുടെ ഈ ബ്ലോഗില്‍ നിന്നും ലഭിക്കുന്നു.
അഭിനന്ദനങ്ങള്‍...
മുസാഫിര്‍, നജീം, പ്രോത്സാഹനത്തിന് വളരെ വളരെ നന്ദി മുസാഫിര്‍.
ഏതെങ്കിലും തരത്തിലുള്ള എതിരഭിപ്രായമോ തെറ്റുകുറ്റങ്ങളോ കണ്ടാല്‍ ചൂണ്ടി കാണിക്കുമെന്ന് പ്രത്യാശിക്കുന്നു.
സസ്നേഹം
ദൃശ്യന്‍
Post a Comment