Friday, December 21, 2007

കല്ലൂരി: സൌഹൃദത്തിന്‍‌റ്റെ മധുരനൊമ്പരങ്ങള്‍







കഥ, തിരക്കഥ, സംഭാഷണം, സംവിധാനം:
ബാലാജി ശക്തിവേല്‍
നിര്‍മ്മാണം: ശങ്കര്‍, S പ്രൊഡക്ഷന്‍സ്
അഭിനേതാക്കള്‍ : അഖില്‍, തമന്ന, ഹേമലത തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 07 ഡിസംബര്‍‍, 2007



കാതലന്‍, ജീന്‍സ്, ഇന്ത്യന്‍, ബോയ്‌സ്, മുതല്‍‌വന്‍, ശിവാജി മുതലായ തട്ടുപൊളിപ്പന്‍-ബ്രഹ്മാണ്ഡസിനിമകളില്‍ നിന്നുണ്ടാക്കിയ പണത്തിന്റെ ഒരു പങ്ക് ചെറിയ സിനിമകള്‍ക്കായ് ചിലവഴിച്ച് മറ്റുള്ള സൂപ്പര്‍സംവിധായകര്‍ക്ക് മാതൃകയൊരുക്കുന്ന സംവിധായകനാണ് ശങ്കര്‍. "It is a place for new talents" എന്ന മോട്ടോ ഉള്ള S പിക്‍ചേഴ്സിന്റെ ബാനറില്‍ ശങ്കര്‍ ഇതിനു മുന്‍പ് നിര്‍മ്മിച്ച നാലു ചിത്രങ്ങളില്‍ (മുതല്‍‌വന്‍, കാതല്‍, ഹിംസൈ അരശന്‍ 23-ആം പുലികേശി, വെയില്‍) മുതല്‍‌വനൊഴിച്ച് മറ്റെല്ലാം വേറെ സംവിധായകര്‍ ഒരുക്കിയ ചെറിയ ചിത്രങ്ങളായിരുന്നു. അവയെല്ലാം സ്ഥിരം സിനിമാശൈലിയില്‍ നിന്ന് വേറിട്ട് സഞ്ചരിച്ചീട്ടും മികച്ച സാമ്പത്തികവിജയങ്ങളായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.

സാമ്പത്തിക വിജയം നേടിയ വിക്രം നായകനായ് ‘സാമുറായ്’, സാധാരണക്കാരനായ ഒരു ടൂവീലര്‍ മെക്കാനിക്കിന്റെയും പണക്കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടേയും ദുരന്തപ്രണയക്കഥ പ്രേക്ഷകന് മറക്കാനാവാത്ത ഒരു അനുഭവമാക്കിയ ‘കാതല്‍‘, എന്നിവയ്ക്ക് ശേഷം ബാലാജി ശക്തിവേല്‍ സംവിധാനം ചെയ്ത ‘കല്ലൂരി‘ (കോളേജ്) ആണ് S പിക്‍ചേഴ്സിന്റെ അഞ്ചാമത്തെ ചലച്ചിത്രം. സംവിധായകന്‍ തന്നെ രചന നിര്‍വഹിച്ച ഈ ചിത്രത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ് എന്നത് ശ്രദ്ധേയം. നേരു പറഞ്ഞാല്‍ ഇന്നത്തെ പല നടീ-നടന്മാരേക്കാളും നന്നായി ഈ പുതുമുഖങ്ങള്‍ തന്താങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല.


കഥാസംഗ്രഹം:
മുത്തു (അഖില്‍ ), ആദിലക്ഷ്മി, കയല്‍ (ഹേമലത), കാമാച്ചി, രമേശ് എന്നിവരടങ്ങിയ ഒന്‍പത് സുഹൃത്തുക്കള്‍. പന്ത്രണ്ടാം ക്ലാസ്സില്‍ ഒരുമിച്ച് പഠിച്ച അവരെല്ലാം‍ നഗരത്തില്‍ നിന്നകലെയുള്ള ഒരു ഗവ: ആര്‍ട്ട്സ് കോളേജില്‍ ബി.എ. ഹിസ്റ്ററിക്ക് ചേരാന്‍ ഒരുമിച്ച് ബസ്സില്‍ പോകുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. സാമ്പത്തികസമൂഹത്തിന്റെ താഴേക്കിടയില്‍ നിന്ന് വരുന്ന അവര്‍ക്കിടയിലേക്ക്, ഉയര്‍ന്ന സാമ്പത്തിക-സമൂഹിക-വിദ്യാഭ്യാസ-സൌന്ദര്യ നിലവാരത്തില്‍ നിന്ന് ശോഭന എന്ന ബാംഗളൂര്‍ക്കാരി വരുന്നു. ഇവര്‍ തമ്മില്‍ പതിയെ ഉടലെടുക്കുന്ന സൌഹൃദത്തിന്റെ പ്രയാണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ആദ്യ 10-15മിനിറ്റുകള്‍ കണ്ടാല്‍ തന്നെ ഇനി വരാന്‍ പോകുന്നത് ഒരു സീരിയസ് സിനിമ അല്ല, മറിച്ച് കൌമാരജീവിതത്തിലെ സന്തോഷ-സന്താപ മുഹൂര്‍ത്തങ്ങളാണെന്ന ധാരണ പ്രേക്ഷകന് ലഭിക്കുന്നു. ആ പുതിയ ഡിഗ്രി-ബാച്ചിലൂടെ, ബാച്ചിലെ വിദ്യാര്‍ത്ഥികളിലൂടെ, അവരുടെ കുടുംബങ്ങളിലൂടെ, അവരുടെ വ്യത്യസ്തകളിലൂടെ, അവരുടെ ഇണക്കങ്ങളിലൂടെ, പിണക്കങ്ങളിലൂടെ, ജീവിത കാഴ്ചപാടിലൂടെ നമ്മെ മെല്ലെ മുന്നോട്ട് നയിക്കുമ്പോള്‍ ഒരു കാര്യം കൂടി ബാലാജി പറയാതെ പറയുന്നുണ്ട്-വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരിക്കേണ്ട സാമൂഹികപ്രതിബദ്ധതയെ കുറിച്ച്. ഇതിലെ കഥാപാത്രങ്ങളെല്ലാം സഹജീവിവര്‍ത്തിത്വം എന്ന് പറഞ്ഞാല്‍ എന്തെന്ന് നമുക്ക് കാണിച്ച് തരുന്നു. സിനിമയിലൂടെ സഞ്ചരിക്കുമ്പോള്‍ പലയിടത്തും - ലഹള പൊട്ടിപ്പുറപ്പെട്ട ഒരു ദിനത്തില്‍ കൂടെയുള്ള പെണ്‍‌സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടാക്കുമ്പോഴും, തെരുവോരത്തിലെ തകര്‍ന്ന ഓവുപാലം ചെരിപ്പഴിച്ച് വെച്ച് മാലിന്യത്തിലിറങ്ങി നന്നാക്കുമ്പോഴും, ചെരിപ്പിടാത്ത കാലുമായ് ക്വാറിയില്‍ നിന്നോടി വരുന്ന മുത്തുവിന്റെ സഹോദരി ശോഭനയെ വഴികാട്ടുമ്പോഴും - നാമറിയാതെ നമുക്ക് കൈമോശം വന്ന നല്ല ശീലങ്ങളെ കുറിച്ച് നമ്മള്‍ ഓര്‍ക്കാതിരിക്കില്ല. കൂടെ പഠനക്കാലത്തെ ആ നല്ല നാളുകളേയും സുഹൃത്തുക്കളേയും!

സാങ്കേതികം:
സംവിധായന്റെ മനസ്സിനൊപ്പം സഞ്ചരിക്കാന്‍ ചെഴിയന്റെ ക്യാമറയ്ക്കും മുത്തുകുമാറിന്റെ വരികള്‍ക്കും ജോഷ്വാ ശ്രീധരിന്റെ സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്. അനാവശ്യമായ സാങ്കേതികാഭ്യാസങ്ങള്‍,‍ വസ്ത്രാലങ്കാര-രംഗസജ്ജീകരണങ്ങള്‍ എന്നിവയില്‍ നിന്നും അകന്നു നില്‍ക്കുന്ന ഈ സിനിമ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ചിത്രീകരണരീതിയാണ് അവലംബിച്ചിട്ടുള്ളത് എന്നത് വളരെ വളരെ ആശ്വാസകരമാണ്.

* പുതിയ മുഖങ്ങള്‍, കൃതിമത്വമില്ലാത്ത അഭിനയം.
* ജാടകളില്ലാത്ത രസകരവും സുന്ദരവുമായ കഥാകഥനരീതി.


x കഥയായിട്ടൊന്നുമില്ല എന്നതും പെട്ടന്ന് അവസാനിച്ച പോലെയുള്ള ക്ലൈമാക്സും ഒരു പ്രതികൂലഘടകമായ് പറയാം.

5 comments:

salil | drishyan said...

ശങ്കര്‍ (സംവിധായകന്‍) നിര്‍മ്മിച്ച് ‘കാതല്‍’ ഫെയിം ബാലാജി ശക്തിവേല്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത ഒരു പുതുമുഖചിത്രമാണ് ‘കല്ലൂരി’. ഒരു കോളേജിന്‍‌റ്റെ പശ്ചാത്തലത്തില്‍ സൌഹൃദത്തിന്‍‌റ്റെ മധുരനൊമ്പരങ്ങള്‍ തികച്ചും യഥാര്‍ത്ഥമായ് ചിത്രീകരിച്ച ഒരു നല്ല ചിത്രമാണ് കല്ലൂരി.
കൂടുതല്‍ വിശേഷങ്ങള്‍ സിനിമാക്കാഴ്ച യില്‍

സസ്നേഹം
ദൃശ്യന്‍

കണ്ണൂരാന്‍ - KANNURAN said...

ഇടയ്ക്ക് നരനേയും സായയേയും കൂടി പരിഗണിക്കൂ.. :)

ശ്രീ said...

ആ പടം ഒന്നു കാണണം എന്ന് ഇതു വായിച്ചു കഴിഞ്ഞപ്പോള്‍‌ തോന്നുന്നു.

:)

salil | drishyan said...

കണ്ണൂരാനേ, നന്ദി. നരനും സായയുമുടന്‍ വരും‌ട്ടോ...
ശ്രീ, കണ്ടു കൊള്ളൊoഒ, എന്തായാലും ഇന്നത്തെ മിക്ക തമിഴ്-മലയാളം-ഹിന്ദി ചിത്രങ്ങാളേക്കാളും മെച്ചമാണെന്ന ഗ്യാരന്‍‌റ്റി ഞാന്‍ തരാം.

സസ്നേഹം
ദൃശ്യന്‍

Unknown said...

ലെറ്റായി പ്പൊയീ ഈ കമെന്‍ഡ്.എന്നാലും എന്‍ഡെ കയ്യില്‍ ,പിന്നെയും കാണാനായീ save ചെയ്തു വച്ചിരിക്കുകയാണു ഈ പടം.ഇതില്‍ കഥയായിട്ടൊന്നുമില്ല എന്നതും പെട്ടന്ന് അവസാനിച്ച പോലെയുള്ള ക്ലൈമാക്സും ഒരു പ്രതികൂലഘടകമായ് പറയാം,എന്നുള്ളതു സരിയല്ല എന്നു തൊന്നുന്നു.കരണം പണ്ടൊരിക്കല്‍ തമില്‍ നട്ടില്‍ സമരതിനിടക്കു ബസ്സ് കത്തി 3 പെങ്കുട്ടികല്‍ മരിച്ച സംഭവുമായീ ബന്ദമുല്ലതാണു ഈ കദ എന്നു എനിക്കു തൊന്നുന്നു.പിന്നെ commercial cinema setup അനുസരിചുല്ല അവസനമല്ല എന്നതാണൊ ദുര്‍ഭലം