Wednesday, June 18, 2008

അറൈ എന്‍ 305ല്‍ കടവുള്‍: ലക്ഷ്യബോധമില്ലാത്ത ഹാസ്യാനുഭവം










കഥ, തിരക്കഥ, സംഭാ ഷണം, സംവിധാനം:
ചിമ്പുദേവന്‍
നിര്‍മ്മാണം: എസ്. പിക്ചേഴ്സ്, ശങ്കര്‍
‍അഭിനേതാക്കള്‍: പ്രകാശ് രാജ്, സന്താനം, കഞ്ച കറുപ്പ, ജ്യോതിര്‍മയി തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 18 ഏപ്രില്‍‍‍‍, 2008
സിനിമ കണ്ടത്: 24 മേയ്‍‍‍, 2008 @ അജന്ത, ബാം‌ഗ്ലൂര്‍

‍ദൃശ്യന്റെ റേറ്റിംഗ്: 4.25@ 10

ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് എഴുതാനായില്ല. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.

‘ഇംസൈ അരസന്‍ 23ആം പുലികേശി’യുടെ സംവിധായകന്‍ ചിമ്പുദേവന്റെ രണ്ടാമത്തെ സിനിമയാണ് എസ് പിക്ചേഴ്സിന്റെ ബാനറില്‍ ശങ്കര്‍ നിര്‍മ്മിച്ച ‘അറൈ എന്‍ 305ല്‍ കടവുള്‍’. കൊമേഡിയന്മാരായ് ലേബല്‍ ചെയ്യപ്പെട്ട സന്താനം, കഞ്ച കറുപ്പ എന്നിവര്‍ പ്രകാശ്‌രാജിനോടൊപ്പം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ രചന സംവിധായകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. പൊളിറ്റിക്കല്‍ സാറ്റൈര്‍ ആയിരുന്ന തന്റെ ആദ്യചിത്രത്തിന്റെ മികവോ ആക്ഷേപഹാസ്യമോ കൊണ്ടുവരാന്‍ ഈ ചിത്രത്തിലൂടെ കാര്‍ട്ടൂണ്‍ ലോകത്ത് നിന്ന് സിനിമാലോകത്തേക്ക് വന്ന സംവിധായകന് കഴിഞ്ഞിട്ടില്ല.

കഥാസംഗ്രഹം:
ചെന്നൈ നഗരത്തിലെ തിരക്കു പിടിച്ച ‘പാല്‍‘ തെരുവിലെ കറുപ്പയ്യ മാന്‍‌ഷന്‍ എന്ന ലോഡ്ജിലെ അന്തേവാസികള്‍ സാധാരണക്കാരില്‍ സാധാരണക്കാരാണ്. തൊഴിലന്വേഷണക്കാരായ രാസു (സന്താനം), മൊക്കൈസാമി (കഞ്ച കറുപ്പ), വെല്ലെസ്‌ലി പ്രഭു (ഇളവരസു), മുന്‍-സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ (വി.എസ്.രാഘവന്‍), നിരീശ്വരവാദിയായ ലൈബ്രേറിയന്‍(രാജേഷ്), എഞ്ചിനിയറായ റഫീക്ക് (വിജയ്) തുടങ്ങിയവരെല്ലാമാണ് അവിടെ താമസം. ഒരിക്കലുമവസാനിക്കാത്ത തൊഴിലന്വേഷണവും പൂവിടാത്ത പ്രണയവുമായ് ഒഴുകുന്ന തങ്ങളുടെ ജീവിതത്തെ കുറിച്ച് സദാ പരാതിയാണ് രാസുവിനും മൊക്കൈസാമിക്കും. ചായക്കടക്കാരന്‍ ഗിരി (കൊച്ചിന്‍ ഹനീഫ), ലോഡ്ജ് മാനേജര്‍ മാടസാമി (ഭാസ്കര്‍)ക്കും മെസ്സ് നടത്തുന്ന അമ്മയും മോളും (ജ്യോതിര്‍മയി) തുടങ്ങിയ ഒരുപാട് പേര്‍ക്ക് കടക്കാരാണവര്‍. ജോലിയില്ലാത്തത് കൊണ്ട് രാസു പ്രേമിക്കുന്ന മഹിഷാസുരമര്‍ദ്ദിനി (മധുമിത) അവനെ തിരിഞ്ഞ് നോക്കുന്നത് പോലുമില്ല. അങ്ങനെ തട്ടും തടവുമായ് പോകുന്ന സന്താനത്തിന്റേയും മൊക്കൈസാമിയുടേയും ജീവിതത്തിലേക്ക് - ഒപ്പം പാല്‍ തെരുവിലെ കറുപ്പയ്യ മന്‍‌ഷനിലേക്കും - ദൈവം/കടവുള്‍ (പ്രകാശ്‌രാജ്) കടന്നു വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവിലാസങ്ങളുമാണ് സിനിമയ്ക്കാസ്പദം.


അഭിനയം, സാങ്കേതികം:
മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‍ സന്താനവും കഞ്ച കറുപ്പയും തീരെ ആസ്വദിക്കുന്നില്ല എന്ന് തോന്നും അവരുടെ ചലനങ്ങളും അഭിനയവും കണ്ടാല്‍. ദു:ഖമോ പ്രണയമോ സന്തോഷമോ എന്തു തന്നെയായാലും ഈ ആയാസഭാവം പ്രകടമാണ് രണ്ടു പേര്‍ക്കും. മറുപക്കത്ത്, കടവുളായ് പ്രകാശ് രാജ് നന്നായ് അഭിനയിച്ചിരിക്കുന്നു. തിരക്കഥയിലെ ചേര്‍ച്ചയില്ലായ്മ കഥാപാത്രത്തെ ദുര്‍ബലമാക്കുന്നുവെങ്കിലും സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍കുന്നതായിരിക്കും ഈ കടവുള്‍.
സിനിമയുടെ ഏറ്റവും വലിയ പ്ലസ്‌പോയന്റ് മാന്‍‌ഷനിലും ചുറ്റുമുള്ള കൊച്ച് കൊച്ച് കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ച അഭിനേതാക്കളുമായിരിക്കും. ഇളവരസു, രാജേഷ്, വിജയ്, ഭാസ്കര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ പാത്രങ്ങളെ മനസ്സിരുത്തി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. മെസ്സുകാരിയായിയെത്തുന്ന ജ്യോതിര്‍മയിക്ക് അഭിനയിക്കാനധികമില്ല. നായികയായ മധുമിത പ്രേക്ഷകമനസ്സില്‍ ഒരു ചലനവുമുണ്ടാക്കുന്നില്ല.

സെല്‍‌വകുമാറിന്റെ കലാസംവിധാനം സിനിമയ്ക്കനുയോജ്യമാം വണ്ണം മികച്ചതായ് ചേര്‍ന്നു നില്‍ക്കുന്നു. പക്ഷെ ചന്ദ്രനില്‍ വെച്ചുള്ള രംഗങ്ങള്‍ വളരെ അമച്വറായ് അനുഭവപ്പെട്ടു. സംഗീതമേഖലയില്‍, വിദ്യാസാഗറിന്റെ ഈണങ്ങള്‍ സാമാന്യ നിലവാരം പുലര്‍ത്തുന്നവയാണ്. മുത്തുലിം‌ഗം, ന.മുത്തുകുമാര്‍, പ.വിജയ്, യുഗഭാരതി, കാലിബന്‍ തുടങ്ങിയരുടെ വരികളില്‍ ചിലത് രസകരമാണ്. കൂട്ടത്തില്‍ ഹരിണി പാടിയ ‘ഉറൈവൊന്‍‌ട്രുമില്ലൈ‘ എന്ന ദു:ഖം കലര്‍ന്ന കൃഷ്ണഭക്തിഗാനം മികച്ച് നിന്നു.



+ നര്‍മ്മം തുളുമ്പുന്ന സംഭാഷണങ്ങള്‍
+ പ്രകാശ് രാജ്, രാജേഷ്, വിജയ് തുടങ്ങിയവരുടെ സ്വാഭാവികാഭിനയം


x കഥയ്ക്കനുസരിച്ച് വേഗത കൂടേണ്ടതിന് പകരം, ഇന്റര്‍വെല്ലിനു ശേഷം ഇഴഞ്ഞ് നീങ്ങുന്ന തിരക്കഥ
x സന്താനത്തിന്റേയും കഞ്ച കറുപ്പയുടേയും ആയാസകരമായ നായകാഭിനയം
x കഥയ്ക്കാവശ്യമില്ലാത്ത അനാവശ്യ ഹാസ്യ(?)രംഗങ്ങള്‍, ഉപകഥകള്‍

--------------------------------------------------------------------------------------------------------------------------------------

പച്ചമരത്തണലില്‍: ചൂടില്ല, പക്ഷെ കുളിരുമില്ല!

കഥ, തിരക്കഥ, സംഭാ ഷണം, സംവിധാനം: ലിയൊ തദേവൂസ്
നിര്‍മ്മാണം: രേവതി കലാമന്ദിര്‍
‍അഭിനേതാക്കള്‍: ശ്രീനിവാസന്‍, ലാലു അലക്സ്, ലാല്‍, പത്മപ്രിയ, ബേബി നിവേദിത തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 9 മേയ്‍‍‍, 2008
സിനിമ കണ്ടത്: 10 മേയ്‍‍‍, 2008 @ ഡേവിസണ്‍‌, കോഴിക്കോട്

‍ദൃശ്യന്റെ റേറ്റിംഗ്: 3.84@ 10



ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് റിവ്യൂ ചെയ്യാനായില്ല. പച്ചമരത്തണലിന്റെ വിശദമായ കാഴ്ചകള്‍ നിങ്ങള്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് ഇതിനോടകം തന്നെ കിട്ടി കാണുമല്ലൊ. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.

ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ ലിയോ തദേവൂസിന്റെ പ്രഥമഫീച്ചര്‍സിനിമയാണ് ശ്രീനിവാസന്‍, പത്മപ്രിയ എന്നിവര്‍ മുഖ്യപാത്രങ്ങളെ അവതരിപ്പിച്ച ‘പച്ചമരത്തണലില്‍‘. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ച ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാറാണ്. പുതിയ ഒരു സംവിധായകന്റെ ചിത്രം എന്ന രീതിയില്‍ നോക്കിയാല്‍ തരക്കേടില്ലാത്ത ഒരു സിനിമയാണിത്. എന്നാല്‍ കഥയിലെ പുതുമയില്ലായ്മയും അസഹനീയമായ കോമഡിക്കാഴ്ചകളും ബാലിശമായ ക്ലൈമാക്സും സിനിമയുടെ ബലഹീനതകളാകുന്ന കാഴ്ചയാണ് ‘പച്ചമരത്തണലില്‍‘ നമുക്ക് തരുന്നത്.

അഭിനയം, സാങ്കേതികം:
ഒരു റേഞ്ചില്‍ വരുന്ന കഥാപാത്രങ്ങളെ മാത്രം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന ഒരു അഭിനേതാവാണ് ശ്രീനിവാസന്‍. ‘ചിദംബരം’, ‘ഒരിടത്ത്’, ‘സ്വരൂപം’ എന്ന സീരിയസ്സ്സിനിമകളില്‍ തുടങ്ങി ‘നാടോടിക്കാറ്റ്’, ‘വെള്ളാനകളുടെ നാട്’, ‘സന്ദേശം’,‘വരവേല്‍‌‌പ്’ എന്നീ നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യപ്രസക്തിയുള്ള സിനിമകളിലൂടെ ‘ചിന്താവിഷ്ടയായ ശ്യാമള’, ‘അറബിക്കഥ’ എന്നിവയിലെത്തി നില്‍ക്കുന്ന ശ്രീനിവാസന്‍ എന്ന നടന്റെ അഭിനയഗ്രാഫ് ഒരിക്കലും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ല എന്നത് മലയാളികള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ച സത്യമാണ് (!). അതിന് കാരണം, അദ്ദേഹത്തിന്റെ സ്ഥിരം‌ശൈലിയിലുള്ള അഭിനയം നമ്മെ രസിപ്പിച്ച് കൊണ്ട് ഇന്നും തുടരുന്നു എന്നതാണ്. തന്റെ പരിധികള്‍ മനസ്സിലാക്കി കൊണ്ട് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലുള്ള വൈദഗ്ദ്ധ്യമായിരിക്കാം അതിന് കാരണം. പക്ഷെ, ഒരു നടന്‍ എന്ന രീതിയില്‍ ശ്രീനിവാസന്റെ എല്ലാ ബലഹീനതകളും തുറന്നു കാണിക്കുന്നു ഈ ചിത്രത്തിലെ അഭിനയം. സച്ചിദാനന്ദന്‍ എന്ന പിതാവിന്റെ - ശാരീരികവും മാനസികവുമായ - വികാരപ്രകടനം നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലാണ്. മകള്‍ നഷ്ടപ്പെട്ടതിന് ശേഷമുള്ള രംഗങ്ങളില്‍ കഥാതന്തുവില്‍ നിന്നകന്നു മാറി നില്‍കുകയാണ് ശ്രീനിവാസന്‍ എന്ന് പ്രേക്ഷകന് തോന്നി പോകും. സൂക്ഷാഭിനയം ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ചലനങ്ങളിലും മുഖഭാവങ്ങളിലും തളര്‍ച്ച കൊണ്ട് വന്ന് തടി തപ്പുന്ന നടനെയാണ് ഇതില്‍ നാം കാണുന്നത്. അങ്ങനെ സാധാരണപ്രേക്ഷകന് ഈ സിനിമയിലെ ഏറ്റവും വലിയ നിരാശ ശ്രീനിവാസന്റെ തളര്‍ന്ന പ്രകടനമായ് മാറുന്നു.

അനു എന്ന അമ്മയായ് പത്മപ്രിയ നല്ല പ്രകടനമാണ് നടത്തിയിരിക്കുന്നത്. സിനിമയിലെ മനസ്സില്‍ പതിഞ്ഞ് നില്‍കുന്ന അപൂര്‍വ്വം രംഗങ്ങള്‍ ഇവരുടെതാണ്. പക്ഷെ തിരക്കഥയിലെ ഒഴുക്കില്ലായ്മ പത്മപ്രിയയുടെ കഥാപാത്രത്തെയും തദ്വാരാ അവരുടെ പ്രകടനത്തേയും ബാധിച്ചിരിക്കുന്നതായ് കാണാം. ഒരുപാട് കുസൃതിയും വലിയ വായിലെ വര്‍ത്തമാനവും കുറച്ച് അമിതാഭിനയവുമാണ് സിനിമയിലെ കുട്ടികള്‍ക്കാവശ്യമെന്ന തെറ്റിദ്ധാരണ മിക്ക സംവിധായകര്‍ക്കുമുണ്ട്. ഈ സിനിമയിലെ സ്നേഹ എന്ന മുഖ്യകഥാപാത്രവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ബേബി അഹിന അവതരിപ്പിച്ച സ്നേഹ പ്രേക്ഷകനില്‍ ഒരു വികാരവും ജനിപ്പിക്കുന്നില്ല.
പൊതുവെ അലസമായ് നീങ്ങുന്ന ഈ സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ നാസര്‍ രംഗത്ത് വരുമ്പോഴാണ്. കഥാപാത്രത്തിന്റെ അപൂര്‍ണ്ണത അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നേയില്ല എന്നത് എടുത്ത് പറയേണ്ടതാണ്.

മകളെ തിരയുന്ന അച്ഛന്റെ റോളില്‍ ലാല്‍ നന്നായിട്ടുണ്ട്. ലാലു അലക്സിന്റെ സുഹൃത്ത് വേഷത്തിനും വിജയ്‌മേനോന്റെ ഡയറക്ടര്‍ വേഷത്തിനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. സുറാജ്, ബിജുകുട്ടന്‍ എന്നിവര്‍ തങ്ങളാല്‍ കഴിയും വിധം ബോറായ് അഭിനയിച്ചിരിക്കുന്നു.

പുതുമുഖസംവിധായകന്‍ എന്ന നിലയില്‍ ലിയോ തദേവൂസ് പ്രതീക്ഷയുണര്‍ത്തുന്നു. കേസന്വേഷണത്തിന്റെ സീനുകള്‍, ലാലിന്റെ ഫ്ലാഷ്‌ബാക്കില്‍ വരുന്ന കലാപരംഗങ്ങള്‍ എന്നിവ മീഡിയാബോധമുള്ള ഒരു സംവിധായകന്റെ വരവ് വിളിച്ചോതുന്നവയാണ്. എന്നാല്‍ എത്രയോ ചിത്രങ്ങളില്‍ (എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്, ഡാഡി, കണ്ണത്തില്‍ മുത്തമിട്ടാള്‍ etc) നാം കണ്ട കഥയും കഥാമുഹൂര്‍ത്തങ്ങളും വീണ്ടും രചിച്ച ലിയോയിലെ തിരക്കഥാക്കൃത്ത് കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ‘പച്ചമരത്തണലില്‍’ ഇതിലും നന്നായിരുന്നേനേ. വിരസമായ ആദ്യത്തെ അരമണിക്കൂറിന് ശേഷം പതിയെ ക്ലച്ച് പിടിച്ച് വന്ന തിരക്കഥ അവസാനനിമിഷങ്ങളില്‍ വീണ്ടും ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്നു.(വേനലില്‍ മഴ പോലെ വരുന്ന) നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള ഫ്ലാഷ്‌ബാക്ക് രംഗങ്ങളിലും കേസന്വേഷണത്തിന്റെ ചില നേരത്തും മാത്രമാണ് നമ്മള്‍ സിനിമ അല്പമെങ്കിലും ആസ്വദിക്കുന്നത്. വികാരഭരിതമായ് നമുക്ക് തോന്നേണ്ടിയിരുന്ന ക്ലൈമാക്സ് ഏതൊരാള്‍ക്കും ഊഹിക്കാവുന്ന രീതിയില്‍ അവസാനിക്കുകയും ചെയ്യുന്നു.

രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനം, മനോജ് പിള്ളയുടെ ഛായാഗ്രഹണം, ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം എന്നിവ വിരസമല്ലാതെ സിനിമ കാണാന്‍ പ്രേക്ഷകനെ സഹായിച്ച ഘടകങ്ങളാണ്. പട്ടണം റഷീദിന്റെ മേക്കപ്പ് സുനില്‍ റഹ്‌മാന്റെ വസ്ത്രാലങ്കാരം എന്നിവ നന്നായിട്ടുണ്ട്. ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ വരുന്ന ശ്രീനിവാസന്റെ രൂപമാറ്റവും പത്മപ്രിയയുടെ അധികചമയങ്ങളില്ലായ്മയും മറ്റും നന്നായി തോന്നി. വയലാര്‍ ശരത്‌ചന്ദ്ര വര്‍മ്മ-അല്‍‌ഫോണ്‍‌സ്‌ ടീമിന്റെ ഗാനകോലാഹലങ്ങള്‍ ദുസ്സഹമായ് തോന്നി.

+ (വേനലില്‍ മഴ പോലെ) നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള ഫ്ലാഷ്‌ബാക്ക് രംഗങ്ങള്‍
+ നാസര്‍, പത്മപ്രിയ


x തുടക്കം മുതലേ ഇഴഞ്ഞ് നീങ്ങുന്ന തിരക്കഥ
x ക്ലൈമാക്സ് - ഒരുപാട് സിനിമകളെ ഓര്‍മ്മിപ്പിക്കുന്നു.
x ശ്രീനിവാസന്‍ - മിക്കപ്പോഴും അഭിനയിക്കാന്‍ പാടു പെടുന്ന പോലെ തോന്നി
x സുറാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ തുടങ്ങിയവരുടെ സഹിക്കാനാവാത്ത ഹാസ്യ(?)രംഗങ്ങള്‍
x പുതുമയില്ലാത്ത, ബോറടിപ്പിക്കുന്ന ഗാനങ്ങള്‍

വാല്‍ക്കഷ്ണം: സിനിമയേക്കാള്‍ എനിക്ക് ആസ്വാദ്യമായ് തോന്നിയത് ഇതിന്റെ പോസ്റ്ററുകളാണ്. അവയുടെ ഡിസൈനും പുതുമയും അഭിനന്ദനങ്ങളും പ്രത്യേകപരാമര്‍ശവുമര്‍ഹിക്കുന്നു.

-------------------------------------------------------------------------------------------------------

Wednesday, June 11, 2008

പോസിറ്റീവ്: മുഷിപ്പിക്കാത്ത യുവത്വം!

സംവിധാനം: വി.കെ.പ്രകാശ്
കഥ, തിരക്കഥ, സംഭാഷണം: എസ്.എന്‍. സ്വാമി
നിര്‍മ്മാണം:ഫാബുലന്‍‌സ് എന്റര്‍റ്റൈന്‍‌മെന്റ്‌സ്
അഭിനേതാക്കള്‍: ജയസൂര്യ, സായ്‌കുമാര്‍, വാണി കിഷോര്‍, സൂരജ്, മണിക്കുട്ടന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 16 മേയ്‍‍‍, 2008
സിനിമ കണ്ടത്: 8 ജൂണ്‍‍‍‍, 2008 @ ദേവകി സിനി മാക്സ് , മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.63 @ 10


ഫാബുലന്‍‌സ് എന്റര്‍റ്റൈന്‍‌മെന്റ്‌സിന്റെ ബാനറില്‍ എസ്.എന്‍. സ്വാമി രചിച്ച് വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘റൊമാന്റിക് ത്രില്ലറാ‘ണ്‘ പോസിറ്റീവ്. ജയസൂര്യ, സൂരജ്, വാണി കിഷോര്‍ എന്നവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം സാങ്കേതികമായ് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. 2+ മണിക്കൂര്‍ നേരം പ്രേക്ഷകരെ മുഷിപ്പിക്കാത്ത ഈ സിനിമ സംവിധായകന്റെ മുന്‍‌ചിത്രങ്ങളേക്കാള്‍ (പുനരധിവാസം എന്ന ആദ്യ ചിത്രമൊഴിച്ച്) ബഹുദൂരം മുന്നിലാണ്.


കഥാസംഗ്രഹം:
രാജു (സൂരജ്), ഉദയന്‍ (മണിക്കുട്ടന്‍), ചെറി (രമേശ് പിഷാരടി), വിന്നി (വാണി കിഷോര്‍) എന്നീ സുഹൃത്തുക്കള്‍ ഒരുമിച്ചൊരു ബാന്‍‌ഡ് നടത്തുന്നവരാണ്. രാജുവും ചെറിയും വിന്നിയും ഉദ്യോഗസ്ഥരെങ്കില്‍ ഉദയന്‍ ഗള്‍‌ഫില്‍ ജോലി ചെയ്യുന്ന അച്ഛന്റെയും അമ്മയുടെയും കാശില്‍ ജീവിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. അസി. കമ്മീഷണര്‍ അനിയന്‍ (ജയസൂര്യ) വിന്നിയെ പെണ്ണു കാണാന്‍ വരുന്നെങ്കിലും പെണ്ണു കാണല്‍ ചടങ്ങിനിടെ അവര്‍ക്കിടയില്‍ നടന്ന ചില പ്രശ്നങ്ങള്‍ കല്യാണത്തിന് തടസ്സമാകുന്നു. നഗരത്തില്‍ വര്‍ദ്ധിച്ച് വരുന്ന കള്ളനോട്ടു വ്യാപണനം അനിയനും കമ്മീഷണര്‍ ഭാസ്കറിനും (സായ്‌കുമാര്‍) മനോശല്യമുണ്ടാക്കുന്നു. അതിനിടെ, യാത്രാമദ്ധ്യേ പരിചയപ്പെട്ട ജ്യോതിയുമായ് (ആയില്യ) രാജു പ്രണയത്തിലാവുന്നെങ്കിലും അവള്‍ ഒരു ദിവസം അപ്രത്യക്ഷയാകുന്നു. മാസങ്ങള്‍ക്ക് ശേഷം അവന്‍ അവളെ കണ്ടു മുട്ടുന്നു - ഒരു കൊലപാതകരംഗത്ത് വെച്ച്! അതേ തുടര്‍ന്നുണ്ടാകുന്ന കുറ്റാന്വേഷണമാണ് പിന്നീട് പോസിറ്റീവിന് വിഷയമാകുന്നത്.

അഭിനയം, സാങ്കേതികം:
ഈ സിനിമയിലെ അഭിനേതാക്കളെ കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയാന്‍ തോന്നുന്നത് മൂന്ന് പേരെ പറ്റിയാണ് - വിന്നിയായ് അഭിനയിച്ച വാണി കിഷോര്‍, അനിയനായ് അഭിനയിച്ച ജയസൂര്യ, പിന്നെ രാജുവിന്റെ അച്ഛനായ് അഭിനയിച്ച പി.ശ്രീകുമാര്‍.

വിന്നിയുടെ പ്രസരിപ്പും സുഹൃത്‌ബന്ധത്തിലെ വ്യാകുലതതകളും മിതാഭിനയത്തോടെ അവതരിപ്പിക്കുന്നതില്‍ വാണി കിഷോര്‍ വിജയിച്ചിരിക്കുന്നു. മലയാളസിനിമയ്ക്ക് പ്രതീക്ഷയോടെ നോക്കാവുന്ന ഒരു നടിയായ് മാറാന്‍ സാദ്ധ്യതയുള്ളവരാണ് വാണി എന്ന് തോന്നുന്നു.

‘പോസിറ്റീവ്’ വിജയമോ അല്ലയോ, ജയസൂര്യ എന്ന നടന്റെ കരിയര്‍ ഗ്രാഫില്‍ വേറിട്ടു നില്‍ക്കുന്ന ഒരു കഥാപാത്രമാണ് അനിയന്‍ എന്ന പോലീസുദ്യോഗസ്ഥന്‍. ജയസൂര്യയുടെ അഭിനയം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്നെനിക്കഭിപ്രയമില്ലെങ്കിലും തന്റെ പതിവ് അഭിനയരീതികളും ചലനങ്ങളും മാറ്റി വെച്ച് കൊണ്ടാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. പുതിയ വഴികളില്‍ സഞ്ചരിക്കാനുള്ള നടന്മാരുടെ ഇത്തരം താല്പര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേകുന്നതാണ്.

രാജുവായ് എത്തുന്ന സൂരജ്, വിനീത് ശ്രീനിവാസന്റെ ഡബ്ബിം‌ഗിന്റെ സപ്പോര്‍ട്ടോടെ, തന്റെ കഥാപാത്രമായ് തരക്കേടില്ലാതെ അഭിനയിച്ചു. മുഖഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ മെച്ചപ്പെടാന്‍ ‍ഏറെയുണ്ട് സൂരജിന്. പക്ഷെ വരും ചിത്രങ്ങള്‍ നല്‍കുന്ന അഭിനയാനുഭവം അതിന് സൂരജിനെ സഹായിക്കുമെന്നതില്‍ സംശയമില്ല.

രാജുവിന്റെ അച്ഛനായെത്തുന്ന ശ്രീകുമാര്‍ വളരെ അനായസമായ് അഭിനയിച്ചിരിക്കുന്നു. തന്റെ മകന്‍ ഒരു കൊലപാതകകേസില്‍ പോലീസ് സംശയിക്കുന്ന പ്രതിയാണെന്ന് മനസ്സിലായതിന് ശേഷം അവനെ അഭിമുഖീകരിക്കുന്ന രംഗം ഈ ചിത്രത്തിലെ വളരെ കണ്‍‌ട്രോള്‍‌ഡ് ആയി അവതരിപ്പിച്ച ഒന്നാണ്. അപ്പോഴത്തെ വികാരങ്ങളും സംഭാഷണങ്ങളും ശ്രീകുമാര്‍ ഭം‌ഗിയാക്കി. അതില്‍ തിരക്കഥാക്കൃത്തിന്റേയും സംവിധായകന്റേയും പങ്ക് മറക്കുന്നില്ല.

ഒരേ സമയം മുരടനെങ്കിലും സൌമ്യഹൃദയനായ കമ്മീഷണറായ് സായ്‌കുമാര്‍ തിളങ്ങി. ആവശ്യത്തിലധികം നൊസ്സുള്ള മുന്‍‌ബാങ്കുദ്യോഗസ്ഥന്റെ റോളില്‍ വന്ന ജഗതിയുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിരിയുണര്‍ത്തുന്നതാണ്. ഇടയ്ക്കൊകെ തികച്ചും അനാവശ്യമായ കമന്റുകള്‍ പാസാക്കുന്നെങ്കിലും, കോണ്‍‌സ്റ്റബിള്‍ റോളിലെത്തുന്ന ടി.ജി.രവിയും തന്റെ റോള്‍ മോശമാക്കിയില്ല.. ജ്യോതിയായെത്തുന്ന പുതുമുഖം ആയില്യ, മയക്കുമരുന്നുശൃംഗലയിലെ കണ്ണിയും ഡ്രമ്മറുമായ ഉദയനായെത്തുന്ന മണിക്കുട്ടന്‍, ഫ്ലാറ്റിലെ വാച്ച്മാന്റെ റോളിലെത്തുന്ന അഗസ്റ്റിന്‍, ചെറിയായ് വന്ന രമേഷ് പിഷാരടി തുടങ്ങി മറ്റുള്ളവരെല്ലാം തങ്ങളുടെ വേഷം മോശമില്ലാതെ അവതരിപ്പിച്ചു.

എസ്.എന്‍.സ്വാമി എന്ന തഴക്കം വന്ന തിരക്കഥാക്കൃത്തിന്റെ സാന്നിദ്ധ്യം ഈ ചിത്രത്തിലുടനീളമുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ മികച്ച തിരക്കഥകളില്‍ പോസിറ്റീവ് കാണുമോ എന്ന് സംശയമാണ്. ഒരു കുറ്റാന്വേഷണസിനിമയുടെ മുറുക്കം പലപ്പോഴും നഷ്ടപ്പെട്ടതായ് തോന്നി. പിന്നെ ആദ്യ പകുതിയില്‍ ആവശ്യത്തില്‍ കൂടുതല്‍ സംഭവങ്ങള്‍ വന്നത് പ്രേക്ഷകന്‍ സിനിമയിലുള്ള ഫോക്കസ് നഷ്ടപ്പെടാന്‍ കാരണമായി. അന്വേഷണം കൂടുതല്‍ സംഭാഷണങ്ങളിലായ് ഒതുങ്ങുകയും ചെയ്തു. കുറ്റകൃത്യം നടന്ന ഫ്ലാറ്റില്‍ ഫോറന്‍സിക് വിദഗ്ധര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലീസുകാര്‍ വളരെ ലാഘവത്തോടെ ചെയ്യുന്നതായ് തോന്നി. കൊല്ലപ്പെട്ട വ്യക്തിയുടെ ബട്ടന്‍‌സില്‍ നിന്ന് ഒരു മുടിയിഴ പോലീസ് എടുക്കുന്ന രീതി, അതു ലഭിച്ച ഉടനെ കുറ്റവാളിയുടെ മുടി ആയിരിക്കുമെന്ന മട്ടില്‍ പെരുമാറുന്നത്, കൃത്യം നടന്ന ഫ്ലാറ്റില്‍ ഇടയ്ക്കിടെ വന്നു പോകുന്ന അസി.കമ്മീഷണര്‍ ജ്യോതിയെ ചോദ്യം ചെയ്യുമ്പോഴെല്ലാം വിന്നിയെ കൂടെ കൂട്ടുന്നത്, ദിവസങ്ങള്‍ക്ക് ശേഷം ഫ്ലാറ്റിലെ ഡൈനിം‌ഗ് മുറിയിലെ പൂച്ചട്ടിയില്‍ നിന്ന് ‘വലിയൊരു തുമ്പ്’ കണ്ടെടുക്കുന്നത് - ഈ രംഗങ്ങളെല്ലാം കുറ്റാന്വേഷണത്തെ തികച്ചും ബാലിശമായ് മാറ്റിയതായ് തോന്നി. പിന്നെ ഇടയ്ക്കിടെ വന്നു പോകുന്ന – മിസ്‌പ്ലേസ്‌ഡ് ആയ - ജഗതിയുടെ കഥാപാത്രം, പോലീസ് കോണ്‍‌സ്റ്റബിളിന്റെ (ടി.ജി. രവി) അനവസരത്തിലെ പൊട്ട ചോദ്യങ്ങള്‍, ഒട്ടും പുതുമ തോന്നാഞ്ഞ ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവ തിരക്കഥയിലെ പാളിച്ചകളായ് തോന്നി.
പരസ്യങ്ങളില്‍ നിന്നുള്ള സ്വാധീനം വി.കെ.പ്രകാശ് നല്ലൊരളവ് വരെ ഈ ചിത്രത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു എന്നത് ഒരു പോസിറ്റീവ് ഫാക്‍ടര്‍ ആണ്. തിരക്കഥയ്ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് തന്നെ പോസിറ്റീവിനെ ടെക്‍നിക്കലി മികച്ചതാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. പക്ഷെ ഒരു ‘റൊമാന്റിക്ക് ത്രില്ലര്‍‘ ആയി അദ്ദേഹം തന്നെ വിശേഷിപ്പിച്ച ചിത്രത്തില്‍ ത്രില്ലിം‌ഗ് മൊമെന്റ്‌സ് വളരെ കുറവാണ്. അതു തന്നെയാണ് ഈ സിനിമയുടെ പ്രധാനപോരായ്മയും.

ഗണേഷിന്റെ ഛായാഗ്രഹണവും, മഹേഷ് നാരായണിന്റെ ചിത്രസംയോജനവും എടുത്ത് പറയേണ്ടതാണ്. കൂട്ടത്തില്‍ ഗ്രാഫിക്സ് നിര്‍വഹിച്ച (പേരറിയാത്ത) കലാകാരന്മാരെയും! ഛായാഗ്രാഹകന്‍ വെളിച്ചവും നിഴലുകളും നന്നായി പ്രയോഗിച്ചിട്ടുണ്ട്. അമിതവെളിച്ചത്തിന്റെ പ്രശ്നങ്ങള്‍ തീരെയില്ല എന്നതും ആശ്വാസകരം. സിനിമയുടെ സുഗമമായ ഒഴുക്കിനും ആസ്വാദനത്തിനും ഇവര്‍ നല്‍കിയ സംഭാവന ചില്ലറയല്ല. വി.കെ.പ്രകാശിന്റെ മുന്‍‌ചിത്രങ്ങളില്‍ കഥയോട് ചേരാന്‍ മടിച്ചു നിന്നിരുന്ന ഘടകങ്ങളായിരുന്ന ഇവയെല്ലാം ഈ സിനിമയില്‍ ചേരും‌പടി ചേര്‍ന്ന് നില്‍ക്കുന്നു എന്നത് സന്തോഷകരവും പ്രതീക്ഷാജനകവുമാണ്. ബാവയുടെ കലാസംവിധാനം, മേക്കപ്പ്, വസ്ത്രാലങ്കാരം എന്നിവ സിനിമയ്ക്ക് ചേര്‍ന്നതായ്. യൂത്ത് ഫാഷന്‍ എന്ന പേരില്‍ കോപ്രായവസ്ത്രങ്ങളും അധികമേക്കപ്പും അയാഥാര്‍ത്ഥമായ ‘കളര്‍ഫുള്‍’സെറ്റുകളും ഇല്ല എന്നതും ആശ്വാസകരം.
ഗാനങ്ങള്‍
‘ഒരു കാറ്റായ് പാറി നടക്കാം’ എന്ന ടൈറ്റില്‍ ഗാനം പടത്തിന്റെ മൂഡിന് വളരെ ചേര്‍ന്നതായ് തോന്നി. ടൈറ്റില്‍ ഗ്രാഫിക്സും നന്നായിരിക്കുന്നു. ‘എന്തിനിന്നു മിഴിനീരു തൂകി അഴകേ ‍’ എന്ന ഒരു ബഹളഗാനവും ചിത്രത്തിലുണ്ട്. ഒട്ടും ആസ്വാദകരമായ് തോന്നിയില്ല ഈ പാട്ട്, പ്രത്യേകിച്ചും അവസാനത്തോടടുക്കുമ്പോള്‍ സ്വരങ്ങളും വാദ്യോപകരണങ്ങളും ആലാപനവുമെല്ലാം ഒട്ടും ചേര്‍ച്ചയില്ലാതെ വന്‍‌ബഹളമായ് തോന്നി. ഒഴിവാക്കാമായിരുന്നു ഇത്.
വേണുഗോപാല്‍, മഞ്ജരി എന്നിവര്‍ പാടിയ ‘ഒരിക്കല്‍ നീ പറഞ്ഞു’, ജയചന്ദ്രന്റെ ശബ്ദത്തിലുള്ള ‘കണ്ട നാള്‍ മുതല്‍’ എന്ന ഗാനങ്ങള്‍ കൂടി യൂട്യൂബില്‍ കണ്ടു. ഞാന്‍ കണ്ട തിയേറ്ററില്‍ ‘കണ്ട നാള്‍ മുതല്‍’ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ നീ പറഞ്ഞു’ പല്ലവി മാത്രം കണ്ടു, ആലാപനത്തിലും, രചനയിലും ചിത്രീകരണത്തിലും മറ്റു ഗാനങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്ന ഇവ സിനിമയില്‍ ഒഴിവാക്കിയത് സിനിമയുടെ വേഗതയ്ക്കും യൂത്ത്‌മൂഡിനും വിഘാതമാവരുത് എന്നത് കൊണ്ടാണെന്ന് തോന്നുന്നു.

+ ക്യാമറ, എഡിറ്റിം‌ഗ് മറ്റു സാങ്കേതിക വശങ്ങള്‍
+ മുഷിപ്പിക്കാത്ത അവതരണം

+ പുതിയ മുഖങ്ങളുടെ ഫ്രെഷ്‌‌നെസ്സ്
+ ബഹളങ്ങളില്ലാത്ത കുറ്റാന്വേഷണം, ബഹളങ്ങളല്ലാത്ത സംഭാഷണങ്ങള്‍

x കുറേ കൂടി വിശ്വസനീയവും ശാസ്ത്രീയവുമാക്കാമായിരുന്ന കുറ്റാന്വേഷണരീതി
x ത്രില്ലറായ ചിത്രത്തിലെ ‘ത്രില്ലിം‌ഗ് മൊമെന്റ്‌സിന്റെ’ അഭാവം
x നീണ്ടു പോയ ആദ്യ പകുതി
x കോമഡിക്കായ് ഉണ്ടാക്കിയെന്ന പോലത്തെ ചില രംഗങ്ങള്‍

വാല്‍ക്കഷ്ണം: അടുത്തിടെ ഇറങ്ങിയ ഹിറ്റ് കുറ്റാന്വേഷണ ചിത്രങ്ങളായ ‘നാദിയ കൊല്ലപ്പെട്ട രാത്രി’, ‘ചിന്താമണി കൊലക്കേസ്’ തുടങ്ങിയവയേക്കാള്‍ എത്രയോ മെച്ചമാണ് ഈ ചിത്രം. കുറേ കൂടി പ്രീ-പബ്ലിസിറ്റിയുണ്ടായിരുന്നുവെങ്കില്‍ ഇതിലും നല്ല പ്രേക്ഷകപ്രതികരണം ലഭിച്ചേനെ, ആവശ്യത്തിന് മാത്രം ‘യുവത്വം വിളമ്പിയ‘ ബഹളങ്ങളില്ലാത്ത ഈ കൊച്ചു‌ചിത്രത്തിന്.

Tuesday, April 22, 2008

അണ്ണന്‍ തമ്പി: എല്ലാം മമ്മൂട്ടി മയം!

സംവിധാനം: അന്‍‌വര്‍ റഷീദ്
കഥ, തിരക്കഥ, സംഭാഷണം:
ബെന്നി.പി.നായരമ്പലം
നിര്‍മ്മാണം: ഷാഹുല്‍ ഹമീദ് മരിക്കാര്‍, ആന്റോ ജോസഫ്, മരിക്കാര്‍ ഫിലിം‌സ്
അഭിനേതാക്കള്‍: മമ്മൂട്ടി, ജനാര്‍ദ്ദനന്‍, സിദ്ദിക്ക്, ഗോപിക, ലക്ഷ്മി റായി തുടങ്ങിയവര്‍ റിലീസിംഗ് തിയ്യതി: 17 ഏപ്രില്‍‍‍, 2008
സിനിമ കണ്ടത്: 20 ഏപ്രില്‍‍‍, 2008 @ കൈരളി, കോഴിക്കോട്‍
‍ദൃശ്യന്റെ റേറ്റിംഗ്: 3.37 @ 10



തികച്ചും അപ്രതീക്ഷിതമായ ഒരു മുന്നേറ്റമായിരുന്നു അന്‍‌വര്‍റഷീദ്-മമ്മൂട്ടി ചിത്രമായ ‘രാജമാണിക്യം’ കേരളത്തിലെ തിയേറ്ററുകളില്‍ നടത്തിയത്. ഉള്‍നാടന്‍തിരോന്തരംഭാഷയുമായ് വന്ന മാണിക്യത്തെ സാധാരണക്കാരായ മലയാളസിനിമാപ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെട്ടു. വേണ്ട രീതിയില്‍ അവതരിപ്പിച്ചാല്‍ മമ്മൂട്ടിക്ക് ഹാസ്യം വഴങ്ങും എന്ന് ഒരിക്കല്‍ കൂടെ നമ്മെ ഓര്‍മ്മിപ്പിച്ച ഈ വാണിജ്യചിത്രം നിര്‍മ്മാതാവിന്റെയും വിതരണക്കാരന്റേയും പോക്കറ്റില്‍ നാണയകിലുക്കമുണ്ടാക്കി. അങ്ങനെയുള്ള ഒരു സിനിമയുടെ പ്രവര്‍ത്തകര്‍ ഒരിക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ - അതും നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച തിരക്കഥാകൃത്തുമൊത്ത്, ഒരു വിഷുക്കാലത്ത് ഒന്നിക്കുമ്പോള്‍ - നമ്മുടെയെല്ലാം പ്രതീക്ഷകള്‍ വാനോളമുയരുന്നത് സ്വാഭാവികം. പക്ഷെ അന്‍‌വര്‍ റഷീദ്-മമ്മൂട്ടി-ബെന്നി.പി.നായരമ്പലം ടീമിന്റെ ഈ വിഷുസമ്മാനം കണ്ട് മടുത്ത ഒരു മസാലക്കാഴ്ച മാത്രമാണ്. ഫാന്‍സിന്റെ കീശ മാത്രം ലാക്കാക്കി കൊണ്ടുള്ള, പൊള്ളാച്ചി സിന്‍ഡ്രോം കലര്‍ന്ന, ഇത്തരം കോപ്രായപടപ്പുകള്‍ മലയാളസിനിമയുടെ ‘പിന്നോക്ക യാത്ര‘യ്ക്ക് വേഗത കൂട്ടാനേ ഉപകരിക്കൂ.


കഥാസംഗ്രഹം:
പാലക്കാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമം. അവിടത്തെ ബാലെ ആശാനും (ജനാര്‍ദ്ദനന്‍) ഭാര്യയ്ക്കും (ഊര്‍മിള ഉണ്ണി) ആദ്യം പിറന്നത് ഇരട്ട കുട്ടികള്‍. ഗ്രാമത്തില്‍ ഒരു പരിചയക്കാരനെ കാണാന്‍ വരുന്ന ഒരു യാത്രികനെ (ബിജുകുട്ടന്‍) ഇവര്‍ കുരങ്ങ് കളിപ്പിക്കുന്ന രംഗങ്ങള്‍, ശ്രീനിവാസന്റെ കമന്ററിയിലൂടെ, അവതരിപ്പിച്ച് കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ജനിച്ച് വീണത് മുതലേ തമ്മില്‍ കണ്ടാല്‍ പാമ്പും കീരിയും പോലെ വര്‍ത്തിച്ച അവര്‍ ഒരുമിച്ചൊരിടത്ത് വളര്‍ന്നാല്‍ അത് അപമൃത്യുവിലേ കലാശിക്കൂ എന്ന് ജ്യോത്സ്യന്‍ പറഞ്ഞതനുസരിച്ച് ഇരട്ടകളിലൊരാളെ പൊള്ളാച്ചിയിലുള്ള അമ്മാവന്റെ (മണിയന്‍പിള്ള രാജു) അടുത്തയച്ച് പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുന്നു. അതേ തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ അവരുടെ ബന്ധം വഷളാകാനേ ഉപകരിച്ചുള്ളു. എന്തൊക്കെയായാലും ജ്യോത്സ്യോപദേശം പ്രാവര്‍ത്തികമായി, ഇരട്ടകള്‍ വേര്‍പിരിഞ്ഞു. തമ്മില്‍ കണ്ടാല്‍ ഉടനെ പരസ്പരം തല്ലുന്ന ഈ അണ്ണന്റേയും തമ്പിയുടേയും പിന്നീടുള്ള കഥയാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ അന്‍‌വര്‍ റഷീദ് പറയുന്നത്. പക്ഷെ കഥയുടേയും കഥാകഥനരീതിയുടേയും ക്രാഫ്ടിന്റേയും കാര്യത്തില്‍ അദ്ദേഹത്തിന്റെ മുന്‍‌ചിത്രങ്ങളേക്കാള്‍ ദരിദ്രമാണ് ഈ ചിത്രം.

അഭിനയം, സാങ്കേതികം:
സിനിമയില്‍ ആദ്യാന്തം നിറഞ്ഞ് നില്കുന്ന താരപ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത്. പക്ഷെ മമ്മൂട്ടിയിലെ നടന് അഭിമാനിക്കാവുന്ന ഒന്നും തന്നെ ഈ സിനിമയിലില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. വികാരാധീനമായ രംഗങ്ങളില്‍ ‘മമ്മുട്ടി മമ്മൂട്ടിയെ അനുകരിക്കുകയാണോ‘ എന്ന തോന്നല്‍ ഈ സിനിമ കാണുന്നവര്‍ക്കുണ്ടാമെങ്കില്‍ അതിനവരെ കുറ്റം പറയാനാകില്ല. നായികമാരില്‍ ഗോപിക തരക്കേടില്ല. തമിഴത്തിയുടെ ഒരു ഛായയുമില്ലാത്ത പൊള്ളാച്ചിക്കാരിയുടെ റോളില്‍ ലക്ഷ്മി റായ്‌ അഭിനയിക്കാന്‍ തന്നാല്‍ കഴിയും വണ്ണം ശ്രമിച്ചു. മറ്റു ചില അന്യഭാഷാനടികളെ പോലെ അവര്‍ ബോറാക്കിയില്ല എന്നത് തന്നെ ആശ്വാസം. നായകോപഗ്രഹറോളുകളില്‍ സുറാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സിദ്ദിക്ക്, ജനാര്‍ദ്ദനന്‍ എന്നിവര്‍ തങ്ങളുടേതായ നിലവാരം പുലര്‍ത്തി. സലീം കുമാറിന്റെ കണ്ടു പഴകിയ ഹാസ്യശൈലി മടുപ്പുളവാക്കി. ഒരുപാട് പൊട്ടന്‍ഷ്യലുണ്ടെന്ന് തോന്നിപ്പിച്ച ഒരു നടന്‍ ഇത്തരം സ്ഥിരംവേഷങ്ങളില്‍ സ്വയം തളച്ചിടുന്നത് പ്രേക്ഷകന്റെ നഷ്ടമെന്നല്ലാതെ എന്ത് പറയാന്‍. പ്രതീക്ഷയ്ക്കനുസരിച്ചുള്ള ഹാസ്യരംഗങ്ങളില്ല എന്നത് നിരാശയായ് തോന്നി.
‘പൊള്ളാച്ചി‘ സിനിമകളില്‍ സ്ഥിരം കാണുന്ന രംഗങ്ങള്‍ക്കപ്പുറം യാതൊരു പുതുമകളുമില്ലാത്ത കാഴ്ചകളാണ് സംവിധായകന് വേണ്ടി
കലാസംവിധായകന്‍ സുരേഷ്.ജി.കൊല്ലം ക്യാമറാമാന്‍ ലോകനാഥന്‍ എന്നിവര്‍ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളെ തന്റെ ക്യാമറയുമായ് പിന്തുടരുക എന്നതിനപ്പുറം പുതിയ കാഴ്ചകളൊന്നും ഈ സിനിമയിലുള്‍പ്പെടുത്താനുള്ള സാഹസം ലോകനാഥന്‍ കാണിച്ചില്ല. സിനിമയുടെ മുറുക്കം ഇടയ്ക്കിടെ നഷ്ടപ്പെടുത്തിയതിന്റെ ക്രെഡിറ്റ് മറ്റുള്ളവര്‍ക്കുമൊപ്പം ചിത്രസംയോജനം നിര്‍വ്വഹിച്ച ഡോണ്‍‌മാക്സിനുമവകാശപ്പെടാം. ഇത്തരമൊരു ചിത്രത്തില്‍ രംഗങ്ങള്‍ക്കിടയിലെ വേഗത ഒരു പ്രധാനഘടകമെന്നിരിക്കെ, സാങ്കേതികപ്രവര്‍ത്തകര്‍ക്ക്‍ പാസ്സ് മാര്‍ക്കിനും ഇത്തിരി കീഴെയാണ് സ്കോര്‍. സാങ്കേതികഘടകങ്ങളില്‍ വലിയ തെറ്റില്ലാതെ തോന്നിയത് അലക്സ് പോളിന്റെ പശ്ചാത്തലസംഗീതം മാത്രമാണ്. കൂട്ടത്തില്‍ ഏറ്റവും ബോറായ് തോന്നിയത് ‘ചന്ദനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും’ എന്ന മട്ടിലുള്ള കാവ്യജ്ഞാനത്തോടെ പേനയുന്തിയ കവികളുടെ രചനയില്‍ രാഹുല്‍ രാജ് ഈണം പകര്‍ന്ന ശബ്ദകോലാഹലങ്ങളാണ്.

ഡേറ്റ് കിട്ടിയ താരം ഇന്നേ വരെ അവതരിപ്പിക്കാത്തത് ഊമകഥാപാത്രമെന്ന തിരിച്ചറിവ്. ശബ്ദഗാംഭീര്യത്തിന്റെയും ഡയലോഗ് ഡെലിവറിയുടേയും കാര്യത്തില്‍ മികച്ച് നില്‍കുന്ന താരം സംസാരിക്കാത്തത് ആരാധര്‍ക്ക് ഇഷ്ടപ്പെടില്ല എന്നത് കൊണ്ട് ഡബിള്‍ റോള്‍ ആകാം എന്ന വാണിജ്യബുദ്ധി. ഇത് തോന്നിയ ആരോ - നിര്‍മ്മാതാവോ, താരമോ, സംവിധായകണോ, തിരക്കഥാക്കൃത്തോ ആകാം - കഴിഞ്ഞ നാലഞ്ച് കൊല്ലങ്ങളിലിറങ്ങിയ തെക്കേഇന്ത്യയിലിറങ്ങിയ താരചിത്രങ്ങളില്‍ ഒരു പത്തെണ്ണം തികച്ചും കണ്ട ആര്‍ക്കും എഴുതാവുന്ന ഒരു കഥ പടച്ച് കൂട്ടി, മാര്‍ക്കറ്റ് വാല്യു ഉള്ള തിരക്കഥക്കൃത്തിനേയും ഹാസ്യതാരങ്ങളേയും ഒക്കെ ഒരുമിച്ച് നിര്‍ത്തി ഒരു സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നു. അന്‍‌വറിന്റെയോ മമ്മൂട്ടിയുടേയോ ഉള്ളിലെ കലാകാരന്‍ മനസ്സില്‍ അധികമോര്‍ത്തിരിക്കാന്‍ ഇഷ്ടപ്പെടാത്ത സൃഷ്ടിയായിരിക്കും ഇത്.
പക്ഷെ കാര്യങ്ങളിങ്ങനെയൊക്കെയെങ്കിലും രണ്ടര മണിക്കൂര്‍ വലിയ വിഷമം കൂടാതെ കണ്ടിരിക്കാന്‍ പറ്റുന്നു എന്നത് ആശ്വാസം. അതിന് മമ്മൂട്ടിയോടാണ് സംവിധായകന്‍ നന്ദി പറയേണ്ടത്. ‘ഉദയനാണ് താര’ത്തിലെ സൂപ്പര്‍ സ്റ്റാര്‍ പറയുന്നത് പോലെ ‘എന്റെ ആരാധകര്‍ക്ക് രണ്ടര മണിക്കൂര്‍ എന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കണം. അതിന് ഞാന്‍ നല്ല കളര്‍ഫുള്‍ ഡ്രസ്സുകള്‍ ധരിക്കണം. കൂളിംഗ് ഗ്ലാസ്സുകള്‍ മാറ്റി മാറ്റി വെക്കണം’ എന്നതിനെ അക്ഷരംപ്രതി അനുസരിക്കുകയാണോ മമ്മൂട്ടി എന്ന് തോന്നി പോവും ഈ സിനിമ കണ്ടാല്‍. അത്രമാത്രം പ്രതീക്ഷിച്ച് വരുന്ന ഫാന്‍സുകാര്‍ ഈ സിനിമയും ആഘോഷിക്കും എന്നുറപ്പ്!

+ മമ്മൂട്ടി - കഥയിലെ പുതുമയില്ലായ്മ, സംഭവങ്ങളുടെ യുക്തി എന്നിവ മറക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുംവിധം സിനിമ മുഴുവന്‍ നിറഞ്ഞു നില്‍കുന്ന, ആരാധകരെ തൃപ്തിപ്പെടുത്താനുതകുന്ന, താരത്തിന്റെ സാന്നിദ്ധ്യം.

x മമ്മൂട്ടി - പരിഹാസ്യമായി മാറുന്ന ഹാസ്യാനുകരണ ശ്രമം.
x കണ്ടു കണ്ടു മടുത്ത, എളുപ്പത്തില്‍ ഊഹിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങള്‍.
x യുക്തിഭദ്രമല്ലാത്ത തിരക്കഥ, കേട്ടു മടുത്ത സംഭാഷണങ്ങള്‍.
x സിനിമ എങ്ങനെയെങ്കിലും അവസാനിപ്പിച്ച് റിലീസ് ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് തോന്നിക്കുന്ന, ഒട്ടും പ്രാധാന്യം നല്‍കാതെയുള്ള ക്ലൈമാക്സ്.



Wednesday, April 16, 2008

ദേ ഇങ്ങോട്ട് നോക്കിയേ: പമ്പരവിഡ്ഡിത്തരം!

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാലചന്ദ്ര മേനോന്‍
നിര്‍മ്മാണം: എ.വി.അനൂപ്, എ.വി.എ. പ്രൊഡക്ഷന്‍‌സ്
അഭിനേതാക്കള്‍: ജഗതി, ജയസൂര്യ, ബാലചന്ദ്രമേനോന്‍, നെടുമുടി വേണു, തിലകന്‍, ഗോപകുമാര്‍, മാള, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 11 ഏപ്രില്‍‍‍, 2008
സിനിമ കണ്ടത്: 13 ഏപ്രില്‍‍‍, 2008 @ ലാവണ്യ, ബാംഗ്ലൂര്‍
‍ദൃശ്യന്റെ റേറ്റിംഗ്: 0.89 @ 10


രാഷ്ട്രീയം പാശ്ചാത്തലമാക്കിയ ഒരുപാട് കലാ-സാഹിത്യരൂപങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അക്ഷരങ്ങളായും കാഴ്ചകളായും നമ്മെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തവ അനവധി! രാഷ്ട്രീയമെന്ന പോലെ രാഷ്ട്രീയക്കാരന്റെ ജീവിതവും നമുക്ക് ഇഷ്ടവിഷയങ്ങള്‍ തന്നെ. ‘മുഖാമുഖം’, ‘മരണസിംഹാസനം’, ‘വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ’ തുടങ്ങിയ ചിന്തോദ്ദീപകമായ സൃഷ്ടികളെന്ന പോലെ ‘പഞ്ചവടിപ്പാലം’, ‘സന്ദേശം’, ‘അറബിക്കഥ’ തുടങ്ങിയ സരസമായ സിനിമകളും നമ്മള്‍ മനസ്സ് നിറഞ്ഞ് ആസ്വദിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞവയുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നായിരുന്നു ബാലചന്ദ്രമേനോന്‍-മമ്മൂട്ടി ടീമിന്റെ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രം. ഒരു സാധാരണ രാഷ്ട്രീയപ്രവര്‍ത്തകന്റെ കുടുംബജീവിതം സരസമായ് പറഞ്ഞ ഈ ചിത്രത്തിന്റെ സംവിധായകന്‍, പ്രേക്ഷകസമക്ഷം സമര്‍പ്പിച്ച വിഷുക്കണിയത്രേ, അനൂപ് നിര്‍മ്മിച്ച്, ജഗതിയും ജയസൂര്യയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ‘ചലച്ചിത്രം’. സിനിമ എന്നാല്‍ ‘എന്തല്ല’ എന്ന അറിവിനായ് ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് പഠനവിധേയമാക്കാവുന്നതാണ് ലക്ഷ്യബോധമില്ലാത്ത ഈ അറുബോറന്‍ ചിത്രം!

കഥാസംഗ്രഹം:
സിനിമ തുടങ്ങി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ തന്നെ ഏതൊരു പ്രേക്ഷകനും ഊഹിച്ചെടുക്കാന്‍ പറ്റാവുന്ന തരത്തിലുള്ള അതിവിശിഷ്ടമായ ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ വെട്ടിക്കാട് സദാശിവന്‍ (ജഗതി ശ്രീകുമാര്‍) എന്ന നിത്യബ്രഹ്മചാരിയായ കേരളാമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മരുമകന്‍ വെട്ടികാട് ശിവനും (ജയസൂര്യ) ആണ്. മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ അമ്മാവനെ മാതൃകാപുരുഷനായ്‌ മനസ്സില്‍ കൊണ്ട് നടക്കുന്ന തൊഴില്‍‌രഹിതനായ ഒരു ചെറുപ്പക്കാരനാണ് ശിവന്‍. തന്റെ മറ്റൊരു അമ്മാവന്റെ (ജനാര്‍ദ്ദനന്‍) മകള്‍ ചക്കരയുമായ് (പുതുമുഖം ) ശിവന്‍ കൊടും‌പ്രണയത്തിലാണ്. അവരുടെ ശിവ-‘പാര്‍വ്വതി’ ശൃംഗാരങ്ങള്‍ മുറുകുന്നതിനിടയില്‍ കേരളത്തില്‍ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നു. അമ്മാവനെ സര്‍വ്വപിന്തുണയേകാനായ് തിരുവനന്തപുരത്തെത്തുന്ന ശിവന്‍ അദ്ദേഹത്തിന്റെ മറ്റൊരു മുഖം കാണുന്നു, ‘കേരള ജനത‘യ്ക്കായ് അവന്‍ അമ്മാവനെതിരെ തിരിയുന്നു.

ഇലക്ഷനില്‍ മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ തീരുമാനിച്ച അവന്‍ മുറയ്ക്ക് പത്രസമ്മേളനങ്ങള്‍ വിളിച്ച് കൂട്ടുന്നു, കുതന്ത്രങ്ങള്‍ മെനയുന്നു. ‘പ്ലാനിങുകള്‍’ക്കിടയില്‍ പണ്ട് നാട് വിട്ടു പോയ, വെട്ടിക്കാട് സദാശിവന്റെ ഇരട്ടസഹോദരനായ വെട്ടിക്കാട് സാംബശിവന്റെ മുഖം പഴയ ഒരു പത്രത്താളില്‍ അവന്‍ കാണുന്നു. പിന്നെ നടക്കുന്നത് ഏതൊരു കൊച്ച് കുഞ്ഞിനും ഊഹിക്കാവുന്ന കാര്യങ്ങളാണ്. എന്നാല്‍ പറഞ്ഞിരിക്കുന്ന രീതി ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് പോലും വിശ്വസിക്കാനാവാത്ത രീതിയിലും!

അഭിനയം, സാങ്കേതികം:
ജഗതി, നെടുമുടി വേണു, തിലകന്‍, ഗോപകുമാര്‍, മാള, ജനാര്‍ദ്ദനന്‍ തുടങ്ങിയവ അഭിനയമറിയാവുന്ന നടന്മാര്‍ അണിനിരക്കുന്ന ഒരു ചിത്രത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനയമുഹൂര്‍ത്തമോ തരക്കേടില്ലാതെ അഭിനയിച്ചു എന്ന് പറയാന്‍ പോലും ഒരു പേരോ ഇല്ല എന്നത് സങ്കടമുണര്‍ത്തുന്ന കാര്യമാണ്. ജഗതി പോലും നമ്മെ വല്ലാതെ ബോറടിപ്പിക്കുന്ന സിനിമയില്‍ സാങ്കേതികവശം ഒരു ടി.വി. സീരിയലിനേക്കാളും താണ നിലവാരം പുലര്‍ത്തുന്നു എന്നതാണ് പരമാര്‍ത്ഥം. അതിനാല്‍ ഒരു വിഭാഗവും ഏടുത്ത് പറയാന്‍ മുതിരുന്നില്ല ഞാന്‍.


‘കണ്ടാല്‍ മാത്രം വിശ്വസിക്കാനാവുന്ന‘ ഒരു ബാലചന്ദ്രമേനോന്‍ സൃഷ്ടിയാണ് ഈ സിനിമ. പത്ത് മുപ്പത് കൊല്ലങ്ങളായി സിനിമാരംഗത്തുള്ള, നാല്പതിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒരു സംവിധായകന്‍, ഇങ്ങനെ ഒരു സിനിമ പടച്ചുണ്ടാകുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. തന്റേതായ അഭിനയ-സംവിധാനശൈലിയിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഇദ്ദേഹത്തിന്റെ മുന്‍‌ചിത്രമായ ‘കൃഷ്ണാ ഗോപാലകൃഷ്ണാ’ എന്ന മോശം സിനിമയില്‍ പോലും പറയാനായ് ഒരു വിഷയമുണ്ടായിരുന്നു (അത് പറയുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടുവെങ്കിലു). പക്ഷെ ഈ ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും ഈ സിനിമയ്ക്ക് താന്‍ തിരക്കഥ എഴുതിയിരുന്നെങ്കില്‍ ഇത്രയും ബോറാകുമായിരുന്നില്ല എന്ന് തോന്നിയാല്‍ കുറ്റം പറയാനാകില്ല! ഇതില്‍ കൂടുതല്‍ ഈ സിനിമയെ കുറിച്ച് എഴുതി സമയം കളയാന്‍ ഞാനും ആഗ്രഹിക്കുന്നില്ല!!!

+ വട്ടപൂജ്യം!


x ഒരുപാടൊരുപാടൊരുപാട്!! ഇരുന്നൂറ് പേജിന്റെ ഒരു നോട്ട്ബുക്കില്‍ എഴുതി നിറയ്ക്കാന്‍ പ്രയാസമേതുമുണ്ടാവില്ല!!!


വാല്‍ക്കഷ്ണം:
ഈ സിനിമയുടെ പോസ്റ്ററുകളൊന്നില്‍ ഇങ്ങനെ കണ്ടു - An Idiotic film with intention and intelligence. idiotic എന്ന വിശേഷണത്തോട് പരിപൂര്‍ണ്ണമായും യോജിക്കുന്നു. intention and intelligence സിനിമയിലെങ്ങും കണികാണാന്‍ കിട്ടിയതുമില്ല. വിഷുക്കണിയായ് ഇത്തരം സിനിമകള്‍ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഈ കൊല്ലം ഇനി സിനിമ കാണുകയേ ഇല്ല എന്ന് തീരുമാനിച്ചാല്‍ തന്നെ അതിശയിക്കാനില്ല!

Wednesday, March 12, 2008

ജോധാ അക്‍ബര്‍: ചരിത്രവും ഭാവനയും ചേര്‍ന്ന നല്ല മിശ്രണം

സംവിധാനം: അഷുതോഷ് ഗൊവാരിക്കര്‍
കഥ: ഹൈദര്‍ അലി
തിരക്കഥ: ഹൈദര്‍ അലി, അഷുതോഷ് ഗൊവാരിക്കര്‍
സംഭാഷണം: കെ.പി. സക്സേന
നിര്‍മ്മാണം: റോണി സ്ക്രൂവാല (UTV), അഷുതോഷ് ഗൊവാരിക്കര്‍ (AGPLL)
അഭിനേതാക്കള്‍: ഹൃതിക്ക് റോഷന്‍, ഐശ്വര്യ ബച്ചന്‍, കുല്‍ബുഷന്‍ കര്‍ബന്ധ, സോനു സൂദ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 15 ഫെബ്രുവരി‍, 2008
സിനിമ കണ്ടത്: 19 ഫെബ്രുവരി, 2008 @ രാധാകൃഷ്ണ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 7.47 @ 10





‘ലഗാന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ‘കലാബോധമുള്ള’ സംവിധായകരുടെ ഗണത്തില്‍ ചേര്‍ന്നയാളാണ് അഷുതോഷ് ഗവാരിക്കര്‍. ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ അതിനടിവരയിടുകയും ചെയ്തു. ചരിത്രപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ മറന്ന് ഒരു സിനിമ എന്ന നിലയില്‍ വിലയിരുത്തിയാല്‍, അഷുതോഷിന്റെ രണ്ട് മുന്‍‌ചിത്രങ്ങളേക്കാളും മികച്ച ഒന്നാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം - ഹൃതിക്ക് റോഷന്‍, ഐശ്വര്യ ബച്ചന്‍ എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജോധാ-അക്‍ബര്‍’.
കഥാസംഗ്രഹം: ഹുമയൂണിന്റെ മരണത്തിന് ശേഷം പതിമൂന്നുകാരനായ ജലാലുദ്ദീന്‍ മുഹമ്മദ് ചക്രവര്‍ത്തിയായി അധികാരമേറ്റ കാലഘട്ടത്തില്‍ നിന്നാണ് സിനിമയാരംഭിക്കുന്നത്. മുന്‍‌കാലമുഗള്‍ ചക്രവര്‍ത്തിമാരില്‍ നിന്ന് വേറിട്ട കാഴ്ചപ്പാടാണ് ശത്രുക്കളോടും പ്രജകളോടും അദ്ദേഹത്തിനുള്ളതെന്ന് ആദ്യരംഗത്തില്‍ തന്നെ നമ്മെ അറിയിക്കുന്നു സംവിധായകന്‍. സമാന്തരമായി, രജപുത്രരാജാവായ ബാര്‍മലിന്റെ (കുല്‍ബുഷന്‍ കര്‍ബന്ധ) മകള്‍ ഹിരാ കുന്‍‌വാരി എന്ന ജോധയുടെ ബാല്യം, സഹോദരതുല്യനായ സുജാമലുമായുള്ള കായിക-ആയോധനാഭ്യാസങ്ങളിലൂടെ നാം കാണുന്നു. കൌമാരത്തില്‍ നിന്ന് യൌവനത്തിലേക്കെത്തിയപ്പോഴേക്കും ജലാലുദ്ദീന്‍ മുഹമ്മദ് (ഹൃതിക്ക് റോഷന്‍) രാഷ്ടീയപരമായി പതിന്മടങ്ങ് ശക്തനായി കഴിഞ്ഞിരുന്നു. മുഗളന്മാര്‍ക്ക് കപ്പം നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം രജപുത്രരാജാക്കന്മാര്‍ക്കിടയില്‍ അതൃപ്തിയും എതിര്‍പ്പുമുളവാക്കി. രാജ്യഭരണത്തിലെ പ്രമുഖസ്ഥാനമാനങ്ങള്‍ തനിക്ക് ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന സുജാമല്‍ (സോനു സൂദ്) മറ്റു രജപുത്രരുമായി കൂട്ടു ചേര്‍ന്ന് തനിക്കെതിരെ ആക്രമണത്തിനൊരുങ്ങുന്നതറിഞ്ഞ ബാര്‍മല്‍ മുഗളന്മാരുമായി ബന്ധം ആഗ്രഹിക്കുന്നു, തന്റെ മകളെ വിവാഹം കഴിക്കണമെന്ന് ജലാലുദ്ദീനോടാവശ്യപ്പെടുന്നു. രാഷ്ട്രീയപരമായി ഈ നീക്കം തങ്ങള്‍ക്ക് ഗുണപരമാകുമെന്ന് മനസ്സിലാക്കിയ ജലാലുദ്ദീന്‍ വിവാഹത്തിന് സമ്മതിക്കുന്നു. ജോധ (ഐശ്വര്യ ബച്ചന്‍) ഈ വിവാഹത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നെങ്കിലും വേറെ നിവൃത്തിയില്ലെന്നറിഞ്ഞ അവള്‍ ജലാലുദ്ദീനു മുന്നില്‍ ചില നിബന്ധനകള്‍ വെയ്ക്കുന്നു. അതെല്ലാം സമ്മതിച്ച് കൊണ്ട് ജോധയെ രാജ്ഞിയായ് മുഗള്‍കൊട്ടാരത്തിലെത്തിക്കുന്ന ജലാലുദ്ദീന്റെ മുന്നില്‍ പ്രശ്നങ്ങള്‍ ഏറെയായിരുന്നു - ജോധയുള്‍പ്പടെ! അവര്‍ക്കിടയില്‍ പതിയെ ഉടലെടുക്കുന്ന സ്നേഹബന്ധവും ജലാലുദ്ദീനിന്‍ നിന്ന് അക്‍ബറിലേക്കുള്ള മുഗള്‍ചക്രവര്‍ത്തിയുടെ പ്രയാണവുമാണ് പിന്നീട് ഈ സിനിമ പ്രതിപാദിക്കുന്നത്.

അഭിനയം, സാങ്കേതികം: ഒരു ചരിത്രപുരുഷനായ് നമ്മുടെയെല്ലാം മനസ്സിലുള്ള അക്‍ബറിന്റെ വീര-പ്രണയ-രൌദ്ര-രാഷ്ടീയഭാവങ്ങള്‍ അവതരിപ്പിക്കുക ഏതൊരു നടനും വലിയ ഒരു വെല്ലുവിളി തന്നെയാണ്. തന്റെ കഴിവിന്റെ പരിമിതികള്‍ മനസ്സിലാക്കി കൊണ്ട്, വീരത്വത്തേക്കാള്‍ അക്‍ബറിന്റെ മാനുഷികഭാവങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അഷുതോഷ് തയാറാക്കിയ അക്‍ബറെ അവതരിപ്പിക്കുന്നതില്‍, ഒരു പരിധി വരെ ഹൃതിക്ക് വിജയിച്ചിട്ടുണ്ട് - സൂക്ഷ്മാഭിനയത്തിന്റെ അഭാവം നമ്മെ ചിലപ്പോഴൊക്കെ അലോസരപ്പെടുത്തുമെങ്കിലും!

മറുവശത്ത് ജോധയാവാന്‍, പ്രത്യേകിച്ചും ജോധയുടെ ‘രജപുത്ര’ഭാവങ്ങളാവിഷ്ക്കരിക്കാന്‍ ഐശ്വര്യ തെല്ല് കഷ്ടപ്പെടുന്നതായ് തോന്നി. ശുഷ്കമായ മുഖാഭിനയം ഈ സിനിമയിലും ഐശ്വര്യയുടെ പ്രശ്നമായി തുടരുന്നെങ്കിലും അമിതാഭിനയത്തിലേക്ക് വഴുതി വീഴാതെ തന്റെ കഥാപാത്രത്തെ ഐശ്വര്യ കാത്തു. അവരുടെ അഭിനയത്തിന്റെ ഗ്രാഫില്‍ ഈ ചിത്രം വളരെ മുകളിലായിരിക്കുമെന്നതില്‍ സംശയമില്ല.

അഭിനയമേഖലയില്‍ അതിശയിപ്പിക്കുന്ന പുരോഗതി കാണിച്ചിരിക്കുന്ന ഒരു നടന്‍ സോനു സൂദ് ആണ്. രാജ്‌കുമാര്‍ സുജാമലിനെ സോനു വളരെ ഭംഗിയായ് അവതരിപ്പിച്ചിരിക്കുന്നു. അമിതാഭിനയത്തിലേക്ക് വഴുതി വീഴാവുന്ന രംഗങ്ങളില്‍ അദ്ദേഹത്തെ വരിഞ്ഞു കെട്ടി അഭിനയിപ്പിച്ചതില്‍ സംവിധായകനും ഉണ്ട് നല്ലൊരു പങ്ക്.

അക്‍ബറിന്റെ ജീവിതത്തെ ഒരു പരിധി വരെ നിയന്ത്രിച്ചിരുന്ന മഹാം അംഗയെ അവതരിപ്പിച്ച ഇളാ അരുണ്‍ തന്റെ കഥാപാത്രത്തെ മനോഹരമായ് അവതരിപ്പിച്ചിട്ടുണ്ട്. തന്റെ ചെയ്തികളെ അക്‍ബര്‍ ചോദ്യം ചെയ്യുന്ന രംഗത്തില്‍ മാഹം അംഗയുടെ മനോവികാരങ്ങളും നിര്‍വ്വികാരതയും മനസ്സില്‍ തട്ടും വിധം അവര്‍ അഭിനയിച്ചിരിക്കുന്നത് എടുത്ത് പറയാതിരിക്കാനാവില്ല. മഹാം അംഗയുടെ മകനായ ആദം ഖാനായ് വന്ന ഷാജി ചൌധരി, മുഖ്യപ്രതിനായകനായ് ഷരിഫുദ്ദിന്‍ ഹുസ്സൈനെ അവതരിപ്പിച്ച നികിതിന്‍ എന്നിവരും നന്നായിട്ടുണ്ട്. മറ്റുള്ള കഥാപാത്രങ്ങളും പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍ക്കും വിധം തങ്ങളുടെ റോളുകള്‍ നന്നാക്കിയിട്ടുണ്ട്.

ബല്ലു സഹൂജയുടെ ചിത്രസംയോജനം നീളമേറേയുള്ള സിനിമയുടെ വേഗതയ്ക്ക് ആക്കം കൂട്ടാനേറേ പ്രയാസപ്പെട്ടിട്ടുണ്ട്. ഇത്രയും നീളമുള്ള സിനിമ വിരസമാവാതെ രക്ഷപ്പെടുത്തിയതില്‍ സംവിധായകനോടോപ്പം അദ്ദേഹത്തിനുമുണ്ട് വലിയൊരു പങ്ക്. ഓരോ രംഗങ്ങളും ആവശ്യപ്പെടുന്നരീതിയില്‍, രംഗങ്ങളുടെ വികാരതീവ്രത ചോര്‍ന്നു പോകാത്ത വിധം വിശദമായ ഷോട്ടുകളിലൂടെ ഛായാഗ്രഹണകലയിലെ തന്റെ കഴിവ് കിരണ്‍ പ്രകടിപ്പിച്ചിരിക്കുന്നു. നീത ലുല്ലയുടെ വസ്ത്രാലങ്കാരവും മാധവ് കദമിന്റെ മേക്കപ്പും രവി ദേവന്റെ സ്റ്റണ്ട്‌സും സ്റ്റീഫന്‍ ഗോംസിന്റെ ശബ്ദലേഖനവുംസിനിമയ്ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. സിനിമയ്ക്കനുയോജ്യമായ രീതിയില്‍ ചെയ്തിട്ടുള്ള പങ്കജിന്റെ (ടാറ്റാ എലക്സി) വിഷ്വല്‍ ഇഫക്ട്‌സ് നന്നായിട്ടുണ്ട്. ഉദയസൂര്യന്റെ ആദ്യകിരണങ്ങള്‍ ജോധയുടെ അന്ത:പുരത്തിലെ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന രംഗം പ്രത്യേകപരാമര്‍ശയോഗ്യമാണ്.
ഗാനങ്ങള്‍: ഒരു ചരിത്ര-പ്രണയകഥയില്‍ സംഗീതം ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്. ജോധാ-അക്‍ബറില്‍ അഷുതോഷ് തന്റെ മുന്‍‌ചിത്രങ്ങളിലെ സംഗീതശില്പികളെ തന്നെയാണ് ഈ ദൌത്യം ഏല്പിച്ചിരിക്കുന്നത്. ജാവേദ് അക്തറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ഏ. ആര്‍. റഹ്‌മാന്‍.

ജാവേദ് അലി ആലപിച്ച ‘ജഷ്‌ന്‍ യെ ബഹാറാ ഹെ’ എന്നിവയ്ക്ക് ‘പുതിയ മുഖ’ത്തിലെ ഗാനങ്ങളുടെ വിദൂരഛായയുണ്ട്. ‘അസീം ഓ ഷഹന്‍ഷാ‘ (ഗായകന്‍: അസീം) എന്ന സൂഫിഗാനത്തിന്റെ പശ്ചാത്തലസംഗീതം ചിലയിടങ്ങളില്‍ ലഗാനിലെ ‘ഗനന്‍ ഗനന്‍’ എന്ന ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്നു.ഈ ഗാനത്തിലും ‘ഖ്വാജാ മേരെ ഖ്വാജാ‘ (ഗായകന്‍: ഏ.ആര്‍. റഹ്‌മാന്‍) എന്ന ഗാനത്തിലും കോറസ് അതിമനോഹരമായ് ഉപയോഗിച്ചിരിക്കുന്നു സംഗീതസംവിധായകന്‍ എന്നത് എടുത്തു പറയേണ്ടതാണ്. ‘മന്‍ മോഹന’ (ഗായിക: ബേല) എന്ന ഭജന്‍ തരക്കേടില്ല. പാട്ടുകള്‍ക്ക് വേണ്ടി സീനുകളുണ്ടാക്കാതെ സീനുകളുടെ മൂഡിനനുസരിച്ചാണ് എല്ലാ ഗാനങ്ങളും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മധുശ്രീ, സോനു നിഗം എന്നിവര്‍ മനോഹരമായ് ആലപിച്ച ‘ഇന്‍ ലഹോം കെ ദാമന്‍ മേം‘ എന്ന ഗാനചിത്രീകരണം ഒരു ഉദാഹരണം മാത്രം. ജോധാ-അക്‍ബറിന്റെ ആദ്യസമാഗമം അതിസൂക്ഷ്മമായും മനോഹരമായും ഈ ഗാനത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു സംവിധായകന്‍. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ പ്രതിഫലിക്കുന്ന രീതിയില്‍, സംഗീതത്തിനൊപ്പം ചലനങ്ങളൊ‍രുക്കിയ ചിന്നി പ്രകാശ്, രേഖ പ്രകാശ്, രാജു ഖാന്‍ എന്നിവര്‍ താന്താങ്ങളുടെ പങ്ക് മികച്ചതാക്കി.

എഴുത്തും സിനിമാഭാഷയും: ഒരു സിനിമയ്ക്കാവശ്യമായ സിറ്റുവേഷന്‍സും സംഭാഷണങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതില്‍ സംവിധായകനും സഹ-എഴുത്തുകാരും വിജയിച്ചു എന്ന് തന്നെ വേണം കരുതാന്‍. സിനിമയോട് ഇഴുകി ചേര്‍ന്ന് കാണാന്‍ പ്രേക്ഷകന് അവസരം നല്‍കുന്ന പല രംഗങ്ങളും സിനിമയിലുണ്ട്. കീഴടങ്ങിയ ശത്രുവിനെ കൊല്ലുന്ന പാരമ്പര്യം താന്‍ ഉപേക്ഷിക്കുന്നു എന്ന് പതിമൂന്നുകാരനായ ചക്രവര്‍ത്തി പടനായകന്‍ ബൈരം ഖാനോട് (യുരി) പറയുന്ന രംഗം, താന്‍ നിരക്ഷരനാണെന്ന് അക്‍ബര്‍ ജോധയോട് പറയുന്ന രംഗം, വിവാഹത്തലേന്നത്തെ സൂഫിമാരുടെ പാട്ടില്‍ ലയിച്ച് ചക്രവര്‍ത്തി നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന രംഗം, തന്റെ പ്രധാനമന്ത്രിയായിരുന്ന അത്കാ ഖാനെ കൊന്ന ആദം ഖാനെ കൊട്ടാരത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു കൊല്ലാന്‍ അക്‍ബര്‍ കല്പിക്കുന്ന രംഗം, ട്രോയ് എന്ന സിനിമയില്‍ നിന്ന് അടര്‍ത്തിയെടുത്ത ക്ലൈമാക്സ് സീന്‍ എന്നിവ അവയില്‍ ചിലത് മാത്രം.

30% ചരിത്രം 70% ഭാവന എന്നാണ് ഒരു അഭിമുഖത്തില്‍ അഷുതോഷ് ഈ സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്. അതനുസരിച്ച് വിലയിരുത്തിയാല്‍ ജോധാ അക്‍ബര്‍ നല്ലൊരു ചിത്രം തന്നെയാണ്. എങ്കിലും ഇത്തിരി ചരിത്രമറിയുന്നവര്‍ക്ക് മനസ്സില്‍ ഒരു പാട് സംശയങ്ങളുയരുക സ്വാഭാവികം. അക്‍ബറിന്റെ ആദ്യഭാര്യയെ കുറിച്ച് സിനിമയില്‍ പരാമര്‍ശങ്ങളൊന്നും തന്നെ ഇല്ല. ഈ സിനിമ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത് ജോധയും അക്‍ബറുമായുള്ള ബന്ധമായതിനാലാണ് അക്‍ബറിന്റെ ജീവിതത്തിലെ ചരിത്രപരമായ് പ്രാധാന്യം പുലര്‍ത്തുന്ന പല രംഗങ്ങളും ഒഴിവാക്കിയിയിരിക്കുന്നത് എന്ന വാദം മുഖവിലയ്ക്കെടുത്താലും, വൈകാരികമായി ജോധയെ ബാധിക്കാമായിരുന്ന ഈ കഥാപാത്രത്തിന്റെ അഭാവം വിശദീകരണം അര്‍ഹിക്കുന്നതാണ്. ഇത്തരം സംശയങ്ങള്‍ മനസ്സിലുണര്‍ത്തുമെങ്കിലും രചനാപരമായും സാങ്കേതികപരമായും മികച്ചു നില്‍കുന്നു അഷുതോഷ് ചരിത്രത്തില്‍ ഭാവന ചേര്‍ത്തുണ്ടാക്കിയ ഈ ചലച്ചിത്രം - ബോളിവുഡില്‍ നിന്ന് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന നല്ല ചിത്രങ്ങളില്‍ ഒന്ന്!


+ കഥയുടെ, സിനിമയുടെ മര്‍മ്മമറിഞ്ഞ സംവിധാനം
+ സാങ്കേതികവിഭാഗം
+ ഗാനങ്ങള്‍, ഗാനരംഗങ്ങള്‍

x മെച്ചപ്പെടുത്താമായിരുന്ന മുഖ്യകഥാപാത്രങ്ങളുടെ അഭിനയം. സൂക്ഷ്മാഭിനയത്തിന് ഒരു പാട് സാദ്ധ്യതകളുണ്ടായിരുന്ന പാത്രങ്ങള്‍ക്ക് തങ്ങളുടേതായ പങ്ക് വലുതായൊന്നും നല്‍കാന്‍ ഹൃതിക്കിനും ഐശ്വര്യക്കുമായില്ല എന്ന് വേണം കരുതാന്‍. മോശമാക്കിയില്ല എന്നത് ആശ്വാസം.
x നീളം: 3മണിക്കൂര്‍ 20 മിനിട്ട് ഇത്തരമൊരു സിനിമയ്ക്ക് അവശ്യമെങ്കിലും, ചില പാട്ടുകളും സീനുകളും ഒഴിവാക്കി നീളം അല്പം ഒന്നു കുറച്ചിരുന്നെങ്കില്‍ വളരെ നന്നായേനെ.

Monday, March 10, 2008

ഇന്ദ്രലോകത്തില്‍ നാ. അഴകപ്പന്‍ - എന്തിനോ വേണ്ടി ഒരു സിനിമ!

കുറിപ്പ്: ഒരു പാട് നാളുകള്‍ക്ക് മുന്‍പാണ് ഈ സിനിമ കണ്ടത്. ഇത്തരം പടപ്പുകളെ കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു മുന്നറിയിപ്പായി കൊള്ളട്ടെ എന്ന് കരുതിയാണ് ഇത്തിരി വൈകിയെങ്കിലും ഈ കുറിപ്പെഴുതുന്നത്.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: തമ്പി രാമയ്യ
നിര്‍മ്മാണം: മാണിക്കം നാരായണന്‍, സെവന്‍‌ത്ത് ചാനല്‍
അനേതാക്കള്‍: വടിവേലു, നാസര്‍, യാമിനി ശര്‍മ, ത്യാഗു, മനോബാല, സുമിത്ര, ശ്രേയ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 1ഫെബ്രുവരി‍, 2008

സിനിമ കണ്ടത്: 8 ഫെബ്രുവരി‍, 2008 @ ലാവണ്യ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 2.50 @ 10


‘ഹിംസൈ അരശന്‍ 23-ആം പുലികേശി’ എന്ന സിനിമയുടെ അപ്രതീക്ഷിതവിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തമ്പി രാമയ്യ രചന-സംവിധാനം നിര്‍വ്വഹിച്ച് വടിവേലു ത്രിബിള്‍ റോളില്‍ അഭിനയിച്ച സിനിമയാണ് ഇന്ദ്രലോകത്തില്‍ നാ. അഴകപ്പന്‍. സിനിമയെ മനസ്സിലാക്കിയവരും ആ ‘സംഗതി’’ അറിയാത്തവരും തമ്മിലുള്ള അജഗജാന്തരമാണ് ഈ രണ്ടു സിനിമകളും കാണുന്ന ഒരു പ്രേക്ഷകന് ബോദ്ധ്യമാവുന്നത്.

കഥാസംഗ്രഹം.:
ഒരു മകനുണ്ടായി കഴിഞ്ഞാലുടന്‍ നാടു വിട്ടു പോകുന്ന അച്ഛന്മാരുടെ പാരമ്പര്യമുള്ള കുടുംബത്തിലെ ഇപ്പോഴത്തെ ‘മകന്‍‘ ആണ് നാ. അഴകപ്പന്‍ (വടിവേലു). ഒരു നാടകനടനായ അഴകപ്പന്‍ അമ്മയുടെ (സുമിത്ര) നിര്‍ബന്ധപ്രകാരം കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നു. രണ്ടാംവിവാഹയോഗം ജാതകത്തില്‍ കണ്ട് വ്യസനിച്ക് നിന്ന അഴകപ്പന് സുഹൃത്തുക്കള്‍ (ത്യാഗു, മനോബാല തുടങ്ങിയവര്‍) ഒരു പോം‌വഴി പറഞ്ഞു കൊടുക്കുന്നു. അമ്പലപറമ്പില്‍ പുതിയതായ് പ്രത്യക്ഷപ്പെട്ട സ്ത്രീപ്രതിമയ്ക്ക് മാല ചാര്‍ത്തി അവളെ ഭാര്യയാക്കുക. പിന്നെ കുറച്ച് കാലം കഴിഞ്ഞ് ഒരു ‘രണ്ടാം വിവാഹം’ ചെയ്ത് സുഖമായ് ജീവിക്കുക. മറ്റു വഴികളൊന്നും ഇല്ലാത്തതിനാല്‍ അഴകപ്പന്‍ ആ ഉപദേശം സ്വീകരിച്ച് ശിലയെ മാലയിട്ട് ഭാര്യയാക്കുന്നു. അന്നു രാത്രി രണ്ട് ഭൂതരൂപിണികള്‍‍ വന്ന് അവനെ പിടിച്ച് കൊണ്ട് സ്വര്‍ഗ്ഗലോകത്തില്‍ കൊണ്ടു പോകുന്നു. താന്‍ കല്യാണം ചെയ്തത് ശാപമോക്ഷം ലഭിച്ച് കഴിയുന്ന ദേവലോകനര്‍ത്തകി രംഭ (യാമിനി ശര്‍മ) യുടെ പ്രതിമയാണെന്ന സത്യം അപ്പോഴാണ് അവനറിയുന്നത്. ഇനി മുതല്‍ എല്ലാ രാത്രിയും സ്വര്‍ഗ്ഗവാതില്‍ അവനു വേണ്ടി തുറന്നു കിടക്കുമെന്ന് രംഭ അവനോട് പറയുന്നു. സ്വര്‍ഗ്ഗലോകവീഥികളിലൂടെയുള്ള അഴകപ്പന്റെ യാത്രകളും അവന്‍ കണ്ടു മുട്ടുന്ന ഇന്ദ്രന്‍ (വടിവേലു), യമന്‍ (വടിവേലു), നാരദന്‍ (നാസര്‍) എന്നീ മുഖങ്ങളുമാണ് പിന്നീട് സിനിമയില്‍ പ്രേക്ഷകനെ കാത്തിരിക്കുന്നത്.

അഭിനയം, സാങ്കേതികം:
കുട്ടിക്കാലത്ത് വായിച്ച ഒരുപാട് സാരോപദേശ കഥകള്‍ വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പക്ഷെ ഒരു സിനിമയില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് അത് മാത്രമല്ലല്ലോ !!! അഭിനയമേഖലയില്‍ പ്രേക്ഷകനെ പ്രീതിപ്പെടുത്താന്‍ ഇതിലഭിനയിച്ച ഒരാള്‍ക്കുമായില്ല. തനിക്ക് കഴിയുന്നതിനേക്കാള്‍ എ‍ത്രയോ മോശമായാണ് അഴകപ്പന്‍-ഇന്ദ്രന്‍-യമന്‍ എന്ന് റോളുകളിലുള്ള വടിവേലുവിന്റെ അഭിനയം. അവസാനരംഗങ്ങളിലുള്ള വാര്‍ദ്ധക്യരൂപവും ഭാവങ്ങളും സ്കൂള്‍ നാടകങ്ങളെ ഓര്‍മ്മിപ്പിച്ചു. നാടകത്തിന്റെ ദൃശ്യഭാഷയോട് സാമ്യതയുള്ളതാവണം ഈ സിനിമയുടേതെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. കഥയും സംഭാഷണങ്ങളും രംഗസജ്ജീകരണങ്ങളും ചമയ-വസ്ത്രാലങ്കാരവും, എന്തിന് തിരക്കഥ പോലും നാടകത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്. അതു തന്നെയാണ് ഈ ചലച്ചിത്രത്തിന്റെ മുഖ്യപ്രശ്നവും.
ഗോപിനാഥിന്റെ ക്യാമറയ്ക്കും ആന്റണിയുടെ ചിത്രസംയോജനത്തിനും സാബേഷ്-മുരളി ഒരുക്കിയ ഗാനങ്ങള്‍ക്കും ചിത്രത്തിന്റെ ഈ ദുര്‍ഗതിയില്‍ തങ്ങളുടേതായ പങ്കുണ്ട്. ഗസ്റ്റ് റോളില്‍ വരുന്ന ശ്രേയയുടെ ഐറ്റം നമ്പര്‍ പോലും പ്രേക്ഷകരില്‍ യാതൊരു വിധത്തിലുള്ള ചലനവും സൃഷ്ടിക്കുന്നില്ല. ഒരു മോശം തിരനാടകം സിനിമയാക്കിയതിന്റെ ‘മുഴ‘കള്‍ ഉടനീളം കാണാവുന്ന ഈ സിനിമയില്‍ വടിവേലുവിന്റെ ചുരുക്കം ചില തമാശകളും കുറേയേറേ കോപ്രായങ്ങളും മേനക-രംഭ-തിലോത്തമാരുടെ മാദകനൃത്തരംഗങ്ങളും തോട്ടാതരണിയുടെ സെറ്റുകളും മാത്രമാണ് പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ പിടിച്ചിരുത്തുന്നത്.

വാല്‍ക്കഷ്ണം:
സിനിമയെന്ന മാധ്യമത്തെ കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത ‘സിനിമാ’സൃഷ്ടാക്കള്‍ നല്ല ചില സാങ്കേതികവിദഗ്ദരുടെ സഹായത്തോടെ ഒരുക്കുന്ന ഇത്തരം ചിത്രങ്ങള്‍, പുതിയ ചിന്തകളും പുത്തന്‍ ആശയങ്ങളും വ്യത്യസ്തമായ അവതരണശൈലിയുമായുള്ള തമിഴ് സിനിമയുടെ പ്രയാണത്തിന് എതിരെ നില്‍ക്കുന്നവയാണ്.


+ തോട്ടാതരണിയുടെ വര്‍ണ്ണശബളമായ സെറ്റുകള്‍


x കൃത്രിമാഭിനയം

x കാമ്പില്ലാത്ത കഥ, നാടകീയമായ രംഗങ്ങള്‍, ഒഴുക്കില്ലാത്ത തിരക്കഥ
x അനാവശ്യമായ ഗ്ലാമര്‍ പ്രകടനം, കഥാപാത്രങ്ങള്‍

------------------------------------------------------------------------------------------------
മറ്റു നിരൂപണങ്ങള്‍
http://entertainment.oneindia.in/tamil/reviews/2008/indiralogathil-na-azhagappan-review-020208.html
http://www.hindu.com/cp/2008/02/08/stories/2008020850090300.htm
http://www.indiaglitz.com/channels/tamil/review/9313.html

Wednesday, January 30, 2008

കല്‍ക്കത്താ ന്യൂസ്: നിരാശാജനകം, ബ്ലെസ്സി ചിത്രമായതു കൊണ്ട് മാത്രം!

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ലെസ്സി
നിര്‍മ്മാണം: തമ്പി ആന്റണി, കായല്‍ ഫിലിംസ്
അഭിനേതാക്കള്‍: ദിലീപ്, മീരാ ജാസ്മിന്‍, ഇന്നസെന്റ്, ഇന്ദ്രജിത്ത്, വിമലാരാമന്‍, കൃഷ്ണമൂര്‍ത്തി (കാതല്‍ ഫെയിം), ടോം ജേക്കബ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 25 ജനുവരി‍‍, 2008
സിനിമ കണ്ടത്: 26 ജനുവരി‍‍, 2008 @ കൈരളി, കോഴിക്കോട്
ദൃശ്യന്റെ റേറ്റിംഗ്: 5.98 @ 10


കാഴ്ച, തന്മാത്ര, പളുങ്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലെസ്സി കഥ-തിരക്കഥയൊരുക്കി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കല്‍ക്കത്ത ന്യൂസ്. ദിലീപ്-മീരാജാസ്മിന്‍ ജോഡികള്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കായല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് തമ്പി ആന്റണിയാണ്. കാഴ്ച, തന്മാത്ര (പളുങ്ക് കാണാന്‍ ഇതു വരെ എനിക്കായില്ല) എന്ന മുന്‍‌കാലചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷകനെ ബ്ലെസ്സി നിരാശപ്പെടുത്തുമെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കല്‍ക്കത്ത ന്യൂസും കാണിച്ചു തരുന്നുണ്ട്. ഒരുപക്ഷെ, ഒന്ന് രണ്ട് റീല്‍ കുറച്ച് ഈ ചിത്രം ഒന്ന് റീ-ഫോര്‍മാറ്റ് ചെയ്തിരുന്നെങ്കില്‍ കഴിഞ്ഞ 3-4 കൊല്ലത്തിനിടയ്ക്ക് മലയാളത്തിളിറങ്ങിയ നല്ല ചിത്രങ്ങളിലൊന്നായ് മാറിയേനെ ഈ ചിത്രം.

കഥാസംഗ്രഹം:
കല്‍ക്കത്താനഗരത്തില്‍ ജനിച്ച് വളര്‍ന്ന്, ഇപ്പോള്‍ കല്‍ക്കത്താന്യൂസ് എന്ന ചാനലിന്റെ റിപ്പോര്‍ട്ടറായ് ജോലി ചെയ്യുന്ന അജിത് തോമസിന്റെ (ദിലീപ്) ‘ഷാഡോസ് ഓഫ് കല്‍ക്കത്ത’ എന്ന ഡോക്യു-ഫിക്ഷന്‌ ലഭിച്ച ഇന്റര്‍നാഷണല്‍ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങോടെയാണ് സിനിമ ആരംഭിക്കുന്നത്. ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട അജിത് അമ്മയും രണ്ട് സഹോദരികളോടുമൊന്നിച്ചാണ് താമസം. സ്മിത (വിമലാ രാമന്‍), അരുണ (മാനസ), ഷീല (ബൃന്ദ) (പിന്നെ ഉണ്ണി ശിവപാല്‍ അവതരിപ്പിക്കുന്ന എനിക്ക് പേരോര്‍മ്മയില്ലാത്ത ഒരു കഥാപാത്രവും) തുടങ്ങിയ സഹപ്രവര്‍ത്തകരടങ്ങുന്ന നല്ല ഒരു ടീം അജിത്തിനുണ്ട്. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്‍പില്‍ ‘ഷാഡോസ് ഓഫ് കല്‍ക്കത്ത’യുടെ പ്രദര്‍ശനമാരംഭിക്കുമ്പോള്‍ അജിത്ത് ‘കല്‍ക്കത്തയുടെ നിഴലുകള്‍’ പോലെ കടന്നു പോയ നാളുകള്‍ ഓര്‍ത്തെടുക്കുകയാണ്. ദുര്‍ഗ്ഗാപൂജയെ കുറിച്ചുള്ള ഒരു പരിപാടിയുടെ ഷൂട്ടിംഗിനിടയില്‍ ക്യാമറയിലേക്ക് വഴി തെറ്റി കടന്നു വന്ന ഹരി (ഇന്ദ്രജിത്ത്)യുടെ മരണം അജിത്തിന്റെ മനസ്സില്‍ നോവലായ് മാറിയത് അപ്രതീക്ഷിതമായിരുന്നു. പൂജയ്ക്കിടയിലും പിന്നെ ട്രാമിലും മറ്റുമായ് അവിചാരിതമായ് കണ്ടുമുട്ടിയ ഹരിയും ഹരിയുടെ ഭാര്യയും (മീര ജാസ്മിന്‍ അവതരിപ്പിച്ച കൃഷ്ണപ്രിയ) അവന്റെ മനസ്സില്‍ ഒരു ദുരൂഹതയാവുന്നു. നഗരത്തിലെ ഒരു ചെറുകിട ലോഡ്ജില്‍ നിന്ന് അര്‍ദ്ധബോധാവസ്ഥയില്‍ കണ്ടത്തിയ കൃഷ്ണപ്രിയയെ, കൈരളീ സമാജം സെക്രട്ടറിയുടെയും (ഇന്നസെന്റ്) ഭാര്യയുടെയും (ബിന്ദു മേനോന്‍) സഹായത്തോടെ അവന്‍ പതുക്കെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നു. അവര്‍ക്കിടയില്‍ പതിയെ ഒരു പ്രണയം നാമ്പെടുക്കവേ കൃഷ്ണപ്രിയയിലൂടെ അജിത്ത് മനസ്സിലാക്കുന്ന ഭയപ്പെടുത്തുന്ന ചില യാഥാര്‍ഥ്യങ്ങളും അവയിലൂടെയുള്ള സഞ്ചാരവുമാണ് കല്‍ക്കത്ത ന്യൂസ് പ്രേക്ഷകന് നല്‍കുന്നത്.

അഭിനയം, സാങ്കേതികം:
മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീപ്, മീര എന്നിവര്‍ സംവിധായകന്‍ ‘പറഞ്ഞ‘ പോലെ അഭിനയിച്ചിരിക്കുന്നുവെങ്കിലും മന്ദഗതിയില്‍ സഞ്ചരിക്കുന്ന സിനിമയില്‍ അവരുടെ പ്രകടനം വിരസമായ് അനുഭവപ്പെടുന്നു. പ്രണയവാചകങ്ങള്‍ ദിലീപിന്റെ നാവില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ വെറും വാചകങ്ങളായ് മാറുന്നു. എങ്കിലും തന്റെ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് ദിലീപിന്റെ ‘അഭിനയഗ്രാഫ്’ ഈ ചിത്രത്തില്‍ മുകളിലേക്കാണ്. പക്ഷെ രസതന്ത്രം, ഒരേ കടല്‍ എന്നീ സിനിമകളിലെ അഭിനയത്തിന്റെ നിഴല്‍ മാത്രമായ് ഒതുങ്ങുന്നു മീരയുടെ പ്രകടനം . കല്‍ക്കത്താ നഗരത്തിലെ മലയാളിപിമ്പിനെ ഇന്ദ്രജിത്ത് നന്നായി അവതരിപ്പിച്ചിരിക്കുന്നു. കുറച്ച് നേരം മാത്രമേ ഉള്ളുവെങ്കിലും ടോം ജേക്കബ്ബ് അവതരിപ്പിച്ച പെട്ടികടക്കാരന്‍ നന്നായിട്ടുണ്ട്. മറ്റുള്ളവരെല്ലാം സാധാരണമായ് തോന്നി.

സംവിധായകന്‍ മനസ്സില്‍ കണ്ടതും കാണാത്തതുമായ കല്‍ക്കത്ത നമുക്ക് കാണിച്ചു തരുന്ന കുമാറിന്റെ ഛായഗ്രഹണമികവ് സിനിമയിലാകെ നിറഞ്ഞു നില്‍ക്കുന്നു. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വെളിച്ചക്രമീകരണം, അനാവശ്യആംഗിളുകളുടെ അഭാവം തുടങ്ങിയവ പ്ലസ് പോയിന്റുകളാണ്. മനു ജഗത്തിന്റെ കലാസംവിധാനം എടുത്ത് പറയേണ്ടതാണ്. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും പരിസരമൊരുക്കുക എന്നത് പലരും കരുതുന്നത് പോലെ ഒരു സൂത്രപണിയല്ല. മനുവിന്റെ പക്വതയാര്‍ന്ന കലാവൈദഗ്‌ദ്യം കല്‍കത്താ ന്യൂസിന്റെ മാറ്റ് കൂട്ടുന്നു. സമര്‍ത്ഥവും വ്യത്യസ്തവുമായ കട്ട്‌സിലൂടെ കഥയെ നയിക്കുന്ന വിജയ് ശങ്കറിന്റെ ചിത്രസംയോജനം നന്നെങ്കിലും, സിനിമയുടെ വേഗതകുറവില്‍ ഒരു പങ്ക് എഡിറ്റര്‍ക്കും അവകാശപ്പെട്ടതാണ്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും സായിയുടെ വസ്താലങ്കാരവും മികച്ചു നില്‍ക്കുന്നു.
മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ ടെക്‍നിക്കലി ഏറ്റവും മികച്ച ഒന്നാണ് കല്‍കത്ത ന്യൂസ് എന്ന് നിസ്സംശയം പറയാം. സാങ്കേതികത്തികവ് എന്നാല്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ അധികപ്രസരമാണെന്ന ഒരു തെറ്റിദ്ധാരണ പ്രേക്ഷകനും സിനിമാപ്രവര്‍ത്തകര്‍ക്കും ഈയിടെയായ് ഉണ്ട്. എന്നാല്‍ സിനിമയുടെ കഥയ്ക്കനുയോജ്യമായ രീതിയില്‍ ഒരുക്കിയ പരിസരങ്ങള്‍ യഥാവിധി പകര്‍ത്തുകയും സംയോജിപ്പിക്കുകയും ക്രമീകരിക്കുകയും ഇം‌പ്രൊവൈസ് ചെയ്യുകയുമാണ് യഥാര്‍ത്ഥത്തില്‍ ചലച്ചിത്രമെന്ന മാധ്യമം ആവശ്യപ്പെടുന്ന സങ്കേതികമേന്മയെന്ന് തിരിച്ചറിഞ്ഞ അപൂര്‍വ്വം ചില മലയാളസംവിധായകരില്‍ ഒരാളാണ് താനെന്ന് ബ്ലെസ്സി ഈ സിനിമയിലൂടെ കാണിച്ചു തരുന്നു.

ചിത്രത്തിനായ് ദേബ് ജ്യോതി-ശരത് വയലാര്‍ ടീം ഒരുക്കിയ ഗാനങ്ങള്‍ മെലോഡിയസാണെങ്കിലും, അനവസരത്തിലുള്ള അവയുടെ പ്രവേശനം മൂലം സിനിമ കണ്ടിരിക്കുമ്പോള്‍ നാം അവയെ ശ്രദ്ധിക്കാന്‍ വിട്ടു പോവുകയും, തന്മൂലം എതിരഭിപ്രായം ഉണ്ടാവുകയും ചെയ്യും. പിന്നീട് ആ ഗാനങ്ങള്‍ മ്യൂസിക്ക് ഇന്‍ഡ്യാ‍ ഓ‌ണ്‍‌ലൈനില്‍ കേട്ടപ്പോളാണ് ഗാനങ്ങളെ കുറിച്ചുള്ള എന്റെ ആദ്യാഭിപ്രായം മാറിയത്. മുറിയിലെ വെളിച്ചമണച്ച് കുറഞ്ഞ ശബ്ദത്തില്‍ കേട്ടു കൊണ്ട് പതിയെ സുഖകരമായ ഉറക്കത്തിലേക്ക് നയിക്കാന്‍ പര്യാപ്തമായയാണ് അവ. ‘എങ്ങു നിന്നു വന്ന പഞ്ചവര്‍ണ്ണക്കിളി‘, ‘അകലെയൊരു ചില്ല‘ എന്നിവ നന്നായിരിക്കുന്നു. ‘കണ്ണാടി കൂട്ടിലെ‘ എന്ന ഗാനത്തിനും ഗാനചിത്രീകരണത്തിനും ഒരു പുതുമയുമില്ല. സിനിമയ്ക്ക് അതാവശ്യവുമില്ല.

സാധരണക്കാരന്റെ അസാധാരണബന്ധങ്ങള്‍, അതിനെ ഉലച്ചിലുകള്‍, പ്രതീക്ഷകള്‍, പൂവിടലുകള്‍, മരുപ്പച്ചകള്‍, മധുരനൊമ്പരപ്പാടുകള്‍ എന്നിവ അനുഭവമാക്കുന്ന മറ്റു ബ്ലെസ്സി ചിത്രങ്ങളുമായ് താരതമ്യപ്പെടുത്തിയാല്‍ കല്‍ക്കത്താ ന്യൂസ് ഒരു നിരാശയാണ്. പുതുതായൊന്നും പറയാനില്ലാത്തതെങ്കിലും സിനിമയുടെ സാദ്ധ്യതകളുള്ള ഒരു കഥയ്ക്ക് ഒരുക്കിയ സാധാരണമായ തിരക്കഥയാണ് ഈ നിരാശയ്ക്ക് പ്രധാനകാരണം. ബ്ലെസ്സിയിലെ നല്ല സംവിധായകനെ കാണിച്ചു തരുന്ന സിനിമയിലെ ആദ്യ 15 മിനിറ്റും അവസാന 15 മിനിറ്റും മനോഹരമാണെങ്കില്‍ അവയെ ഇണക്കുന്ന സമയം ഏറെക്കുറെ വിരസമാണ്. മഹാനദി, സൂത്രധാരന്‍ തുടങ്ങിയ ഒരുപാട് സിനിമകള്‍ ഒരുക്കിയ കാഴ്ചകള്‍ ഈ സിനിമയില്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുണ്ട്.

+ കുമാറിന്റെ ഛായാഗ്രഹണം, മനുവിന്റെ പക്വതയാര്‍ന്ന കലാവൈദഗ്‌ദ്യം, വിജയ് ശങ്കറിന്റെ ചിത്രസംയോജനം
+ ബ്ലെസ്സിയുടെ സംവിധാനപാടവം തെളിയിക്കുന്ന അവസാന 15 നിമിഷങ്ങള്‍
+ കല്‍ക്കത്തയുടെ പരിസരങ്ങള്‍

x ഇഴഞ്ഞു നീങ്ങുന്ന തിരക്കഥ. നല്ലൊരു സിനിമയായ് ആരംഭിക്കുകയും നല്ലൊരു സിനിമയായ് അവസാനിക്കുകയും ചെയ്യുന്നെങ്കിലും ഇടയിലെ ‘കാറ്റുവീഴ്ച‘ സിനിമയുടെ ടോട്ടാലിറ്റിയ്ക്ക് പ്രതികൂലമാവുന്നു.
x നമുക്കൊക്കെ ഏറെ ഇഷ്ടമെങ്കിലും, ആവര്‍ത്തനവിരസമാവുന്ന മീരയുടെ അഭിനയശൈലി
x ആര്‍ക്കുമൂഹിക്കാനാവുന്ന കഥ
x കഥയുടെ യാഥാര്‍ത്ഥ്യബോധത്തോട് മാറി നില്‍ക്കുന്ന ബ്ലാക്ക് മാജിക്ക്, പ്രേതവുമായുള്ള കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ അവിശ്വസനീയമായ സംഭവപരമ്പരകള്‍.

വാല്‍ക്കഷ്ണം: കച്ചവടസിനിമയുടെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് സിനിമയിലെ കലയെ പ്രേക്ഷകനിലേക്ക് പകരാന്‍ ശ്രമിക്കുന്ന ബ്ലെസ്സിയുടെ ശ്രമത്തെ കാണാതിരിക്കാനും പ്രശംസിക്കാതിരിക്കാനും നമുക്കാവില്ല.