Wednesday, December 31, 2008

പകല്‍ നക്ഷത്രങ്ങള്‍: അമെച്വര്‍, അഭിനന്ദനീയം!

തിരക്കഥ, സംഭാഷണം: അനൂപ് മേനോന്‍
ആശയം, സംവിധാനം: രാജീവ്നാഥ്
നിര്‍മ്മാണം: ഛായ ഫിലിംസ്
അഭിനേതാക്കള്‍: മോഹന്‍ലാല്‍, അനൂപ് മേനോന്‍, സുരേഷ് ഗോപി, ലക്ഷ്മി ഗോപാല‌സ്വാമി തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 29 നവംബര്‍‍‍‍, 2008
സിനിമ കണ്ടത്: 21 ഡിസംബര്‍‍‍, 2008 @ സംഗീത, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 5.60@ 10


ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ മരിച്ചു പോയവരാണ് കൂടുതലെങ്കില്‍ ഈ ഭൂമി ആരുടേതാണ് - ജീവിച്ചിരിക്കുന്നരുടേതോ അതോ മരിച്ചവരുടേയോ? നമുക്കിടയില്‍ അദൃശ്യമായ് പുലരുന്ന മരിച്ചവരും മറ്റുള്ളവരുടെ പ്രതിഭയ്ക്ക് മുന്നില്‍ നിറം മങ്ങിയ കഴിവുകള്‍ക്കുടമകളും പ്രകാശനക്ഷത്രങ്ങളെ പോലെയാണ്. സൂര്യപ്രകാശത്തില്‍ അദൃശ്യമായ് നില്‍ക്കുന്ന പകല്‍‌നക്ഷത്രങ്ങള്‍. കണ്‍‌മുന്‍പിലുണ്ടെങ്കിലും നമുക്ക് കാണാനാകാത്ത, നാം കാണാതെ പോയ അത്തരം ചില പകല്‍നക്ഷത്രങ്ങളുടെ കഥയാണ് രവീന്ദ്രനാഥിന്റെ ആശയത്തിന് അനൂപ്‌മേനോന്‍ തിരനാടകം രചിച്ച് രാജീവ്നാഥ് സംവിധാനം നിര്‍വഹിച്ച ‘പകല്‍നക്ഷത്രങ്ങള്‍‘.


കഥാസംഗ്രഹം: സിദ്ധു എന്ന സിദ്ധന്‍ എന്ന സിദ്ധാര്‍ത്ഥന്‍ (മോഹന്‍ലാല്‍) എന്ന സിനിമാസംവിധായകന്‍ എന്ന അച്ഛന്റെ ജീ‍വിതത്തിലെ ബന്ധങ്ങളെ ആസ്പദമാക്കി മകന്‍ ആദി (അനൂപ് മേനോന്‍) എന്ന പ്രസിദ്ധ‌ഇന്തോ-ഇം‌ഗ്ലീഷ് നോവലിസ്റ്റ് എഴുതിയ നോവല്‍, അവന്‍ തന്റെ ഭാര്യ പത്മ (ലക്ഷ്മി ഗോപാലസ്വാമി)ക്ക് പറഞ്ഞ് കൊടുക്കുന്നു. അച്ഛന്റെ മരണത്തെ കുറിച്ച് ആദി നടത്തിയ അന്വേഷണത്തിന്റെ സ്വാഭാവികമായ പരിണാമമാണ് ആ നോവല്‍. ആത്മാക്കളുമായ് സംവേദനം ചെയ്യാന്‍ കഴിവുള്ള ഡോ: വൈദ്യനാഥന്‍ (സുരേഷ്‌ഗോപി), ഉത്തമന്‍(ഈ നടന്റെ പേര് ഓര്‍മ്മയില്‍ തെളിയുന്നില്ല. തെറ്റി പോയിട്ടില്ലെങ്കില്‍ ശ്യാമപ്രസാദിന്റെ ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്’ എന്ന ടെലിഫിലിമിലാണ് ഈ നടനെ ആദ്യം കാണുന്നത്.) എന്ന കഥാക്കൃത്തിന്റെ ഭാര്യ രാജി (കല്പന), മാധവന്‍ (ഇത് തന്നെയാണ് കഥാപാത്രത്തിന്റെ പേര് എന്ന് തോന്നുന്നു. ഈ നടന്റേയും പേര് ഓര്‍ക്കുന്നില്ല), എന്‍.എല്‍. ബാലക്കൃഷ്ണന്‍, ജഗന്നാഥന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് (ഇവര്‍ താന്താങ്ങളെ തന്നെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു), സിദ്ധാര്‍ത്ഥന്റെ ജീവിതത്തിലെ സ്ത്രീകളിലൊരാളായ ഹോമിയോ ഡോക്ടര്‍ (റീന ബഷീര്‍), മാധവന്റെ മകന്‍ തുഷാര്‍ (നിഷാന്ത് സാഗര്‍), സിദ്ധാര്‍ത്ഥന്റെ മകള്‍ ഗീത (അഭിനേത്രിയെ മുന്‍പ് കണ്ട് പരിചയമില്ല, പേരും അറിയില്ല),സിദ്ധാര്‍ത്ഥന്റെ മരണമന്വേഷിക്കുന്ന നായര്‍വിരോധിയായ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ (മണിയന്‍പിള്ള രാജു) എന്നിവരുമായുള്ള സംഭാഷണങ്ങളിലൂടെ, ഫ്ലാഷ്‌ബാക്കിനുള്ളിലെ ഫ്ലാഷ്‌ബാക്കിലൂടെ, നാം സിദ്ധാര്‍ത്ഥനേയും അവന്റെ ചിന്തകളേയും ചലച്ചിത്രങ്ങളേയും സുഹൃത്ത്‌വലയത്തേയും അറിയുന്നു. വഴിതെറ്റിയ അവന്റെ സ്വഭാവങ്ങളും ബന്ധങ്ങളും ജീവിതസായാഹ്നത്തില്‍ സാന്ത്വനസ്വരമായ് വരുന്ന പ്രണയത്തേയും തിരക്കഥാക്കൃത്ത് അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത രീതി നന്നായിട്ടുണ്ട്.

അഭിനയം, സാങ്കേതികം:

പത്മരാജന്റെ ശരീരഭാഷയുള്ള (അനൂപ് തന്നെ ഒരു പത്രസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞതായ് വായിച്ചു) മുഖ്യകഥാപാത്രമായ് മോഹന്‍ലാല്‍ നന്നായിട്ടുണ്ട്. സിദ്ധാര്‍ത്ഥന്റെ വേഷവിധാനങ്ങള്‍ക്കും ഭാവങ്ങളും ശാരീരികചലനങ്ങളും പക്വമായ് ചെയ്തിരിക്കുന്നു. കുറേ കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ കഥാപാത്രമായ് മാറിയതായ് അനുഭവപ്പെടുന്നത്. എന്നിരുന്നാലും അതിനാടകീയമായ് തോന്നുന്ന ഒരഭിനയശൈലി ചില രംഗങ്ങളെ മോശമാക്കിയിട്ടുണ്ട്. സിദ്ധന്റെ ആത്മാവായ് മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ നാമിരിക്കുന്നത് ഒരു നാടകശാലയിലാണെന്ന് തോന്നി പോവും. പക്ഷെ അത് ഒരിഭിനേതാവിനേക്കാളേറെ സംവിധായകന്റെ പരിമിതിയായാണ് കരുതാവുന്നത്.

ആദിയായ് വരുന്ന അനൂപിന് കഥാപാത്രത്തിനോടൊപ്പം സഞ്ചരിക്കുക എന്നതില്‍ കവിഞ്ഞ് ചെയ്യാന്‍ ഒന്നും തന്നെയില്ല, ചെയ്തിട്ടുമില്ല. എന്തെങ്കിലും ചെയ്യാനുള്ള സന്ദര്‍ഭങ്ങളില്‍ അനൂപ് പരാജയപ്പെടുന്നതായും കാണാം. തിരക്കഥയും പകല്‍ നക്ഷത്രങ്ങളും വെച്ച് അവലോകനം ചെയ്താല്‍ വികാരഭരിതമായ സന്ദര്‍ഭങ്ങളിലെ മിതാഭിനയം ഈ നടന്‍ പരിശീലിക്കേണ്ടിയിരിക്കുന്നു എന്ന് പറയാം.

ഡോ: വൈദ്യനാഥന്‍ എന്ന എക്സെണ്‍‌ട്രിക്ക് കഥാപാത്രമാവാന്‍ സുരേഷ്‌ഗോപി വല്ലാതെ തത്രപ്പെടുന്നതായ് തോന്നി. പാത്രാവതരണം കൃത്രിമത്വം നിറഞ്ഞതും അതിഭാവുകത്വം നിറഞ്ഞതുമായ് അനുഭവപ്പെട്ടു.

റീന ബഷീറിന്റെ കഥാപാത്രം യാഥാസ്ഥിതികമലയാളകഥാപാത്രശ്രേണിയില്‍ പെടാത്തതാണ്. അവരുടെ കണ്ണുകള്‍ക്കും ചിരിക്കും ഒരു നിഗൂഢതയുണ്ട്. അത് ഈ കഥാപാത്രവുമായ് ചേര്‍ന്ന് പോവുന്നു. പക്ഷെ ഡബ്ബിംഗ് ഇനിയും മെച്ചപ്പെടാനുണ്ട്. സിദ്ധനും ഈ കഥാപാത്രവും അവരുടെ പരിസരങ്ങളും എവിടെയൊക്കേയോ നമ്മെ ‘ഒരേ കടലി‘നെ ഓര്‍മ്മിപ്പിക്കുന്നു.

സിനിമയിലുടനീളം മുഖം മറഞ്ഞ് നില്‍കുന്ന സിദ്ധാര്‍ഥന്റെ ഭാര്യ, മഞ്ഞപത്രപ്രവര്‍ത്തകന് (പൂജപ്പുര രാധാക്കൃഷ്ണന്‍) തുടങ്ങി മറ്റനേകം കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. ആരും തന്നെ തങ്ങളുടെ റോളുകള്‍ മോശമാക്കിയിട്ടില്ല. ജയരാജ് വാര്യരുടെ ‘മോഹന്‍ലാല്‍ മിമിക്രി’ അനാവശ്യവും അരോചകവുമായ് അനുഭവപ്പെട്ടു. രാമചന്ദ്രബാബുവിന്റെ ക്യാമറയും സാബുറാമിന്റെ കലയും കെ.ശ്രീനിവാസന്റെ എഡിറ്റിംഗും സായിബാബുവിന്റെ വസ്ത്രാലങ്കാരവും സിനിമയുടെ മനസ്സറിഞ്ഞ് സഞ്ചരിച്ചിരിക്കുന്നു. ഡാഫോഡില്‍‌സ് എന്ന ഓര്‍മ്മകളുറങ്ങുന്ന പഴയ കെട്ടിടത്തിന്റെ പരിസരത്തിലാണ് സിനിമയുടേ മിക്ക രംഗങ്ങളും അരങ്ങേറുന്നതെങ്കിലും ലൊക്കേഷന്റെ ഈ ആവര്‍ത്തനം തെല്ലും വിരസമല്ല എന്നത് പരാമര്‍ശനീയമാണ്. സിനിമയ്ക്ക് വേണ്ടി അല്ലാതെ സൃഷ്ടിച്ചത് കൊണ്ടാണോ എന്നറിയില്ല, ഈ സിനിമയിലെ ഒരേയൊരു ഗാനമായ “പകരുക നീ..” ഷഹബാസ് അമാന്റെ സംഗീത്താലാലും രഞ്ജിത്തിന്റെ വരികളാലും ശ്രദ്ധേയമാണ്.

17 ദിവസം കൊണ്ട് ചിത്രാകരിച്ച ഈ സിനിമയുടെ തിരക്കഥയുടെ ഭൂരിഭാഗവും ചിത്രീകരണത്തിനിടയില്‍ എഴുതിയതാണെന്ന് എവിടെയോ വായിച്ചതായ് ഓര്‍ക്കുന്നു. അത് സത്യമാണ് എന്ന് തോന്നിപ്പിക്കുന്നതാണ് കാഴ്ചാനുഭവം. പ്രേക്ഷകന്റെ ശ്രദ്ധ സിനിമയില്‍ നിന്നകന്ന് പോകാത്ത രീതിയിലുള്ള ഒഴുക്ക് തിരക്കഥയ്ക്കില്ല. ഇടയ്ക്കിടെ മുന്‍പ് കണ്ട രംഗം പോലെ അല്ലേ ഇതും എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളും, ഇത് തന്നെയല്ലെ മുന്‍പ് പറഞ്ഞത് എന്ന് തോന്നിപ്പിക്കുന്ന സംഭാഷണങ്ങളും തിരക്കഥയുടെ ബലഹീനതകളാകുന്നു. സിനിമയുടെ ക്ലൈമാക്സ് ഊഹങ്ങള്‍ക്കപ്പുറമെങ്കിലും അത് നല്ലൊരു സിനിമാനുഭവമാക്കുന്നതില്‍ സംവിധായകനും തിരക്കഥാക്കൃത്തും പരാജയപ്പെട്ടിരിക്കുന്നു. ഇതിലും സമര്‍പ്പണം ആവശ്യപ്പെടുന്ന ഒരു പ്രമേയമാണ് സിനിമയുടേത്. എങ്കിലും വ്യത്യസ്തമായ ഒരു പാറ്റേണ്‍ തിരക്കഥയ്ക്കായ് തിരഞ്ഞെടുത്തതിന് അനൂപ് മേനോന്‍ അഭിനന്ദനങ്ങളര്‍ഹിക്കുന്നു. ഇദ്ദേഹത്തിന്റെ ആദ്യ മുഴുനീളചലച്ചിത്രതിരക്കഥയാണ് ഇത് എന്നത് കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്നു.
കാലത്തെ പിറകോട്ട് മാറ്റി പറയേണ്ട രംഗങ്ങളുള്ള മലയാളസിനിമകള്‍ സ്ഥലകാലങ്ങളെ പറ്റിയുള്ള സൂക്ഷ്മതയില്‍ ശ്രദ്ധ ചെലുത്താത്തത് അടുത്ത് കാലത്തായ് വളരെയധികം കാണുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ബോംബെയില്‍ ടാറ്റാ ഇന്‍ഡികോമിന്റെ 10അക്കസംഖ്യ കാണിച്ച സൈക്കിള്‍, നക്സല്‍കാലഘട്ടത്ത് സ്പ്ലെന്‍ഡര്‍ കാണിച്ച ഗുല്‍‌മോഹര്‍ തുടങ്ങിയ വിഡ്ഢിത്തരങ്ങള്‍ക്കൊപ്പം കൊച്ച്‌ആദിയോടൊപ്പം സ്പ്ലിറ്റ് ഏസി ഫിറ്റ് ചെയ്ത ബാറില്‍ ഫാന്റ ഒഴിച്ച് ഓള്‍ഡ് മങ്ക് റം അടിക്കുന്ന സിദ്ധാര്‍ത്ഥന്റെ കാഴ്ച ബാലിശമായ് തോന്നി. ഡാഫോഡില്‍‌സ് ഇടിച്ച് പൊളിക്കുന്ന വാര്‍ത്തയ്ക്ക് കാവാലത്തിന്റെ പ്രതികരണം അമൃതാ ന്യൂസിലൂടെ കാണുന്ന രാജിയ്ക്കും ഉത്തമന്റെ ജീവിതത്തിലെ രാജിക്കും പ്രത്യക്ഷത്തില്‍ വ്യത്യാസങ്ങളേതുമില്ല. കാലത്തിനനുസരിച്ച് ആദിയ്ക്ക് കൊടുത്ത ചെയ്ഞ്ചസ് അമ്മ്വച്ചറായ് അനുഭവപ്പെട്ടെങ്കില്‍ സിദ്ധാര്‍ത്ഥനും എന്‍.എല്‍.ബാലക്കൃഷ്ണനും മാധവനും കൊടുത്ത ചില്ലറമാറ്റങ്ങള്‍ സ്വാഭാവികമായിട്ടുണ്ട്.

പകല്‍‌നക്ഷത്രങ്ങളുടെ ഏറ്റവും വലിയ ബലഹീനത രാജീവ്നാഥാണ്. ജനനി, അഹം തുടങ്ങിയ മുന്‍‌കാലചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശ്രദ്ധയും പഠനവും തയ്യാറെടുപ്പുകളും വേണ്ടിയിരുന്ന ഈ സ്വന്തം ആശയം അദ്ദേഹം സാക്ഷാത്കരിക്കാന്‍ ആഗ്രഹിച്ചത് ഈ വിധമായിരിക്കയില്ല.
എങ്കിലും പുതുമയാര്‍ന്ന ഒരു വിഷയം സൂപ്പര്‍താരങ്ങള്‍ക്കായുള്ള കോമ്പ്രമൈസുകള്‍ ഒന്നും തന്നെയില്ലാതെ ചുരുങ്ങിയ ചിലവില്‍ പുറത്തിറക്കി എന്നതില്‍ അദ്ദേഹം ഒരു സല്യൂട്ട് അര്‍ഹിക്കുന്നു.

വാല്‍ക്കഷ്ണം: ‘അതിസുന്ദരമീ മരണം‘ എന്ന ഒറ്റകഥമാത്രമെഴുതിയ ഉത്തമന്‍ എന്ന മരണപ്രണയിതാവിനെ അവതരിപ്പിച്ച നടനും അയാളുടെ കഥാപാത്രം മുന്നോട്ട് വെച്ച ചിന്തയുമാണ് കഥയുടെ കാതല്‍ എന്ന് പറയാം. ആദ്യാവസാനം മരണം സിനിമയുടെ കൂടെയുണ്ട്. ഒരു കഥാപാത്രത്തിന്റെ മരണമന്വേഷിച്ച് കൊണ്ടുള്ള യാത്രയായത് കൊണ്ട് മാത്രമല്ല അത്. മരണം, മരണത്തിന്റെ നഷ്ടം, മരണത്തിന്റെ കാല്പനികത എന്നിവയെല്ലാം വ്യംഗ്യമായ് ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. സമീപമലയാളസിനിമയിലെ വ്യത്യസ്തചലച്ചിത്രാനുഭവമായ് പകല്‍‌നക്ഷത്രങ്ങളെ മാറ്റുന്നതും വഴിതെറ്റിസഞ്ചരിക്കുന്ന ഈ സമീപനം തന്നെ.


+ മോഹന്‍ലാല്‍
+ രസമുള്ള കഥാപാത്രങ്ങള്‍
+ ക്ലൈമാക്സിലെ സസ്പെന്‍സ്
+ പുതുമയാര്‍ന്ന കഥ, അവതരണം

x
മുറുക്കമാവശ്യപ്പെടുന്ന തിരക്കഥ
x സംവിധാനം
x കൂടുതല്‍ പഠനമര്‍ഹിക്കുന്ന വിഷയം
--------------------------------------------------------------------------------------------------------------------------------------

Thursday, October 16, 2008

കുരുക്ഷേത്ര: ധീരം, വീരം!

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മേജര്‍ രവി

നിര്‍മ്മാണം: സന്തോഷ് ദാമോദര്‍, ദാമര്‍ സിനിമ
അഭിനേതാക്കള്‍
: മോഹന്‍ലാല്‍, സിദ്ദിക്ക്, ബിജു മേനോന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 8, ഒക്ടോബര്‍, 2008
സിനിമ കണ്ടത്
: 10, ഒക്ടോബര്‍, 2008 @ കൈരളി, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.23 @ 10



കീര്‍ത്തിചക്രയ്ക്കും മിഷന്‍
90 ഡേയ്സിനും ശേഷം മേജര്‍ രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കുരുക്ഷേത്ര. ‘മാടമ്പി’ എന്ന ഹിറ്റായ പാഴ്‌സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച ഈ യുദ്ധസിനിമ നിര്‍മ്മിക്കാന്‍ ആര്‍ജ്ജവം കാണിച്ചിരിക്കുന്നത് സന്തോഷ് ദാമോദര്‍. പക്ഷെ യുദ്ധസിനിമ എന്ന് നിലയില്‍ കുരുക്ഷേത്ര ഒരു പരാജയമാണ്. മാധ്യമങ്ങളില്‍ നിന്നും നാം കേട്ടറിഞ്ഞതില്‍‍ നിന്നും കൂടുതലൊന്നും തരുന്നില്ല എന്ന് മാത്രമല്ല സമീപകാലരാഷ്ട്രീയ-സാമൂഹ്യസാഹചര്യങ്ങള്‍ കണക്കിലെക്കുമ്പോള്‍ അനവസരത്തിലാണോ ഈ സിനിമ എന്നും ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യന്‍യുദ്ധചരിത്രത്തിലെ ഒരു പ്രധാനഏട് ചലച്ചിത്രമാക്കി എന്നതില്‍ കവിഞ്ഞ് പുതിയതൊന്നും നല്‍കാനില്ലെങ്കിലും മലയാളസിനിമ എന്ന നിലയില്‍ നോക്കിയാന്‍ ധീരമായൊരു നല്ല സംരംഭമാണ് ഈ സിനിമ.

പാക്കിസ്ഥാന്‍ സൈന്യം/നുഴഞ്ഞ്കയറ്റക്കാര്‍ പിടിച്ചെടുത്ത കാര്‍ഗില്‍ പ്രവിശ്യയിലെ ഇന്ത്യന്‍ പോയിന്റുകള്‍ തിരികെപിടിക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമമാണ് ഈ സിനിമയുടെ പ്രതിപാദ്യ വിഷയം. ശവപ്പെട്ടികോഴയും മുന്‍‌യുദ്ധങ്ങളില്‍ നാം ചെയ്ത ‘തലകുനിക്കലുകളും’ സൈനികരോട് ഇന്ത്യന്‍ജനതയും ബ്യൂറോക്രാറ്റുകളും കാണിക്കുന്ന അവഗണനയുമെല്ലാം ഉപരിപ്ലവമായ ചര്‍ച്ചയ്ക്ക് വിധേയമാകുന്നുണ്ട്.

കേണല്‍/മേജര്‍ മഹാദേവനായ് മോഹന്‍ലാല്‍ തരക്കേടില്ല എന്ന് പറയാം. കീര്‍ത്തിചക്രയിലേതിലും ക്ഷീണിതനായാ‍ണ് ഈ പട്ടാളക്കാരന്‍ ഇതില്‍ കാണപ്പെടുന്നുന്നത്. വീറും ആവേശവും ആവശ്യപ്പെടുന്ന മോട്ടിവേഷന്‍ ഡയലോഗുകള്‍ വളരെ ലാഘവത്തോടെ പറയുന്ന പോലെ തോന്നി. വേണമെന്ന് വെച്ചിട്ടാണോ മോഹന്‍ലാലിന്റെ ഹിന്ദി ഉച്ചാരണം ഇത്ര മോശമാക്കിയത്. അല്ലെങ്കില്‍, ഡബ്ബിങ് വേളയില്‍ ഇത്തിരി കൂടെ ശ്രദ്ധ ആവാമായിരുന്നു.

ബിജു മേനോന്‍, സിദ്ദിക്ക്, മണിക്കുട്ടന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ വമ്പന്‍ താരനിരയില്‍ ആരും തന്നെ എടുത്ത് പറയതക്കതായ പ്രകടനമൊന്നും നടത്തിയിട്ടില്ല. സുറാജ് വെഞ്ഞാറമൂട് മിമിക്രി ഡയലോഗുകള്‍ ഒന്നും അടിച്ചില്ല എന്നത് ആശ്വാസകരം! വര്‍ഷങ്ങളുടെ സ്വപ്നമായിരുന്ന പുതിയ വീട്ടിലേക്ക് മൃതദേഹമായ് മടങ്ങേണ്ടി വന്ന പട്ടാളക്കാരന്റെ രംഗങ്ങള്‍ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. സിനിമയുടെ അവസാനം തങ്ങി നില്‍കുന്ന ഒരേ ഒരു രംഗം ഒരുപക്ഷെ അതായിരിക്കും.



ലോകനാഥന്റെ ക്യാമറ പരിസരങ്ങളും യുദ്ധരംഗങ്ങളും പകര്‍ത്തുക എന്ന പ്രാഥമികകര്‍മ്മത്തിനപ്പുറത്തേക്ക് നീങ്ങുന്നില്ല. ജയശങ്കറിന്റെ ചിത്രസംയോജനം കുറച്ച് കൂടെ വേഗത ആവശ്യപ്പെടുന്നു. കഥ ആവശ്യപ്പെടുന്ന പരിസരങ്ങളൊരുക്കാന്‍ സാബു റാമിന്റെ കലാസംവിധാ‍നത്തിനായിട്ടുണ്ട്. സംഘട്ടനങ്ങള്‍ക്ക് ഒരുപാട് സാദ്ധ്യതകളുള്ള സിനിമയാണല്ലോ ഇത്. മലയാളസിനിമയുടെ പരിമിതമായ ബഡ്‌ജറ്റില്‍ നിന്ന് കൊണ്ട് മനോഹരമായ് സംഘട്ടനവിഭാഗം അത് നിര്‍വ്വഹിച്ചിട്ടുണ്ട്.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കോ സിദ്ദാര്‍ത്ഥിന്റെ സംഗീതത്തിനോ പുതുമയേതുമില്ല. ബോംബെ.എസ്.കമാല്‍ എഴുതിയ ‘ചലോ ചലോ ജവാന്‍’ എന്ന ഗാനം തികച്ചും സാധാരണമാണ്. ഈ സിനിമ കാണുമ്പോഴും ‘ഖുദാ സേ മന്നത് ഹേ മേരി’ എന്ന ‘കീര്‍ത്തിചക്ര’യിലെ ഗാനമാണ് നമ്മുടെ മനസ്സിലേ‍ക്കോടി വരിക. ‘ഒരു യാത്രാമൊഴിയോടെ’ എന്ന ഗാനം എം.ജി.ശ്രീകുമാറിന്റെ ആലാപനത്താല്‍ ശ്രദ്ധേയമാണ്.

സംവിധായകന്‍ എന്ന നിലയില്‍ മേജര്‍ രവി യുദ്ധസിനിമയുടെ സ്പെഷ്യലിസ്റ്റായി മാറിയിരിക്കുന്നു. താന്‍ കണ്ട രംഗങ്ങള്‍ അതേ ആര്‍ജ്ജവത്തോടെ അഭ്രപാളികയിലേക്ക് പകര്‍ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. തന്ത്രപ്രധാനമായ മീറ്റിംഗില്‍ മേജര്‍ മലയാളികളല്ലാത്ത സീനിയേഴ്സിനോട് മലയാളം സംസാരിക്കുന്നതും അവര്‍ അത് കേട്ട് തലയാട്ടുന്നതും, പട്ടാളക്യാമ്പിലെ ഭൂരിഭാഗം മലയാളിയും തമിഴനും മാത്രമാകുന്നതുമെല്ലാം കല്ലുകടിയാവുന്നെങ്കിലും സിനിമ കാണു സാധാരണക്കാരനോടുള്ള പരിഗണനയായ് കരുതി അതിനെ അവഗണിക്കാം. സിനിമ എന്ന മാധ്യമം ഒരു സംവിധായകനോട് ആവശ്യപ്പെടുന്ന ഒരു പാട് കാര്യങ്ങളില്‍ മുഖ്യം ‘പറയാനുള്ളത് പ്രേക്ഷകനിലേക്ക് ഫലപ്രദമായ് എത്തിക്കുക‘ എന്നതാണ്. കഥാസന്ദര്‍ഭങ്ങളും തിരക്കഥയും മറ്റു സാങ്കേതികവശങ്ങളും അതിനുള്ള ഉപകരണങ്ങളാണ്. അവ ശരിക്കും വിനിയോഗിക്കാന്‍ തിരക്കഥാക്കൃത്ത് കൂടിയായ സംവിധായകന് കഴിഞ്ഞോ എന്ന് സംശയമാണ്.കഥാപാത്രങ്ങളായ് ഒരു കഥാക്കൃത്ത് മാറുന്നത് പോലെ സംവിധായകന്‍ മാറിയാല്‍ സിനിമയില്‍ എന്തൊക്കെ നഷ്ടമാകാമോ അതെല്ലാമാണ് കുരുക്ഷേത്രത്തിന്റെ ന്യൂനതകള്‍. മഹാദേവനില്‍ നങ്കൂരമിട്ട് കൊണ്ട് ‘സിനിമ പറഞ്ഞ‘പ്പോള്‍ നഷ്ടപ്പെട്ടത് ഒരു യുദ്ധസിനിമ ആവശ്യപ്പെടുന്ന ഊര്‍ജ്ജവും മുറുക്കവും ഭീതിയും അശാന്തതയുമാണ്. കീര്‍ത്തിചക്രയ്ക്കും കുരുക്ഷേത്രയ്ക്കുമിടയില്‍ നഷ്ടപ്പെട്ടതും അതാണ്.



+
മലയാളസിനിമയുടെ ഇട്ടാവട്ടബഡ്ജറ്റില്‍ നിന്നു കൊണ്ട് സാങ്കേതികതികവോടെയുള്ള നിര്‍മ്മാണം
+ ദൈര്‍ഘ്യം. രണ്ട് മണിക്കൂര്‍ മാത്രമേ ഉള്ളൂ എന്നത് കൊണ്ട് സിനിമ കൂടുതല്‍ അനുഭവേദ്യമാകുന്നു.

x
ഒരു യുദ്ധസിനിമ ആവശ്യപ്പെടുന്ന ഊര്‍ജ്ജവും മുറുക്കവും ‘കുരുക്ഷേത്ര‘യ്ക്കില്ല
x പട്ടാളക്കാരന്റെ പ്രശ്നങ്ങളുടെ കണ്ട് പഴകിയ അവതരണം
x ക്ഷീണിതനായ മോഹന്‍ലാല്‍

--------------------------------------------------------------------------------------------------------------------------------------

Wednesday, October 8, 2008

ഗുല്‍മോഹര്‍: തീയില്‍ കുരുത്തത്

കഥ, തിരക്കഥ, സംഭാഷണം: ദീദി ദാമോദരന്‍
സംവിധാനം: ജയരാജ്
നിര്‍മ്മാണം: മാത്യൂസ്, ബാനര്‍: ന്യൂ ജനറേഷന്‍ സിനിമ/ ഓറിയന്റ് മൂവീസ്
അഭിനേതാക്കള്‍: രഞ്ജിത്ത്, നീനു മാത്യു, സിദ്ധിക്ക്, കൊല്ലം തുളസി, സുധീഷ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 2 ഓക്ടോബര്‍‍‍, 2008
സിനിമ കണ്ടത്: 4 ഓക്ടോബര്‍‍‍, 2008 @ രാധ, കോഴിക്കോട്
ദൃശ്യന്റെ റേറ്റിംഗ്: 6.36 @ 10


സൂര്യന്റെ കൊടും‌ചൂട് ആഗിരണം ചെയ്ത് തന്റെ പൂക്കളെ തീജ്വാലകളാക്കി മാറ്റുന്ന, വെയിലില്‍ പൂക്കുന്ന ഗുല്‍മോഹര്‍. ഇന്ദുചൂഢന്‍ ഗുല്‍മോഹറിനെ പോലെയാണ്. മനസ്സിലെ വിപ്ലവത്തിന്റെ ചൂട് പ്രവര്‍ത്തിയാക്കി, ഒടുവില്‍ തീജ്വാലയായ് മാറുന്ന അവന്റെ കഥയാണ് ദീദി ദാമോദരന്‍ എഴുതി ജയരാജ് സംവിധാനം ചെയ്ത ‘ഗുല്‍മോഹര്‍’. ഫയര്‍ ബ്രാന്‍ഡില്‍ പെട്ട ഒരു പുരുഷന്‍ കേന്ദ്രകഥാപാത്രമാവുന്ന ഒരു സിനിമയില്‍ ഉണ്ടാകാവുന്ന കുഴപ്പങ്ങളൊഴിച്ചാല്‍ സമീപകാലത്ത് മലയാളത്തിലിറങ്ങിയ മികച്ച സിനിമകളിലൊന്നാണ് ഈ ചലച്ചിത്രം.

കഥാസംഗ്രഹം:
പകച്ച മുഖങ്ങളും പൊഴിയുന്ന ഗുല്‍മോഹര്‍‌ഇലകളും ഇടകലര്‍ന്ന ടൈറ്റിലുകള്‍ക്ക് ശേഷം ഒരു സ്കൂള്‍ ഹെഡ്‌മാസ്റ്ററായ ഇന്ദുചൂഢന്റെ (രഞ്ജിത്ത്) ദിനാരംഭത്തിലാണ് സിനിമ തുടങ്ങുന്നത്. ‘അറിയ്യോ ഈ പഴയ ചങ്ങാതിയെ’ എന്ന ചോദ്യവുമായ് വന്ന ഹരിക്കൃഷ്ണനോട് (സിദ്ധിക്ക്) ‘അങ്ങനെ ഒരു ചങ്ങാതി എനിക്കില്ലല്ലോ, കൂടപ്പിറപ്പല്ലേടാ’ എന്ന മറുചോദ്യം നമുക്ക് ഇന്ദുചൂഢന്റെ വ്യക്തിത്വത്തിലേക്കും പൂര്‍വ്വകാലജീവിതത്തേക്കുമുള്ള ചൂണ്ടുപലകയാവുന്നു. ഒരു കോളേജിലെ മലയാളം ഗസ്റ്റ് ലക്ചററായ ഇന്ദുചൂഢനും ഹരിക്കൃഷ്ണനും മറ്റു സുഹൃത്തുക്കളും (മേഘനാഥന്‍, നിഷാന്ത് സാഗര്‍ തുടങ്ങിയവര്‍) നടത്തുന്ന വിപ്ലവം കലര്‍ന്ന പ്രതികരണശേഷിയുള്ള സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന സിനിമ, തന്റെ വിദ്യാര്‍ഥിയായ ഗായത്രി (നീനു മാത്യു)യുമായുള്ള ഇന്ദുചൂഢന്റെ നിശബ്ദസുന്ദരമായ പ്രണയമുഹൂര്‍ത്തങ്ങളും നമുക്ക് സമ്മാനിക്കുന്നു. അടിയാളുകളെ അടിമകളായ് കരുതുന്ന ചാക്കോ മുതലാളിയുടെ (രാജാമണി) ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ വിപ്ലവകാരികള്‍ ‘ഓപ്പറേഷന്‍ ഏപ്രില്‍’ ആരംഭിക്കുന്നതോടെ കഥയുടേ മൂഡ് മാറുന്നു. ഈ കര്‍മ്മത്തില്‍ ഇന്ദുചൂഢന് ലഭിക്കുന്ന വിളിപ്പേരാണ് ‘ഗുല്‍മോഹര്‍’. ആദിവാസിയുവാവിന്റെ (ഐ.എം.വിജയന്‍) സഹായത്തോടെ ചാക്കോ മുതലാളിയെ കൊല്ലാനുള്ള ശ്രമം വ്യക്തമായ പ്ലാനിംഗും ലക്ഷ്യബോധവും ഉണ്ടായിട്ടും പാളുന്നു; എല്ലാവരും ഒളിവില്‍ പോകുന്നു. തുടര്‍ന്ന് ഇന്ദുചൂഢന്റെ ജീവിതത്തിന്റെ ഗതിവിഗതികളാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

അഭിനയം, സാങ്കേതികം:
ഒരര്‍ത്ഥത്തില്‍ ‘ഗുല്‍മോഹര്‍’ രഞ്ജിത്തിന് അവകാശപ്പെട്ടതാണ്. കാലത്തിന് കെടുത്താനാവാത്ത വിപ്ലവവീര്യം മനസ്സില്‍ സൂക്ഷിക്കുന്ന ഇന്ദുചൂഢനെ രഞ്ജിത്ത് നന്നായി അവതരിപ്പിച്ചിരിട്ടുണ്ട്. ഡയലോഗ് ഡെലിവെറിയില്‍ അല്പം കൂടി ശ്രദ്ധ വേണമെന്നതൊഴിച്ചാല്‍ അടി മുതല്‍ മുടി വരെ രഞ്ജിത്ത് ഇന്ദുചൂ‍ഢനാണ്. നോട്ടങ്ങളിലൂടെയും ചലനങ്ങളിലും എന്തിന് മൌനത്തില്‍ പോലും വല്ലാത്തൊരു ഭാവം പകരുന്നുണ്ട് രഞ്ജിത്ത്.

സിന്ധുവായ് മീര വാസുദേവ്, ഹരിക്കൃഷ്ണനായ് സിദ്ദിക്ക്, ഗായത്രിയായ് പുതുമുഖം നീനു മാത്യു, ചാക്കോയായ് ഭാവമാറ്റം നടത്തിയ രാജാമണി എന്നിവര്‍ തരക്കേടില്ല. പോലീസ് ഉദ്യോഗസ്ഥന്മാരായി വരുന്ന സുബൈര്‍, കൊല്ലം തുളസി, നെഗോഷിയേറ്ററായി വരുന്ന നടന്‍, സിനിമയുടെ ആരംഭത്തില്‍ നാം കാണുന്ന സ്കൂള്‍ വിദ്യാര്‍ഥി, ഇന്ദുചൂഢന്റെ മക്കളെ അവതരിപ്പിച്ച ബാലതാരങ്ങള്‍ എന്നിവരും താന്താങ്ങളുടെ ഭാഗം നന്നാക്കി. കൂട്ടത്തില്‍ ഗായത്രിയുടെ കൂട്ടുകാരിയെ അവതരിപ്പിച്ച നടിയുടെ (പുതുമുഖമാണെന്ന് തോന്നുന്നു) പ്രകടനം എടുത്ത് പറയേണ്ടതാണ്. സഹോദരന്റെ മരണശേഷം കോളേജ് കാന്റീനില്‍ വെച്ച് ഇന്ദുചൂഢനെ കാണുന്ന രംഗം അവരുടെ സ്വാഭാവികമായ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. “കഴിക്കാന്‍ എന്തെങ്കിലും പറയട്ടെ?” എന്ന ഇന്ദുചൂഢന്റെ ചോദ്യത്തിന് “സാറ് പറഞ്ഞോളൂ, ഞാനിന്നൊന്നും കഴിച്ചിട്ടില്ല’ എന്ന് മറുപടി പറയുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന നിസ്സംഗത, സിനിമാക്കാഴ്ചയുടെ ഒടുക്കവും മനസ്സില്‍ തങ്ങി നില്‍കുന്ന ഒന്നാണ്.

എം.ജെ.രാധാക്കൃഷ്നന്റെ ഛായാഗ്രഹണമാണ് ചിത്രത്തില്‍ എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ‘ശാലിനി എന്റെ കൂട്ടുകാരി’ തുടങ്ങിയ സിനിമകളിലൂടെ നമുക്ക് പരിചിതമായ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് കാമ്പസും എസ്റ്റേറ്റ് പരിസരങ്ങളും മറ്റും മനസ്സില്‍ തട്ടും വിധം ഒപ്പിയെടുത്തിട്ടുണ്ട് അദ്ദേഹത്തിന്റെ ക്യാമറ. മനോജിന്റെ ചിത്രസംയോജനകലയും സുജിത് രാഘവന്റെ കലാസംവിധാനവും കഥാവതരണാനുയോജ്യം തന്നെ. സിദ്ദിക്കിന്റെ താടിയുടെ സ്ഥിരതയില്ലായ്മ (കൃത്രിമത്വം പ്രകടം!) മേക്കപ്പ് വിഭാഗത്തിന്റെ നല്ല ജോലിയില്‍ റെഡ് മാര്‍ക്കാകുന്നു.

ഒ.എന്‍.വി-ജോണ്‍സണ്‍ ടീം ഒരുക്കിയ ഗാനങ്ങള്‍ പഴയ കാലഗാനങ്ങളുടെ ചുവട് പിടിച്ചാണ്. കവിതയൂറുന്ന വരികളും മൃദുവായ സംഗീതവും (ഓര്‍ക്കസ്‌ട്രേഷന്‍ ജോണ്‍സണ്‍ മാഷിന്റെ തന്നെ പഴയ ചില ഗാനങ്ങളെ ഓര്‍മ്മിപ്പിക്കുമെങ്കിലും!) കര്‍ണ്ണാമൃതമാവുന്നു. രഹസ്യദൂതസന്ദേശങ്ങള്‍ക്കിടയില്‍ ഗായത്രി (നിര്‍ഭയം) കൊടുക്കുന്ന പ്രണയലേഖനം ഇന്ദുചൂഢന്‍ വായിക്കുന്ന രംഗം സംവിധായകന്‍ പകര്‍ത്തുന്നത് വിജയ് യേശുദാസ്, ശ്വേത എന്നിവര്‍ മനോഹരമായ് പാടിയ ‘ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ, ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ്. നായകന്റെ വിടരാന്‍ മടിക്കുന്ന പ്രണയഭാവങ്ങളും നായികയുടെ ആകാക്ഷയും ഗാനചിത്രീകരണത്തില്‍ കൊണ്ട് വരാന്‍ സംവിധായകനും അഭിനേതാക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇന്ദുചൂഢന്റെ ചിന്തകളും യാത്രകളും പകര്‍ത്തിയ യേശുദാസ് പാടിയ ‘കാനനത്തിലെ ജ്വാലകള്‍ പോല്‍ മലര്‍വാക പൂക്കുമീ താഴ്വരയില്‍’ എന്ന ഗാനം നന്നെങ്കിലും അനവസരത്തിലായ് തോന്നി.

ദീദി ദാമോദരന്റെ ആദ്യ തിരക്കഥയാണ് ‘ഗുല്‍മോഹര്‍’. സിനിമയുടെ സാമ്പത്തികശാസ്ത്രം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ പരിണാമഫലമായ ഒരു ക്ലൈമാക്സ് ഒഴിച്ചാല്‍ മികച്ച കഥാമുഹൂര്‍ത്തങ്ങളുള്ള നല്ല ഒരു തിരക്കഥയാണ് ഇത്. ഒരുപാട് സൂപ്പര്‍ ചിത്രങ്ങള്‍ ക്രെഡിറ്റിലുള്ള ടി.ദാമോദരന്റെ മകളായ ദീദിയുടെ തൂലിക തന്റെ ആദ്യചിത്രത്തിന് ഒരു രാഷ്ട്രീയസ്വഭാവം നല്‍കിയതില്‍ അത്ഭുതമില്ല. പക്ഷെ കഥയ്ക്കനുയോജ്യമായ രീതിയിലുള്ള കാച്ചികുറുക്കിയ സംഭാഷണങ്ങളും ലളിതമായ ആഖ്യാനശൈലിയും അച്ഛനില്‍ നിന്ന് അവരെ വ്യത്യസ്തയാക്കുന്നു. അപൂര്‍വ്വമായേ ഇന്ത്യന്‍സിനിമയില്‍ സ്ത്രീകള്‍ സ്വതന്ത്രതിരക്കഥാക്കൃത്തുകള്‍ ആകാറുള്ളൂ. അതില്‍ തന്നെ രാഷ്ട്രീയ-സാമൂഹികപശ്ചാത്തലത്തില്‍ ഗൌരവപരമായ വിഷയങ്ങള്‍ സ്വീകരിക്കുന്നവര്‍ വിരളം. തന്റെ ആദ്യതിരക്കഥയില്‍ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യാന്‍ ദീദി ദാമോദരന്‍ കാണിച്ച ധൈര്യം അഭിനന്ദനമര്‍ഹിക്കുന്നു.
‘ഗുല്‍മോഹറി‘ലെ പിഴവുകള്‍ അവര്‍ അടുത്ത തിരക്കഥയില്‍ തിരുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ജയരാജിന്റെ മികച്ച സിനിമകളുടെ അവസാനം നില്‍കുന്ന സിനിമയാകാം ചിലപ്പോള്‍ ഗുല്‍മോഹര്‍. ‘കരുണ‘ത്തില്‍ നാം അനുഭവിച്ച ആകുലതയോ, ‘ശാന്ത’ത്തിലെ അശാന്തതയോ, ‘കളിയാട്ട’ത്തില്‍ കണ്ട മീഡിയത്തിലുള്ള കയ്യൊതുക്കമോ, ‘ദേശാടന‘ത്തില്‍ പ്രകടമായ പ്രതിഷ്ഠയോ, ‘പൈതൃക‘ത്തിലെ ആശയവൈരുദ്ധ്യപോരാട്ടത്തിന്റെ രൂക്ഷതയോ ‘ഗുല്‍മോഹറി‘ല്‍ കണ്ടെന്ന് വരില്ല. പക്ഷെ വിപ്ലവത്തിന്റെ തീഷ്ണതയും പ്രണയത്തിന്റെ ഗൃഹാതുരത്വവും പുതുമുഖങ്ങളിലെ പുതുമയും ഇതിലുണ്ട്. ഉള്ളിലെ അഗ്നിയുടെ ഊര്‍ജ്ജത്തില്‍ സ്വയം ദഹിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ദുചൂഢനെ നോക്കി നില്‍ക്കുന്ന തൂങ്ങി മരിക്കാന്‍ ഒരുങ്ങുന്ന അവഗണിക്കപ്പെട്ട ജനതയുടെ മുഖം, പോലീസ് ഇന്ററോഗ്ഗേഷന്‍/നെഗോസിയേഷന്‍‍, അറിയാതെ കൊന്നവന്റെ കുടുംബത്തോടുള്ള മാപ്പപേക്ഷ, ക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടിയുമായുള്ള ഇന്ദുചൂഢന്റെ സംഭാഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം ഹരിക്കൃഷ്ണനുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ മറക്കാനാവാത്ത ചില കാഴ്ചകളും ‘ഗുല്‍മോഹര്‍’ നമുക്ക് നല്‍കുന്നുണ്ട്.

തിരക്കഥയിലെയും സംവിധാനത്തിലെയും പാളിച്ചകളാണ് ഗുല്‍മോഹറിന് വിനയാവുന്നത്. ജയരാജിന്റെ മുന്‍‌മസാലചിത്രങ്ങളില്‍ നാം കണ്ട് മടുത്ത ക്യാമറാചലനങ്ങളും ചിത്രസംയോജന‌ട്രിക്കുകളും അപക്വമായ ക്ലൈമാക്സും ആസ്വാദനത്തിന് വിലങ്ങുതടിയായി. ഇന്ദുചൂഢന്റെ ഭാര്യ സിന്ധു (മീര വാസുദേവ്), സിന്ധുവിന്റെ അമ്മ (കവിയൂര്‍ പൊന്നമ്മ), സാമൂഹ്യബോധമുള്ള ചെറുപ്പക്കാരന്‍ (സുധീഷ് അവതരിപ്പിച്ച ഈ കഥാപാത്രത്തിന്റെ പേര് ഓര്‍മ്മയില്‍ തെളിയുന്നില്ല) തുടങ്ങിയ അപൂര്‍ണ്ണകഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ജയിലില്‍ നിന്നിറങ്ങിയ ഇന്ദുചൂഢനിലെ മാറ്റങ്ങള്‍, അവന്റെ ജീവിതത്തിലേക്കുള്ള സിന്ധുവിന്റേയും അവളുടെ അമ്മയുടേയും വരവ്, വിപ്ലവജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കിന് മുന്‍പുള്ള യാത്രപറച്ചിലില്‍ ‘എന്റെ സ്വന്തം അമ്മ’ എന്ന് കൂട്ടുകാരന് പരിചയപ്പെടുത്തിയ അമ്മയുടെ അസാന്നിധ്യം, ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ വളര്‍ന്ന ഇന്ദുചൂഢന്റെ താടി എന്നിങ്ങനെ ഉത്തരം കിട്ടാത്ത ‘സംഗതി‘കള്‍ സിനിമാക്കാഴ്ചയുടെ ഒടുക്കം പ്രേക്ഷകനുണ്ടാകുന്നു. സ്ഥിരം ഫയര്‍ബ്രാന്‍ഡ് നായകന്മാരുടെ രീതിയിലുള്ള ഇന്ദുചൂഢന്റെ പരിണാമം, ചാക്കോയെ വധിക്കാനുണ്ടാകുന്ന വ്യക്തിപരമായ മോട്ടീവ് (നായകന്റെ മകളുടെ കൂട്ടുകാരിയായ സീതക്കുട്ടിയെയും ചാക്കോ പിടിച്ച് കൊണ്ട് പോയിരിക്കുന്നു!), മൂന്നാംകിട മസാല പടങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രതിനായക-പ്രതിനായകസഹചാരി ഉന്മൂലനം, ക്ലൈമാക്സിലെ നായകരംഗപ്രവേശനം മുതലായ രചനയിലെയും അവതരണത്തിലേയും ഇത്തരം അശ്രദ്ധകളില്‍ സംവിധായകനുമുണ്ടായേക്കാം നല്ല ഒരു പങ്ക്.

വാല്‍ക്കഷ്ണം:

ഗുല്‍മോഹര്‍ ഒരു അടയാളമാണ്. സിനിമയിലുടനീളം ഗുല്‍മോഹറായും, വിപ്ല്ലവകാരിയുടെ മനസ്സായും, മനസ്സിലെ നിശബ്ദതയായും തീജ്വാലകളുടെ ചൂട് നമുക്കനുഭവപ്പെടുന്നു. ഗുല്‍മോഹറിന്റെ ഏറ്റവും മികച്ച ഗുണവും അതാണ്. നക്സല്‍-വിപ്ലവചിത്രങ്ങളുടെ പേരിലിറങ്ങുന്ന മിക്ക സിനിമകളും നെടുനീളന്‍ ഡയലോഗുകളും അമിതശബ്ദവും സംവേദനത്തിനുള്ള ഉപാധിയായ് സ്വീകരിക്കുമ്പോള്‍ ‘ഗുല്‍മോഹറി‘ല്‍ നാം അനുഭവിക്കുന്നത് ചെറുചലനങ്ങളും നിശബ്ദതയും മനോഹരമായ സംഭാഷണങ്ങളുമാണ്. ‘ഇതെന്റെ തീരുമാനമാണ്, വരും വരായ്കകളെ കുറിച്ച് ആലോചിച്ചെടുത്ത തീരുമാനം.‘ എന്ന് ഇന്ററോഗ്ഗേഷന്‍ സെല്ലില്‍ വെച്ചും ‘അതൊരു പ്രതീക്ഷയാണ്, മോഹിപ്പിക്കുന്ന പ്രതീക്ഷ. പൂത്ത ഗുല്‍മോഹര്‍ മരത്തിന് കീഴില്‍ ഋതുഭേദങ്ങളറിയാതെ കാത്ത് നില്‍കുന്ന ഒരു പെണ്‍‌കുട്ടി.‘ എന്ന് ജയിലില്‍ വെച്ചും ഇന്ദുചൂഢന്‍ പറയുമ്പോള്‍ പ്രണയത്തിന്റേയും പ്രതീക്ഷയുടേയും തീഷ്ണത നാം അറിയുന്നു. ആ അനുഭവത്തിന്റെ മധുരതരമായ ചൂ‍ടേകിയ അണിയറശില്പികള്‍ക്ക്, ഇരിക്കട്ടെ ദൃശ്യന്റെ വക ചുവപ്പ് കലരാത്ത ഒരു സല്യൂട്ട്.

+ രഞ്ജിത്ത്
+
കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, നല്ല കഥാമുഹൂര്‍ത്തങ്ങളുള്ള തിരക്കഥ (മൈനസ്സ് ക്ലൈമാക്സ് !)

x ക്ലൈമാക്സ്
x അവതരണത്തിലെ ചില്ലറ തട്ടലും മുട്ടലും ; വിശദീകരണം ആവശ്യപ്പെടുന്ന കഥാഗതി
x അപൂര്‍ണ്ണമായ ചില കഥാപാത്രങ്ങള്‍
--------------------------------------------------------------------------------------------------------------------------------------

മായാബസാര്‍: ഒരു തട്ടുപൊളിപ്പന്‍ ചിത്രം!

കഥ: ഗോവിന്ദ് രാംദാസ്
തിരക്കഥ
, സംഭാഷണം: ടി.എ. റസാഖ്
സംവിധാനം: തോമസ് സെബാസ്റ്റ്യന്‍‍
നിര്‍മ്മാണം: കല നായര്‍
അഭിനേതാക്കള്‍: മമ്മൂട്ടി, ഷീല, രാജന്‍.പി.ദേവ്, സായികുമാര്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 1 ഒക്‍ടോബര്‍, 2008
സിനിമ കണ്ടത്: 11 ഒക്‍ടോബര്‍, 2008@ നര്‍ത്തകി, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 2.85 @ 10


ഇത് ഒരു റിവ്യൂവേ അല്ല, സിനിമ കണ്ട് പോയത് കൊണ്ട് ഒരു അഭിപ്രായപ്രകടനം നടത്തുന്നു, അത്ര മാത്രം!

സിനിമ ഒരു വിനോദോപാധിയാണ്, കച്ചവടമാണ്. എല്ലാ സിനിമാപ്രവര്‍ത്തകരും ഈ വിനോദകച്ചവടത്തിന്റെ ഭാഗമാണ്. എന്നാല്‍ ‘വിനോദം’ എന്ന വാക്ക് നിര്‍വചിക്കുന്നതിലെ വ്യത്യാസമാണ് ഒരുവനെ നല്ല സിനിമാക്കാരനും മോശം സിനിമാക്കാരനുമാക്കുന്നത്. ആ വ്യത്യാസം തന്നെയാണ് നമ്മളെ ‘സാദാ പ്രേക്ഷകനെന്നും സഹൃദയനെന്നും പറഞ്ഞ് വേര്‍തിരിക്കുന്നത്. ‘പ്രേക്ഷകന് വേണ്ടത് ഞങ്ങള്‍ നല്‍കുന്നു’ എന്ന് പറയുന്ന സിനിമാക്കാരന്‍ ഒരു കള്ളനാണ്. കാരണം തനിക്കെന്താണ് വേണ്ടതെന്ന് പ്രേക്ഷകന് തന്നെയറിയില്ല, പിന്നയല്ലേ അവനുമായ് ഒന്നു സംസാരിക്കാന്‍ പോലും മിനക്കേടാത്ത സിനിമാക്കാര്‍ക്ക്! കാഴ്ചക്കാരന് വേണ്ടത് ഇതൊക്കെയാണ് എന്ന് സ്വയം വിശ്വസിപ്പിച്ച് സിനിമയുണ്ടാക്കുന്നവരുടെ പ്രൊഡക്ട് വര്‍ണ്ണശബളമായ പുറം‌മോടിയുള്ള ഉള്ള് പൊള്ളയായ ബലൂണുകളാണ്. അവ ഒരിക്കലും സിനിമയാകുന്നില്ല. അതില്‍ ‘നേരംകൊല്ലല്‍’ അല്ലാതെ വിനോദവുമില്ല! അത്തരം ഒരു ടിപ്പിക്കല്‍ നേരംകൊല്ലി തട്ടുപൊളിപ്പന്‍ സൂപ്പര്‍സ്റ്റാര്‍ പ്രോഡക്ടാണ് മമ്മൂട്ടി നായകനായ ‘മായാബസാര്‍‘. സാധാരണ മമ്മൂട്ടി മസാലപടങ്ങളില്‍ കാണാത്ത ഒന്നു കൂടി ഉണ്ട് ഈ തോമസ് സെബാസ്റ്റ്യന്‍ ചിത്രത്തില്‍ - കഥയുമായ് ഒരു ബന്ധവുമില്ലാത്ത മാദകനൃത്തം!

സിനിമ കണ്ടീട്ടേ അഭിപ്രായം പറയാവൂ എന്ന നിര്‍ബന്ധമുള്ളത് കൊണ്ടാണ് ഈ സിനിമ കണ്ടത്. ഗാനരംഗങ്ങള്‍ ടി.വി.യില്‍ കണ്ടീട്ടും ഈ ‘ആത്മഹത്യ‘ക്ക് മുതിര്‍ന്ന എനിക്കും കിട്ടണം ‘മായബസാറി‘ലെ ഇരുമ്പു‌ദണ്ഡ് കൊണ്ട് തലയ്ക്കൊരു മേട്ടം!!! ഇതുമൊരു മായക്കാഴ്ച! വെല്‍ഡണ്‍ മമ്മൂട്ടി! വെല്‍ഡണ്‍ തോമസ് സെബാസ്റ്റ്യന്‍! ഈ സിനിമയെ കുറിച്ച് എത്രയും പെട്ടന്ന് മടക്കാന്‍ പ്രേക്ഷകനെ ദൈവം സഹായിക്കട്ടെ - അതാവും നിങ്ങള്‍ക്കും നല്ലത്!

കഥ തിരഞ്ഞെടുക്കാനുള്ള കഴിവു‌കേടിന് മാപ്പു കൊടുക്കാമെങ്കില്‍
, ഇതിലും നല്ല സിനികള്‍ എടുക്കാനുള്ള സിനിമാ-സാങ്കേതികപരിജ്ഞാനമുണ്ടെന്ന് തോന്നുന്നു തോമസ് സെബാസ്റ്റ്യന്. മായാബസാറില്‍ അതിന്റെ സൂചനകളുണ്ട്.



അതിനാല്‍ പുതുമുഖസംവിധായകനിലുള്ള പ്രതീക്ഷ ദൃശ്യന് തീരെ നഷ്ടപ്പെട്ടിട്ടില്ല എന്ന് മാത്രം പറഞ്ഞ്, ‘മായബസാറി‘ന്റെ കഥ, അഭിനയം, സാങ്കേതികം തുടങ്ങിയവയെ കുറിച്ച് അധികമൊന്നും പറയാന്‍ മിനക്കെടാതെ ഇവിടെ നിര്‍ത്തുന്നു. കണ്ട മറ്റു സിനിമകളെ കുറിച്ച് എഴുതാന്‍ ആ സമയം പ്രയോജനപ്പെടട്ടേ, അല്ലേ?


+ ടൈറ്റില്‍‌സില്‍ വരുന്ന ഗ്രാഫിക്സ് അല്ലാതെ മറ്റൊന്നുമില്ല.


x
കഥ, തിരക്കഥ – ഏച്ചു കൂട്ടുമ്പോളുള്ള മുഴച്ച് നില്‍ക്കല്‍ പ്രകടം!
x മമ്മൂട്ടിയുടെ നൃത്തപ്രകടനം, അനാവശ്യ-അറുബോറന്‍ ഗാനങ്ങള്‍ ഗാനരംഗങ്ങള്‍
x കോമഡിക്കായുള്ള പാഴ്‌ശ്രമം

വാല്‍ക്കഷ്ണം:
ഈ ഒരു സിനിമയ്ക്ക് ‘ഇത്ര’ വലിയ റേറ്റിംഗ് കൊടുത്തതിന് എതിരഭിപ്രായവുമായ് ഒട്ടനേകം പേര്‍ വരുമെന്നുറപ്പ്
. ചലച്ചിത്രങ്ങള്‍ക്ക് റേറ്റിംഗ് കൊടുക്കുന്നതിന് എനിക്കൊരു കണക്കുണ്ട്. അതു പ്രകാരം ചിത്രത്തിലെ സാങ്കേതികവിഭാഗത്തിന്റെ (ബിജിത്ത് ബാലയുടെ ചിത്രസംയോജനം, മനോജ് പിള്ളയുടെ ഛായാഗ്രഹണം, പ്രശാന്ത് മാധവിന്റെ കലാസംവിധാനം) പിന്‍‌ബലത്തിലാണ് മായബസാറിന് പത്തില്‍ 2.85 കിട്ടിയത്.


--------------------------------------------------------------------------------------------------------------------------------------

Thursday, July 3, 2008

മിഴികള്‍ സാക്ഷി: സത്യസന്ധം പക്ഷെ ദുര്‍ബലം

കഥ, സംവിധാനം: അശോക്.കെ.നാഥ്
തിരക്കഥ
, സംഭാ ഷണം: അനില്‍ മുഖത്തല
നിര്‍മ്മാണം
: വി.ആര്‍.ദാസ്, വി.മോഹന്‍ലാല്‍, സൈബര്‍ വിഷന്‍
അഭിനേതാക്കള്‍
: സുകുമാരി, മോഹന്‍ലാല്‍, നെടുമുടി വേണു, വിനീത്, കൊച്ചുപ്രേമന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 20 ജൂണ്‍‍‍‍, 2008
സിനിമ കണ്ടത്: 28 ജൂണ്‍‍‍, 2008 @ ദേവകി സിനിമാക്‍സ്‌, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.04 @ 10

ചിന്തിച്ചിട്ടുണ്ടോ ഒരു നല്ല സിനിമ ഉണ്ടാകുന്നതെങ്ങനെയെന്ന്?. അടുത്തിടെ ഇറങ്ങുന്ന തട്ടിക്കൂട്ടു കഥകളല്ല ഞാനുദ്ദേശിച്ചത്. പ്രേക്ഷകന് അനുഭവമായ് മാറുന്ന – അത് കച്ചവടമായാലും, കലയായാലും, സമാന്തരമായാലും - നല്ല സിനിമയാണ് ഇവിടെ പ്രതിപാദ്യം. ഒരുവന്റെ മനസ്സിലുണ്ടാകുന്ന കഥയുടെ നുറുങ്ങുവെട്ടം അവന്റെ ചിന്തകളിലൂടെ മറ്റുള്ളവരുമായുള്ള ചര്‍ച്ചകളിലൂടെ രൂപപ്പെട്ട്, ആദിമദ്ധ്യാന്തമുള്ള കഥയായ് മാറിക്കഴിഞ്ഞാല്‍ അടുത്ത് ഘട്ടം എന്താണ്? കുറച്ചെങ്കിലും സിനിമാബോധമുള്ള ആരും പറയും തിരക്കഥയെന്ന്. പൂര്‍ണ്ണരൂപത്തിലുള്ള ഒരു കഥ മനസ്സിലുണ്ടെങ്കില്‍ ആര്‍ക്കുമെഴുതാവുന്ന ഒന്നാണോ തിരക്കഥ? തീര്‍ച്ചയായും അല്ല. എന്റെ അഭിപ്രായത്തില്‍ ഇവിടെയാണ് ഒരു സിനിമ ഉണ്ടാവുന്ന പ്രക്രിയയിലെ ഏറ്റവും ദുര്‍ഘടകരമായ ഘട്ടം കടന്ന് വരുന്നത്. ചലച്ചിത്രമെന്ന മാധ്യമത്തെ കുറിച്ചുള്ള തിരക്കഥാക്കൃത്തിന്റെ അവഗാഹം ഇവിടെയാണ് പരീക്ഷിക്കപ്പെടുന്നത്. ഒരു കഥ ഒരുപാട് രീതിയില്‍ അവതരിപ്പിക്കാം. തന്റെ കഥയ്ക്ക് ഏറ്റവുമനുയോജ്യമായ നരേഷന്‍ ഏതെന്ന് തിരിച്ചയുന്നിടത്താണ് ഒരു ചലച്ചിത്രകാരന്റെ ആദ്യവിജയം. താന്‍ മനസ്സില്‍ കണ്ട കഥാസന്ദര്‍ഭങ്ങള്‍ ഇഫക്ടീവായ് കോര്‍ത്തിണക്കുന്ന ഈ വിദ്യ അറിയാത്ത ഒരാള്‍ക്കും നല്ലൊരു തിരക്കഥാകൃത്താവാനോ സംവിധായകനാവാനോ കഴിയില്ല. പ്രത്യേകിച്ചും സിനിമ എന്ന മാധ്യമത്തെ കുറിച്ച് നല്ല പരിജ്ഞാനമുള്ള പ്രേക്ഷകരുള്ള ഈ നാട്ടില്‍. കയ്യില്‍ നല്ലൊരു കഥയുണ്ടായിട്ടും, കഥാപാത്രങ്ങളുണ്ടായിട്ടും, കഥാസന്ദര്‍ഭങ്ങളുണ്ടായിട്ടും അശോക്.കെ.നാഥിന്റെ ‘മിഴികള്‍ സാക്ഷി’ പരാജയപ്പെടുന്നത് ഈ ‘വിദ്യ‘ അറിയാത്തത് കൊണ്ടാണ്.

കഥാസംഗ്രഹം
മകന്റെ മരണം അംഗീകരിക്കാനാവാത്ത - ഊമയായ, മനസ്സിന്റെ താളം തെറ്റി കൊണ്ടിരിക്കുന്ന - ഒരു അമ്മയുടെ (സുകുമാരി) യാത്രയാണ് ഈ കഥ. ഒരു ശ്രീകൃഷ്ണക്ഷേത്രത്തിലെത്തുന്ന ഊരും പേരുമറിയാത്ത അവര്‍ അമ്പലവാസികളായ ചൊല്ലുസ്വാമി (കൊച്ചുപ്രേമന്‍), വാരസ്യാരുക്കുട്ടി അമ്പിളി (കൃഷ്ണ) എന്നിവരുമായ് അടുക്കുന്നു. അവര്‍ ആ അമ്മയെ കൂനിയമ്മ എന്ന് വിളിക്കുന്നു. ക്ഷേത്രപരിസരത്തെ ജീവിതം മെല്ലെ പുരോഗമിക്കവേ അവരുടെ ഉള്ളിലെ അമ്മ ഉണ്ണികണ്ണന്റെ പുത്രസങ്കല്‍പ്പത്തില്‍ ആകൃഷ്ടയാവുന്നു. മനസ്സിലെ ദു:ഖങ്ങള്‍ പതിയെ മറവിയിലാഴുമ്പോഴാണ് ആ അമ്മ‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് എല്ലാവരുമറിയുന്നത്. അവരുടെ ജീവിതത്തിലുണ്ടായ ദുരന്തത്തിനും തുടര്‍ന്നുള്ള സംഭവങ്ങള്‍ക്കുമാണ് നാം പിന്നീട് സാക്ഷികളാവുന്നത്.


അഭിനയം

കഥയിലെ ഒരു മുഖ്യകഥാപാത്രമായ് മോഹന്‍ലാല്‍ അഭിനയിക്കുമ്പോഴും
, ഒരു മോഹന്‍ലാല്‍ ചിത്രമെന്ന രീതിയിലല്ല അണിയറക്കാര്‍ ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റില്‍ മുതല്‍ ഒടുക്കം വരെ കൂനിയമ്മ എന്ന കഥാപാത്രത്തിലാണ് അവരുടെ ഫോക്കസ്. തനിക്ക് ലഭിച്ച ഈ സുവര്‍ണ്ണാവസരം മനോഹരമായ് അവതരിപ്പിക്കുന്നതില്‍ സുകുമാരി വിജയിച്ചിരിക്കുന്നു. ശരീരചലനങ്ങളില്‍ ഭാവങ്ങളില്‍ ആഹാര്യ-വാചികാഭിനയത്തില്‍ എല്ലാം അനുഭവസമ്പന്നയായ അനുഗ്രഹീതനടിയുടെ സ്പര്‍ശനമുണ്ട് അവരുടെ അഭിനയത്തില്‍. തന്റെ വിശപ്പും പുത്രദു:ഖവും ഉണ്ണിക്കണ്ണനോടുള്ള വാത്സല്യവും സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോഴത്തെ നിസ്സഹായാസ്ഥയുമെല്ലാം വളരെ തന്മയത്വത്തോടെ അവര്‍ പ്രകടിപ്പിച്ചിരിക്കുന്നു. ചേമ്പിലയില്‍ കുമ്പിള്‍ കുത്തിക്കൊണ്ട് ഭക്ഷണത്തിനായ് അന്നദാനപ്പുരയ്ക്ക് മുന്നില്‍ കാത്ത് നില്‍കുന്ന കൂനിയമ്മയുടെ രൂപം ഏറെ നാള്‍ സഹൃദയമനസ്സില്‍ തങ്ങി നില്‍കുമെന്നുറപ്പ്.

വളരെ അപൂര്‍വ്വമായ് മാത്രമാണ് ഒരു നടന്‍ ഒരു കഥാപാത്രത്തിന് ബാദ്ധ്യതയായ് മാറുന്നത്. ആ നടനെ കുറിച്ചുള്ള അമിതപ്രതീക്ഷകളോ അയാള്‍ അവതരിപ്പിക്കുന്നത് കൊണ്ട് പ്രേക്ഷകര്‍ ഒരു മുന്‍‌വിധിയോടെ കഥാപാത്രത്തെ സമീപിക്കുന്നതോ ആവാം ഈ സന്ദര്‍ഭത്തിന് കാരണം. മറ്റൊരു നല്ല നടന്‍ - ഒരു പുതുമുഖമായാല്‍ പോലും - അവതരിപ്പിച്ചാല്‍ ഇതിലും നന്നാവുമായിരുന്നു സയ്യദ് അഹമ്മദ് എന്ന സ്വതന്ത്രചിന്തകനായ കോളേജ് പ്രൊഫസറുടെ വേഷം. സാമൂഹികതെറ്റിദ്ധാരണകളില്‍ നിന്നും തന്റെ മതത്തെ രക്ഷിക്കണം എന്നാഗ്രഹിക്കുന്ന, അതിനായ് തന്റെ തന്നെ മതത്തിലുള്ളവരോട് ഒറ്റയ്ക്ക് പൊരുതുന്ന, ശക്തമായ ഒരു വ്യക്തിത്വത്തിനുടമയാണ് സയ്യദ് അഹമ്മദ്. ചിന്തകളിലൂടെ വിപ്ലവം നടത്തുന്ന മനുഷ്യസ്നേഹി. ഇടയ്ക്കിടയ്ക്ക് രംഗത്ത് വന്ന് ഒരു കൊച്ചുപ്രഭാഷണം നടത്തി പോകുക എന്നതിനപ്പുറം ഇവിടെ കഥാപാത്രമായ് മാറുന്നതില്‍ എല്ലാ രീതിയിലും മോഹന്‍ലാല്‍ എന്ന അനുഗ്രഹീതനടന്‍ പരാജയപ്പെട്ടിരിക്കുന്നു. പക്ഷെ തിയേറ്ററിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സഹായകരമാകുമെന്നതില്‍ സംശയമില്ല.

ഏടുത്ത് പറയേണ്ട ഒരു പ്രകടനം കൊച്ചുപ്രേമന്റേതാണ്. സ്ഥിരം ശൈലിയിലുള്ള കോമഡിവേഷങ്ങളില്‍ തളയ്ക്കപ്പെട്ട ഈ നടന്റെ (ഞാന്‍ കണ്ടതില്‍ വെച്ച്) ഏറ്റവും നല്ല വേഷമാണ് ഈ ചിത്രത്തിലെ ചൊല്ലുസ്വാമി. സാത്വികഭാവം സ്ഥായിയായുള്ള ചൊല്ലുസ്വാമിയെ കൊച്ചുപ്രേമന്‍ മിതമായ അഭിനയരീതി കൊണ്ട് നന്നാക്കിയിരിക്കുന്നു.

പോലീസുദ്യോഗസ്ഥന്‍ ആദിത്യവര്‍മ്മയായ് വരുന്ന മനോജ്.കെ.ജയന്‍, കൃഷ്ണനാട്ടക്കാരനായ് വരുന്ന വിനീത്, ദേവസ്വം മാനേജറായ് വരുന്ന ദിനേശ് പണിക്കര്‍, രണ്ട് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തില്‍ മാള അരവിന്ദന്‍, അമ്പിളിയെ അവതരിപ്പിച്ച കൃഷ്ണ തുടങ്ങിയവരൊന്നും തെറ്റില്ലാത്ത വിധം അഭിനയിച്ചിരിക്കുന്നു.


ഗാനങ്ങള്‍
കഥാഗതിയ്ക്ക് അനുചിതമായ് ഗാനങ്ങള്‍ വരുന്നു എന്നത് ഈ സിനിമയുടെ ഒരു പോരായ്മയാണ്. പക്ഷെ ദക്ഷിണാമൂര്‍ത്തി-.എന്‍.വി ടീമിന്റെ ഗാനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു എന്ന് മാത്രമല്ല രചനയിലും ഈണത്തിലും അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും നല്ലവയാണെന്ന് നിസ്സശയം പറയാം.

കെ.എസ്.ചിത്ര അതീവഹൃദ്യമായ് ആലപിച്ച ‘തെച്ചിയും ചെമ്പരുത്തിയും നല്ല തൃത്താവും ചാര്‍ത്തും പൈതലേ’ ഒരമ്മയുടെ നേര്‍ത്ത നൊമ്പരമുള്ള മനസ്സില്‍ നിന്ന് വരുന്ന കൃഷ്ണഭക്തിഗാനമാണ്. കൂനിയമ്മയുടെ മനസ്സില്‍ കൃഷ്ണനോടുള്ള പുത്രവാത്സല്യം ഉറവിടുന്നതാണ് സിനിമയിലെ ഗാനപശ്ചാത്തലം.

അമ്മേ നീയൊരു ദേവാലയം നന്മകള്‍ പൂവിട്ടു പൂജിക്കുമാലയം’ എന്ന ഗാനത്തിന്റെ അടിസ്ഥാനഭാവം ദു:ഖമാണ്. കൂനിയമ്മയുടെ ലക്ഷ്യമില്ലാത്ത യാത്രയും അലച്ചിലുമാണ് സംവിധായകന്‍ ഈ ഗാനരംഗത്തില്‍ പകര്‍ത്തിയിരിക്കുന്നത്. അമ്മയുടെ മഹത്വവും അപദാനങ്ങളും വിവരിക്കപ്പെടുന്ന ഈ ഗാനം യേശുദാസിന്റെ ഭാവസാന്ദ്രമായ ആലാപനത്തിലാണുള്ളത്.

അപര്‍ണ്ണ രാജീവിന്റെ ശബ്ദത്തില്‍ വരുന്ന ‘മഞ്ജുതരശ്രീലതികാഗൃഹത്തില്‍’ എന്ന ഗാനത്തില്‍ നിറഞ്ഞ് നില്‍കുന്നത് കൃഷ്ണാനുരാഗമാണ് . നല്ല ഭാവമുള്ള മനോഹരമായ ആലാപനം ഗാനത്തെ ശ്രദ്ധേയമാക്കുമെങ്കിലും സിനിമയില്‍ ഈ ഗാനം അധികപറ്റാണ്. കഥയുമായോ ഏതെങ്കിലും സന്ദര്‍ഭവുമായോ യോജിച്ച് നില്‍ക്കാന്‍ ഈ ഗാനത്തിനാവുന്നില്ല. കൂനിയമ്മ ദേവകിയില്‍ നിന്ന് രാധയായ് മാറി എന്ന് കരുതാന്‍ വയ്യല്ലോ! എന്നിരുന്നാലും ഈ ഗാനരംഗത്തില്‍ വിനീതും സുകുമാരിയുമായുള്ള നൃത്തചുവടുകള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണീയതയുണ്ട്.

എസ്.ജാനകി പാടിയ ‘താഴമ്പൂ തൊട്ടിലില്‍ താമരത്തുമ്പിയെ താലോലമാട്ടുവാന്‍ കാറ്റേ വാ’ ഒരു പഴയമലയാളസിനിമാഗാനത്തിന്റെ മൂഡിലുള്ള വിഷാദഭാവമുള്ള ഒരു താരാട്ടുപാട്ടാണ്. ‍‘മിന്നും പൊന്നിന്‍ ഞെറിവച്ചുടുക്കുവാന്‍ ചിങ്ങവെയിലേ ചിറ്റാടതായോ‘ തുടങ്ങിയ അനുപമമായ വരികള്‍ എത്രയുണ്ട് ഇന്നത്തെ ഗാനങ്ങളില്‍?

ഗാനങ്ങളിലെ ഈണം നാം മുന്‍പെങ്ങോ കേട്ടതാണെന്ന പ്രതീതി ഉണര്‍ത്തുന്നുണ്ട്. ഒരേ രാഗത്തില്‍ ഉണ്ടാ‍കുന്ന ഗാനങ്ങളുടെ സമാനത എന്ന രീതിയില്‍ അതിനെ കണ്ടാല്‍ മതി എന്നാണെനിക്ക് തോന്നിയത്. സിനിമാപ്പാട്ടുകള്‍ കോലാഹലങ്ങളാകുന്ന ഇന്നത്തെ കാലത്ത് അമിതവാദ്യോപകരണബഹളങ്ങളില്ലാത്ത, കവിത്വവും പദഗുണവും സംഗീതബോധവുമുള്ള, ‘മിഴികള്‍ സാക്ഷി‘യിലെ ഗാനങ്ങള്‍ സഹൃദയര്‍ക്ക് വളരെ ആശ്വാസമേകുന്നു.

സാങ്കേതികം
അശോക് ആര്‍ നാഥിന്റെ മുന്‍‌ചിത്രങ്ങളായ ‘സഫല’വും ‘ഡിസംബറും’ ഞാന്‍ കണ്ടിട്ടില്ല
. ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ട് കൊണ്ട് പരിമിതബഡ്‌ജറ്റില്‍ ചിത്രീകരിച്ച ഒരു സിനിമ എന്ന നിലയ്ക്ക് ‘മിഴികള്‍ സാക്ഷി’ കണ്ട് അദ്ദേഹത്തെ വിലയിരുത്തുന്നതും ശരിയാകില്ല. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് കാമ്പുള്ള നല്ല സിനിമകളാണ് എന്ന് നമുക്ക് അറിയാം.ഇങ്ങനെ ഒരു സിനിമ കണ്‍‌സീവ് ചെയ്ത് ചുരുങ്ങിയ നാള്‍ കൊണ്ട് ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വിജയമാണ്. ആ ശ്രമം അഭിനന്ദനാര്‍ഹവുമാണ്.

മിഴികള്‍ സാക്ഷി’യിലെ മിക്ക പാളിച്ചകളും അവതരണത്തിലാണെന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ. കൂനിയമ്മയും അമ്പലവാസിപെണ്‍കുട്ടിയും തമ്മില്‍ പതിയെ ഉടലെടുക്കുന്ന ബന്ധത്തിന്റെ തീവ്രത പ്രേക്ഷകനിലേക്കെത്തുന്നില്ല. കൂനിയമ്മയുടെ അലച്ചിലുകള്‍ക്ക് കഥാഗതിയുമായ് വല്ലാത്ത ചേര്‍ച്ചക്കുറവനുഭവപ്പെടുന്നു. ഗാനങ്ങളും ആട്ടരംഗങ്ങളും വല്ലാതെ മിസ്‌പ്ലേസ്‌ഡ് ആയിരിക്കുന്നു.

സിനിമയുടെ ആദ്യപകുതി വരെ കൂനിയമ്മയുടെ സങ്കടമെന്ത് എന്നത് നമുക്കജ്ഞാതമാണ് എന്നതിനാല്‍ അത്രയും നേരം നമുക്ക് ആ കഥാപാത്രവുമായ് ശരിയാംവിധം സംവേദിക്കാനാവുന്നില്ല. പക്ഷെ അവരുടെ പ്രശ്നങ്ങള്‍ ഒരളവു വരെ നാം മനസ്സിലാക്കുന്നതോടെ സിനിമയിലുള്ള സംവിധായകന്റെ പിടി അയഞ്ഞ് പോകുന്നു. ഒരു അന്വേഷണോദ്യോഗസ്ഥന്റെ കണ്ണിലൂടെ പിന്നെ നാമറിയുന്ന കഥയില്‍ എന്തിന് കൂനിയമ്മ അലഞ്ഞ് നടക്കുന്നു, എന്താണ് അവര്‍ക്ക് വേണ്ടത് എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. ’ദേവകിയുടെ വിശ്വരൂപദര്‍ശന‘ത്തെ കൂനിയമ്മയുടേ കഥയുമായ് ബന്ധപ്പെടുത്താമെന്ന ആശയം നന്ന്, പക്ഷെ അത് ഫലപ്രദമായില്ലെന്ന് മാത്രമല്ല പ്രേക്ഷകനെ ഒട്ടൊന്ന് ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. പ്രത്യേകിച്ചും ഒരാവശ്യവുമില്ലാതെ അവസാനം വരുന്ന ഗാനവും കൂനിയമ്മയും കൃഷ്ണനാട്ടക്കാരനും ചേര്‍ന്നുള്ള നടനവും. വാത്സല്യത്തേക്കാളേറെ ശൃംഗാരഭാവമാണ് അവിടെ നമ്മള്‍ കാണുന്നത് എന്നത് നമ്മെ അമ്പരപ്പിക്കുന്നു.

രംഗങ്ങള്‍ക്കിടയിലെ ചേര്‍ച്ചക്കുറവിന് ഉത്തരവാദി അനില്‍ മുഖത്തലയെന്ന തിരക്കഥാക്കൃത്തോ ബീനാ പോളെന്ന ചിത്രസംയോജകയോ സംവിധായകനോ അതോ ഇനി ഞാന്‍ കണ്ട തിയേറ്ററിലെ ‘ലോക്കല്‍ എഡിറ്ററോ’ എന്നറിയില്ല. ആരു തന്നെയായാലും, ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ വികാരാധീനമാവേണ്ടിയിരുന്ന അവസാനരംഗം പോലും വളരെ ലാഘവത്തോടെ കണ്ടിരിക്കാനേ ഒരു സാധാരണപ്രേക്ഷകനാകൂ.

രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണം പാവുമ്പ മനോജിന്റെ കലാസംവിധാനം റാണാ പ്രതാപിന്റെ വസ്ത്രാലങ്കാരം ദാസിന്റെ ചമയം എന്നിവ കഥയ്ക്കനുയോജ്യമാംവണ്ണം നന്നായിരിക്കുന്നു.

സുകുമാരിയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രവും അഭിനയവും
, മോഹന്‍ലാല്‍, നെടുമുടി വേണു എന്ന മികച്ച നടന്മാരുടെ സാന്നിധ്യം എന്നീ അനുകൂലഘടകങ്ങള്‍ ഫലപ്രദമായ് ഉപയോഗിക്കുന്നതില്‍ തിരക്കഥാക്കൃത്തും സംവിധായകനും പരാജയപ്പെട്ടിരിക്കുന്നു. കഥാപാത്രങ്ങളുടെ ദു:ഖം പ്രേക്ഷകരില്‍ വിങ്ങലായ് മാറേണ്ടിയിരുന്ന കഥ, അവനില്‍ ഒരു സ്വാധീനവും ചെലുത്താതെ, ഒരു നിശ്വാസം പോലുമുണര്‍ത്താതെ, കടന്നു പോകുന്നു. എന്നിരുന്നാലും ഇത്തരമൊരു കഥ – ഒരു വയസ്സായ സ്ത്രീ മുഖ്യകഥാപാത്രമായ് വരുന്ന കഥ - മെനഞ്ഞെടുക്കാനും, അത് ചുരുങ്ങിയ ബഡ്‌ജറ്റില്‍ ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കി തിയേറ്ററുകളിലെത്തിക്കാനും സന്നദ്ധരായ, അതിന് ധൈര്യം കാണിച്ച, എല്ലാവരും - പ്രത്യേകിച്ചും നിര്‍മ്മാതാക്കളും വിതരണക്കാരും - പ്രത്യേകപരാമര്‍ശവും അഭിനന്ദനവുമര്‍ഹിക്കുന്നു. ആ ധൈര്യത്തിനും കലാസമര്‍പ്പണത്തിനും ദൃശ്യന്റെ വക ഒരു സല്യൂട്ട്!!!


+ സുകുമാരി
+ ആവശ്യത്തിന് മാത്രമുള്ള കഥാപാത്രങ്ങള്‍
+ രചനാപരമായും സംഗീതപരമായും മികച്ച നിലവാരം പുലര്‍ത്തുന്ന ഗാനങ്ങള്‍

x മോഹന്‍ലാല്‍
x അതിഭാവുകത്വം
x മിസ്‌പ്ലേസ്‌ഡ് ആയി വരുന്ന ഗാനങ്ങള്‍, കൃഷ്ണനാട്ടരംഗങ്ങള്‍
x ലക്ഷ്യബോധമില്ലാത്ത നറേഷന്‍ സ്റ്റൈല്‍, ദുര്‍ബലമായ തിരക്കഥ
x സാന്ദര്‍ഭികമായ ഹാസ്യത്തിന്റെ - സരസമായ രംഗങ്ങളുടെ - അഭാവം

--------------------------------------------------------------------------------------------------------------------------------------