Tuesday, April 22, 2008

അണ്ണന്‍ തമ്പി: എല്ലാം മമ്മൂട്ടി മയം!

സംവിധാനം: അന്‍‌വര്‍ റഷീദ്
കഥ, തിരക്കഥ, സംഭാഷണം:
ബെന്നി.പി.നായരമ്പലം
നിര്‍മ്മാണം: ഷാഹുല്‍ ഹമീദ് മരിക്കാര്‍, ആന്റോ ജോസഫ്, മരിക്കാര്‍ ഫിലിം‌സ്
അഭിനേതാക്കള്‍: മമ്മൂട്ടി, ജനാര്‍ദ്ദനന്‍, സിദ്ദിക്ക്, ഗോപിക, ലക്ഷ്മി റായി തുടങ്ങിയവര്‍ റിലീസിംഗ് തിയ്യതി: 17 ഏപ്രില്‍‍‍, 2008
സിനിമ കണ്ടത്: 20 ഏപ്രില്‍‍‍, 2008 @ കൈരളി, കോഴിക്കോട്‍
‍ദൃശ്യന്റെ റേറ്റിംഗ്: 3.37 @ 10തികച്ചും അപ്രതീക്ഷിതമായ ഒരു മുന്നേറ്റമായിരുന്നു അന്‍‌വര്‍റഷീദ്-മമ്മൂട്ടി ചിത്രമായ ‘രാജമാണിക്യം’ കേരളത്തിലെ തിയേറ്ററുകളില്‍ നടത്തിയത്. ഉള്‍നാടന്‍തിരോന്തരംഭാഷയുമായ് വന്ന മാണിക്യത്തെ സാധാരണക്കാരായ മലയാളസിനിമാപ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെട്ടു. വേണ്ട രീതിയില്‍ അവതരിപ്പിച്ചാല്‍ മമ്മൂട്ടിക്ക് ഹാസ്യം വഴങ്ങും എന്ന് ഒരിക്കല്‍ കൂടെ നമ്മെ ഓര്‍മ്മിപ്പിച്ച ഈ വാണിജ്യചിത്രം നിര്‍മ്മാതാവിന്റെയും വിതരണക്കാരന്റേയും പോക്കറ്റില്‍ നാണയകിലുക്കമുണ്ടാക്കി. അങ്ങനെയുള്ള ഒരു സിനിമയുടെ പ്രവര്‍ത്തകര്‍ ഒരിക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ - അതും നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച തിരക്കഥാകൃത്തുമൊത്ത്, ഒരു വിഷുക്കാലത്ത് ഒന്നിക്കുമ്പോള്‍ - നമ്മുടെയെല്ലാം പ്രതീക്ഷകള്‍ വാനോളമുയരുന്നത് സ്വാഭാവികം. പക്ഷെ അന്‍‌വര്‍ റഷീദ്-മമ്മൂട്ടി-ബെന്നി.പി.നായരമ്പലം ടീമിന്റെ ഈ വിഷുസമ്മാനം കണ്ട് മടുത്ത ഒരു മസാലക്കാഴ്ച മാത്രമാണ്. ഫാന്‍സിന്റെ കീശ മാത്രം ലാക്കാക്കി കൊണ്ടുള്ള, പൊള്ളാച്ചി സിന്‍ഡ്രോം കലര്‍ന്ന, ഇത്തരം കോപ്രായപടപ്പുകള്‍ മലയാളസിനിമയുടെ ‘പിന്നോക്ക യാത്ര‘യ്ക്ക് വേഗത കൂട്ടാനേ ഉപകരിക്കൂ.


കഥാസംഗ്രഹം:
പാലക്കാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമം. അവിടത്തെ ബാലെ ആശാനും (ജനാര്‍ദ്ദനന്‍) ഭാര്യയ്ക്കും (ഊര്‍മിള ഉണ്ണി) ആദ്യം പിറന്നത് ഇരട്ട കുട്ടികള്‍. ഗ്രാമത്തില്‍ ഒരു പരിചയക്കാരനെ കാണാന്‍ വരുന്ന ഒരു യാത്രികനെ (ബിജുകുട്ടന്‍) ഇവര്‍ കുരങ്ങ് കളിപ്പിക്കുന്ന രംഗങ്ങള്‍, ശ്രീനിവാസന്റെ കമന്ററിയിലൂടെ, അവതരിപ്പിച്ച് കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ജനിച്ച് വീണത് മുതലേ തമ്മില്‍ കണ്ടാല്‍ പാമ്പും കീരിയും പോലെ വര്‍ത്തിച്ച അവര്‍ ഒരുമിച്ചൊരിടത്ത് വളര്‍ന്നാല്‍ അത് അപമൃത്യുവിലേ കലാശിക്കൂ എന്ന് ജ്യോത്സ്യന്‍ പറഞ്ഞതനുസരിച്ച് ഇരട്ടകളിലൊരാളെ പൊള്ളാച്ചിയിലുള്ള അമ്മാവന്റെ (മണിയന്‍പിള്ള രാജു) അടുത്തയച്ച് പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുന്നു. അതേ തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ അവരുടെ ബന്ധം വഷളാകാനേ ഉപകരിച്ചുള്ളു. എന്തൊക്കെയായാലും ജ്യോത്സ്യോപദേശം പ്രാവര്‍ത്തികമായി, ഇരട്ടകള്‍ വേര്‍പിരിഞ്ഞു. തമ്മില്‍ കണ്ടാല്‍ ഉടനെ പരസ്പരം തല്ലുന്ന ഈ അണ്ണന്റേയും തമ്പിയുടേയും പിന്നീടുള്ള കഥയാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ അന്‍‌വര്‍ റഷീദ് പറയുന്നത്. പക്ഷെ കഥയുടേയും കഥാകഥനരീതിയുടേയും ക്രാഫ്ടിന്റേയും കാര്യത്തില്‍ അദ്ദേഹത്തിന്റെ മുന്‍‌ചിത്രങ്ങളേക്കാള്‍ ദരിദ്രമാണ് ഈ ചിത്രം.

അഭിനയം, സാങ്കേതികം:
സിനിമയില്‍ ആദ്യാന്തം നിറഞ്ഞ് നില്കുന്ന താരപ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത്. പക്ഷെ മമ്മൂട്ടിയിലെ നടന് അഭിമാനിക്കാവുന്ന ഒന്നും തന്നെ ഈ സിനിമയിലില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. വികാരാധീനമായ രംഗങ്ങളില്‍ ‘മമ്മുട്ടി മമ്മൂട്ടിയെ അനുകരിക്കുകയാണോ‘ എന്ന തോന്നല്‍ ഈ സിനിമ കാണുന്നവര്‍ക്കുണ്ടാമെങ്കില്‍ അതിനവരെ കുറ്റം പറയാനാകില്ല. നായികമാരില്‍ ഗോപിക തരക്കേടില്ല. തമിഴത്തിയുടെ ഒരു ഛായയുമില്ലാത്ത പൊള്ളാച്ചിക്കാരിയുടെ റോളില്‍ ലക്ഷ്മി റായ്‌ അഭിനയിക്കാന്‍ തന്നാല്‍ കഴിയും വണ്ണം ശ്രമിച്ചു. മറ്റു ചില അന്യഭാഷാനടികളെ പോലെ അവര്‍ ബോറാക്കിയില്ല എന്നത് തന്നെ ആശ്വാസം. നായകോപഗ്രഹറോളുകളില്‍ സുറാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സിദ്ദിക്ക്, ജനാര്‍ദ്ദനന്‍ എന്നിവര്‍ തങ്ങളുടേതായ നിലവാരം പുലര്‍ത്തി. സലീം കുമാറിന്റെ കണ്ടു പഴകിയ ഹാസ്യശൈലി മടുപ്പുളവാക്കി. ഒരുപാട് പൊട്ടന്‍ഷ്യലുണ്ടെന്ന് തോന്നിപ്പിച്ച ഒരു നടന്‍ ഇത്തരം സ്ഥിരംവേഷങ്ങളില്‍ സ്വയം തളച്ചിടുന്നത് പ്രേക്ഷകന്റെ നഷ്ടമെന്നല്ലാതെ എന്ത് പറയാന്‍. പ്രതീക്ഷയ്ക്കനുസരിച്ചുള്ള ഹാസ്യരംഗങ്ങളില്ല എന്നത് നിരാശയായ് തോന്നി.
‘പൊള്ളാച്ചി‘ സിനിമകളില്‍ സ്ഥിരം കാണുന്ന രംഗങ്ങള്‍ക്കപ്പുറം യാതൊരു പുതുമകളുമില്ലാത്ത കാഴ്ചകളാണ് സംവിധായകന് വേണ്ടി
കലാസംവിധായകന്‍ സുരേഷ്.ജി.കൊല്ലം ക്യാമറാമാന്‍ ലോകനാഥന്‍ എന്നിവര്‍ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളെ തന്റെ ക്യാമറയുമായ് പിന്തുടരുക എന്നതിനപ്പുറം പുതിയ കാഴ്ചകളൊന്നും ഈ സിനിമയിലുള്‍പ്പെടുത്താനുള്ള സാഹസം ലോകനാഥന്‍ കാണിച്ചില്ല. സിനിമയുടെ മുറുക്കം ഇടയ്ക്കിടെ നഷ്ടപ്പെടുത്തിയതിന്റെ ക്രെഡിറ്റ് മറ്റുള്ളവര്‍ക്കുമൊപ്പം ചിത്രസംയോജനം നിര്‍വ്വഹിച്ച ഡോണ്‍‌മാക്സിനുമവകാശപ്പെടാം. ഇത്തരമൊരു ചിത്രത്തില്‍ രംഗങ്ങള്‍ക്കിടയിലെ വേഗത ഒരു പ്രധാനഘടകമെന്നിരിക്കെ, സാങ്കേതികപ്രവര്‍ത്തകര്‍ക്ക്‍ പാസ്സ് മാര്‍ക്കിനും ഇത്തിരി കീഴെയാണ് സ്കോര്‍. സാങ്കേതികഘടകങ്ങളില്‍ വലിയ തെറ്റില്ലാതെ തോന്നിയത് അലക്സ് പോളിന്റെ പശ്ചാത്തലസംഗീതം മാത്രമാണ്. കൂട്ടത്തില്‍ ഏറ്റവും ബോറായ് തോന്നിയത് ‘ചന്ദനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും’ എന്ന മട്ടിലുള്ള കാവ്യജ്ഞാനത്തോടെ പേനയുന്തിയ കവികളുടെ രചനയില്‍ രാഹുല്‍ രാജ് ഈണം പകര്‍ന്ന ശബ്ദകോലാഹലങ്ങളാണ്.

ഡേറ്റ് കിട്ടിയ താരം ഇന്നേ വരെ അവതരിപ്പിക്കാത്തത് ഊമകഥാപാത്രമെന്ന തിരിച്ചറിവ്. ശബ്ദഗാംഭീര്യത്തിന്റെയും ഡയലോഗ് ഡെലിവറിയുടേയും കാര്യത്തില്‍ മികച്ച് നില്‍കുന്ന താരം സംസാരിക്കാത്തത് ആരാധര്‍ക്ക് ഇഷ്ടപ്പെടില്ല എന്നത് കൊണ്ട് ഡബിള്‍ റോള്‍ ആകാം എന്ന വാണിജ്യബുദ്ധി. ഇത് തോന്നിയ ആരോ - നിര്‍മ്മാതാവോ, താരമോ, സംവിധായകണോ, തിരക്കഥാക്കൃത്തോ ആകാം - കഴിഞ്ഞ നാലഞ്ച് കൊല്ലങ്ങളിലിറങ്ങിയ തെക്കേഇന്ത്യയിലിറങ്ങിയ താരചിത്രങ്ങളില്‍ ഒരു പത്തെണ്ണം തികച്ചും കണ്ട ആര്‍ക്കും എഴുതാവുന്ന ഒരു കഥ പടച്ച് കൂട്ടി, മാര്‍ക്കറ്റ് വാല്യു ഉള്ള തിരക്കഥക്കൃത്തിനേയും ഹാസ്യതാരങ്ങളേയും ഒക്കെ ഒരുമിച്ച് നിര്‍ത്തി ഒരു സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നു. അന്‍‌വറിന്റെയോ മമ്മൂട്ടിയുടേയോ ഉള്ളിലെ കലാകാരന്‍ മനസ്സില്‍ അധികമോര്‍ത്തിരിക്കാന്‍ ഇഷ്ടപ്പെടാത്ത സൃഷ്ടിയായിരിക്കും ഇത്.
പക്ഷെ കാര്യങ്ങളിങ്ങനെയൊക്കെയെങ്കിലും രണ്ടര മണിക്കൂര്‍ വലിയ വിഷമം കൂടാതെ കണ്ടിരിക്കാന്‍ പറ്റുന്നു എന്നത് ആശ്വാസം. അതിന് മമ്മൂട്ടിയോടാണ് സംവിധായകന്‍ നന്ദി പറയേണ്ടത്. ‘ഉദയനാണ് താര’ത്തിലെ സൂപ്പര്‍ സ്റ്റാര്‍ പറയുന്നത് പോലെ ‘എന്റെ ആരാധകര്‍ക്ക് രണ്ടര മണിക്കൂര്‍ എന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കണം. അതിന് ഞാന്‍ നല്ല കളര്‍ഫുള്‍ ഡ്രസ്സുകള്‍ ധരിക്കണം. കൂളിംഗ് ഗ്ലാസ്സുകള്‍ മാറ്റി മാറ്റി വെക്കണം’ എന്നതിനെ അക്ഷരംപ്രതി അനുസരിക്കുകയാണോ മമ്മൂട്ടി എന്ന് തോന്നി പോവും ഈ സിനിമ കണ്ടാല്‍. അത്രമാത്രം പ്രതീക്ഷിച്ച് വരുന്ന ഫാന്‍സുകാര്‍ ഈ സിനിമയും ആഘോഷിക്കും എന്നുറപ്പ്!

+ മമ്മൂട്ടി - കഥയിലെ പുതുമയില്ലായ്മ, സംഭവങ്ങളുടെ യുക്തി എന്നിവ മറക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുംവിധം സിനിമ മുഴുവന്‍ നിറഞ്ഞു നില്‍കുന്ന, ആരാധകരെ തൃപ്തിപ്പെടുത്താനുതകുന്ന, താരത്തിന്റെ സാന്നിദ്ധ്യം.

x മമ്മൂട്ടി - പരിഹാസ്യമായി മാറുന്ന ഹാസ്യാനുകരണ ശ്രമം.
x കണ്ടു കണ്ടു മടുത്ത, എളുപ്പത്തില്‍ ഊഹിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങള്‍.
x യുക്തിഭദ്രമല്ലാത്ത തിരക്കഥ, കേട്ടു മടുത്ത സംഭാഷണങ്ങള്‍.
x സിനിമ എങ്ങനെയെങ്കിലും അവസാനിപ്പിച്ച് റിലീസ് ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് തോന്നിക്കുന്ന, ഒട്ടും പ്രാധാന്യം നല്‍കാതെയുള്ള ക്ലൈമാക്സ്.Wednesday, April 16, 2008

ദേ ഇങ്ങോട്ട് നോക്കിയേ: പമ്പരവിഡ്ഡിത്തരം!

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാലചന്ദ്ര മേനോന്‍
നിര്‍മ്മാണം: എ.വി.അനൂപ്, എ.വി.എ. പ്രൊഡക്ഷന്‍‌സ്
അഭിനേതാക്കള്‍: ജഗതി, ജയസൂര്യ, ബാലചന്ദ്രമേനോന്‍, നെടുമുടി വേണു, തിലകന്‍, ഗോപകുമാര്‍, മാള, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 11 ഏപ്രില്‍‍‍, 2008
സിനിമ കണ്ടത്: 13 ഏപ്രില്‍‍‍, 2008 @ ലാവണ്യ, ബാംഗ്ലൂര്‍
‍ദൃശ്യന്റെ റേറ്റിംഗ്: 0.89 @ 10


രാഷ്ട്രീയം പാശ്ചാത്തലമാക്കിയ ഒരുപാട് കലാ-സാഹിത്യരൂപങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അക്ഷരങ്ങളായും കാഴ്ചകളായും നമ്മെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തവ അനവധി! രാഷ്ട്രീയമെന്ന പോലെ രാഷ്ട്രീയക്കാരന്റെ ജീവിതവും നമുക്ക് ഇഷ്ടവിഷയങ്ങള്‍ തന്നെ. ‘മുഖാമുഖം’, ‘മരണസിംഹാസനം’, ‘വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ’ തുടങ്ങിയ ചിന്തോദ്ദീപകമായ സൃഷ്ടികളെന്ന പോലെ ‘പഞ്ചവടിപ്പാലം’, ‘സന്ദേശം’, ‘അറബിക്കഥ’ തുടങ്ങിയ സരസമായ സിനിമകളും നമ്മള്‍ മനസ്സ് നിറഞ്ഞ് ആസ്വദിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞവയുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നായിരുന്നു ബാലചന്ദ്രമേനോന്‍-മമ്മൂട്ടി ടീമിന്റെ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രം. ഒരു സാധാരണ രാഷ്ട്രീയപ്രവര്‍ത്തകന്റെ കുടുംബജീവിതം സരസമായ് പറഞ്ഞ ഈ ചിത്രത്തിന്റെ സംവിധായകന്‍, പ്രേക്ഷകസമക്ഷം സമര്‍പ്പിച്ച വിഷുക്കണിയത്രേ, അനൂപ് നിര്‍മ്മിച്ച്, ജഗതിയും ജയസൂര്യയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ‘ചലച്ചിത്രം’. സിനിമ എന്നാല്‍ ‘എന്തല്ല’ എന്ന അറിവിനായ് ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് പഠനവിധേയമാക്കാവുന്നതാണ് ലക്ഷ്യബോധമില്ലാത്ത ഈ അറുബോറന്‍ ചിത്രം!

കഥാസംഗ്രഹം:
സിനിമ തുടങ്ങി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ തന്നെ ഏതൊരു പ്രേക്ഷകനും ഊഹിച്ചെടുക്കാന്‍ പറ്റാവുന്ന തരത്തിലുള്ള അതിവിശിഷ്ടമായ ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ വെട്ടിക്കാട് സദാശിവന്‍ (ജഗതി ശ്രീകുമാര്‍) എന്ന നിത്യബ്രഹ്മചാരിയായ കേരളാമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മരുമകന്‍ വെട്ടികാട് ശിവനും (ജയസൂര്യ) ആണ്. മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ അമ്മാവനെ മാതൃകാപുരുഷനായ്‌ മനസ്സില്‍ കൊണ്ട് നടക്കുന്ന തൊഴില്‍‌രഹിതനായ ഒരു ചെറുപ്പക്കാരനാണ് ശിവന്‍. തന്റെ മറ്റൊരു അമ്മാവന്റെ (ജനാര്‍ദ്ദനന്‍) മകള്‍ ചക്കരയുമായ് (പുതുമുഖം ) ശിവന്‍ കൊടും‌പ്രണയത്തിലാണ്. അവരുടെ ശിവ-‘പാര്‍വ്വതി’ ശൃംഗാരങ്ങള്‍ മുറുകുന്നതിനിടയില്‍ കേരളത്തില്‍ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നു. അമ്മാവനെ സര്‍വ്വപിന്തുണയേകാനായ് തിരുവനന്തപുരത്തെത്തുന്ന ശിവന്‍ അദ്ദേഹത്തിന്റെ മറ്റൊരു മുഖം കാണുന്നു, ‘കേരള ജനത‘യ്ക്കായ് അവന്‍ അമ്മാവനെതിരെ തിരിയുന്നു.

ഇലക്ഷനില്‍ മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ തീരുമാനിച്ച അവന്‍ മുറയ്ക്ക് പത്രസമ്മേളനങ്ങള്‍ വിളിച്ച് കൂട്ടുന്നു, കുതന്ത്രങ്ങള്‍ മെനയുന്നു. ‘പ്ലാനിങുകള്‍’ക്കിടയില്‍ പണ്ട് നാട് വിട്ടു പോയ, വെട്ടിക്കാട് സദാശിവന്റെ ഇരട്ടസഹോദരനായ വെട്ടിക്കാട് സാംബശിവന്റെ മുഖം പഴയ ഒരു പത്രത്താളില്‍ അവന്‍ കാണുന്നു. പിന്നെ നടക്കുന്നത് ഏതൊരു കൊച്ച് കുഞ്ഞിനും ഊഹിക്കാവുന്ന കാര്യങ്ങളാണ്. എന്നാല്‍ പറഞ്ഞിരിക്കുന്ന രീതി ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് പോലും വിശ്വസിക്കാനാവാത്ത രീതിയിലും!

അഭിനയം, സാങ്കേതികം:
ജഗതി, നെടുമുടി വേണു, തിലകന്‍, ഗോപകുമാര്‍, മാള, ജനാര്‍ദ്ദനന്‍ തുടങ്ങിയവ അഭിനയമറിയാവുന്ന നടന്മാര്‍ അണിനിരക്കുന്ന ഒരു ചിത്രത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനയമുഹൂര്‍ത്തമോ തരക്കേടില്ലാതെ അഭിനയിച്ചു എന്ന് പറയാന്‍ പോലും ഒരു പേരോ ഇല്ല എന്നത് സങ്കടമുണര്‍ത്തുന്ന കാര്യമാണ്. ജഗതി പോലും നമ്മെ വല്ലാതെ ബോറടിപ്പിക്കുന്ന സിനിമയില്‍ സാങ്കേതികവശം ഒരു ടി.വി. സീരിയലിനേക്കാളും താണ നിലവാരം പുലര്‍ത്തുന്നു എന്നതാണ് പരമാര്‍ത്ഥം. അതിനാല്‍ ഒരു വിഭാഗവും ഏടുത്ത് പറയാന്‍ മുതിരുന്നില്ല ഞാന്‍.


‘കണ്ടാല്‍ മാത്രം വിശ്വസിക്കാനാവുന്ന‘ ഒരു ബാലചന്ദ്രമേനോന്‍ സൃഷ്ടിയാണ് ഈ സിനിമ. പത്ത് മുപ്പത് കൊല്ലങ്ങളായി സിനിമാരംഗത്തുള്ള, നാല്പതിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒരു സംവിധായകന്‍, ഇങ്ങനെ ഒരു സിനിമ പടച്ചുണ്ടാകുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. തന്റേതായ അഭിനയ-സംവിധാനശൈലിയിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഇദ്ദേഹത്തിന്റെ മുന്‍‌ചിത്രമായ ‘കൃഷ്ണാ ഗോപാലകൃഷ്ണാ’ എന്ന മോശം സിനിമയില്‍ പോലും പറയാനായ് ഒരു വിഷയമുണ്ടായിരുന്നു (അത് പറയുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടുവെങ്കിലു). പക്ഷെ ഈ ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും ഈ സിനിമയ്ക്ക് താന്‍ തിരക്കഥ എഴുതിയിരുന്നെങ്കില്‍ ഇത്രയും ബോറാകുമായിരുന്നില്ല എന്ന് തോന്നിയാല്‍ കുറ്റം പറയാനാകില്ല! ഇതില്‍ കൂടുതല്‍ ഈ സിനിമയെ കുറിച്ച് എഴുതി സമയം കളയാന്‍ ഞാനും ആഗ്രഹിക്കുന്നില്ല!!!

+ വട്ടപൂജ്യം!


x ഒരുപാടൊരുപാടൊരുപാട്!! ഇരുന്നൂറ് പേജിന്റെ ഒരു നോട്ട്ബുക്കില്‍ എഴുതി നിറയ്ക്കാന്‍ പ്രയാസമേതുമുണ്ടാവില്ല!!!


വാല്‍ക്കഷ്ണം:
ഈ സിനിമയുടെ പോസ്റ്ററുകളൊന്നില്‍ ഇങ്ങനെ കണ്ടു - An Idiotic film with intention and intelligence. idiotic എന്ന വിശേഷണത്തോട് പരിപൂര്‍ണ്ണമായും യോജിക്കുന്നു. intention and intelligence സിനിമയിലെങ്ങും കണികാണാന്‍ കിട്ടിയതുമില്ല. വിഷുക്കണിയായ് ഇത്തരം സിനിമകള്‍ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഈ കൊല്ലം ഇനി സിനിമ കാണുകയേ ഇല്ല എന്ന് തീരുമാനിച്ചാല്‍ തന്നെ അതിശയിക്കാനില്ല!