Tuesday, October 20, 2009

കേരളവര്‍മ്മ പഴശ്ശിരാജ – കേരളചരിത്രം!

വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ കഥയാണ് എം.ടി-ഹരിഹരന്‍ ടീമിന്റെ ‘കേരളവര്‍മ്മ പഴശ്ശിരാജ‘ക്ക് പറയാനുള്ളത്. മലയാളസിനിമയുടെ സഹൃദയപക്ഷം ഇത്രയുമധികം ആവേശത്തോടെ കാത്തിരുന്ന മറ്റൊരു സിനിമ അടുത്ത കാലത്തുണ്ടായിട്ടില്ല. സാഹിത്യവും സിനിമയും സാങ്കേതികതയും നിറവോടെ ഒന്നിക്കുന്നതിലുള്ള പ്രതീക്ഷയാണ് ഈ കാത്തിരിപ്പിനെ ആവേശഭരിതമാക്കുന്നത് (ഇന്ത്യന്‍സ്വാതന്ത്യസമരചരിത്രവുമായ് ബന്ധപ്പെടുത്തിയുള്ള പിന്നണിപ്രവര്‍ത്തകരുടെ അവകാശവാദങ്ങളും ഫാന്‍സുകാരുടെ മറ്റു വീരവാദങ്ങളും ഞാന്‍ മന:പൂര്‍വ്വം വിസ്മരിക്കുന്നു). ശ്രീ ഗോകുലം ഫിലീംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച്, എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘കേരളവര്‍മ്മ പഴശ്ശിരാജ’ എന്ന ബിഗ്‌ബഡ്‌ജറ്റ് ചിത്രം മലയാളസിനിമാചരിത്രത്തിലെ സുവര്‍ണ്ണതിളക്കമുള്ള ഒരേടാണ് - അതിന് കാരണം ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അതുല്യമായ സമര്‍പ്പണമനോഭാവമാണ് !

കഥാസംഗ്രഹം:
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍, ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് കരം പിരിവ് കൊടുക്കാന്‍ ഉത്തരകേരളത്തിലെ നാട്ടുരാജാക്കന്മാര്‍ക്ക് സാധിക്കാത്ത സാമൂഹികപശ്ചാത്തലത്തിലാണ് സിനിമ ആരംഭിക്കുന്നത്. തങ്ങള്‍ക്ക് കരം നല്‍കാത്ത പഴശ്ശിരാജ (മമ്മൂട്ടി) യുടെ കൊട്ടാരവും സമ്പത്തും ബ്രിട്ടീഷുകാര്‍ കൈക്കലാക്കുന്നു. കണ്ണവത്ത് നമ്പ്യാര്‍ (ദേവന്‍), എമ്മന്‍ നായര്‍ (ലാലു അലക്സ്) തുടങ്ങിയവരുടെ സഹായത്തോടെ വിദേശീയര്‍ക്കെതിരെ പഴശ്ശിരാജ പടയൊരുക്കുന്നു. എടച്ചേന കുങ്കന്‍ (ശരത് കുമാര്‍), തലക്കല്‍ ചന്തു (മനോജ് കെ ജയന്‍), കൈതേരി അമ്പു (സുരേഷ് കൃഷ്ണ) എന്നിവര്‍ക്കൊപ്പം കാട്ടില്‍ താവളമൊരുക്കുന്ന കേരളവര്‍മ്മയുടെ മുന്നില്‍ ചിറക്കല്‍ രാജയും (മുരളി മോഹന്‍) മറ്റു നാട്ടു രാജാക്കന്മാരും സന്ധിസംഭാഷണത്തിനായ് വരുന്നു. നാടിന്റെയും നാട്ടാരുടേയും സമാധാനത്തിനായ് പഴശ്ശിരാജ വൈമനസ്യപൂര്‍വ്വം സന്ധികരാറിലൊപ്പു വെയ്ക്കുന്നുവെങ്കിലും തന്റെ പട പിരിച്ച് വിടുന്നില്ല. മാസങ്ങള്‍ പിന്നിട്ടിട്ടും കരാറിലെ വ്യവസ്ഥകള്‍ വെള്ളക്കാര്‍ പാലിക്കാത്തതിനാല്‍ ഉണ്ണി മൂത്ത (ക്യാപ്റ്റന്‍ രാജു) യുടെയും മറ്റുള്ളവരുടേയും ധന-ധാന്യ-ആയുധ-സഹായത്താല്‍ പഴശ്ശിരാജ പടകൂട്ടുന്നതോടെ ‘കേരള വര്‍മ്മ പഴശ്ശിരാജ’ കൂടുതല്‍ സങ്കീര്‍ണ്ണവും ഉദ്വേഗാഭരിതവുമാവുന്നു.


അഭിനയം, സാങ്കേതികം:
കേരളവര്‍മ്മ പഴശ്ശിരാജ എന്ന തോറ്റ രാ‍ജാവിനെ അയത്നലളിതമായ തന്റെ അഭിനയമികവ് കൊണ്ട് മികച്ചതായിരിക്കുന്നു മമ്മൂട്ടി എന്ന അനുഗ്രഹീത നടന്‍. എന്നിരുന്നാലും അദ്ദേഹത്തിന്റെ അഭിനയശേഷി കൂടുതലായി പ്രകടിപ്പിക്കാനാവശ്യപ്പെടുന്ന ഒന്നും തന്നെ എം.ടിയുടെ പാത്രസൃഷ്ടിയിലില്ല. അതിനാലായിരിക്കണം അഭിനയമികവധികം ആവശ്യപ്പെടാത്ത എടച്ചേന കുങ്കന്‍ നായരെന്ന പഴശ്ശിപടത്തലവനെ അവതരിപ്പിച്ച ശരത്കുമാര്‍ പ്രേക്ഷകപ്രീതി കൂടുതല്‍ നേടുന്നത്. ഒരു പടത്തലവന്റെ വീരവും ആവേശവും വൈരാഗ്യവും ഒട്ടും ചോരാതെ പകര്‍ത്താന്‍ ശരത്കുമാറിനായിട്ടുണ്ട്. തലക്കല്‍ ചന്തു എന്ന ഗോത്രവീരനായ് മനോജ് കെ ജയനും നന്നായിട്ടുണ്ട്.
സ്ത്രീപോരാളികളുടെ നേതാവ് നീലി പത്മപ്രിയയുടേയും, കൈതേരി അമ്പു എന്ന നായര്‍പടത്തലവന്‍ സുരേഷ് കൃഷ്ണയുടേയും അഭിനയജീവിതത്തിലെ മുതല്‍കൂട്ടാണ്.

ബ്രിട്ടീഷുകാരുടെ ശിങ്കിടിയായ കണാര മേനോനെ ജഗതി അനായാസമായ് അവതരിപ്പിച്ചിട്ടുണ്ട്. പഴശ്ശിരാജാവിന്റെ അമ്മാവന്‍ രാജാ വീരവര്‍മ്മ (തിലകന്‍), മൂപ്പന്‍ (നെടുമുടി വേണു), കണ്ണവത്ത് നമ്പ്യാര്‍ (ദേവന്‍), എമ്മന്‍ നായര്‍ (ലാലു അലക്സ്), അത്തന്‍ കുരിക്കള്‍ (മാമ്മുക്കോയ), മുരളി മോഹന്‍ (ചിറക്കല്‍ രാജ), സുബേദര്‍ ചേരന്‍ (അജയ് രത്നം), ഉണ്ണി മൂത്ത (ക്യാപ്റ്റന്‍ രാജു) എന്ന പാത്രങ്ങളോടൊപ്പം ഒരുപാട് ബ്രിട്ടീഷ് കഥാപാത്രങ്ങളും സിനിമയിലുണ്ട്. ആരും തന്നെ മോശമായിട്ടില്ല എന്ന് വേണം പറയാന്‍. വിദേശികളെ അവതരിപ്പിച്ച നടന്മാരില്‍ പലരും അമിതാഭിനയത്തിലേക്ക് വഴുതി വീഴുന്നത് കാഴ്ചയിലെ കല്ലുകടിയായി.

പഴയവീട്ടില്‍ ചന്തുവായ് വന്ന സുമന്‍, പഴശ്ശിരാജയുടെ പത്നി കൈതേരി മാക്കത്തെ അവതരിപ്പിച്ച കനിക എന്നിവരുടെ പ്രകടനം ഇനിയും മികച്ചതാകേണ്ടിയിരുന്നു. കൈതേരി മാക്കത്തിന്റെ കണ്ണുകളില്‍ കാണേണ്ടിയിരുന്ന വിഷാദമോ അഭിമാനമോ ധൈര്യമോ കനികക്ക് പ്രകടിപ്പിക്കാനായില്ല. ‘പഴയവീടന്റെ’ മേക്കപ്പും ഭാവങ്ങളും ഇത്തിരി ഡ്രമാറ്റിക് ആയി തോന്നിച്ചു. ‍ഗുമസ്തന്മാര്‍ തമ്മിലുള്ള (ജഗതി-ജഗദീശ് ) തമ്മില്‍ത്തല്ലു രംഗങ്ങളും അസിസ്റ്റന്റ് കലക്ടര്‍ തോമസ് ബേബറും പ്രതിശ്രുതവധുവും ചേര്‍ന്നുള്ള രംഗങ്ങളും സിനിമയിലെ അനാവശ്യങ്ങളാണ്. (ബ്രിട്ടീഷ്‌ഭരണകാലം ചിത്രീകരിക്കുന്ന സിനിമകളില്‍ ഇന്ത്യക്കാരെ സ്നേഹിക്കുന്ന വെള്ളക്കാരി ഒരു സ്ഥിരസാന്നിധ്യമാകുന്നതിലെ ആവശ്യകതയും മന‍:ശ്ശാസ്ത്രവും എനിക്ക് പിടികിട്ടുന്നില്ല! ഇവിടെ
തോമസ് ബെബറെ അവതരിപ്പിച്ച നടന്റെ അഭിനയം ‘തുറിച്ചു നോക്കലും’ പ്രതിശ്രുത വധുവിനെ അവതരിപ്പിച്ച ലിന്‍ഡ എന്ന നടിയുടെ അഭിനയം അസഹ്യവുമാണ്.)

പ്രകൃതിയും ടി മുത്തുരാജും ചേര്‍ന്നൊരുക്കിയ പഴശ്ശിരാജയിലെ ദൃശ്യപ്പൊലിമ മനോഹരമായ് പകര്‍ത്താന്‍ വേണു, രാമനാഥ് ഷെട്ടി എന്നിവരുടെ ക്യാമറക്കായിരിക്കുന്നു. സൂക്ഷ്മതയോടെ അവയെ വിളക്കിച്ചേര്‍ത്തിരിക്കുന്നു ശ്രീകര്‍പ്രസാദിന്റെ ചിത്രസംയോജനമികവ് .

മറ്റേത് സിനിമയേക്കാളും സംഘട്ടനങ്ങള്‍ക്ക് പ്രാധാന്യമുണ്ട് പഴശ്ശിരാജയില്‍. പതിനെട്ടാം നൂറ്റാണ്ടിലെ കഥ പറയുമ്പോള്‍ ഇന്നത്തെ രീതിയിലുള്ള ഫൈറ്റുകള്‍ പറ്റില്ലല്ലോ. എന്നാല്‍ പ്രേക്ഷകന്റെ ‘രസഞെരമ്പുകള്‍’ ത്രസിപ്പിക്കുന്ന രീതിയിലാവണം താനും. (കളരി രംഗങ്ങളുടെ പെര്‍ഫെക്ഷനെ പറ്റി പറയാനാന്‍ എനിക്കാവില്ലെങ്കിലും) ‘ആക്ഷന്‍ ഡിറക്ടര്‍’ രവി ദിവാനും സംഘവും തരക്കേടില്ലാതെ ചെയ്തിട്ടുണ്ടെങ്കിലും കയറു കെട്ടി വലിച്ച് ആളുകളെ ‘പറപ്പിക്കുന്ന’ തരത്തിലുള്ളവ ഒഴിവാക്കേണ്ടിയിരുന്നു. യുദ്ധരംഗങ്ങള്‍ നന്നായി ചെയ്ത ഇവര്‍ മാന്‍-ടു-മാന്‍ ഫൈറ്റിംഗുകള്‍ ഇനിയുമെത്രയോ മെച്ചപ്പെടുത്തേണ്ടിയിരുന്നു. പട്ടണം റഷീദിന്റെ ചമയ്ക്കലും നടരാജന്റെ വേഷവിധാനങ്ങളും അവയുടെ ലാളിത്യം കൊണ്ടും സാംഗത്യം കൊണ്ടും എടുത്ത് പറയേണ്ടതാണ്.

പഴശ്ശിരാജയുടെ ഹൈലൈറ്റുകളീല്‍ മറ്റൊന്ന് ഇളയരാജയുടെ ഗാനങ്ങളാണ്. യേശുദാസും എം.ജി.യും ചേര്‍ന്നലപിച്ച പോരാട്ടവീര്യമുണര്‍ത്തുന്ന “ആദിയുഷസന്ധ്യപൂത്തതിവിടെ”, എം.ജി ശ്രീകുമാര്‍, വിധു പ്രതാപ്, അഷ്‌റഫ്, എടവണ്ണ ഗഫൂര്‍, ഫൈസല്‍, കൃഷ്ണനുണ്ണി തുടങ്ങിയവരും മറ്റനേകം ഗായകരും ഉന്മാദിച്ച് ആസ്വദിച്ച് പാടിയ “ആലമടങ്ക മൈത്തവനല്ലേ അഖിലത്തിനും ഉടയവനല്ലേ”, ചിത്രയുടെ മധുരസ്വരത്തിലുള്ള ‘കുന്നത്തെ കൊന്നയ്ക്കും” എന്നിങ്ങനെ മൂന്നു ഗാനങ്ങളാണ് പൂര്‍ണ്ണമായ് സിനിമയില്‍ വന്നിരിക്കുന്നത്. ഒ.എന്‍.വിയും കാനേഷ് പൂനൂരും എഴുതിയ ഇവയ്ക്ക് പുറമേ ഗിരീഷ് പുത്തഞ്ചേരിയെഴുതിയ “അമ്പും കൊമ്പും കൊമ്പന്‍ പാട്ടും” എന്നൊരു ഗാനവും പശ്ചാത്തലത്തില്‍ വരുന്നുണ്ട്. ളയരാജയുടെ പഴയശീലുകളുടെ സ്വാധീനമുണ്ടെങ്കിലും സിനിമയുടെ ടെമ്പോയുമായ് ഒത്തു നില്കുന്നവയാണ് ഈണങ്ങള്‍. “ആദിയുഷസന്ധ്യപൂത്തതിവിടെ”യുടെ വരികള്‍ കൂട്ടത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു. പാട്ടുകളേക്കാള്‍ പശ്ചാത്തലസംഗീതത്തിലാണ് ഇളയരാജ എന്ന ജീനിയസ്സിനെ നാം കാണുന്നത്. വിപ്ലവത്തിന്റേയും വീരത്വത്തിന്റേയും ഉച്ചസ്ഥായിയും പോലെ തന്നെ നേര്‍മ്മയുള്ള പതിഞ്ഞ ഈണവും മൌനവും രംഗങ്ങള്‍ക്ക് മിഴിവേകുമെന്ന തിരിച്ചറിവ് ഇളയരാജ പ്രകടിപ്പിക്കുന്നു (അമ്മാവനുമായുള്ള പഴശ്ശിയുടെ കൂടിക്കാഴ്ച ഒരുദാഹരണം മാത്രം). പഴശ്ശിരാജയുടെ സാങ്കേതികവിഭാഗത്തുലേക്കുള്ള റസൂല്‍ പൂക്കുട്ടിയുടെ വരവ് മാധ്യമങ്ങള്‍ അതിരു ഇട്ട് ആഘോഷിച്ചിരുന്നതിനോട് വ്യക്തിപരമായ് അനിഷ്ടമുണ്ടായിരുന്നെങ്കിലും ശബ്ദസങ്കലനത്തിലുള്ള മികവ് സിനിമയിലുടനീളം സ്പഷ്ടമായി കാണാം. ശബ്ദങ്ങളുടെ ഉയര്‍ച്ച താഴ്ച്ചകളില്‍ പാലിച്ച മിതത്വം ശ്ലാഖനീയമാണ്. ഇളയരാജയുടെ അനുഭവസമ്പത്തും റസൂലിന്റെ മികവുമൊത്ത് ചേരുമ്പോള്‍ ‘ശബ്ദവിഭാഗം’ മികച്ചതിലും മികച്ചതായ് മാറുന്നു.

സഹൃദയന് പഴശ്ശിരാജയിലുള്ള മുഖ്യാകര്‍ഷണം എം.ടി വാസുദേവന്‍ നായര്‍ എന്ന മലയാളസാഹിത്യത്തിലെ അതികായനായിരിക്കും. എം.ടി യുടെ നോവലുകളെ ഇഷ്ടപ്പെടാത്തവരെ പോലും അദ്ദേഹത്തിന്റെ തിരക്കഥകള്‍ മോഹിപ്പിച്ചിട്ടുണ്ട്. ഭാരതപുഴതീരത്തെ തറവാടുകളിലെ കഥാപാത്രങ്ങള്‍ മാനസികപശ്ചാത്തലങ്ങളും പേരുകളും മാത്രം മാറ്റി പ്രത്യക്ഷപ്പെടുന്ന എം.ടി തിരക്കഥകളെ വിമര്‍ശിച്ചാലും‍, നിര്‍മ്മാല്യവും താഴ്വാരവും മഞ്ഞും ആരൂഢവും ഉയരങ്ങളിലും ആരണ്യകവും വെള്ളവും വൈശാലിയും പെരുന്തച്ചനും ഒരു വടക്കന്‍ വീരഗാഥയും മറ്റും നല്‍കിയ പ്രമേയവൈവിധ്യം എന്നും മലയാളിയുടെ അതിര്‍വരമ്പുകളില്ലാത്ത അതിശയമാണ്. ആ തൂലികയ്ക്കുടമയുടെ സമര്‍പ്പണവും പാത്രനിര്‍മ്മാണവൈദഗ്ദ്ധ്യവും പഴശ്ശിരാജയിലും തെളിഞ്ഞ് കാണാം. കഥാപാത്രങ്ങള്‍ സന്ദര്‍ഭാനുസൃതമായ സംഭാഷണങ്ങള്‍ മാത്രം മൊഴിയുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.

ഹരിഹരന്‍ എന്ന സംവിധായകന്റെ സംഘടനാപാടവം അടിവരയിടുന്ന സിനിമയാണ് പഴശ്ശിരാജ - കഥാപശ്ചാത്തലത്തിന്റേയും സാങ്കേതികാവശ്യങ്ങളിലും അദ്ദേഹത്തിന്റെ ഇന്നോളമുള്ള സിനിമകളില്‍ നിന്നെല്ലാം കാതങ്ങള്‍ മുന്നില്‍! ചരിതാഖ്യായികയുടെ പരിധികളില്‍ ഉറച്ച്, അടിസ്ഥാനങ്ങളില്‍ നിന്ന് ചരുതയോടെ കഥ പറയാന്‍ സംവിധായനായിട്ടുണ്ട്. മമ്മൂട്ടിയെ താരമായ് കാണാതെ പഴശ്ശിയായ് കണ്ട്, മറ്റ് കഥാപാത്രങ്ങള്‍ക്ക് ആവശ്യത്തിന് പ്രാധാന്യം കൊടുത്ത് സിനിമയെടുത്തതില്‍ അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു.

വീരനായകന്റെ സ്ഫോടനാത്മകമായ ഭാവപ്രകടനങ്ങള്‍ക്കൊന്നും പഴശ്ശിരാജയില്‍ ഇടം നല്‍കിയിട്ടില്ല രചയിതാവും സംവിധായകനും. സിനിമയുടെ ആരംഭത്തില്‍ നാം കാണുന്നത് പരിക്ഷീണനായ പരാജിതനായ രാജാവിനെയാണ്. പഴശ്ശിയുടെ വീരത്വം അവന്റെ പടയാളികളിലൂടെയും പരിമിതമായ സംഭാഷണങ്ങളിലൂടെയുമാണ് പുറത്തേക്ക് വരുന്നത്. പഴശ്ശിരാജ അപൂര്‍വ്വമായേ തന്നെ പറ്റി സംസാരിക്കുന്നുള്ളൂ (പിറക്കാന്‍ പോകുന്ന മകളെ കുറിച്ച് ഗര്‍ഭം അലസി കിടക്കുന്ന ഭാര്യയോട് പറയുന്ന രംഗം ഒരുദാഹരണം). രാജ്യത്തെ കുറിച്ചും നാട്ടാരെ കുറിച്ചുമുള്ള തോല്‍ക്കാന്‍ പോകുന്ന യുദ്ധത്തെ കുറിച്ചും അയാള്‍ വാചാലനാകുന്നുമില്ല. “ജീവിതത്തിലുടനീളം കൂടെ സഞ്ചരിച്ച് അവസാനം തിരിഞ്ഞ് നിന്ന് നോക്കുന്ന നിഴലാണ് മരണം“ എന്നയാള്‍ക്കറിയാം. മരണത്തിലേക്കുള്ള യാത്രക്ക് മുന്‍പും ദു:ഖിക്കേണ്ടത് തന്നെ കുറിച്ചല്ലെന്നും ഗതി കെട്ട ഈ നാടിനെ കുറിച്ചാണെന്നുമാണ് രാജാവ് പറയുന്നത്. ബഹളങ്ങളുടെ അഭാവത്തിലുള്ള നായകപ്രവേശനവും വാചകകസര്‍ത്തില്ലാതെയുള്ള നായകന്റെ രംഗമൊഴിയലും (ഫാന്‍സുകാര്‍ക്ക് രുചിക്കില്ലെങ്കിലും) പ്രശംസനീയമെങ്കിലും തോറ്റ യുദ്ധം പോരാടുന്ന രാജാവിന്റെ മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കവും കാണിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും (അതാണല്ലോ എം.ടി തിരക്കഥകളുടെ ഹൈലൈറ്റ്) ഇല്ലാത്തത് നമ്മെ ഒട്ടൊന്നുമല്ല നിരാശപ്പെടുത്തുന്നത്. അതും അത്തരത്തിലുള്ള രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കൂന്നതില്‍ പ്രഗത്ഭനായ മമ്മൂട്ടി ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍!

സിനിമയുടെ നിര്‍മ്മാതാവ് (ശരിയായ അര്‍ത്ഥത്തില്‍) സംവിധായകനോ താരമോ വേറെ ആരെങ്കിലുമോ ആവട്ടെ, പണമിറക്കുവാനാളില്ലെങ്കില്‍ എന്തു കാര്യം? അതും പ്രൊഡക്ഷന് പ്രതികൂലമായ് ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടെയിരിക്കുമ്പോള്‍! അത്തരത്തിലുള്ള ‘ദുശ്ശകുന‘ങ്ങളെല്ലാം കണക്കിലെടുക്കാതെ സിനിമയോടൊപ്പം നില്‍ക്കുന്ന ബാനര്‍/പ്രൊഡ്യൂസര്‍ ഒരപൂര്‍വ്വതയാണ്. പഴശ്ശിരാജ എന്ന സിനിമ സാക്ഷാത്കരിക്കാന്‍ മനവും അര്‍ത്ഥവും നല്‍കി കൂടെ നിന്ന ഗോകുലം ഗോപാലന്‍ എന്ന വ്യക്തി സിനിമയില്‍ പുതുമുഖമായിരിക്കാം - പക്ഷെ സിനിമാപ്രേക്ഷകര്‍ ഒട്ടൊരു കാലം മറക്കാതെ അദ്ദേഹത്തെ മാനിക്കും എന്നുറപ്പ്. ഗോകുലം ഗോപാലന്റെ ആ പ്രതിഷ്ഠക്ക് നേരെ ദൃശ്യന്റെ വക ഒരു സല്യൂട്ട്!!!വാല്‍ക്കഷ്ണം:
പഴശ്ശിരാജ കാണുന്ന ഏതൊരു പ്രേക്ഷകനും എം.ടി-ഹരിഹരന്‍ ടീമിന്റെ ‘ഒരു വടക്കന്‍ വീരഗാഥ’യുമായ് ഒരു താരതമ്യത്തിന് മുതിരുമെന്നതുറപ്പ് . ഈ രണ്ടു സിനിമകളേയും ഒരേ അളവുകോല്‍ കൊണ്ട് അളക്കാ‍നാവില്ല. കാരണം എം.ടി-ഹരിഹരന്‍-മമ്മൂട്ടി എന്നിവയല്ലാതെ മറ്റൊന്നും പൊതുവായ് ഈ സിനിമകള്‍ക്കില്ല. വടക്കേ മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്ന വായ്പ്പാട്ടുകളുടേ പാഠാന്തരമാണ് ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ ഒരു ചരിത്രാഖ്യായികയും! ഒരു സാഹിത്യകാരന്റെ ഗവേഷണമായിരുന്നു വീരഗാഥയില്‍ പ്രകടമായിരുന്നതെങ്കില്‍ പഴശ്ശിരാജയെ ഒരു ഗവേഷകന്റെ സാഹിത്യസംരംഭമായിട്ടാണ് കരുതേണ്ടത്. അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ഏവര്‍ക്കുമറിയാവുന്ന വടക്കന്‍ പാട്ടുകള്‍ തന്റേതായ വ്യാഖ്യാനങ്ങളോട് കൂടെയാണ് എം.ടി പറഞ്ഞത്. അതു വരെയുണ്ടായിരുന്ന വിശ്വാസവിഗ്രഹങ്ങളുടയ്ക്കുക എന്ന റിസ്കുണ്ടായിരുന്നെങ്കിലും ഒരു പാട് കഥാപാത്രങ്ങളെ പ്രേക്ഷകന് മുന്നില്‍ പരിചയപ്പെടുത്തുക എന്നത് താരതമ്യേനെ ലളിതമായ ഒരു ചടങ്ങായിരുന്നു. പക്ഷെ പഴശ്ശിരാജയിലെ കഥാപാത്രങ്ങള്‍ നമുക്ക് പരിചിതരല്ല. പഴശ്ശിരാജ എന്ന് പേര് ‘പാഠപുസ്തകളിലെ ചരിത്രം‘ നമ്മെ പഠിപ്പിച്ചതാണ്. പാഠപുസ്തകകങ്ങള്‍ക്കപ്പുറം പഴശ്ശിചരിത്രം നമുക്കജ്ഞാതമാണ്. കേരളചരിത്രത്തിലെ ആ ഏടും അന്നത്തെ സാമൂഹികപശ്ചാത്തലവും പങ്കെടുത്ത ആളുകളും പ്രേക്ഷകന് പരിചയപ്പെടുത്തുക എന്ന ദൌത്യം അത്ര എളുപ്പമല്ല. അതിനാല്‍ തന്നെ കഥയുടെ ചുറ്റുപാടുകള്‍ മനസ്സിലാക്കിയെടുക്കാന്‍ അല്പനേരം ഈ സിനിമ പ്രേക്ഷകനോട് ആവശ്യപ്പെടുന്നുണ്ട്. പഴശ്ശിരാജയിലെ ആദ്യമണിക്കൂറുകള്‍ കഥയോടൊപ്പം പ്രേക്ഷകനും ചിന്തിക്കേണ്ടതായ് വരുന്നു. സിനിമയെ കുറിച്ച് മാധ്യമങ്ങളും പിന്നണിപ്രവര്‍ത്തകരും മറ്റും പറഞ്ഞ് പരത്തിയ, നാം തന്നെ ഊതി വീര്‍പ്പിച്ചെടുത്ത ഒരുപാട് മുന്‍‌വിധികള്‍ ഈ പ്രക്രിയ കഠിനമാക്കുന്നു. പതിയെ ആ കാലഘട്ടത്തോട് ഇണങ്ങി ചേര്‍ന്ന് നില്‍ക്കുമ്പോഴേക്കും കഥ ഏറെ മുന്നോട്ട് പോയതായ് നാം ദു:ഖപൂര്‍വ്വം മനസ്സിലാക്കുകയും ചെയ്യുന്നു. അതിനാലാണ് ഈ സിനിമ ഒരു രണ്ടാം കാഴ്ച ആവശ്യപ്പെടുന്നതായ് എനിക്ക് തോന്നുന്നത്. ആ ഒരു ‘benefit of doubt‘ഉം, കച്ചവടച്ചേരുവകള്‍ ചേര്‍ക്കാതെ ഈ സിനിമയ്ക്ക് ഒരു ചരിത്രാഖ്യായികയുടെ മട്ടില്‍ നല്‍കിയ പാക്കേജിംഗും മുന്‍‌നിര്‍ത്തിയാണ് റേറ്റിംഗ് നല്‍കിയിരിക്കുന്നത്.

`-`-`-`-`-`-`-`-`-`-`-`-`-`-
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-