Wednesday, June 18, 2008

അറൈ എന്‍ 305ല്‍ കടവുള്‍: ലക്ഷ്യബോധമില്ലാത്ത ഹാസ്യാനുഭവം










കഥ, തിരക്കഥ, സംഭാ ഷണം, സംവിധാനം:
ചിമ്പുദേവന്‍
നിര്‍മ്മാണം: എസ്. പിക്ചേഴ്സ്, ശങ്കര്‍
‍അഭിനേതാക്കള്‍: പ്രകാശ് രാജ്, സന്താനം, കഞ്ച കറുപ്പ, ജ്യോതിര്‍മയി തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 18 ഏപ്രില്‍‍‍‍, 2008
സിനിമ കണ്ടത്: 24 മേയ്‍‍‍, 2008 @ അജന്ത, ബാം‌ഗ്ലൂര്‍

‍ദൃശ്യന്റെ റേറ്റിംഗ്: 4.25@ 10

ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് എഴുതാനായില്ല. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.

‘ഇംസൈ അരസന്‍ 23ആം പുലികേശി’യുടെ സംവിധായകന്‍ ചിമ്പുദേവന്റെ രണ്ടാമത്തെ സിനിമയാണ് എസ് പിക്ചേഴ്സിന്റെ ബാനറില്‍ ശങ്കര്‍ നിര്‍മ്മിച്ച ‘അറൈ എന്‍ 305ല്‍ കടവുള്‍’. കൊമേഡിയന്മാരായ് ലേബല്‍ ചെയ്യപ്പെട്ട സന്താനം, കഞ്ച കറുപ്പ എന്നിവര്‍ പ്രകാശ്‌രാജിനോടൊപ്പം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ രചന സംവിധായകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. പൊളിറ്റിക്കല്‍ സാറ്റൈര്‍ ആയിരുന്ന തന്റെ ആദ്യചിത്രത്തിന്റെ മികവോ ആക്ഷേപഹാസ്യമോ കൊണ്ടുവരാന്‍ ഈ ചിത്രത്തിലൂടെ കാര്‍ട്ടൂണ്‍ ലോകത്ത് നിന്ന് സിനിമാലോകത്തേക്ക് വന്ന സംവിധായകന് കഴിഞ്ഞിട്ടില്ല.

കഥാസംഗ്രഹം:
ചെന്നൈ നഗരത്തിലെ തിരക്കു പിടിച്ച ‘പാല്‍‘ തെരുവിലെ കറുപ്പയ്യ മാന്‍‌ഷന്‍ എന്ന ലോഡ്ജിലെ അന്തേവാസികള്‍ സാധാരണക്കാരില്‍ സാധാരണക്കാരാണ്. തൊഴിലന്വേഷണക്കാരായ രാസു (സന്താനം), മൊക്കൈസാമി (കഞ്ച കറുപ്പ), വെല്ലെസ്‌ലി പ്രഭു (ഇളവരസു), മുന്‍-സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ (വി.എസ്.രാഘവന്‍), നിരീശ്വരവാദിയായ ലൈബ്രേറിയന്‍(രാജേഷ്), എഞ്ചിനിയറായ റഫീക്ക് (വിജയ്) തുടങ്ങിയവരെല്ലാമാണ് അവിടെ താമസം. ഒരിക്കലുമവസാനിക്കാത്ത തൊഴിലന്വേഷണവും പൂവിടാത്ത പ്രണയവുമായ് ഒഴുകുന്ന തങ്ങളുടെ ജീവിതത്തെ കുറിച്ച് സദാ പരാതിയാണ് രാസുവിനും മൊക്കൈസാമിക്കും. ചായക്കടക്കാരന്‍ ഗിരി (കൊച്ചിന്‍ ഹനീഫ), ലോഡ്ജ് മാനേജര്‍ മാടസാമി (ഭാസ്കര്‍)ക്കും മെസ്സ് നടത്തുന്ന അമ്മയും മോളും (ജ്യോതിര്‍മയി) തുടങ്ങിയ ഒരുപാട് പേര്‍ക്ക് കടക്കാരാണവര്‍. ജോലിയില്ലാത്തത് കൊണ്ട് രാസു പ്രേമിക്കുന്ന മഹിഷാസുരമര്‍ദ്ദിനി (മധുമിത) അവനെ തിരിഞ്ഞ് നോക്കുന്നത് പോലുമില്ല. അങ്ങനെ തട്ടും തടവുമായ് പോകുന്ന സന്താനത്തിന്റേയും മൊക്കൈസാമിയുടേയും ജീവിതത്തിലേക്ക് - ഒപ്പം പാല്‍ തെരുവിലെ കറുപ്പയ്യ മന്‍‌ഷനിലേക്കും - ദൈവം/കടവുള്‍ (പ്രകാശ്‌രാജ്) കടന്നു വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവിലാസങ്ങളുമാണ് സിനിമയ്ക്കാസ്പദം.


അഭിനയം, സാങ്കേതികം:
മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‍ സന്താനവും കഞ്ച കറുപ്പയും തീരെ ആസ്വദിക്കുന്നില്ല എന്ന് തോന്നും അവരുടെ ചലനങ്ങളും അഭിനയവും കണ്ടാല്‍. ദു:ഖമോ പ്രണയമോ സന്തോഷമോ എന്തു തന്നെയായാലും ഈ ആയാസഭാവം പ്രകടമാണ് രണ്ടു പേര്‍ക്കും. മറുപക്കത്ത്, കടവുളായ് പ്രകാശ് രാജ് നന്നായ് അഭിനയിച്ചിരിക്കുന്നു. തിരക്കഥയിലെ ചേര്‍ച്ചയില്ലായ്മ കഥാപാത്രത്തെ ദുര്‍ബലമാക്കുന്നുവെങ്കിലും സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍കുന്നതായിരിക്കും ഈ കടവുള്‍.
സിനിമയുടെ ഏറ്റവും വലിയ പ്ലസ്‌പോയന്റ് മാന്‍‌ഷനിലും ചുറ്റുമുള്ള കൊച്ച് കൊച്ച് കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ച അഭിനേതാക്കളുമായിരിക്കും. ഇളവരസു, രാജേഷ്, വിജയ്, ഭാസ്കര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ പാത്രങ്ങളെ മനസ്സിരുത്തി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. മെസ്സുകാരിയായിയെത്തുന്ന ജ്യോതിര്‍മയിക്ക് അഭിനയിക്കാനധികമില്ല. നായികയായ മധുമിത പ്രേക്ഷകമനസ്സില്‍ ഒരു ചലനവുമുണ്ടാക്കുന്നില്ല.

സെല്‍‌വകുമാറിന്റെ കലാസംവിധാനം സിനിമയ്ക്കനുയോജ്യമാം വണ്ണം മികച്ചതായ് ചേര്‍ന്നു നില്‍ക്കുന്നു. പക്ഷെ ചന്ദ്രനില്‍ വെച്ചുള്ള രംഗങ്ങള്‍ വളരെ അമച്വറായ് അനുഭവപ്പെട്ടു. സംഗീതമേഖലയില്‍, വിദ്യാസാഗറിന്റെ ഈണങ്ങള്‍ സാമാന്യ നിലവാരം പുലര്‍ത്തുന്നവയാണ്. മുത്തുലിം‌ഗം, ന.മുത്തുകുമാര്‍, പ.വിജയ്, യുഗഭാരതി, കാലിബന്‍ തുടങ്ങിയരുടെ വരികളില്‍ ചിലത് രസകരമാണ്. കൂട്ടത്തില്‍ ഹരിണി പാടിയ ‘ഉറൈവൊന്‍‌ട്രുമില്ലൈ‘ എന്ന ദു:ഖം കലര്‍ന്ന കൃഷ്ണഭക്തിഗാനം മികച്ച് നിന്നു.



+ നര്‍മ്മം തുളുമ്പുന്ന സംഭാഷണങ്ങള്‍
+ പ്രകാശ് രാജ്, രാജേഷ്, വിജയ് തുടങ്ങിയവരുടെ സ്വാഭാവികാഭിനയം


x കഥയ്ക്കനുസരിച്ച് വേഗത കൂടേണ്ടതിന് പകരം, ഇന്റര്‍വെല്ലിനു ശേഷം ഇഴഞ്ഞ് നീങ്ങുന്ന തിരക്കഥ
x സന്താനത്തിന്റേയും കഞ്ച കറുപ്പയുടേയും ആയാസകരമായ നായകാഭിനയം
x കഥയ്ക്കാവശ്യമില്ലാത്ത അനാവശ്യ ഹാസ്യ(?)രംഗങ്ങള്‍, ഉപകഥകള്‍

--------------------------------------------------------------------------------------------------------------------------------------

പച്ചമരത്തണലില്‍: ചൂടില്ല, പക്ഷെ കുളിരുമില്ല!

കഥ, തിരക്കഥ, സംഭാ ഷണം, സംവിധാനം: ലിയൊ തദേവൂസ്
നിര്‍മ്മാണം: രേവതി കലാമന്ദിര്‍
‍അഭിനേതാക്കള്‍: ശ്രീനിവാസന്‍, ലാലു അലക്സ്, ലാല്‍, പത്മപ്രിയ, ബേബി നിവേദിത തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 9 മേയ്‍‍‍, 2008
സിനിമ കണ്ടത്: 10 മേയ്‍‍‍, 2008 @ ഡേവിസണ്‍‌, കോഴിക്കോട്

‍ദൃശ്യന്റെ റേറ്റിംഗ്: 3.84@ 10



ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് റിവ്യൂ ചെയ്യാനായില്ല. പച്ചമരത്തണലിന്റെ വിശദമായ കാഴ്ചകള്‍ നിങ്ങള്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് ഇതിനോടകം തന്നെ കിട്ടി കാണുമല്ലൊ. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.

ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ ലിയോ തദേവൂസിന്റെ പ്രഥമഫീച്ചര്‍സിനിമയാണ് ശ്രീനിവാസന്‍, പത്മപ്രിയ എന്നിവര്‍ മുഖ്യപാത്രങ്ങളെ അവതരിപ്പിച്ച ‘പച്ചമരത്തണലില്‍‘. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ച ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാറാണ്. പുതിയ ഒരു സംവിധായകന്റെ ചിത്രം എന്ന രീതിയില്‍ നോക്കിയാല്‍ തരക്കേടില്ലാത്ത ഒരു സിനിമയാണിത്. എന്നാല്‍ കഥയിലെ പുതുമയില്ലായ്മയും അസഹനീയമായ കോമഡിക്കാഴ്ചകളും ബാലിശമായ ക്ലൈമാക്സും സിനിമയുടെ ബലഹീനതകളാകുന്ന കാഴ്ചയാണ് ‘പച്ചമരത്തണലില്‍‘ നമുക്ക് തരുന്നത്.

അഭിനയം, സാങ്കേതികം:
ഒരു റേഞ്ചില്‍ വരുന്ന കഥാപാത്രങ്ങളെ മാത്രം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന ഒരു അഭിനേതാവാണ് ശ്രീനിവാസന്‍. ‘ചിദംബരം’, ‘ഒരിടത്ത്’, ‘സ്വരൂപം’ എന്ന സീരിയസ്സ്സിനിമകളില്‍ തുടങ്ങി ‘നാടോടിക്കാറ്റ്’, ‘വെള്ളാനകളുടെ നാട്’, ‘സന്ദേശം’,‘വരവേല്‍‌‌പ്’ എന്നീ നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യപ്രസക്തിയുള്ള സിനിമകളിലൂടെ ‘ചിന്താവിഷ്ടയായ ശ്യാമള’, ‘അറബിക്കഥ’ എന്നിവയിലെത്തി നില്‍ക്കുന്ന ശ്രീനിവാസന്‍ എന്ന നടന്റെ അഭിനയഗ്രാഫ് ഒരിക്കലും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ല എന്നത് മലയാളികള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ച സത്യമാണ് (!). അതിന് കാരണം, അദ്ദേഹത്തിന്റെ സ്ഥിരം‌ശൈലിയിലുള്ള അഭിനയം നമ്മെ രസിപ്പിച്ച് കൊണ്ട് ഇന്നും തുടരുന്നു എന്നതാണ്. തന്റെ പരിധികള്‍ മനസ്സിലാക്കി കൊണ്ട് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലുള്ള വൈദഗ്ദ്ധ്യമായിരിക്കാം അതിന് കാരണം. പക്ഷെ, ഒരു നടന്‍ എന്ന രീതിയില്‍ ശ്രീനിവാസന്റെ എല്ലാ ബലഹീനതകളും തുറന്നു കാണിക്കുന്നു ഈ ചിത്രത്തിലെ അഭിനയം. സച്ചിദാനന്ദന്‍ എന്ന പിതാവിന്റെ - ശാരീരികവും മാനസികവുമായ - വികാരപ്രകടനം നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലാണ്. മകള്‍ നഷ്ടപ്പെട്ടതിന് ശേഷമുള്ള രംഗങ്ങളില്‍ കഥാതന്തുവില്‍ നിന്നകന്നു മാറി നില്‍കുകയാണ് ശ്രീനിവാസന്‍ എന്ന് പ്രേക്ഷകന് തോന്നി പോകും. സൂക്ഷാഭിനയം ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ചലനങ്ങളിലും മുഖഭാവങ്ങളിലും തളര്‍ച്ച കൊണ്ട് വന്ന് തടി തപ്പുന്ന നടനെയാണ് ഇതില്‍ നാം കാണുന്നത്. അങ്ങനെ സാധാരണപ്രേക്ഷകന് ഈ സിനിമയിലെ ഏറ്റവും വലിയ നിരാശ ശ്രീനിവാസന്റെ തളര്‍ന്ന പ്രകടനമായ് മാറുന്നു.

അനു എന്ന അമ്മയായ് പത്മപ്രിയ നല്ല പ്രകടനമാണ് നടത്തിയിരിക്കുന്നത്. സിനിമയിലെ മനസ്സില്‍ പതിഞ്ഞ് നില്‍കുന്ന അപൂര്‍വ്വം രംഗങ്ങള്‍ ഇവരുടെതാണ്. പക്ഷെ തിരക്കഥയിലെ ഒഴുക്കില്ലായ്മ പത്മപ്രിയയുടെ കഥാപാത്രത്തെയും തദ്വാരാ അവരുടെ പ്രകടനത്തേയും ബാധിച്ചിരിക്കുന്നതായ് കാണാം. ഒരുപാട് കുസൃതിയും വലിയ വായിലെ വര്‍ത്തമാനവും കുറച്ച് അമിതാഭിനയവുമാണ് സിനിമയിലെ കുട്ടികള്‍ക്കാവശ്യമെന്ന തെറ്റിദ്ധാരണ മിക്ക സംവിധായകര്‍ക്കുമുണ്ട്. ഈ സിനിമയിലെ സ്നേഹ എന്ന മുഖ്യകഥാപാത്രവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ബേബി അഹിന അവതരിപ്പിച്ച സ്നേഹ പ്രേക്ഷകനില്‍ ഒരു വികാരവും ജനിപ്പിക്കുന്നില്ല.
പൊതുവെ അലസമായ് നീങ്ങുന്ന ഈ സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ നാസര്‍ രംഗത്ത് വരുമ്പോഴാണ്. കഥാപാത്രത്തിന്റെ അപൂര്‍ണ്ണത അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നേയില്ല എന്നത് എടുത്ത് പറയേണ്ടതാണ്.

മകളെ തിരയുന്ന അച്ഛന്റെ റോളില്‍ ലാല്‍ നന്നായിട്ടുണ്ട്. ലാലു അലക്സിന്റെ സുഹൃത്ത് വേഷത്തിനും വിജയ്‌മേനോന്റെ ഡയറക്ടര്‍ വേഷത്തിനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. സുറാജ്, ബിജുകുട്ടന്‍ എന്നിവര്‍ തങ്ങളാല്‍ കഴിയും വിധം ബോറായ് അഭിനയിച്ചിരിക്കുന്നു.

പുതുമുഖസംവിധായകന്‍ എന്ന നിലയില്‍ ലിയോ തദേവൂസ് പ്രതീക്ഷയുണര്‍ത്തുന്നു. കേസന്വേഷണത്തിന്റെ സീനുകള്‍, ലാലിന്റെ ഫ്ലാഷ്‌ബാക്കില്‍ വരുന്ന കലാപരംഗങ്ങള്‍ എന്നിവ മീഡിയാബോധമുള്ള ഒരു സംവിധായകന്റെ വരവ് വിളിച്ചോതുന്നവയാണ്. എന്നാല്‍ എത്രയോ ചിത്രങ്ങളില്‍ (എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്, ഡാഡി, കണ്ണത്തില്‍ മുത്തമിട്ടാള്‍ etc) നാം കണ്ട കഥയും കഥാമുഹൂര്‍ത്തങ്ങളും വീണ്ടും രചിച്ച ലിയോയിലെ തിരക്കഥാക്കൃത്ത് കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ‘പച്ചമരത്തണലില്‍’ ഇതിലും നന്നായിരുന്നേനേ. വിരസമായ ആദ്യത്തെ അരമണിക്കൂറിന് ശേഷം പതിയെ ക്ലച്ച് പിടിച്ച് വന്ന തിരക്കഥ അവസാനനിമിഷങ്ങളില്‍ വീണ്ടും ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്നു.(വേനലില്‍ മഴ പോലെ വരുന്ന) നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള ഫ്ലാഷ്‌ബാക്ക് രംഗങ്ങളിലും കേസന്വേഷണത്തിന്റെ ചില നേരത്തും മാത്രമാണ് നമ്മള്‍ സിനിമ അല്പമെങ്കിലും ആസ്വദിക്കുന്നത്. വികാരഭരിതമായ് നമുക്ക് തോന്നേണ്ടിയിരുന്ന ക്ലൈമാക്സ് ഏതൊരാള്‍ക്കും ഊഹിക്കാവുന്ന രീതിയില്‍ അവസാനിക്കുകയും ചെയ്യുന്നു.

രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനം, മനോജ് പിള്ളയുടെ ഛായാഗ്രഹണം, ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം എന്നിവ വിരസമല്ലാതെ സിനിമ കാണാന്‍ പ്രേക്ഷകനെ സഹായിച്ച ഘടകങ്ങളാണ്. പട്ടണം റഷീദിന്റെ മേക്കപ്പ് സുനില്‍ റഹ്‌മാന്റെ വസ്ത്രാലങ്കാരം എന്നിവ നന്നായിട്ടുണ്ട്. ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ വരുന്ന ശ്രീനിവാസന്റെ രൂപമാറ്റവും പത്മപ്രിയയുടെ അധികചമയങ്ങളില്ലായ്മയും മറ്റും നന്നായി തോന്നി. വയലാര്‍ ശരത്‌ചന്ദ്ര വര്‍മ്മ-അല്‍‌ഫോണ്‍‌സ്‌ ടീമിന്റെ ഗാനകോലാഹലങ്ങള്‍ ദുസ്സഹമായ് തോന്നി.

+ (വേനലില്‍ മഴ പോലെ) നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള ഫ്ലാഷ്‌ബാക്ക് രംഗങ്ങള്‍
+ നാസര്‍, പത്മപ്രിയ


x തുടക്കം മുതലേ ഇഴഞ്ഞ് നീങ്ങുന്ന തിരക്കഥ
x ക്ലൈമാക്സ് - ഒരുപാട് സിനിമകളെ ഓര്‍മ്മിപ്പിക്കുന്നു.
x ശ്രീനിവാസന്‍ - മിക്കപ്പോഴും അഭിനയിക്കാന്‍ പാടു പെടുന്ന പോലെ തോന്നി
x സുറാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ തുടങ്ങിയവരുടെ സഹിക്കാനാവാത്ത ഹാസ്യ(?)രംഗങ്ങള്‍
x പുതുമയില്ലാത്ത, ബോറടിപ്പിക്കുന്ന ഗാനങ്ങള്‍

വാല്‍ക്കഷ്ണം: സിനിമയേക്കാള്‍ എനിക്ക് ആസ്വാദ്യമായ് തോന്നിയത് ഇതിന്റെ പോസ്റ്ററുകളാണ്. അവയുടെ ഡിസൈനും പുതുമയും അഭിനന്ദനങ്ങളും പ്രത്യേകപരാമര്‍ശവുമര്‍ഹിക്കുന്നു.

-------------------------------------------------------------------------------------------------------

Wednesday, June 11, 2008

പോസിറ്റീവ്: മുഷിപ്പിക്കാത്ത യുവത്വം!

സംവിധാനം: വി.കെ.പ്രകാശ്
കഥ, തിരക്കഥ, സംഭാഷണം: എസ്.എന്‍. സ്വാമി
നിര്‍മ്മാണം:ഫാബുലന്‍‌സ് എന്റര്‍റ്റൈന്‍‌മെന്റ്‌സ്
അഭിനേതാക്കള്‍: ജയസൂര്യ, സായ്‌കുമാര്‍, വാണി കിഷോര്‍, സൂരജ്, മണിക്കുട്ടന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 16 മേയ്‍‍‍, 2008
സിനിമ കണ്ടത്: 8 ജൂണ്‍‍‍‍, 2008 @ ദേവകി സിനി മാക്സ് , മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.63 @ 10


ഫാബുലന്‍‌സ് എന്റര്‍റ്റൈന്‍‌മെന്റ്‌സിന്റെ ബാനറില്‍ എസ്.എന്‍. സ്വാമി രചിച്ച് വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘റൊമാന്റിക് ത്രില്ലറാ‘ണ്‘ പോസിറ്റീവ്. ജയസൂര്യ, സൂരജ്, വാണി കിഷോര്‍ എന്നവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം സാങ്കേതികമായ് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. 2+ മണിക്കൂര്‍ നേരം പ്രേക്ഷകരെ മുഷിപ്പിക്കാത്ത ഈ സിനിമ സംവിധായകന്റെ മുന്‍‌ചിത്രങ്ങളേക്കാള്‍ (പുനരധിവാസം എന്ന ആദ്യ ചിത്രമൊഴിച്ച്) ബഹുദൂരം മുന്നിലാണ്.


കഥാസംഗ്രഹം:
രാജു (സൂരജ്), ഉദയന്‍ (മണിക്കുട്ടന്‍), ചെറി (രമേശ് പിഷാരടി), വിന്നി (വാണി കിഷോര്‍) എന്നീ സുഹൃത്തുക്കള്‍ ഒരുമിച്ചൊരു ബാന്‍‌ഡ് നടത്തുന്നവരാണ്. രാജുവും ചെറിയും വിന്നിയും ഉദ്യോഗസ്ഥരെങ്കില്‍ ഉദയന്‍ ഗള്‍‌ഫില്‍ ജോലി ചെയ്യുന്ന അച്ഛന്റെയും അമ്മയുടെയും കാശില്‍ ജീവിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. അസി. കമ്മീഷണര്‍ അനിയന്‍ (ജയസൂര്യ) വിന്നിയെ പെണ്ണു കാണാന്‍ വരുന്നെങ്കിലും പെണ്ണു കാണല്‍ ചടങ്ങിനിടെ അവര്‍ക്കിടയില്‍ നടന്ന ചില പ്രശ്നങ്ങള്‍ കല്യാണത്തിന് തടസ്സമാകുന്നു. നഗരത്തില്‍ വര്‍ദ്ധിച്ച് വരുന്ന കള്ളനോട്ടു വ്യാപണനം അനിയനും കമ്മീഷണര്‍ ഭാസ്കറിനും (സായ്‌കുമാര്‍) മനോശല്യമുണ്ടാക്കുന്നു. അതിനിടെ, യാത്രാമദ്ധ്യേ പരിചയപ്പെട്ട ജ്യോതിയുമായ് (ആയില്യ) രാജു പ്രണയത്തിലാവുന്നെങ്കിലും അവള്‍ ഒരു ദിവസം അപ്രത്യക്ഷയാകുന്നു. മാസങ്ങള്‍ക്ക് ശേഷം അവന്‍ അവളെ കണ്ടു മുട്ടുന്നു - ഒരു കൊലപാതകരംഗത്ത് വെച്ച്! അതേ തുടര്‍ന്നുണ്ടാകുന്ന കുറ്റാന്വേഷണമാണ് പിന്നീട് പോസിറ്റീവിന് വിഷയമാകുന്നത്.

അഭിനയം, സാങ്കേതികം:
ഈ സിനിമയിലെ അഭിനേതാക്കളെ കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയാന്‍ തോന്നുന്നത് മൂന്ന് പേരെ പറ്റിയാണ് - വിന്നിയായ് അഭിനയിച്ച വാണി കിഷോര്‍, അനിയനായ് അഭിനയിച്ച ജയസൂര്യ, പിന്നെ രാജുവിന്റെ അച്ഛനായ് അഭിനയിച്ച പി.ശ്രീകുമാര്‍.

വിന്നിയുടെ പ്രസരിപ്പും സുഹൃത്‌ബന്ധത്തിലെ വ്യാകുലതതകളും മിതാഭിനയത്തോടെ അവതരിപ്പിക്കുന്നതില്‍ വാണി കിഷോര്‍ വിജയിച്ചിരിക്കുന്നു. മലയാളസിനിമയ്ക്ക് പ്രതീക്ഷയോടെ നോക്കാവുന്ന ഒരു നടിയായ് മാറാന്‍ സാദ്ധ്യതയുള്ളവരാണ് വാണി എന്ന് തോന്നുന്നു.

‘പോസിറ്റീവ്’ വിജയമോ അല്ലയോ, ജയസൂര്യ എന്ന നടന്റെ കരിയര്‍ ഗ്രാഫില്‍ വേറിട്ടു നില്‍ക്കുന്ന ഒരു കഥാപാത്രമാണ് അനിയന്‍ എന്ന പോലീസുദ്യോഗസ്ഥന്‍. ജയസൂര്യയുടെ അഭിനയം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്നെനിക്കഭിപ്രയമില്ലെങ്കിലും തന്റെ പതിവ് അഭിനയരീതികളും ചലനങ്ങളും മാറ്റി വെച്ച് കൊണ്ടാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. പുതിയ വഴികളില്‍ സഞ്ചരിക്കാനുള്ള നടന്മാരുടെ ഇത്തരം താല്പര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേകുന്നതാണ്.

രാജുവായ് എത്തുന്ന സൂരജ്, വിനീത് ശ്രീനിവാസന്റെ ഡബ്ബിം‌ഗിന്റെ സപ്പോര്‍ട്ടോടെ, തന്റെ കഥാപാത്രമായ് തരക്കേടില്ലാതെ അഭിനയിച്ചു. മുഖഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ മെച്ചപ്പെടാന്‍ ‍ഏറെയുണ്ട് സൂരജിന്. പക്ഷെ വരും ചിത്രങ്ങള്‍ നല്‍കുന്ന അഭിനയാനുഭവം അതിന് സൂരജിനെ സഹായിക്കുമെന്നതില്‍ സംശയമില്ല.

രാജുവിന്റെ അച്ഛനായെത്തുന്ന ശ്രീകുമാര്‍ വളരെ അനായസമായ് അഭിനയിച്ചിരിക്കുന്നു. തന്റെ മകന്‍ ഒരു കൊലപാതകകേസില്‍ പോലീസ് സംശയിക്കുന്ന പ്രതിയാണെന്ന് മനസ്സിലായതിന് ശേഷം അവനെ അഭിമുഖീകരിക്കുന്ന രംഗം ഈ ചിത്രത്തിലെ വളരെ കണ്‍‌ട്രോള്‍‌ഡ് ആയി അവതരിപ്പിച്ച ഒന്നാണ്. അപ്പോഴത്തെ വികാരങ്ങളും സംഭാഷണങ്ങളും ശ്രീകുമാര്‍ ഭം‌ഗിയാക്കി. അതില്‍ തിരക്കഥാക്കൃത്തിന്റേയും സംവിധായകന്റേയും പങ്ക് മറക്കുന്നില്ല.

ഒരേ സമയം മുരടനെങ്കിലും സൌമ്യഹൃദയനായ കമ്മീഷണറായ് സായ്‌കുമാര്‍ തിളങ്ങി. ആവശ്യത്തിലധികം നൊസ്സുള്ള മുന്‍‌ബാങ്കുദ്യോഗസ്ഥന്റെ റോളില്‍ വന്ന ജഗതിയുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിരിയുണര്‍ത്തുന്നതാണ്. ഇടയ്ക്കൊകെ തികച്ചും അനാവശ്യമായ കമന്റുകള്‍ പാസാക്കുന്നെങ്കിലും, കോണ്‍‌സ്റ്റബിള്‍ റോളിലെത്തുന്ന ടി.ജി.രവിയും തന്റെ റോള്‍ മോശമാക്കിയില്ല.. ജ്യോതിയായെത്തുന്ന പുതുമുഖം ആയില്യ, മയക്കുമരുന്നുശൃംഗലയിലെ കണ്ണിയും ഡ്രമ്മറുമായ ഉദയനായെത്തുന്ന മണിക്കുട്ടന്‍, ഫ്ലാറ്റിലെ വാച്ച്മാന്റെ റോളിലെത്തുന്ന അഗസ്റ്റിന്‍, ചെറിയായ് വന്ന രമേഷ് പിഷാരടി തുടങ്ങി മറ്റുള്ളവരെല്ലാം തങ്ങളുടെ വേഷം മോശമില്ലാതെ അവതരിപ്പിച്ചു.

എസ്.എന്‍.സ്വാമി എന്ന തഴക്കം വന്ന തിരക്കഥാക്കൃത്തിന്റെ സാന്നിദ്ധ്യം ഈ ചിത്രത്തിലുടനീളമുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ മികച്ച തിരക്കഥകളില്‍ പോസിറ്റീവ് കാണുമോ എന്ന് സംശയമാണ്. ഒരു കുറ്റാന്വേഷണസിനിമയുടെ മുറുക്കം പലപ്പോഴും നഷ്ടപ്പെട്ടതായ് തോന്നി. പിന്നെ ആദ്യ പകുതിയില്‍ ആവശ്യത്തില്‍ കൂടുതല്‍ സംഭവങ്ങള്‍ വന്നത് പ്രേക്ഷകന്‍ സിനിമയിലുള്ള ഫോക്കസ് നഷ്ടപ്പെടാന്‍ കാരണമായി. അന്വേഷണം കൂടുതല്‍ സംഭാഷണങ്ങളിലായ് ഒതുങ്ങുകയും ചെയ്തു. കുറ്റകൃത്യം നടന്ന ഫ്ലാറ്റില്‍ ഫോറന്‍സിക് വിദഗ്ധര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലീസുകാര്‍ വളരെ ലാഘവത്തോടെ ചെയ്യുന്നതായ് തോന്നി. കൊല്ലപ്പെട്ട വ്യക്തിയുടെ ബട്ടന്‍‌സില്‍ നിന്ന് ഒരു മുടിയിഴ പോലീസ് എടുക്കുന്ന രീതി, അതു ലഭിച്ച ഉടനെ കുറ്റവാളിയുടെ മുടി ആയിരിക്കുമെന്ന മട്ടില്‍ പെരുമാറുന്നത്, കൃത്യം നടന്ന ഫ്ലാറ്റില്‍ ഇടയ്ക്കിടെ വന്നു പോകുന്ന അസി.കമ്മീഷണര്‍ ജ്യോതിയെ ചോദ്യം ചെയ്യുമ്പോഴെല്ലാം വിന്നിയെ കൂടെ കൂട്ടുന്നത്, ദിവസങ്ങള്‍ക്ക് ശേഷം ഫ്ലാറ്റിലെ ഡൈനിം‌ഗ് മുറിയിലെ പൂച്ചട്ടിയില്‍ നിന്ന് ‘വലിയൊരു തുമ്പ്’ കണ്ടെടുക്കുന്നത് - ഈ രംഗങ്ങളെല്ലാം കുറ്റാന്വേഷണത്തെ തികച്ചും ബാലിശമായ് മാറ്റിയതായ് തോന്നി. പിന്നെ ഇടയ്ക്കിടെ വന്നു പോകുന്ന – മിസ്‌പ്ലേസ്‌ഡ് ആയ - ജഗതിയുടെ കഥാപാത്രം, പോലീസ് കോണ്‍‌സ്റ്റബിളിന്റെ (ടി.ജി. രവി) അനവസരത്തിലെ പൊട്ട ചോദ്യങ്ങള്‍, ഒട്ടും പുതുമ തോന്നാഞ്ഞ ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവ തിരക്കഥയിലെ പാളിച്ചകളായ് തോന്നി.
പരസ്യങ്ങളില്‍ നിന്നുള്ള സ്വാധീനം വി.കെ.പ്രകാശ് നല്ലൊരളവ് വരെ ഈ ചിത്രത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു എന്നത് ഒരു പോസിറ്റീവ് ഫാക്‍ടര്‍ ആണ്. തിരക്കഥയ്ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് തന്നെ പോസിറ്റീവിനെ ടെക്‍നിക്കലി മികച്ചതാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. പക്ഷെ ഒരു ‘റൊമാന്റിക്ക് ത്രില്ലര്‍‘ ആയി അദ്ദേഹം തന്നെ വിശേഷിപ്പിച്ച ചിത്രത്തില്‍ ത്രില്ലിം‌ഗ് മൊമെന്റ്‌സ് വളരെ കുറവാണ്. അതു തന്നെയാണ് ഈ സിനിമയുടെ പ്രധാനപോരായ്മയും.

ഗണേഷിന്റെ ഛായാഗ്രഹണവും, മഹേഷ് നാരായണിന്റെ ചിത്രസംയോജനവും എടുത്ത് പറയേണ്ടതാണ്. കൂട്ടത്തില്‍ ഗ്രാഫിക്സ് നിര്‍വഹിച്ച (പേരറിയാത്ത) കലാകാരന്മാരെയും! ഛായാഗ്രാഹകന്‍ വെളിച്ചവും നിഴലുകളും നന്നായി പ്രയോഗിച്ചിട്ടുണ്ട്. അമിതവെളിച്ചത്തിന്റെ പ്രശ്നങ്ങള്‍ തീരെയില്ല എന്നതും ആശ്വാസകരം. സിനിമയുടെ സുഗമമായ ഒഴുക്കിനും ആസ്വാദനത്തിനും ഇവര്‍ നല്‍കിയ സംഭാവന ചില്ലറയല്ല. വി.കെ.പ്രകാശിന്റെ മുന്‍‌ചിത്രങ്ങളില്‍ കഥയോട് ചേരാന്‍ മടിച്ചു നിന്നിരുന്ന ഘടകങ്ങളായിരുന്ന ഇവയെല്ലാം ഈ സിനിമയില്‍ ചേരും‌പടി ചേര്‍ന്ന് നില്‍ക്കുന്നു എന്നത് സന്തോഷകരവും പ്രതീക്ഷാജനകവുമാണ്. ബാവയുടെ കലാസംവിധാനം, മേക്കപ്പ്, വസ്ത്രാലങ്കാരം എന്നിവ സിനിമയ്ക്ക് ചേര്‍ന്നതായ്. യൂത്ത് ഫാഷന്‍ എന്ന പേരില്‍ കോപ്രായവസ്ത്രങ്ങളും അധികമേക്കപ്പും അയാഥാര്‍ത്ഥമായ ‘കളര്‍ഫുള്‍’സെറ്റുകളും ഇല്ല എന്നതും ആശ്വാസകരം.
ഗാനങ്ങള്‍
‘ഒരു കാറ്റായ് പാറി നടക്കാം’ എന്ന ടൈറ്റില്‍ ഗാനം പടത്തിന്റെ മൂഡിന് വളരെ ചേര്‍ന്നതായ് തോന്നി. ടൈറ്റില്‍ ഗ്രാഫിക്സും നന്നായിരിക്കുന്നു. ‘എന്തിനിന്നു മിഴിനീരു തൂകി അഴകേ ‍’ എന്ന ഒരു ബഹളഗാനവും ചിത്രത്തിലുണ്ട്. ഒട്ടും ആസ്വാദകരമായ് തോന്നിയില്ല ഈ പാട്ട്, പ്രത്യേകിച്ചും അവസാനത്തോടടുക്കുമ്പോള്‍ സ്വരങ്ങളും വാദ്യോപകരണങ്ങളും ആലാപനവുമെല്ലാം ഒട്ടും ചേര്‍ച്ചയില്ലാതെ വന്‍‌ബഹളമായ് തോന്നി. ഒഴിവാക്കാമായിരുന്നു ഇത്.
വേണുഗോപാല്‍, മഞ്ജരി എന്നിവര്‍ പാടിയ ‘ഒരിക്കല്‍ നീ പറഞ്ഞു’, ജയചന്ദ്രന്റെ ശബ്ദത്തിലുള്ള ‘കണ്ട നാള്‍ മുതല്‍’ എന്ന ഗാനങ്ങള്‍ കൂടി യൂട്യൂബില്‍ കണ്ടു. ഞാന്‍ കണ്ട തിയേറ്ററില്‍ ‘കണ്ട നാള്‍ മുതല്‍’ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ നീ പറഞ്ഞു’ പല്ലവി മാത്രം കണ്ടു, ആലാപനത്തിലും, രചനയിലും ചിത്രീകരണത്തിലും മറ്റു ഗാനങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്ന ഇവ സിനിമയില്‍ ഒഴിവാക്കിയത് സിനിമയുടെ വേഗതയ്ക്കും യൂത്ത്‌മൂഡിനും വിഘാതമാവരുത് എന്നത് കൊണ്ടാണെന്ന് തോന്നുന്നു.

+ ക്യാമറ, എഡിറ്റിം‌ഗ് മറ്റു സാങ്കേതിക വശങ്ങള്‍
+ മുഷിപ്പിക്കാത്ത അവതരണം

+ പുതിയ മുഖങ്ങളുടെ ഫ്രെഷ്‌‌നെസ്സ്
+ ബഹളങ്ങളില്ലാത്ത കുറ്റാന്വേഷണം, ബഹളങ്ങളല്ലാത്ത സംഭാഷണങ്ങള്‍

x കുറേ കൂടി വിശ്വസനീയവും ശാസ്ത്രീയവുമാക്കാമായിരുന്ന കുറ്റാന്വേഷണരീതി
x ത്രില്ലറായ ചിത്രത്തിലെ ‘ത്രില്ലിം‌ഗ് മൊമെന്റ്‌സിന്റെ’ അഭാവം
x നീണ്ടു പോയ ആദ്യ പകുതി
x കോമഡിക്കായ് ഉണ്ടാക്കിയെന്ന പോലത്തെ ചില രംഗങ്ങള്‍

വാല്‍ക്കഷ്ണം: അടുത്തിടെ ഇറങ്ങിയ ഹിറ്റ് കുറ്റാന്വേഷണ ചിത്രങ്ങളായ ‘നാദിയ കൊല്ലപ്പെട്ട രാത്രി’, ‘ചിന്താമണി കൊലക്കേസ്’ തുടങ്ങിയവയേക്കാള്‍ എത്രയോ മെച്ചമാണ് ഈ ചിത്രം. കുറേ കൂടി പ്രീ-പബ്ലിസിറ്റിയുണ്ടായിരുന്നുവെങ്കില്‍ ഇതിലും നല്ല പ്രേക്ഷകപ്രതികരണം ലഭിച്ചേനെ, ആവശ്യത്തിന് മാത്രം ‘യുവത്വം വിളമ്പിയ‘ ബഹളങ്ങളില്ലാത്ത ഈ കൊച്ചു‌ചിത്രത്തിന്.