Friday, January 2, 2009

അഭിയും ഞാനും: സുന്ദരം അതീവഹൃദ്യം!

കഥ, തിരക്കഥ, സംവിധാനം: രാധാമോഹന്‍
സംഭാഷണം: സി.പി.നാരായണ്‍, ആര്‍.സുബ്രമണ്യന്‍
നിര്‍മ്മാണം: പ്രകാശ്‌രാജ്, ഡ്യൂയറ്റ് ഫിലിംസ്
അഭിനേതാക്കള്‍: പ്രകാശ്‌രാജ്, തൃഷ, ഐശ്വര്യ, ഗണേശ് വെങ്കട്ടരാം, പൃഥ്വിരാജ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 19 ഡിസംബര്‍, 2008
സിനിമ കണ്ടത്: 01 ജനുവരി‍‍‍, 2009 4:30 PM @ ലാവണ്യ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 7.55@ 10

രാധാമോഹന്‍ എന്ന സംവിധായകന്റെ മുന്‍‌ചിത്രമായ ‘മൊഴി‘ തമിഴ്‌സിനിമയ്ക്ക് ഒരു പുതുഅനുഭവമായിരുന്നു. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും വേറിട്ട് നിന്ന ‘മൊഴി’ക്ക് ശേഷം പ്രകാശ്‌രാജ്-രാധാമോഹന്‍ ടീം അണിയിച്ചൊരുക്കിയ ‘അഭിയും ഞാനും’ ഈ സംവിധായകനില്‍ നമുക്കുണ്ടായിരുന്ന പ്രതീക്ഷയും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നു. മകളുടെ ജനനം മുതല്‍ കല്യാണം വരെയുള്ള ഒരു അച്ഛന്റെ ആകുലതകള്‍ സരസമായ് ആവിഷ്കരിച്ചിരിക്കുന്നു മികച്ച വിജയമായ് കൊണ്ടിരിക്കുന്ന ഈ കൊച്ചുസിനിമ.

കഥാസംഗ്രഹം:

കൂനൂറിലെ മഞ്ഞണിഞ്ഞ ഒരു പ്രഭാതത്തില്‍ എസ്റ്റേറ്റ് ഉടമയായ രഘുരാമന്‍ (പ്രകാശ്‌രാജ്) ജോഗിങിനിറങ്ങുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. പാര്‍ക്കില്‍ മകളുമായ് കളിക്കാന്‍ വന്ന സുധാകറുമായ് (പൃഥ്വിരാജ്) തുടങ്ങുന്ന ഒരു സൌഹൃദസംഭാഷണം രഘുവിനേയും അയാളുടേ ചുറ്റുമുള്ളവരേയും നമുക്ക് പതിയെ പരിചയപ്പെടുത്തുന്നു. അഭിയുടെ വളര്‍ച്ചയോടൊപ്പം കൊച്ച് കൊച്ച് സംഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് സിനിമയും പതിയെ വികസിക്കുന്നു.

അഭിനയം, സാങ്കേതികം:
ഒരച്ഛന്റെ മകളെ കുറിച്ചുള്ള പ്രതീക്ഷകളും മാനസികപിരിമുറുക്കങ്ങളും നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നൊമ്പരപ്പെടുത്തിയും അനുഭവിപ്പിച്ച പ്രകാശ്‌രാജിന് അവകാശപ്പെട്ടതാണ് അഭിയും ഞാനും. തുടക്കം മുതല്‍ ഒടുക്കം മുതല്‍ കൌതുകമുണര്‍ത്തുന്ന രൂപാന്തരത്തോടെ അഭിയുടെ അച്ഛനായ് ജീവിച്ചിരിക്കുന്നു അദ്ദേഹം.

പ്രകാശ്‌രാജ് കഴിഞ്ഞാല്‍ ഈ സിനിമയില്‍ നമ്മെ അത്‌ഭുതപ്പെടുത്തുന്നത് രവിയായ് അഭിനയിച്ച നടനാണ്. പേരില്ലാത്ത ഒരു പിച്ചക്കാരനായ് വന്ന് ആ കുടുംബത്തിലെ എല്ലാമെല്ലമായ് രവി (അഥവാ രവി ശാസ്ത്രി) മാറുന്നത് നാം കണ്ണീര്‍ കലര്‍ന്ന ആനന്ദത്തോടെയാണ് അറിയുന്നത്. രവി ആദ്യമായൊരു ഹോട്ടലില്‍ കയറുന്ന രംഗം, പിക്‍നിക്കിനിടെ രഘുരാമനേയും അനുവിനേയും അഭിയേയും പറ്റി പാടുന്ന രംഗം, അഭിയുടെ കല്യാണറിസപ്‌ഷനിടയില്‍ നാലുവരി പാടുന്ന രംഗം എന്നിവ കാണിയുടെ മനസ്സില്‍ നിന്ന് പെട്ടെന്നൊന്നും മാഞ്ഞു പോകില്ല.

അഭി എന്ന കഥാപാത്രം തൃഷയ്ക്ക് ഒരനുഗ്രഹമാണ്. അഭിനയം ആവശ്യപ്പെടാത്ത സ്ഥിരം തമിഴ്‌നായികാകഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന അഭിയ്ക്ക് ആവശ്യപ്പെടുന്ന മിതാഭിനയം തൃഷ കാഴ്ചവെയ്കുന്നു. അതിനപ്പുറം അഭി ഒന്നും ആവശ്യപ്പെടുന്നുമില്ല.

ഐശ്വര്യക്കും അഭിയുടെ അമ്മ അനുവിന്റെ കഥാപാത്രം ഒരു മാറ്റമാണ്. മിക്ക രംഗങ്ങളിലും പ്രകാശ്‌രാജിന്റെ കൂടെ കിട നിന്ന് കൊണ്ട് അഭിനയിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. അഭിയുടെ വിവാഹത്തിന് രണ്ടു നാള്‍ മുന്‍പ് മകളുടെ വിരഹം രഘു എങ്ങനെ സഹിക്കുമെന്നോര്‍ത്ത് വിഷണ്ണയായിരിക്കുന്ന അനുവും രഘുവുമായുള്ള രംഗം ഇതിനൊരുദാഹരണമാണ്.

അച്ഛനും മകള്‍ക്കുമിടയില്‍ വന്ന ജോഗീന്ദര്‍ സിങ് (ഗണേശ് വെങ്കട്ടരാം) നോട് ആദ്യം ദേഷ്യം തോന്നുമെങ്കിലും സിനിമ പുരോഗമിക്കവേ വല്ലാത്തൊരു ഇഷ്ടം നമുക്ക് തോന്നും. കഥാപാത്രത്തിന്റെ മച്യൂരിറ്റി തന്റെ ഭാവങ്ങളില്‍ പകരാന്‍ ഗണേശിന് കഴിഞ്ഞിട്ടുണ്ട്.

ദാമു (തലൈവാസല്‍ വിജയ്) തുടങ്ങിയ മറ്റു കഥാപാത്രങ്ങളുമുണ്ട് സിനിമയില്‍. ബഹളങ്ങളോ പ്രണയചേഷ്ടകളോ ഒന്നുമില്ലാത്ത ഈ കുടുംബചിത്രം ഇത്രയധികം ഹൃദ്യമായ് മാറ്റിയതില്‍ അവര്‍ക്കുമുണ്ട് ചെറുതല്ലാത്ത ഒരു പങ്ക്.

ഊട്ടി-മൂന്നാര്‍ പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കുന്നതില്‍ പ്രീതയുടെ ഛായാഗ്രഹണകല വിജയിച്ചിരിക്കുന്നു. കാശി വിശ്വനാഥന്റെ എഡിറ്റിംഗിന് പുതുമയൊന്നുമില്ല, സിനിമ അത് ആവശ്യപ്പെടുന്നുമില്ല.കഥാപാത്രങ്ങളുടെ മനസ്സറിഞ്ഞ വൈരമുത്തുവിന്റെ വരികള്‍ സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു. പിക്‍നിക്കിനിടെ രവി പാടുന്ന ‘ഒരേ ഒരു ഊരിലെ...” എന്ന ഗാനത്തിന്റെ വരികള്‍ ശ്ലാഘനീയമാണ്. വിദ്യാസാഗറിന്റെ സംഗീതം സന്ദര്‍ഭോചിതമാണ്.

ഒറ്റവരിയില്‍ പറയാവുന്ന ഒരു കഥ വ്യത്യസ്തമായ് കണ്‍‌സീവ് ചെയ്ത സംവിധായകനും കഥപറയാനുള്ള സംവിധായകന്റെ കഴിവില്‍ വിശ്വസിച്ച് പണം മുടക്കാന്‍ തയ്യാറായ നിര്‍മ്മാതാവും കറകളഞ്ഞ അഭിനന്ദനങ്ങളര്‍ഹിക്കുന്നു.

വാല്‍ക്കഷ്ണം:
‘അഭിയും ഞാനും‘ ഒരുപക്ഷെ കേരളത്തിലെ തിയേറ്ററുകള്‍ കാണില്ലായിരിക്കാം. കാണാന്‍ കഴിയുന്ന സന്ദര്‍ഭം ‘സ്റ്റാര്‍ വാല്യൂ’ ഇല്ലാത്ത കാരണത്താല്‍ ഉപേക്ഷിക്കുന്ന മലയാളിപ്രേക്ഷകനോട് ദൃശ്യന് പറയാനുള്ളത് ഇത്രമാത്രം - നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല! :-)+ പ്രകാശ്‌രാജ്
+ സരസമായ അവതരണം
+ പാട്ടിന്റെ വരികളിലെ കവിത
+ സ്വാഭാവികമായ കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍

x ചുരുക്കം ചില രംഗങ്ങളില്‍ ആവശ്യമില്ലാതെ കടന്നു വരുന്ന മെലോഡ്രാമ
x സിനിമയുടെ മധ്യത്തിലെ വേഗത കുറഞ്ഞ രംഗങ്ങള്‍

---------------------------------------------------------------------------------------------------------------------

ഗജിനി: പ്രണയനഷ്ടത്തിന്‍‌റ്റെ വികാരവിക്ഷോഭം

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഏ ആര്‍ മുരുകദാസ്
നിര്‍മ്മാണം: മധു മാന്തേന, ടാഗോര്‍ മധു, അല്ലു അരവിന്ദ്
അഭിനേതാക്കള്‍: ആമിര്‍ ഖാന്‍, അസിന്‍, പ്രദീപ് റാവത്ത് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 25 ഡിസംബര്‍‍‍‍, 2008
സിനിമ കണ്ടത്: 25 ഡിസംബര്‍‍‍‍, 2008 @ കൈരളി 2:30PM, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.98@ 10
ആമീര്‍ ഖാന്‍ എന്ന വിലകൂടിയ ബോളിവുഡ്ഡ് ബ്രാന്‍ഡില്‍ 2005-ലെ വമ്പന്‍ ഹിറ്റുകളിലൊന്നായ തമിഴ്-തെലുങ്ക് ചിത്രമായ ‘ഗജിനി‘യുടെ അതേ പേരിലുള്ള ഹിന്ദി പതിപ്പ് കൃസ്തുമസ്സ് ദിനത്തില്‍ തിയറ്ററുകളില്‍ എത്തി. രചയിതാവ്, സംവിധായകന്‍, നായിക, വില്ലന്‍ എന്നിവയില്‍ യാതൊരു മാറ്റങ്ങളില്ലാതെയാണ് ഈ വന്‍ബഡ്‌ജറ്റ് ചിത്രം കാണികളെ തേടിയെത്തിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത മെമെന്റോ (Memento) എന്ന ഹോളിവുഡ്‌ചിത്രത്തില്‍ നിന്നും പ്രചോദനം കൊണ്ട മുന്‍‌പതിപ്പിന്റെ അതേ ഇം‌പാക്ട് നില‌നിര്‍ത്താന്‍ അണിയറശില്പികള്‍ക്ക് ഇവിടെ കഴിഞ്ഞിട്ടുണ്ട്.

തമിഴ് പതിപ്പ് കാണാന്‍ അവസരം ലഭിച്ച – കണ്ട – പ്രേക്ഷകര്‍ക്ക് മുന്നില്‍ ‘ഗജിനി’യുടെ കഥയും തിരക്കഥയും സംവിധായകമികവും ചര്‍ച്ച ചെയ്യുന്നത് ഒരു അനാവശ്യശ്രമമാണ് എന്ന് ബോധ്യമുള്ളതിനാല്‍ അതിന് മുതിരുന്നില്ല. ഗജിനിയുടെ തമിഴ് പതിപ്പ് കണ്ടവര്‍ ഹിന്ദി പതിപ്പിനെ അതുമായ് താരതമ്യപ്പെടുത്തുന്നത് സ്വാഭാവികം. ക്ലൈമാക്സ് ഒഴിച്ചുള്ള രംഗങ്ങളെല്ലാം തമിഴ് പതിപ്പിന്റെ ലൈന്‍-ബൈ-ലൈന്‍ പകര്‍പ്പാണ് എന്നതിനാല്‍ പുതിയ കാഴ്ചയില്‍ ഇത്തിരി വലിച്ചില്‍ അനുഭവപ്പെടുന്നു. പ്രണയനഷ്ടത്തിന്റെ വികാരവിക്ഷോഭങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സൂര്യ ഒന്നു കൂടെ മികച്ച് നില്‍കുന്നു. മറവിയുടെ തിരിച്ചറിവുകള്‍ നായകനിലുണ്ടാക്കുന്ന മാനസികപരിവര്‍ത്തനങ്ങള്‍ ആമിറിന്റെ അമിതാഭിനയത്തില്‍ കലാശിക്കുന്നതായ് കാണാം. പാതി വെന്ത ഇന്‍‌സ്പെക്ടര്‍ കഥാപാത്രം അതേപടി പുനരാവിഷ്ക്കരിച്ചത് തിരക്കഥാക്കൃത്ത് കൂടിയായ സംവിധായകന്റെ പിടിപ്പ്‌കേടാണ്. സ്റ്റീരിയോ ടൈപ്പ് മുഖഭാവങ്ങള്‍ പ്രകടിപ്പിക്കുക എന്നതില്‍ കവിഞ്ഞ് റിയാസ് ഖാന് ചെയ്യാന്‍ ഒന്നും തന്നെയില്ല. തമിഴിലേതെന്ന പോലെ അസിന്‍ വരുന്ന ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ രസകരമാണ്. ആകര്‍ഷണീയമായ ഒരു കൌതുകമുണ്ട് അസിന്റെ കഥാപാത്രത്തിനും അഭിനയത്തിനും. ജിയ ഖാന്‍ പ്രേക്ഷകനില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല (നയന്‍‌താര വളരെ ഭേദമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു). തമിഴ് പതിപ്പില്‍ കഥയുടെ പിരിമുറുക്കത്തിന് വിഘാതമായ് വര്‍ത്തിച്ച ചില ഗാനരംഗങ്ങള്‍ ഇതില്‍ വെട്ടിചുരുക്കിയിരിക്കുന്നു എന്നത് ആശ്വാസകരം.

പ്രസൂണ്‍ ജോഷി - ഏ.ആര്‍. റഹ്‌മാന്‍- ടീമിന്റെ ഗാനങ്ങള്‍ ശ്രവണസുഖമുള്ളതാണ്. കൂട്ടത്തില്‍ ‘ഗുസാറിഷ്...’, ‘ബെഹ്‌കാ യെ ബെഹ്‌കാ...’, ‘കൈസെ മുഝെ...’ തുടങ്ങിയ ഗാനങ്ങള്‍ മികച്ച് നില്‍കുന്നു. ‘ഗുസാറിഷി‘ന്റെ ചിത്രീകരണം നയനസുന്ദരമാണ്. അഹ്‌മദ് ഖാന്റെ കോറിയോ‌ഗ്രഫിയും രവി.കെ.ചന്ദ്രന്റെ ഛായാഗ്രഹണവും ആന്റണിയുടെ ചിത്രസംയോജനവും റെസുല്‍ പൂക്കുട്ടിയുടെ ശബ്ദലേഖനവും സിനിമയോട് ചേരും പടി നില്‍കുന്നു. പ്രേക്ഷകര്‍ക്ക് സിനിമയിലുള്ള ആവേശവും പ്രതീക്ഷയും പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ രാഹുല്‍ നന്ദ-ഹിമാന്‍ഷു നന്ദ ടീമിന്റെ പബ്ലിസിറ്റി ഡിസൈന്‍സും ഏറെ സഹായിച്ചിട്ടുണ്ട്.
രണ്ട് ഭാഷകളില്‍ വിജയിച്ച ഒരു തിരക്കഥ നല്‍കുന്ന ആത്മവിശ്വാസം സംവിധായകന്റെ ആശ്വാസമാകുന്നു. അതിനാല്‍ വലിയ അധ്വാനമൊന്നുമില്ലാതെ പറയാനുള്ളത് പറയാന്‍ മുരുകദാസിനായിരിക്കുന്നു.

‘ഗജിനി‘ എന്നാല്‍ എന്തെന്ന് തമിഴ്‌പതിപ്പില്‍ പറഞ്ഞിരുന്നില്ല. ലക്ഷ്മണ്‍ എന്ന് പേരുണ്ടായിരുന്ന തമിഴ്വില്ലന്റെ പേര് ഹിന്ദിയില്‍ ഗജിനി എന്നായ് മാറ്റിയിരിക്കുന്നു. വില്ലന്റെ പേര് സിനിമയ്ക്കിടുന്നത് മലയാളികള്‍ കണ്ടത് ‘കാസര്‍കോട് കാദര്‍ഭായി’യിലാണ്. മൂന്നാം നിര നായകന്മാരുള്ള സിനിമയ്ക്ക് അത് ഒരു പ്രശ്‌നമല്ല. എന്നാല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ ആ റിസ്കെടുക്കാന്‍ ആരെങ്കിലും തയ്യാറാകുമെന്ന് നമ്മള്‍ സ്വപ്നത്തില്‍ പോലും കരുതിയതല്ല. അതും ഒരു ബോളിവുഡ് ചിത്രത്തില്‍. ആ അപായഹേതു തുലോം വകവെയ്ക്കാതെ നടപ്പിലാക്കിയ ഗജിനിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ദൃശ്യന്റെ വക അഭിനന്ദനങ്ങളുടെ ഒരു മണമുള്ള പൂച്ചെണ്ട്!

+ ആമിര്‍ഖാന്‍, അസിന്‍
+ ഗാനങ്ങള്‍, ഗാനചിത്രീകരണം
+ ക്ലൈമാക്സ്

x വിശദീകരണം ആവശ്യപ്പെടുന്ന നായകന്റെ പരിണാമം
x ചില രംഗങ്ങളിലെ ആമിര്‍ഖാന്റെ അമിതാഭിനയം
x പാതി വെന്ത റിയാസ്‌ഖാന്റെ കഥാപാത്രം
---------------------------------------------------------------------------------------------------------------------------------------

ക്രേസി ഗോപാലന്‍: കാറ്റില്ലാത്ത വര്‍ണ്ണബലൂണ്‍

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ദീപു
നിര്‍മ്മാണം: ഉള്ളാട്ടില്‍ ശശിധരന്‍
അഭിനേതാക്കള്‍: ദിലീപ്, രാധ വര്‍മ്മ, സലീം കുമാര്‍, ജഗതി, മനോജ്.കെ.ജയന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 24 ഡിസംബര്‍‍‍‍, 2008
സിനിമ കണ്ടത്: 27 ഡിസംബര്‍‍‍‍, 2008 02:30 PM @ നര്‍ത്തകി, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 3.47@ 10


ഗോപാലന്‍ എന്ന കള്ളന്റെ ‘കട്ടിളഗോപാലന്‍’ എന്ന ഗ്രാമീണകള്ളനില്‍ നിന്നും ഹൈടെക്ക് കള്ളനിലേക്കുള്ള മാറ്റമാണ് ദീപു എന്ന സംവിധായകന്‍ തന്റെ കന്നിസിനിമയായ ക്രേസി ഗോപാലനിലൂടെ പറയുന്നത്. നടന്മാര്‍ക്ക് വേണ്ടിയുള്ള ടെയ്‌ലര്‍മേയ്‌ഡ് കഥാപാത്രങ്ങള്‍ നിറഞ്ഞ ഒരു തട്ടിക്കൂട്ട്സിനിമയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതില്‍ നിന്ന് കൂടുതലൊന്നും പറയാനില്ല ദിലീപ് നായകനായ ഈ കോമാളിസിനിമയ്ക്ക്.

പഴയ ഒരുപാട് മലയാളസിനിമകളില്‍ നാം കണ്ട രീതിയില്‍, ഒരു ഗ്രാമത്തെ പരിചയപ്പെടുത്തി കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഊഞ്ഞാലാടി എന്ന ഗ്രാമത്തിലെ കെട്ടിടങ്ങള്‍ക്കൊന്നും കട്ടിളകളില്ലത്രെ. കട്ടിളഗോപാലന്‍ (ദിലീപ്) എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ആരും കാണാത്ത കള്ളന്റെ വികൃതികള്‍ കാരണമാണിത്. ചെയ്യുന്നത് ഗോപാലനെങ്കിലും ഈ കള്ളന്റെ ചെയ്തികളുടെ തിക്തഫലംഏറ്റു വാങ്ങുന്നത് ഒരു പാവം ആശാരിയാണ് (ഹരിശ്രീ അശോകന്‍). പോലീസ് കണ്ട് പിടിക്കുമെന്നായപ്പോള്‍ ഗോപാലന്‍ ഗ്രാമതിര്‍ത്തി കടന്ന് നഗരത്തില്‍ പ്രവേശിക്കുന്നു. അവിടെ വെച്ച് കൂട്ട് കിട്ടിയ മറ്റൊരു കള്ളനുമായ് (സലീം കുമാര്‍) ചേര്‍ന്ന് പൂര്‍വ്വാധികം ഭംഗിയോടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. കൂടുതല്‍ കാശ് സമ്പാദിക്കാന്‍ പറ്റുയ വഴി കിഡ്‌നാപ്പിങ് ആണെന്ന ബോധോദയം ലഭിച്ച അവര്‍ അതിന് പറ്റിയ ഒരു പെണ്‍‌കുട്ടിയെ തപ്പിയിറങ്ങുന്നു. ഒരു കാന്‍ഡി‌ഡേറ്റിനെ അവര്‍ കണ്ടെത്തിയെങ്കിലും അത് കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് അവരെ കൊണ്ടെത്തിക്കുന്നത്. ആ കുഴപ്പങ്ങളും അതിന്റെ ശുഭ-അശുഭപര്യവസാനവുമാണ് ക്രേസിഗോപാലനിലെ കോമാളിക്കളിക്കള്‍ക്കാധാരം.

ഓരോ പുതുമുഖസംവിധായകന്റേയും വരവ് പ്രതീക്ഷയോടെ നോക്കികാണുന്ന പ്രേക്ഷകന്‍ ഒരിക്കല്‍ കൂടെ ദീപു മുഖേന നിരാശപ്പെടുന്നു. കുറച്ച് രസകരമായ ആദ്യനിമിഷങ്ങള്‍ക്ക് ശേഷം കണ്ട് മടുത്ത കഥസന്ദര്‍ഭങ്ങളും സംഭാഷണശൈലിയുമാണ് സിനിമയിലുള്ളത്. ദിലീപിന്റെ മസ്തിഷ്ക്കത്തിന്റെ ഇഷ്ടത്തിനനുസരിച്ച് പടച്ചെടുത്തതാണ് ഈ സിനിമ എന്ന് ഓരോ രംഗവും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സിനിമയെടുക്കാന്‍ അറിയുന്നവനാണെന്ന് നമ്മെ ബൊധ്യപ്പെടുത്തുന്നെങ്കിലും രചയിതാവ് എന്ന നിലയില്‍ വിജയിക്കാന്‍ ദീപുവിന് കഴിയുമോ എന്ന് സംശയമാണ്. എന്നാലും വിജയം രുചിച്ച മറ്റു പല തിരക്കഥാക്കൃത്തുകളേക്കാളും കുറച്ച് ഭേദമാണ് ഈ പുതിയ തൂലിക.

സംഗീതമൊഴിച്ചുള്ള മറ്റു സാങ്കേതികമേഖല സിനിമക്കാവശ്യമായ രീതിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. എടുത്ത് പറയാനായ് ഒന്നുമില്ലെന്ന് മാത്രം. നായികയെ പരിചയപ്പെടുത്തുന്ന ഗാനവും അതിന്റെ ചിത്രീകരണവും അരോചകമാണ്.
വാല്‍ക്കഷ്ണം:
കാശിന് വേണ്ടി മാത്രം സിനിമയെടുക്കുന്നവര്‍ പടച്ചെടുത്ത ഈ സിനിമ തരക്കേടില്ലാത്ത കളക്ഷണ്‍ നേടുന്നു എന്ന വാര്‍ത്ത സിനിമയിലെ വിനോദം തലച്ചോറിന് ദഹിക്കുന്നത് കൂടിയാവണം എന്ന നിര്‍ബന്ധബുദ്ധിയുള്ള പ്രേക്ഷകന് വിഷമമുണ്ടാക്കുന്നതാണ്. നടന്മാര്‍ക്ക് വേണ്ടി സിനിമയെടുക്കുന്ന സംവിധായകര്‍ക്കിടയില്‍ പുതിയതായ് ചേര്‍ന്ന ഒരുവനല്ല താനെന്ന് അടുത്ത സിനിമയില്‍ തെളിയിക്കാന്‍ ഈ സിനിമയുടെ ശരാശരിവിജയം ദീപുവിനെ സഹായിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

+ ആദ്യ 15 മിനിറ്റിലെ ചില്ലറച്ചിരികള്‍


x പതിവ്‌ കഥാപാത്രങ്ങള്‍, രംഗങ്ങള്‍, സംഭാഷണങ്ങള്‍
x ‘മോഷണം എന്ന കല ഇത്രയും അനായാസകരമാണൊ?’ എന്ന് തോന്നിപ്പിക്കുന്ന കളവ്‌രംഗങ്ങള്‍
---------------------------------------------------------------------------------------------------------------------------------------