Friday, December 28, 2007

താരേ സമീന്‍ പര്‍: നക്ഷത്രങ്ങളുടെ മായാജാലം

സംവിധാനം: ആമിര്‍ ഖാന്‍
കഥ, തിരക്കഥ, സംഭാഷണം: അമോല്‍ ഗുപ്തെ
നിര്‍മ്മാണം: ആര്‍മിര്‍ ഖാന്‍ പ്രൊഡക്ഷന്‍‌സ്
അഭിനേതാക്കള്‍ : ദര്‍ഷീല്‍ സഫാരി, ആമിര്‍ ഖാന്‍, തിസ്ക ചോപ്ര, വിപിന്‍ ഷര്‍മ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 21 ഡിസംബര്‍‍, 2007


കണക്ക് ചോദ്യപേപ്പറില്‍ ‘3 x 9 = ?‘ എന്ന് കണ്ടാല്‍ നിങ്ങളോ നിങ്ങളുടെ മക്കളോ എന്താണോര്‍ക്കുക? അറിയുമെങ്കില്‍ പെട്ടെന്ന് ഉത്തരം എഴുതും അല്ലെങ്കില്‍ ഉത്തരം ആലോചിച്ച് മനസ്സിനെ കുഴക്കും. എന്നീട്ടും ഉത്തരം കിട്ടിയില്ലെങ്കില്‍ അടുത്തുള്ള കുട്ടിയുടെ ഉത്തരകടലാസില്‍ നോക്കും. ഇനി മറ്റെന്തൊക്കെ ചെയ്താലും, 3നെ ഭൂമിയായും 9നെ പ്ലൂട്ടോയാ‍യും അനുമാനിച്ച് , ഭൂമിയും പ്ലൂട്ടോയും ഒത്തു ചേരുന്നതു ഭാവനയില്‍ കണ്ട് , പ്ലൂട്ടൊ (9) ഇനി ഇല്ല ഭൂമി (3) മാത്രമേ ഉള്ളൂ എന്ന് ശാസ്ത്രസത്യം മനസ്സിലോര്‍ത്ത് , ‘3 x 9 = 3’ എന്നുത്തരം എഴുതില്ല എന്നുറപ്പ്! പക്ഷെ ഇഷാന്‍ അവാസ്തി എന്ന എട്ടു വയസ്സുകാരന്‍ അങ്ങനെ എഴുതും. ക്ലാസിലെ ഏറ്റവും മോശം കുട്ടിയായ അവന്റെ മുന്നിലെ പുസ്തകത്തിലെ അക്കങ്ങളും അക്ഷരങ്ങളും‍ നൃത്തച്ചുവടുകള്‍ വെയ്ക്കും. പഠിത്തത്തിലും ടെന്നിസിലും മുന്‍പനായ ദാദാ (ചേട്ടന്‍) ഉള്ള അവന്റെ കൂട്ടുകാര്‍ തെരുവിലെ പട്ടികളും ചാലിലെ മത്സ്യങ്ങളുമാണ്, പിന്നെ അനുസരണ ഇല്ലാതെ അവന്റെ മനസ്സാകെ നിറഞ്ഞു നില്‍കുന്ന അനേകായിരം നിറങ്ങളും! യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്ത് നിന്ന് ഭാവനയുടെ അനന്തതയിലേക്ക് വ്യഥിതമനസ്സോടേ അകന്നകന്നു പോകുന്ന ഇഷാന്റെ കഥയാണ് അമോല്‍ ഗുപ്റ്റേയുടെ കഥ-തിരക്കഥയില്‍ ആമീര്‍ഖാന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘താരേ സമീന്‍ പര്‍’ എന്ന ചിത്രം നമ്മളോട് പറയുന്നത്.

കഥാസംഗ്രഹം:തിരക്ക് പിടിച്ച ഉദ്യോഗസ്ഥനായ അവാസ്തി (വിപിന്‍ ഷര്‍മ), ഭാര്യ മായാ അവാസ്തി (ടിസ്കാ ചോപ്ര), മൂത്ത പുത്രന്‍ യൊഹാന്‍ അവാസ്തി (സാചേത്) എന്നിവരടങ്ങിയ ഒരു നാലംഗ അപ്പര്‍ മിഡില്‍ക്ലാസ്സ് കുടുംബത്തിലെ ഇളയവനാണ് ഇഷാന്‍ അവാസ്തി (ദര്‍ഷീല്‍ സഫാരി). മറ്റാര്‍ക്കും മനസ്സിലാവാത്ത അവന്റെ വിചാരങ്ങളും താല്പര്യങ്ങളും പ്രശ്നങ്ങളും പഠിത്തത്തെ സാധാരണയില്‍ കവിഞ്ഞ് ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛനമ്മമാര്‍ അവനെ ബോര്‍‌ഡിങില്‍ ചേര്‍ക്കുന്നു. തന്റെ ചുറ്റുവട്ടങ്ങളിലോടുള്ള അവന്റെ ചെറുത്ത് നില്‍പ്പ് വഷളാവാനേ ആ മാറ്റം ഉപകരിച്ചുള്ളൂ. അവന്‍ കൂടുതല്‍ മൂകനായി. ക്ലാസ്സിലെ രാജന്‍ ദാമോദരന്‍ എന്ന ഒരു കൂട്ടുകാരന്‍ (തനയ്) മാത്രമുള്ള അവന്റെ ജീവിതം കൂടുതല്‍ മോശമാകാന്‍ തുടങ്ങുമ്പോളാണ് നികുംഭ് (ആമിര്‍ ഖാന്‍) അവിടെ ഒരു താല്‍ക്കാലിക ടീച്ചര്‍ ആയി വരുന്നത്. തന്റേതായ പഠനരീതികള്‍ പിന്തുടരുന്ന നികുംഭ് പതുക്കെ ഇഷാനെ മനസ്സിലാക്കുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് മാറുകയാണ്.

അഭിനയം:

സിനിമ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ദര്‍ശീലിന്റെ ഇഷാന്‍ അവാസ്തി കഥാപാത്രം നമ്മോട് കൂടെ കുറേ നാള്‍ സഞ്ചരിക്കുമെന്ന് ഉറപ്പാണ്. ഒരു പുതുമുഖ ബാലതാരം ഒറ്റയ്ക്കൊരു ചിത്രം കൊണ്ട് പോകുന്ന അവിസ്മരണീയമായ കാഴ്ചയാണ് ദര്‍ശീലിന്റെ സ്വാഭാവികാനുഭവം നമുക്ക് പ്രദാനം ചെയ്യുക. ആമീര്‍ ഖാന്‍, ടിസ്കാ ചോപ്ര, വിപിന്‍ ഷര്‍മ തുടങ്ങി കഥയിലെ ഓരോ കഥാപാത്രത്തെ അവതരിപ്പിച്ചവരും നല്ല നിലവാരത്തിലുള്ള അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.

സാങ്കേതികം:
എഴുത്തുകാരന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ എന്നിവയില്‍ അമോല്‍ ഗുപ്തേ, ചിത്രസംയോജനം-വിഷയഗവേഷണം എന്നിവയില്‍ ദീപ ഭാട്ടിയ തുടങ്ങിയവരുടെ സംഭാവനകള്‍ ചിത്രത്തിന്റെ അടിത്തറയാണെന്ന് നിസ്സംശയം പറയാം. സേതുവിന്റെ ഛായാഗ്രഹണം കഥ ആവശ്യപ്പെടുന്ന രീതിയില്‍ തന്നെ. പ്രസൂണ്‍ ജോഷിയുടെ വരികളും ശങ്കര്‍-എഹ്‌സാന്‍-ലോയുടെ സംഗീതവും ചിത്രത്തിന്റെ ഒഴുക്കിനനുയോജ്യമായ രീതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തില്‍ ഏടുത്ത് പറയേണ്ട ഒരു കാര്യം കഥയില്‍ അത്യാവശ്യമെന്ന രീതിയില്‍ മാത്രം അവതരിപ്പിച്ചിട്ടുള്ള ആനിമേഷണ്‍‌സ് ആണ്. ഇഷാന്റെ ചിന്തകളും ചിന്താസരണികളും കാര്‍ട്ടൂണിലൂടെ വളരെ ഫലപ്രദമായ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഒരു പുതുമുഖത്തിന്റെ ആശങ്കകളൊന്നും പ്രകടമാക്കാതെ, ഒരു അനുഭവസമ്പന്നന്റെ വൈദഗ്ദ്യത്തോടെ - അതിഭാവികത്വത്തിന്റെ പിടിയില്‍ പെടാതെ - ഈ ചിത്രം സാക്ഷാത്കരിച്ച ആമിര്‍ പ്രത്യേക‌അനുമോദനം അര്‍ഹിക്കുന്നു-കൂടാതെ ഒട്ടേറെ പുരസ്കാരങ്ങളും!
നന്ദി ആമീര്‍, ഇന്നത്തെ തിരക്കുകള്‍ക്കിടയില്‍ വിസ്മരിച്ചു പോകുന്ന കുഞ്ഞുമനസ്സിന്റെ ചിന്തകളിലൂടെ ഞങ്ങളെ കൂട്ടി പോയതിന്.

* ദര്‍ശീല്‍ - ഒരു സൂപ്പര്‍‌സ്റ്റാര്‍ ബോളിവുഡ് ചിത്രത്തില്‍ താരത്തിന്റെ പേരിനു മുന്‍പ് ഒരു പുതുമുഖബാലതാരത്തിന്റെ പേര് ടൈറ്റിലില്‍ വന്നു എന്ന് പറയുമ്പോള്‍ തന്നെ ആ കഥാപാത്രത്തിനും അതവതരിപ്പിച്ച നടനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എത്ര മാനിക്കുന്നു എന്ന് മനസ്സിലാകുമല്ലോ.
* സമയോചിതമായ, കാലാതിവര്‍ത്തിയായ ഇതിവൃത്തം, അതിന് അനുയോജ്യമായ കഥാകഥനരീതി.

x എന്തെങ്കിലും പറയണമെങ്കില്‍, എങ്കില്‍ മാത്രം, സിനിമയുടെ ദൈര്‍ഘ്യം ആവശ്യത്തിലും ഇത്തിരി കൂടി എന്ന് പറയാം. ബാലപ്രേക്ഷകരെ കൂടി ലാക്കാക്കിയുള്ള ഒരു സിനിമയ്ക്ക് 18റീല്‍ സാധാരണയിലും ഇത്തിരി കൂടുതലാണ്. പക്ഷെ ഈ കഥയുടെ ഒഴുക്കില്‍ ഈ ദൈര്‍ഘ്യം നമ്മെ വല്ലാതെ ബാധിക്കില്ല എന്ന് നിസ്സംശയം പറയാം.

Friday, December 21, 2007

കല്ലൂരി: സൌഹൃദത്തിന്‍‌റ്റെ മധുരനൊമ്പരങ്ങള്‍കഥ, തിരക്കഥ, സംഭാഷണം, സംവിധാനം:
ബാലാജി ശക്തിവേല്‍
നിര്‍മ്മാണം: ശങ്കര്‍, S പ്രൊഡക്ഷന്‍സ്
അഭിനേതാക്കള്‍ : അഖില്‍, തമന്ന, ഹേമലത തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 07 ഡിസംബര്‍‍, 2007കാതലന്‍, ജീന്‍സ്, ഇന്ത്യന്‍, ബോയ്‌സ്, മുതല്‍‌വന്‍, ശിവാജി മുതലായ തട്ടുപൊളിപ്പന്‍-ബ്രഹ്മാണ്ഡസിനിമകളില്‍ നിന്നുണ്ടാക്കിയ പണത്തിന്റെ ഒരു പങ്ക് ചെറിയ സിനിമകള്‍ക്കായ് ചിലവഴിച്ച് മറ്റുള്ള സൂപ്പര്‍സംവിധായകര്‍ക്ക് മാതൃകയൊരുക്കുന്ന സംവിധായകനാണ് ശങ്കര്‍. "It is a place for new talents" എന്ന മോട്ടോ ഉള്ള S പിക്‍ചേഴ്സിന്റെ ബാനറില്‍ ശങ്കര്‍ ഇതിനു മുന്‍പ് നിര്‍മ്മിച്ച നാലു ചിത്രങ്ങളില്‍ (മുതല്‍‌വന്‍, കാതല്‍, ഹിംസൈ അരശന്‍ 23-ആം പുലികേശി, വെയില്‍) മുതല്‍‌വനൊഴിച്ച് മറ്റെല്ലാം വേറെ സംവിധായകര്‍ ഒരുക്കിയ ചെറിയ ചിത്രങ്ങളായിരുന്നു. അവയെല്ലാം സ്ഥിരം സിനിമാശൈലിയില്‍ നിന്ന് വേറിട്ട് സഞ്ചരിച്ചീട്ടും മികച്ച സാമ്പത്തികവിജയങ്ങളായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.

സാമ്പത്തിക വിജയം നേടിയ വിക്രം നായകനായ് ‘സാമുറായ്’, സാധാരണക്കാരനായ ഒരു ടൂവീലര്‍ മെക്കാനിക്കിന്റെയും പണക്കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടേയും ദുരന്തപ്രണയക്കഥ പ്രേക്ഷകന് മറക്കാനാവാത്ത ഒരു അനുഭവമാക്കിയ ‘കാതല്‍‘, എന്നിവയ്ക്ക് ശേഷം ബാലാജി ശക്തിവേല്‍ സംവിധാനം ചെയ്ത ‘കല്ലൂരി‘ (കോളേജ്) ആണ് S പിക്‍ചേഴ്സിന്റെ അഞ്ചാമത്തെ ചലച്ചിത്രം. സംവിധായകന്‍ തന്നെ രചന നിര്‍വഹിച്ച ഈ ചിത്രത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ് എന്നത് ശ്രദ്ധേയം. നേരു പറഞ്ഞാല്‍ ഇന്നത്തെ പല നടീ-നടന്മാരേക്കാളും നന്നായി ഈ പുതുമുഖങ്ങള്‍ തന്താങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല.


കഥാസംഗ്രഹം:
മുത്തു (അഖില്‍ ), ആദിലക്ഷ്മി, കയല്‍ (ഹേമലത), കാമാച്ചി, രമേശ് എന്നിവരടങ്ങിയ ഒന്‍പത് സുഹൃത്തുക്കള്‍. പന്ത്രണ്ടാം ക്ലാസ്സില്‍ ഒരുമിച്ച് പഠിച്ച അവരെല്ലാം‍ നഗരത്തില്‍ നിന്നകലെയുള്ള ഒരു ഗവ: ആര്‍ട്ട്സ് കോളേജില്‍ ബി.എ. ഹിസ്റ്ററിക്ക് ചേരാന്‍ ഒരുമിച്ച് ബസ്സില്‍ പോകുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. സാമ്പത്തികസമൂഹത്തിന്റെ താഴേക്കിടയില്‍ നിന്ന് വരുന്ന അവര്‍ക്കിടയിലേക്ക്, ഉയര്‍ന്ന സാമ്പത്തിക-സമൂഹിക-വിദ്യാഭ്യാസ-സൌന്ദര്യ നിലവാരത്തില്‍ നിന്ന് ശോഭന എന്ന ബാംഗളൂര്‍ക്കാരി വരുന്നു. ഇവര്‍ തമ്മില്‍ പതിയെ ഉടലെടുക്കുന്ന സൌഹൃദത്തിന്റെ പ്രയാണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ആദ്യ 10-15മിനിറ്റുകള്‍ കണ്ടാല്‍ തന്നെ ഇനി വരാന്‍ പോകുന്നത് ഒരു സീരിയസ് സിനിമ അല്ല, മറിച്ച് കൌമാരജീവിതത്തിലെ സന്തോഷ-സന്താപ മുഹൂര്‍ത്തങ്ങളാണെന്ന ധാരണ പ്രേക്ഷകന് ലഭിക്കുന്നു. ആ പുതിയ ഡിഗ്രി-ബാച്ചിലൂടെ, ബാച്ചിലെ വിദ്യാര്‍ത്ഥികളിലൂടെ, അവരുടെ കുടുംബങ്ങളിലൂടെ, അവരുടെ വ്യത്യസ്തകളിലൂടെ, അവരുടെ ഇണക്കങ്ങളിലൂടെ, പിണക്കങ്ങളിലൂടെ, ജീവിത കാഴ്ചപാടിലൂടെ നമ്മെ മെല്ലെ മുന്നോട്ട് നയിക്കുമ്പോള്‍ ഒരു കാര്യം കൂടി ബാലാജി പറയാതെ പറയുന്നുണ്ട്-വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരിക്കേണ്ട സാമൂഹികപ്രതിബദ്ധതയെ കുറിച്ച്. ഇതിലെ കഥാപാത്രങ്ങളെല്ലാം സഹജീവിവര്‍ത്തിത്വം എന്ന് പറഞ്ഞാല്‍ എന്തെന്ന് നമുക്ക് കാണിച്ച് തരുന്നു. സിനിമയിലൂടെ സഞ്ചരിക്കുമ്പോള്‍ പലയിടത്തും - ലഹള പൊട്ടിപ്പുറപ്പെട്ട ഒരു ദിനത്തില്‍ കൂടെയുള്ള പെണ്‍‌സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടാക്കുമ്പോഴും, തെരുവോരത്തിലെ തകര്‍ന്ന ഓവുപാലം ചെരിപ്പഴിച്ച് വെച്ച് മാലിന്യത്തിലിറങ്ങി നന്നാക്കുമ്പോഴും, ചെരിപ്പിടാത്ത കാലുമായ് ക്വാറിയില്‍ നിന്നോടി വരുന്ന മുത്തുവിന്റെ സഹോദരി ശോഭനയെ വഴികാട്ടുമ്പോഴും - നാമറിയാതെ നമുക്ക് കൈമോശം വന്ന നല്ല ശീലങ്ങളെ കുറിച്ച് നമ്മള്‍ ഓര്‍ക്കാതിരിക്കില്ല. കൂടെ പഠനക്കാലത്തെ ആ നല്ല നാളുകളേയും സുഹൃത്തുക്കളേയും!

സാങ്കേതികം:
സംവിധായന്റെ മനസ്സിനൊപ്പം സഞ്ചരിക്കാന്‍ ചെഴിയന്റെ ക്യാമറയ്ക്കും മുത്തുകുമാറിന്റെ വരികള്‍ക്കും ജോഷ്വാ ശ്രീധരിന്റെ സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്. അനാവശ്യമായ സാങ്കേതികാഭ്യാസങ്ങള്‍,‍ വസ്ത്രാലങ്കാര-രംഗസജ്ജീകരണങ്ങള്‍ എന്നിവയില്‍ നിന്നും അകന്നു നില്‍ക്കുന്ന ഈ സിനിമ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ചിത്രീകരണരീതിയാണ് അവലംബിച്ചിട്ടുള്ളത് എന്നത് വളരെ വളരെ ആശ്വാസകരമാണ്.

* പുതിയ മുഖങ്ങള്‍, കൃതിമത്വമില്ലാത്ത അഭിനയം.
* ജാടകളില്ലാത്ത രസകരവും സുന്ദരവുമായ കഥാകഥനരീതി.


x കഥയായിട്ടൊന്നുമില്ല എന്നതും പെട്ടന്ന് അവസാനിച്ച പോലെയുള്ള ക്ലൈമാക്സും ഒരു പ്രതികൂലഘടകമായ് പറയാം.

Tuesday, December 18, 2007

റോമിയോ: ഓടയിലെ പഴയ വീഞ്ഞ്!

സംവിധാനം: രാജസേനന്‍
നിര്‍മ്മാണം: റാഫി
കഥ, തിരക്കഥ, സംഭാഷണം: റാഫി-മെക്കാര്‍ട്ടിന്‍
അഭിനേതാക്കള്‍ : ദിലീപ്, വിമലാരാമന്‍, സംവൃത, ശ്രുതി (പുതുമുഖം), സുറാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 14 ഡിസംബര്‍, 2007സിനിമ ഒരു വാണിജ്യോല്പന്നമാണെന്നത് നാമെല്ലാവരും സമ്മതിച്ചിട്ടുള്ള കാര്യമാകുന്നു. വില്‍ക്കാനല്ലാതെ കലയ്ക്കായ് മാത്രം സിനിമയെടുത്തിട്ടുള്ളവര്‍ വളരെ വിരളം. കലയും കച്ചവടവും സമരസപ്പെടുത്തി നല്ല സിനിമ എടുക്കാന്‍ കഴിയുന്നവനാണ് ഇന്ന് നല്ല സംവിധായകന്‍ എന്ന് പരക്കെ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. അത്തരം ഒരുപാട് സംവിധായകരെയും സിനിമകളെയും കണ്ടിട്ടുള്ളവരാണ് മലയാളികള്‍. കലയുടെയും കച്ചവടത്തിന്റെയും അളവ് ഇത്തിരി ഏറിയാലും കുറഞ്ഞാലും നാമത് സഹിക്കാറുണ്ട്. ചിലപ്പോള്‍ ചില ഇഷ്ടങ്ങള്‍ മുന്‍‌നിര്‍ത്തി തനി കച്ചവട സിനിമകളെ നാം വിജയിപ്പിച്ചിട്ടുണ്ട്. ആ വിജയങ്ങള്‍ കണ്ട് വെറുതെ പടച്ചുവിട്ട മിമിക്രി-കോമഡി-ആക്ഷന്‍ പടങ്ങളെ നാം പാടെ തിരസ്ക്കരിച്ചിട്ടുമുണ്ട്-സംവിധായകനും നായകനും ആരായാലും! എന്നീട്ടും, നിലനില്‍പ്പിന്റെ ഭാഗമെന്നോണം വീണ്ടും പഴയവീഞ്ഞ് പഴയ കുപ്പികളില്‍ നിറച്ച് വില്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. അത്തരത്തിലൊരു സൃഷ്ടിയാണ് ഈ വാരത്തെ പുതിയ റിലീസ് ചിത്രമായ ‘റോമിയോ’.‘കനകസിംഹാസനം’ എന്ന മോശം ചിത്രത്തിനു ശേഷം രാജസേനന്‍, ‘ഹലോ’ എന്ന ഈ വര്‍ഷത്തെ മോഹന്‍ലാല്‍ ഹിറ്റിന്റെ ശില്പികളായ റാഫി-മെക്കര്‍ട്ടിന്‍മാരുമായ് കൈകോര്‍ത്ത് ‘ജൂലൈ 4’ എന്ന ‘ജ്യോതിഷ’ദുരന്തചിത്രത്തിലെ നായകനായ ദിലീപിനെ വെച്ച് വാര്‍ത്തെടുത്ത ഈ ചലച്ചിത്രപേക്കോലത്തിന് ചെല്ലും ചെലവും കൊടുത്ത് നിര്‍മ്മിക്കാന്‍ ധൈര്യപ്പെട്ടത് റാഫി (സ്തോത്രം!!!). വിതരണത്തിനെടുത്തത് മരിക്കാര്‍ ഫിലിംസ്.

കഥാസംഗ്രഹം:
പേരു സൂചിപ്പിക്കും പോലെ ഒരു കാമുകന്റെ കഥയാണ് റോമിയോ. മനു (ദിലീപ്) എന്ന മെയില്‍നേഴ്സ് രഹസ്യമായ് പ്രണയിക്കുന്ന ലീന (സംവൃത) റിയാലിറ്റി ഷോകളിലൂടെ വളര്‍ന്നു വരുന്ന ഒരു ഗായികയാണ്. ‘കിറ്റെക്സിന്റെ’ പരസ്യത്തിനായ് മാത്രമാണെന്ന് തോന്നുന്നു നായികയ്ക്ക് ഈ പണി കൊടുത്തത്. ‘ഷോ‘യിലെ മൂന്ന് ജഡ്ജിമാരില്‍ ഒരാളായ ‘മാഡ’ത്തിന്റെയും (മല്ലികാ സുകുമാരന്‍), നല്ലൊരു വേഷം മോഹമായ് കൊണ്ടു നടക്കുന്ന ‘ജൂനിയര്‍’ആര്‍ട്ടിസ്റ്റ് രതീഷ് കുമാരിന്റെയും. ഏക മകനായ മനുവിനെ അവന്‍ അറിയാതെ അവന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ ഒരാളായ പ്രിയ (വിമലാ രാമന്‍) പ്രണയിക്കുന്നു. തന്റെ പ്രണയം മനുവിനെ അറിയിക്കാന്‍ അവള്‍ ശ്രമിക്കുന്നെങ്കിലും കഴിയുന്നില്ല. തദവസരത്തില്‍, ചില ‘പ്രത്യേക’സാഹചര്യങ്ങളാല്‍, മനു തന്റെ ആഗ്രഹം ലീനയുടെ അച്ഛനായ അവറാച്ചനെ (ഭീമന്‍ രഘു) അറിയിക്കുന്നു. (എന്തു കൊണ്ടെന്നറിയില്ല,) ലീനയും സമ്മതം മൂളുന്നു. അവരുടെ കണ്ടീഷന്‍ പ്രകാരം മനു മതം മാറി ‘മാനുവേല്‍‘ എന്ന പേരു സ്വീകരിക്കുന്നു. പിന്നെയും വന്നു ഭവിച്ച ‘ചില’ പ്രത്യേകസാഹചര്യങ്ങളില്‍ മനു ‘സുബ്രഹ്മണി’ എന്ന കള്ളപ്പേരില്‍ ഒരു അഗ്രഹാരത്തെരുവിലെഏകഭ്രാന്തനായ രാമനാഥന്റെ (റിസബാവ)യുടെ പരിചരണത്തിനായ് എത്തുന്നു. അവിടെ വെച്ച് മനു സ്ഥലത്തെ പ്രധാനപാട്ടുകാരിയായ ഭാമയെ (ശ്രുതി) പരിചയപ്പെടുന്നു. രാമനാഥന്റെ മകനും ഭാമയുടെ ഭാവിവരനുമായ ‘മറ്റൊരു‘ സുബ്രഹ്മണിയുടെ (അശോകന്‍) കരാളഹസ്തങ്ങളില്‍ മനു ഭാമയെ രക്ഷിക്കുന്നു. പക്ഷെ അവിടെ വെച്ച് അവന്റെ ഐഡന്റിറ്റി വെളിപ്പെടുന്നു.ഓടി രക്ഷപ്പെടുന്ന അവനെ പ്രിയ ദേവദൂതയെ പോലെ വന്ന് കാറില്‍ കയറ്റി കൊണ്ട് പോയി കഥയിലെ അടുത്ത ‘ടേണിംഗ് പോയന്റ്’ ബോദ്ധ്യപ്പെടുത്തുന്നു. തന്റെ അച്ഛനും മുന്‍-സി.ബി.ഐ. ഓഫീസറുമായ രാഘവമേനോന്‍, മനുവിനെ ‘മകളെ പറ്റിച്ച് കടന്നു കളഞ്ഞ കാമുകനായ് ‘തെറ്റിദ്ധരിച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ പരിശ്രമിക്കുന്നു! പ്രിയയുടെ യഥാര്‍ത്ഥപ്രണയം തിരിച്ചറിഞ്ഞ മനു അവളെ കാമുകിയായ് സ്വീകരിക്കുന്നു. പക്ഷെ അഭിനവ റോമിയോ അറിയുന്നില്ല, അഗ്രഹാരവാസികള്‍ ഒന്നായി മനുവിനെ ഭാമയെ കൊണ്ട് വേളി കഴിപ്പിക്കാന്‍ തീരുമാനിക്കുകയും, തന്റെ ഭാര്യായാക്കാന്‍ വേണ്ടി ലീനയെ തന്റെ അച്ഛന്‍ കൂട്ടികൊണ്ടുവരികയും ചെയ്തിരിക്കുന്നു എന്ന്!

മൂന്നു സുന്ദരിക്കുട്ടികളില്‍ ആര്‍ക്കാണ് മനുവിന്റെ ഭാര്യയാകാനുള്ള ഭാഗ്യം സിദ്ധിക്കുക?
മനു അഥവാ മാനുവേല്‍ അഥവാ സുബ്രഹ്മണി ഈ ഊരാക്കുടുക്കില്‍ പെട്ട മനുവിന് എന്തു സംഭവിക്കും??
പ്രിയയുടെ അച്ഛനായ മുന്‍ സി.ബി.ഐ. ഉദ്യോഗസ്ഥന്റെയും ലീനയുടെ അച്ഛനായ സ്വന്തമായൊരു ഗുണ്ടാപ്പടയുള്ള മുതലാളിയുടെയും ഭാമയുടെ അഭ്യുദയകാംക്ഷിയായ ഭ്രാന്തന്റേയും കയ്യില്‍ നിന്ന് പരിക്കുകളില്ലാതെ മനു രക്ഷപ്പെടുമോ???
ഇങ്ങനെയുള്ള പ്രേക്ഷകമനസ്സിലെ ഒരായിരം ചോദ്യങ്ങള്‍ക്കുത്തരമാണ് സിനിമയുടെ രണ്ടാം പകുതിയില്‍ കളിയായും കാര്യമായും രാജസേനനും റാഫി-മെക്കാര്‍ട്ടിനും ചേര്‍ന്ന്‍ പറയുന്നത്.

സാങ്കേതികം:

എടുത്ത് പറയാവുന്ന ഒന്നും തന്നെ സാങ്കേതികവിഭാഗത്തില്‍ ഇല്ല. കെ.പി.നമ്പ്യാതിരിയുടെ ക്യാമറയും രാജാമുഹമ്മദിന്റെ ചിത്രസംയോജനവും തെറ്റില്ല എന്ന് മാത്രം. അലക്സ് പോള്‍-വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ ടീമിന്റെ ഗാനങ്ങള്‍ ഒരു വികാരവും ജനിപ്പിക്കുന്നില്ല. ‘കിളിച്ചുണ്ടന്‍ മാമ്പഴം..’ എന്ന് തുടങ്ങുന്ന ഗാനം തരക്കേടില്ല. വരിക്കാശ്ശേരി മനയെ ആയുര്‍വേദറിസോര്‍ട്ടാക്കി മാറ്റിയ ബോബന്റെ കലാസംവിധാനത്തില്‍ ‘കല‘ വളരെ കുറവാണെന്ന് തോന്നി.


അഭിനയം:
* മനു എന്ന അവതരിപ്പിക്കാന്‍ ദിലീപ് പരമാവധി കഷ്ടപ്പെട്ടിരിക്കുന്നു, വിഫലമെങ്കിലും!
സംവൃത തന്നാല്‍ കഴിയും വിധം ശ്രമിച്സിരിക്കുന്നു.
* വിമലാരാമന്‍ അഭിനയം പഠിക്കാന്‍ ഇനിയും ഒരുപാട് കാലമെടുക്കും.
* ഐ-ലാഷ് പൂശിയ, നല്ലവണ്ണം ലിപ്സ്റ്റിക്കിട്ട നാടന്‍ പെണ്ണായ് ശ്രുതിരാജ് എന്തൊക്കെയോ ചെയ്തിട്ടുണ്ട്.
* മല്ലിക സുകുമാരന്‍ അമിതാഭിനയം ഇത്തിരി കുറച്ചിട്ടുണ്ട്.
* സുരാജ്, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ തങ്ങളുടെ സ്ഥിരം കോമഡി ശൈലിയില്‍ വെറുപ്പിക്കുന്നുണ്ട്.
* ‘ജെയിംസ് ബോണ്ട് 001’ എന്ന തന്റെ പഴയ ഒരു കോമഡി(വിഫല)ശ്രമത്തിന് ശേഷം വീണ്ടും ആ പാതകം ചെയ്യാന്‍ ഭീമന്‍ രഘുവിനെ പ്രേരിപ്പിച്ചത് ‘നരനിലെ’ തരക്കേടില്ലാത്ത വേഷമാണെന്ന് തോന്നുന്നു. എന്തായാലും രാജന്‍.പി.ദേവിനായ് മാറ്റി വെച്ച കഥാപാത്രവും വസ്ത്രാലങ്കാരങ്ങളും ‍എടുത്ത് ചാര്‍ത്തിയതാണെന്ന് തോന്നും ടിയാനെ കണ്ടാല്‍.
* റിസബാവ, അശോകന്‍ മുതലായവര്‍ തമ്മില്‍ ഭേദമാണ്.


* ദ്വയാര്‍ത്ഥങ്ങളിലാത്ത സംഭാഷണങ്ങള്‍ (ഇതൊക്കെ പ്ലസ് പോയിന്റുകളായ് എടുത്ത് പറയേണ്ട നമ്മുടെയൊക്കെ ഗതികേടേ!!!)

x ഒന്നോര്‍ത്ത് ചിരിക്കാന്‍ ഒരൊറ്റ രംഗം പോലുമില്ലാത്ത ഹാസ്യചിത്രം!
x തട്ടികൂട്ടിയെടുത്ത കഥയും തിരക്കഥയും. ‘ചതിക്കാത്ത ചന്തു’വിനെ ‘ഹലോ’ആക്കി മാറ്റിയ റാഫി-മെക്കാര്‍ട്ടിന്‍ ഇക്കുറി ‘ഇമ്മിണി നല്ലൊരാളിലെ‘ ചിലരെ വേഷം മാറ്റി കൊണ്ടു വന്നതാണെന്ന് തോന്നിക്കുന്ന കഥാപാത്രങ്ങള്‍. അതിനൊത്ത രീതിയില്‍ അതേ ശൈലി പിന്തുടരാന്‍ ശ്രമിക്കുന്ന രാജസേനന്റെ സംവിധാനപാടവം!
x വ്യക്തിത്വമില്ലാത്ത നായികാകഥാപാത്രങ്ങള്‍. സംവിധായകന്‍ പറഞ്ഞത് കൊണ്ട് മാത്രം നായകനെ പ്രേമിക്കുന്ന സംവൃതയുടേയും ശ്രുതിരാജിന്റെയും കഥാപാത്രങ്ങളോട് സഹതപിക്കാന്‍ പോലും പ്രേക്ഷകന്‍ മറന്നു പോകും എന്നുറപ്പ്!


വാല്‍ക്കഷ്ണം: ഈ സിനിമ കാണാന്‍ വിചാരിച്ചവരോട് ഒരു വാക്ക്. അടുത്ത സി.ഡി. കടയില്‍ നിന്ന് ‘മേലേ പറമ്പില്‍ ആണ്‍ വീട്’, ‘തെങ്കാശിപ്പട്ടണം’ തുടങ്ങിയവ ഒന്നു കൂടി എടുത്ത് കാണുന്നതാവും കീശയ്ക്കും മനസ്സിനും നല്ലത്. ഇത്രയും വായിച്ചിട്ടും കാണാനാണ് തീരുമാനമെങ്കില്‍ ഒറ്റയ്ക്ക് മാത്രം പോകുക. മറ്റുള്ളവരെ കൂട്ടിയാല്‍ അവര്‍ നിങ്ങളെ ഉറങ്ങാന്‍ പോലും സമ്മതിക്കില്ല (എനിക്ക് സംഭവിച്ച പോലെ!)!!!

Monday, November 19, 2007

ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍?

സംവിധാനം: വിനയന്‍
നിര്‍മ്മാണം: സതീഷ് നായര്‍, നന്ദികേശ് ഫിലിംസ്
കഥ: വിഷ്ണു വിനയ്
തിരക്കഥ, സംഭാഷണം: വിനയന്‍
അഭിനേതാക്കള്‍ : ഇന്ദ്രജിത്ത്, ജയസൂര്യ, മണിക്കുട്ടന്‍, ഷെറിന്‍, ഭാമ, സലീം കുമാര്‍,ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 16 ഒക്ടോബര്‍, 2007


എന്റെ റേറ്റിംഗ്:
1.3/10
‘സ്റ്റാര്‍ലൈന്‍സ്‘ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സ്ഥാപകചെയര്‍മാനായ ഹരീന്ദ്രന്‍ എന്ന യുവ ബിസ്സിനസ്സ്മാഗ്നറ്റിന്‍‌റ്റെ ഉദ്യോഗ-വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങളാണ് ‘വ്യത്യസ്ഥതകളുടെ സംവിധായകനെന്ന് മാധ്യമങ്ങള്‍ (പോസ്റ്ററുകളും) അവകാശപ്പെടുന്ന വിനയന്‍ എന്ന സംവിധായകന്‍‌റ്റെ ‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍(?)‘ എന്ന പുതിയ ചലച്ചിത്രത്തില്‍ പറയുന്നത്.
ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ’ എന്ന മുഖവുരയില്‍ വന്ന ഈ സിനിമയില്‍ നായകകഥാപാത്രം ഒരു അബ്‌കാരിയായിരുണെങ്കില്‍ കൂടി കഥയ്ക്ക് ഒരു മാറ്റവും സംഭവിക്കുമായിരുന്നില്ല.

* ജയസൂര്യയുടെ വ്യത്യസ്തമുഖം. (അന്യഭാഷാചിത്രങ്ങള്‍ കാണുന്ന പ്രേക്ഷകന് വലിയ പുതുമയൊന്നും തോന്നില്ലെങ്കിലും!) പക്ഷെ ഒരുപാട് സാദ്ധ്യതകളുണ്ടായിരുന്ന ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെ നേരാംവണ്ണം ഗ്രഹിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനുമായ വിനയന് കഴിഞ്ഞില്ല. പക്ഷെ, തന്‍‌റ്റെ കഴിവിന്‍‌റ്റെ പരിധിയില്‍ നിന്നു കൊണ്ടുള്ള ജയസൂര്യയുടെ ശ്രമം ശ്ലാഘനീയമാണ്.
* ക്ലൈമാക്സ് (ഒരു പ്ലസ് പോയന്‍‌റ്റ് കൂടെ പറയണമെങ്കില്‍ മാത്രം)


x (നിലാവത്ത് വിട്ട കോഴിയെ പോലെ) എങ്ങോട്ടോ പോകുന്ന തിരക്കഥ. കൂടെ തുഴയാന്‍ ശ്രമിക്കുന്ന നായകകഥാപാത്രം.
x കഥയിലെ ഏകപ്രണയജോഡിയായ മണിക്കുട്ടന്‍-ഭാമാദികളുടെ അഭിനയത്തില്‍ സ്വാരസ്യമില്ലായ്മ പ്രകടമാണ്. വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളും തീര്‍ത്തും കൃത്രിമമായ് അനുഭവപ്പെടുന്ന അഭിനയവും!
x അരോചകമായ പശ്ചാത്തലസംഗീതം. ചില നേരങ്ങളില്‍ സി-ഗ്രേഡ് ചിത്രങ്ങളേക്കാളും അസഹ്യമായിരുന്നു പശ്ചാത്തലവാദ്യഘോഷം!
x കൊച്ചിന്‍ ഹനീഫ, സാജു കൊടിയന്‍ തുടങ്ങിയവരുടെ തീര്‍ത്തും അനാവശ്യമായ കഥാപാത്രങ്ങള്‍.
x സലീംകുമാറിന്റെ ആവര്‍ത്തനവിരസതയുണര്‍ത്തുന്ന അഭിനയവും ഡയലോഗ് ഡെലിവെറി സ്റ്റൈലും.


വാല്‍ക്കഷ്ണം: വിനയന്റെ മുന്‍‌ചിത്രമായ ബ്ലാക്ക്‍ക്യാറ്റിനെ കുറിച്ചുള്ള ഹരിയുടെ നിരൂപണം വായിച്ചിട്ടും ഈ സിനിമ കാണാന്‍ കുടുംബസമേതം പോയ ‘ഞാന്‍ എന്ന നിഷ്കളങ്കനെ‘ തിരണ്ടിവാല്‍ കൊണ്ടടിക്കണം!