Wednesday, December 30, 2009

ചട്ടമ്പിനാട്: വഞ്ചി തിരുന്നക്കര തന്നെ!

ഷാഫി എന്ന സംവിധായകന്‍ തന്റെ വരവറിയിച്ചത് വണ്‍‌മാന്‍‌ഷോ എന്ന വിവരം കെട്ട ഒരു സിനിമയുമായിട്ടായിരുന്നു. കല്യാണരാമന്‍ എന്ന കോപ്രായചിത്രവും, തൊമ്മനും മക്കളും എന്ന പൊള്ളാച്ചിചിത്രവും മായാവി, ചോക്ലേറ്റ് എന്ന രസകരമായ ചിത്രങ്ങളും ഷാഫിയെ പറ്റി അല്പം മതിപ്പുണ്ടാക്കി. ലോലിപ്പോപ്പ് എന്ന അവിയല്‍ചിത്രം ആരുമറിയാതെ പോവുകയും ചെയ്തു. ബെന്നി.പി.നായരമ്പലവുമായ് ചേര്‍ന്ന് മമ്മൂട്ടി കന്നഡിഗയായ് അഭിനയിക്കുന്ന ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നു എന്നത് ഫാന്‍സുമാര്‍ക്ക് ആവേശകരമായതും സഹൃദയന് പ്രതീക്ഷയില്ലാത്തതുമായ ഒരു വാര്‍ത്തയായിരുന്നു. ഷാഫി എന്ന സംവിധായകനും മലയാളസിനിമാപ്രവര്‍ത്തകരുടെ കച്ചവടബോധവും ഫാന്‍സുകാരുടെ പ്രതീക്ഷകളും ഒരുമിച്ച് ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്ന ചട്ടമ്പിനാട് എന്ന ഈ വഞ്ചി വിനോദതീരത്തില്‍ നിന്നും ബഹുദൂരം അകലെയാണ്. നൌഷാദ്, ആന്റോ ജോസഫ് എന്നിവര്‍ നിര്‍മ്മിച്ച ഈ പൊള്ളാച്ചിചിത്രം ആരും അധികം മണിക്കൂറുകള്‍ ഓര്‍ക്കാന്‍ വഴിയില്ല.

കഥാസംഗ്രഹം:
ഒരുപാട് ചട്ടമ്പികള്‍ ഉള്ളത് കൊണ്ട് ചട്ടമ്പി നാട് എന്നറിയപ്പെടുന്ന ചെമ്പട്ട് നാട് എന്ന ഗ്രാമത്തിലെ മൂത്ത ചട്ടമ്പിയാണ് കട്ടാപ്പിള്ളി നാഗേന്ദ്രന്‍ (സിദ്ദിക്ക്). തന്റെ ആജന്മശത്രുവായ മല്ലഞ്ചറ ചന്ദ്രമോഹന്‍ ഉണ്ണിത്താനെ (മനോജ് കെ ജയന്‍) കൊണ്ട് മല്ലഞ്ചറ തറവാട് വില്പിക്കില്ലെന്ന ദൃഢപ്രതിജ്ഞ ചെയ്തവനാണവന്‍. സ്ഥലത്തെ എസ്.ഐ.യുടെയും ബ്രോക്കറും കൂടി ചേര്‍ന്ന് വീരേന്ദ്ര മല്ലയ്യയോട് (മമ്മൂട്ടി) സ്ഥലവും വീടും വാങ്ങാന്‍ അപേക്ഷിക്കുന്നു. മല്ലയ്യയുടെ സഹോദരതുല്യനായ മുരുകനും (വിനു മോഹന്‍) ഇതില്‍ തല്പരനാണ്. നാഗേന്ദ്രന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് മല്ലയ്യ മല്ലഞ്ചറവീട്ടില്‍ താമസമാക്കുന്നു. മെല്ലെ മെല്ലെ അയാള്‍ നാട്ടുകാരുടെ ഇഷ്ടത്തിന് പാത്രമാവുന്നു. പക്ഷെ ചെമ്പട്ട്നാട്ടിലേക്കുള്ള മല്ലയ്യയുടെ വരവിന് പിന്നില്‍ മറ്റു താല്പര്യങ്ങളുണ്ടായിരുന്നു. പറമ്പിലെ കുടിക്കിടപ്പുകാരിയായ ഗൌരി (ലക്ഷി റായ്)യുമായുള്ള മല്ലയ്യയുടെ പ്രണയവും നാഗേന്ദ്രനും ഗുണ്ടകളുമായുള്ള സംഘട്ടനങ്ങളുമാണ് പിന്നീട് ചട്ടമ്പിനാടില്‍ നാം കാണുന്നത്.

അഭിനയം, സാങ്കേതികം:
ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി അഭിനയിക്കാന്‍ പറഞ്ഞാലും മമ്മൂട്ടി മല്ലയ്യയെ ഇതു പോലെ അഭിനയിച്ച് ഫലിപ്പിക്കും. കന്നഡ കലര്‍ന്ന മലയാളം എന്നൊരു പുതുമ (!) മാത്രമേ മല്ലയ്യയ്ക്കുള്ളൂ. സംഭാഷണത്തിലുള്ള ഈ വ്യത്യാസവും പതിവുപൊള്ളാച്ചിചിത്രങ്ങളുളെ മമ്മൂട്ടിയുടെ കോമാളിക്കളികള്‍ ഇല്ലാത്തതും മാത്രമാണ് ഈ സിനിമയിലെ മമ്മൂട്ടിഹൈലൈറ്റ്. പ്രേക്ഷകന്റെ ഓര്‍മ്മയില്‍ അധികകാലം മല്ലയ്യ എന്ന ചട്ടമ്പി ഉണ്ടായിരിക്കാനിടയില്ല.

ലക്ഷ്മി റായ് എന്നതെയും പോലെ ഈ സിനിമയിലും മോശമായിട്ടുണ്ട്. ഇവിടം സ്വര്‍ഗ്ഗമാണ് എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായത്തില്‍ പറഞ്ഞ പോലെ ഡബ്ബിംഗിലെ പ്രശ്നങ്ങള്‍ കാഴ്ചക്കാരന് അലോസരമുണ്ടാക്കുന്നുണ്ട്. അറ്റന്‍ഷനില്‍ നിന്നു കൈകള്‍ വടി കൊണ്ട് കെട്ടിയ പോലെ ആട്ടുന്നതിലും കൂടുതല്‍ പ്രാഗത്ഭ്യം അഭിനയിക്കാനാവശ്യമാണെന്ന് ഈ നടിയോട് ഏതെങ്കിലും സംവിധായകന്‍ പറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സലീംകുമാര്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍ നവാസ് എന്നിവര്‍ തമാശകള്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കെ അല്പെമെങ്കിലും ആശ്വാസമാകുന്നത് സുറാജ് വെഞ്ഞാറമൂടിന്റെ മിമിക്രിയാണ്. വല്ലാതെ ബോറടിക്കുമ്പോള്‍ കോപ്രായക്കളികളും ചിലപ്പോള്‍ ചിരിപ്പിക്കുമല്ലോ!

സിദ്ദിക്കിന്റെ നാഗേന്ദ്രന്‍ വേഷത്തിലും സംഭാഷണത്തിലും ഭാവത്തിലുമെല്ലാം മാടമ്പിയിലെ കുറുപ്പിന്റെയും പ്രജാപതിയിലെ ഗിരിയുടേയും തുടര്‍ച്ചയാണ്. നാഗേന്ദ്രന്റെ ശിങ്കിടിയായ് മോഹന്‍‌ജോസ്, റിട്ട. ചട്ടമ്പിയായ് ടി ജി രവി, മുരുകനായ് വിനു മോഹന്‍ എന്നിവര്‍ തരക്കേടില്ല.

മനോജ്‌പിള്ള ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ തരക്കേടില്ലെങ്കിലും അവ ഇതിലും വൃത്തിയായ് ഒഴുക്കോടെ വി സാജന് സന്നിവേശിപ്പിക്കാമായിരുന്നു. എങ്കില്‍ ബെന്നി പി നായരമ്പലത്തിന്റെ കഥാരഹിതമായ മോശം തിരക്കഥ ഇത്രയും വിരസമാവില്ലായിരുന്നേനെ. ആദ്യചര്‍ച്ചയില്‍ തന്നെ ഒരു സിനിമയ്ക്ക് വേണ്ടതായി ഒന്നും ഈ കഥാതന്തുവില്‍ ഇല്ല എന്ന് തിരിച്ചറിയാനാവാഞ്ഞ സംവിധായകകലയെ കുറിച്ച് അധികമൊന്നും പറയണമെന്ന് തോന്നുന്നില്ല. ഓര്‍ത്തുവെക്കാനൊരു നിമിഷം പോലുമില്ല എന്നതാണ് ചട്ടമ്പിനാടിന്റെ ഏറ്റവും വലിയ ദുരന്തം! കണ്ടുമടുത്തതെങ്കിലും, താരങ്ങളുടെ സാന്നിധ്യവും പൊള്ളാച്ചി-പഴനിയുടെ പ്രകൃതിയും മാത്രാമാണ് ചട്ടമ്പിനാടിനെ അല്പമെങ്കിലും കണ്ടിരിക്കാവുന്നതാക്കുന്നത് - പിന്നെ സിനിമ, അതെത്ര ചവറാണെങ്കിലും, അതില്‍ നിന്നെന്തെങ്കിലും പഠിക്കാനുണ്ടാവുമെന്ന എന്ന എന്റെ ചിന്തയും!


+ ???


- എഴുത്ത്, സംവിധാനം
- ആവര്‍ത്തനവിരസമായ അഭിനയം, പരിസരങ്ങള്‍


വാല്‍ക്കഷ്ണം: ഫാന്‍സുകാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഥയുടെ ഒരു സ്പാര്‍ക്ക് പോലുമില്ലാത്ത ഇത്തരം സിനിമകള്‍ പടച്ച് വിടുന്നതെങ്കില്‍, ഇത്തരം സിനിമകള്‍ ആഘോഷിക്കുന്ന മസ്തിഷ്കശൂന്യരാണ് ഫാന്‍സുകാരെങ്കില്‍, ഇവരില്‍ തളിക്കാന്‍ പറ്റിയ ഒരു കീടനാശിനി കണ്ടുപിടിക്കാന്‍ മുഖ്യമന്തിക്ക് ഉടനെ ഒരു നിവേദനം കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. അതിലേക്കായ് ആദ്യത്തെ ഒപ്പ് ദൃശ്യന്റെ വക!

Labels: ചട്ടമ്പിനാട്, Chattambi Nadu Review, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച
&------------------------------------------------------------------------------------------------------------------&

Tuesday, December 29, 2009

ഇവിടം സ്വര്‍ഗ്ഗമാണ്: ലളിതസുന്ദരമായ അനുഭവം!

ഒരു സംവിധായകന്റെ സാന്നിധ്യമറിയിച്ച ‘ഉദയനാണ് താരം’, ‘നോട്ട്ബുക്ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ജെയിംസ് ആല്‍ബര്‍ട്ടിന്റെ രചനയില്‍ ഒരുക്കിയ ചിത്രമാണ് ‘ഇവിടം സ്വര്‍ഗ്ഗമാണ്’. ഭ്രമരത്തിനു ശേഷം മോഹന്‍‌ലാല്‍ എന്ന നല്ല നടനെ നാം ഒരിക്കല്‍ കൂടി കാണുന്ന ഈ ചലച്ചിത്രം മണ്ണിനെ സ്നേഹിക്കുകയും സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കര്‍ഷകന്റെ ലളിതമായ കഥ സരസമായ് പറയുന്നു.

കഥാസംഗ്രഹം:
കോടനാട് എന്ന ദേശത്തുള്ള ജെര്‍മിയാസ് ഫാമിന്റെ ഉടമസ്ഥനായ ജെര്‍മിയാസിന്റെ (തിലകന്‍) മകനാണ് മാത്യൂസ്. അപ്പനെ കൂടാതെ അമ്മ എല്‍‌സമ്മയും (കവിയൂര്‍ പൊന്നമ്മ), വല്ല്യമ്മ റാഹേലമ്മയും (സുകുമാരി) അവനോടോപ്പം താമസമുണ്ട്. അധ്വാനിച്ച് സ്വര്‍ഗ്ഗതുല്ല്യമായ് മാറ്റിയ തന്റെ കൃഷിയിടം മാത്യൂസിന്റെ ആനന്ദവും സ്വകാര്യഅഹങ്കാരവുമാണ്. പുഴക്കരയുടെ കണ്ണായ സ്ഥലത്തുള്ള ജെര്‍മിയാസ് ഫാം ഉള്‍പ്പെടെയുള്ള ഭൂമി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ബോംബെക്കാരനായ ഒരു വ്യവസായ പ്രമുഖന്‍ സ്ഥലത്തെ പ്രധാനസ്ഥലകച്ചവടക്കാരനായ ആലുവ ചാണ്ടിയെ (ലാലു അലക്സ്) സമീപിച്ച് 75ലക്ഷം അഡ്വാന്‍സ് കൊടുക്കുന്നു. പക്ഷെ മാത്യൂസ് സ്ഥലം വില്‍ക്കാന്‍ തയ്യാറാകുന്നില്ല. സ്ഥലം വില്‍പ്പിക്കുന്നതില്‍ മാത്യൂസില്‍ സമ്മര്‍ദ്ദം ചെലുത്താനും നാട്ടുകാരെ കൂടെ നിര്‍ത്തുവാനുമായ് സത്യം മറച്ച് വെച്ച് കോടനാട്ടില്‍ ഒരു ടൌണ്‍‌ഷിപ്പ് വരുന്നതിലേക്കാണ് തനിക്ക് സഥലം വേണ്ടതെന്ന് ചാണ്ടിയും കൂട്ടരും വാര്‍ത്ത പരത്തുന്നു. സര്‍ക്കാര്‍ ജീവനക്കാരും രാഷ്ട്രീയക്കാരുമെല്ലാം അതേറ്റു പറയുന്നു. തന്റെ സുഹൃത്തായ ബെറ്റ്‌സിയുടെ (പ്രിയങ്ക) സഹായത്തോടെ മീഡിയയുടെ സഹായവും അഡ്വ. സുനിത (ലക്ഷ്മി റായ്) വഴി നിയമസഹായവും തേടുന്നെങ്കിലും ചാണ്ടിയുണ്ടാക്കുന്ന പുതിയ പുതിയ പ്രശ്നങ്ങള്‍ മാത്യൂസിന്റെ സ്വര്‍ഗ്ഗജീവിതത്തെ നരകതുല്യമാക്കുന്നു. ഏതറ്റം വരെ പോയും മാത്യൂസിന്റെ സ്ഥലം കൈക്കലാക്കാന്‍ ചാണ്ടിയും, ചുറ്റുപാടുള്ളവരെല്ലാം സ്ഥലം വിറ്റീട്ടും നാട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിച്ചിട്ടും പതിനഞ്ചാം വയസ്സു മുതല്‍ കഷ്ടപ്പെടുന്ന, താന്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന മണ്ണ് രക്ഷിക്കാന്‍ മാത്യൂസും കച്ചമുറുക്കുന്നതോടെ ‘ഇവിടം സ്വര്‍ഗ്ഗമാണ്’ കൂടുതല്‍ രസകരമാവുന്നു.

അഭിനയം, സാങ്കേതികം:
മോഹന്‍‌ലാല്‍ എന്ന നടനെ നാം ഇഷ്ടപ്പെടുന്ന സിനിമകള്‍ ഇപ്പോള്‍ വിരളമായേ ഉണ്ടാകാറുള്ളൂ. ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍‌ലാല്‍ സിനിമകളില്‍ റെഡ് ചില്ലീസ്, സാഗര്‍ ഏലിയാസ് ജാക്കി, ഭഗവാന്‍, ഏഞ്ചല്‍ ജോണ്‍ എന്നിവ ആരും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത സിനിമകളാണ്. ഭ്രമരത്തിന് ശേഷം മോഹന്‍‌ലാല്‍ എന്ന നടനെ നാം ഇഷ്ടപ്പെട്ടു പോവുന്ന സിനിമയാണ് ‘ഇവിടം സ്വര്‍ഗ്ഗമാണ്”. മാത്യൂസ് മോഹന്‍‌ലാലിനായ് മാത്രം സൃഷ്ടിക്കപ്പെട്ട കഥാപാത്രമല്ല, പക്ഷെ മോഹന്‍‌ലാലിന്റെ ചില (പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന) മാനറിസങ്ങള്‍ മാത്യൂസിന് മിഴിവേകുന്നുണ്ട്. അതിഭാവുകത്വമില്ലാതെ കഥാപാത്രമായ് മാറിയിരിക്കുന്നു ഇവിടെ ഈ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍.

ഈ സിനിമയുടേ ഹൈലൈറ്റായ് പറയാവുന്ന ഒരു പെര്‍ഫോര്‍മന്‍‌സാണ് മാത്യൂസിനോടോപ്പം ആദിമധ്യാന്ത്യം നിറഞ്ഞ് നില്കുന്ന കഥാപാത്രമായ ആലുവ ചാണ്ടിയായ് ലാലു അലക്സ് നടത്തിയിരിക്കുന്നത്. അമിതാഭിനയവും ഇളകിയാടലുമില്ലാതെ സരസമായ് റിയല്‍‌എസ്റ്റേറ്റ്‌കച്ചവടക്കാരനെ ഫലിപ്പിച്ചിരിക്കുന്നു ഈ നടന്‍.

മാത്യൂസിന്റെ അഛന്‍ എന്ന തലത്തില്‍ നിന്നും കഥാപാത്രത്തെ ജെര്‍മിയാസായ് മാറ്റിയിരിക്കുന്നു തിലകന്‍. കവിയൂര്‍ പൊന്നമ്മയുടേയും സുകുമാരിയുടേയും അഭിനയത്തില്‍ പരാമര്‍ശിക്കതക്കതായ് ഒന്നും തന്നെയില്ല. ഡൈ ചെയ്ത കറുത്തിരുണ്ട മുടിക്കെട്ട് രണ്ട് കഥാപാത്രങ്ങള്‍ക്കും യോജിക്കാത്തതാണെന്ന് കാഴ്ചയിലെവിടെയോ ഓര്‍ത്തിരുന്നു.

ലക്ഷിറായിയുടെ സുനിതവക്കീല്‍ തരക്കേടില്ലെങ്കിലും പരിമിതമായ ഭാവങ്ങള്‍ മാത്രം മുഖത്ത് പ്രകാശിപ്പിക്കാനുള്ള അഭിനേത്രിയുടെ കഴിവുകേട് കാരണം പ്രേക്ഷകനില്‍ യാതൊരു ചലമുണ്ടാക്കുന്നില്ല. അമ്മയോട് ‘മാത്യൂസിനെ പോലുള്ളവരെ സഹായിക്കുന്നത് പച്ചക്കറിയുടെ തീ പൊള്ളിക്കുന്ന വിലയിലുരുകുന്ന സാധാരണക്കാരുടെ ആവശ്യമാണെ‘ന്ന് പറയുന്ന രംഗത്തിലാണെന്ന് തോന്നുന്നു, ലക്ഷ്മിയുടെ ഡബ്ബിങ് തീരെ സിങ്ക് ചെയ്യുന്നില്ല. കാണാനഴകുണ്ടെങ്കിലും അഭിനയമേഖലയില്‍ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു ഈ നടിക്ക്.

മാധ്യമപ്രവര്‍ത്തകയായ ബെറ്റ്‌സിയായ് പ്രിയങ്കയും എസ്.എഫ്.സി മാനേജര്‍ മരിയയായ് ലക്ഷ്മി ഗോപാലസ്വാമിയും തരക്കേടില്ല. ലക്ഷ്മി ഗോപാലസ്വാമിയുടെ കണ്ണു കൊണ്ടും മുഖപേശികള്‍ കൊണ്ടുമുള്ള “മുദ്രകള്‍” (ബോയ്‌ഫ്രണ്ടും കൊച്ചു കൊച്ചു സന്തോഷങ്ങളും ഓര്‍ക്കുക) അധികമില്ല എന്നത് ശുഭകരമായ പുരോഗതിയാണ്.

സിനിമയിലെ നര്‍മ്മരസം നിറഞ്ഞ് രംഗങ്ങളിലേറേയും ഭുവനചന്ദ്രന്‍ എന്ന ആധാരമെഴുത്തുകാരന്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. കേരളാ കഫേയിലെ ജി.കെയില്‍ നിന്നും ഭുവനചന്ദ്രനിലേക്ക് വരുമ്പോള്‍ ജഗതി ശ്രീകുമാര്‍ എന്ന നടന്റെ അയത്നലളിതമായ കൂടു വിട്ടു കൂടു മാറല്‍ പ്രക്രിയ നമ്മെ അത്ഭുതപ്പെടുത്തും. പ്രബലന്‍ എന്ന അമിക്കസ് ക്യൂറിയായ് ശ്രീനിവാസനും നമ്മെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു.

മാത്യൂസിന്റെ പണിക്കാരന്‍ (അനൂപ് ചന്ദ്രന്‍), ടൌണ്‍ഷിപ്പ് കമ്മറ്റി പ്രെസിഡന്റ് കൂടിയായ പള്ളിയിലച്ചന്‍, ടൌണ്‍‌ഷിപ്പ് വന്നാല്‍ മാത്രമേ പണിക്ക് പോവൂ എന്ന് വാശിയില്‍ നില്‍കുന്ന ഭര്‍ത്താവും ഭാര്യയും, വരാന്‍ പോകുന്ന ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലിലെ ലോണ്‍‌ടി ജോബിനായ് കാത്തിരിക്കുന്ന അലക്കുകാരന്‍, (ഭാവി) സെക്യൂരിറ്റിക്കാരന്‍, റിയല്‍‌എസ്റ്റേറ്റ് ഏജന്റ് കൂടിയായ കൃഷി ഓഫീസര്‍, എസ്.എഫ്.സി ജീവനക്കാരനായ ലംബോധരന്‍, ആലുവാ ചണ്ടിയുടെ അഡ്വേക്കറ്റ് (രാജു), താലൂക്ക് ഓഫീസര്‍ (ഇന്നസെന്റ്), ജെര്‍മിയാസിന്റെ വകയിലെ അനിയന്‍ (പ്രേം പ്രകാശ്), കളക്ടര്‍ (ഗീതാവിജയന്‍), വില്ലേജ് ഓഫീസര്‍ (ഇടവേള ബാബു), മാത്യൂസിന്റെ സുഹൃത്തായ സുധീര്‍ (ശങ്കര്‍) തുടങ്ങിയ മറ്റനേകം കഥാപാത്രങ്ങളും സിനിമയിലുണ്ട്. ചെറിയ ചെറിയ കഥാപാത്രങ്ങള്‍ക്കിടയിലുള്ള സംഭാഷണങ്ങളിലെ (ആക്ഷേപ)ഹാസ്യം രസിപ്പിക്കുന്നവയാണ്.

പാട്ടുകളൊന്നും ഉള്‍ക്കൊള്ളിക്കാഞ്ഞ സിനിമയില്‍ പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ് കഥയ്ക്കനുസൃതമാണ്. ദിവാകര്‍ പകര്‍ത്തിയ രംഗങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത് രഞ്ജന്‍ എബ്രഹാം ആണ്. കഥയുടെ ലാളിത്യമാര്‍ന്ന പരിസരങ്ങള്‍ ലളിതമായ് - പ്രേക്ഷകന് തലവേദന ഉണ്ടാക്കുന്ന ഗിമ്മിക്കുകള്‍ക്കൊന്നും പോവാതെ - കാഴ്ചയൊരുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമയുടെ അമരക്കാരന്‍ സംവിധായകനെങ്കിലും ശരിക്കും താരം രചയിതാവാണ്. കഥയുടെ പുതുമയും തിരനാടകത്തിന്റെ രസകരമായ ഒഴുക്കും ജെയിംസിലെ കഥപറച്ചിലുകാരനെ കുറിച്ചുള്ള നമ്മുടെ മതിപ്പു വര്‍ധിപ്പിക്കുന്നു.‘ഗോസ്‌ലാ കാ ഘോസ്‌ലാ’ എന്ന ഹിന്ദി ചിത്രവുമായ് (ഇത് പിന്നെ ‘പൊയ് സൊല്ല പോറോം‘ എന്ന പേരില്‍ പ്രിയദര്‍ശന്‍ തമിഴില്‍ നിര്‍മ്മിക്കുകയുണ്ടായി) ഈ സിനിമയ്ക്കുള്ള സാദൃശ്യം ‘റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ തെമ്മാടിത്തരത്തിന് ഇരയാവുന്ന സാധാരണക്കാരന്റെ പ്രതിരോധം’ എന്നതിലൊതുങ്ങുന്നു. ബെറ്റ്‌സിയും മാത്യൂസും തമ്മിലുള്ള രംഗം, ജെര്‍‌മിയാസിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്ന രംഗം തുടങ്ങിയ ചില രംഗങ്ങളില്‍ മെലോഡ്രാമയുടെ അളവ് മുഴച്ച് നില്‍ക്കുന്നെങ്കിലും, മൂലകഥയിലേക്ക് കേരളത്തിന്റെ ഭക്ഷ്യക്ഷാമത്തെ കുറിച്ചും വികസനപദ്ധതിപ്രവര്‍ത്തനത്തെ പറ്റിയുള്ള ജനങ്ങളുടെ വസ്തുനിഷ്ഠമല്ലാത്ത അഭിപ്രായപ്രകടനങ്ങളെ കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ രസകരമായ് തുന്നി ചേര്‍ത്തിരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു ജെയിംസ്. തിരക്കഥയുടെ സാദ്ധ്യതകള്‍ റോഷന്‍ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കഥാപരിസരത്തിലുള്ള മാറ്റം കൊണ്ടോ എന്തോ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് “ഒരു റോഷന്‍ ടച്ച്” നമുക്ക് ഫീല്‍ ചെയ്യുന്നില്ല. ഇതൊരു പക്ഷെ സംവിധായകന്റെ വിജയവുമാകാം!


+ ലളിതമായ കഥ, രസകരമാ‍യ അവതരണം
+ മോഹന്‍‌ലാല്‍, ലാലു അലക്സ്


- ചില രംഗങ്ങളിലെ അനാവശ്യ മെലോഡ്രാമ


വാല്‍ക്കഷ്ണം: ചെയ്ത മൂന്നു സിനിമകളും നന്നാക്കിയ തിരക്കഥാക്കൃത്തും സംവിധായകനും തങ്ങളില്‍ നിന്നും ഇനിയുമേറെ നല്ല സിനിമകള്‍ പ്രതീക്ഷിക്കാമെന്ന് നമ്മെ കൊണ്ട് തോന്നിപ്പിക്കുന്നു എന്നതാണ് കാഴ്ചാവസാനം എനിക്ക് തോന്നിയത്. കച്ചവടസിനിമയുടെ ഫോര്‍മാറ്റില്‍ നിന്ന് കൊണ്ട് സ്ഥിരം ഫോര്‍‌മുല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ് ചിന്തിച്ച ഇരുവര്‍ക്കും ദൃശ്യന്റെ വക ഇമ്മിണി ബല്യ ഒരു താങ്ക്‍സ്!

Labels: Ividam Swargamanu Review, ദൃശ്യന്‍, റിവ്യൂ, ഇവിടം സ്വര്‍ഗ്ഗമാണ് ‍, സിനിമ, സിനിമാ നിരൂപണം

@---------------------------------------------------------------------------------------------------------------@

വേട്ടൈക്കാരന്‍: അതേ നായകന്‍, അതേ നായിക, അതേ വില്ലന്‍...

ഒരിടത്തൊരിടത്തൊരിടത്ത് രവി എന്നു പേരായ ഒരു യുവാവുണ്ടായിരുന്നു. ദേവരാജ് എന്ന ഐ.പി.എസ് ഓഫീസറിന്റെ ആരാധകനായിരുന്ന അവനെ കൂട്ടുകാര്‍ പോലീസ് രവി എന്ന് വിളിച്ചു. നാലാം തവണ എഴുതി പ്ലസ് ടു വിജയിച്ച ശേഷം ദേവരാജ് പഠിച്ച അതേ കോളേജില്‍ ചേരുന്നതിനായ് അവന്‍ നഗരത്തിലേക്ക് പോവുന്നു. വഴിക്ക് വെച്ച് കണ്ട് മുട്ടുന്ന സുശീല എന്ന യുവതിയെ അവന്‍ ഇഷ്ടപ്പെടുന്നു, അവളുടെ വീട്ടുകാര്‍ക്കും അവനെ നന്നേ ബോധിക്കുന്നു. മനോഹരലൊക്കേഷനുകളില്‍ വെച്ചുള്ള ഗാനങ്ങള്‍ക്കും ചുറ്റും നൃത്തമാടിയ സുന്ദരീസുന്ദരന്മാര്‍ക്കും നന്ദി, വലിയ പ്രയാസമേതും കൂടാതെ സുശീലയും അവനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു., ഓട്ടോറിക്ഷ ഓടിച്ചാണ് അവന്‍ തന്റെ പഠനചിലവുകള്‍ വഹിച്ചിരുന്നത്. ഇത്തരത്തില്‍ എല്ലാം മംഗളമായ് പോകവേ, ചെല്ല എന്ന ലോക്കല്‍ഗുണ്ടയുടെ കാമകണ്ണുകള്‍ രവിയുടെ സുഹൃത്ത് ഉമയുടെ മേള്‍ പതിക്കുന്നു. ഉമയുടെ അച്ഛനോട് അവന്‍ ഉമയെ ഒരു ദിവസത്തേക്ക് ആവശ്യപ്പെടുന്നു. വിവരമറിഞ്ഞ രവി ചെല്ലയുമായ് സംഘട്ടനത്തിലേര്‍പ്പെടുന്നു, അവനെ ആശുപത്രിയിലേക്കയക്കുന്നു. ചെന്നൈ നഗരത്തിന്റെ അപ്രഖ്യാപിതരാജാവായ ചെല്ലയുടെ അച്ഛന്‍ വേദനായകം “വേദനായകം താന്‍ ഭയം, ഭയം താന്‍ വേദനായകം” എന്ന് രവിയോട് നാടകീയമായ രീതിയിലവതരിപ്പിക്കുന്നു. വേദനായകത്തോട് അതേ തത്ത്വത്തിന്റെ പിന്‍‌ബലത്തില്‍ പ്രതികാരം ചെയ്യാന്‍ രവി ഒരുങ്ങുകയും, വേദനായകത്താല്‍ കുടുംബവും കണ്ണുകളും നഷ്ടപ്പെട്ട ദേവരാജ് രവിയോടൊപ്പം കൂടുകയും ചെയ്യുന്നതോടെ കഥയുടെ പിരിമുറുക്കമേറുന്നു.

Review in English at CinemaOutlook

എത്രയെത്ര സിനിമകള്‍ നമ്മോട് ഈ കഥ പറഞ്ഞിട്ടുണ്ട്? കൈവിരലുകളിലെണ്ണാവുന്നതിമധികം സിനിമകളില്‍ ഞാന്‍ ഈ കഥ പല രീതികളില്‍ ‘കണ്ടിട്ടുണ്ട്’.എ.വി.എം പ്രൊഡക്ഷന്‍‌സിന്റെ ബാനറില്‍ പുതുമുഖം ബാബുശിവന്‍ എഴുതി സംവിധാനം ചെയ്ത് ഇളയദളപതി വിജയ് അഭിനയിച്ച “വേട്ടൈക്കാരന്‍” എന്ന സിനിമയുടെ കഥാതന്തുവും മറ്റൊന്നല്ല.

ആദ്യാവസാനം ഇതൊരു വിജയ് സിനിമയാണ്. പുതുമയേതുമില്ലാത്ത അവതരണത്തില്‍ അധികം കോട്ടുവായകളില്ലാതെ സിനിമ കണ്ടിരിക്കാന്‍ നമ്മെ സഹായിക്കുന്നത് പല പല സിനിമകളില്‍ കണ്ട അതേ വിജയ് ശൈലിയാണ്.

ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മദ്ധ്യത്തില്‍ “എന്റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുമോ” എന്ന മട്ടില്‍ പൊക്കിള്‍ക്കൊടിയും കാണിച്ചു തുള്ളി കളിക്കുക എന്നതില്‍ കവിഞ്ഞൊന്നും സിനിമയിലെ നായികയായ അനുഷ്ക ശര്‍മ്മക്ക് ചെയ്യാനില്ല. നായകന്‍ വിജയുമായ് തോന്നിച്ച ചേര്‍ച്ചക്കുറവും സുശീലയെ പെട്ടന്ന് മറക്കാന്‍ നമ്മെ സഹായിക്കും.

ചെല്ലയായ് വരുന്ന രവിശങ്കറും, ദേവരാജായ് വരുന്ന ശ്രീഹരിയും തുറിച്ചു നോക്കുക, ഉറക്കെ ചിരിക്കുക, കോപത്തില്‍ അലറുക, ഉച്ചസ്ഥായിയില്‍ സംസാരിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യുന്നില്ല. ‘താഴ്വാര’ത്തില്‍ നാം കണ്ട സലീം ഗൌസ് വേദനായകമായ് മാറിയിട്ടുണ്ട്. കണ്‍‌കോണുകളിലൊളിപ്പിച്ച് വെച്ച ക്രൂരതയും ചുണ്ടുകള്‍ക്കിടയില്‍ നിന്ന് പുറത്തേക്ക് വരാത്ത ചിരിയും ഈ സ്റ്റീരിയോടൈപ്പ് കഥാപാത്രത്തിന് തുണയാകുന്നു.

കട്ടബൊമ്മന്‍ എന്ന പോലീസുദ്യോഗഥനായ് സായജി ഷിണ്ഡെ ചില നര്‍മ്മമുഹൂര്‍ത്തങ്ങളൊരുക്കുന്നുണ്ട്. മനോബാലയുടെ പത്രപ്രവര്‍ത്തകന്‍, സുകുമാരിയുടെ മുത്തശ്ശി, സചിന്തയുടെ ഉമ എന്നിവര്‍ തരക്കേടില്ല എന്ന് മാത്രം.

ബാബുശിവന്റെ ക്ലീഷേ തിരക്കഥ വേഗത്താലും, വിജയുടെ സാന്നിധ്യം വി.ടി.വിജയന്റെ ചിത്രസംയോജനം, ഗോപിനാഥിന്റെ ക്യാമറ എന്നിയുടേ സഹായത്താലും നമ്മെ അധികം മുഷിപ്പിക്കുന്നില്ല എന്നത് ആശ്വാസം. വിജയ് ആന്റണിയുടെ സംഗീതം എളുപ്പം മറക്കാവുന്നവയാണ്.


+ ഇളയ ദളപതിയുടെ താരസാന്നിധ്യം


- കഥയേതുമില്ലാത്ത കഥ!
- അനുഷ്ക്ക

വാല്‍ക്കഷ്ണം: ബാബുശിവന്‍ എന്ന സംവിധായകന്റെ ആദ്യചിത്രം എന്ന് നിലയിലും വിജയ് ഫാന്‍‌സിന് താരത്തെ വെച്ചു വാഴിക്കാന്‍ വീണ്ടുമൊരു ചിത്രം എന്ന നിലയിലും തരക്കേടില്ല എന്ന പറയാം എന്നല്ലാതെ, സഹൃദയന് ഈ സിനിമ കൊണ്ട് യാതൊന്നും തന്നെ ലഭിക്കുന്നില്ല. സണ്‍ ടിവിയിലോ കലൈഞ്ജര്‍ ടിവിയിലോ വരുമ്പോള്‍ കാണാമെന്നല്ലാതെ തിയേറ്ററില്‍ പോയി ഈ സിനിമ കണ്ട് കാശ് കളയണ്ട എന്നാണ് ദൃശ്യന്റെ അഭിപ്രായം!
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-
Review in English at CinemaOutlook
Labels: Vettaikaran, Review, , ദൃശ്യന്‍, വേട്ടൈക്കാരന്‍, സിനിമ, സിനിമാ നിരൂപണം, റിവ്യൂ, സിനിമാക്കാഴ്ച

Wednesday, December 16, 2009

പാലേരിമാണിക്യം - കലര്‍പ്പില്ലാത്ത മാണിക്യം!!

സാഹിത്യവും സിനിമയും അപൂര്‍വ്വമായി മാത്രമേ മലയാളസിനിമയില്‍ ഒത്ത് ചേരാറുള്ളൂ. അത്തരമൊരു സംരംഭം എന്നതിലുമധികം പുതുമകളുമായ് രഞ്ജിത്തും സംഘവും അണിയിച്ചൊരുക്കിയ സിനിമയാണ് "പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ". സിനിമയുടെ പേരില്‍ തുടങ്ങി അവസാനടൈറ്റിലുകള്‍ വരെ പുതുമകള്‍ നിറഞ്ഞ ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് വര്‍ണ്ണചിത്രയുടെ ബാനറില്‍ കെ.വി. അനൂപ്, മഹാ സുബൈര്‍ എന്നിവരാണ്. പരീക്ഷണള്‍ക്ക് മുതിരാനും കച്ചവടത്തിന്റെ പതിവുപാതവിട്ട് സഞ്ചരിക്കാനും മടിയുള്ള മലയാളസിനിമാലോകത്തെ ‘അതികായന്മാര്‍ക്കുള്ള‘ ചാട്ടവാറടിയാണ് കഥയിലും കഥാപാത്രങ്ങളിലും കഥാപരിസരങ്ങളിലും എന്തിന് കാസ്റ്റിംഗില്‍ പോലും വ്യത്യസ്തത പുലര്‍ത്തുന്ന ഈ സിനിമ.


കഥാസംഗ്രഹം:
പ്രൊഫഷന്‍ കൊണ്ട് ഡിറ്റക്ടീവായ ഹരിദാസ് (മമ്മൂട്ടി) അമ്പത് വര്‍ഷങ്ങള്‍ മുന്‍പ് പാലേരിയില്‍ നടന്ന മാണിക്യത്തിന്റെ കൊലപാതകത്തിന്റെ കഥ പറഞ്ഞ് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ചിരുത എന്ന തീയ്യത്തി ചീരുവിന്റെ (ശ്വേത മേനോന്‍) മകന്‍ പൊക്കന്റെ (ശ്രീജിത്ത്) ഭാര്യയായി പാലേരിയിലെത്തിയ മാണിക്യം (മൈഥിലി) പതിനൊന്നാം നാള്‍ രാത്രി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നു, അന്ന് രാത്രി തന്നെ പാലേരിയില്‍ ഒരാള്‍ കൂടെ കൊല്ലപ്പെട്ടു - ധര്‍മ്മദത്തന്‍ എന്ന ശാന്തിക്കാരന്‍. രണ്ട് മരണങ്ങള്‍ക്ക് പകരം ഒരു ജനനവും പാലേരി അന്ന് കണ്ടു. അപസ്മാരമരണത്തില്‍ നിന്നു കൊലപാതകമെന്ന് നിഗമനത്തില്‍ എത്തിയ പോലീസന്വേഷണത്തിന്റെ ഫയല്‍ കൈകള്‍ മാറി മാറി സഞ്ചരിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിപട്ടികയില്‍ ചേര്‍ക്കപ്പെട്ടവരെയെല്ലാം കോടതി വെറുതെ വിട്ടു. കോടതി നിര്‍ദ്ദേശപ്രകാരം തുടര്‍ന്നുണ്ടായ അന്വേഷണം എവിടെയുമെത്തിയതുമില്ല. അരനൂറ്റാണ്ട് മുന്‍പ് നടന്ന ഈ രണ്ട് കൊലപാതകങ്ങളുടെ അന്വേഷണം എന്ന ദൌത്യവുമായ് ഹരിദാസ് പാലേരിയിലേക്ക് പോവുന്നതോടെ കഥയ്ക്ക് മുറുക്കമേറുന്നു. ഭാര്യ വനജയേയും മക്കളേയും ഡല്‍ഹിയിലാക്കി ക്രിമിനല്‍ അനലിസ്റ്റായ സുഹൃത്ത് സരയു (ഗൌരി)വിന്റെ കൂടെയാണ് ഹരിദാസ് പാലേരിയിലെത്തുന്നത്. രണ്ട് ഭൂഖണ്ഡങ്ങളിലായ് നടത്തി പോരുന്ന ഒരു ദാമ്പത്യത്തിനുടമയാണ് സരയു. ബാലന്‍ നായര്‍ (സിദ്ദിക്ക്) എന്ന നാട്ടുപ്രമുഖന്റെ വീട്ടിലാണ് എഴുത്തുകാരനും ഭാര്യയും എന്ന വ്യാജേനെ അവര്‍ താമസിക്കുന്നത്. ബാലന്‍ നായര്‍, എസ്.കെ.പള്ളിപ്പുറം, കെ പി ഹംസ (ടി ദാമോദരന്‍), കേശവന്‍ (ശ്രീനിവാസന്‍), ഭ്രാന്തന്‍ കുമാരന്‍ തുടങ്ങിയ എന്ന പഴയകാലപാലേരിക്കാരിലൂടെ ഹരിദാസ് നടത്തുന്ന അന്വേഷണവും നിഗമനങ്ങളുമാണ് സംവിധായകന്‍ തുടര്‍ന്ന് നമുക്ക് മുന്നില്‍ അതിമനോഹരമായ് ഇഴ പിരിച്ച് അവതരിപ്പിക്കുന്നത്.

അഭിനയം, സാങ്കേതികം:
ചെയ്യുന്ന കഥാപത്രത്തോടുള്ള ആത്മാര്‍ത്ഥത - വളരെ ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടീ-നടന്മാരില്‍ വരെ പ്രകടമായ ഈ പ്രതിബദ്ധതയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
മമ്മൂട്ടി എന്ന നടന്‍ ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് പാലേരിമാണിക്യം. പ്രൈവറ്റ് ഡിക്ടറ്റീവായ ഹരിദാസും പണ്ഡിതനായ സാഹിബും നമുക്ക് ഒരു പുതുഅനുഭവമല്ലെങ്കിലും നാട്ടുപ്രമാണിയായ മുരിക്കും‌കുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ തന്റെ ശരീര-ശാരീരഭാഷാവൈവിധ്യത്താല്‍ നമ്മെ അതിശയിപ്പിക്കുന്നു. നടപ്പിലും നില്‍പ്പിലും മൊഴിയിലും പൂര്‍ണ്ണമായ് ഹാജിയായ് മാറിയിട്ടുണ്ട് ഈ നടന്‍.


ആദ്യമായ് ചീരുവിനെ കാണുന്ന രംഗത്തും തന്റെ തൊടിയിലെ നാളികേരം കട്ട പണിക്കാരനെ ശിക്ഷിക്കുന്ന രംഗത്തുമെല്ലാം ഹാജി ‘നില്‍ക്കുന്ന’ രീതി മമ്മൂട്ടിയുടേയും (പിന്നണിപ്രവര്‍ത്തകരുടേയും) നിരീക്ഷണപാടവം വിളിച്ചോതുന്നു. വടക്കേ മലബാറിലെ മുസ്ലീം ഭാഷ അതിമനോഹരമായ് പറയാന്‍ സാധിച്ചു എന്നത് ഈ നടനോടുള്ള നമ്മുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നു.
ശ്വേതാ മേനോന്‍ എന്ന നടിയുടെ ഭാഗ്യമാണ് ചീരു. ഏതൊരു നടിയും കിട്ടാന്‍ കൊതിക്കുന്ന കഥാപാത്രം. ഒതേനന്റെ ഭാര്യയായും ഹാജിയുടെ ഇഷ്ടക്കാരിയായും ഗ്രാമത്തിന്റെ വേശ്യയായും പൊക്കന്റെ അമ്മയായും മാണിക്യത്തിന്റെ അമ്മായിയമ്മയായും ചന്തമ്മന്‍ പൂശാരിയുടെ ‘പ്ലാറ്റോണിക്ക് ലൌവര്‍‘ ആയും ചീരു കാഴ്ചക്കാരന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ചീരുവിന്റെ ഈ ഭാവപകര്‍ച്ചകള്‍ തെറ്റില്ലാത്ത വിധം അഭിനയിച്ച് ഫലിപ്പിക്കാന്‍ ശ്വേതക്കായിട്ടുണ്ട്. പക്ഷെ ഗ്രാമം മുഴുവന്‍ കൊതിക്കുന്ന ഒരു തീയ്യത്തിപ്പെണ്ണിന്റെ ശരീരവും, (അധികാരിയുടെ മഹസ്സര്‍‌എഴുത്ത്, പൊക്കനേയും ചീരുവിനേയും ചോദ്യം ചെയ്യല്‍ പോലത്തെ) ചില സീനുകള്‍ ആവശ്യപ്പെടുന്ന ഭാവങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സമ്മതിക്കുന്ന മുഖവും ഇല്ല എന്നത് ശ്വേതയുടെ പ്രധാനപോരായ്മകളാവുന്നു. ചീരുവിന്റെ ശബ്ദമായ് മാറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.


കവടിമണി പോലെ പൊക്കിള്‍ക്കൊടിയും പൂ വിരിയും പോലെ ചുണ്ടും പല്ലുമുള്ള മാണിക്യത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു മൈഥിലി. മാണിക്യത്തിന്റെ നിഷ്കളങ്കതയും ശൌര്യവും സൌന്ദര്യവുമെല്ലാം പ്രേക്ഷകന്‍ എളുപ്പം മറക്കാനിടയില്ല. സരയുവായ് വന്ന ഗൌരിക്ക് അധികമൊന്നും ചെയ്യാനില്ല.

കേശവന്‍ എന്ന പഴയകാലസഖാവിനെ അവതരിപ്പിക്കുന്നതില്‍ ശ്രീനിവാസന്‍ വിജയിച്ചിട്ടുണ്ടെങ്കിലും മേക്കപ്പിലെ കുറവുകള്‍ (മുന്‍‌നെറ്റിയിലെ നിറഭേദങ്ങളും മറ്റും) ആസ്വാദനത്തില്‍ കല്ലുകടിയാവുന്നു. കെ പി ഹംസയുടെ വയസ്സന്‍‌രൂപം ടി.ദാമോദരന്‍ അസ്സലാക്കി. കേശവന്റെ പഴയകാലം അവതരിപ്പിച്ച നടനും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു.

ഹാജിയുടെ സില്‍‌ബന്ധിയായ കുന്നുമ്മല്‍ വേലായുധന്‍, തെങ്ങുകച്ചവടക്കാരന്‍ കുഞ്ഞിക്കണ്ണന്‍, പൊണ്ണന്‍ പൊക്കന്‍ എന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചതാരെന്ന് എനിക്കറിയില്ല. മലയാളസിനിമയില്‍ ഇനിയുമൊരുപാട് കഥാപാത്രങ്ങള്‍ക്ക് ഈ നടന്മാര്‍ ജീവന്‍ നല്‍കുമെന്ന് വിശ്വസിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്ന പ്രകടനമാണ് ഇവര്‍ കാഴ്ച വെച്ചിരിക്കുന്നത്. ചന്തമ്മന്‍ പൂശാരിയും മാണിക്യത്തിന്റെ അച്ഛനും ആങ്ങളയും ചെറുപ്പക്കാരനായ കെ പി ഹംസയും മോഹന്‍‌ദാസ് മണാലത്ത് എന്ന പോലീസുദ്യോഗസ്ഥനും ഗ്രാമത്തിലെ മന്ത്രവാദിയും പാലേരിയുടെ അബോധമായ ഭ്രാന്തന്‍ കുമാരനും നാടകക്കാരന്‍ എസ് കെ പള്ളിപ്പുറവും മരിച്ചവരോട് സംസാരിക്കുന്ന ദേവകിയമ്മയും (നിലമ്പൂര്‍ ആയിഷ) മറ്റും‍ കാഴ്ചാവസാനവും നാളുകളോളം പ്രേക്ഷകമനസ്സില്‍ മായാതെ നില്‍കുമെന്നതുറപ്പ്. സരയുവിന്റെ ഭര്‍ത്താവ് ഗൌതം അദൃശ്യനെങ്കിലും സിനിമയില്‍ ഒരു കഥാപാത്രമായ് മാറിയിട്ടുണ്ട് .

ക്യാമറയ്ക്ക് പിന്നിലെ രഞ്ജിത്തിന്റെ കൂട്ടുകാരാണ് പാലേരിമാണിക്യത്തെ വെറുമൊരു സിനിമയില്‍ നിന്ന് മികച്ച ഒരു സിനിമയാക്കി മാറ്റിയത്. മനോജ് പിള്ളയുടെ ഛായാഗ്രഹണകല സിനിമയെ ഇന്നിന്റെ സിനിമയാക്കി മാറ്റുന്നു.. ആരംഭത്തില്‍ പാലേരിയെ പരിചയപ്പെടുത്തുന്ന രംഗങ്ങളിലും പിന്നീട് കഥാന്വേഷണത്തിന്റെ രംഗങ്ങളിലും ക്യാമറ രണ്ടു രീതിയില്‍ രണ്ടു പാതയിലാണ് സഞ്ചരിക്കുന്നത്. ആവശ്യത്തിന് നിന്നും നീങ്ങിയും കഥാഖ്യാനത്തോട് ചേര്‍ന്നു നില്‍കുന്നു മനോജ് പിള്ളയുടെ ക്യാമറാവ്യാകരണം.

വിജയ് ശങ്കറിന്റെ ചിത്രസംയോജനം നല്ല നിലവാരം പുലര്‍ത്തുന്നുവെങ്കിലും രണ്ടാം പകുതിയ്ക്കിടയില്‍ അനുഭവപ്പെടുന്ന ഇഴച്ചിലിന് തിരക്കഥാക്കൃത്തിനൊപ്പം തന്നെ ഉത്തരവാദിയുമാണ്. മുരുകന്‍ കാട്ടാക്കടയുടെ കലാസംവിധാനം പാലേരിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ് കൊണ്ട് ചെയ്തതാണ്. പതിറ്റാണ്ടുകളുടെ മാറ്റം പാളിച്ചകളില്ലാതെ ഒരുക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

റഫീക്ക് അഹമ്മദ്, ടി പി രാജീവന്‍ എന്നിവര്‍ ഒരുക്കിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് ശരത്തും ബിജിബാലുമാണ്. "പാലേറും നാടായ പാലേരീല്..." എന്ന ടൈറ്റില്‍ ഗാനവും പിന്നെ ഒരു ഗസലുമാണ് സിനിമയിലുള്ളത്. മാണിക്യത്തെ ഭംഗിയായ് വരച്ചു കാട്ടുന്ന ആദ്യഗാനം നല്ല ആസ്വാദനനിലവാരം പുലര്‍ത്തുന്നു. പശ്ചാത്തലസംഗീതത്തിന്റെ കാര്യത്തില്‍ തന്റെ മുന്‍‌ചിത്രങ്ങളേക്കാള്‍ ഒരു പടി മുന്നിലാണ് ബിജിബാല്‍ ഈ സിനിമയില്‍‍.

കഥയോടും കാലത്തോടും നീതി പുലര്‍ത്തുന്നതാണ് എസ്.ബി. സതീശന്‍, കുമാര്‍ (മമ്മൂട്ടി) എന്നിവരുടെ വസ്ത്രാലങ്കാരം. രഞ്ജിത്ത് അമ്പാടി, ജോര്‍ജ്ജ് (മമ്മൂട്ടി) എന്നിവരൊരുക്കിയ വേഷപകര്‍ച്ചകള്‍ കലയ്ക്ക് മുതല്‍‌കൂട്ടാണ്. പോള്‍ ബത്തേരിയുടെ സ്റ്റില്‍‌സും കോളിന്‍‌സ് ലിയോഫിലിന്റെ ഡിസൈന്‍സും തിയേറ്ററിന് പുറത്ത് സിനിമയുടെ മാറ്റ് കൂട്ടുന്നു.


രാജീവന്റെ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല. ഏതോ ഒരു യാത്രക്കിടയ്ക്കെപ്പോഴോ വായിച്ച ഒരധ്യായം മാത്രമാണ് സിനിമ കാണുന്നതിന് മുന്‍പ് കഥാപാത്രങ്ങളുമായുള്ള എന്റെ പരിചയം. ഒരു ഗ്രാമത്തിന്റെ ഒരിക്കലുമുറങ്ങാത്ത മുറിവായ കൊലപാതകത്തിനു പിന്നിലെ സത്യമന്വേഷിക്കാനെത്തുന്ന ഹരിദാസ് അറിയുന്ന കഥാപാത്രങ്ങള്‍ അനവധിയാണ്. അധികം മലയാളസിനിമകളൊന്നും ഇത്രയും വൈവിധ്യമുള്ള കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ടാവില്ല. ഇത്തരമൊരു കഥ സിനിമയാക്കാന്‍ ചിന്തിക്കുമ്പോള്‍ ഗ്രാമീണന്റെ ശരീരഭാഷയുള്ളവരെ കണ്ടെത്തുക എന്നത് പ്രയാസമേറിയ ഒരു പ്രവര്‍ത്തിയാണ്. അവര്‍ വ്യത്യാസമുള്ള ദേശഭാഷ സംസാരിക്കുന്നവരായിരിക്കണമെന്നത് കൃത്യത്തെ കൂടുതല്‍ ദുഷ്കരമാക്കുന്നു. ഈ ഒരു വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് വിജയകരമായ് പൂര്‍ത്തിയാക്കിയിരിക്കുന്നു "പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ" തിരക്കഥയെഴുതി സംവിധാനം ചെയ്ത രഞ്ജിത്ത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ നടന്റെ ഇമേജ് എന്ന ഭാരം പ്രേക്ഷകനില്‍ കെട്ടി വെക്കാന്‍ സംവിധായകന്‍ തയ്യാറാകുന്നില്ല എന്നതാണ് ഈ സിനിമയെ മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നത്. "ഇന്ന നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എന്ന സ്വഭാവമായിരിക്കും... ഇത്ര നേരം ഇയാള്‍ സിനിമയിലുണ്ടാകും... ഇയാള്‍ ഇന്ന ഇന്ന രീതിയിലെല്ലാം അഭിനയിക്കും സംസാരിക്കും..." ഇത്തരത്തിലുള്ള മുന്‍‌വിധികള്‍ക്കൊന്നും ഇട നല്‍കാതെ കഥ ആവശ്യപ്പെടുന്ന രീതിയില്‍ കഥാപാത്രങ്ങളെ പിന്തുരുക എന്നതാണ് പ്രേക്ഷകധര്‍മ്മമെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് സിനിമയുമായി ഒരു ബന്ധവുമില്ലാത്ത, കണ്ടു ശീലമില്ലാത്ത ഒരു പാടു മുഖങ്ങള്‍ അവതരിപ്പിച്ചതിലൂടെ രഞ്ജിത്ത് ചെയ്തത്.


മനുഷ്യന്റെ അടിസ്ഥാനസ്വഭാവങ്ങള്‍ കാലാന്തരങ്ങളിലും ഒന്നാണെന്ന് നമ്മെ ഈ സിനിമ ഓര്‍മ്മപ്പെടുത്തുന്നു. കാമവും ക്രോധവും മൂലം കൊല്ലപ്പെടുന്ന മാണിക്യമാരെ കുറിച്ചുള്ള വേദന ഇന്നലെകളില്‍ നിന്ന് ഇന്നിലേക്കും ഇന്നില്‍ നിന്ന് നാളേക്കും പടരുമെന്ന് പാലേരിയിലൂടെ നമ്മെ അറിയിക്കുകയാണ് രാജീവനും രഞ്ജിത്തും.ഹാജിയുടെ സ്ത്രീയോടൂള്ള മോഹം മറ്റൊരു രീതിയില്‍ സാഹിബിലും ഹരിദാസിലും ഉണ്ട്. ആ മോഹത്തിന്റെ മറ്റൊരു തലം ചന്തമ്മന്‍ പൂശാരിയിലും നാം കാണുന്നു. ജീവിതയാത്രയില്‍ ഈ മോഹം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ പുരുഷന്മാരിലുമുണ്ട്. സമൂഹം പുരുഷകേന്ദ്രീകരമായതിനാല്‍ ഈ മോഹത്തിന് ഹവിസ്സായ് മാറാന്‍ മാണിക്യമാരും ചീരുമാരും അന്നും ഇന്നും എന്നുമുണ്ട് എന്ന ചിന്തയിലാണ് സിനിമ അവസാനിക്കുന്നത്. "ഈ സിനിമ വ്യത്യസ്തമാണ്... വ്യത്യസ്തമാണ്" എന്ന് വിളിച്ചു കൂവാതെ "വ്യത്യസ്തമായ സിനിമ" എന്തെന്ന് പ്രവര്‍ത്തി കൊണ്ട് കാണിച്ച് തന്ന രഞ്ജിത്തിനും കൂട്ടര്‍ക്കും ദൃശ്യന്റെ വക അറ്റന്‍ഷനിലൊരു സല്യൂട്ട്...!


+ കഥാപാത്രങ്ങള്‍, അഭിനയം, കാസ്റ്റിംഗ്
+ അവതരണം, സാങ്കേതികവശം

+ കൃത്രിമത്വമില്ലാത്ത ഭാഷ

- അവസാനപകുതിയ്ക്കിടയിലെ നേരിയ ഇഴച്ചില്‍ (അതും എന്തെങ്കിലും പറയണമെങ്കില്‍ മാത്രം!)

`-`-`-`-`-`-`-`-`-`-`-`-`-`-
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-