Thursday, July 3, 2008

മിഴികള്‍ സാക്ഷി: സത്യസന്ധം പക്ഷെ ദുര്‍ബലം

കഥ, സംവിധാനം: അശോക്.കെ.നാഥ്
തിരക്കഥ
, സംഭാ ഷണം: അനില്‍ മുഖത്തല
നിര്‍മ്മാണം
: വി.ആര്‍.ദാസ്, വി.മോഹന്‍ലാല്‍, സൈബര്‍ വിഷന്‍
അഭിനേതാക്കള്‍
: സുകുമാരി, മോഹന്‍ലാല്‍, നെടുമുടി വേണു, വിനീത്, കൊച്ചുപ്രേമന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 20 ജൂണ്‍‍‍‍, 2008
സിനിമ കണ്ടത്: 28 ജൂണ്‍‍‍, 2008 @ ദേവകി സിനിമാക്‍സ്‌, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.04 @ 10

ചിന്തിച്ചിട്ടുണ്ടോ ഒരു നല്ല സിനിമ ഉണ്ടാകുന്നതെങ്ങനെയെന്ന്?. അടുത്തിടെ ഇറങ്ങുന്ന തട്ടിക്കൂട്ടു കഥകളല്ല ഞാനുദ്ദേശിച്ചത്. പ്രേക്ഷകന് അനുഭവമായ് മാറുന്ന – അത് കച്ചവടമായാലും, കലയായാലും, സമാന്തരമായാലും - നല്ല സിനിമയാണ് ഇവിടെ പ്രതിപാദ്യം. ഒരുവന്റെ മനസ്സിലുണ്ടാകുന്ന കഥയുടെ നുറുങ്ങുവെട്ടം അവന്റെ ചിന്തകളിലൂടെ മറ്റുള്ളവരുമായുള്ള ചര്‍ച്ചകളിലൂടെ രൂപപ്പെട്ട്, ആദിമദ്ധ്യാന്തമുള്ള കഥയായ് മാറിക്കഴിഞ്ഞാല്‍ അടുത്ത് ഘട്ടം എന്താണ്? കുറച്ചെങ്കിലും സിനിമാബോധമുള്ള ആരും പറയും തിരക്കഥയെന്ന്. പൂര്‍ണ്ണരൂപത്തിലുള്ള ഒരു കഥ മനസ്സിലുണ്ടെങ്കില്‍ ആര്‍ക്കുമെഴുതാവുന്ന ഒന്നാണോ തിരക്കഥ? തീര്‍ച്ചയായും അല്ല. എന്റെ അഭിപ്രായത്തില്‍ ഇവിടെയാണ് ഒരു സിനിമ ഉണ്ടാവുന്ന പ്രക്രിയയിലെ ഏറ്റവും ദുര്‍ഘടകരമായ ഘട്ടം കടന്ന് വരുന്നത്. ചലച്ചിത്രമെന്ന മാധ്യമത്തെ കുറിച്ചുള്ള തിരക്കഥാക്കൃത്തിന്റെ അവഗാഹം ഇവിടെയാണ് പരീക്ഷിക്കപ്പെടുന്നത്. ഒരു കഥ ഒരുപാട് രീതിയില്‍ അവതരിപ്പിക്കാം. തന്റെ കഥയ്ക്ക് ഏറ്റവുമനുയോജ്യമായ നരേഷന്‍ ഏതെന്ന് തിരിച്ചയുന്നിടത്താണ് ഒരു ചലച്ചിത്രകാരന്റെ ആദ്യവിജയം. താന്‍ മനസ്സില്‍ കണ്ട കഥാസന്ദര്‍ഭങ്ങള്‍ ഇഫക്ടീവായ് കോര്‍ത്തിണക്കുന്ന ഈ വിദ്യ അറിയാത്ത ഒരാള്‍ക്കും നല്ലൊരു തിരക്കഥാകൃത്താവാനോ സംവിധായകനാവാനോ കഴിയില്ല. പ്രത്യേകിച്ചും സിനിമ എന്ന മാധ്യമത്തെ കുറിച്ച് നല്ല പരിജ്ഞാനമുള്ള പ്രേക്ഷകരുള്ള ഈ നാട്ടില്‍. കയ്യില്‍ നല്ലൊരു കഥയുണ്ടായിട്ടും, കഥാപാത്രങ്ങളുണ്ടായിട്ടും, കഥാസന്ദര്‍ഭങ്ങളുണ്ടായിട്ടും അശോക്.കെ.നാഥിന്റെ ‘മിഴികള്‍ സാക്ഷി’ പരാജയപ്പെടുന്നത് ഈ ‘വിദ്യ‘ അറിയാത്തത് കൊണ്ടാണ്.

കഥാസംഗ്രഹം
മകന്റെ മരണം അംഗീകരിക്കാനാവാത്ത - ഊമയായ, മനസ്സിന്റെ താളം തെറ്റി കൊണ്ടിരിക്കുന്ന - ഒരു അമ്മയുടെ (സുകുമാരി) യാത്രയാണ് ഈ കഥ. ഒരു ശ്രീകൃഷ്ണക്ഷേത്രത്തിലെത്തുന്ന ഊരും പേരുമറിയാത്ത അവര്‍ അമ്പലവാസികളായ ചൊല്ലുസ്വാമി (കൊച്ചുപ്രേമന്‍), വാരസ്യാരുക്കുട്ടി അമ്പിളി (കൃഷ്ണ) എന്നിവരുമായ് അടുക്കുന്നു. അവര്‍ ആ അമ്മയെ കൂനിയമ്മ എന്ന് വിളിക്കുന്നു. ക്ഷേത്രപരിസരത്തെ ജീവിതം മെല്ലെ പുരോഗമിക്കവേ അവരുടെ ഉള്ളിലെ അമ്മ ഉണ്ണികണ്ണന്റെ പുത്രസങ്കല്‍പ്പത്തില്‍ ആകൃഷ്ടയാവുന്നു. മനസ്സിലെ ദു:ഖങ്ങള്‍ പതിയെ മറവിയിലാഴുമ്പോഴാണ് ആ അമ്മ‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് എല്ലാവരുമറിയുന്നത്. അവരുടെ ജീവിതത്തിലുണ്ടായ ദുരന്തത്തിനും തുടര്‍ന്നുള്ള സംഭവങ്ങള്‍ക്കുമാണ് നാം പിന്നീട് സാക്ഷികളാവുന്നത്.


അഭിനയം

കഥയിലെ ഒരു മുഖ്യകഥാപാത്രമായ് മോഹന്‍ലാല്‍ അഭിനയിക്കുമ്പോഴും
, ഒരു മോഹന്‍ലാല്‍ ചിത്രമെന്ന രീതിയിലല്ല അണിയറക്കാര്‍ ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റില്‍ മുതല്‍ ഒടുക്കം വരെ കൂനിയമ്മ എന്ന കഥാപാത്രത്തിലാണ് അവരുടെ ഫോക്കസ്. തനിക്ക് ലഭിച്ച ഈ സുവര്‍ണ്ണാവസരം മനോഹരമായ് അവതരിപ്പിക്കുന്നതില്‍ സുകുമാരി വിജയിച്ചിരിക്കുന്നു. ശരീരചലനങ്ങളില്‍ ഭാവങ്ങളില്‍ ആഹാര്യ-വാചികാഭിനയത്തില്‍ എല്ലാം അനുഭവസമ്പന്നയായ അനുഗ്രഹീതനടിയുടെ സ്പര്‍ശനമുണ്ട് അവരുടെ അഭിനയത്തില്‍. തന്റെ വിശപ്പും പുത്രദു:ഖവും ഉണ്ണിക്കണ്ണനോടുള്ള വാത്സല്യവും സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോഴത്തെ നിസ്സഹായാസ്ഥയുമെല്ലാം വളരെ തന്മയത്വത്തോടെ അവര്‍ പ്രകടിപ്പിച്ചിരിക്കുന്നു. ചേമ്പിലയില്‍ കുമ്പിള്‍ കുത്തിക്കൊണ്ട് ഭക്ഷണത്തിനായ് അന്നദാനപ്പുരയ്ക്ക് മുന്നില്‍ കാത്ത് നില്‍കുന്ന കൂനിയമ്മയുടെ രൂപം ഏറെ നാള്‍ സഹൃദയമനസ്സില്‍ തങ്ങി നില്‍കുമെന്നുറപ്പ്.

വളരെ അപൂര്‍വ്വമായ് മാത്രമാണ് ഒരു നടന്‍ ഒരു കഥാപാത്രത്തിന് ബാദ്ധ്യതയായ് മാറുന്നത്. ആ നടനെ കുറിച്ചുള്ള അമിതപ്രതീക്ഷകളോ അയാള്‍ അവതരിപ്പിക്കുന്നത് കൊണ്ട് പ്രേക്ഷകര്‍ ഒരു മുന്‍‌വിധിയോടെ കഥാപാത്രത്തെ സമീപിക്കുന്നതോ ആവാം ഈ സന്ദര്‍ഭത്തിന് കാരണം. മറ്റൊരു നല്ല നടന്‍ - ഒരു പുതുമുഖമായാല്‍ പോലും - അവതരിപ്പിച്ചാല്‍ ഇതിലും നന്നാവുമായിരുന്നു സയ്യദ് അഹമ്മദ് എന്ന സ്വതന്ത്രചിന്തകനായ കോളേജ് പ്രൊഫസറുടെ വേഷം. സാമൂഹികതെറ്റിദ്ധാരണകളില്‍ നിന്നും തന്റെ മതത്തെ രക്ഷിക്കണം എന്നാഗ്രഹിക്കുന്ന, അതിനായ് തന്റെ തന്നെ മതത്തിലുള്ളവരോട് ഒറ്റയ്ക്ക് പൊരുതുന്ന, ശക്തമായ ഒരു വ്യക്തിത്വത്തിനുടമയാണ് സയ്യദ് അഹമ്മദ്. ചിന്തകളിലൂടെ വിപ്ലവം നടത്തുന്ന മനുഷ്യസ്നേഹി. ഇടയ്ക്കിടയ്ക്ക് രംഗത്ത് വന്ന് ഒരു കൊച്ചുപ്രഭാഷണം നടത്തി പോകുക എന്നതിനപ്പുറം ഇവിടെ കഥാപാത്രമായ് മാറുന്നതില്‍ എല്ലാ രീതിയിലും മോഹന്‍ലാല്‍ എന്ന അനുഗ്രഹീതനടന്‍ പരാജയപ്പെട്ടിരിക്കുന്നു. പക്ഷെ തിയേറ്ററിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സഹായകരമാകുമെന്നതില്‍ സംശയമില്ല.

ഏടുത്ത് പറയേണ്ട ഒരു പ്രകടനം കൊച്ചുപ്രേമന്റേതാണ്. സ്ഥിരം ശൈലിയിലുള്ള കോമഡിവേഷങ്ങളില്‍ തളയ്ക്കപ്പെട്ട ഈ നടന്റെ (ഞാന്‍ കണ്ടതില്‍ വെച്ച്) ഏറ്റവും നല്ല വേഷമാണ് ഈ ചിത്രത്തിലെ ചൊല്ലുസ്വാമി. സാത്വികഭാവം സ്ഥായിയായുള്ള ചൊല്ലുസ്വാമിയെ കൊച്ചുപ്രേമന്‍ മിതമായ അഭിനയരീതി കൊണ്ട് നന്നാക്കിയിരിക്കുന്നു.

പോലീസുദ്യോഗസ്ഥന്‍ ആദിത്യവര്‍മ്മയായ് വരുന്ന മനോജ്.കെ.ജയന്‍, കൃഷ്ണനാട്ടക്കാരനായ് വരുന്ന വിനീത്, ദേവസ്വം മാനേജറായ് വരുന്ന ദിനേശ് പണിക്കര്‍, രണ്ട് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തില്‍ മാള അരവിന്ദന്‍, അമ്പിളിയെ അവതരിപ്പിച്ച കൃഷ്ണ തുടങ്ങിയവരൊന്നും തെറ്റില്ലാത്ത വിധം അഭിനയിച്ചിരിക്കുന്നു.


ഗാനങ്ങള്‍
കഥാഗതിയ്ക്ക് അനുചിതമായ് ഗാനങ്ങള്‍ വരുന്നു എന്നത് ഈ സിനിമയുടെ ഒരു പോരായ്മയാണ്. പക്ഷെ ദക്ഷിണാമൂര്‍ത്തി-.എന്‍.വി ടീമിന്റെ ഗാനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു എന്ന് മാത്രമല്ല രചനയിലും ഈണത്തിലും അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും നല്ലവയാണെന്ന് നിസ്സശയം പറയാം.

കെ.എസ്.ചിത്ര അതീവഹൃദ്യമായ് ആലപിച്ച ‘തെച്ചിയും ചെമ്പരുത്തിയും നല്ല തൃത്താവും ചാര്‍ത്തും പൈതലേ’ ഒരമ്മയുടെ നേര്‍ത്ത നൊമ്പരമുള്ള മനസ്സില്‍ നിന്ന് വരുന്ന കൃഷ്ണഭക്തിഗാനമാണ്. കൂനിയമ്മയുടെ മനസ്സില്‍ കൃഷ്ണനോടുള്ള പുത്രവാത്സല്യം ഉറവിടുന്നതാണ് സിനിമയിലെ ഗാനപശ്ചാത്തലം.

അമ്മേ നീയൊരു ദേവാലയം നന്മകള്‍ പൂവിട്ടു പൂജിക്കുമാലയം’ എന്ന ഗാനത്തിന്റെ അടിസ്ഥാനഭാവം ദു:ഖമാണ്. കൂനിയമ്മയുടെ ലക്ഷ്യമില്ലാത്ത യാത്രയും അലച്ചിലുമാണ് സംവിധായകന്‍ ഈ ഗാനരംഗത്തില്‍ പകര്‍ത്തിയിരിക്കുന്നത്. അമ്മയുടെ മഹത്വവും അപദാനങ്ങളും വിവരിക്കപ്പെടുന്ന ഈ ഗാനം യേശുദാസിന്റെ ഭാവസാന്ദ്രമായ ആലാപനത്തിലാണുള്ളത്.

അപര്‍ണ്ണ രാജീവിന്റെ ശബ്ദത്തില്‍ വരുന്ന ‘മഞ്ജുതരശ്രീലതികാഗൃഹത്തില്‍’ എന്ന ഗാനത്തില്‍ നിറഞ്ഞ് നില്‍കുന്നത് കൃഷ്ണാനുരാഗമാണ് . നല്ല ഭാവമുള്ള മനോഹരമായ ആലാപനം ഗാനത്തെ ശ്രദ്ധേയമാക്കുമെങ്കിലും സിനിമയില്‍ ഈ ഗാനം അധികപറ്റാണ്. കഥയുമായോ ഏതെങ്കിലും സന്ദര്‍ഭവുമായോ യോജിച്ച് നില്‍ക്കാന്‍ ഈ ഗാനത്തിനാവുന്നില്ല. കൂനിയമ്മ ദേവകിയില്‍ നിന്ന് രാധയായ് മാറി എന്ന് കരുതാന്‍ വയ്യല്ലോ! എന്നിരുന്നാലും ഈ ഗാനരംഗത്തില്‍ വിനീതും സുകുമാരിയുമായുള്ള നൃത്തചുവടുകള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണീയതയുണ്ട്.

എസ്.ജാനകി പാടിയ ‘താഴമ്പൂ തൊട്ടിലില്‍ താമരത്തുമ്പിയെ താലോലമാട്ടുവാന്‍ കാറ്റേ വാ’ ഒരു പഴയമലയാളസിനിമാഗാനത്തിന്റെ മൂഡിലുള്ള വിഷാദഭാവമുള്ള ഒരു താരാട്ടുപാട്ടാണ്. ‍‘മിന്നും പൊന്നിന്‍ ഞെറിവച്ചുടുക്കുവാന്‍ ചിങ്ങവെയിലേ ചിറ്റാടതായോ‘ തുടങ്ങിയ അനുപമമായ വരികള്‍ എത്രയുണ്ട് ഇന്നത്തെ ഗാനങ്ങളില്‍?

ഗാനങ്ങളിലെ ഈണം നാം മുന്‍പെങ്ങോ കേട്ടതാണെന്ന പ്രതീതി ഉണര്‍ത്തുന്നുണ്ട്. ഒരേ രാഗത്തില്‍ ഉണ്ടാ‍കുന്ന ഗാനങ്ങളുടെ സമാനത എന്ന രീതിയില്‍ അതിനെ കണ്ടാല്‍ മതി എന്നാണെനിക്ക് തോന്നിയത്. സിനിമാപ്പാട്ടുകള്‍ കോലാഹലങ്ങളാകുന്ന ഇന്നത്തെ കാലത്ത് അമിതവാദ്യോപകരണബഹളങ്ങളില്ലാത്ത, കവിത്വവും പദഗുണവും സംഗീതബോധവുമുള്ള, ‘മിഴികള്‍ സാക്ഷി‘യിലെ ഗാനങ്ങള്‍ സഹൃദയര്‍ക്ക് വളരെ ആശ്വാസമേകുന്നു.

സാങ്കേതികം
അശോക് ആര്‍ നാഥിന്റെ മുന്‍‌ചിത്രങ്ങളായ ‘സഫല’വും ‘ഡിസംബറും’ ഞാന്‍ കണ്ടിട്ടില്ല
. ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ട് കൊണ്ട് പരിമിതബഡ്‌ജറ്റില്‍ ചിത്രീകരിച്ച ഒരു സിനിമ എന്ന നിലയ്ക്ക് ‘മിഴികള്‍ സാക്ഷി’ കണ്ട് അദ്ദേഹത്തെ വിലയിരുത്തുന്നതും ശരിയാകില്ല. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് കാമ്പുള്ള നല്ല സിനിമകളാണ് എന്ന് നമുക്ക് അറിയാം.ഇങ്ങനെ ഒരു സിനിമ കണ്‍‌സീവ് ചെയ്ത് ചുരുങ്ങിയ നാള്‍ കൊണ്ട് ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വിജയമാണ്. ആ ശ്രമം അഭിനന്ദനാര്‍ഹവുമാണ്.

മിഴികള്‍ സാക്ഷി’യിലെ മിക്ക പാളിച്ചകളും അവതരണത്തിലാണെന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ. കൂനിയമ്മയും അമ്പലവാസിപെണ്‍കുട്ടിയും തമ്മില്‍ പതിയെ ഉടലെടുക്കുന്ന ബന്ധത്തിന്റെ തീവ്രത പ്രേക്ഷകനിലേക്കെത്തുന്നില്ല. കൂനിയമ്മയുടെ അലച്ചിലുകള്‍ക്ക് കഥാഗതിയുമായ് വല്ലാത്ത ചേര്‍ച്ചക്കുറവനുഭവപ്പെടുന്നു. ഗാനങ്ങളും ആട്ടരംഗങ്ങളും വല്ലാതെ മിസ്‌പ്ലേസ്‌ഡ് ആയിരിക്കുന്നു.

സിനിമയുടെ ആദ്യപകുതി വരെ കൂനിയമ്മയുടെ സങ്കടമെന്ത് എന്നത് നമുക്കജ്ഞാതമാണ് എന്നതിനാല്‍ അത്രയും നേരം നമുക്ക് ആ കഥാപാത്രവുമായ് ശരിയാംവിധം സംവേദിക്കാനാവുന്നില്ല. പക്ഷെ അവരുടെ പ്രശ്നങ്ങള്‍ ഒരളവു വരെ നാം മനസ്സിലാക്കുന്നതോടെ സിനിമയിലുള്ള സംവിധായകന്റെ പിടി അയഞ്ഞ് പോകുന്നു. ഒരു അന്വേഷണോദ്യോഗസ്ഥന്റെ കണ്ണിലൂടെ പിന്നെ നാമറിയുന്ന കഥയില്‍ എന്തിന് കൂനിയമ്മ അലഞ്ഞ് നടക്കുന്നു, എന്താണ് അവര്‍ക്ക് വേണ്ടത് എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. ’ദേവകിയുടെ വിശ്വരൂപദര്‍ശന‘ത്തെ കൂനിയമ്മയുടേ കഥയുമായ് ബന്ധപ്പെടുത്താമെന്ന ആശയം നന്ന്, പക്ഷെ അത് ഫലപ്രദമായില്ലെന്ന് മാത്രമല്ല പ്രേക്ഷകനെ ഒട്ടൊന്ന് ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. പ്രത്യേകിച്ചും ഒരാവശ്യവുമില്ലാതെ അവസാനം വരുന്ന ഗാനവും കൂനിയമ്മയും കൃഷ്ണനാട്ടക്കാരനും ചേര്‍ന്നുള്ള നടനവും. വാത്സല്യത്തേക്കാളേറെ ശൃംഗാരഭാവമാണ് അവിടെ നമ്മള്‍ കാണുന്നത് എന്നത് നമ്മെ അമ്പരപ്പിക്കുന്നു.

രംഗങ്ങള്‍ക്കിടയിലെ ചേര്‍ച്ചക്കുറവിന് ഉത്തരവാദി അനില്‍ മുഖത്തലയെന്ന തിരക്കഥാക്കൃത്തോ ബീനാ പോളെന്ന ചിത്രസംയോജകയോ സംവിധായകനോ അതോ ഇനി ഞാന്‍ കണ്ട തിയേറ്ററിലെ ‘ലോക്കല്‍ എഡിറ്ററോ’ എന്നറിയില്ല. ആരു തന്നെയായാലും, ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ വികാരാധീനമാവേണ്ടിയിരുന്ന അവസാനരംഗം പോലും വളരെ ലാഘവത്തോടെ കണ്ടിരിക്കാനേ ഒരു സാധാരണപ്രേക്ഷകനാകൂ.

രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണം പാവുമ്പ മനോജിന്റെ കലാസംവിധാനം റാണാ പ്രതാപിന്റെ വസ്ത്രാലങ്കാരം ദാസിന്റെ ചമയം എന്നിവ കഥയ്ക്കനുയോജ്യമാംവണ്ണം നന്നായിരിക്കുന്നു.

സുകുമാരിയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രവും അഭിനയവും
, മോഹന്‍ലാല്‍, നെടുമുടി വേണു എന്ന മികച്ച നടന്മാരുടെ സാന്നിധ്യം എന്നീ അനുകൂലഘടകങ്ങള്‍ ഫലപ്രദമായ് ഉപയോഗിക്കുന്നതില്‍ തിരക്കഥാക്കൃത്തും സംവിധായകനും പരാജയപ്പെട്ടിരിക്കുന്നു. കഥാപാത്രങ്ങളുടെ ദു:ഖം പ്രേക്ഷകരില്‍ വിങ്ങലായ് മാറേണ്ടിയിരുന്ന കഥ, അവനില്‍ ഒരു സ്വാധീനവും ചെലുത്താതെ, ഒരു നിശ്വാസം പോലുമുണര്‍ത്താതെ, കടന്നു പോകുന്നു. എന്നിരുന്നാലും ഇത്തരമൊരു കഥ – ഒരു വയസ്സായ സ്ത്രീ മുഖ്യകഥാപാത്രമായ് വരുന്ന കഥ - മെനഞ്ഞെടുക്കാനും, അത് ചുരുങ്ങിയ ബഡ്‌ജറ്റില്‍ ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കി തിയേറ്ററുകളിലെത്തിക്കാനും സന്നദ്ധരായ, അതിന് ധൈര്യം കാണിച്ച, എല്ലാവരും - പ്രത്യേകിച്ചും നിര്‍മ്മാതാക്കളും വിതരണക്കാരും - പ്രത്യേകപരാമര്‍ശവും അഭിനന്ദനവുമര്‍ഹിക്കുന്നു. ആ ധൈര്യത്തിനും കലാസമര്‍പ്പണത്തിനും ദൃശ്യന്റെ വക ഒരു സല്യൂട്ട്!!!


+ സുകുമാരി
+ ആവശ്യത്തിന് മാത്രമുള്ള കഥാപാത്രങ്ങള്‍
+ രചനാപരമായും സംഗീതപരമായും മികച്ച നിലവാരം പുലര്‍ത്തുന്ന ഗാനങ്ങള്‍

x മോഹന്‍ലാല്‍
x അതിഭാവുകത്വം
x മിസ്‌പ്ലേസ്‌ഡ് ആയി വരുന്ന ഗാനങ്ങള്‍, കൃഷ്ണനാട്ടരംഗങ്ങള്‍
x ലക്ഷ്യബോധമില്ലാത്ത നറേഷന്‍ സ്റ്റൈല്‍, ദുര്‍ബലമായ തിരക്കഥ
x സാന്ദര്‍ഭികമായ ഹാസ്യത്തിന്റെ - സരസമായ രംഗങ്ങളുടെ - അഭാവം

--------------------------------------------------------------------------------------------------------------------------------------

Wednesday, July 2, 2008

ദശാവതാരം: ചിലവേറിയ പാഴ്‌പ്രയത്നം

കഥ, തിരക്കഥ, സംഭാ ഷണം: കമലഹാസന്‍
സംവിധാനം: കെ.എസ്. രവികുമാര്‍
‍നിര്‍മ്മാണം: രവിചന്ദ്രന്‍, ആസ്കാര്‍ ഇന്റര്‍നാഷണല്‍
‍അഭിനേതാക്കള്‍: കമലഹാസന്‍, അസിന്‍, മല്ല്ലിക ഷെരാവത്ത് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി:
13 ജൂണ്‍‍‍‍, 2008
സിനിമ കണ്ടത്: 17 ജൂണ്‍, 2008 @ അജന്ത, ബാംഗ്ലൂര്‍


ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് എഴുതാനായില്ല. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചലച്ചിത്രം. രാജ്യം കണ്ട മികച്ച നടന്മാരിലൊരാളായ കമലഹാസന്‍ പത്ത് വേഷങ്ങള്‍ അവതരിപ്പിക്കുന്നു. രവിവര്‍മ്മന്‍ (ഛായാഗ്രഹണം), തോട്ടാതരണി-സമീര്‍ ചന്ദ്ര (കലാസംവിധാനം), തനിഗചലം (ചിത്രസംയോജനം), ദേവിശ്രിപ്രസാദ് (പശ്ചാത്തലസംഗീതം), വാലി-വൈരമുത്തു (ഗാനങ്ങള്‍), എച്ച്. ശ്രീധര്‍ (ശബ്ദലേഖനം), ബൃന്ദ, പ്രസന്ന (നൃത്തം), എസ്. മൂര്‍ത്തി (വസ്ത്രാലങ്കാരം), ത്യാഗരാജന്‍-കനല്‍ കണ്ണന്‍ (സ്റ്റണ്ട്സ്) തുടങ്ങിയ സാങ്കേതികപ്രതിഭകള്‍ അണിനിരക്കുന്നു. ഹിമേഷ് രേഷമിയ്യ എന്ന പോപ്പുലര്‍ സംഗീതസംവിധായകന്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നു. തെന്നിന്ത്യയിലെ മുന്‍‌നിര നായിക അസിനോടോപ്പം മല്ലികാ ഷെരാവത്തും അഭിനയിക്കുന്നു. ഹിറ്റ് മേക്കര്‍ കെ.എസ്. രവികുമാര്‍ കമലുമായ് വീണ്ടുമൊത്ത് ചേരുന്നു - ആസ്കാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ രവിചന്ദ്രന്‍ അവതരിപ്പിക്കുന്ന ‘ദശാവതാര‘ത്തെ കുറിച്ചുള്ള സിനിമാപ്രേമികളുടെ ആകാക്ഷയും പ്രതീക്ഷകളും വാനോളമുയരാന്‍ ഇതില്‍ കൂടുതലെന്തു വേണം? പതിനെട്ടാം നൂറ്റാണ്ടിലെ ചിദംബരക്ഷേത്രരംഗങ്ങളെ കുറിച്ചുണ്ടായ വിവാദങ്ങള്‍ കൂടി കൊഴുത്തപ്പോള്‍ ഏവരുമുറപ്പിച്ചു - ദശാവതാരം അതിശയങ്ങളുടെ ഭണ്ഡാരമായിരിക്കുമെന്ന്. പക്ഷെ കടുത്ത കമല്‍ ആരാധകരല്ലാത്തവര്‍ക്ക് നിരാശയാകുന്നു ഈ അവതാരാതിശയം!

കമലിലെ എഴുത്തുകാരനേയും നടനേയും നമുക്കിഷ്ടമാണ്. മഹാനദിയിലും ഹേ റാമിലും അന്‍പേ ശിവത്തിലും വീരുമാണ്ടിയിലും നാം അത് അളവില്ലാതെ ആസ്വദിച്ചതുമാണ്. പ്രേക്ഷകരുടെ ആ ഇഷ്ടവും ആരാധനയുമാണ് ദശാവതാരത്തിന്റെ യഥാര്‍ത്ഥമുടക്കുമുതല്‍. എന്നിട്ടും എവിടെയാണ് കമലിന് പാളിയത്? കമലിന്റെയുള്ളിലെ ഹോളിവുഡ്‌നോക്കിയായ സിനിമാക്കാരനാണ് ദശാവതാരത്തിന് ദുര്‍വിധിയായത്. ദുശ്ശാഠ്യക്കാരനായ ആ സിനിമാക്കാരനെ നാം മുന്‍പും കണ്ടിട്ടുണ്ട് - തമിഴ് സിനിമാസമരവേളയില്‍ പുറത്ത് നിന്ന് പ്രവര്‍ത്തകരെ കൊണ്ട് വന്നപ്പോഴും, ‘മരുതനായക‘ത്തിന്റെ പൂജ ബ്രിട്ടീഷ് രാജ്ഞി കൊണ്ട് നിര്‍വഹിച്ചപ്പോഴും, ‘അവ്വൈ ഷണ്‍‌മുഖി’യില്‍ ചായമിടാന്‍ വിദേശസംഘത്തെ ഇന്ത്യയിലെത്തിച്ചപ്പോഴും, ‘ദശാവതാര’ ഓഡിയോ കാസറ്റ് റിലീസ് ജാക്കിച്ചാനിന്റെ സാന്നിദ്ധ്യത്തില്‍ മഹാസംഭവമാക്കിയപ്പോഴും, തന്റെ സിനിമകളിലെ അനാവശ്യസാങ്കേതികതയുടെ അതിപ്രസരണം കൊണ്ടും മറ്റും ഹോളിവുഡിനോട് കിട പിടിക്കാനുള്ള കമലിന്റെ ശ്രമം നാം നോക്കി നിന്നിട്ടുണ്ട്. കമലിലെ ആ ‘സാങ്കേതികമോഹി’യാണ് ദശാവതാരത്തിന് തുണയായതും വിനയായതും!

കഥയില്ലായ്മയും വിരസമായ തിരക്കഥയും പത്ത് കഥാപാത്രങ്ങളെ ഒപ്പിച്ചെടുക്കാനുള്ള മന:പൂര്‍വ്വമായ ശ്രമവും എല്ല ഈ സിനിമയുടെ എല്ലാ നല്ല വശങ്ങളേയും നിഷ്ഫലമാക്കുന്നു. ഗുണദോഷങ്ങള്‍ കൂടുതല്‍ വിവരിക്കാന്‍ നില്‍ക്കാതെ, കമലിന്റെ അവതാരങ്ങള്‍ എനിക്കിഷ്ടപ്പെട്ട ക്രമത്തില്‍ താഴെ കൊടുക്കുക മാത്രം ഇവിടെ ഞാന്‍ ചെയ്യുന്നു.

1. രംഗരാജന്‍ നമ്പി : പതിനെട്ടാം നൂറ്റാണ്ടിലെ ഈ വൈഷ്ണവവിശ്വാസിയായ പൂജാരി ഒരു കമല്‍ ട്രേഡ്‌മാര്‍ക്ക് കഥാപാത്രമാണ്. രൂപത്തിലുംഭാവത്തിലും ഹേറാമിലെ സാകേത് റാമിനെ ഓര്‍മ്മപ്പെടുത്തുമെങ്കിലും ഈ സിനിമയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയ കഥാപാത്രം നമ്പിയുടേതാണെന്ന് സംശയലേശമന്യെ പറയാം.
2. ബലറാം നായിഡു : പൊതുവെ വിരസമായ സിനിമയില്‍ അല്പമെങ്കിലും ചിരിയുണര്‍ത്തുന്ന രംഗങ്ങള്‍ തെലുങ്കനായ ഈ റോ ഓഫീസര്‍ തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. സാങ്കേതികജ്ഞാനം കമ്മിയെങ്കിലും അന്വേഷണബുദ്ധിയുള്ള ഈ കഥാപാത്രം കമലിന്റെ നിരീക്ഷണപാടവത്തിനുദാഹരണമാണ്.
3. വിന്‍സെന്റ് പൂവരഗന്‍ : മേക്കപ്പിലും അഭിനയത്തിലും മികച്ചു നില്‍കുന്ന ഈ കഥാപാത്രത്തിന് ഇതിലും നല്ല ഒരു സ്ഥാനം തിരക്കഥയില്‍ ലഭിക്കേണ്ടതായിരുന്നു.
4. ഗോവിന്ദ് രാമസ്വാമി : അസാധാരണതകളൊന്നുമില്ലാത്ത ഒരു സാധാരണ കമല്‍ കഥാപാത്രം. അത്യന്തം സീരിയസ്സ് ആയ ഒരു ‘മിഷനി’ലാണെങ്കിലും അസിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പൊട്ടത്തരങ്ങള്‍ക്കും വിവരക്കേടിനും വക വെച്ച് കൊടുക്കുന്ന സന്ദര്‍ഭങ്ങള്‍ ഈ ശാസ്ത്രജ്ഞന്റെ സാമാന്യബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നവയാണ്.
5. നരഹാസി : അനാവശ്യകഥാപാത്രം, ഉച്ചാരണത്തെ പറ്റി പറയാന്‍ എനിക്ക് ജപ്പാനിസ് അറിയില്ല :-(
6. അവതാര്‍ സിങ് : തമിഴ് നന്നായി സംസാരിക്കുന്ന ഈ പഞ്ചാബി കഥാപാത്രം തരക്കേടില്ല എന്ന് മാത്രം.
7. കൃഷ്ണവേണി പാട്ടി : രസകരമായ കഥാപാത്രമെങ്കിലും മോശം അവതരണം. അവസാനരംഗത്ത് ഈ കഥാപാത്രത്തിന്റെ പ്രകടനം പ്രേക്ഷകന് കൂടുതല്‍ അനുഭവേദ്യമാകേണ്ടതായിരുന്നു. പ്രായത്തിന്റെ ക്ഷീണം ചലനങ്ങളില്‍ കാണാനില്ല. മികച്ച ഡബ്ബിംഗ്
8. ക്രിസ്റ്റ്യന്‍ ഫ്ലെറ്റ്സര്‍ : മികച്ച ആക്ഷന്‍, സ്ഥിരതയില്ലാത്ത മേക്കപ്പ്, കൃത്രിമമായ ആംഗലേയോച്ചാരണം
9. ജോര്‍ജ്ജ് ബുഷ് : അവസാന രംഗത്ത് ഒരു കോമാളികഥാപാത്രമായ് തോന്നിപ്പിച്ച ഈ കഥാപാത്രം മുഖമ്മൂടി വെച്ച് അഭിനയിക്കുന്നത് പോലെ തോന്നിപ്പിച്ചു.
10. കാലിഫുള്ള ഖാന്‍ : അനാവശ്യ കഥാപാത്രം , കാര്‍ട്ടൂണ്‍ പോലെ തോന്നിക്കുന്ന മേക്കപ്പ്, വളരെ മോശം ഗ്രാഫിക്സ്.

ഈ സിനിമയില്‍ സാധാരണയില്‍ കവിഞ്ഞ മേക്കപ്പുള്ള കഥാപാത്രങ്ങള്‍ക്കൊക്കെ പൊതുവായ ഒരു പ്രശ്നമുണ്ട് - മേക്കപ്പിന്റെ സ്ഥിരതയില്ല്ലായ്മ. ഈ ‘സത്യം’ പല രംഗങ്ങളിലും ആംഗിളുകളിലും മറ നീക്കി പുറത്ത് വരുന്നുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ വേളയില്‍ പരിഹരിക്കാവുന്ന അത്തരം ചില പിഴവുകള്‍ - ഇത്രയും മുതല്‍മുടക്കുള്ള ഒരു സിനിമയില്‍ - കമലിന്റെയും രവികുമാറിന്റേയും ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നത് സങ്കടകരമാണ്.

+ കമലഹാസന്‍
+ അത്യുജ്ജ്വലമായ ആദ്യ 15 മിനിറ്റ്
+ തോട്ടാതരണിയുടെ കലാസംവിധാനപാടവം


x കോമാളി മേക്കപ്പ്
x കഥയില്ലായ്മ, ഇഴയടുപ്പമില്ലാത്ത തിരക്കഥ
x കമലിന്റെ അനാവശ്യ കഥാപാത്രങ്ങള്‍
x കഥയുമായ് അനാവശ്യമായ് ബന്ധിപ്പിച്ച, ബുദ്ധിശൂന്യമായ (സ്റ്റേഡിയത്തില്‍ വെച്ചുള്ള) അവസാനരംഗം

x പുതുമയില്ലാത്ത, സിനിമയോട് ചേര്‍ന്ന് നില്‍ക്കാത്ത ഗാനങ്ങള്‍


വാല്‍ക്കഷ്ണം:
അവതാരങ്ങള്‍ക്കെല്ലാം ഒരു ലക്ഷ്യമുണ്ടാവണം. പക്ഷെ ലക്ഷ്യമോ മാര്‍ഗ്ഗമോ ഇല്ലാത്ത പാഴ്‌അവതാരമായ് മാറി അമിതപ്രതീക്ഷകളുടെയും വന്‍‌സംഖ്യകളുടെയും ഭാരവും പേറി വന്ന ഈ ബ്രഹ്മാണ്ഡചിത്രം!

ദശാവതാരത്തെ പറ്റി മറ്റു ചില കാഴ്ചപ്പാടുകള്‍:
*
അപ്പോള്‍ നമുക്ക് ദശാവതാരത്തിന്റെ പ്രിന്റുകള്‍ കത്തിക്കാം..! (ഐറിസ്)

* ദശാവതാരം (Dasavatharam) (ഹരി)

--------------------------------------------------------------------------------------------------------------------------------------

സര്‍ക്കാര്‍ രാജ്: അധികാരത്തിന്‍‌റ്റെ കുതിപ്പും കിതപ്പും

സംവിധാനം: രാം ഗോപാല്‍ വര്‍മ്മ
കഥ, തിരക്കഥ, സംഭാ ഷണം: പ്രശാന്ത് പാണ്ഡേ
നിര്‍മ്മാണം: പ്രവീണ്‍ നിശ്ചല്‍, രാം ഗോപാല്‍ വര്‍മ്മ
അഭിനേതാക്കള്‍: അമിതാബ് ബച്ചന്‍, അബിഷേക് ബച്ചന്‍, ഐശ്വര്യ ബച്ചന്‍, ദിലീപ് പ്രഭവല്‍ക്കര്‍, ഗോവിന്ദ് നാംദേവ്, രവി കാലെ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 6 ജൂണ്‍‍‍‍, 2008
സിനിമ കണ്ടത്: 9 ജൂണ്‍‍‍‍, 2008 @ മുകുന്ദ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 6.14 @ 10


ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് എഴുതാനായില്ല. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.


അധികാരം എന്ന വാക്കിനെ, അതിന്റെ അര്‍ത്ഥവ്യാപ്തിയെ, അതിന്റെ രാഷ്ടീയോപയോഗത്തെ ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഭംഗിയായ് അവതരിപ്പിച്ച സിനിമയായിരുന്നു ‘സര്‍ക്കാര്‍‘. വിദേശസിനിമകളില്‍ നിന്ന് മോഷ്ടിച്ച നല്ല കഥകളെ വികലമാക്കി അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍കുന്ന ബോളിവുഡില്‍, ‘ഗോഡ്‌ഫാദര്‍’ എന്ന നിത്യഹരിതക്ലാസ്സിക്കില്‍ നിന്ന് പ്രചോദനം നേടിയതാണെന്ന് തുറന്ന് പറഞ്ഞ് കൊണ്ട് വന്ന്, നിരൂപകപ്രശംസ നേടിയ ഒരു ചിത്രമായിരുന്നു അത്. അത്തരമൊരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് അമിതപ്രതീക്ഷയുണ്ടാവുക സ്വാഭാവികം. അത് തന്നെയാവണം ഈ ‘സര്‍ക്കാര്‍ രാജിന്’ പ്രതികൂലമായ് നിന്നത്. സാധാരണബോളിവുഡ് സിനിമകളില്‍ നിന്ന് ബഹുദൂരം മുന്നിലെങ്കിലും നല്ലൊരു സിനിമ എന്ന നിലയിലേക്ക് വരാന്‍ സര്‍ക്കാര്‍ രാജിന് കഴിഞ്ഞില്ല. സമീപകാല രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളുമായ് താരതമ്യപ്പെടുത്തിയാല്‍ നന്നെങ്കിലും മികച്ച ഒരു രചനയെയും നല്ല പ്രകടനങ്ങളേയും പാഴാക്കി കളഞ്ഞു എന്ന കുറ്റപ്പെടുത്തലില്‍ നിന്ന് സംവിധായകന് ഒഴിഞ്ഞ് മാറാനാകില്ല.. ഇതിലുമെത്രയോ മികച്ചതായ് മാറേണ്ടിയിരുന്ന ഒരു ചിത്രം ‘തരക്കേടില്ല’ എന്ന അഭിപ്രായം നേടിയെടുത്ത കാഴ്ചയാണ് സര്‍ക്കാര്‍ രാജ് നമുക്ക് കാണിച്ച് തരുന്നത്.


നാഗ്രേ എന്ന സര്‍ക്കാറിനെ അവതരിപ്പിച്ച അമിതാബ് ബച്ചന്‍ ‘സര്‍ക്കാറിലെ’ അഭിനയത്തില്‍ നിന്ന് തെല്ലും വ്യതിചലിച്ചിട്ടില്ല. തന്റെ ഏറ്റവും വലിയ അസറ്റ് - ശബ്ദം - ഈ സിനിമയുടെ മൂഡിനനുസരിച്ച് ഉപയോഗിച്ചിരിക്കുന്നു അദ്ദേഹം. ശങ്കര്‍ എന്ന കുട്ടിസര്‍ക്കാറിന്റെ വേഷം അഭിഷേകിന്റെ കയ്യില്‍ ഭദ്രമാണ്. ‘യുവ’, ‘ഗുരു’ എന്ന സിനിമകളിലെ പ്രകടനത്തിനോട് ചേര്‍ത്ത് വെക്കാം അഭിഷേകിന് ശങ്കര്‍ നാഗ്രയെ. കഥാപാത്രം ആവശ്യപ്പെടുന്ന മിതാഭിനയം കാഴ്ച വെക്കുന്നതില്‍ ഇതിലെ അഭിനേതാക്കളെല്ലാവരും (‘നീല്‍ ആന്‍‌ഡ് നിക്കി’യില്‍ വഷളന്‍പ്രകടനം കാഴ്ച വെച്ച തനീഷ പോലും) വിജയിച്ചിരിക്കുന്നു. അവരുടെ ചലനങ്ങളില്‍, ഡയലോഗ് ഡെലിവെറിയില്‍, ശരീരമാസകലം സംവിധായകമുദ്ര കാണാം. (അധികാരത്തിന്റെ) ഒരു കാണാചരട് കൊണ്ട് അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി മാറ്റിയ വര്‍മ്മയുടെ സംവിധായകപാടവം പ്രശംസനീയമാണ്. ഇതിനൊരപവാദം അനിതാ രാജന്‍ എന്ന കോര്‍പ്പറേറ്റ് വ്യവസായിയെ അവതരിപ്പിച്ച ഐശ്വര്യ ബച്ചന്‍ മാത്രമാണ്. വികാരഭരിതമായ രംഗങ്ങളില്‍ അഭിനയിക്കാനുള്ള അവരുടെ കഴിവുകേടിന് മറ്റൊരുദാഹരണമാകുകയാണീ സിനിമ. വികാരമേതുമില്ലാത്ത അവരുടെ കണ്ണുകളില്‍ നിന്ന് ഗ്ലിസറിനൊഴുക്കി വിടുന്ന കണ്ണീര്‍ കണ്ടാല്‍ ചിരിയാണ് വരിക.


സത്യ, കമ്പനി, സര്‍ക്കാര്‍, നിശബ്ദ്, ഡാര്‍ലിംഗ് തുടങ്ങിയ മുന്‍‌കാലരാം‌ഗോപാല്‍ വര്‍മ്മ സിനിമകളില്‍ കണ്ടു മടുത്ത അവതരണശൈലി തന്നെയാണ് സര്‍ക്കാര്‍ രാജും പിന്‍‌തുടരുന്നത്. പ്രശാന്ത് പാണ്ഡേയുടെ തിരക്കഥയും സംഭാഷണങ്ങളും മികച്ച് നില്‍ക്കുന്നുവെങ്കിലും കൂടുതല്‍ മുറുക്കവും വേഗതയുമുള്ള സംവിധായകശൈലി അവ അര്‍ഹിക്കുന്നു. പല പല മൂലകളില്‍ (ആംഗിളുകളില്‍) നിന്നുള്ള ക്യാമറക്കാഴ്ചകള്‍ സിനിമയിലുടനീളം വരുന്നത് മടുപ്പുളവാക്കുന്നു. സീനുകളുടെ ദൈര്‍ഘ്യം ആവശ്യത്തിലും കൂടുതല്‍ നീട്ടാനേ അതുപകരിക്കുന്നുള്ളു. സുനില്‍ നിഗ്‌വേക്കറിന്റ കലാസംവിധാനം നന്ന്. സര്‍ക്കാറിന്റെ വീടും പശ്ചാത്തലങ്ങളും തികച്ചും റിയലിസ്റ്റിക്കായ രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു അദ്ദേഹം.
അമിത് പര്‍മാര്‍, നിപുണ്‍ ഗുപ്ത എന്നിവരുടെ ചിത്രസംയോജനം സംവിധായകന്റെ മനസ്സിന്റെ അതേ വേഗതയില്‍ തന്നെ തളര്‍ന്ന് നീങ്ങുന്നു. പക്ഷെ അതില്‍ അവരെ പഴി പറയേണ്ടതില്ല എന്ന് തോന്നുന്നു. ബപ്പി-ടുട്ടുള്‍ ടീമിന്റെ ഗാനങ്ങള്‍ ‘ഗോവിന്ദ‘യ്ക്കക്കപ്പുറം ഒന്നുമില്ല. ആഡ്‌ലാബ്‌സിന്റെ വിഷ്വല്‍ ഇഫെക്ട്സ് പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നു. അമര്‍ മൊഹിലിയുടെ പശ്ചാത്തലസംഗീതം ‘ഗോവിന്ദാ’വിളികളുടെ അതിപ്രസരത്തിലും തിളങ്ങി നില്‍കുന്നു.

സര്‍ക്കാറിന്റെ കുതിപ്പും കിതപ്പും രാം‌ഗോപാല്‍ വര്‍മ്മയാണ്. അഭിനേതാക്കളുടെ മികച്ച പ്രകടനം പുറത്തേക്കെടുക്കുന്നതിലും സിനിമ തുടങ്ങിയ രീതിയിലും അവസാനിപ്പിച്ച ഒതുക്കത്തിലും100% മാര്‍ക്ക് നേടിയ അദ്ദേഹം പോസ്റ്റ് പ്രൊഡക്ഷന്‍ വേളയില്‍ സിനിമയുടെ ഒഴുക്കിനെ കുറിച്ച് ഇത്തിരി കൂടെ ബോധവാനായിരുന്നെങ്കില്‍ ‘സര്‍ക്കാര്‍ രാജ്‘ മികച്ച ഒരു പൊളിറ്റിക്കല്‍ ത്രില്ലറായ് മാറുമായിരുന്നു.

+ തിരക്കഥ, സംഭാഷണം, കഥാസന്ദര്‍ഭങ്ങള്‍
+ സംവിധായകന്‍ - സിനിമയിലെ കഥാപാത്രങ്ങളവതരിച്ച നടീനടന്മാരുടെ അഭിനയത്തില്‍, അവരുടെ ചലനങ്ങളില്‍, ഡയലോഗ് ഡെലിവെറിയില്‍, ശരീരമാസകലം സംവിധായകമുദ്ര കാണാം.
+ അമിതാബ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രവി കാലെ തുടങ്ങി ചെറിയ വേഷങ്ങള്‍ വരെ അവതരിപ്പിച്ചവരുടെ മികച്ച അഭിനയം.
+ ക്ലൈമാക്സ്


x സംവിധായകന്‍ - മുന്‍‌കാലരാം‌ഗോപാല്‍ വര്‍മ്മ സിനിമകളില്‍ കണ്ടു മടുത്ത അവതരണശൈലി, ക്യാമറാ‍ ആംഗിളുകള്‍
x രംഗങ്ങള്‍ക്കിടയിലെ വേഗതക്കുറവ്
x അഭിനയിക്കാന്‍ കഷ്ടപ്പെടുന്ന ഐശ്വര്യ ബച്ചന്‍

x ‘ഗോവിന്ദാ’വിളിയുടെ അമിതോപയോഗം

--------------------------------------------------------------------------------------------------------------------------------------

ഷേക്സ്‌പിയര്‍ മലയാളം എം.എ: മറ്റൊരു ബഹളസിനിമ!

സംവിധാനം: ഷൈജു - ഷാജി
കഥ: രാജേഷ് കെ രാമന്‍
തിരക്കഥ, സംഭാ ഷണം: ജിജു അശോക്, ഷൈജു - ഷാജി
നിര്‍മ്മാണം: രഘുനാഥ്, നാരായണദാസ്, ശശീന്ദ്ര വര്‍മ്മ
ബാനര്‍: കമലം ഫിലിംസ്
‍അഭിനേതാക്കള്‍: ജയസൂര്യ, റോമ, രാജന്‍.പി.ദേവ്, കലാഭവന്‍ മണി തുടങ്ങിയവര്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 16 മേയ്‍‍‍, 2008
സിനിമ കണ്ടത്: 14 ജൂണ്‍‍‍, 2008 @ രാധ‌, കോഴിക്കോട്‍

ദൃശ്യന്റെ റേറ്റിംഗ്:
4.03@ 10ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് എഴുതാനായില്ല. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.

---------------------------------------------------------------------------------------------------------------------------------
ഒരു നാടകക്കമ്പനി - അതിന്റെ മുതലാളി (കലാഭവന്‍ മണി), അവാര്‍ഡ്‌ജേതാവായ നാടകക്കൃത്ത് ഷേക്‍സ്പിയര്‍ പവിത്രന്‍ (ജയസൂര്യ), പി.ജെ.ആന്റണിയുടെ സതീര്‍ത്ഥ്യനെന്ന് സ്വയം പരിചയപ്പെടുത്തുന്ന സീനിയര്‍ നടന്‍ (രാജന്‍.പി.ദേവ്), നായിക കോമളം, നായികയാവാനാഗ്രഹിച്ച് നില്‍കുന്ന സഹനടി (പൊന്നമ്മ ബാബു), സ്ത്രീമാമീപ്യം മാത്രം കാംക്ഷിച്ചു നടക്കുന്ന സഹനടന്‍ സുഗുണന്‍ (സലീം കുമാര്‍), ‘കുന്ത’വേഷങ്ങളില്‍ പ്രാവീണ്യം നേടിയ കോമഡി‌നടന്‍ (ബിജുക്കുട്ടന്‍) തുടങ്ങിയ നാടക‌കലാകാരന്മാരുടെ കഥയാണ് പുതുമുഖസംവിധായകജോഡികളണിയിച്ചൊരുക്കിയ ‘ഷേക്‍സ്പിയര്‍ എം.എ. മലയാളം’ പറയുന്നത്. തരക്കേടില്ലാത്ത ഒരു കഥയുണ്ടെങ്കിലും തമാശയ്ക്കായ് മാത്രമൊരുക്കിയ രംഗങ്ങളും ധൃതിയില്‍, അവിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ച അവസാനരംഗങ്ങളും സിനിമയുടെ മുഖ്യപ്രശ്നമാകുന്നു.

നാടകവും മറ്റു രംഗകലകളും പശ്ചാത്തലമാക്കി വന്ന ഒരു ഒരുപാട് സിനിമകള്‍ വന്ന മലയാളത്തില്‍ പ്രേക്ഷകനില്‍ പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാതെ കടന്നു പോകുന്നു - ആര്‍ത്ത് വിളികളും ഉച്ചത്തിലുള്ള സംസാരവും മണ്ടന്‍കഥാപാത്രങ്ങളും ഉണ്ടെങ്കില്‍ അത് ഹാസ്യമാണെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നവയുടെ കൂട്ടത്തിലെ പുതിയതായ - ഈ സിനിമ.

പുതുമുഖസംവിധായകര്‍ എന്ന നിലയില്‍ ഷൈജു-ഷാജി പ്രതീക്ഷയുണര്‍ത്തുന്നു. ആദ്യചിത്രം എങ്ങനെയെങ്കിലും ഒരു വിജയമാക്കണം എന്ന ചിന്തയില്‍ ഒരുപാട് കോമ്പ്രമൈസുകള്‍ ചെയ്തിട്ടാവണം ഈ സിനിമ അവര്‍ അണിയിച്ചൊരുക്കിയത്. അനില്‍ പനച്ചൂരാന്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം നല്‍കിയ ഗാനങ്ങളില്‍ ‘യവനിക ഉയരുന്നിവിടെ വിടര്‍ന്നൊരു ജീവിതനാടകരംഗം...’ തരക്കേടില്ല. അതിന്റെ ചിത്രീകരണവും നന്ന്. മറ്റുള്ള ഗാനങ്ങള്‍ പതിവിന്‍പടി തന്നെ.
ജിജു ജേക്കബിന്റെ ക്യാമറക്കണ്ണിലൂടെ വന്ന രംഗങ്ങള്‍ മനോഹരമാണ്. വി.സാജന്റെ ചിത്രസംയോജനത്തെ തിരക്കഥ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. സജിത്തിന്റെ കലാസംവിധാനം തരക്കേടില്ലെങ്കിലും ഗ്രാമത്തിലെ ‘നാടകക്യാമ്പ്’ കൃത്രിമമായ് അനുഭവപ്പെട്ടു.

മുഖ്യപാത്രങ്ങളെ അവതരിപ്പിച്ച ജയസൂര്യ-റോമ എന്നിവര്‍ സാമാന്യരീതിയില്‍ പെര്‍ഫോം ചെയ്തിരിക്കുന്നു. ‘പകുതി വെന്ത‘ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തും വണ്ണം കലാഭവന്‍ മണി അഭിനയിച്ചിട്ടുണ്ട്. സലീം കുമാര്‍, ജഗതി, കുളപ്പുള്ളി ലീല എന്നിവര്‍ പരമാവധി നമ്മെ ബോറടിപ്പിക്കുന്നു. മറ്റു കഥാപാത്രങ്ങള്‍ ഒന്നും നമ്മില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല.

+ ജിജു ജേക്കബ്ബിന്റെ ക്യാമറ


x കഥാബീജത്തില്‍ ശ്രദ്ധിക്കാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തിരക്കഥ

x ധൃതിയില്‍ അവസാനിപ്പിച്ച സിനിമയുടെ ക്ലൈമാക്സ് ചില മുന്‍‌കാലസിനിമകളെ ഓര്‍മ്മിപ്പിക്കുന്നു. സിനിമ തീര്‍ത്തു കഴിഞ്ഞാല്‍ ‘എന്താപ്പാ സംഭവിച്ചത്?’ എന്ന് നമ്മള്‍ അന്തം വിടും!
x സലീം കുമാര്‍, ജഗതി തുടങ്ങിയവരുടെ സഹിക്കാനാവാത്ത ഹാസ്യ(?)രംഗങ്ങള്‍
--------------------------------------------------------------------------------------------------------------------------------------