നിര്‍മ്മാണം: സന്തോഷ് ദാമോദര്‍, ദാമര്‍ സിനിമ
അഭിനേതാക്കള്‍: മോഹന്‍ലാല്‍, സിദ്ദിക്ക്, ബിജു മേനോന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 8, ഒക്ടോബര്, 2008
സിനിമ കണ്ടത്: 10, ഒക്ടോബര്‍, 2008 @ കൈരളി, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.23 @ 10
കീര്‍ത്തിചക്രയ്ക്കും മിഷന്‍ 90 ഡേയ്സിനും ശേഷം മേജര്‍ രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കുരുക്ഷേത്ര. ‘മാടമ്പി’ എന്ന ഹിറ്റായ പാഴ്‌സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച ഈ യുദ്ധസിനിമ നിര്‍മ്മിക്കാന്‍ ആര്‍ജ്ജവം കാണിച്ചിരിക്കുന്നത് സന്തോഷ് ദാമോദര്‍. പക്ഷെ യുദ്ധസിനിമ എന്ന് നിലയില്‍ കുരുക്ഷേത്ര ഒരു പരാജയമാണ്. മാധ്യമങ്ങളില്‍ നിന്നും നാം കേട്ടറിഞ്ഞതില്‍ നിന്നും കൂടുതലൊന്നും തരുന്നില്ല എന്ന് മാത്രമല്ല സമീപകാലരാഷ്ട്രീയ-സാമൂഹ്യസാഹചര്യങ്ങള്‍ കണക്കിലെക്കുമ്പോള്‍ അനവസരത്തിലാണോ ഈ സിനിമ എന്നും ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യന്‍യുദ്ധചരിത്രത്തിലെ ഒരു പ്രധാനഏട് ചലച്ചിത്രമാക്കി എന്നതില്‍ കവിഞ്ഞ് പുതിയതൊന്നും നല്‍കാനില്ലെങ്കിലും മലയാളസിനിമ എന്ന നിലയില്‍ നോക്കിയാന്‍ ധീരമായൊരു നല്ല സംരംഭമാണ് ഈ സിനിമ.
പാക്കിസ്ഥാന്‍ സൈന്യം/നുഴഞ്ഞ്കയറ്റക്കാര്‍ പിടിച്ചെടുത്ത കാര്‍ഗില്‍ പ്രവിശ്യയിലെ ഇന്ത്യന്‍ പോയിന്റുകള്‍ തിരികെപിടിക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമമാണ് ഈ സിനിമയുടെ പ്രതിപാദ്യ വിഷയം. ശവപ്പെട്ടികോഴയും മുന്‍യുദ്ധങ്ങളില്‍ നാം ചെയ്ത ‘തലകുനിക്കലുകളും’ സൈനികരോട് ഇന്ത്യന്‍ജനതയും ബ്യൂറോക്രാറ്റുകളും കാണിക്കുന്ന അവഗണനയുമെല്ലാം ഉപരിപ്ലവമായ ചര്‍ച്ചയ്ക്ക് വിധേയമാകുന്നുണ്ട്.
കേണല്‍/മേജര്‍ മഹാദേവനായ് മോഹന്‍ലാല്‍ തരക്കേടില്ല എന്ന് പറയാം. കീര്‍ത്തിചക്രയിലേതിലും ക്ഷീണിതനായാണ് ഈ പട്ടാളക്കാരന്‍ ഇതില്‍ കാണപ്പെടുന്നുന്നത്. വീറും ആവേശവും ആവശ്യപ്പെടുന്ന മോട്ടിവേഷന്‍ ഡയലോഗുകള്‍ വളരെ ലാഘവത്തോടെ പറയുന്ന പോലെ തോന്നി. വേണമെന്ന് വെച്ചിട്ടാണോ മോഹന്‍ലാലിന്റെ ഹിന്ദി ഉച്ചാരണം ഇത്ര മോശമാക്കിയത്. അല്ലെങ്കില്‍, ഡബ്ബിങ് വേളയില്‍ ഇത്തിരി കൂടെ ശ്രദ്ധ ആവാമായിരുന്നു.
ബിജു മേനോന്‍, സിദ്ദിക്ക്, മണിക്കുട്ടന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ വമ്പന്‍ താരനിരയില്‍ ആരും തന്നെ എടുത്ത് പറയതക്കതായ പ്രകടനമൊന്നും നടത്തിയിട്ടില്ല. സുറാജ് വെഞ്ഞാറമൂട് മിമിക്രി ഡയലോഗുകള്‍ ഒന്നും അടിച്ചില്ല എന്നത് ആശ്വാസകരം! വര്‍ഷങ്ങളുടെ സ്വപ്നമായിരുന്ന പുതിയ വീട്ടിലേക്ക് മൃതദേഹമായ് മടങ്ങേണ്ടി വന്ന പട്ടാളക്കാരന്റെ രംഗങ്ങള്‍ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. സിനിമയുടെ അവസാനം തങ്ങി നില്‍കുന്ന ഒരേ ഒരു രംഗം ഒരുപക്ഷെ അതായിരിക്കും.
ലോകനാഥന്റെ ക്യാമറ പരിസരങ്ങളും യുദ്ധരംഗങ്ങളും പകര്‍ത്തുക എന്ന പ്രാഥമികകര്‍മ്മത്തിനപ്പുറത്തേക്ക് നീങ്ങുന്നില്ല. ജയശങ്കറിന്റെ ചിത്രസംയോജനം കുറച്ച് കൂടെ വേഗത ആവശ്യപ്പെടുന്നു. കഥ ആവശ്യപ്പെടുന്ന പരിസരങ്ങളൊരുക്കാന്‍ സാബു റാമിന്റെ കലാസംവിധാനത്തിനായിട്ടുണ്ട്. സംഘട്ടനങ്ങള്‍ക്ക് ഒരുപാട് സാദ്ധ്യതകളുള്ള സിനിമയാണല്ലോ ഇത്. മലയാളസിനിമയുടെ പരിമിതമായ ബഡ്‌ജറ്റില്‍ നിന്ന് കൊണ്ട് മനോഹരമായ് സംഘട്ടനവിഭാഗം അത് നിര്‍വ്വഹിച്ചിട്ടുണ്ട്.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കോ സിദ്ദാര്‍ത്ഥിന്റെ സംഗീതത്തിനോ പുതുമയേതുമില്ല. ബോംബെ.എസ്.കമാല്‍ എഴുതിയ ‘ചലോ ചലോ ജവാന്‍’ എന്ന ഗാനം തികച്ചും സാധാരണമാണ്. ഈ സിനിമ കാണുമ്പോഴും ‘ഖുദാ സേ മന്നത് ഹേ മേരി’ എന്ന ‘കീര്‍ത്തിചക്ര’യിലെ ഗാനമാണ് നമ്മുടെ മനസ്സിലേക്കോടി വരിക. ‘ഒരു യാത്രാമൊഴിയോടെ’ എന്ന ഗാനം എം.ജി.ശ്രീകുമാറിന്റെ ആലാപനത്താല്‍ ശ്രദ്ധേയമാണ്.
സംവിധായകന്‍ എന്ന നിലയില്‍ മേജര്‍ രവി യുദ്ധസിനിമയുടെ സ്പെഷ്യലിസ്റ്റായി മാറിയിരിക്കുന്നു. താന്‍ കണ്ട രംഗങ്ങള്‍ അതേ ആര്‍ജ്ജവത്തോടെ അഭ്രപാളികയിലേക്ക് പകര്‍ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. തന്ത്രപ്രധാനമായ മീറ്റിംഗില്‍ മേജര്‍ മലയാളികളല്ലാത്ത സീനിയേഴ്സിനോട് മലയാളം സംസാരിക്കുന്നതും അവര്‍ അത് കേട്ട് തലയാട്ടുന്നതും, പട്ടാളക്യാമ്പിലെ ഭൂരിഭാഗം മലയാളിയും തമിഴനും മാത്രമാകുന്നതുമെല്ലാം കല്ലുകടിയാവുന്നെങ്കിലും സിനിമ കാണു സാധാരണക്കാരനോടുള്ള പരിഗണനയായ് കരുതി അതിനെ അവഗണിക്കാം. സിനിമ എന്ന മാധ്യമം ഒരു സംവിധായകനോട് ആവശ്യപ്പെടുന്ന ഒരു പാട് കാര്യങ്ങളില്‍ മുഖ്യം ‘പറയാനുള്ളത് പ്രേക്ഷകനിലേക്ക് ഫലപ്രദമായ് എത്തിക്കുക‘ എന്നതാണ്. കഥാസന്ദര്‍ഭങ്ങളും തിരക്കഥയും മറ്റു സാങ്കേതികവശങ്ങളും അതിനുള്ള ഉപകരണങ്ങളാണ്. അവ ശരിക്കും വിനിയോഗിക്കാന്‍ തിരക്കഥാക്കൃത്ത് കൂടിയായ സംവിധായകന് കഴിഞ്ഞോ എന്ന് സംശയമാണ്.കഥാപാത്രങ്ങളായ് ഒരു കഥാക്കൃത്ത് മാറുന്നത് പോലെ സംവിധായകന്‍ മാറിയാല്‍ സിനിമയില്‍ എന്തൊക്കെ നഷ്ടമാകാമോ അതെല്ലാമാണ് കുരുക്ഷേത്രത്തിന്റെ ന്യൂനതകള്‍. മഹാദേവനില്‍ നങ്കൂരമിട്ട് കൊണ്ട് ‘സിനിമ പറഞ്ഞ‘പ്പോള്‍ നഷ്ടപ്പെട്ടത് ഒരു യുദ്ധസിനിമ ആവശ്യപ്പെടുന്ന ഊര്‍ജ്ജവും മുറുക്കവും ഭീതിയും അശാന്തതയുമാണ്. കീര്‍ത്തിചക്രയ്ക്കും കുരുക്ഷേത്രയ്ക്കുമിടയില്‍ നഷ്ടപ്പെട്ടതും അതാണ്.
+ ദൈര്‍ഘ്യം. രണ്ട് മണിക്കൂര്‍ മാത്രമേ ഉള്ളൂ എന്നത് കൊണ്ട് സിനിമ കൂടുതല്‍ അനുഭവേദ്യമാകുന്നു.
x ഒരു യുദ്ധസിനിമ ആവശ്യപ്പെടുന്ന ഊര്‍ജ്ജവും മുറുക്കവും ‘കുരുക്ഷേത്ര‘യ്ക്കില്ല
x പട്ടാളക്കാരന്റെ പ്രശ്നങ്ങളുടെ കണ്ട് പഴകിയ അവതരണം
x ക്ഷീണിതനായ മോഹന്‍ലാല്‍
--------------------------------------------------------------------------------------------------------------------------------------