
ആശയം, സംവിധാനം: രാജീവ്നാഥ്
നിര്‍മ്മാണം: ഛായ ഫിലിംസ്
അഭിനേതാക്കള്‍: മോഹന്‍ലാല്‍, അനൂപ് മേനോന്‍, സുരേഷ് ഗോപി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 29 നവംബര്‍, 2008
സിനിമ കണ്ടത്: 21 ഡിസംബര്‍, 2008 @ സംഗീത, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 5.60@ 10
ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ മരിച്ചു പോയവരാണ് കൂടുതലെങ്കില്‍ ഈ ഭൂമി ആരുടേതാണ് - ജീവിച്ചിരിക്കുന്നരുടേതോ അതോ മരിച്ചവരുടേയോ? നമുക്കിടയില്‍ അദൃശ്യമായ് പുലരുന്ന മരിച്ചവരും മറ്റുള്ളവരുടെ പ്രതിഭയ്ക്ക് മുന്നില്‍ നിറം മങ്ങിയ കഴിവുകള്‍ക്കുടമകളും പ്രകാശനക്ഷത്രങ്ങളെ പോലെയാണ്. സൂര്യപ്രകാശത്തില്‍ അദൃശ്യമായ് നില്‍ക്കുന്ന പകല്‍നക്ഷത്രങ്ങള്‍. കണ്‍മുന്‍പിലുണ്ടെങ്കിലും നമുക്ക് കാണാനാകാത്ത, നാം കാണാതെ പോയ അത്തരം ചില പകല്‍നക്ഷത്രങ്ങളുടെ കഥയാണ് രവീന്ദ്രനാഥിന്റെ ആശയത്തിന് അനൂപ്‌മേനോന്‍ തിരനാടകം രചിച്ച് രാജീവ്നാഥ് സംവിധാനം നിര്‍വഹിച്ച ‘പകല്‍നക്ഷത്രങ്ങള്‍‘.
അഭിനയം, സാങ്കേതികം:
പത്മരാജന്റെ ശരീരഭാഷയുള്ള (അനൂപ് തന്നെ ഒരു പത്രസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞതായ് വായിച്ചു) മുഖ്യകഥാപാത്രമായ് മോഹന്‍ലാല്‍ നന്നായിട്ടുണ്ട്. സിദ്ധാര്‍ത്ഥന്റെ വേഷവിധാനങ്ങള്‍ക്കും ഭാവങ്ങളും ശാരീരികചലനങ്ങളും പക്വമായ് ചെയ്തിരിക്കുന്നു. കുറേ കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ കഥാപാത്രമായ് മാറിയതായ് അനുഭവപ്പെടുന്നത്. എന്നിരുന്നാലും അതിനാടകീയമായ് തോന്നുന്ന ഒരഭിനയശൈലി ചില രംഗങ്ങളെ മോശമാക്കിയിട്ടുണ്ട്. സിദ്ധന്റെ ആത്മാവായ് മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ നാമിരിക്കുന്നത് ഒരു നാടകശാലയിലാണെന്ന് തോന്നി പോവും. പക്ഷെ അത് ഒരിഭിനേതാവിനേക്കാളേറെ സംവിധായകന്റെ പരിമിതിയായാണ് കരുതാവുന്നത്.
ആദിയായ് വരുന്ന അനൂപിന് കഥാപാത്രത്തിനോടൊപ്പം സഞ്ചരിക്കുക എന്നതില്‍ കവിഞ്ഞ് ചെയ്യാന്‍ ഒന്നും തന്നെയില്ല, ചെയ്തിട്ടുമില്ല. എന്തെങ്കിലും ചെയ്യാനുള്ള സന്ദര്‍ഭങ്ങളില്‍ അനൂപ് പരാജയപ്പെടുന്നതായും കാണാം. തിരക്കഥയും പകല്‍ നക്ഷത്രങ്ങളും വെച്ച് അവലോകനം ചെയ്താല്‍ വികാരഭരിതമായ സന്ദര്‍ഭങ്ങളിലെ മിതാഭിനയം ഈ നടന്‍ പരിശീലിക്കേണ്ടിയിരിക്കുന്നു എന്ന് പറയാം.
ഡോ: വൈദ്യനാഥന്‍ എന്ന എക്സെണ്‍ട്രിക്ക് കഥാപാത്രമാവാന്‍ സുരേഷ്‌ഗോപി വല്ലാതെ തത്രപ്പെടുന്നതായ് തോന്നി. പാത്രാവതരണം കൃത്രിമത്വം നിറഞ്ഞതും അതിഭാവുകത്വം നിറഞ്ഞതുമായ് അനുഭവപ്പെട്ടു.
റീന ബഷീറിന്റെ കഥാപാത്രം യാഥാസ്ഥിതികമലയാളകഥാപാത്രശ്രേണിയില്‍ പെടാത്തതാണ്. അവരുടെ കണ്ണുകള്‍ക്കും ചിരിക്കും ഒരു നിഗൂഢതയുണ്ട്. അത് ഈ കഥാപാത്രവുമായ് ചേര്‍ന്ന് പോവുന്നു. പക്ഷെ ഡബ്ബിംഗ് ഇനിയും മെച്ചപ്പെടാനുണ്ട്. സിദ്ധനും ഈ കഥാപാത്രവും അവരുടെ പരിസരങ്ങളും എവിടെയൊക്കേയോ നമ്മെ ‘ഒരേ കടലി‘നെ ഓര്‍മ്മിപ്പിക്കുന്നു.
സിനിമയിലുടനീളം മുഖം മറഞ്ഞ് നില്‍കുന്ന സിദ്ധാര്‍ഥന്റെ ഭാര്യ, മഞ്ഞപത്രപ്രവര്‍ത്തകന് (പൂജപ്പുര രാധാക്കൃഷ്ണന്‍) തുടങ്ങി മറ്റനേകം കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. ആരും തന്നെ തങ്ങളുടെ റോളുകള്‍ മോശമാക്കിയിട്ടില്ല. ജയരാജ് വാര്യരുടെ ‘മോഹന്‍ലാല്‍ മിമിക്രി’ അനാവശ്യവും അരോചകവുമായ് അനുഭവപ്പെട്ടു. രാമചന്ദ്രബാബുവിന്റെ ക്യാമറയും സാബുറാമിന്റെ കലയും കെ.ശ്രീനിവാസന്റെ എഡിറ്റിംഗും സായിബാബുവിന്റെ വസ്ത്രാലങ്കാരവും സിനിമയുടെ മനസ്സറിഞ്ഞ് സഞ്ചരിച്ചിരിക്കുന്നു. ഡാഫോഡില്‍സ് എന്ന ഓര്‍മ്മകളുറങ്ങുന്ന പഴയ കെട്ടിടത്തിന്റെ പരിസരത്തിലാണ് സിനിമയുടേ മിക്ക രംഗങ്ങളും അരങ്ങേറുന്നതെങ്കിലും ലൊക്കേഷന്റെ ഈ ആവര്‍ത്തനം തെല്ലും വിരസമല്ല എന്നത് പരാമര്‍ശനീയമാണ്. സിനിമയ്ക്ക് വേണ്ടി അല്ലാതെ സൃഷ്ടിച്ചത് കൊണ്ടാണോ എന്നറിയില്ല, ഈ സിനിമയിലെ ഒരേയൊരു ഗാനമായ “പകരുക നീ..” ഷഹബാസ് അമാന്റെ സംഗീത്താലാലും രഞ്ജിത്തിന്റെ വരികളാലും ശ്രദ്ധേയമാണ്.
17 ദിവസം കൊണ്ട് ചിത്രാകരിച്ച ഈ സിനിമയുടെ തിരക്കഥയുടെ ഭൂരിഭാഗവും ചിത്രീകരണത്തിനിടയില്‍ എഴുതിയതാണെന്ന് എവിടെയോ വായിച്ചതായ് ഓര്‍ക്കുന്നു. അത് സത്യമാണ് എന്ന് തോന്നിപ്പിക്കുന്നതാണ് കാഴ്ചാനുഭവം. പ്രേക്ഷകന്റെ ശ്രദ്ധ സിനിമയില്‍ നിന്നകന്ന് പോകാത്ത രീതിയിലുള്ള ഒഴുക്ക് തിരക്കഥയ്ക്കില്ല. ഇടയ്ക്കിടെ മുന്‍പ് കണ്ട രംഗം പോലെ അല്ലേ ഇതും എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളും, ഇത് തന്നെയല്ലെ മുന്‍പ് പറഞ്ഞത് എന്ന് തോന്നിപ്പിക്കുന്ന സംഭാഷണങ്ങളും തിരക്കഥയുടെ ബലഹീനതകളാകുന്നു. സിനിമയുടെ ക്ലൈമാക്സ് ഊഹങ്ങള്‍ക്കപ്പുറമെങ്കിലും അത് നല്ലൊരു സിനിമാനുഭവമാക്കുന്നതില്‍ സംവിധായകനും തിരക്കഥാക്കൃത്തും പരാജയപ്പെട്ടിരിക്കുന്നു. ഇതിലും സമര്‍പ്പണം ആവശ്യപ്പെടുന്ന ഒരു പ്രമേയമാണ് സിനിമയുടേത്. എങ്കിലും വ്യത്യസ്തമായ ഒരു പാറ്റേണ്‍ തിരക്കഥയ്ക്കായ് തിരഞ്ഞെടുത്തതിന് അനൂപ് മേനോന്‍ അഭിനന്ദനങ്ങളര്‍ഹിക്കുന്നു. ഇദ്ദേഹത്തിന്റെ ആദ്യ മുഴുനീളചലച്ചിത്രതിരക്കഥയാണ് ഇത് എന്നത് കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്നു.
പകല്‍നക്ഷത്രങ്ങളുടെ ഏറ്റവും വലിയ ബലഹീനത രാജീവ്നാഥാണ്. ജനനി, അഹം തുടങ്ങിയ മുന്‍കാലചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശ്രദ്ധയും പഠനവും തയ്യാറെടുപ്പുകളും വേണ്ടിയിരുന്ന ഈ സ്വന്തം ആശയം അദ്ദേഹം സാക്ഷാത്കരിക്കാന്‍ ആഗ്രഹിച്ചത് ഈ വിധമായിരിക്കയില്ല.

വാല്‍ക്കഷ്ണം: ‘അതിസുന്ദരമീ മരണം‘ എന്ന ഒറ്റകഥമാത്രമെഴുതിയ ഉത്തമന്‍ എന്ന മരണപ്രണയിതാവിനെ അവതരിപ്പിച്ച നടനും അയാളുടെ കഥാപാത്രം മുന്നോട്ട് വെച്ച ചിന്തയുമാണ് കഥയുടെ കാതല്‍ എന്ന് പറയാം. ആദ്യാവസാനം മരണം സിനിമയുടെ കൂടെയുണ്ട്. ഒരു കഥാപാത്രത്തിന്റെ മരണമന്വേഷിച്ച് കൊണ്ടുള്ള യാത്രയായത് കൊണ്ട് മാത്രമല്ല അത്. മരണം, മരണത്തിന്റെ നഷ്ടം, മരണത്തിന്റെ കാല്പനികത എന്നിവയെല്ലാം വ്യംഗ്യമായ് ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. സമീപമലയാളസിനിമയിലെ വ്യത്യസ്തചലച്ചിത്രാനുഭവമായ് പകല്‍നക്ഷത്രങ്ങളെ മാറ്റുന്നതും വഴിതെറ്റിസഞ്ചരിക്കുന്ന ഈ സമീപനം തന്നെ.

+ രസമുള്ള കഥാപാത്രങ്ങള്‍
+ ക്ലൈമാക്സിലെ സസ്പെന്‍സ്
+ പുതുമയാര്‍ന്ന കഥ, അവതരണം

x സംവിധാനം
x കൂടുതല്‍ പഠനമര്‍ഹിക്കുന്ന വിഷയം
--------------------------------------------------------------------------------------------------------------------------------------