സംഭാഷണം: സി.പി.നാരായണ്‍, ആര്‍.സുബ്രമണ്യന്‍
നിര്‍മ്മാണം: പ്രകാശ്‌രാജ്, ഡ്യൂയറ്റ് ഫിലിംസ്
അഭിനേതാക്കള്‍: പ്രകാശ്‌രാജ്, തൃഷ, ഐശ്വര്യ, ഗണേശ് വെങ്കട്ടരാം, പൃഥ്വിരാജ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 19 ഡിസംബര്‍, 2008
സിനിമ കണ്ടത്: 01 ജനുവരി, 2009 4:30 PM @ ലാവണ്യ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 7.55@ 10
രാധാമോഹന്‍ എന്ന സംവിധായകന്റെ മുന്‍ചിത്രമായ ‘മൊഴി‘ തമിഴ്‌സിനിമയ്ക്ക് ഒരു പുതുഅനുഭവമായിരുന്നു. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും വേറിട്ട് നിന്ന ‘മൊഴി’ക്ക് ശേഷം പ്രകാശ്‌രാജ്-രാധാമോഹന്‍ ടീം അണിയിച്ചൊരുക്കിയ ‘അഭിയും ഞാനും’ ഈ സംവിധായകനില്‍ നമുക്കുണ്ടായിരുന്ന പ്രതീക്ഷയും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നു. മകളുടെ ജനനം മുതല്‍ കല്യാണം വരെയുള്ള ഒരു അച്ഛന്റെ ആകുലതകള്‍ സരസമായ് ആവിഷ്കരിച്ചിരിക്കുന്നു മികച്ച വിജയമായ് കൊണ്ടിരിക്കുന്ന ഈ കൊച്ചുസിനിമ.
കഥാസംഗ്രഹം:
കൂനൂറിലെ മഞ്ഞണിഞ്ഞ ഒരു പ്രഭാതത്തില്‍ എസ്റ്റേറ്റ് ഉടമയായ രഘുരാമന്‍ (പ്രകാശ്‌രാജ്) ജോഗിങിനിറങ്ങുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. പാര്‍ക്കില്‍ മകളുമായ് കളിക്കാന്‍ വന്ന സുധാകറുമായ് (പൃഥ്വിരാജ്) തുടങ്ങുന്ന ഒരു സൌഹൃദസംഭാഷണം രഘുവിനേയും അയാളുടേ ചുറ്റുമുള്ളവരേയും നമുക്ക് പതിയെ പരിചയപ്പെടുത്തുന്നു. അഭിയുടെ വളര്‍ച്ചയോടൊപ്പം കൊച്ച് കൊച്ച് സംഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് സിനിമയും പതിയെ വികസിക്കുന്നു.
അഭിനയം, സാങ്കേതികം:
ഒരച്ഛന്റെ മകളെ കുറിച്ചുള്ള പ്രതീക്ഷകളും മാനസികപിരിമുറുക്കങ്ങളും നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നൊമ്പരപ്പെടുത്തിയും അനുഭവിപ്പിച്ച പ്രകാശ്‌രാജിന് അവകാശപ്പെട്ടതാണ് അഭിയും ഞാനും. തുടക്കം മുതല്‍ ഒടുക്കം മുതല്‍ കൌതുകമുണര്‍ത്തുന്ന രൂപാന്തരത്തോടെ അഭിയുടെ അച്ഛനായ് ജീവിച്ചിരിക്കുന്നു അദ്ദേഹം.
പ്രകാശ്‌രാജ് കഴിഞ്ഞാല്‍ ഈ സിനിമയില്‍ നമ്മെ അത്‌ഭുതപ്പെടുത്തുന്നത് രവിയായ് അഭിനയിച്ച നടനാണ്. പേരില്ലാത്ത ഒരു പിച്ചക്കാരനായ് വന്ന് ആ കുടുംബത്തിലെ എല്ലാമെല്ലമായ് രവി (അഥവാ രവി ശാസ്ത്രി) മാറുന്നത് നാം കണ്ണീര്‍ കലര്‍ന്ന ആനന്ദത്തോടെയാണ് അറിയുന്നത്. രവി ആദ്യമായൊരു ഹോട്ടലില്‍ കയറുന്ന രംഗം, പിക്‍നിക്കിനിടെ രഘുരാമനേയും അനുവിനേയും അഭിയേയും പറ്റി പാടുന്ന രംഗം, അഭിയുടെ കല്യാണറിസപ്‌ഷനിടയില്‍ നാലുവരി പാടുന്ന രംഗം എന്നിവ കാണിയുടെ മനസ്സില്‍ നിന്ന് പെട്ടെന്നൊന്നും മാഞ്ഞു പോകില്ല.
അഭി എന്ന കഥാപാത്രം തൃഷയ്ക്ക് ഒരനുഗ്രഹമാണ്. അഭിനയം ആവശ്യപ്പെടാത്ത സ്ഥിരം തമിഴ്‌നായികാകഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന അഭിയ്ക്ക് ആവശ്യപ്പെടുന്ന മിതാഭിനയം തൃഷ കാഴ്ചവെയ്കുന്നു. അതിനപ്പുറം അഭി ഒന്നും ആവശ്യപ്പെടുന്നുമില്ല.
ഐശ്വര്യക്കും അഭിയുടെ അമ്മ അനുവിന്റെ കഥാപാത്രം ഒരു മാറ്റമാണ്. മിക്ക രംഗങ്ങളിലും പ്രകാശ്‌രാജിന്റെ കൂടെ കിട നിന്ന് കൊണ്ട് അഭിനയിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. അഭിയുടെ വിവാഹത്തിന് രണ്ടു നാള്‍ മുന്‍പ് മകളുടെ വിരഹം രഘു എങ്ങനെ സഹിക്കുമെന്നോര്‍ത്ത് വിഷണ്ണയായിരിക്കുന്ന അനുവും രഘുവുമായുള്ള രംഗം ഇതിനൊരുദാഹരണമാണ്.
അച്ഛനും മകള്‍ക്കുമിടയില്‍ വന്ന ജോഗീന്ദര്‍ സിങ് (ഗണേശ് വെങ്കട്ടരാം) നോട് ആദ്യം ദേഷ്യം തോന്നുമെങ്കിലും സിനിമ പുരോഗമിക്കവേ വല്ലാത്തൊരു ഇഷ്ടം നമുക്ക് തോന്നും. കഥാപാത്രത്തിന്റെ മച്യൂരിറ്റി തന്റെ ഭാവങ്ങളില്‍ പകരാന്‍ ഗണേശിന് കഴിഞ്ഞിട്ടുണ്ട്.
ദാമു (തലൈവാസല്‍ വിജയ്) തുടങ്ങിയ മറ്റു കഥാപാത്രങ്ങളുമുണ്ട് സിനിമയില്‍. ബഹളങ്ങളോ പ്രണയചേഷ്ടകളോ ഒന്നുമില്ലാത്ത ഈ കുടുംബചിത്രം ഇത്രയധികം ഹൃദ്യമായ് മാറ്റിയതില്‍ അവര്‍ക്കുമുണ്ട് ചെറുതല്ലാത്ത ഒരു പങ്ക്.
ഊട്ടി-മൂന്നാര്‍ പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കുന്നതില്‍ പ്രീതയുടെ ഛായാഗ്രഹണകല വിജയിച്ചിരിക്കുന്നു. കാശി വിശ്വനാഥന്റെ എഡിറ്റിംഗിന് പുതുമയൊന്നുമില്ല, സിനിമ അത് ആവശ്യപ്പെടുന്നുമില്ല.കഥാപാത്രങ്ങളുടെ മനസ്സറിഞ്ഞ വൈരമുത്തുവിന്റെ വരികള്‍ സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു. പിക്‍നിക്കിനിടെ രവി പാടുന്ന ‘ഒരേ ഒരു ഊരിലെ...” എന്ന ഗാനത്തിന്റെ വരികള്‍ ശ്ലാഘനീയമാണ്. വിദ്യാസാഗറിന്റെ സംഗീതം സന്ദര്‍ഭോചിതമാണ്.
ഒറ്റവരിയില്‍ പറയാവുന്ന ഒരു കഥ വ്യത്യസ്തമായ് കണ്‍സീവ് ചെയ്ത സംവിധായകനും കഥപറയാനുള്ള സംവിധായകന്റെ കഴിവില്‍ വിശ്വസിച്ച് പണം മുടക്കാന്‍ തയ്യാറായ നിര്‍മ്മാതാവും കറകളഞ്ഞ അഭിനന്ദനങ്ങളര്‍ഹിക്കുന്നു.
വാല്‍ക്കഷ്ണം:
‘അഭിയും ഞാനും‘ ഒരുപക്ഷെ കേരളത്തിലെ തിയേറ്ററുകള്‍ കാണില്ലായിരിക്കാം. കാണാന്‍ കഴിയുന്ന സന്ദര്‍ഭം ‘സ്റ്റാര്‍ വാല്യൂ’ ഇല്ലാത്ത കാരണത്താല്‍ ഉപേക്ഷിക്കുന്ന മലയാളിപ്രേക്ഷകനോട് ദൃശ്യന് പറയാനുള്ളത് ഇത്രമാത്രം - നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല! :-)
+ പ്രകാശ്‌രാജ്
+ സരസമായ അവതരണം
+ പാട്ടിന്റെ വരികളിലെ കവിത
+ സ്വാഭാവികമായ കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
x ചുരുക്കം ചില രംഗങ്ങളില്‍ ആവശ്യമില്ലാതെ കടന്നു വരുന്ന മെലോഡ്രാമ
+ പാട്ടിന്റെ വരികളിലെ കവിത
+ സ്വാഭാവികമായ കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
x ചുരുക്കം ചില രംഗങ്ങളില്‍ ആവശ്യമില്ലാതെ കടന്നു വരുന്ന മെലോഡ്രാമ
x സിനിമയുടെ മധ്യത്തിലെ വേഗത കുറഞ്ഞ രംഗങ്ങള്‍
---------------------------------------------------------------------------------------------------------------------