Thursday, February 12, 2009

നാന്‍ കടവുള്‍: അപ്രിയകാഴ്ചകള്‍, അപ്രിയസത്യങ്ങള്‍

കഥ, തിരക്കഥ, സംവിധാനം: ബാല
സംഭാ ഷണം: ജെയ്‌മോഹന്‍
‍നിര്‍മ്മാണം:
ശിവശ്രീ ശ്രീനിവാസന്‍, സായ്‌മിറ തിയേറ്റര്‍‌സ്
‍അഭിനേതാക്കള്‍: ബാല, പൂജ, രാജേന്ദ്രന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി:
6 ഫെബ്രുവരി, 2009
സിനിമ കണ്ടത്: 9 ഫെബ്രുവരി, 2009 @ ലാവണ്യ, ബാംഗ്ലൂര്‍

ദൃശ്യന്റെ റേറ്റിംഗ്: 6.06 @ 10


കലയും കച്ചവടവും സമന്വയിപ്പിച്ചുള്ള തമിഴ് സിനിമയുടെ യാത്രയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കൂറ്റന്‍ സെറ്റുകളിലും ബഹുവര്‍ണ്ണവസ്ത്രങ്ങളിലും അമിതാഭിനയത്തിലും മുങ്ങി സഹൃദയന് കല്ലുകടിയായിരുന്ന 60കളിലെ തമിഴ് സിനിമ, 70കളുടെ പ്രദോഷത്തില്‍ കലാപരമായ് ഉയിര്‍ത്തെഴുന്നേറ്റു. കെ.ബാലചന്ദര്‍, ഭാരതി രാജ, ബാലു മഹേന്ദ്ര തുടങ്ങിയ ക്രാഫ്റ്റ്‌മാസ്റ്റര്‍മാര്‍ തുടങ്ങി വെച്ച ആ പ്രസ്ഥാനം 90കളില്‍ വീണ്ടും തകരുന്നത് കണ്ടപ്പോള്‍ ഏവരും പുച്ഛരസത്തോടെ പറഞ്ഞു - പാണ്ടി എന്നും പാണ്ടി തന്നെ! മികച്ച ഇന്ത്യന്‍സിനിമകളുടെ ഫാക്ടറിയായ് ലോകം ഉറ്റു നോക്കിയിരുന്ന മലയാളസിനിമ തങ്ങളുടെ സ്ഥാനം സുരക്ഷിതമായതില്‍ ഒന്നാശ്വസിച്ചു വീണ്ടും ഒരു വ്യാഴവട്ടത്തിന് ശേഷം കാറ്റു മാറി വീശി ത്തുടങ്ങി - ചേരന്‍, ബാല, സൂര്യ, ഗൌതം മേനോന്‍, അമീര്‍, മിസ്കിന്‍ തുടങ്ങിയ യുവസംവിധായകനിരയും അവര്‍ക്ക് സര്‍വ്വവിധപിന്തുണയുമായ് ഒരു പറ്റം നിര്‍മ്മാതാക്കളും ടെക്നീഷ്യന്മാരും വന്നതോടെ ഏതു തരം സിനിമയും സാക്ഷാത്കരിക്കാവുന്ന, നൂറു മേനി കൊയ്യാവുന്ന മികച്ച ഒരു വിളഭൂമിയായ് മാറി തമിഴകം. വെയില്‍, സിത്തിരം പേശുതെടി, മൊഴി, പരുത്തിവീരന്‍, മൃഗം, അഞ്ചാതെ തുടങ്ങി കഴിഞ്ഞ ഒരു പിടി മികച്ച ചിത്രങ്ങള്‍ക്ക് (ഇവയെല്ലാം സാമ്പത്തികവിജയങ്ങളുമായിരുന്നു) പിറകെ അടുത്ത് പുറത്തിറങ്ങിയ സര്‍പ്രൈസ്‌ പാക്കേജുകളായിരുന്നു സരോജയും സുബ്രഹ്മണ്യപുരവും. രണ്ട് മൂന്നു വരികളില്‍ പറഞ്ഞാല്‍ ഒരു പുതുമയും തോന്നാത്ത ഈ സിനിമകള്‍ ചര്‍ച്ചാവിഷയങ്ങളാകുന്നത് അവയുടെ കഥയിലുള്ള പുതുമ കൊണ്ടല്ല, മറിച്ച് കഥ പറയുന്നതിലെ വ്യത്യസ്തത കൊണ്ടാണ്. ഇവിടെ പൊളിച്ചെഴുതപ്പെടുന്നത് വ്യവസ്ഥാപിതങ്ങളായ നായക-പ്രണയ-പ്രേക്ഷക-അവതരണ സങ്കല്പങ്ങളാണ്. അത് സാധ്യമാക്കിയതോ, തന്റെ ലക്ഷ്യത്തിലും മാര്‍ഗ്ഗത്തിലും പൂര്‍ണ്ണവിശ്വാസമുള്ള ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത സംവിധായകമനസ്സുകളും. ഇവിടെ എടുത്ത് പറയേണ്ട ഒരു കാര്യം ഈ രണ്ടു ചിത്രങ്ങളുടേയും സംവിധായകര്‍ തന്നെയാണ് രചയിതാക്കളും എന്നതാണ്. നിരൂപണപ്രശംസപിടിച്ച് പറ്റിയ ഇവയെല്ലാം തമിഴ്‌നാടിനോടൊപ്പം കേരളത്തിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചത് കേരളത്തിലെ മുഖ്യധാരാസിനിമാപ്രവര്‍ത്തകര്‍ക്ക് ശരിക്കും ഒരു സര്‍പ്രൈസായിരുന്നു. മലയാളികള്‍ നല്ല സിനിമയ്ക്ക് എതിരല്ല എന്നതിന് തെളിവാണ് ഇത്തരം വിജയങ്ങള്‍. പക്ഷെ ‘മുറ്റത്തെ മുല്ലക്ക്’ മണമില്ല’ എന്ന പഴഞ്ചൊല്ലില്‍ ഇന്നും അവര്‍ വൃഥാ വിശ്വസിക്കുന്നത് കൊണ്ടാവണം ഗുല്‍മോഹറും അടയാളങ്ങളും തലപ്പാവും രാത്രിമഴയും മറ്റും തിയേറ്റര്‍പടിക്ക് പുറത്ത് കിടക്കുന്നത്! സിനിമയെ ഒരു പ്രൊഡക്ടായി കണ്ട് വൃത്തിയില്‍ പാക്ക് ചെയ്ത് മാര്‍ക്കറ്റ് ചെയ്യാനുള്ള മലയാളസിനിമാവ്യവസായത്തിന്റെ കഴിവുകേടുമായിരിക്കാം കാരണങ്ങളില്‍ ഒന്ന്. ഇന്നും അടിപൊളി-അവാര്‍ഡ് എന്ന കരകളില്‍ തന്നെ കൂട് കൂട്ടി കഴിയുകയാണല്ലോ സിനിമാപ്രവര്‍ത്തകരുടേയും പ്രേക്ഷകരുടേയും സിനിമാകാറ്റഗറൈസേഷന്‍! ഇന്ന്, തമിഴ് സിനിമകള്‍ കേരളത്തിലെ തിയേറ്ററുകള്‍ കീഴടക്കുമ്പോള്‍ മാറ്റങ്ങള്‍ക്ക് മുതിരാത്ത അനുകരണത്തിന് പിറകെ പോകുന്ന മലയാളസിനിമാപ്രഭുക്കന്മാര്‍ക്ക് അതൊരു പാഠമാണ് - അവനവന് ശരിയെന്ന രീതിയില്‍ സിനിമ ചെയ്യാനുള്ള ചങ്കൂറ്റം വേണമെന്ന പാഠം! തമിഴ് സിനിമയുടെ ആ ചങ്കൂറ്റത്തിന്റെ പുത്തന്‍ഉദാഹരണമാണ് ‘നാന്‍ കടവുള്‍’. ബാലയുടെ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് നിലവാരത്തില്‍ താഴെയെങ്കിലും തിയേറ്ററിന് പുറത്തേക്കും പ്രേക്ഷകനോടൊപ്പം സഞ്ചരിക്കുന്നു ഈ ചിത്രം.


കഥാസംഗ്രഹം:
14 വര്‍ഷങ്ങള്‍ക്ക് മുന്‍പു ‘കൂടെ നിര്‍ത്തിയാല്‍ കുലം മുടിക്കുമിവന്‍ എന്ന ജ്യോതിഷികളുടെ വാക്കു കേട്ട് കാശിയിലെ ഒരു ആശ്രമത്തില്‍ വേദാഭ്യാസത്തിനായ് ചേര്‍ത്ത് വന്ന മകനെ അന്വേഷിച്ച് ഒരച്ഛനും മകളും വരുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. 10 വര്‍ഷം മുന്‍പേ നശിച്ച് പോയ ആശ്രമത്തില്‍ നിന്നും പിന്നെ മകന്‍ എങ്ങോട്ട് പോയി എന്ന് അവര്‍ക്കറിയില്ല. വിഫലമായ അന്വേഷണം ഒടുവില്‍ വാരണാസിയിലെ ശ്മശാനഘാട്ടുകളിലൊന്നിലെത്തുന്നു.‍ അവിടെ വെച്ച് രക്തം രക്തത്തെ - മകന്‍ രുദ്ര (ആര്യ) എന്ന അഘോരിയായ് മാറിയിരിക്കുന്നു എന്ന സത്യത്തോടൊപ്പം - തിരിച്ചറിയുന്നു. (സിനിമയിലെ കോണ്‍‌സെപ്‌ട് അനുസരിച്ച് ) ശിവഭക്തന്മാരായ അഘോരികളുടെ വിശ്വാസം പിറവിയും മൃത്യുവും മോക്ഷവും അവരിലൂടെ പ്രാപ്യമാണെന്നാണ്. ‘അഹം ബ്രഹ്മാസ്മി’ എന്ന തത്വത്തില്‍ അവര്‍ ഉറച്ച് വിശ്വസിക്കുന്നു.ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം രുദ്ര മാതാവിനെ കാണാന്‍ ഗ്രാമത്തിലേക്ക് പോകുന്നു. മരുതമലൈ എന്ന ഗ്രാമത്തിലുള്ള താണ്ടവം (രാജേന്ദ്രന്‍) ആന്‍‌ഡ് കമ്പനിയുടെ ‘ഗോഡൌണ്‍’ ആണ് പിന്നെ പ്രേക്ഷകന്‍ തുടര്‍ന്ന് കാണുന്നത്. കമ്പനിയുടെ ‘ഉരുപ്പടി‘കളായ പിച്ചകാരെല്ലാം ഭൂമിക്കടിയിലുള്ള ആ പഴയ കെട്ടിലാണ് കഴിയുന്നത്. നേരം പുലര്‍ന്നാല്‍ ‘ഗ്രൂപ്പ് ലീഡറോ‘ടൊപ്പം അവര്‍ താന്താങ്ങളുടെ ജോലിസ്ഥലത്തേക്ക് പോകും. മരുതമലൈ കോവിലിലെ പിച്ചപ്പടയുടെ നേതാവാണ് മുരുകന്‍. മുരുകന്റെ ‘ടീ‘മിന്റെ നിത്യദു:ഖങ്ങളിലേക്കും അപൂര്‍വ്വമായ സന്തോഷനിമിഷങ്ങളിലേക്കും ഒരു കണ്ണുകാണാത്ത ഉരുപ്പടി കൂടി കടന്നു വരുന്നു - ഹംസവല്ലി (പൂജ). ഇവരെല്ലാം ഒത്ത് കൂടുന്ന മരുതമലൈക്കോവിലിലെ വഴിത്താരയിലെ ‘കൈകാലുകളില്ലാത്ത മനുഷ്യദൈവ‘ത്തിന്റെ ആശ്രമത്തിനരികിലെ ഗുഹയിലേക്ക് രുദ്ര വരുന്നു. മകനോട് വീട്ടിലേക്ക് തിരിച്ച് വരാനുള്ള അപേക്ഷയുമായ് അമ്മ വരുന്നെങ്കിലും ആ കണ്ണീര്‍ വൃഥാവിലാകുന്നു. പല വഴികളിലൂടെ സഞ്ചരിക്കുന്ന ഇവരുടെയെല്ലാം ജീവിതമാണ് പിന്നീടുള്ള സിനിമയിലൂടെ പ്രയാണത്തില്‍ പ്രേക്ഷകന്‍ അനുഭവിക്കുന്നത്.

അഭിനയം, സാങ്കേതികം:
ആര്യക്കും പൂജയ്ക്കും ‘വണ്‍‌സ് ഇന്‍ എ ലൈഫ്‌ടൈം റോള്‍ ‘ ആണ് രുദ്രയും ഹംസവല്ലിയും. ഒരേ ഭാവം സിനിമയിലുടനീളം പ്രകടിപ്പിക്കാനേ രുദ്ര ആര്യയോട് ആവശ്യപ്പെടുന്നുള്ളൂ. പത്മാസനത്തിലും ശീര്‍‌ഷാസനത്തിലുമിരിക്കുമ്പോഴും ഭാം‌ഗടിക്കുംപ്പോഴും അടിപിടി കൂടുമ്പോഴും ആര്യ മുഴുവനായും രുദ്രയായ് മാറിയിരിക്കുന്നു. ചിലപ്പോഴെല്ലാം (പ്രത്യേകിച്ച് അവസാനരംഗത്തില്‍) വരുന്ന അമിതാഭിനയമൊഴിച്ച് നിര്‍ത്തിയാല്‍ ഹംസവല്ലി പൂജയ്ക്ക് അത്യന്തം അഭിമാനിക്കാവുന്ന ഒന്നാണ്.

മുഖ്യപാത്രങ്ങളേക്കാള്‍ ‘നാന്‍ കടവുളില്‍’ ഏതൊരു പ്രേക്ഷകനേയും സ്വാധീനിക്കുക പുതുമുഖങ്ങളായിരിക്കുമെന്നത് തീര്‍ച്ച. വെള്ളിത്തിരയ്ക്ക് അപരിചിതങ്ങളായ ഒരുപാട് മുഖങ്ങള്‍ നമുക്കിവിടെ കാണാം. അതിക്രൂരനായ താണ്ടവനും മുരുകനും മനുഷ്യകച്ചവടക്കാരനായ നായരും മുരുകന്റെ സഹായിയായ ഹിജഡയുമെല്ലാം നമ്മുടെ മനസ്സില്‍ നിന്ന് മായാന്‍ ഒരുപാട് സമയമെടുക്കും. പറഞ്ഞ് ഫലിപ്പിക്കാന്‍ ആവാത്തതാണ് സമൂഹത്തിലെ ആ അപ്രിയകാഴ്ചകള്‍ കാഴ്ചക്കാരനേകുന്ന ഇം‌പാക്ട്!

ആര്‍തര്‍ എ വില്‍‌സന്‍ വിദഗ്ദമായ് പകര്‍ത്തിയ കാഴ്ചകള്‍ കെട്ടിക്കാഴ്ചകളേതുമില്ലാതെ സുരേഷ് അര്‍സ് സംയോജിപ്പിച്ചിരിക്കുന്നു. പി.കൃഷ്ണമൂര്‍ത്തിയുടെ കലാസംവിധാനം ഒന്നാംതരമാണ്. വാരണാസിയിലെ ഘാട്ടുകളും മരുതമലയിലെ ഗുഹാന്തര്‍മുഖവും പിച്ചക്കാരുടെ പാര്‍പ്പിടവുമെല്ലാം പ്രമേയമാവശ്യപ്പെടുന്നത് തന്നെ. കനല്‍ കണ്ണന്റെ സംഘട്ടനരംഗങ്ങളുംനന്ന്.

സിനിമയുടെ എടുത്ത് പറയേണ്ട മികവുകളിലൊന്ന് ഇളയരാജയുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവുമാണ്. വാലിയുടെ വരികള്‍ക്ക് നല്‍കിയ സംഗീതം കഥാപാത്രങ്ങളുടെ മനസ്സറിഞ്ഞ് ചിട്ടപ്പെടുത്തിയതാണ്. അദ്ദേഹത്തിന്റെ തന്നെ മുന്‍‌കാലഗാനങ്ങളുടെ ഛായ അങ്ങിങ്ങായ് കാണാമെങ്കിലും സിനിമയ്ക്കൊപ്പവും അല്ലാതെയും മനസ്സിനെ മഥിപ്പിക്കുന്നതാണ് ഇളയരാജയുടെ കോമ്പോസിഷന്‍. വിജയ് പ്രകാശ് പാടിയ “ഓം ശിവോഹം” സിനിമയിലുടനീളം നിറഞ്ഞു നില്‍കുന്നു. മധു ബാലക്കൃഷ്ണന്‍ അതിമനോഹരമായ് ആലാപിച്ച “പിച്ചൈപാത്തിറം ഏന്തി വന്തേനേ അയ്യനേ എന്‍ അയ്യനേ...”, ശ്രേയാ ഘോസല്‍ പാടിയ “കണ്ണിന്‍ പാര്‍വൈ...”, സാധനാ സര്‍ഗത്തിന്റെ ശബ്ദത്തിലുള്ള “അമ്മാ ഉന്‍ പിള്ളൈ...”, ഇളയരാജ പാടിയ “ഒരു കാറ്റില്‍...” തുടങ്ങിയ ഗാനങ്ങള്‍ മനസ്സിനെ വിങ്ങിപ്പിക്കുന്നതാണ്. ഗാനചിത്രീകരണവും സിനിമയോട് അടുത്ത് നില്‍ക്കുന്നു. പുതിയതായ് ചിട്ടപ്പെടുത്തിയതിനോടൊപ്പം സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പഴയ ഗാനങ്ങളും ബാല സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തുടക്കം മുതല്‍ ഒടുക്കം വരെ ഇത് ബാലയുടെ മനസ്സിന്റെ കാഴ്ചയാണ്. തന്റെ ഉള്ളിലുള്ളത് തനിക്ക് ശരിയെന്ന രീതിയില്‍ പറയാന്‍ ബാല ശ്രമിച്ചിട്ടുണ്ട്. ആദ്യപകുതിയിലെ ഇഴച്ചില്‍ രണ്ടാം പകുതിയില്‍ നാം തനിയെ മറന്ന് പോകും. സത്യത്തില്‍ ആദ്യപകുതിയിലെ കാഴ്ചകള്‍ നമുക്കേകുന്ന‍ അമിതഭാരമാവാം ആ ഇഴച്ചിലിന് കാരണം. ഒരുപക്ഷെ അവസാന‌രംഗം ന്യായീകരിക്കപ്പെടാന്‍ ആ ഷോക്ക് ട്രീറ്റ്‌മെന്റ് അത്യാവശ്യമാണെന്ന് സംവിധായന് തോന്നികാണണം. മുന്‍‌ധാരണകളോടെ- ബാലയുടെ സിനിമ, അഘോരിയുടെ ജീവിതകഥ, സുന്ദരമായ ഗ്രാമീണകാഴ്ച – പോകുന്ന പ്രേക്ഷകന്‍ കുറച്ച് നിരാശനാകുക തന്നെ ചെയ്യും. ബാലയുടെ മറ്റ് സിനിമകളില്‍ നാ അനുഭവിച്ച ‘ആഘാത‘വും വ്യക്തികളുടെ മാനസികസംഘര്‍ഷങ്ങളുംഇവിടെ അധികമില്ല. അഘോരിയുടെ ജീവിതകഥയേ അല്ല ‘നാന്‍ കടവുള്‍‘‍. രുദ്ര എന്ന അഘോരി ഇവിടെ ഒരു നിമിത്തം മാത്രമാണ്. മൃത്യുവും മോക്ഷവും - ദൈവവും - താന്‍ തന്നെ എന്ന വിശ്വാസത്തിലൂടെ ജീവിതം നിഷേധിക്കപ്പെട്ട ജീവിതങ്ങള്‍ക്ക് മുക്തി നല്‍കുക എന്ന നിമിത്തം! ദയാവധം എന്ന മുക്തി ഇവിടെ ചര്‍ച്ചാവിഷയം ആകുന്നതേയില്ല. പക്ഷെ വധിക്കുമ്പോഴും ദയവാനാകാം എന്ന സന്ദേശം ഈ സിനിമ പകരുന്നുണ്ട്. ആദ്യപകുതിയിലെ ഇഴച്ചിലും അവസാനരംഗങ്ങളിലെ ചേര്‍ച്ചക്കുറവും ഒഴിച്ച് നിര്‍ത്തിയാല്‍ നാന്‍ കടവുള്‍ വ്യത്യസ്തമായ ഒരു സിനിമാകാഴ്ചാനുഭവമാണ്.


+ മറക്കാനാവാത്ത കഥാപാത്രങ്ങള്‍, മുഖങ്ങള്‍
+ ഇളയരാജയുടെ സംഗീതം
+ ബാലയുടെ ക്രാഫ്റ്റ്
+ സ്വാഭാവികാഭിനയം
+ പരുഷവും വാസ്തവവുമായ കഥാഗതി, കഥാസന്ദര്‍ഭങ്ങള്‍


x പതിയെ നീങ്ങുന്ന ആദ്യപകുതി
x ചേര്‍ന്നു നില്‍ക്കാത്ത അവസാനരംഗങ്ങള്‍ (സെന്‍സര്‍‌ബോര്‍ഡിന്റെ കളിയാണോ എന്നറിയില്ല!)

വാല്‍ക്കഷ്ണം:
നാന്‍ കടവുള്‍ എല്ലാ രീതിയിലും ധീരമായൊരു സംരംഭമാണ്. നമുക്ക് ചുറ്റുമുള്ള അപ്രിയകാഴ്ചകളും അപ്രിയസത്യങ്ങളും ചേര്‍ന്ന ഈ കയ്പുനീര്‍ മുഴുവന്‍ കഴിക്കാന്‍ പ്രേക്ഷകനും വേണം ഇത്തിരി ധൈര്യം!

*---------------------------------------------*----------------------------------------*