കഥ: ഹൈദര്‍ അലി
തിരക്കഥ: ഹൈദര്‍ അലി, അഷുതോഷ് ഗൊവാരിക്കര്‍
സംഭാഷണം: കെ.പി. സക്സേന
നിര്‍മ്മാണം: റോണി സ്ക്രൂവാല (UTV), അഷുതോഷ് ഗൊവാരിക്കര്‍ (AGPLL)
അഭിനേതാക്കള്‍: ഹൃതിക്ക് റോഷന്‍, ഐശ്വര്യ ബച്ചന്‍, കുല്‍ബുഷന്‍ കര്‍ബന്ധ, സോനു സൂദ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 15 ഫെബ്രുവരി, 2008
സിനിമ കണ്ടത്: 19 ഫെബ്രുവരി, 2008 @ രാധാകൃഷ്ണ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 7.47 @ 10
‘ലഗാന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ‘കലാബോധമുള്ള’ സംവിധായകരുടെ ഗണത്തില്‍ ചേര്‍ന്നയാളാണ് അഷുതോഷ് ഗവാരിക്കര്‍. ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ അതിനടിവരയിടുകയും ചെയ്തു. ചരിത്രപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ മറന്ന് ഒരു സിനിമ എന്ന നിലയില്‍ വിലയിരുത്തിയാല്‍, അഷുതോഷിന്റെ രണ്ട് മുന്‍ചിത്രങ്ങളേക്കാളും മികച്ച ഒന്നാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം - ഹൃതിക്ക് റോഷന്‍, ഐശ്വര്യ ബച്ചന്‍ എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജോധാ-അക്‍ബര്‍’.
മറുവശത്ത് ജോധയാവാന്‍, പ്രത്യേകിച്ചും ജോധയുടെ ‘രജപുത്ര’ഭാവങ്ങളാവിഷ്ക്കരിക്കാന്‍ ഐശ്വര്യ തെല്ല് കഷ്ടപ്പെടുന്നതായ് തോന്നി. ശുഷ്കമായ മുഖാഭിനയം ഈ സിനിമയിലും ഐശ്വര്യയുടെ പ്രശ്നമായി തുടരുന്നെങ്കിലും അമിതാഭിനയത്തിലേക്ക് വഴുതി വീഴാതെ തന്റെ കഥാപാത്രത്തെ ഐശ്വര്യ കാത്തു. അവരുടെ അഭിനയത്തിന്റെ ഗ്രാഫില്‍ ഈ ചിത്രം വളരെ മുകളിലായിരിക്കുമെന്നതില്‍ സംശയമില്ല.
അഭിനയമേഖലയില്‍ അതിശയിപ്പിക്കുന്ന പുരോഗതി കാണിച്ചിരിക്കുന്ന ഒരു നടന്‍ സോനു സൂദ് ആണ്. രാജ്‌കുമാര്‍ സുജാമലിനെ സോനു വളരെ ഭംഗിയായ് അവതരിപ്പിച്ചിരിക്കുന്നു. അമിതാഭിനയത്തിലേക്ക് വഴുതി വീഴാവുന്ന രംഗങ്ങളില്‍ അദ്ദേഹത്തെ വരിഞ്ഞു കെട്ടി അഭിനയിപ്പിച്ചതില്‍ സംവിധായകനും ഉണ്ട് നല്ലൊരു പങ്ക്.
അക്‍ബറിന്റെ ജീവിതത്തെ ഒരു പരിധി വരെ നിയന്ത്രിച്ചിരുന്ന മഹാം അംഗയെ അവതരിപ്പിച്ച ഇളാ അരുണ്‍ തന്റെ കഥാപാത്രത്തെ മനോഹരമായ് അവതരിപ്പിച്ചിട്ടുണ്ട്. തന്റെ ചെയ്തികളെ അക്‍ബര്‍ ചോദ്യം ചെയ്യുന്ന രംഗത്തില്‍ മാഹം അംഗയുടെ മനോവികാരങ്ങളും നിര്‍വ്വികാരതയും മനസ്സില്‍ തട്ടും വിധം അവര്‍ അഭിനയിച്ചിരിക്കുന്നത് എടുത്ത് പറയാതിരിക്കാനാവില്ല. മഹാം അംഗയുടെ മകനായ ആദം ഖാനായ് വന്ന ഷാജി ചൌധരി, മുഖ്യപ്രതിനായകനായ് ഷരിഫുദ്ദിന്‍ ഹുസ്സൈനെ അവതരിപ്പിച്ച നികിതിന്‍ എന്നിവരും നന്നായിട്ടുണ്ട്. മറ്റുള്ള കഥാപാത്രങ്ങളും പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍ക്കും വിധം തങ്ങളുടെ റോളുകള്‍ നന്നാക്കിയിട്ടുണ്ട്.
ബല്ലു സഹൂജയുടെ ചിത്രസംയോജനം നീളമേറേയുള്ള സിനിമയുടെ വേഗതയ്ക്ക് ആക്കം കൂട്ടാനേറേ പ്രയാസപ്പെട്ടിട്ടുണ്ട്. ഇത്രയും നീളമുള്ള സിനിമ വിരസമാവാതെ രക്ഷപ്പെടുത്തിയതില്‍ സംവിധായകനോടോപ്പം അദ്ദേഹത്തിനുമുണ്ട് വലിയൊരു പങ്ക്. ഓരോ രംഗങ്ങളും ആവശ്യപ്പെടുന്നരീതിയില്‍, രംഗങ്ങളുടെ വികാരതീവ്രത ചോര്‍ന്നു പോകാത്ത വിധം വിശദമായ ഷോട്ടുകളിലൂടെ ഛായാഗ്രഹണകലയിലെ തന്റെ കഴിവ് കിരണ്‍ പ്രകടിപ്പിച്ചിരിക്കുന്നു. നീത ലുല്ലയുടെ വസ്ത്രാലങ്കാരവും മാധവ് കദമിന്റെ മേക്കപ്പും രവി ദേവന്റെ സ്റ്റണ്ട്‌സും സ്റ്റീഫന്‍ ഗോംസിന്റെ ശബ്ദലേഖനവുംസിനിമയ്ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. സിനിമയ്ക്കനുയോജ്യമായ രീതിയില്‍ ചെയ്തിട്ടുള്ള പങ്കജിന്റെ (ടാറ്റാ എലക്സി) വിഷ്വല്‍ ഇഫക്ട്‌സ് നന്നായിട്ടുണ്ട്. ഉദയസൂര്യന്റെ ആദ്യകിരണങ്ങള്‍ ജോധയുടെ അന്ത:പുരത്തിലെ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന രംഗം പ്രത്യേകപരാമര്‍ശയോഗ്യമാണ്.
ജാവേദ് അലി ആലപിച്ച ‘ജഷ്‌ന്‍ യെ ബഹാറാ ഹെ’ എന്നിവയ്ക്ക് ‘പുതിയ മുഖ’ത്തിലെ ഗാനങ്ങളുടെ വിദൂരഛായയുണ്ട്. ‘അസീം ഓ ഷഹന്‍ഷാ‘ (ഗായകന്‍: അസീം) എന്ന സൂഫിഗാനത്തിന്റെ പശ്ചാത്തലസംഗീതം ചിലയിടങ്ങളില്‍ ലഗാനിലെ ‘ഗനന്‍ ഗനന്‍’ എന്ന ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്നു.ഈ ഗാനത്തിലും ‘ഖ്വാജാ മേരെ ഖ്വാജാ‘ (ഗായകന്‍: ഏ.ആര്‍. റഹ്‌മാന്‍) എന്ന ഗാനത്തിലും കോറസ് അതിമനോഹരമായ് ഉപയോഗിച്ചിരിക്കുന്നു സംഗീതസംവിധായകന്‍ എന്നത് എടുത്തു പറയേണ്ടതാണ്. ‘മന്‍ മോഹന’ (ഗായിക: ബേല) എന്ന ഭജന്‍ തരക്കേടില്ല. പാട്ടുകള്‍ക്ക് വേണ്ടി സീനുകളുണ്ടാക്കാതെ സീനുകളുടെ മൂഡിനനുസരിച്ചാണ് എല്ലാ ഗാനങ്ങളും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മധുശ്രീ, സോനു നിഗം എന്നിവര്‍ മനോഹരമായ് ആലപിച്ച ‘ഇന്‍ ലഹോം കെ ദാമന്‍ മേം‘ എന്ന ഗാനചിത്രീകരണം ഒരു ഉദാഹരണം മാത്രം. ജോധാ-അക്‍ബറിന്റെ ആദ്യസമാഗമം അതിസൂക്ഷ്മമായും മനോഹരമായും ഈ ഗാനത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു സംവിധായകന്‍. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ പ്രതിഫലിക്കുന്ന രീതിയില്‍, സംഗീതത്തിനൊപ്പം ചലനങ്ങളൊരുക്കിയ ചിന്നി പ്രകാശ്, രേഖ പ്രകാശ്, രാജു ഖാന്‍ എന്നിവര്‍ താന്താങ്ങളുടെ പങ്ക് മികച്ചതാക്കി.
എഴുത്തും സിനിമാഭാഷയും: ഒരു സിനിമയ്ക്കാവശ്യമായ സിറ്റുവേഷന്‍സും സംഭാഷണങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതില്‍ സംവിധായകനും സഹ-എഴുത്തുകാരും വിജയിച്ചു എന്ന് തന്നെ വേണം കരുതാന്‍. സിനിമയോട് ഇഴുകി ചേര്‍ന്ന് കാണാന്‍ പ്രേക്ഷകന് അവസരം നല്‍കുന്ന പല രംഗങ്ങളും സിനിമയിലുണ്ട്. കീഴടങ്ങിയ ശത്രുവിനെ കൊല്ലുന്ന പാരമ്പര്യം താന്‍ ഉപേക്ഷിക്കുന്നു എന്ന് പതിമൂന്നുകാരനായ ചക്രവര്‍ത്തി പടനായകന്‍ ബൈരം ഖാനോട് (യുരി) പറയുന്ന രംഗം, താന്‍ നിരക്ഷരനാണെന്ന് അക്‍ബര്‍ ജോധയോട് പറയുന്ന രംഗം, വിവാഹത്തലേന്നത്തെ സൂഫിമാരുടെ പാട്ടില്‍ ലയിച്ച് ചക്രവര്‍ത്തി നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന രംഗം, തന്റെ പ്രധാനമന്ത്രിയായിരുന്ന അത്കാ ഖാനെ കൊന്ന ആദം ഖാനെ കൊട്ടാരത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു കൊല്ലാന്‍ അക്‍ബര്‍ കല്പിക്കുന്ന രംഗം, ട്രോയ് എന്ന സിനിമയില്‍ നിന്ന് അടര്‍ത്തിയെടുത്ത ക്ലൈമാക്സ് സീന്‍ എന്നിവ അവയില്‍ ചിലത് മാത്രം.
30% ചരിത്രം 70% ഭാവന എന്നാണ് ഒരു അഭിമുഖത്തില്‍ അഷുതോഷ് ഈ സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്. അതനുസരിച്ച് വിലയിരുത്തിയാല്‍ ജോധാ അക്‍ബര്‍ നല്ലൊരു ചിത്രം തന്നെയാണ്. എങ്കിലും ഇത്തിരി ചരിത്രമറിയുന്നവര്‍ക്ക് മനസ്സില്‍ ഒരു പാട് സംശയങ്ങളുയരുക സ്വാഭാവികം. അക്‍ബറിന്റെ ആദ്യഭാര്യയെ കുറിച്ച് സിനിമയില്‍ പരാമര്‍ശങ്ങളൊന്നും തന്നെ ഇല്ല. ഈ സിനിമ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത് ജോധയും അക്‍ബറുമായുള്ള ബന്ധമായതിനാലാണ് അക്‍ബറിന്റെ ജീവിതത്തിലെ ചരിത്രപരമായ് പ്രാധാന്യം പുലര്‍ത്തുന്ന പല രംഗങ്ങളും ഒഴിവാക്കിയിയിരിക്കുന്നത് എന്ന വാദം മുഖവിലയ്ക്കെടുത്താലും, വൈകാരികമായി ജോധയെ ബാധിക്കാമായിരുന്ന ഈ കഥാപാത്രത്തിന്റെ അഭാവം വിശദീകരണം അര്‍ഹിക്കുന്നതാണ്. ഇത്തരം സംശയങ്ങള്‍ മനസ്സിലുണര്‍ത്തുമെങ്കിലും രചനാപരമായും സാങ്കേതികപരമായും മികച്ചു നില്‍കുന്നു അഷുതോഷ് ചരിത്രത്തില്‍ ഭാവന ചേര്‍ത്തുണ്ടാക്കിയ ഈ ചലച്ചിത്രം - ബോളിവുഡില്‍ നിന്ന് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന നല്ല ചിത്രങ്ങളില്‍ ഒന്ന്!

+ സാങ്കേതികവിഭാഗം
+ ഗാനങ്ങള്‍, ഗാനരംഗങ്ങള്‍

x നീളം: 3മണിക്കൂര്‍ 20 മിനിട്ട് ഇത്തരമൊരു സിനിമയ്ക്ക് അവശ്യമെങ്കിലും, ചില പാട്ടുകളും സീനുകളും ഒഴിവാക്കി നീളം അല്പം ഒന്നു കുറച്ചിരുന്നെങ്കില്‍ വളരെ നന്നായേനെ.