Monday, March 10, 2008

ഇന്ദ്രലോകത്തില്‍ നാ. അഴകപ്പന്‍ - എന്തിനോ വേണ്ടി ഒരു സിനിമ!

കുറിപ്പ്: ഒരു പാട് നാളുകള്‍ക്ക് മുന്‍പാണ് ഈ സിനിമ കണ്ടത്. ഇത്തരം പടപ്പുകളെ കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു മുന്നറിയിപ്പായി കൊള്ളട്ടെ എന്ന് കരുതിയാണ് ഇത്തിരി വൈകിയെങ്കിലും ഈ കുറിപ്പെഴുതുന്നത്.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: തമ്പി രാമയ്യ
നിര്‍മ്മാണം: മാണിക്കം നാരായണന്‍, സെവന്‍‌ത്ത് ചാനല്‍
അനേതാക്കള്‍: വടിവേലു, നാസര്‍, യാമിനി ശര്‍മ, ത്യാഗു, മനോബാല, സുമിത്ര, ശ്രേയ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 1ഫെബ്രുവരി‍, 2008

സിനിമ കണ്ടത്: 8 ഫെബ്രുവരി‍, 2008 @ ലാവണ്യ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 2.50 @ 10


‘ഹിംസൈ അരശന്‍ 23-ആം പുലികേശി’ എന്ന സിനിമയുടെ അപ്രതീക്ഷിതവിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തമ്പി രാമയ്യ രചന-സംവിധാനം നിര്‍വ്വഹിച്ച് വടിവേലു ത്രിബിള്‍ റോളില്‍ അഭിനയിച്ച സിനിമയാണ് ഇന്ദ്രലോകത്തില്‍ നാ. അഴകപ്പന്‍. സിനിമയെ മനസ്സിലാക്കിയവരും ആ ‘സംഗതി’’ അറിയാത്തവരും തമ്മിലുള്ള അജഗജാന്തരമാണ് ഈ രണ്ടു സിനിമകളും കാണുന്ന ഒരു പ്രേക്ഷകന് ബോദ്ധ്യമാവുന്നത്.

കഥാസംഗ്രഹം.:
ഒരു മകനുണ്ടായി കഴിഞ്ഞാലുടന്‍ നാടു വിട്ടു പോകുന്ന അച്ഛന്മാരുടെ പാരമ്പര്യമുള്ള കുടുംബത്തിലെ ഇപ്പോഴത്തെ ‘മകന്‍‘ ആണ് നാ. അഴകപ്പന്‍ (വടിവേലു). ഒരു നാടകനടനായ അഴകപ്പന്‍ അമ്മയുടെ (സുമിത്ര) നിര്‍ബന്ധപ്രകാരം കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നു. രണ്ടാംവിവാഹയോഗം ജാതകത്തില്‍ കണ്ട് വ്യസനിച്ക് നിന്ന അഴകപ്പന് സുഹൃത്തുക്കള്‍ (ത്യാഗു, മനോബാല തുടങ്ങിയവര്‍) ഒരു പോം‌വഴി പറഞ്ഞു കൊടുക്കുന്നു. അമ്പലപറമ്പില്‍ പുതിയതായ് പ്രത്യക്ഷപ്പെട്ട സ്ത്രീപ്രതിമയ്ക്ക് മാല ചാര്‍ത്തി അവളെ ഭാര്യയാക്കുക. പിന്നെ കുറച്ച് കാലം കഴിഞ്ഞ് ഒരു ‘രണ്ടാം വിവാഹം’ ചെയ്ത് സുഖമായ് ജീവിക്കുക. മറ്റു വഴികളൊന്നും ഇല്ലാത്തതിനാല്‍ അഴകപ്പന്‍ ആ ഉപദേശം സ്വീകരിച്ച് ശിലയെ മാലയിട്ട് ഭാര്യയാക്കുന്നു. അന്നു രാത്രി രണ്ട് ഭൂതരൂപിണികള്‍‍ വന്ന് അവനെ പിടിച്ച് കൊണ്ട് സ്വര്‍ഗ്ഗലോകത്തില്‍ കൊണ്ടു പോകുന്നു. താന്‍ കല്യാണം ചെയ്തത് ശാപമോക്ഷം ലഭിച്ച് കഴിയുന്ന ദേവലോകനര്‍ത്തകി രംഭ (യാമിനി ശര്‍മ) യുടെ പ്രതിമയാണെന്ന സത്യം അപ്പോഴാണ് അവനറിയുന്നത്. ഇനി മുതല്‍ എല്ലാ രാത്രിയും സ്വര്‍ഗ്ഗവാതില്‍ അവനു വേണ്ടി തുറന്നു കിടക്കുമെന്ന് രംഭ അവനോട് പറയുന്നു. സ്വര്‍ഗ്ഗലോകവീഥികളിലൂടെയുള്ള അഴകപ്പന്റെ യാത്രകളും അവന്‍ കണ്ടു മുട്ടുന്ന ഇന്ദ്രന്‍ (വടിവേലു), യമന്‍ (വടിവേലു), നാരദന്‍ (നാസര്‍) എന്നീ മുഖങ്ങളുമാണ് പിന്നീട് സിനിമയില്‍ പ്രേക്ഷകനെ കാത്തിരിക്കുന്നത്.

അഭിനയം, സാങ്കേതികം:
കുട്ടിക്കാലത്ത് വായിച്ച ഒരുപാട് സാരോപദേശ കഥകള്‍ വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പക്ഷെ ഒരു സിനിമയില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് അത് മാത്രമല്ലല്ലോ !!! അഭിനയമേഖലയില്‍ പ്രേക്ഷകനെ പ്രീതിപ്പെടുത്താന്‍ ഇതിലഭിനയിച്ച ഒരാള്‍ക്കുമായില്ല. തനിക്ക് കഴിയുന്നതിനേക്കാള്‍ എ‍ത്രയോ മോശമായാണ് അഴകപ്പന്‍-ഇന്ദ്രന്‍-യമന്‍ എന്ന് റോളുകളിലുള്ള വടിവേലുവിന്റെ അഭിനയം. അവസാനരംഗങ്ങളിലുള്ള വാര്‍ദ്ധക്യരൂപവും ഭാവങ്ങളും സ്കൂള്‍ നാടകങ്ങളെ ഓര്‍മ്മിപ്പിച്ചു. നാടകത്തിന്റെ ദൃശ്യഭാഷയോട് സാമ്യതയുള്ളതാവണം ഈ സിനിമയുടേതെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. കഥയും സംഭാഷണങ്ങളും രംഗസജ്ജീകരണങ്ങളും ചമയ-വസ്ത്രാലങ്കാരവും, എന്തിന് തിരക്കഥ പോലും നാടകത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്. അതു തന്നെയാണ് ഈ ചലച്ചിത്രത്തിന്റെ മുഖ്യപ്രശ്നവും.
ഗോപിനാഥിന്റെ ക്യാമറയ്ക്കും ആന്റണിയുടെ ചിത്രസംയോജനത്തിനും സാബേഷ്-മുരളി ഒരുക്കിയ ഗാനങ്ങള്‍ക്കും ചിത്രത്തിന്റെ ഈ ദുര്‍ഗതിയില്‍ തങ്ങളുടേതായ പങ്കുണ്ട്. ഗസ്റ്റ് റോളില്‍ വരുന്ന ശ്രേയയുടെ ഐറ്റം നമ്പര്‍ പോലും പ്രേക്ഷകരില്‍ യാതൊരു വിധത്തിലുള്ള ചലനവും സൃഷ്ടിക്കുന്നില്ല. ഒരു മോശം തിരനാടകം സിനിമയാക്കിയതിന്റെ ‘മുഴ‘കള്‍ ഉടനീളം കാണാവുന്ന ഈ സിനിമയില്‍ വടിവേലുവിന്റെ ചുരുക്കം ചില തമാശകളും കുറേയേറേ കോപ്രായങ്ങളും മേനക-രംഭ-തിലോത്തമാരുടെ മാദകനൃത്തരംഗങ്ങളും തോട്ടാതരണിയുടെ സെറ്റുകളും മാത്രമാണ് പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ പിടിച്ചിരുത്തുന്നത്.

വാല്‍ക്കഷ്ണം:
സിനിമയെന്ന മാധ്യമത്തെ കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത ‘സിനിമാ’സൃഷ്ടാക്കള്‍ നല്ല ചില സാങ്കേതികവിദഗ്ദരുടെ സഹായത്തോടെ ഒരുക്കുന്ന ഇത്തരം ചിത്രങ്ങള്‍, പുതിയ ചിന്തകളും പുത്തന്‍ ആശയങ്ങളും വ്യത്യസ്തമായ അവതരണശൈലിയുമായുള്ള തമിഴ് സിനിമയുടെ പ്രയാണത്തിന് എതിരെ നില്‍ക്കുന്നവയാണ്.


+ തോട്ടാതരണിയുടെ വര്‍ണ്ണശബളമായ സെറ്റുകള്‍


x കൃത്രിമാഭിനയം

x കാമ്പില്ലാത്ത കഥ, നാടകീയമായ രംഗങ്ങള്‍, ഒഴുക്കില്ലാത്ത തിരക്കഥ
x അനാവശ്യമായ ഗ്ലാമര്‍ പ്രകടനം, കഥാപാത്രങ്ങള്‍

------------------------------------------------------------------------------------------------
മറ്റു നിരൂപണങ്ങള്‍
http://entertainment.oneindia.in/tamil/reviews/2008/indiralogathil-na-azhagappan-review-020208.html
http://www.hindu.com/cp/2008/02/08/stories/2008020850090300.htm
http://www.indiaglitz.com/channels/tamil/review/9313.html

6 comments:

ദൃശ്യന്‍ | Drishyan said...

‘ഹിംസൈ അരശന്‍ 23-ആം പുലികേശി’ എന്ന സിനിമയുടെ അപ്രതീക്ഷിതവിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തമ്പി രാമയ്യ രചന-സംവിധാനം നിര്‍വ്വഹിച്ച് വടിവേലു ത്രിബിള്‍ റോളില്‍ അഭിനയിച്ച സിനിമയാണ് ഇന്ദ്രലോകത്തില്‍ നാ. അഴകപ്പന്‍. സിനിമയെ മനസ്സിലാക്കിയവരും ആ ‘സംഗതി’’ അറിയാത്തവരും തമ്മിലുള്ള അജഗജാന്തരമാണ് ഈ രണ്ടു സിനിമകളും കാണുന്ന ഒരു പ്രേക്ഷകന് ബോദ്ധ്യമാവുന്നത്.

കൂടുതല്‍ വിശേഷങ്ങള്‍ സിനിമാക്കാഴ്ചയില്‍.

സസ്നേഹം
ദൃശ്യന്‍

N O M A D | നൊമാദ്. said...

ഇംശൈ ആണെന്നാണ് ഒരു ഓര്‍മ്മ. പടം കണ്ടില്ല. സണ്‍ ടിവിയില് കണ്ട ചില കാഴ്ച്ചകള്‍ അത്ര രസമായി തോന്നിയതുമില്ല. വിശകലനത്തിന് നന്ദി

ദൃശ്യന്‍ | Drishyan said...

ഹിംസ എന്ന് അര്‍ത്ഥം വാക്കാണ് പേര്. തമിഴില്‍ ഇംസൈ എന്നത് ശരി. മലയാളീകരിച്ച് ‘ഹിംസൈ’ എന്നെഴുതി എന്നേ ഉള്ളൂ. ആ ചിത്രം ഒരു പൊളിറ്റിക്കല്‍ സാറ്റൈര്‍ ആയിരുന്നു. ഒന്നു രണ്ട് കാഴ്ചകളില്‍ വിലയിരുത്താന്‍ പാടില്ലാത്ത ചിത്രം. ഒരു തലത്തില്‍ അത് തനി കോപ്രായ പടമാണെന്ന് തോന്നും. തമിഴ് ഭാഷ അത്യാവശ്യം മനസ്സിലാവുന്ന പഴയ തമിഴ് പടങ്ങള്‍ കണ്ട് പരിചയമുള്ള ആളുകള്‍ക്കേ രസിക്കാന്‍ പറ്റൂ എന്ന് മാത്രം.

സസ്നേഹം
ദൃശ്യന്‍

ശ്രീ said...

ഇത്തരം ചിത്രങ്ങള്‍ കണ്ടിരിയ്ക്കാന്‍ തന്നെ മടിയാണ്. ‘ഹിംസൈ അരശന്‍ 23-ആം പുലികേശി’ തന്നെ കുറച്ചു കണ്ടപ്പോള്‍ മടുത്തു.

Haree | ഹരീ said...

:)
പുലികേശി കണ്ടതിനാല്‍ ഇതും ഒന്നു കാണണമെന്നു കരുതിയിരിക്കുകയായിരുന്നു... വേണ്ടാ‍ല്ലേ...

ഒരു വലിയ ഇടവേളയായിരുന്നല്ലോ... ഇവിടെങ്ങുമില്ലായിരുന്നോ?
--

തോന്ന്യാസി said...

ഈ പടം കണ്ട് പുറത്തിറങ്ങിയപ്പോള്‍ കൊടുത്തകാശിനെക്കുറിച്ചോര്‍ത്ത് സങ്കടം വന്നു......