Wednesday, June 11, 2008

പോസിറ്റീവ്: മുഷിപ്പിക്കാത്ത യുവത്വം!

സംവിധാനം: വി.കെ.പ്രകാശ്
കഥ, തിരക്കഥ, സംഭാഷണം: എസ്.എന്‍. സ്വാമി
നിര്‍മ്മാണം:ഫാബുലന്‍‌സ് എന്റര്‍റ്റൈന്‍‌മെന്റ്‌സ്
അഭിനേതാക്കള്‍: ജയസൂര്യ, സായ്‌കുമാര്‍, വാണി കിഷോര്‍, സൂരജ്, മണിക്കുട്ടന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 16 മേയ്‍‍‍, 2008
സിനിമ കണ്ടത്: 8 ജൂണ്‍‍‍‍, 2008 @ ദേവകി സിനി മാക്സ് , മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.63 @ 10


ഫാബുലന്‍‌സ് എന്റര്‍റ്റൈന്‍‌മെന്റ്‌സിന്റെ ബാനറില്‍ എസ്.എന്‍. സ്വാമി രചിച്ച് വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘റൊമാന്റിക് ത്രില്ലറാ‘ണ്‘ പോസിറ്റീവ്. ജയസൂര്യ, സൂരജ്, വാണി കിഷോര്‍ എന്നവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം സാങ്കേതികമായ് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. 2+ മണിക്കൂര്‍ നേരം പ്രേക്ഷകരെ മുഷിപ്പിക്കാത്ത ഈ സിനിമ സംവിധായകന്റെ മുന്‍‌ചിത്രങ്ങളേക്കാള്‍ (പുനരധിവാസം എന്ന ആദ്യ ചിത്രമൊഴിച്ച്) ബഹുദൂരം മുന്നിലാണ്.


കഥാസംഗ്രഹം:
രാജു (സൂരജ്), ഉദയന്‍ (മണിക്കുട്ടന്‍), ചെറി (രമേശ് പിഷാരടി), വിന്നി (വാണി കിഷോര്‍) എന്നീ സുഹൃത്തുക്കള്‍ ഒരുമിച്ചൊരു ബാന്‍‌ഡ് നടത്തുന്നവരാണ്. രാജുവും ചെറിയും വിന്നിയും ഉദ്യോഗസ്ഥരെങ്കില്‍ ഉദയന്‍ ഗള്‍‌ഫില്‍ ജോലി ചെയ്യുന്ന അച്ഛന്റെയും അമ്മയുടെയും കാശില്‍ ജീവിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. അസി. കമ്മീഷണര്‍ അനിയന്‍ (ജയസൂര്യ) വിന്നിയെ പെണ്ണു കാണാന്‍ വരുന്നെങ്കിലും പെണ്ണു കാണല്‍ ചടങ്ങിനിടെ അവര്‍ക്കിടയില്‍ നടന്ന ചില പ്രശ്നങ്ങള്‍ കല്യാണത്തിന് തടസ്സമാകുന്നു. നഗരത്തില്‍ വര്‍ദ്ധിച്ച് വരുന്ന കള്ളനോട്ടു വ്യാപണനം അനിയനും കമ്മീഷണര്‍ ഭാസ്കറിനും (സായ്‌കുമാര്‍) മനോശല്യമുണ്ടാക്കുന്നു. അതിനിടെ, യാത്രാമദ്ധ്യേ പരിചയപ്പെട്ട ജ്യോതിയുമായ് (ആയില്യ) രാജു പ്രണയത്തിലാവുന്നെങ്കിലും അവള്‍ ഒരു ദിവസം അപ്രത്യക്ഷയാകുന്നു. മാസങ്ങള്‍ക്ക് ശേഷം അവന്‍ അവളെ കണ്ടു മുട്ടുന്നു - ഒരു കൊലപാതകരംഗത്ത് വെച്ച്! അതേ തുടര്‍ന്നുണ്ടാകുന്ന കുറ്റാന്വേഷണമാണ് പിന്നീട് പോസിറ്റീവിന് വിഷയമാകുന്നത്.

അഭിനയം, സാങ്കേതികം:
ഈ സിനിമയിലെ അഭിനേതാക്കളെ കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയാന്‍ തോന്നുന്നത് മൂന്ന് പേരെ പറ്റിയാണ് - വിന്നിയായ് അഭിനയിച്ച വാണി കിഷോര്‍, അനിയനായ് അഭിനയിച്ച ജയസൂര്യ, പിന്നെ രാജുവിന്റെ അച്ഛനായ് അഭിനയിച്ച പി.ശ്രീകുമാര്‍.

വിന്നിയുടെ പ്രസരിപ്പും സുഹൃത്‌ബന്ധത്തിലെ വ്യാകുലതതകളും മിതാഭിനയത്തോടെ അവതരിപ്പിക്കുന്നതില്‍ വാണി കിഷോര്‍ വിജയിച്ചിരിക്കുന്നു. മലയാളസിനിമയ്ക്ക് പ്രതീക്ഷയോടെ നോക്കാവുന്ന ഒരു നടിയായ് മാറാന്‍ സാദ്ധ്യതയുള്ളവരാണ് വാണി എന്ന് തോന്നുന്നു.

‘പോസിറ്റീവ്’ വിജയമോ അല്ലയോ, ജയസൂര്യ എന്ന നടന്റെ കരിയര്‍ ഗ്രാഫില്‍ വേറിട്ടു നില്‍ക്കുന്ന ഒരു കഥാപാത്രമാണ് അനിയന്‍ എന്ന പോലീസുദ്യോഗസ്ഥന്‍. ജയസൂര്യയുടെ അഭിനയം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്നെനിക്കഭിപ്രയമില്ലെങ്കിലും തന്റെ പതിവ് അഭിനയരീതികളും ചലനങ്ങളും മാറ്റി വെച്ച് കൊണ്ടാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. പുതിയ വഴികളില്‍ സഞ്ചരിക്കാനുള്ള നടന്മാരുടെ ഇത്തരം താല്പര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേകുന്നതാണ്.

രാജുവായ് എത്തുന്ന സൂരജ്, വിനീത് ശ്രീനിവാസന്റെ ഡബ്ബിം‌ഗിന്റെ സപ്പോര്‍ട്ടോടെ, തന്റെ കഥാപാത്രമായ് തരക്കേടില്ലാതെ അഭിനയിച്ചു. മുഖഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ മെച്ചപ്പെടാന്‍ ‍ഏറെയുണ്ട് സൂരജിന്. പക്ഷെ വരും ചിത്രങ്ങള്‍ നല്‍കുന്ന അഭിനയാനുഭവം അതിന് സൂരജിനെ സഹായിക്കുമെന്നതില്‍ സംശയമില്ല.

രാജുവിന്റെ അച്ഛനായെത്തുന്ന ശ്രീകുമാര്‍ വളരെ അനായസമായ് അഭിനയിച്ചിരിക്കുന്നു. തന്റെ മകന്‍ ഒരു കൊലപാതകകേസില്‍ പോലീസ് സംശയിക്കുന്ന പ്രതിയാണെന്ന് മനസ്സിലായതിന് ശേഷം അവനെ അഭിമുഖീകരിക്കുന്ന രംഗം ഈ ചിത്രത്തിലെ വളരെ കണ്‍‌ട്രോള്‍‌ഡ് ആയി അവതരിപ്പിച്ച ഒന്നാണ്. അപ്പോഴത്തെ വികാരങ്ങളും സംഭാഷണങ്ങളും ശ്രീകുമാര്‍ ഭം‌ഗിയാക്കി. അതില്‍ തിരക്കഥാക്കൃത്തിന്റേയും സംവിധായകന്റേയും പങ്ക് മറക്കുന്നില്ല.

ഒരേ സമയം മുരടനെങ്കിലും സൌമ്യഹൃദയനായ കമ്മീഷണറായ് സായ്‌കുമാര്‍ തിളങ്ങി. ആവശ്യത്തിലധികം നൊസ്സുള്ള മുന്‍‌ബാങ്കുദ്യോഗസ്ഥന്റെ റോളില്‍ വന്ന ജഗതിയുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിരിയുണര്‍ത്തുന്നതാണ്. ഇടയ്ക്കൊകെ തികച്ചും അനാവശ്യമായ കമന്റുകള്‍ പാസാക്കുന്നെങ്കിലും, കോണ്‍‌സ്റ്റബിള്‍ റോളിലെത്തുന്ന ടി.ജി.രവിയും തന്റെ റോള്‍ മോശമാക്കിയില്ല.. ജ്യോതിയായെത്തുന്ന പുതുമുഖം ആയില്യ, മയക്കുമരുന്നുശൃംഗലയിലെ കണ്ണിയും ഡ്രമ്മറുമായ ഉദയനായെത്തുന്ന മണിക്കുട്ടന്‍, ഫ്ലാറ്റിലെ വാച്ച്മാന്റെ റോളിലെത്തുന്ന അഗസ്റ്റിന്‍, ചെറിയായ് വന്ന രമേഷ് പിഷാരടി തുടങ്ങി മറ്റുള്ളവരെല്ലാം തങ്ങളുടെ വേഷം മോശമില്ലാതെ അവതരിപ്പിച്ചു.

എസ്.എന്‍.സ്വാമി എന്ന തഴക്കം വന്ന തിരക്കഥാക്കൃത്തിന്റെ സാന്നിദ്ധ്യം ഈ ചിത്രത്തിലുടനീളമുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ മികച്ച തിരക്കഥകളില്‍ പോസിറ്റീവ് കാണുമോ എന്ന് സംശയമാണ്. ഒരു കുറ്റാന്വേഷണസിനിമയുടെ മുറുക്കം പലപ്പോഴും നഷ്ടപ്പെട്ടതായ് തോന്നി. പിന്നെ ആദ്യ പകുതിയില്‍ ആവശ്യത്തില്‍ കൂടുതല്‍ സംഭവങ്ങള്‍ വന്നത് പ്രേക്ഷകന്‍ സിനിമയിലുള്ള ഫോക്കസ് നഷ്ടപ്പെടാന്‍ കാരണമായി. അന്വേഷണം കൂടുതല്‍ സംഭാഷണങ്ങളിലായ് ഒതുങ്ങുകയും ചെയ്തു. കുറ്റകൃത്യം നടന്ന ഫ്ലാറ്റില്‍ ഫോറന്‍സിക് വിദഗ്ധര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലീസുകാര്‍ വളരെ ലാഘവത്തോടെ ചെയ്യുന്നതായ് തോന്നി. കൊല്ലപ്പെട്ട വ്യക്തിയുടെ ബട്ടന്‍‌സില്‍ നിന്ന് ഒരു മുടിയിഴ പോലീസ് എടുക്കുന്ന രീതി, അതു ലഭിച്ച ഉടനെ കുറ്റവാളിയുടെ മുടി ആയിരിക്കുമെന്ന മട്ടില്‍ പെരുമാറുന്നത്, കൃത്യം നടന്ന ഫ്ലാറ്റില്‍ ഇടയ്ക്കിടെ വന്നു പോകുന്ന അസി.കമ്മീഷണര്‍ ജ്യോതിയെ ചോദ്യം ചെയ്യുമ്പോഴെല്ലാം വിന്നിയെ കൂടെ കൂട്ടുന്നത്, ദിവസങ്ങള്‍ക്ക് ശേഷം ഫ്ലാറ്റിലെ ഡൈനിം‌ഗ് മുറിയിലെ പൂച്ചട്ടിയില്‍ നിന്ന് ‘വലിയൊരു തുമ്പ്’ കണ്ടെടുക്കുന്നത് - ഈ രംഗങ്ങളെല്ലാം കുറ്റാന്വേഷണത്തെ തികച്ചും ബാലിശമായ് മാറ്റിയതായ് തോന്നി. പിന്നെ ഇടയ്ക്കിടെ വന്നു പോകുന്ന – മിസ്‌പ്ലേസ്‌ഡ് ആയ - ജഗതിയുടെ കഥാപാത്രം, പോലീസ് കോണ്‍‌സ്റ്റബിളിന്റെ (ടി.ജി. രവി) അനവസരത്തിലെ പൊട്ട ചോദ്യങ്ങള്‍, ഒട്ടും പുതുമ തോന്നാഞ്ഞ ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവ തിരക്കഥയിലെ പാളിച്ചകളായ് തോന്നി.
പരസ്യങ്ങളില്‍ നിന്നുള്ള സ്വാധീനം വി.കെ.പ്രകാശ് നല്ലൊരളവ് വരെ ഈ ചിത്രത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു എന്നത് ഒരു പോസിറ്റീവ് ഫാക്‍ടര്‍ ആണ്. തിരക്കഥയ്ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് തന്നെ പോസിറ്റീവിനെ ടെക്‍നിക്കലി മികച്ചതാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. പക്ഷെ ഒരു ‘റൊമാന്റിക്ക് ത്രില്ലര്‍‘ ആയി അദ്ദേഹം തന്നെ വിശേഷിപ്പിച്ച ചിത്രത്തില്‍ ത്രില്ലിം‌ഗ് മൊമെന്റ്‌സ് വളരെ കുറവാണ്. അതു തന്നെയാണ് ഈ സിനിമയുടെ പ്രധാനപോരായ്മയും.

ഗണേഷിന്റെ ഛായാഗ്രഹണവും, മഹേഷ് നാരായണിന്റെ ചിത്രസംയോജനവും എടുത്ത് പറയേണ്ടതാണ്. കൂട്ടത്തില്‍ ഗ്രാഫിക്സ് നിര്‍വഹിച്ച (പേരറിയാത്ത) കലാകാരന്മാരെയും! ഛായാഗ്രാഹകന്‍ വെളിച്ചവും നിഴലുകളും നന്നായി പ്രയോഗിച്ചിട്ടുണ്ട്. അമിതവെളിച്ചത്തിന്റെ പ്രശ്നങ്ങള്‍ തീരെയില്ല എന്നതും ആശ്വാസകരം. സിനിമയുടെ സുഗമമായ ഒഴുക്കിനും ആസ്വാദനത്തിനും ഇവര്‍ നല്‍കിയ സംഭാവന ചില്ലറയല്ല. വി.കെ.പ്രകാശിന്റെ മുന്‍‌ചിത്രങ്ങളില്‍ കഥയോട് ചേരാന്‍ മടിച്ചു നിന്നിരുന്ന ഘടകങ്ങളായിരുന്ന ഇവയെല്ലാം ഈ സിനിമയില്‍ ചേരും‌പടി ചേര്‍ന്ന് നില്‍ക്കുന്നു എന്നത് സന്തോഷകരവും പ്രതീക്ഷാജനകവുമാണ്. ബാവയുടെ കലാസംവിധാനം, മേക്കപ്പ്, വസ്ത്രാലങ്കാരം എന്നിവ സിനിമയ്ക്ക് ചേര്‍ന്നതായ്. യൂത്ത് ഫാഷന്‍ എന്ന പേരില്‍ കോപ്രായവസ്ത്രങ്ങളും അധികമേക്കപ്പും അയാഥാര്‍ത്ഥമായ ‘കളര്‍ഫുള്‍’സെറ്റുകളും ഇല്ല എന്നതും ആശ്വാസകരം.
ഗാനങ്ങള്‍
‘ഒരു കാറ്റായ് പാറി നടക്കാം’ എന്ന ടൈറ്റില്‍ ഗാനം പടത്തിന്റെ മൂഡിന് വളരെ ചേര്‍ന്നതായ് തോന്നി. ടൈറ്റില്‍ ഗ്രാഫിക്സും നന്നായിരിക്കുന്നു. ‘എന്തിനിന്നു മിഴിനീരു തൂകി അഴകേ ‍’ എന്ന ഒരു ബഹളഗാനവും ചിത്രത്തിലുണ്ട്. ഒട്ടും ആസ്വാദകരമായ് തോന്നിയില്ല ഈ പാട്ട്, പ്രത്യേകിച്ചും അവസാനത്തോടടുക്കുമ്പോള്‍ സ്വരങ്ങളും വാദ്യോപകരണങ്ങളും ആലാപനവുമെല്ലാം ഒട്ടും ചേര്‍ച്ചയില്ലാതെ വന്‍‌ബഹളമായ് തോന്നി. ഒഴിവാക്കാമായിരുന്നു ഇത്.
വേണുഗോപാല്‍, മഞ്ജരി എന്നിവര്‍ പാടിയ ‘ഒരിക്കല്‍ നീ പറഞ്ഞു’, ജയചന്ദ്രന്റെ ശബ്ദത്തിലുള്ള ‘കണ്ട നാള്‍ മുതല്‍’ എന്ന ഗാനങ്ങള്‍ കൂടി യൂട്യൂബില്‍ കണ്ടു. ഞാന്‍ കണ്ട തിയേറ്ററില്‍ ‘കണ്ട നാള്‍ മുതല്‍’ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ നീ പറഞ്ഞു’ പല്ലവി മാത്രം കണ്ടു, ആലാപനത്തിലും, രചനയിലും ചിത്രീകരണത്തിലും മറ്റു ഗാനങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്ന ഇവ സിനിമയില്‍ ഒഴിവാക്കിയത് സിനിമയുടെ വേഗതയ്ക്കും യൂത്ത്‌മൂഡിനും വിഘാതമാവരുത് എന്നത് കൊണ്ടാണെന്ന് തോന്നുന്നു.

+ ക്യാമറ, എഡിറ്റിം‌ഗ് മറ്റു സാങ്കേതിക വശങ്ങള്‍
+ മുഷിപ്പിക്കാത്ത അവതരണം

+ പുതിയ മുഖങ്ങളുടെ ഫ്രെഷ്‌‌നെസ്സ്
+ ബഹളങ്ങളില്ലാത്ത കുറ്റാന്വേഷണം, ബഹളങ്ങളല്ലാത്ത സംഭാഷണങ്ങള്‍

x കുറേ കൂടി വിശ്വസനീയവും ശാസ്ത്രീയവുമാക്കാമായിരുന്ന കുറ്റാന്വേഷണരീതി
x ത്രില്ലറായ ചിത്രത്തിലെ ‘ത്രില്ലിം‌ഗ് മൊമെന്റ്‌സിന്റെ’ അഭാവം
x നീണ്ടു പോയ ആദ്യ പകുതി
x കോമഡിക്കായ് ഉണ്ടാക്കിയെന്ന പോലത്തെ ചില രംഗങ്ങള്‍

വാല്‍ക്കഷ്ണം: അടുത്തിടെ ഇറങ്ങിയ ഹിറ്റ് കുറ്റാന്വേഷണ ചിത്രങ്ങളായ ‘നാദിയ കൊല്ലപ്പെട്ട രാത്രി’, ‘ചിന്താമണി കൊലക്കേസ്’ തുടങ്ങിയവയേക്കാള്‍ എത്രയോ മെച്ചമാണ് ഈ ചിത്രം. കുറേ കൂടി പ്രീ-പബ്ലിസിറ്റിയുണ്ടായിരുന്നുവെങ്കില്‍ ഇതിലും നല്ല പ്രേക്ഷകപ്രതികരണം ലഭിച്ചേനെ, ആവശ്യത്തിന് മാത്രം ‘യുവത്വം വിളമ്പിയ‘ ബഹളങ്ങളില്ലാത്ത ഈ കൊച്ചു‌ചിത്രത്തിന്.

6 comments:

ദൃശ്യന്‍ | Drishyan said...

എസ്.എന്‍. സ്വാമി രചിച്ച് വി.കെ.പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് സാങ്കേതികമായ് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. 2+ മണിക്കൂര്‍ നേരം പ്രേക്ഷകരെ മുഷിപ്പിക്കാത്ത ഈ സിനിമ സംവിധായകന്റെ മുന്‍‌ചിത്രങ്ങളേക്കാള്‍ (പുനരധിവാസം എന്ന ആദ്യ ചിത്രമൊഴിച്ച്) ബഹുദൂരം മുന്നിലാണ്. പക്ഷെ ഒരു ‘റൊമാന്റിക്ക് ത്രില്ലര്‍‘ ആയി അദ്ദേഹം തന്നെ വിശേഷിപ്പിച്ച ചിത്രത്തില്‍ ത്രില്ലിം‌ഗ് മൊമെന്റ്‌സ് വളരെ കുറവാണ്. അതു തന്നെയാണ് ഈ സിനിമയുടെ പ്രധാനപോരായ്മയും.

പോ‍സിറ്റീവിന്‍‌റ്റെ കാഴ്ചകളുമായ് സിനിമാക്കാഴ്ച വീണ്ടും.

സസ്നേഹം
ദൃശ്യന്‍

Haree | ഹരീ said...

:)
ഇഷ്ടത്തിന്റെ പ്രശ്നമായിരിക്കാം. “എന്തിനിന്നു മിഴിനീരുതൂകിയഴകേ...” എന്ന ഗാനമാണ് എനിക്കേറെ ഇഷ്ടമായത്. അതിന്റെ ചിത്രീകരണവും നല്ല രസമായി തോന്നി. മറ്റു ഗാനങ്ങള്‍ ചിത്രത്തിന് ആവശ്യമാണെന്നു തന്നെ തോന്നിയില്ല, പക്ഷെ പാട്ടായി കേള്‍ക്കുവാന്‍ ഇഷ്ടം തോന്നുന്നവയാണ്.

ഒരു കുറ്റാന്വേഷണചിത്രം എന്നതില്‍ ഇതിനെ പെടുത്തേണ്ടതില്ലെന്നു തോന്നുന്നു. അങ്ങിനെ ചിന്തിച്ചാല്‍, ഇതൊരു മോശം സിനിമയാണെന്ന് പറയേണ്ടിവരും. ഒരു കഥ, അതില്‍ കുറ്റാന്വേഷണവും വരുന്നു എന്നു കരുതിയാല്‍ തരക്കേടില്ലാത്ത ഒന്നായി കൂട്ടാം.

...വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.”, അതുപോലെയുണ്ടല്ലോ “...കാഴ്ചകളുമായ് സിനിമാക്കാഴ്ച വീണ്ടും.” ;)
--

നൊമാദ്. said...

ദൃശ്യന്‍ ഒരു കാര്യമുണ്ട്. പുനരധിവാസം, ഫ്രീക്കി ചക്ര എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം വി കെ പി ചെയ്ത ചിത്രങ്ങള്‍( മുല്ലവള്ളി, പോലീസ്, മൂന്നമതൊരാള്‍, +വ്) എല്ലാം ഒരേ ജനുസ്സില്‍ പെടുന്നതാണ് എന്ന് വേണമെങ്കില്‍ പറയാം.പുതു സിനിമ ഇങ്ങനെയൊക്കെയാണ് , പ്രേക്ഷകര്‍ ഇതൊക്കെയാണ് ആഗ്രഹിക്കുന്നത് എന്നൊരു തോന്നല്‍ അദ്ദേഹത്തിന് ഉണ്ടെന്ന് തോന്നുന്നു. പരസ്യചിത്രങ്ങളുടെയും, ആല്‍ബങ്ങളുടേയും സ്വാധീനത്തില്‍ നിന്ന് വിട്ടു എന്നും പറയാനാകുമോ +വ്. ഒരു ഗാനം മുഴുവന്‍ ക്രോമയില്‍ ചെയ്തതും കണ്ടു.

പുനരധിവാസം പോലെ മനുഷ്യനു ഇഷ്ടമാവുന്ന ഒരു സിനിമ അദ്ദേഹം ചെയ്തെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു.

Geethu said...

Thanks for the review....
Unfortunately the movie got released in small centers and most of those theatre owners didn't have any clue about the quality of the movie....Many of them changed the movie within a week....Most of my classmates who watched the movie gave positive opinion but lack of any publicity (lack of good theatres and distributors) pretty much killed a decent movie.I am very sure the movie might have done 100 days if it came it Tamil or Telugu.

ശ്രീ said...

മോശമല്ലാത്ത അഭിപ്രായമാണ് കേട്ടത്.

ദൃശ്യന്‍ | Drishyan said...

ഹരീ, ഞാന്‍ കണ്ട തിയേറ്ററില്‍ മറ്റു പാട്ടുകളുണ്ടായിരുന്നില്ല. അതു കൊണ്ടാവാം ആ പാട്ടുകള്‍ കൂടുതലിഷ്ടപ്പെട്ടത്.കഥയില്‍ വരുന്ന കുറ്റാന്വേഷണം എന്ന രീതിയില്‍ കുഴപ്പമില്ല. പിന്നെ ഈ സിനിമയെ അണിയറപ്രവര്‍ത്തകര്‍ പ്രൊജക്ട് ചെയ്തത് ത്രില്ലര്‍ എന്ന രീതിയിലായിരുന്നു. കമന്‍‌റ്റ് ചിത്രവിശേഷത്തെ പോലെയുണ്ടെന്ന് എനിക്കുമിപ്പോഴാ തോന്നിയത്. :-)

നൊമാദ്, പ്രകാശിന്‍‌റ്റെ ഗ്രാഫ് മുകളില്‍ നിന്ന് താഴോട്ട് പോവുകയായിരുന്നു. മുന്‍‌ചിത്രത്തില്‍ നിന്ന് അത് മുകളിലേക്കുയരുന്നതിന്‍‌റ്റെ ആദ്യപടിയായിരിക്കട്ടെ പോസിറ്റീവ് എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഞാന്‍ കണ്ട തിയേറ്ററില്‍ ‘ആല്‍ബം’ മാതിരിയുള്ള രംഗങ്ങള്‍ ഇല്ലായിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം അതെല്ലാം വെട്ടി മാറ്റി കാണണം.

സസ്നേഹം
ദൃശ്യന്‍