Friday, January 2, 2009

ഗജിനി: പ്രണയനഷ്ടത്തിന്‍‌റ്റെ വികാരവിക്ഷോഭം

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഏ ആര്‍ മുരുകദാസ്
നിര്‍മ്മാണം: മധു മാന്തേന, ടാഗോര്‍ മധു, അല്ലു അരവിന്ദ്
അഭിനേതാക്കള്‍: ആമിര്‍ ഖാന്‍, അസിന്‍, പ്രദീപ് റാവത്ത് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 25 ഡിസംബര്‍‍‍‍, 2008
സിനിമ കണ്ടത്: 25 ഡിസംബര്‍‍‍‍, 2008 @ കൈരളി 2:30PM, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.98@ 10




ആമീര്‍ ഖാന്‍ എന്ന വിലകൂടിയ ബോളിവുഡ്ഡ് ബ്രാന്‍ഡില്‍ 2005-ലെ വമ്പന്‍ ഹിറ്റുകളിലൊന്നായ തമിഴ്-തെലുങ്ക് ചിത്രമായ ‘ഗജിനി‘യുടെ അതേ പേരിലുള്ള ഹിന്ദി പതിപ്പ് കൃസ്തുമസ്സ് ദിനത്തില്‍ തിയറ്ററുകളില്‍ എത്തി. രചയിതാവ്, സംവിധായകന്‍, നായിക, വില്ലന്‍ എന്നിവയില്‍ യാതൊരു മാറ്റങ്ങളില്ലാതെയാണ് ഈ വന്‍ബഡ്‌ജറ്റ് ചിത്രം കാണികളെ തേടിയെത്തിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത മെമെന്റോ (Memento) എന്ന ഹോളിവുഡ്‌ചിത്രത്തില്‍ നിന്നും പ്രചോദനം കൊണ്ട മുന്‍‌പതിപ്പിന്റെ അതേ ഇം‌പാക്ട് നില‌നിര്‍ത്താന്‍ അണിയറശില്പികള്‍ക്ക് ഇവിടെ കഴിഞ്ഞിട്ടുണ്ട്.

തമിഴ് പതിപ്പ് കാണാന്‍ അവസരം ലഭിച്ച – കണ്ട – പ്രേക്ഷകര്‍ക്ക് മുന്നില്‍ ‘ഗജിനി’യുടെ കഥയും തിരക്കഥയും സംവിധായകമികവും ചര്‍ച്ച ചെയ്യുന്നത് ഒരു അനാവശ്യശ്രമമാണ് എന്ന് ബോധ്യമുള്ളതിനാല്‍ അതിന് മുതിരുന്നില്ല. ഗജിനിയുടെ തമിഴ് പതിപ്പ് കണ്ടവര്‍ ഹിന്ദി പതിപ്പിനെ അതുമായ് താരതമ്യപ്പെടുത്തുന്നത് സ്വാഭാവികം. ക്ലൈമാക്സ് ഒഴിച്ചുള്ള രംഗങ്ങളെല്ലാം തമിഴ് പതിപ്പിന്റെ ലൈന്‍-ബൈ-ലൈന്‍ പകര്‍പ്പാണ് എന്നതിനാല്‍ പുതിയ കാഴ്ചയില്‍ ഇത്തിരി വലിച്ചില്‍ അനുഭവപ്പെടുന്നു. പ്രണയനഷ്ടത്തിന്റെ വികാരവിക്ഷോഭങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സൂര്യ ഒന്നു കൂടെ മികച്ച് നില്‍കുന്നു. മറവിയുടെ തിരിച്ചറിവുകള്‍ നായകനിലുണ്ടാക്കുന്ന മാനസികപരിവര്‍ത്തനങ്ങള്‍ ആമിറിന്റെ അമിതാഭിനയത്തില്‍ കലാശിക്കുന്നതായ് കാണാം. പാതി വെന്ത ഇന്‍‌സ്പെക്ടര്‍ കഥാപാത്രം അതേപടി പുനരാവിഷ്ക്കരിച്ചത് തിരക്കഥാക്കൃത്ത് കൂടിയായ സംവിധായകന്റെ പിടിപ്പ്‌കേടാണ്. സ്റ്റീരിയോ ടൈപ്പ് മുഖഭാവങ്ങള്‍ പ്രകടിപ്പിക്കുക എന്നതില്‍ കവിഞ്ഞ് റിയാസ് ഖാന് ചെയ്യാന്‍ ഒന്നും തന്നെയില്ല. തമിഴിലേതെന്ന പോലെ അസിന്‍ വരുന്ന ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ രസകരമാണ്. ആകര്‍ഷണീയമായ ഒരു കൌതുകമുണ്ട് അസിന്റെ കഥാപാത്രത്തിനും അഭിനയത്തിനും. ജിയ ഖാന്‍ പ്രേക്ഷകനില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല (നയന്‍‌താര വളരെ ഭേദമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു). തമിഴ് പതിപ്പില്‍ കഥയുടെ പിരിമുറുക്കത്തിന് വിഘാതമായ് വര്‍ത്തിച്ച ചില ഗാനരംഗങ്ങള്‍ ഇതില്‍ വെട്ടിചുരുക്കിയിരിക്കുന്നു എന്നത് ആശ്വാസകരം.

പ്രസൂണ്‍ ജോഷി - ഏ.ആര്‍. റഹ്‌മാന്‍- ടീമിന്റെ ഗാനങ്ങള്‍ ശ്രവണസുഖമുള്ളതാണ്. കൂട്ടത്തില്‍ ‘ഗുസാറിഷ്...’, ‘ബെഹ്‌കാ യെ ബെഹ്‌കാ...’, ‘കൈസെ മുഝെ...’ തുടങ്ങിയ ഗാനങ്ങള്‍ മികച്ച് നില്‍കുന്നു. ‘ഗുസാറിഷി‘ന്റെ ചിത്രീകരണം നയനസുന്ദരമാണ്. അഹ്‌മദ് ഖാന്റെ കോറിയോ‌ഗ്രഫിയും രവി.കെ.ചന്ദ്രന്റെ ഛായാഗ്രഹണവും ആന്റണിയുടെ ചിത്രസംയോജനവും റെസുല്‍ പൂക്കുട്ടിയുടെ ശബ്ദലേഖനവും സിനിമയോട് ചേരും പടി നില്‍കുന്നു. പ്രേക്ഷകര്‍ക്ക് സിനിമയിലുള്ള ആവേശവും പ്രതീക്ഷയും പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ രാഹുല്‍ നന്ദ-ഹിമാന്‍ഷു നന്ദ ടീമിന്റെ പബ്ലിസിറ്റി ഡിസൈന്‍സും ഏറെ സഹായിച്ചിട്ടുണ്ട്.
രണ്ട് ഭാഷകളില്‍ വിജയിച്ച ഒരു തിരക്കഥ നല്‍കുന്ന ആത്മവിശ്വാസം സംവിധായകന്റെ ആശ്വാസമാകുന്നു. അതിനാല്‍ വലിയ അധ്വാനമൊന്നുമില്ലാതെ പറയാനുള്ളത് പറയാന്‍ മുരുകദാസിനായിരിക്കുന്നു.

‘ഗജിനി‘ എന്നാല്‍ എന്തെന്ന് തമിഴ്‌പതിപ്പില്‍ പറഞ്ഞിരുന്നില്ല. ലക്ഷ്മണ്‍ എന്ന് പേരുണ്ടായിരുന്ന തമിഴ്വില്ലന്റെ പേര് ഹിന്ദിയില്‍ ഗജിനി എന്നായ് മാറ്റിയിരിക്കുന്നു. വില്ലന്റെ പേര് സിനിമയ്ക്കിടുന്നത് മലയാളികള്‍ കണ്ടത് ‘കാസര്‍കോട് കാദര്‍ഭായി’യിലാണ്. മൂന്നാം നിര നായകന്മാരുള്ള സിനിമയ്ക്ക് അത് ഒരു പ്രശ്‌നമല്ല. എന്നാല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ ആ റിസ്കെടുക്കാന്‍ ആരെങ്കിലും തയ്യാറാകുമെന്ന് നമ്മള്‍ സ്വപ്നത്തില്‍ പോലും കരുതിയതല്ല. അതും ഒരു ബോളിവുഡ് ചിത്രത്തില്‍. ആ അപായഹേതു തുലോം വകവെയ്ക്കാതെ നടപ്പിലാക്കിയ ഗജിനിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ദൃശ്യന്റെ വക അഭിനന്ദനങ്ങളുടെ ഒരു മണമുള്ള പൂച്ചെണ്ട്!

+ ആമിര്‍ഖാന്‍, അസിന്‍
+ ഗാനങ്ങള്‍, ഗാനചിത്രീകരണം
+ ക്ലൈമാക്സ്

x വിശദീകരണം ആവശ്യപ്പെടുന്ന നായകന്റെ പരിണാമം
x ചില രംഗങ്ങളിലെ ആമിര്‍ഖാന്റെ അമിതാഭിനയം
x പാതി വെന്ത റിയാസ്‌ഖാന്റെ കഥാപാത്രം
---------------------------------------------------------------------------------------------------------------------------------------

8 comments:

salil | drishyan said...

ആമീര്‍ ഖാന്‍ എന്ന വിലകൂടിയ ബോളിവുഡ്ഡ് ബ്രാന്‍ഡില്‍ 2004-ലെ വമ്പന്‍ ഹിറ്റുകളിലൊന്നായ തമിഴ്-തെലുങ്ക് ചിത്രമായ ‘ഗജിനി‘യുടെ അതേ പേരിലുള്ള ഹിന്ദി പതിപ്പ് കൃസ്തുമസ്സ് ദിനത്തില്‍ തിയറ്ററുകളില്‍ എത്തി. രചയിതാവ്, സംവിധായകന്‍, നായിക, വില്ലന്‍ എന്നിവയില്‍ യാതൊരു മാറ്റങ്ങളില്ലാതെയാണ് ഈ വന്‍ബഡ്‌ജറ്റ് ചിത്രം കാണികളെ തേടിയെത്തിയിരിക്കുന്നത്. മുന്‍‌പതിപ്പിന്റെ അതേ ഇം‌പാക്ട് നില‌നിര്‍ത്താന്‍ അണിയറശില്പികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സസ്നേഹം
ദൃശ്യന്‍

e-Pandithan said...

കണ്ടു ഇഷ്ടപ്പെട്ടു
അഭിപ്രായം : കൊല്ലം നല്ല പടം

ഇആര്‍സി - (ERC) said...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

Siju | സിജു said...

അപ്പോ കോപ്പിയുടെ ഫോറ്റോസ്റ്റാറ്റ് കോപ്പി

Haree said...

:-)
ജിയ ഖാന്റെ അഭിനയമാണ് നയന്‍‌താരയുടേതിനേക്കാള്‍ മികച്ചതായി എനിക്കു തോന്നിയത്. ഗാനങ്ങളൊന്നും അത്രയ്ക്ക് ഇഷ്ടമായില്ല; പ്രത്യേകിച്ചും തമിഴ് ഗജനിയിലെ ഗാനങ്ങള്‍ ഓര്‍ക്കുമ്പോള്‍...

അതുശരി. തമിഴില്‍ ‘ഗജനി’ എന്താണെന്ന് പറഞ്ഞിരുന്നില്ലേ? ഇനി ആ വാക്കിന്റെ അര്‍ത്ഥമെന്താണ്? Memento ഞാന്‍ കണ്ടതല്ല. കണ്ടിരുന്നോ?
--

salil | drishyan said...

ഇആര്‍സി, ഇ-പണ്ഡിതാ, നന്ദി.
അതു തന്നെ സിജൂ.
ഹരീ, ജിയ ഖാന്‍ അന്തോ അഭിനയിക്കാന്‍ പാട് പെടുന്നതായാണെന്ന് എനിക്ക് തോന്നിയത്. സംവിധായകന്‍ വരച്ച വരയില്‍ നിര്‍ത്തിയ പോലെ തോന്നി. അമിതാഭിനയം വക വെച്ച് തരുന്ന ഫോര്‍മാറ്റുള്ള ഒരു സിനിമ എന്ന നിലയില്‍ നയന്‍‌താരയ്ക്കുള്ള സ്ക്രീന്‍ പ്രസന്‍സ് (ഐറ്റം ഡാന്‍‌സോ ഗ്ലാമറോ അല്ല ഉദ്ദേശിച്ചത്) ജിയക്ക് സിനിമയില്‍ ഉണ്ടായികണ്ടില്ല. പക്ഷെ നായകനുമായുള്ള റിലേഷണ്‍‌ഷിപ്പ് ഹിന്ദിയില്‍ കുറച്ച് കൂടി റിയലിസ്റ്റിക്ക് ആണ്. ഗാനങ്ങള്‍ എനിക്കിഷ്ടപ്പെട്ടു, പ്രത്യേകിച്ചും വീണ്ടും കേള്‍ക്കുമ്പോള്‍. പക്ഷെ കൂടുതല്‍ ഇഷ്ടം തമിഴിലേത് തന്നെ. തമിഴില്‍ വില്ലന്റെ പേര്‍ ലക്ഷ്മണ്‍ എന്നായിരുന്നു. മെമെന്റോ ഞാന്‍ പണ്ടേ കണ്ടിരുന്നു. James Berardinelli [http://www.reelviews.net/movies/m/memento.html] 4സ്റ്റാര്‍ കൊടുത്ത പടങ്ങള്‍ തിരഞ്ഞ് പിടിച്ച് കാണുന്ന ഒരു കാലം ഉണ്ടായിരുന്നു, അങ്ങനെ ഒത്ത് കിട്ടിയതാണത്.

സസ്നേഹം
ദൃശ്യന്‍

രായപ്പന്‍ said...

നല്ല റിവ്യൂ...

VIPIN DAS said...

hindi gajini tamil gajiniyekkal far far better ayirunu.. athu tamil cheythathinte experiencil better ayennu thonnamenkilum.. satyathil amirkhan touch athil und... sherikkum suryayude abhinayathekkal enthu kondu amirkhan nannayi cheythirikkunnu...suryayude athibhavukathwam amirinu illayirunu especially hospital scenes nd all..music nd lyrics kadha sandharbathinu anuyogyamaya reethiyil ettavum touching aya oru hindi cinema koodiyanu gajini ennu thonnunnu... guzarish enna pattile drishyangal mathram sradhicha suhruthe athile lyricsum musicum athilere manoharamayirunnu... its a complete movie.. compare to tamil version i vl give tripple extra marks to hindi...