Tuesday, April 7, 2009

2 ഹരിഹര്‍നഗര്‍: തെറ്റാത്ത ഉന്നം!

റിലീസിംഗ് തിയ്യതി: 3 ഏപ്രില്‍, 2009
സിനിമ കണ്ടത്: 3 ഏപ്രില്‍, 2009 @ സംഗീത്, ബാംഗ്ലൂര്‍


മലയാളസിനിമയില്‍ പരാജയത്തിന്റെ കയ്പുനീര്‍ അധികമനുഭവിച്ചില്ലാത്തവരാണ് സിദ്ദിക്കും ലാലും. മിമിക്രിവേദിയില്‍ നിന്ന് ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായ് തിളങ്ങിയ ഇവരുടെ മിക്ക സിനിമകളും, സിനിമകളിലെ കഥാപാത്ര-സന്ദര്‍ഭ-സംഭാഷണങ്ങളുംമലയാളസിനിമാപ്രേക്ഷകര്‍ക്കും മന:പാഠമാണ്. 1989ലിറങ്ങിയ റാംജിറാവു സ്പീക്കിംഗ് മുതല്‍ 1993-ലെ മാന്നാര്‍മത്തായി സ്പീക്കിംഗ് വരെ ഒരുമിച്ച സംവിധായകജോഡികള്‍ വേര്‍പിരിഞ്ഞപ്പോള്‍ പിന്നെ വന്ന സിദ്ദിക്ക് പടങ്ങള്‍ നമ്മെ അത്രക്കധികം രസിപ്പിക്കാഞ്ഞവയായിരുന്നു (അവയില്‍ മിക്കതും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിട്ടുണ്ടെങ്കിലും!). ഹിറ്റ്‌ലറിലും ഫ്രണ്ട്സിലും ക്രോണിക് ബാച്ചിലറിലും മലയാളത്തിന് കൃത്രിമമായതെന്തോ ഉണ്ടായിരുന്നു. അഭിനയവും നിര്‍മ്മാണവും വിതരണവുമായി ട്രാക്ക് മാറി നടന്ന ലാലിന്റെ അസാന്നിധ്യമാണതിന് കാരണമെന്ന് നമ്മളില്‍ ചിലരെങ്കിലും ‘വിശ്വസിച്ചു‘. അത് കൊണ്ട് തന്നെ 1990-ലെ സൂപ്പര്‍ ഹിറ്റായ ഇന്‍ ഹരിഹര്‍നഗറിന്റെ രണ്ടാം ഭാഗത്തില്‍ ലാല്‍ രചയിതാവും സംവിധായകനുമായ് തിരിച്ച് വരുന്നു എന്ന വാര്‍ത്ത പ്രേക്ഷകന് ‘പ്രതീക്ഷ‘യുളവാക്കുന്നതായിരുന്നു - പ്രത്യേകിച്ചും വൃത്തിയുള്ള തമാശചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്. നമ്മുടെ ഈ വിശ്വാസവും പ്രതീക്ഷയും കാക്കുന്നതില്‍ വലിയൊരളവു വരെ ലാല്‍ വിജയിച്ചിരിക്കുന്നു എന്ന് ‘ടു ഹരിഹര്‍ നഗര്‍’ പറയുന്നു. ഉന്നം മറന്ന് തെന്നി പറന്ന നാന്‍‌വര്‍ സംഘം രണ്ടാം വരവിലും പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ രസിപ്പിച്ച് കാശു വാരുക എന്ന ലാലിന്റെ ഉന്നം തെറ്റിയിട്ടില്ല! പക്ഷെ ‘റാംജിറാവ് സ്പീക്കിംഗ്’ തുടങ്ങിവെച്ച ‘ഒരു കൂട്ടം സുഹൃത്തുക്കള്‍, ഒരു ദിവസം ഒരു സംഭവം, തുടര്‍ന്ന് പ്രശ്നങ്ങള്‍, കൂട്ടയോട്ടം’ എന്ന മട്ടിലുള്ള പടങ്ങളുടെ ശ്രേണിയിലേക്ക് ഒന്നു കൂടി എന്നതില്‍ കവിഞ്ഞ് ഒന്നും തന്നെ പ്രേക്ഷകന് നല്‍കാന്‍ ലാലിനും ടീമിനും കഴിഞ്ഞിട്ടില്ല.

കഥാസംഗ്രഹം:
പുതിയ പതിപ്പിന്റെ ആരംഭത്തില്‍ ‘ഇന്‍ ഹരിഹര്‍നഗറില്‍‘ നിന്നും 10വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ‘ടു ഹരിഹര്‍നഗറിലെ’ മഹാദേവനും തോമസുകുട്ടിയും ഗോവിന്ദന്‍‌കുട്ടിയും അപ്പുക്കുട്ടനും നില്‍കുന്നത്. ത്രിമൂര്‍ത്തിസംഘത്തിലേക്കുള്ള തോമസ്സ്കുട്ടിയുടെ വരവോട് കൂടിതുടങ്ങുന്ന സിനിമ പിന്നെ വന്നു നില്‍കുന്നത് ഇന്നാണ് - ‘ഇന്‍ ഹരിഹര്‍നഗറില്‍’ നിന്നും 18 വര്‍ഷങ്ങള്‍ക്ക് ശേഷം. മഹാദേവനും ഗോവിന്ദന്‍‌കുട്ടിയും അപ്പുക്കുട്ടനും ഇന്ന് ഉത്തരവാദിത്തബോധമുള്ള ജോലിയും കൂലിയുള്ള കുടുംബസ്ഥരാണ്. തോമസ്സ്കുട്ടി ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കാനുള്ള ആദ്യപടിയായ് ഒരു ഇണയെ കണ്ടെത്തി ഇരിക്കുകയാണ്. അവന്റെ മനസ്സമ്മതം കൂടാന്‍ എല്ലാരും കൂടി ഹരിഹര്‍ നഗറില്‍ ഒത്ത് കൂടുന്നു. യൌവനത്തിന്റെ പഴയ തട്ടകത്തിലെത്തിയ അവര്‍ ഒരു തീരുമാനത്തിലെത്തുന്നു - തോമസ്സ്കുട്ടിയുടെ കല്യാണത്തിന് മുന്‍പുള്ള ഏതാനും ദിവസങ്ങള്‍ പഴയപോലെ ആസ്വദിക്കുക! ‘ഉന്നം മറന്ന് തെന്നി പറന്ന് ‘ നടക്കുന്ന അവരുടെ ഇടയിലേക്ക് മായ എന്ന ‘ഏകാന്തചന്ദ്രിക’(ലക്ഷ്മി റായ്) കടന്ന് വരുന്നു. അതോടെ അതീവസുന്ദരമായ ദിവസങ്ങളിലൊന്നില്‍ തോമസ്സ്കുട്ടിയെ കാണാതാവുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിതസംഭവങ്ങങ്ങളാണ് ‘2 ഹരിഹര്‍ നഗര്‍’ പറയുന്നത്.

അഭിനയം, സാങ്കേതികം:

ആദ്യപതിപ്പില്‍ നിന്നും വ്യത്യസ്തമായി ഒന്നും തന്നെ മുകേഷിനും അശോകനും സിദ്ദിക്കിനും ജഗദീശിനും ചെയ്യേണ്ടതായില്ല. അതു കൊണ്ട് തന്നെ തങ്ങളെ ഏല്പിച്ച കഥാപാത്രങ്ങള്‍ അവര്‍ തരക്കേടില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ലക്ഷ്മി റായിയുടെ മായയെ നാം അധികകാലമൊന്നും ഓര്‍ത്തിരിക്കാനിടയില്ല. സിനിമയിലെ ഏറ്റവും ബോറടിപ്പിക്കുന്ന നിമിഷങ്ങല്‍ സലീംകുമാറും
അറ്റ്ലസ് രാമചന്ദ്രനും സ്ക്രീനില്‍ പ്രത്യക്ഷമാവുന്നവയാണ്. ജനാര്‍ദ്ദനന്റെ പള്ളിയിലച്ചന്‍, കൊച്ചുപ്രേമന്റെ അപ്പച്ചന്‍, അപ്പാഹാജയുടെ പോലീസ്, രോഹിണിയുടെ മിസ്സിസ്സ് മഹാദേവന്‍, ലെനയുടെ മിസ്സിസ്സ് ഗോവിന്ദങ്കുട്ടി, റീനാ ബഷീറിന്റെ മിസ്സിസ്സ് അപ്പുക്കുട്ടന്‍, വിനീതിന്റെ ശ്യാം എന്നീ വേഷങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. വില്ലനായ് വരുന്ന സുദീപ് തോ തരക്കേടില്ല എന്ന് മാത്രം.

‘ഇന്‍ ഹരിഹര്‍ നഗര്‍‘ അടക്കം ഒരുപാട് സിനിമകളില്‍ നാം കണ്ട് മടുത്ത കഥ തന്നെയാണ് ലാല്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അതും കണ്ട് രസിച്ച അതേ കഥാപാത്രങ്ങളിലൂടെ. സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും അവതരണവും പരിചിതം. എന്നീട്ടും ഈ രണ്ടാം വരവിലും ഈ ‘ഫോര്‍‌മൂത്രികള്‍’ നമ്മെ രസിപ്പിക്കുന്നു - ദ്വയാര്‍ത്ഥപ്രയോഗങ്ങളില്ലാതെ! (ഒരുപാട് ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിക്കുന്നതെങ്കിലും) ഊഹിക്കാനാവാത്ത ക്ലൈമാക്സ് സിനിമയുടെ വ്യത്യസ്തതയാവുന്നു. രചയിതാവ് കൂടിയായ സംവിധായകന്‍ ലാലിന് അത്രയും അഭിമാനിക്കാം.

ബിച്ചു തിരുമലയും അലക്സ് പോളും ചേര്‍ന്ന് കൈകാര്യം ചെയ്ത സംഗീതമേഖല ശുഷ്കമാണ്. ‘ഉന്നം മറന്ന്’, ‘ഏകാന്തചന്ദ്രിക’ എന്നീ ഗാനങ്ങള്‍ പഴയ മട്ടില്‍ തന്നെ കേള്‍ക്കാനാവും ആരുമിഷ്ടപ്പെടുക.
സിനിമയുടെ തടസ്സമില്ലാത്ത കാഴ്ചയ്ക്ക് ഏറെ സഹായകമായ വേണുവിന്റെ ഛായാഗ്രഹണവും വി.സാജന്റെ ചിത്രസംയോജനവും മികച്ചതാണ്. പ്രശാന്തിന്റെ കലാസംവിധാനം സിനിമയുടെ മൂഡിന് ചേര്‍ന്നത് തന്നെ. മാഫിയാ ശശിയുടെ സംഘട്ടനം മുഷിപ്പിക്കുന്നില്ല. എസ്.ബി.സതീശിന്റെ വസ്ത്രാലങ്കാരവും പി.എന്‍.മണിയുടെ മേക്കപ്പും മുഖ്യകഥാപാത്രങ്ങളെ കോമാളികളായ് ചിത്രീകരിച്ചിരിക്കുന്നു. ‘കാക്ക തൂറി’ എന്ന് പറയുന്ന യുവാക്കളില്‍ നിന്നും നാല്പതുകളിലെത്തിയ കഥാപാത്രങ്ങള്‍ 60കളിലെ സിനിമകളില്‍ കാണുന്ന പോലെയുള്ള വിഗ്ഗും കൃത്രിമകൃതാവുമെല്ലാം ഫിറ്റ് ചെയ്ത് വന്നാല്‍ - അത് എന്തിന്റെ പേരിലായാലും - ദഹിക്കാനിത്തിരി ബുദ്ധിമുട്ടാണ്. സംവിധായകന്റെ ഇത്തിരി കൂടുതല്‍ ശ്രദ്ധ ഈ മേഖലയിലുണ്ടായിരുന്നെങ്കിലെന്ന് സിനിമ കണ്ട ആരും കൊതിച്ച് പോവും. സുനില്‍ ഗുരുവായൂരിന്റെ സ്റ്റില്‍‌സ് സാബൂ കൊളോണിയയുടെ ഡിസൈന്‍ എന്നിവ സിനിമ കാണാനുള്ള പ്രേക്ഷകന്റെ മോഹം ഇരട്ടിപ്പിക്കാനുതകുന്നതാണ്.


+ ദ്വയാര്‍ത്ഥസംഭാഷങ്ങളില്ലാത്ത കോമഡി
+ ഒഴുക്കുള്ള തിരക്കഥ, മുഷിപ്പിക്കാത്ത അവതരണം


x ഗാനങ്ങള്‍
x പുതുമയില്ലാത്ത കഥ, കഥാസന്ദര്‍ഭങ്ങള്‍
x സലീം കുമാര്‍, അറ്റ്ലസ് രാമചന്ദ്രന്‍

വാല്‍ക്കഷ്ണം: (താഴെ നക്ഷത്രങ്ങള്‍ക്കിടയിലെ വാചകം ചിലര്‍ക്ക് കഥയിലെ ട്വിസ്റ്റിലേക്കുള്ള ചൂണ്ടുപലകയായ് തോന്നിയേക്കാം; വായിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ ഭാഗം ഹൈ‌ലൈറ്റ് ചെയ്തു വായിക്കുക)
***സിനിമ കണ്ട് കഴിഞ്ഞപ്പോല്‍ ഒരു സംശയം - ഒരു സ്പോടനമുണ്ടായാല്‍ എല്ലാവരും മരിച്ചു എന്ന് വിശ്വസിച്ച് ‘റ്റാറ്റാ’ പറഞ്ഞ് പോവാന്‍ മാത്രം വിഡ്ഢികളാണോ ലാലിന്റെ കഥാപാത്രങ്ങളും അവര്‍ക്ക് ചുറ്റുമുള്ളവരും?! അതും ഒന്നല്ല രണ്ട് വട്ടം!!***

*---------------------------------------------*----------------------------------------*

19 comments:

salil | drishyan said...

ഉന്നം മറന്ന് തെന്നി പറന്ന നാന്‍‌വര്‍ സംഘം രണ്ടാം വരവിലും പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ രസിപ്പിച്ച് കാശു വാരുക എന്ന ലാലിന്റെ ഉന്നം തെറ്റിയിട്ടില്ല! പക്ഷെ ‘റാംജിറാവ് സ്പീക്കിംഗ്’ തുടങ്ങിവെച്ച ‘ഒരു കൂട്ടം സുഹൃത്തുക്കള്‍, ഒരു ദിവസം ഒരു സംഭവം, തുടര്‍ന്ന് പ്രശ്നങ്ങള്‍, കൂട്ടയോട്ടം’ എന്ന മട്ടിലുള്ള പടങ്ങളുടെ ശ്രേണിയിലേക്ക് ഒന്നു കൂടി എന്നതില്‍ കവിഞ്ഞ് ഒന്നും തന്നെ പ്രേക്ഷകന് നല്‍കാന്‍ ലാലിനും ടീമിനും കഴിഞ്ഞിട്ടില്ല.

ലാല്‍ സംവിധാനം ചെയ്ത 2 ഹരിഹര്‍‌നഗറിന്റെ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍

വിന്‍സ് said...

താങ്ക്സ്....റിവ്യൂ എഴുതുമ്പോള്‍ തീര്‍ച്ച ആയും ക്ലൈമാക്സും, ക്ലൈമാക്സ് കണ്ടതിനു ശേഷം താങ്കള്‍ക്കുള്ള സംശയങ്ങളും ഇനിയും എഴുതുമല്ലോ അല്ലേ. ആരെയും നിരാശപ്പെടുത്തരുത്.

salil | drishyan said...

പ്രിയപ്പെട്ട വിന്‍സ്,

ഇതില്‍ ക്ലൈമാക്സ് എവിടെയാണ് എഴുതിയിരിക്കുന്നത്? “ബോംബ് പൊട്ടി’ എന്ന് വായിച്ചാലുടനെ ക്ലൈമാക്സ് എന്തെന്ന് മനസ്സിലാക്കാന്‍ മാത്രം ദിവ്യദൃഷ്ടി പ്രേക്ഷകര്‍ക്കുണ്ടോ?

സസ്നേഹം
ദൃശ്യന്‍

ശ്രീ said...

എങ്കിലും ഇത്തരം ഒരു വിജയം മലയാള സിനിമാ ചരിത്രത്തില്‍ അടുത്തെങ്ങും ഉണ്ടായിട്ടില്ല എന്നാണല്ലോ പറയപ്പെടുന്നത്. അത് സിനിമാലോകത്തിന് ഒരു നല്ല വാര്‍ത്ത തന്നെ അല്ലേ മാഷേ?

എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം എന്ന നിലയ്ക്ക് റേറ്റിങ്ങ് കുറഞ്ഞു പോയോന്നൊരു സംശയം :)

Anonymous said...

kalakkan review..super
-Vipin

പേടിത്തൊണ്ടന്‍ said...

ലവളില്ലേലും പ്ലാന്‍ പൊട്ടില്ലല്ലോ.. അപ്പൊ പിന്നെ ലവളെന്തിനാ..(പടം പൊട്ടുമായിരിക്കും)
ലവളൊള്ളതു കൊണ്ടല്ലേ പ്ലാന്‍ പൊട്ടിയതും? ആദ്യമേ ഇത്രേമൊക്കെ പ്ലാന്‍ ചെയ്യാനൊക്കെ ലവനു പറ്റിയോ?

Eccentric said...

mukesh and sidhique nte make up enikkum boraayi thonni.
Chetaa, ithil ippo aa bomb nte kadha vendiyirunnilla.njaanini padam kaanaan pokumpo bomb kaanumpozhe ithoke orma varum.

Unknown said...

മാഷേ...
മാന്നാര്‍ മത്തായി സ്പീക്കിംഗ് മാണി സി. കാപ്പന്റെ പടമാണേ...

നിഷാന്ത് said...

Dear Kannan,
It is not a "Mani c kappan movie" even though its title says that!

You can take my word for that coz I've seen Siddique directing that movie and 'the director' was no where around !!!

salil | drishyan said...

കണ്ണന്‍, നിഷാന്ത്,
“1989ലിറങ്ങിയ റാംജിറാവു സ്പീക്കിംഗ് മുതല്‍ 1993-ലെ മാന്നാര്‍മത്തായി സ്പീക്കിംഗ് വരെ ഒരുമിച്ച സംവിധായകജോഡികള്‍“ എന്നത് കൊണ്ട് അവരൊരുമിച്ച് കണ്‍‌സീവ് ചെയ്ത പടങ്ങള്‍ എന്നാണുദ്ദേശിച്ചത്. മാന്നാര്‍മത്തായിയുടെ സംവിധാനം (ടൈ‍റ്റില്‍‌പ്രകാരം) അവരല്ലെന്ന് അറിയാം. തമാശയെന്താണെന്ന് വെച്ചാല്‍ “സംവിധാനം മാണി.സി.കാപ്പന്‍” എന്ന് എവിടെയുമെഴുതാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല എന്നതാണ്.

നന്ദി ശ്രീ,
“ഇതു വരെയില്ലാത്ത വിജയം” എന്ന അവകാശവാദവുമായ് ഇതിനും മുന്‍പ് ഒരുപാട് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിനാല്‍ ആ വാചകത്തിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. പിന്നെ, ഈ സിനിമ വിജയമാകുന്നു എന്നത് “അപ്രതീക്ഷിതമല്ലെങ്കിലും” സന്തോഷമുളവാക്കുന്നതാണ്. ഇതിലും സന്തോഷം എനിക്ക് തോന്നിയത് റെഡ് ചില്ലീസും ലൌ ഇന്‍ സിംഗപ്പോറും പൊട്ടിയപ്പോഴാണ്! ‘എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം‘ എന്ന രീതിയലല്ല സിനിമയെ ഞാന്‍ സമീപ്പിക്കുന്നത് എന്നത് കൊണ്ടാവാം റേറ്റിംഗ് കുറഞ്ഞ് പോയത്.

നന്ദി വിപിന്‍.

പേടിത്തൊണ്ടാ... :-) സിനിമ കാണാത്തവരെ മാനിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല.

എക്സെണ്ട്രിക്കേ സൂചനകള്‍ക്ക് സോറി. അതെല്ലാം ഒന്ന് ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. സിനിമ കണ്ടു നോക്കൂ... ജഗദീശിന്റേയും മേക്കപ്പ് ബോറായി തോന്നുമെന്നുറപ്പ്.

സസ്നേഹം
ദൃശ്യന്‍

പേടിത്തൊണ്ടന്‍ said...

ഞാനും ഒന്നും പറഞ്ഞിട്ടില്ല. ഏതു ലവനും യേതു ലവളും ;)

Vadakkoot said...

“ഈ ചിത്രം സംവിധാനം ചെയ്യാന്‍ എന്നെ സഹായിച്ച സിദ്ദിക്ക് ലാലിന് നന്ദി രേഖപ്പെടുത്തുന്നു - മാണി സി. കാപ്പന്‍ ” - ഇതാണ് മാന്നാര്‍ മത്തായിയില്‍ സംവിധായകന്റെ പേരിന് പകരം കാണിക്കുന്നത്.

ചില്ലറ പോരായ്മകളൊക്കെയുണ്ടെങ്കിലും 2ഹരിഹര്‍നഗര്‍ എനിക്കിഷ്ടപ്പെട്ടു. 100 ദിവസം തികയ്ക്കും.

Pongummoodan said...

കൊള്ളാം ദൃശ്യാ. കാണുന്നുണ്ട് ഈ പടം.

എതിരന്‍ കതിരവന്‍ said...

പാട്ടു സീനുകൾ റ്റി. വിയിൽ കണ്ടു/കേട്ടു. “ഉന്നം മറന്ന്‌...” ലെ ഉത്സാഹവും ഊർജ്ജവും എടുത്തു മാറ്റിയിരിക്കുന്നു. “ഏകാന്തചന്ദ്രികേ..” അടിച്ചു പരത്തിയിരിക്കുന്നു. കഷ്ടം!

കറുത്ത കോട്ടും കറുത്ത ഷർട്ടും ആണോ മലയാളി ഫാഷൻ സെൻസിന്റെ ഇന്നത്തെ ഉദാ‍ഹരണം? പല സിനിമയിലും കാണുന്നു ഈ കറുത്ത കോട്ട്.

വെളിച്ചപ്പാട് said...

കണ്ടോണ്ടിരിയ്ക്കാം അല്ലേ..?

അനൂപ് :: anoop said...

അപ്പുക്കുട്ടന്റെ പെര്‍ഫോമന്‍സ് ഒഴിവാക്കിയാല്‍ ചില്ലറ തമാശകളുടെ ആവര്‍ത്തനവുമല്ലാതെ ഒരു തരത്തിലും നന്നായി തോന്നിയതുമില്ല. കൂടുതല്‍ ഇവിടെ: http://arangu.blogspot.com/2009/05/blog-post.html

nandakumar said...

സിദ്ദിഖലാലിന്റെ ഇരട്ടയും ഒറ്റയുമായും വന്ന സിനിമകളില്‍ ആദ്യചിത്രമായ റാംജിറാവ് മാത്രമേ ഗുണപരമായുള്ളൂ. പിന്നെ വ്യത്യസ്ഥമായത് ഗോഡ് ഫാദര്‍ ആണ് ( കഥാ പശ്ചാത്തലം കൊണ്ട്)
ഇന്‍ ഹരിഹര്‍ നഗറിന്റെ ഹിറ്റ് ബലത്തില്‍ രൂപം കൊണ്ട ടു ഹരിഹര്‍ നഗര്‍ ഒരു ശരാശരിയിലും താഴെയാണെന്ന് നിസംശ്ശയം പറ്യാം. ഒരു ചിത്രത്തിന്റെ കമേഴ്സ്യല്‍ വിജയം അതിന്റെ നിലവാരമുയര്‍ത്തുന്നില്ലല്ലോ.

salil | drishyan said...

നന്ദി അമര്‍ഘോഷ്.
വെളിച്ചപ്പാടേ, കണ്ടിരിക്കാമെന്നാണ് എന്റെ അഭിപ്രായം.
പോങ്ങുമ്മൂടാ, കണ്ടീട്ട് അഭിപ്രായം പറയൂ.
എതിരവാ, പാട്ടുകള്‍ ഗംഭീരം എന്ന് പലരും പറയുന്നത് കേട്ട് എനിക്ക് അത്ഭുതം തോന്നി. സിനിമ കാണുമ്പോള്‍ സഹിക്കാമെങ്കിലും അല്ലാതെ കേള്‍ക്കുമ്പോള്‍ അസഹ്യമായിരുന്നു പാട്ടുകള്‍. കറുത്ത കോട്ടും കറുത്ത ഷർട്ടും എല്ലാ ഭാഷകളിലും കാണാം. പക്ഷെ ഇവിടെ മാത്രമാണ് അത് ഫാഷന്‍ എന്ന രീതിയില്‍ കാണിക്കാന്‍ ശ്രമിക്കുന്നത്.
അനൂപേ, അപ്പുക്കുട്ടന്റെ പെര്‍ഫോമന്‍സും മിക്കയിടത്തും കൃത്രിമമായ് തോന്നിയെനിക്ക്.
നന്ദകുമാര്‍, കാബൂളിവാലയുടെ ആദ്യഭാഗവും എനിക്ക് ഇഷ്ടമായിരുന്നു. സിനിമ ആകെമൊത്തം തട്ടിക്കൂട്ടായ് തോന്നിയെങ്കിലും. പശ്ചാത്തലം കൊണ്ട് വിയറ്റ്‌നാം കോളനിയും വ്യത്യസ്തമായിരുന്നു. ഇതിലൊക്കെ ഓര്‍ത്ത് ചിരിക്കാവുന്ന തമാശകള്‍ ഉണ്ടായിരുന്നു എന്നതാണ് ഗുണം. 2 ഹരിഹര്‍നഗര്‍ കണ്ട് ഇപ്പോളോര്‍ക്കുമ്പോള്‍ ഒരു തമാശയും ഓര്‍മ്മ വരുന്നില്ല എന്നതാണ് സത്യം.ചിത്രത്തിന്റെ കമേഴ്സ്യല്‍ വിജയം അതിന്റെ നിലവാരമുയര്‍ത്തുന്നില്ലല്ലോ എന്നത് ഫാന്‍സുകാരും തത്തുല്യമായ് ചിന്തിക്കുന്നവരും ഓര്‍ക്കേണ്ടതാണ്.

സസ്നേഹം
ദൃശ്യന്‍

paarppidam said...

ഹരിഹർ നഗർ എന്ന ചിത്രത്തെ അപേക്ഷിച്ച്‌ നോക്കുമ്പോൾ അതിന്റെ നാലയലത്ത്‌ വരില്ല ഈ വൃത്തികെട്ട രണ്ടാംഭാഗം എന്ന് പറയാതെ വയ്യ. കോമഡിയായാലും,വില്ലന്റെ ഭാഗങ്ങൾ ആയാലും ഹരിഹർ നഗർ അക്കാലത്ത്‌ വളരെ വ്യത്യസ്ഥമായ അനുഭവം ആയിരുന്നു.ഇതു ഒരു തല്ലിക്കൂട്ട്‌...പഴയ ചിത്രത്തിന്റെ ഗുഡ്‌വില്ലിൽ ഇത്‌ ഓടിയെന്ന് മാത്രം.

ഹരിഹർ നഗറിലെ പോലെ മനസ്സിൽ തങ്ങുന്ന എത്ര സീൻ ഉണ്ട്‌ ഈ ചിത്രത്തിൽ?