കഥാസംഗ്രഹം:
1980-കളില്‍ നടക്കുന്ന രണ്ട് വന്‍കിടപത്രങ്ങളുടെ കിടമത്സരത്തിന്റെ ഇടയില്‍ സര്‍ക്കുലേഷന്‍ കൂട്ടാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ജനചിന്ത എന്ന ചെറുപത്രത്തിന്റെ റിപ്പോര്‍ട്ടറാണ് ഉണ്ണി മാധവന്‍ (ദിലീപ്). പ്രണയവിവാഹത്തിന്റെ പേരില്‍ ബന്ധുക്കളുടെ സഹായം ലഭിക്കാതെ വരുന്ന ഉണ്ണിക്ക് ഗര്‍ഭിണിയായ ഭാര്യ വിമലയ്ക്കായ് (ഗോപിക) പോലും മാറ്റി വെക്കാന്‍ സമയമില്ല്ലാതെ വാര്‍ത്തകള്‍ക്ക് പിറകെ പോവേണ്ടി വരുന്നു. തുച്ഛമായ ശമ്പളത്തിന്റെ പരാധീനതയില്‍ ജീവിക്കുന്ന ഉണ്ണിയെ ന്യൂസ് എഡിറ്റര്‍ കൈമള്‍ (ഇന്നസെന്റ്) കുടുംബത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാതെ പുതിയ എക്സ്ക്ലൂസിവുകള്‍ക്ക് പിറകെ പോവാന്‍ നിര്‍ബന്ധിക്കുന്നു. തന്റെ കൂടെയുള്ള - ചെയ്യുന്ന ശമ്പളത്തിനാവശ്യമായ ജോലി മാത്രം ചെയ്യാന്‍ താല്പര്യമുള്ള – ഫോട്ടോഗ്രാഫര്‍ ചന്ദ്രമോഹനെ (സലീംകുമാര്‍) വെച്ച് മറ്റു പത്രങ്ങളുടെ ജേര്‍ണലിസ്റ്റ് സംഘങ്ങളോട് (ഗണേശ്, അശോകന്‍, ഇടവേള ബാബു തുടങ്ങിയവര്‍) പിടിച്ചു നിന്ന് വാര്‍ത്തകള്‍ ശേഖരിക്കാന്‍ ഉണ്ണി പാടു പെടുന്നു.
അഭിനയം, സാങ്കേതികം:
ഉണ്ണി മാധവന്‍ എന്ന സാധാരണക്കാരന്‍ ദിലീപിന് ഒരു ടെയ്‌ലര്‍മേഡ് കഥാപാത്രമാണ്. ദിലീപിന്റെ മാനറിസങ്ങളും അയല്‍പ്പക്കത്തെ പയ്യനെന്ന ഇമേജും ചേര്‍ത്ത് പരുവപ്പെടുത്തിയ പത്രപ്രവര്‍ത്തകനെ പ്രേക്ഷകന് സ്വീകാര്യമാവുന്ന രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ ദിലീപിനായിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ അധികം കോട്ടുവായകളിടാതെ സിനിമ കണ്ടിരിക്കാന്‍ നമ്മെ സഹായിക്കുന്നതും ദിലീപിന്റെ അനായാസപ്രകടനമാണ്.
മരണത്തിന്റെ കണ്ണുപൊത്തിക്കളിക്കിടയില്‍ വ്യാപാരസാദ്ധ്യതകളുമായി ജീവിതം മുന്നോട്ട് നീക്കാന്‍ പാടു പെടുന്ന ചായക്കടക്കാരന്‍ ഗോവിന്ദന്‍ (ജഗതി ശ്രീകുമാര്‍), പാലാഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ സരോജിനി അമ്മ (കെ.പി.എസ്.സി. ലളിത ), അനുദിനം തകര്‍ന്ന് കൊണ്ടേയിരിക്കുന്ന ദാമ്പത്യത്തിനവകാശിയായ വിഷ്ണു (ഗണേശ്), എന്തിലും ഏതിലും വാര്‍ത്തയും വാര്‍ത്തയ്ക്ക് വേണ്ടിയുള്ള അനാരോഗ്യകരമായ മത്സരവും മാത്രം കാണാന്‍ കഴിയുന്ന ഹരി (അശോകന്‍), ഫോട്ടോഗ്രാഫര്‍മാരായ ബിജുരാജ് (ഇടവേള ബാബു), മാര്‍ട്ടിന്‍ (ഷാജു), ക്രിക്കറ്റര്‍ സന്ദീപ് ജഡേജ (നിഷാന്ത് സാഗര്‍), റിപ്പോര്‍ട്ടര്‍ ആലത്തൂര്‍ സുരേഷ് (കലാഭവന്‍ ഹനീഫ്), ഡോ. മാലതി (സോനാ നായര്‍) തുടങ്ങിയ കഥാപാത്രങ്ങളും ഈ പത്രപ്രവര്‍ത്തനക്കഥയില്‍ കടന്നു വരുന്നുണ്ട്. പത്രപ്രവര്‍ത്തകനില്‍ നിന്ന് കര്‍ഷകായ് മാറിയ രാമനാഥന്റെ ചെറിയ റോളില്‍ ശ്രീജിത്ത് രവി നന്നായിട്ടുണ്ട്.
ബാവയുടെ കലാസംവിധാനം കഥയാവശ്യപ്പെടുന്ന പരിസരങ്ങള്‍ ഒരുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. വി.സാജന്റെ ചിത്രസംയോജനകലയ്ക്ക് തിരനാടകത്തിലെ രണ്ടാം പകുതിയിലെ പോരായ്മകള്‍ തരണം ചെയ്യാനായിട്ടില്ല. സുദേവന്റെ മേക്കപ്പ്, അനില്‍ ചെമ്പൂരിന്റെ വസ്ത്രാലങ്കാരം എന്നിവ മിതമായ രീതിയില്‍ തന്നെ.പ്രസന്നയുടെ നൃത്തകലയും മാഫിയാ ശശിയുടെ സംഘട്ടനവും പി.സുകുമാറിനധികം പ്രയോജനപ്പെടുത്തേണ്ടി വന്നിട്ടില്ല.
കലവൂര്‍ രവികുമാറിന്റെ കഥയില്‍ അനുഭവങ്ങളുടെ ചൂടുണ്ട്. പക്ഷെ ആ വികാരം പ്രേക്ഷകരിലേക്ക് പകരാന്‍ പോന്ന ശക്തിയുള്ള തിരക്കഥ രചിക്കാന്‍ അദ്ദേഹത്തിനായില്ല എന്നതാണ് സ്വ.ലേയുടെ പ്രധാനന്യൂനത. ആദ്യപകുതിയില്‍ ഫലപ്രദമായ് പടുത്തുയര്‍ത്തിയ ഉണ്ണിയുടെ പ്രശ്നങ്ങള്‍ തന്നെ വീണ്ടും രണ്ടാം പകുതിയില്‍ പറഞ്ഞ് കൊണ്ടേയിരുന്നത് പ്രേക്ഷകനെ മടുപ്പികാനേ ഉതകിയുള്ളൂ. മരണം കാത്തു നില്‍കുന്ന വീട്ടിലെ തമാശകള്‍ സരസമായ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു പരിധി വരെ വിജയിച്ച തിരക്കഥാക്കൃത്ത് സിനിമ കൂടുതല്‍ രസകരമാക്കാനെന്നോണം കുത്തി നിറച്ച ദ്വയാര്‍ത്ഥസംഭാഷണങ്ങള്‍ തറടിക്കറ്റുകാരെ പോലും ചിരിപ്പിക്കുന്നവയല്ല. “സാമാന്യം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടി”എന്ന പരസ്യത്തിലെ അച്ചടിപ്പിശകും, ചായക്കടക്കാരന്റെ അളിയന്‍ ദാസന്റെ (ഹരെശ്രീ അശോകന്റെ) സംഭാഷണങ്ങളും ഫോട്ടോഗ്രാഫറുടെ ‘കര്‍ഷക’ഫോട്ടോസെഷനും മറ്റും ആരിലും അരോചകമുളവാക്കുന്നവയാണ്.


- തമാശയ്ക്കായുള്ള അനാവശ്യസംഭാഷണങ്ങള്‍, രംഗങ്ങള്‍
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-