Thursday, January 28, 2010

ബോഡിഗാര്‍ഡ്: അവിയല്‍ സിനിമ

റാംജിറാവ് സ്പീക്കിംഗിലൂടെ ഇരട്ടസംവിധായകരിലൊരാളായ് വരികയും ഹിറ്റ്ലറിലൂടെ സ്വതന്ത്രസംവിധായകനായ് മാറുകയും ചെയ്ത സിദ്ദിക്ക് വലിച്ച് വാരി സിനിമകള്‍ ചെയ്യാത്ത സിനിമാക്കാരനാണ്. സിദ്ദിക്ക്-ലാല്‍ സിനിമകളുടെ മുഖമുദ്ര സിറ്റ്വേഷണല്‍ കോമഡിയിലൂന്നിയ പുതുമയും രസകരവുമായ നറേഷനാണ്. അതിന് പകരം കൃത്രിമമായ കഥാപരിസരങ്ങളും കഥയുമായ് ഏച്ചുകൂട്ടിയ ഹാസ്യരംഗങ്ങളും കളറില്‍ കുളിച്ച നടീനടന്മാരും സിദ്ദിക്ക്സിനിമയില്‍ നിറഞ്ഞാടുന്നത് ഈ സംവിധായകനെ കുറിച്ചുള്ള പ്രേക്ഷകമതിപ്പ് കുറയ്ക്കുന്നതിന് ഹേതുവായി. 2003ലിറങ്ങിയ ക്രോണിക്ക്ബാച്ചിലറിന് ശേഷം സിദ്ദിക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്ത് വന്ന, ദിലീപ്-നയന്‍‌താര എന്നിവരഭിനയിച്ച ബോഡിഗാര്‍ഡ് ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു സംവിധായകന്റെ ദയനീയകാഴ്ചയാണ് നമുക്ക് നല്‍കുന്നത്.

കഥാസംഗ്രഹം:
(മനസ്സിലാക്കാന്‍ ലേശം ബുദ്ധിമുട്ടു തോന്നിച്ച ഒരു കാരണത്താല്‍) ഗുണ്ടയാകാന്‍ മോഹിച്ച് നടക്കുന്ന പഠിക്കാന്‍ മിടുക്കനും കാരുണ്യഹൃദയനുമായ ഒരു ചെറുപ്പക്കാരനാണ് ജയക്കൃഷ്ണന്‍ (ദിലീപ്). റിട്ട.ഗുണ്ടയെങ്കിലും ഇന്നും അധോലോകത്തില്‍ ആജ്ഞാശക്തിയുള്ള അശോകേട്ടന്റെ (ത്യാഗരാജന്‍) ബോഡിഗാര്‍ഡാകുക എന്ന ലക്ഷ്യത്തോടെ വരുന്ന പുന്നത്തൂര്‍ക്കടവിലെത്തുന്ന ജയനെ ആദ്യം ആരും അംഗീകരിക്കുന്നില്ല. അശോകേട്ടന്‍, മകള്‍ അമ്മു (നയന്‍ താര), ഭാര്യ രാധാമണി (സീനത്ത്) എന്നിവരുമായ് ചില ഉരസരലുകളുണ്ടാവുന്നുണ്ടെങ്കിലും ഒരു ആകസ്മികസംഭവ(?)ത്തിലൂടെ അവര്‍ അവനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. കോളേജില്‍ തുടര്‍ന്ന് പഠിക്കണമെന്ന് വാശിപിടിക്കുന്ന അമ്മുവിന്റെ കൂടെ കോളേജില്‍ ചേര്‍ന്ന് അവളെ സംരക്ഷിക്കാന്‍ അശോകന്‍ ജയനോട് പറയുന്നു. അമ്മുവിനും കൂട്ടുകാരി സേതുലക്ഷ്മിക്കും (മിത്ര കുര്യന്‍) മറ്റു കൂട്ടുകാര്‍ക്കുമെല്ലാം ജയക്കൃഷ്ണന്‍ എന്ന ബോഡിഗാര്‍ഡ് ഒരു ശല്യമാകുന്നു. അയാളുടെ സെക്യൂരിറ്റിവലയത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായ് അജ്ഞാതയായ ഒരു ആരാധികയായ് അമ്മു ജയനെ ഫോണ്‍ ചെയ്തു തുടങ്ങുന്നു. പതിയെ പതിയെ ജയനില്‍ പ്രണയം പൂവിടുന്നു. കാണാതുള്ള പ്രണയത്തിന്റെ ഒഴുക്കും അതിന്റെ പരിസമാപ്തിയുമാണ് തുടര്‍ന്ന് ബോഡിഗാര്‍ഡ് നമ്മോട് പറയുന്നത്.

അഭിനയം, സാങ്കേതികം:
ദിലീപിന്റെ ജയക്കൃഷ്ണന്‍ സ്ഥിരംശൈലിയിലുള്ള എല്ലാ ഗുണങ്ങളും ചേര്‍ന്ന ഒരു നായകനാണ്. സംവിധായകന് വിധേയനായ് അയാള്‍ വീരനും പൊട്ടനും ബുദ്ധിമാനും ഒക്കെയായ് മാറുന്നുണ്ട്. വ്യക്തിത്വമില്ലാത്ത ഇത്തരം നായകകഥാപാത്രങ്ങള്‍ സിനിമയ്ക്കോ നടനോ യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് മാത്രം. നയന്‍‌താരയുടെ അമ്മുവും വ്യത്യസ്തമല്ല. ഒരു കാരണവുമില്ലാതെ നായകനെ പറ്റിക്കാനും പിന്നെ തമ്മിലടിക്കാനും പ്രകൃതിനിയമമെന്നോണം പ്രണയത്തിലകപ്പെടാനും ഒടുവില്‍ വിധിക്ക് വഴങ്ങി അവനെ കാത്തിരിക്കാനും ഒരു സങ്കോചവുമില്ലാത്തവളാണ് അമ്മു. വലിയ ബദ്ധപ്പാടൊന്നുമില്ലാതെ ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും, കരിയറില്‍ മറ്റൊരു സിനിമ കൂടി എന്നല്ലാതെ മറ്റൊന്നും ബോഡിഗാര്‍ഡ് ഇവര്‍ക്കേകിയിട്ടില്ല.

മിത്രാകുര്യന്റെ സേതുലക്ഷ്മി ആശയക്കുഴപ്പം നിറഞ്ഞ (നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന) ഒരു കഥാപാത്രമാണ്. സ്വിച്ചോണ്‍ ചെയ്ത പോലെ ഒരുവനോട് മോഹം തോന്നി അവനെ എല്ലാവരില്‍ നിന്നകറ്റി കല്ല്യാണം കഴിച്ച് ജീവിക്കുന്ന ഈ കഥാപാത്രം തലച്ചോറില്ലാത്തവന്റെ സര്‍ഗ്ഗശേഷിയുടെ ചാപ്പിള്ളയാണ്. ആരംഭത്തിന്റെ സഭാകമ്പമില്ലാതെ മിത്രാകുര്യന്‍ അഭിനയിച്ചു എന്നതാശ്വാസം.

ത്യാഗരാജന്റെ അശോകേട്ടന്‍ നിരൂപണമര്‍ഹിക്കുന്നില്ല. ഭാഗ്യലക്ഷ്മി, ഷോബി തിലകന്‍, ശ്രീജ തുടങ്ങിയ ഡബ്ബിംഗ് കലാകാരന്മാര്‍ മലയാളസിനിമയുടെ അവിഭാജ്യഘടകമാകുന്നു എന്നത് നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ സിനിമയും കഥാപാത്രങ്ങളും. അല്ലെങ്കില്‍ വടി വിഴുങ്ങിയ പോലെ നിന്ന് വാക്കുകളുരുവിടുന്ന ത്യാഗരാജനെയൊക്കെ എങ്ങനെയാണ് നമ്മള്‍ സഹിക്കുക?

ഹരിശ്രീ അശോകന്റെ നീലാംബരന്‍‍, ജനാര്‍ദ്ദനന്റെ മേനോന്‍ (എന്ന അനാവശ്യപാത്രം), കൊച്ചിന്‍ ഹനീഫയുടെ പ്രിന്‍സിപ്പാള്‍
(എന്ന ബോറന്‍ കഥാപാത്രം), സീനത്തിന്റെ രാധാമണി (എന്ന ജയനെ ചീത്ത വിളിക്കാനും അടിക്കാനുമായ് മാത്രമായൊരു കഥാപാത്രം) എന്നിവ പഴയ അച്ചുകളില്‍ തുടര്‍ച്ചയായ് വാര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നവയും പക്രുവിന്റെ ബാലാജി, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ലക്‍ചറര്‍, വൈജയന്തിയുടെ മല്ലിക എന്ന അടുക്കളക്കാരി തുടങ്ങി അധികം പഴക്കമില്ലാത്ത അച്ചുകളില്‍ വാര്‍ത്തെടുത്തതുമായ കഥാപാത്രങ്ങളാണ്. അമ്മുവിന്റെ ആങ്ങള (അപ്പാഹാജ), ജയക്കൃഷ്ണന്റെ അച്ഛന്‍ രാമനുണ്ണി മാസ്റ്റര്‍ (നന്ദു), അമ്മുവിന്റെ കൂട്ടുകാരായ റം‌ല (ഗൌതമി), മത്തായി (സിദ്ദാര്‍ഥ്) തുടങ്ങിയ കഥാപാത്രങ്ങളും സിനിമയിലുണ്ട്. വാര്യന്‍ മാഷെന്ന അദൃശ്യനായ കഥാപാത്രത്തിന്റെ ശബ്ദമായ് വരുന്ന രഞ്ജിത്ത് തന്റെ ശബ്ദഗാംഭീര്യം കൊണ്ട് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

എസ് സുകുമാറിന്റെ ക്യാമറ കാഴ്ചയിലെ ആശ്വാസങ്ങളിലൊന്നാണ്. ഗൌരിശങ്കറിന്റെ ചിത്രസംയോജനത്തിന് തിരക്കഥയിലെ പാളിച്ചകള്‍ മറയ്ക്കാനാവുന്നില്ല. മലേഷ്യ ഭാസ്ക്കറിന്റെ ഫൈറ്റ്‌സ് ‘ഗുണ്ടയാവാന്‍ ശ്രമിക്കുന്ന’ ജയക്കൃഷ്ണനെ ‘ആയോധനകലകളില്‍’ വിദഗ്ദനാക്കിയിരിക്കുന്നു. കൈതപ്രം, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ നല്‍കിയ സംഗീതവും അതിന്റെ ദൃശ്യാവിഷ്ക്കാരവും നമ്മള്‍ മുന്‍പ് അനുഭവിച്ചവ തന്നെ. പാട്ടുകളില്‍ “അരികത്തായ് ആരോ പാടുന്നുണ്ടോ അതോ എന്റെ മനസ്സാണോ?”, “പുലര്‍‌മഞ്ഞ് മഞ്ജിമയിലൂടെ“, “എന്നെയാണോ അതോ നിന്നെയാണോ” എന്നിവ സിനിമയുടെ ഭാഗമായ് കേട്ടിരിക്കാവുന്നതും “കോഴി ചിങ്കാര പൂങ്കോഴി” അസഹ്യവുമാണ്.

ദിലീപിനായ് ബാലു, നയന്‍‌താരക്കായ് നളിനി ശ്രീരാം, മറ്റുള്ളവര്‍ക്ക് പൊതുവായ് മനോജ് ആലപ്പുഴ എന്നിവര്‍ ഒരുക്കിയ വസ്താലങ്കാരവും രഞ്ജിത്ത് അമ്പാടി, രതീഷ് അമ്പാടി, എം ശങ്കര്‍ (ദിലീപ്), രാജു (നയന്‍‌താര) എന്നിവരുടെ ചാമയവും സാധാരണമാണ്. പ്രഭുദേവ, വിഷ്ണുദേവ, വിനോദ് എന്നിവരുടെ കോറിയോഗ്രഫി പാട്ടുകളിലെ ബീറ്റുകള്‍ക്ക് അനുയോജ്യമാണ്.

ബോഡിഗാര്‍ഡിന്റെ കഥയും കഥാഘടനയും ഒരുക്കി സംവിധാനം ചെയ്ത സിദ്ദിക്ക് എങ്ങനെയെക്കെയോ ഒരു സിനിമ ഒരുക്കണം എന്നതിലപ്പുറം ഒന്നും തന്നെ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. തലയും വാലുമില്ലാത്ത നറേഷനും വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളും അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ ചൊറിച്ചിലാണുണ്ടാക്കുന്നത്. രണ്ടരമണിക്കൂറിലധികം സമയം ദിലീപിനെയും നയന്‍‌താരയെയും കണ്ടിരിക്കാമെന്ന പ്രതീക്ഷയില്‍ പോവുന്ന പ്രേക്ഷകരെ മാത്രമേ ബോഡിഗാര്‍ഡ് തൃപ്തരാക്കാന്‍ സാധ്യതയുള്ളൂ.


+ ദ്വയാര്‍ത്ഥമില്ലാത്ത തമാശരംഗങ്ങള്‍


- പലവകകഥകള്‍!
- അവിശ്വസനീയമായ കഥാഗതിയും സന്ദര്‍ഭങ്ങളും


വാല്‍ക്കഷ്ണം: കുച്ച് കുച്ച് ഹോതാ ഹെ (2 ടീസ്പൂണ്‍) + മെം ഹൂ നാ (1 ടീസ്പൂണ്‍) + മുന്നാഭായ് (അര ടീസ്പൂണ്‍ ) + അംഗരക്ഷക് (അര ടീസ്പൂണ്‍ ) + പലവക തമിഴ്-തെലുങ്ക് സിനിമകള്‍ (ആവശ്യത്തിന്) = ബോഡിഗാര്‍ഡ്.

Labels: BodyGuard Review, ബോഡിഗാര്‍ഡ്, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച
&------------------------------------------------------------------------------------------------------------------&