(മനസ്സിലാക്കാന്‍ ലേശം ബുദ്ധിമുട്ടു തോന്നിച്ച ഒരു കാരണത്താല്‍) ഗുണ്ടയാകാന്‍ മോഹിച്ച് നടക്കുന്ന പഠിക്കാന്‍ മിടുക്കനും കാരുണ്യഹൃദയനുമായ ഒരു ചെറുപ്പക്കാരനാണ് ജയക്കൃഷ്ണന്‍ (ദിലീപ്). റിട്ട.ഗുണ്ടയെങ്കിലും ഇന്നും അധോലോകത്തില്‍ ആജ്ഞാശക്തിയുള്ള അശോകേട്ടന്റെ (ത്യാഗരാജന്‍) ബോഡിഗാര്‍ഡാകുക എന്ന ലക്ഷ്യത്തോടെ വരുന്ന പുന്നത്തൂര്‍ക്കടവിലെത്തുന്ന ജയനെ ആദ്യം ആരും അംഗീകരിക്കുന്നില്ല. അശോകേട്ടന്‍, മകള്‍ അമ്മു (നയന്‍ താര), ഭാര്യ രാധാമണി (സീനത്ത്) എന്നിവരുമായ് ചില ഉരസരലുകളുണ്ടാവുന്നുണ്ടെങ്കിലും ഒരു ആകസ്മികസംഭവ(?)ത്തിലൂടെ അവര്‍ അവനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. കോളേജില്‍ തുടര്‍ന്ന് പഠിക്കണമെന്ന് വാശിപിടിക്കുന്ന അമ്മുവിന്റെ കൂടെ കോളേജില്‍ ചേര്‍ന്ന് അവളെ സംരക്ഷിക്കാന്‍ അശോകന്‍ ജയനോട് പറയുന്നു. അമ്മുവിനും കൂട്ടുകാരി സേതുലക്ഷ്മിക്കും (മിത്ര കുര്യന്‍) മറ്റു കൂട്ടുകാര്‍ക്കുമെല്ലാം ജയക്കൃഷ്ണന്‍ എന്ന ബോഡിഗാര്‍ഡ് ഒരു ശല്യമാകുന്നു. അയാളുടെ സെക്യൂരിറ്റിവലയത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായ് അജ്ഞാതയായ ഒരു ആരാധികയായ് അമ്മു ജയനെ ഫോണ്‍ ചെയ്തു തുടങ്ങുന്നു. പതിയെ പതിയെ ജയനില്‍ പ്രണയം പൂവിടുന്നു. കാണാതുള്ള പ്രണയത്തിന്റെ ഒഴുക്കും അതിന്റെ പരിസമാപ്തിയുമാണ് തുടര്‍ന്ന് ബോഡിഗാര്‍ഡ് നമ്മോട് പറയുന്നത്.
അഭിനയം, സാങ്കേതികം:
ദിലീപിന്റെ ജയക്കൃഷ്ണന്‍ സ്ഥിരംശൈലിയിലുള്ള എല്ലാ ഗുണങ്ങളും ചേര്‍ന്ന ഒരു നായകനാണ്. സംവിധായകന് വിധേയനായ് അയാള്‍ വീരനും പൊട്ടനും ബുദ്ധിമാനും ഒക്കെയായ് മാറുന്നുണ്ട്. വ്യക്തിത്വമില്ലാത്ത ഇത്തരം നായകകഥാപാത്രങ്ങള്‍ സിനിമയ്ക്കോ നടനോ യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് മാത്രം. നയന്‍താരയുടെ അമ്മുവും വ്യത്യസ്തമല്ല. ഒരു കാരണവുമില്ലാതെ നായകനെ പറ്റിക്കാനും പിന്നെ തമ്മിലടിക്കാനും പ്രകൃതിനിയമമെന്നോണം പ്രണയത്തിലകപ്പെടാനും ഒടുവില്‍ വിധിക്ക് വഴങ്ങി അവനെ കാത്തിരിക്കാനും ഒരു സങ്കോചവുമില്ലാത്തവളാണ് അമ്മു. വലിയ ബദ്ധപ്പാടൊന്നുമില്ലാതെ ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും, കരിയറില്‍ മറ്റൊരു സിനിമ കൂടി എന്നല്ലാതെ മറ്റൊന്നും ബോഡിഗാര്‍ഡ് ഇവര്‍ക്കേകിയിട്ടില്ല.
മിത്രാകുര്യന്റെ സേതുലക്ഷ്മി ആശയക്കുഴപ്പം നിറഞ്ഞ (നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന) ഒരു കഥാപാത്രമാണ്. സ്വിച്ചോണ്‍ ചെയ്ത പോലെ ഒരുവനോട് മോഹം തോന്നി അവനെ എല്ലാവരില്‍ നിന്നകറ്റി കല്ല്യാണം കഴിച്ച് ജീവിക്കുന്ന ഈ കഥാപാത്രം തലച്ചോറില്ലാത്തവന്റെ സര്‍ഗ്ഗശേഷിയുടെ ചാപ്പിള്ളയാണ്. ആരംഭത്തിന്റെ സഭാകമ്പമില്ലാതെ മിത്രാകുര്യന്‍ അഭിനയിച്ചു എന്നതാശ്വാസം.
ത്യാഗരാജന്റെ അശോകേട്ടന്‍ നിരൂപണമര്‍ഹിക്കുന്നില്ല. ഭാഗ്യലക്ഷ്മി, ഷോബി തിലകന്‍, ശ്രീജ തുടങ്ങിയ ഡബ്ബിംഗ് കലാകാരന്മാര്‍ മലയാളസിനിമയുടെ അവിഭാജ്യഘടകമാകുന്നു എന്നത് നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ സിനിമയും കഥാപാത്രങ്ങളും. അല്ലെങ്കില്‍ വടി വിഴുങ്ങിയ പോലെ നിന്ന് വാക്കുകളുരുവിടുന്ന ത്യാഗരാജനെയൊക്കെ എങ്ങനെയാണ് നമ്മള്‍ സഹിക്കുക?
എസ് സുകുമാറിന്റെ ക്യാമറ കാഴ്ചയിലെ ആശ്വാസങ്ങളിലൊന്നാണ്. ഗൌരിശങ്കറിന്റെ ചിത്രസംയോജനത്തിന് തിരക്കഥയിലെ പാളിച്ചകള്‍ മറയ്ക്കാനാവുന്നില്ല. മലേഷ്യ ഭാസ്ക്കറിന്റെ ഫൈറ്റ്‌സ് ‘ഗുണ്ടയാവാന്‍ ശ്രമിക്കുന്ന’ ജയക്കൃഷ്ണനെ ‘ആയോധനകലകളില്‍’ വിദഗ്ദനാക്കിയിരിക്കുന്നു. കൈതപ്രം, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ നല്‍കിയ സംഗീതവും അതിന്റെ ദൃശ്യാവിഷ്ക്കാരവും നമ്മള്‍ മുന്‍പ് അനുഭവിച്ചവ തന്നെ. പാട്ടുകളില്‍ “അരികത്തായ് ആരോ പാടുന്നുണ്ടോ അതോ എന്റെ മനസ്സാണോ?”, “പുലര്‍മഞ്ഞ് മഞ്ജിമയിലൂടെ“, “എന്നെയാണോ അതോ നിന്നെയാണോ” എന്നിവ സിനിമയുടെ ഭാഗമായ് കേട്ടിരിക്കാവുന്നതും “കോഴി ചിങ്കാര പൂങ്കോഴി” അസഹ്യവുമാണ്.
ബോഡിഗാര്‍ഡിന്റെ കഥയും കഥാഘടനയും ഒരുക്കി സംവിധാനം ചെയ്ത സിദ്ദിക്ക് എങ്ങനെയെക്കെയോ ഒരു സിനിമ ഒരുക്കണം എന്നതിലപ്പുറം ഒന്നും തന്നെ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. തലയും വാലുമില്ലാത്ത നറേഷനും വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളും അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ ചൊറിച്ചിലാണുണ്ടാക്കുന്നത്. രണ്ടരമണിക്കൂറിലധികം സമയം ദിലീപിനെയും നയന്‍താരയെയും കണ്ടിരിക്കാമെന്ന പ്രതീക്ഷയില്‍ പോവുന്ന പ്രേക്ഷകരെ മാത്രമേ ബോഡിഗാര്‍ഡ് തൃപ്തരാക്കാന്‍ സാധ്യതയുള്ളൂ.

- അവിശ്വസനീയമായ കഥാഗതിയും സന്ദര്‍ഭങ്ങളും
വാല്‍ക്കഷ്ണം: കുച്ച് കുച്ച് ഹോതാ ഹെ (2 ടീസ്പൂണ്‍) + മെം ഹൂ നാ (1 ടീസ്പൂണ്‍) + മുന്നാഭായ് (അര ടീസ്പൂണ്‍ ) + അംഗരക്ഷക് (അര ടീസ്പൂണ്‍ ) + പലവക തമിഴ്-തെലുങ്ക് സിനിമകള്‍ (ആവശ്യത്തിന്) = ബോഡിഗാര്‍ഡ്.
Labels: BodyGuard Review, ബോഡിഗാര്‍ഡ്, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച
&------------------------------------------------------------------------------------------------------------------&
13 comments:
2003ലിറങ്ങിയ ക്രോണിക്ക്ബാച്ചിലറിന് ശേഷം സിദ്ദിക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്ത് വന്ന, ദിലീപ്-നയന്‍താര എന്നിവരഭിനയിച്ച ബോഡിഗാര്‍ഡ് ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു സംവിധായകന്റെ ദയനീയചിത്രമാണ് നമുക്ക് നല്‍കുന്നത്.
കുച്ച് കുച്ച് ഹോതാ ഹെ (2 ടീസ്പൂണ്‍), മെം ഹൂ നാ (1 ടീസ്പൂണ്‍), മുന്നാഭായ് (അര ടീസ്പൂണ്‍ ), അംഗരക്ഷക് (അര ടീസ്പൂണ്‍ ), പലവക തമിഴ്-തെലുങ്ക് സിനിമകള്‍ (ആവശ്യത്തിന്) എന്നിവ ചേര്‍ത്ത് സിദ്ദിക്ക് സംവിധാനം ചെയ്ത ബോഡിഗാര്‍ഡിന്റെ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.
സസ്നേഹം
ദൃശ്യന്‍
വാല്‍ക്കഷ്ണം: കുച്ച് കുച്ച് ഹോതാ ഹെ (2 ടീസ്പൂണ്‍) + മെം ഹൂ നാ (1 ടീസ്പൂണ്‍) + മുന്നാഭായ് (അര ടീസ്പൂണ്‍ ) + അംഗരക്ഷക് (അര ടീസ്പൂണ്‍ ) + പലവക തമിഴ്-തെലുങ്ക് സിനിമകള്‍ (ആവശ്യത്തിന്) = ബോഡിഗാര്‍ഡ്.
ഇത് കലക്കി.. എന്റെ കൂടെ സിനിമ കണ്ടവർ കുറച്ചെണ്ണത്തിന്റെ പേര് കൂടി പറയുന്നത് കേട്ടു..
എന്നാലും എന്റെ ദൃശ്യാ.. നീ കൂടെ ഈ കുഴിയിൽ വീണ്ടെന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം.. :)
കണ്ടില്ല... അപ്പോ കാണണ്ടേ???!!!!
സിദ്ദിഖിന്റെ ഒക്കെ പടം കാണാന്‍ ഇപ്പോളും ആളുകള്‍ പോകുന്നുണ്ടല്ലോ...അല്‍ഭുതം തന്നേ! സിദ്ധിഖ് + ദിലീപ് = കൂതറ എന്നു മനസ്സിലാക്കാന്‍ എന്തേലും പ്രയാസം ഉണ്ടോ...ഇനി എന്തേലും ആവട്ടേ എന്നു വച്ചാല്‍ തന്നെ അരികില്‍ നീ എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന പാട്ടു സീന്‍ സിനിമയില്‍ കണ്ടവര്‍ ആരെങ്കിലും ഈ പടം കാണാന്‍ പോവുമോ???? ആ സീനില്‍ ദിലീപിന്റെ നിക്കര്‍ ഊരി പോവുന്നതും, പൂവു കൊടുക്കുമ്പോള്‍ മണത്തു നോക്കിയിട്ടു തുമ്മുന്നതും, കക്കൂസില്‍ പോവുമ്പോള്‍ വെള്ളം ഇല്ലാതെ വട്ടം തിരിയുകയും തുടങ്ങിയ സ്ഥിരം കൂതറ നമ്പേര്‍സ് മാത്രമേ ഇല്ലാതിരുന്നുള്ളു.
these comments are far humorous than the actual movie. pinne oral koodi kuzhiyil veenu ennariyumbol santhoshikkunna pavam malayaleesinte oru vyavatharikamaya swabhavathinu njanum adimayanennu parayaan njan ee avasaram viniyogikkunn.
If like us people are not there, Malayalam film industry will become something which we all will remember fondly as a nostalgic hyperbole after some years........so long live Malayalam movies.......long live its viewers....
കാണണ്ട എന്ന് തന്നെയായിരുന്നു തീരുമാനം! ഇത് വായിച്ചപ്പോള്‍ തീരുമാനം ശരി തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി.
വാല്‍ക്കഷ്ണം ബഹുത്ത് അച്ചാ....
good review...........
വിന്‍സ് എന്ന ഒരു മഹാന്‍റെ പോസ്റ്റില്‍ സിദ്ദിക്ക് എന്ന സംവിധായകന്‍റെ സിനിമക്ക് ആരെങ്കിലും പൊവുമോ എന്ന് ചോദിച്ചത് കണ്ടു. അത് വായിച്ചാല്‍ തോന്നും സിദ്ദിക്ക് എല്ലാ കൊല്ലവും 4-5 സിനികള്‍ എടുക്കുന്നുണ്‍ട് എന്നു അതില്‍ മുഴുവനും പൊട്ട സിനിമകളുമാണെന്നാണ്. മലയാളത്തില്‍ ചെയ്ത സിനിമകൊളൊക്കെ ഹിറ്റാക്കിയ ഒരു സംവിധായകനാണ് സിദ്ദിക്ക് എന്ന് വിന്സ് ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു. പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു സംവിധായകനാണ് സിദ്ദിക്ക് എന്ന് അദ്ദേഹം മനസ്സിലാക്കുക
അയ്യയ്യേ സിദ്ദീഖിത്തറ കൂതറയാണോ...
കാശ് പോയി ബായീ :(
അടിപൊളി പടം
നല്ല ക്ലൈമാക്സ്
ഇതു വരെ പ്രതീക്ഷയ്ക്കനുസരിച്ച് സിനിമകള്‍ തന്നിരുന്ന ഒരു സംവിധായകനായിരുന്നു സിദ്ധിക്‍. (സത്യത്തില്‍ ക്രോണിക്‍ ബാച്ചലര്‍ തന്നെ അത്ര നന്നായി എന്ന് തോന്നിയില്ല; കുഴപ്പമില്ലായിരുന്നു എന്നേ തോന്നിയിട്ടുള്ളൂ)
ബോഡി ഗാര്‍ഡ് ഇറങ്ങുന്നതോടെ വീണ്ടും പഴയ ട്രാക്കില്‍ കാണാമെന്ന് പ്രതീക്ഷിച്ചു. ആ പ്രതീക്ഷയും അസ്ഥാനത്തായി
റിവ്യു നന്നായിരിക്കുന്നു!ഇനിയും നിലവാരമുള്ള സിനിമയെടുക്കാന്‍ സിദിഖ് ശ്രമിക്കുക.അല്ലെങ്കില്‍ നയന്‍സിനും സിദിഖിനെ രക്ഷിക്കാനാവില്ല !!
Post a Comment