‘ഇന്‍ ഹരിഹര്‍ നഗര്‍’, ‘ടു ഹരിഹര്‍നഗര്‍‘ എന്നിവയുടെ തുടര്‍ച്ചയായ് ലാല്‍ അവതരിപ്പിക്കുന്ന ചലച്ചിത്രമാണ് ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’. പ്രേതത്തെ കണ്ട് പേടിച്ച് കരയുന്ന കഥാപാത്രങ്ങള്‍ സിനിമ കാണുന്ന പ്രേക്ഷകനെ ചിരിപ്പിക്കും എന്ന സിമ്പിള്‍ തത്വം ഒരു മുഴുനീളസിനിമയാക്കി മാറ്റിയിരിക്കുന്നതിനുള്ള ചിലവുകള്‍ വഹിച്ചിരിക്കുന്നത് പി എന്‍ വേണുഗോപാല്‍. സിനിമയുടെ അവതരണത്തിലും ഒഴുക്കിലും ബദ്ധശ്രദ്ധ പുലര്‍ത്തി വരുന്ന ലാല്‍ ഹാസ്യത്തില്‍ ഹാസ്യമുണ്ടെങ്കിലേ സഹൃദയന് ചിരിക്കാനാവൂ എന്ന കോമണ്‍സെന്‍സ് ഓര്‍ക്കാത്തതിന്റെ ഫലമായ് ഒരു നനഞ്ഞ പടക്കത്തിന്റെ പൊട്ടിത്തെറിയേ ഈ സിനിമ ഉണ്ടാക്കുന്നുള്ളൂ.
കഥാസംഗ്രഹം:
നാല്‍വര്‍സംഘത്തിന്റെ രണ്ടാം വരവില്‍ തോമസ്സ്കുട്ടിയുടെ കയ്യില്‍ മറ്റുള്ളവര്‍ വെച്ചു കൊടുക്കുന്ന ആദ്യവരവിലെ സമ്പത്ത് കൊണ്ട് ഊട്ടിപരിസരത്ത് വാങ്ങിച്ച പുതിയ ബംഗ്ലാവിന്റെ ഭൂതകാലത്തിലാണ് സിനിമ ആരംഭിക്കുന്നത്. ഡൊറോത്തി എന്ന മദാമ്മ തന്നെ വഞ്ചിച്ച ഭര്‍ത്താവിനേയും അയാളുടെ കാമുകിയേയും കൊന്ന് പെട്ടിയിലാക്കി കൊണ്ട് വരുന്നു. അതിന് ശേഷം തന്നെ കൊണ്ട് വന്നാക്കിയ ടാക്സി ഡ്രൈവറേയും കൊല്ലുന്നു. എല്ലാ ശവങ്ങളും വീട്ടിനകത്തെ കിണറ്റില്‍ തള്ളുന്നു (കിണറും പരിസരവും പിന്നീട് ഒരു സ്വപ്നരംഗത്തില്‍ കിണറ്റില്‍ നിന്നിറങ്ങി വരുന്ന പ്രേതവും ‘ദി റിംഗ്’ എന്ന ജപ്പാനീസ്/ഇംഗ്ലീഷ് സിനിമയെ ഓര്‍മ്മിപ്പിക്കും). പിന്നീറ്റ്, 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോമസ്സ്കുട്ടി ഡൊറോത്തി ബംഗ്ലാവ് ചുളുവിലയ്ക്ക് വാങ്ങുന്നത്. പ്രേതബാധയുണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഈ ബംഗ്ലാവില്‍ താമസിച്ച് കുഴപ്പങ്ങളൊന്നും തന്നെയില്ല എന്ന് എല്ലാവരേയും ബോദ്ധ്യപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങളുമാണ് ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ നമ്മെ കാണിക്കുന്നത്.
അഭിനയം, സാങ്കേതികം:
മഹാദേവന്‍, തോമസ്സ്കുട്ടി, ഗോവിന്ദന്‍ കുട്ടി എന്ന കഥാപാത്രങ്ങളെ മുകേഷ്, അശോകന്‍, സിദ്ദിക്ക് എന്നിവര്‍ അനായാസം അവതരിപ്പിച്ച് ഫലിപ്പിച്ചിരിക്കുന്നു. ജഗദീഷിന്റെ അപ്പുക്കുട്ടന്‍ ‘ഇന്‍ ഹരിഹര്‍നഗറില്‍‘ ഒരു നിഷ്കളങ്കനായിരുന്നുവെങ്കില്‍ ‘ടു ഹരിഹര്‍നഗറില്‍‘ കോമാളിയും മൂന്നാം ഭാഗത്തില്‍ ബുദ്ധിശൂന്യനുമാണ്. രണ്ടാം ഭാഗത്തില്‍ ‘കാക്കക്കുയിലിലെ‘ കഥാപാത്രത്തെയാണ് ജഗദീശ് അനുകരിച്ചിരുന്നതെങ്കില്‍ ‘ഗോസ്റ്റില്‍’ രണ്ടാം ഭാഗത്തിലെ അപ്പുക്കുട്ടനെ അനുകരിക്കാന്‍ ശ്രമിക്കുന്നതായ് തോന്നും. നാലാം ഭാഗമെന്നൊന്ന് കാശിനായ് പടച്ചുണ്ടാക്കാന്‍ ലാല്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അതില്‍ അപ്പുക്കുട്ടനെ ദയവു ചെയ്ത് ‘കൊല്ലണം’ എന്ന് അഭ്യര്‍ത്ഥിക്കുന്നു - ഭാവി തലമുറയെങ്കിലും അപ്പുക്കുട്ടന്റെ അഞ്ചാം അവതാരത്തില്‍ നിന്ന് രക്ഷപ്പെടട്ടെ!
ഫാദര്‍ ഡൊമിനിക്ക് ആയി വരുന്ന നെടുമുടി വേണുവിനും മരതകമായ് വരുന്ന രാധികയ്ക്കും മാത്രമാണ് അഭിനയസാദ്ധ്യതയുള്ള മുഹൂര്‍ത്തങ്ങളുള്ളത്. തോമസ്‌കുട്ടിയുടെ അമ്മാവനായ് കൊച്ചുപ്രേമനും, ഏണസ്റ്റ് എന്ന ചായക്കടക്കാരനായ് ഹരിശ്രീ അശോകനും നമ്മെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. രോഹിണി, ലെന, റീന ബഷീര്‍, രാഖി എന്നിവര്‍ അവതരിപ്പിച്ച സ്ത്രീകഥാപാത്രങ്ങള്‍ക്ക് പറയത്തക്ക പ്രാധാന്യമൊന്നും സിനിമയിലില്ല. ഒരു പ്രൊലോഗ് പോലെ അവതരിപ്പിക്കപ്പെട്ട 70 വര്‍ഷം മുന്‍പുള്ള കാലഘട്ടത്തിലെ ഡ്രൈവറായ് അനൂപ്‌ചന്ദ്രനും ഡൊറോത്തി മദാമയായ് വന്ന നടിയും നന്ന്. രാമചന്ദ്രന്‍, അപ്പാ ഹാജ, തമ്പി ആന്റണി തുടങ്ങിയ മറ്റു ചിലരും വിവിധ കഥാപാത്രങ്ങളായ് രംഗത്ത് വരുന്നുണ്ട്.
വിരസമായ നിമിഷങ്ങളിലൂടെ കടന്നു പോവുന്ന ഈ സിനിമയെ കണ്ടിരിക്കാവുന്ന പരുവത്തിലാക്കിയെടുത്തതിന്റെ ക്രെഡിറ്റ് വി സാജന്റെ ചടുലമായ കട്ടിംഗ്‌സിനും വേണുവിന്റെ കണിശമായ വിഷ്വല്‍സിനും പ്രശാന്തിന്റെ ഇത്തിരി നാടകീയമെങ്കിലും കഥയുടെ മൂഡിനനുസരിച്ച പശ്ചാത്തലസജ്ജീകരണത്തിനുമാണ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും പട്ടണം റഷീദിന്റെ ചമയവും നന്ന്. രണ്ടാം ഭാഗത്തിലെ കോമാളിമേക്കപ്പും മറ്റും ഇതിലില്ല എന്നത് ആശ്വാസകരം. മുകേഷിന് ഇത്തിരി കൂടെ നല്ല വിഗ്ഗ് കൊടുക്കാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്. ജഗദീശിന്റെ മുടിയലങ്കാരം അപ്പുക്കുട്ടനെ കൂടുതല്‍ കോമാളിയാക്കിയിരിക്കുന്നു. രാജീവ് ബാലന്റെ ടൈറ്റില്‍സ് വളരെ നന്നായിട്ടുണ്ട്.
അലക്സ് പോളിന്റെ ബാക്ക്ഗ്രൌണ്ട്‌സ്കോര്‍ മികവു പുലര്‍ത്തുന്നുവെങ്കിലും ബിച്ചു തിരുമല, മുത്തു വിജയ് എന്നിവരുടെ തൂലിക(?)യില്‍ പിറന്ന വാക്കുകള്‍ക്കേകിയ സംഗീതം ചാപിള്ളയാണ് - ക്ഷണഭംഗുരങ്ങളായ അനവധി ഗാനങ്ങള്‍ക്കിടയിലേക്ക് ചിലത് കൂടി. മുത്തു വിജയ് രചിച്ച ജാസി ഗിഫ്റ്റ്, അനിത എന്നിവരുടെ ശബ്ദത്തിലുള്ള “ഓലേ ഓലേ...” ഏതു ഭാഷയിലാണ് എന്ന് മനസ്സിലാക്കാന്‍ ഇത്തിരി സമയമെടുത്തു. ട്രൌസറിട്ട് ലക്ഷ്മി റായിയെ തുള്ളിച്ചാടിച്ചിരിക്കുന്ന ഈ ഗാനത്തിന് സിനിമയുമായ് പുലബന്ധം പോലുമില്ല എന്നതും ഖേദകരം. എം.ജി.ശ്രീകുമാര്‍, വിധുപ്രതാപ്, രമേശ് ബാബു, വിപിന്‍ സേവ്യര്‍ എന്നിവര്‍ പാടിയ “ഓ റാംബോ..” എന്നതും ഗാനമെന്ന രീതിയില്‍ സിനിമയിലുണ്ട്. സരോജ എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനരംഗവുമായ് (നാലു കൂട്ടുകാര്‍, അസാധാരണമായ ഒരു വാഹനം, യാത്ര, എഡിറ്റിംഗ് സ്റ്റൈല്‍) ഇതിനുള്ള സാദൃശ്യം യാദൃശ്ചികം മാത്രമാണെന്ന് തോന്നുന്നില്ല. കൂട്ടത്തില്‍, എം.ജി,ശ്രീകുമാര്‍, റെജു ജോസഫ്, പ്രിയ്, റിമി ടോമി എന്നിവര്‍ ആലപിച്ച “തീ കായും താന്തോന്നിക്കാറ്റേ...” തരക്കേടില്ല എന്ന് മാത്രം. ഷോബി-പോപ്പിയുടെ തുള്ളിക്കളിനൃത്തത്തില്‍ നൃത്തം തീരെയില്ല എന്ന കുറവ് മാത്രമേയുള്ളൂ.
എല്ലാ അര്‍ത്ഥത്തിലും ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍”-ന്റെ അമരക്കാരന്‍ ലാലാണ്. സാങ്കേതികപരമായി മികച്ച നിലവാരം പുലര്‍ത്തിയ, സാമാന്യം ഭേദപ്പെട്ട താളത്തില്‍ ചലിക്കുന്ന, ഒരു സിനിമയാണ് ലാല്‍ ഒരുക്കിയിരിക്കുന്നതെങ്കിലും പുതുമയില്ലാത്ത അവതരണരീതിയും നിലവാരമുള്ള – നാളുകള്‍ക്ക് ശേഷവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന – തമാശകള്‍ ഇല്ലാത്തതും “തോമസ്സ്കുട്ടീ വിട്ടോടാ...” എന്ന മഹാദേവന്റെ വിളി വരാത്തതും പ്രേക്ഷകപ്രതീക്ഷകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചിരിക്കുന്നു.
സിനിമയുടെ മുഴുവന്‍ പഞ്ചും ക്ലൈമാക്സിലാണെന്ന രീതിയില്‍ നീങ്ങുന്ന ഒരു സിനിമയില്‍ അവസാനരംഗങ്ങളിലെ വിഷ്വല്‍സ് ഉയര്‍ന്ന ശബ്ദത്തിന്റെ അകമ്പടിയോടെ ആവശ്യത്തിലധികം വേഗത്തില്‍ നീങ്ങുന്നത് കാഴ്ചക്കാരനില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായ് അനുഭവപ്പെട്ടു.
(താഴെ നക്ഷത്രങ്ങള്‍ക്കിടയിലെ വാചകം ചിലര്‍ക്ക് കഥയിലെ ട്വിസ്റ്റിലേക്കുള്ള ചൂണ്ടുപലകയായ് തോന്നിയേക്കാം; വായിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ ഭാഗം ഹൈലൈറ്റ് ചെയ്തു വായിക്കുക)
*** ഫാദറിന്റെ തന്ത്രങ്ങള്‍ ആദ്യമേ നല്‍വര്‍ സംഘം തിരിച്ചറിയുകയും പിന്നീട് അത് പൊളിക്കാന്‍ വേണ്ടി അവര്‍ പെരുമാറുകയും ചെയ്തിരുന്നെങ്കില്‍ കഥയില്‍ ഹാസ്യവും സിനിമയില്‍ പ്രേക്ഷകര്‍ ഇന്‍വോള്‍വ്‌ഡ് ആവുകയും ചെയ്യുമായിരുന്നു. ഇവിടെ സാദാ ഒരു പ്രേതസിനിമ കാണുന്ന പോലെ ഇരുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ‘ഇതില്‍ പ്രേതവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല, ഒക്കെ നാല്‍വര്‍സംഘത്തേയും നിങ്ങളെയും പറ്റിക്കാനായിരുന്നു. ബുദ്ധിയുള്ളത് കൊണ്ട് ആദ്യമേ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി, പക്ഷെ നിങ്ങള്‍ മണ്ടന്മാര്‍ ആയതിനാല്‍ മനസ്സിലായില്ല’ എന്ന മട്ടില്‍ സിനിമ അവസാനിക്കുമ്പോള്‍ ഒന്നും പറയാനില്ലാതെ തിയേറ്റര്‍ വിടാന്‍ മാത്രമേ പ്രേക്ഷകനാവൂ.***
സസ്പെന്‍സിന്റെ എലെമെന്റ്‌സ് പ്രേക്ഷകര്‍ക്ക് മനസ്സിലായെങ്കിലും കണ്ട് കഴിഞ്ഞ രംഗങ്ങളുമായ് അത് കോര്‍ത്തിണക്കി സ്വയം ഒന്നത്ഭുതപ്പെട്ടിരിക്കുന്നതിന് പകരം’ഓ.. ഇതൊക്കെയാണോ അപ്പോള്‍ സംഭവിച്ചത്‘ എന്ന് മാത്രം കരുതി തിയേറ്റര്‍ വിടുന്ന പ്രേക്ഷകരെ കാണാന്‍ ഒരു സംവിധായകനും താല്‍പ്പര്യപ്പെടുമെന്ന് കരുതുന്നില്ല. പ്രതീക്ഷിച്ച് വന്ന തരത്തില്‍ തമാശകളോ പാട്ടുകളോ കഥാസന്ദര്‍ഭങ്ങളോ ഇല്ലാതെ - വലിയ തട്ടും തടവുമില്ലാതെ - നീങ്ങുന്ന ഒരു സാധാരണ സിനിമ ഒരുക്കുവാന്‍ മാത്രമേ ലാലിന് ഇവിടെ കഴിഞ്ഞുള്ളൂ.
ലാലിന്റെ മാര്‍ക്കറ്റിംഗ് കഴിവും മുന്‍ചിത്രങ്ങളുടെ വിജയവും ഭീഷണിയാവാന്‍ സാദ്ധ്യതയുള്ള സിനിമകളുടെ അഭാവവും ഈ ഹൊറര്‍-കോമഡി സിനിമയുടെ നിര്‍മ്മാണ-വിതരണക്കാരെ സാമ്പത്തികമായി രക്ഷപ്പെടുത്തിയേക്കും.
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
12 years ago