കഥാസംഗ്രഹം:
കോടനാട് എന്ന ദേശത്തുള്ള ജെര്മിയാസ് ഫാമിന്റെ ഉടമസ്ഥനായ ജെര്മിയാസിന്റെ (തിലകന്) മകനാണ് മാത്യൂസ്. അപ്പനെ കൂടാതെ അമ്മ എല്സമ്മയും (കവിയൂര് പൊന്നമ്മ), വല്ല്യമ്മ റാഹേലമ്മയും (സുകുമാരി) അവനോടോപ്പം താമസമുണ്ട്. അധ്വാനിച്ച് സ്വര്ഗ്ഗതുല്ല്യമായ് മാറ്റിയ തന്റെ കൃഷിയിടം മാത്യൂസിന്റെ ആനന്ദവും സ്വകാര്യഅഹങ്കാരവുമാണ്. പുഴക്കരയുടെ കണ്ണായ സ്ഥലത്തുള്ള ജെര്മിയാസ് ഫാം ഉള്പ്പെടെയുള്ള ഭൂമി സ്വന്തമാക്കാന് ആഗ്രഹിക്കുന്ന ബോംബെക്കാരനായ ഒരു വ്യവസായ പ്രമുഖന് സ്ഥലത്തെ പ്രധാനസ്ഥലകച്ചവടക്കാരനായ ആലുവ ചാണ്ടിയെ (ലാലു അലക്സ്) സമീപിച്ച് 75ലക്ഷം അഡ്വാന്സ് കൊടുക്കുന്നു. പക്ഷെ മാത്യൂസ് സ്ഥലം വില്ക്കാന് തയ്യാറാകുന്നില്ല. സ്ഥലം വില്പ്പിക്കുന്നതില് മാത്യൂസില് സമ്മര്ദ്ദം ചെലുത്താനും നാട്ടുകാരെ കൂടെ നിര്ത്തുവാനുമായ് സത്യം മറച്ച് വെച്ച് കോടനാട്ടില് ഒരു ടൌണ്ഷിപ്പ് വരുന്നതിലേക്കാണ് തനിക്ക് സഥലം വേണ്ടതെന്ന് ചാണ്ടിയും കൂട്ടരും വാര്ത്ത പരത്തുന്നു. സര്ക്കാര് ജീവനക്കാരും രാഷ്ട്രീയക്കാരുമെല്ലാം അതേറ്റു പറയുന്നു. തന്റെ സുഹൃത്തായ ബെറ്റ്സിയുടെ (പ്രിയങ്ക) സഹായത്തോടെ മീഡിയയുടെ സഹായവും അഡ്വ. സുനിത (ലക്ഷ്മി റായ്) വഴി നിയമസഹായവും തേടുന്നെങ്കിലും ചാണ്ടിയുണ്ടാക്കുന്ന പുതിയ പുതിയ പ്രശ്നങ്ങള് മാത്യൂസിന്റെ സ്വര്ഗ്ഗജീവിതത്തെ നരകതുല്യമാക്കുന്നു. ഏതറ്റം വരെ പോയും മാത്യൂസിന്റെ സ്ഥലം കൈക്കലാക്കാന് ചാണ്ടിയും, ചുറ്റുപാടുള്ളവരെല്ലാം സ്ഥലം വിറ്റീട്ടും നാട്ടുകാരും ബന്ധുക്കളും നിര്ബന്ധിച്ചിട്ടും പതിനഞ്ചാം വയസ്സു മുതല് കഷ്ടപ്പെടുന്ന, താന് വിളിച്ചാല് വിളി കേള്ക്കുന്ന മണ്ണ് രക്ഷിക്കാന് മാത്യൂസും കച്ചമുറുക്കുന്നതോടെ ‘ഇവിടം സ്വര്ഗ്ഗമാണ്’ കൂടുതല് രസകരമാവുന്നു.
മോഹന്ലാല് എന്ന നടനെ നാം ഇഷ്ടപ്പെടുന്ന സിനിമകള് ഇപ്പോള് വിരളമായേ ഉണ്ടാകാറുള്ളൂ. ഈ വര്ഷം പുറത്തിറങ്ങിയ മോഹന്ലാല് സിനിമകളില് റെഡ് ചില്ലീസ്, സാഗര് ഏലിയാസ് ജാക്കി, ഭഗവാന്, ഏഞ്ചല് ജോണ് എന്നിവ ആരും സംസാരിക്കാന് ഇഷ്ടപ്പെടാത്ത സിനിമകളാണ്. ഭ്രമരത്തിന് ശേഷം മോഹന്ലാല് എന്ന നടനെ നാം ഇഷ്ടപ്പെട്ടു പോവുന്ന സിനിമയാണ് ‘ഇവിടം സ്വര്ഗ്ഗമാണ്”. മാത്യൂസ് മോഹന്ലാലിനായ് മാത്രം സൃഷ്ടിക്കപ്പെട്ട കഥാപാത്രമല്ല, പക്ഷെ മോഹന്ലാലിന്റെ ചില (പ്രേക്ഷകര് ഇഷ്ടപ്പെടുന്ന) മാനറിസങ്ങള് മാത്യൂസിന് മിഴിവേകുന്നുണ്ട്. അതിഭാവുകത്വമില്ലാതെ കഥാപാത്രമായ് മാറിയിരിക്കുന്നു ഇവിടെ ഈ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്.
ഈ സിനിമയുടേ ഹൈലൈറ്റായ് പറയാവുന്ന ഒരു പെര്ഫോര്മന്സാണ് മാത്യൂസിനോടോപ്പം ആദിമധ്യാന്ത്യം നിറഞ്ഞ് നില്കുന്ന കഥാപാത്രമായ ആലുവ ചാണ്ടിയായ് ലാലു അലക്സ് നടത്തിയിരിക്കുന്നത്. അമിതാഭിനയവും ഇളകിയാടലുമില്ലാതെ സരസമായ് റിയല്എസ്റ്റേറ്റ്കച്ചവടക്കാരനെ ഫലിപ്പിച്ചിരിക്കുന്നു ഈ നടന്.
ലക്ഷിറായിയുടെ സുനിതവക്കീല് തരക്കേടില്ലെങ്കിലും പരിമിതമായ ഭാവങ്ങള് മാത്രം മുഖത്ത് പ്രകാശിപ്പിക്കാനുള്ള അഭിനേത്രിയുടെ കഴിവുകേട് കാരണം പ്രേക്ഷകനില് യാതൊരു ചലമുണ്ടാക്കുന്നില്ല. അമ്മയോട് ‘മാത്യൂസിനെ പോലുള്ളവരെ സഹായിക്കുന്നത് പച്ചക്കറിയുടെ തീ പൊള്ളിക്കുന്ന വിലയിലുരുകുന്ന സാധാരണക്കാരുടെ ആവശ്യമാണെ‘ന്ന് പറയുന്ന രംഗത്തിലാണെന്ന് തോന്നുന്നു, ലക്ഷ്മിയുടെ ഡബ്ബിങ് തീരെ സിങ്ക് ചെയ്യുന്നില്ല. കാണാനഴകുണ്ടെങ്കിലും അഭിനയമേഖലയില് ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു ഈ നടിക്ക്.
മാധ്യമപ്രവര്ത്തകയായ ബെറ്റ്സിയായ് പ്രിയങ്കയും എസ്.എഫ്.സി മാനേജര് മരിയയായ് ലക്ഷ്മി ഗോപാലസ്വാമിയും തരക്കേടില്ല. ലക്ഷ്മി ഗോപാലസ്വാമിയുടെ കണ്ണു കൊണ്ടും മുഖപേശികള് കൊണ്ടുമുള്ള “മുദ്രകള്” (ബോയ്ഫ്രണ്ടും കൊച്ചു കൊച്ചു സന്തോഷങ്ങളും ഓര്ക്കുക) അധികമില്ല എന്നത് ശുഭകരമായ പുരോഗതിയാണ്.
സിനിമയിലെ നര്മ്മരസം നിറഞ്ഞ് രംഗങ്ങളിലേറേയും ഭുവനചന്ദ്രന് എന്ന ആധാരമെഴുത്തുകാരന് വെള്ളിത്തിരയില് പ്രത്യക്ഷപ്പെടുമ്പോഴാണ്. കേരളാ കഫേയിലെ ജി.കെയില് നിന്നും ഭുവനചന്ദ്രനിലേക്ക് വരുമ്പോള് ജഗതി ശ്രീകുമാര് എന്ന നടന്റെ അയത്നലളിതമായ കൂടു വിട്ടു കൂടു മാറല് പ്രക്രിയ നമ്മെ അത്ഭുതപ്പെടുത്തും. പ്രബലന് എന്ന അമിക്കസ് ക്യൂറിയായ് ശ്രീനിവാസനും നമ്മെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു.
പാട്ടുകളൊന്നും ഉള്ക്കൊള്ളിക്കാഞ്ഞ സിനിമയില് പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഗോപി സുന്ദര് ആണ്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ് കഥയ്ക്കനുസൃതമാണ്. ദിവാകര് പകര്ത്തിയ രംഗങ്ങള് കോര്ത്തിണക്കിയിരിക്കുന്നത് രഞ്ജന് എബ്രഹാം ആണ്. കഥയുടെ ലാളിത്യമാര്ന്ന പരിസരങ്ങള് ലളിതമായ് - പ്രേക്ഷകന് തലവേദന ഉണ്ടാക്കുന്ന ഗിമ്മിക്കുകള്ക്കൊന്നും പോവാതെ - കാഴ്ചയൊരുക്കാന് ഇവര്ക്ക് കഴിഞ്ഞിട്ടുണ്ട്.
- ചില രംഗങ്ങളിലെ അനാവശ്യ മെലോഡ്രാമവാല്ക്കഷ്ണം: ചെയ്ത മൂന്നു സിനിമകളും നന്നാക്കിയ തിരക്കഥാക്കൃത്തും സംവിധായകനും തങ്ങളില് നിന്നും ഇനിയുമേറെ നല്ല സിനിമകള് പ്രതീക്ഷിക്കാമെന്ന് നമ്മെ കൊണ്ട് തോന്നിപ്പിക്കുന്നു എന്നതാണ് കാഴ്ചാവസാനം എനിക്ക് തോന്നിയത്. കച്ചവടസിനിമയുടെ ഫോര്മാറ്റില് നിന്ന് കൊണ്ട് സ്ഥിരം ഫോര്മുല ചിത്രങ്ങളില് നിന്നും വ്യത്യസ്തമായ് ചിന്തിച്ച ഇരുവര്ക്കും ദൃശ്യന്റെ വക ഇമ്മിണി ബല്യ ഒരു താങ്ക്സ്!
Labels: Ividam Swargamanu Review, ദൃശ്യന്, റിവ്യൂ, ഇവിടം സ്വര്ഗ്ഗമാണ് , സിനിമ, സിനിമാ നിരൂപണം
@---------------------------------------------------------------------------------------------------------------@
