നിര്‍മ്മാണം: തമ്പി ആന്റണി, കായല്‍ ഫിലിംസ്
അഭിനേതാക്കള്‍: ദിലീപ്, മീരാ ജാസ്മിന്‍, ഇന്നസെന്റ്, ഇന്ദ്രജിത്ത്, വിമലാരാമന്‍, കൃഷ്ണമൂര്‍ത്തി (കാതല്‍ ഫെയിം), ടോം ജേക്കബ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 25 ജനുവരി, 2008
സിനിമ കണ്ടത്: 26 ജനുവരി, 2008 @ കൈരളി, കോഴിക്കോട്
ദൃശ്യന്റെ റേറ്റിംഗ്: 5.98 @ 10
കാഴ്ച, തന്മാത്ര, പളുങ്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലെസ്സി കഥ-തിരക്കഥയൊരുക്കി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കല്‍ക്കത്ത ന്യൂസ്. ദിലീപ്-മീരാജാസ്മിന്‍ ജോഡികള്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കായല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് തമ്പി ആന്റണിയാണ്. കാഴ്ച, തന്മാത്ര (പളുങ്ക് കാണാന്‍ ഇതു വരെ എനിക്കായില്ല) എന്ന മുന്‍കാലചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷകനെ ബ്ലെസ്സി നിരാശപ്പെടുത്തുമെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കല്‍ക്കത്ത ന്യൂസും കാണിച്ചു തരുന്നുണ്ട്. ഒരുപക്ഷെ, ഒന്ന് രണ്ട് റീല്‍ കുറച്ച് ഈ ചിത്രം ഒന്ന് റീ-ഫോര്‍മാറ്റ് ചെയ്തിരുന്നെങ്കില്‍ കഴിഞ്ഞ 3-4 കൊല്ലത്തിനിടയ്ക്ക് മലയാളത്തിളിറങ്ങിയ നല്ല ചിത്രങ്ങളിലൊന്നായ് മാറിയേനെ ഈ ചിത്രം.
കഥാസംഗ്രഹം:
കല്‍ക്കത്താനഗരത്തില്‍ ജനിച്ച് വളര്‍ന്ന്, ഇപ്പോള്‍ കല്‍ക്കത്താന്യൂസ് എന്ന ചാനലിന്റെ റിപ്പോര്‍ട്ടറായ് ജോലി ചെയ്യുന്ന അജിത് തോമസിന്റെ (ദിലീപ്) ‘ഷാഡോസ് ഓഫ് കല്‍ക്കത്ത’ എന്ന ഡോക്യു-ഫിക്ഷന് ലഭിച്ച ഇന്റര്‍നാഷണല്‍ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങോടെയാണ് സിനിമ ആരംഭിക്കുന്നത്. ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട അജിത് അമ്മയും രണ്ട് സഹോദരികളോടുമൊന്നിച്ചാണ് താമസം. സ്മിത (വിമലാ രാമന്‍), അരുണ (മാനസ), ഷീല (ബൃന്ദ) (പിന്നെ ഉണ്ണി ശിവപാല്‍ അവതരിപ്പിക്കുന്ന എനിക്ക് പേരോര്‍മ്മയില്ലാത്ത ഒരു കഥാപാത്രവും) തുടങ്ങിയ സഹപ്രവര്‍ത്തകരടങ്ങുന്ന നല്ല ഒരു ടീം അജിത്തിനുണ്ട്. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്‍പില്‍ ‘ഷാഡോസ് ഓഫ് കല്‍ക്കത്ത’യുടെ പ്രദര്‍ശനമാരംഭിക്കുമ്പോള്‍ അജിത്ത് ‘കല്‍ക്കത്തയുടെ നിഴലുകള്‍’ പോലെ കടന്നു പോയ നാളുകള്‍ ഓര്‍ത്തെടുക്കുകയാണ്. ദുര്‍ഗ്ഗാപൂജയെ കുറിച്ചുള്ള ഒരു പരിപാടിയുടെ ഷൂട്ടിംഗിനിടയില്‍ ക്യാമറയിലേക്ക് വഴി തെറ്റി കടന്നു വന്ന ഹരി (ഇന്ദ്രജിത്ത്)യുടെ മരണം അജിത്തിന്റെ മനസ്സില്‍ നോവലായ് മാറിയത് അപ്രതീക്ഷിതമായിരുന്നു. പൂജയ്ക്കിടയിലും പിന്നെ ട്രാമിലും മറ്റുമായ് അവിചാരിതമായ് കണ്ടുമുട്ടിയ ഹരിയും ഹരിയുടെ ഭാര്യയും (മീര ജാസ്മിന്‍ അവതരിപ്പിച്ച കൃഷ്ണപ്രിയ) അവന്റെ മനസ്സില്‍ ഒരു ദുരൂഹതയാവുന്നു. നഗരത്തിലെ ഒരു ചെറുകിട ലോഡ്ജില്‍ നിന്ന് അര്‍ദ്ധബോധാവസ്ഥയില്‍ കണ്ടത്തിയ കൃഷ്ണപ്രിയയെ, കൈരളീ സമാജം സെക്രട്ടറിയുടെയും (ഇന്നസെന്റ്) ഭാര്യയുടെയും (ബിന്ദു മേനോന്‍) സഹായത്തോടെ അവന്‍ പതുക്കെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നു. അവര്‍ക്കിടയില്‍ പതിയെ ഒരു പ്രണയം നാമ്പെടുക്കവേ കൃഷ്ണപ്രിയയിലൂടെ അജിത്ത് മനസ്സിലാക്കുന്ന ഭയപ്പെടുത്തുന്ന ചില യാഥാര്‍ഥ്യങ്ങളും അവയിലൂടെയുള്ള സഞ്ചാരവുമാണ് കല്‍ക്കത്ത ന്യൂസ് പ്രേക്ഷകന് നല്‍കുന്നത്.
അഭിനയം, സാങ്കേതികം:
മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീപ്, മീര എന്നിവര്‍ സംവിധായകന്‍ ‘പറഞ്ഞ‘ പോലെ അഭിനയിച്ചിരിക്കുന്നുവെങ്കിലും മന്ദഗതിയില്‍ സഞ്ചരിക്കുന്ന സിനിമയില്‍ അവരുടെ പ്രകടനം വിരസമായ് അനുഭവപ്പെടുന്നു. പ്രണയവാചകങ്ങള്‍ ദിലീപിന്റെ നാവില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ വെറും വാചകങ്ങളായ് മാറുന്നു. എങ്കിലും തന്റെ മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് ദിലീപിന്റെ ‘അഭിനയഗ്രാഫ്’ ഈ ചിത്രത്തില്‍ മുകളിലേക്കാണ്. പക്ഷെ രസതന്ത്രം, ഒരേ കടല്‍ എന്നീ സിനിമകളിലെ അഭിനയത്തിന്റെ നിഴല്‍ മാത്രമായ് ഒതുങ്ങുന്നു മീരയുടെ പ്രകടനം . കല്‍ക്കത്താ നഗരത്തിലെ മലയാളിപിമ്പിനെ ഇന്ദ്രജിത്ത് നന്നായി അവതരിപ്പിച്ചിരിക്കുന്നു. കുറച്ച് നേരം മാത്രമേ ഉള്ളുവെങ്കിലും ടോം ജേക്കബ്ബ് അവതരിപ്പിച്ച പെട്ടികടക്കാരന്‍ നന്നായിട്ടുണ്ട്. മറ്റുള്ളവരെല്ലാം സാധാരണമായ് തോന്നി.
സംവിധായകന്‍ മനസ്സില്‍ കണ്ടതും കാണാത്തതുമായ കല്‍ക്കത്ത നമുക്ക് കാണിച്ചു തരുന്ന കുമാറിന്റെ ഛായഗ്രഹണമികവ് സിനിമയിലാകെ നിറഞ്ഞു നില്‍ക്കുന്നു. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വെളിച്ചക്രമീകരണം, അനാവശ്യആംഗിളുകളുടെ അഭാവം തുടങ്ങിയവ പ്ലസ് പോയിന്റുകളാണ്. മനു ജഗത്തിന്റെ കലാസംവിധാനം എടുത്ത് പറയേണ്ടതാണ്. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും പരിസരമൊരുക്കുക എന്നത് പലരും കരുതുന്നത് പോലെ ഒരു സൂത്രപണിയല്ല. മനുവിന്റെ പക്വതയാര്‍ന്ന കലാവൈദഗ്‌ദ്യം കല്‍കത്താ ന്യൂസിന്റെ മാറ്റ് കൂട്ടുന്നു. സമര്‍ത്ഥവും വ്യത്യസ്തവുമായ കട്ട്‌സിലൂടെ കഥയെ നയിക്കുന്ന വിജയ് ശങ്കറിന്റെ ചിത്രസംയോജനം നന്നെങ്കിലും, സിനിമയുടെ വേഗതകുറവില്‍ ഒരു പങ്ക് എഡിറ്റര്‍ക്കും അവകാശപ്പെട്ടതാണ്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും സായിയുടെ വസ്താലങ്കാരവും മികച്ചു നില്‍ക്കുന്നു.
മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ ടെക്‍നിക്കലി ഏറ്റവും മികച്ച ഒന്നാണ് കല്‍കത്ത ന്യൂസ് എന്ന് നിസ്സംശയം പറയാം. സാങ്കേതികത്തികവ് എന്നാല്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ അധികപ്രസരമാണെന്ന ഒരു തെറ്റിദ്ധാരണ പ്രേക്ഷകനും സിനിമാപ്രവര്‍ത്തകര്‍ക്കും ഈയിടെയായ് ഉണ്ട്. എന്നാല്‍ സിനിമയുടെ കഥയ്ക്കനുയോജ്യമായ രീതിയില്‍ ഒരുക്കിയ പരിസരങ്ങള്‍ യഥാവിധി പകര്‍ത്തുകയും സംയോജിപ്പിക്കുകയും ക്രമീകരിക്കുകയും ഇംപ്രൊവൈസ് ചെയ്യുകയുമാണ് യഥാര്‍ത്ഥത്തില്‍ ചലച്ചിത്രമെന്ന മാധ്യമം ആവശ്യപ്പെടുന്ന സങ്കേതികമേന്മയെന്ന് തിരിച്ചറിഞ്ഞ അപൂര്‍വ്വം ചില മലയാളസംവിധായകരില്‍ ഒരാളാണ് താനെന്ന് ബ്ലെസ്സി ഈ സിനിമയിലൂടെ കാണിച്ചു തരുന്നു.
ചിത്രത്തിനായ് ദേബ് ജ്യോതി-ശരത് വയലാര്‍ ടീം ഒരുക്കിയ ഗാനങ്ങള്‍ മെലോഡിയസാണെങ്കിലും, അനവസരത്തിലുള്ള അവയുടെ പ്രവേശനം മൂലം സിനിമ കണ്ടിരിക്കുമ്പോള്‍ നാം അവയെ ശ്രദ്ധിക്കാന്‍ വിട്ടു പോവുകയും, തന്മൂലം എതിരഭിപ്രായം ഉണ്ടാവുകയും ചെയ്യും. പിന്നീട് ആ ഗാനങ്ങള്‍ മ്യൂസിക്ക് ഇന്‍ഡ്യാ ഓണ്‍ലൈനില്‍ കേട്ടപ്പോളാണ് ഗാനങ്ങളെ കുറിച്ചുള്ള എന്റെ ആദ്യാഭിപ്രായം മാറിയത്. മുറിയിലെ വെളിച്ചമണച്ച് കുറഞ്ഞ ശബ്ദത്തില്‍ കേട്ടു കൊണ്ട് പതിയെ സുഖകരമായ ഉറക്കത്തിലേക്ക് നയിക്കാന്‍ പര്യാപ്തമായയാണ് അവ. ‘എങ്ങു നിന്നു വന്ന പഞ്ചവര്‍ണ്ണക്കിളി‘, ‘അകലെയൊരു ചില്ല‘ എന്നിവ നന്നായിരിക്കുന്നു. ‘കണ്ണാടി കൂട്ടിലെ‘ എന്ന ഗാനത്തിനും ഗാനചിത്രീകരണത്തിനും ഒരു പുതുമയുമില്ല. സിനിമയ്ക്ക് അതാവശ്യവുമില്ല.
സാധരണക്കാരന്റെ അസാധാരണബന്ധങ്ങള്‍, അതിനെ ഉലച്ചിലുകള്‍, പ്രതീക്ഷകള്‍, പൂവിടലുകള്‍, മരുപ്പച്ചകള്‍, മധുരനൊമ്പരപ്പാടുകള്‍ എന്നിവ അനുഭവമാക്കുന്ന മറ്റു ബ്ലെസ്സി ചിത്രങ്ങളുമായ് താരതമ്യപ്പെടുത്തിയാല്‍ കല്‍ക്കത്താ ന്യൂസ് ഒരു നിരാശയാണ്. പുതുതായൊന്നും പറയാനില്ലാത്തതെങ്കിലും സിനിമയുടെ സാദ്ധ്യതകളുള്ള ഒരു കഥയ്ക്ക് ഒരുക്കിയ സാധാരണമായ തിരക്കഥയാണ് ഈ നിരാശയ്ക്ക് പ്രധാനകാരണം. ബ്ലെസ്സിയിലെ നല്ല സംവിധായകനെ കാണിച്ചു തരുന്ന സിനിമയിലെ ആദ്യ 15 മിനിറ്റും അവസാന 15 മിനിറ്റും മനോഹരമാണെങ്കില്‍ അവയെ ഇണക്കുന്ന സമയം ഏറെക്കുറെ വിരസമാണ്. മഹാനദി, സൂത്രധാരന്‍ തുടങ്ങിയ ഒരുപാട് സിനിമകള്‍ ഒരുക്കിയ കാഴ്ചകള്‍ ഈ സിനിമയില്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുണ്ട്.
+ കുമാറിന്റെ ഛായാഗ്രഹണം, മനുവിന്റെ പക്വതയാര്‍ന്ന കലാവൈദഗ്‌ദ്യം, വിജയ് ശങ്കറിന്റെ ചിത്രസംയോജനം
+ ബ്ലെസ്സിയുടെ സംവിധാനപാടവം തെളിയിക്കുന്ന അവസാന 15 നിമിഷങ്ങള്‍
+ കല്‍ക്കത്തയുടെ പരിസരങ്ങള്‍
x ഇഴഞ്ഞു നീങ്ങുന്ന തിരക്കഥ. നല്ലൊരു സിനിമയായ് ആരംഭിക്കുകയും നല്ലൊരു സിനിമയായ് അവസാനിക്കുകയും ചെയ്യുന്നെങ്കിലും ഇടയിലെ ‘കാറ്റുവീഴ്ച‘ സിനിമയുടെ ടോട്ടാലിറ്റിയ്ക്ക് പ്രതികൂലമാവുന്നു.
x നമുക്കൊക്കെ ഏറെ ഇഷ്ടമെങ്കിലും, ആവര്‍ത്തനവിരസമാവുന്ന മീരയുടെ അഭിനയശൈലി
x ആര്‍ക്കുമൂഹിക്കാനാവുന്ന കഥ
x കഥയുടെ യാഥാര്‍ത്ഥ്യബോധത്തോട് മാറി നില്‍ക്കുന്ന ബ്ലാക്ക് മാജിക്ക്, പ്രേതവുമായുള്ള കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ അവിശ്വസനീയമായ സംഭവപരമ്പരകള്‍.
വാല്‍ക്കഷ്ണം: കച്ചവടസിനിമയുടെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് സിനിമയിലെ കലയെ പ്രേക്ഷകനിലേക്ക് പകരാന്‍ ശ്രമിക്കുന്ന ബ്ലെസ്സിയുടെ ശ്രമത്തെ കാണാതിരിക്കാനും പ്രശംസിക്കാതിരിക്കാനും നമുക്കാവില്ല.