Wednesday, January 9, 2008

കഥ പറയുമ്പോള്‍: പ്രേക്ഷകനെ അറിയുന്നവരുടെ സംഗമം

സംവിധാനം: എം.മോഹനന്‍‍
കഥ, തിരക്കഥ, സംഭാഷണം: ശ്രീനിവാസന്‍
നിര്‍മ്മാണം: ലൂമിയര്‍ ഫിലിം കമ്പനി
അഭിനേതാക്കള്‍: ശ്രീനിവാസന്‍, മമ്മൂട്ടി, മീന, ഇന്നസെന്റ്, സലീം കുമാര്‍ തുടങ്ങിയവര്‍
‍റിലീസിംഗ് തിയ്യതി: 22 ഡിസംബര്‍‍, 2007

പ്രേക്ഷകരുടെ ക്ഷമയേയും സാമാന്യബുദ്ധിയേയും ചോദ്യം ചെയ്യാതെ ഒരു സിനിമ എടുത്ത് വിജയിപ്പിക്കണമെങ്കില്‍ അതിനു വേണ്ട അവശ്യം ഘടകങ്ങളില്‍ പ്രമുഖമായതെന്ത്?
1. സൂപ്പര്‍ താരത്തിന്റെ സാന്നിദ്ധ്യവും അതിമാനുഷികപ്രകടനമോ?
2. അതോ നല്ല ഒരു സംവിധായകനോ?
3. കഥയോ, അതോ തിരക്കഥയോ?
ആദ്യത്തേതിന് തങ്ങള്‍ വലിയ വിലയൊന്നും കല്പിക്കുന്നില്ല എന്ന് അടുത്തിടെയായ് ഇറങ്ങിയ ഒരുപാട് ചിത്രങ്ങളുടെ ഞെട്ടിപ്പിക്കുന്ന (?) പരാജയങ്ങളിലൂടെ പ്രേക്ഷകര്‍ മറുപടി നല്‍കി കഴിഞ്ഞു.
കഴിവുള്ളവരെന്ന് കരുതിയിരുന്ന പല സംവിധായകരും പ്രേക്ഷകപ്രതീക്ഷയ്ക്ക് വിപരീതമായ് പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നതിനാല്‍ ഉത്തരം ‘സംവിധായകന്‍‘ എന്ന് മാത്രമാകാന്‍ വഴിയില്ല.
കഥയെങ്കില്‍, ഒരു സിനിമയുടെ കഥയ്ക്ക് വേണ്ട മാനദണ്ഡങ്ങളെന്തൊക്കെയാണ്? ഇതിന് നിങ്ങളുടെ ഉത്തരം എന്തു തന്നെയായാലും ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ മുകേഷ്-ശ്രീനിവാസന്‍ എന്നിവര്‍ നിര്‍മ്മിച്ച് ശ്രീനിവാസന്‍ കഥ-തിരക്കഥ-സംഭാഷണം നിര്‍വഹിച്ച് പുതുമുഖസംവിധായകന്‍ എന്‍. മോഹനന്‍ സംവിധാനം ചെയ്ത ‘കഥ പറയുമ്പോള്‍’ എന്ന ചിത്രം നിങ്ങളെ തെല്ലിട നിശബ്ദരാക്കുമെന്നുറപ്പ്. വാക്കുകളില്‍ ഒതുക്കാവുന്ന ഒരു കഥ, നിത്യജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ കണ്ണോടിക്കുന്ന ഒരു തിരക്കഥ, ‘നേരെ വാ നേരെ പോ’ എന്ന മട്ടിലൊരു ആഖ്യാനരീതി, ഒരുപാട് ചെറിയ കഥാപാത്രങ്ങള്‍, വൃത്തിയുള്ള അഭിനയം. കൃസ്തുമസ്സ് ചിത്രങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു ഈ ചിത്രം-പണത്തിലും ഗുണത്തിലും!

കഥാസംഗ്രഹം: കേരവൃക്ഷത്തേക്കാള്‍ റബ്ബര്‍ത്തൈകളുള്ള ഒരു കേരളീയഗ്രാമം. വിരലിലെണ്ണാ‍വുന്ന പീടികകളുള്ള മേലുക്കാവ് എന്ന അങ്ങാടിയിലാണ് ബാലന്റെ (ശ്രീനിവാസന്‍) പഴയ ബാര്‍ബര്‍ ഷാപ്പുള്ളത്. നേരെ എതിര്‍ദിശയില്‍ സ്റ്റെപ്പ്കട്ടറിയാവുന്ന മറ്റൊരു ബാര്‍ബറിന്റെ (ജഗദീഷ്) പുത്തന്‍ പുതിയ സലൂണുമുണ്ട്. വിപ്ലവകരമായൊരു പ്രേമത്തിന്റെ പര്യവസാനത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് മേലുക്കാവിലെത്തിയ ബാലന്‍ ഇപ്പോള്‍ ഭാര്യയും (മീന) മൂന്നു മക്കളുമായ് രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലാണ്. ദിവസവും അരിയും പലവ്യഞ്ജനങ്ങളും വാങ്ങുക, സമയത്തിന് മക്കളുടെ സ്ക്കൂള്‍ ഫീസടക്കുക, തന്റെ ബാര്‍ബര്‍ഷാപ്പിലേക്ക് ഒരു തിരിയുന്ന കസേര വാങ്ങുക തുടങ്ങിയ ന്യായമായ മോഹങ്ങളേ ബാലനുള്ളൂ. എന്നാലും ഗ്രാമത്തിലെ പലിശക്കാരനില്‍ (ഇന്നസെന്റ്) നിന്നോ മറ്റുള്ളവരില്‍ നിന്നോ കടം വാങ്ങാതെ, അഭിമാനത്തോടെയാണയാള്‍ കഴിയുന്നത്. അതിനിടയിലാണ് മേലുക്കാവ് പരിസരങ്ങളില്‍ ഒരു സിനിമാസംഘമെത്തുന്നത്. സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് ആണ് സിനിമയിലെ നായകന്‍. ബാലനും അശോക് രാജും തമ്മില്‍ പഴയൊരു സൌഹൃദമുണ്ടെന്ന് മേലുക്കാവ് വാസികള്‍ മനസ്സിലാക്കുന്നതും അതേ തുടര്‍ന്നുണ്ടാകുന്ന ചില്ലറസംഭവവികാസങ്ങളുമാണ് തുടര്‍ന്ന് ശ്രീനിവാസനും മോഹനനും നമ്മോട് സരസമായ് പറയുന്നത്.

അഭിനയം, സാങ്കേതികം: സിനിമയുടെ നട്ടെല്ല് എല്ലാ അര്‍ത്ഥത്തിലും ശ്രീനിവാസന്‍ തന്നെയാണ്. ഇടയ്ക്കൊന്ന് വലിഞ്ഞെങ്കിലും മെല്ലെ ഒഴുകുന്ന വൃത്തിയുള്ള തിരക്കഥയൊരുക്കിയ എഴുത്തുകാരന്റെ റോളിലായാലും, കേന്ദ്രകഥാപാത്രമായ ബാര്‍ബര്‍ ബാലനെ അവതരിപ്പിച്ച നടനെന്ന നിലയിലായാലും, സിനിമയാകെ ശ്രീനിവാസന്‍ നിറഞ്ഞു നില്‍കുന്നു. സുരക്ഷിതനായ്, തിരക്കഥയില്‍ നിന്ന് വ്യതിചലിക്കാതെ കഥ പറയുകയാണ് സംവിധായകന്‍ മോഹനന്‍ ചെയ്തിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ശ്രീനിവാസന്‍ രചിച്ച് പ്രദീപ് സംവിധാനം ചെയ്ത ‘ഇംഗ്ലീഷ് മീഡിയം’ എന്ന ചിത്രത്തിന്റെയും പ്രശ്നം തിരക്കഥയെ അന്ധമായ് പിന്തുടര്‍ന്ന സംവിധായകനായിരുന്നു. ആ ചിത്രത്തിന്റെ ദുരന്തം ഇവിടെയും സംഭവിക്കാതിരുന്നത് തിരക്കഥയും നിര്‍മ്മാണവും ഇക്കുറി മെച്ചമാണെന്നത് കൊണ്ടാണ്. കഥയില്ലായ്മയില്‍ നിന്ന് അല്ലെങ്കില്‍ വളരെ ചെറിയ ഒരു കഥാതന്തുവില്‍ നിന്ന് ഒരു സിനിമ വികസിക്കുന്നതെങ്ങനെ എന്ന് അറിയാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ഈ സിനിമ കണ്ടിരിക്കണം.
മമ്മുട്ടിയുടെ സാന്നിദ്ധ്യം സിനിമയുടെ വിജയത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുതകുമെന്നതില്‍ സംശയമില്ല. നാലോ അഞ്ചോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അശോക് രാജ് സിനിമയിലാകെ നിറഞ്ഞു നില്‍കുന്ന - ഓരോ സാധാരണക്കാരന്റേയും വലിയ മോഹത്തിന്റെ - ബിംബമാണ്. . സിനിമയുടെ അപ്രതീക്ഷിതമല്ലാത്ത ശുഭപര്യവസാനത്തിലുള്ള അശോക് രാജിന്റെ പ്രസംഗം നമ്മുടെ കണ്ണുകളെ നനയിച്ചിട്ടുണ്ടെങ്കില്‍ അതിനു പ്രധാനകാരണം മമ്മൂട്ടി എന്ന നടന്റെ സാത്വിക-വാചികാഭിനയത്തിലുള്ള കഴിവാണ്. പഴയ കൂട്ടുകാരനായ ബാലനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ശബ്ദമിടറിപ്പിക്കുമ്പോള്‍, കണ്‍-പുരിക-മുഖപേശികളാല്‍ അശോക് രാജിന്റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കാന്‍ - പറയാതെ പറയാന്‍ - മമ്മൂട്ടിയ്ക്ക് സാധിച്ചു.

മലയാളിക്ക് ഈ ചിത്രം ഇഷ്ടപ്പെടാന്‍ ഇനിയൊരു കാരണം ചിത്രത്തിന്റെ ഗ്രാമ്യമുഖമാണ്. വംശനാശം വന്നെന്ന് മിക്കവരും അലമുറയിടുന്ന ജനുസ്സിലും പരിസരങ്ങളിലുമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ മിക്കതും. അവരെ തിരിച്ചറിയാന്‍ നമുക്ക് പെട്ടന്ന് കഴിയുന്നു. അങ്ങനെ കഴിയാത്തവര്‍ ദീര്‍ഘകാലപ്രവാസികളോ കേരളത്തിലെ ചിലയിടങ്ങള്‍ മാത്രം കണ്ടവരോ ആയിരിക്കാം. എന്തോ, ഈ അങ്ങാടിമുഖങ്ങള്‍ എനിക്ക് വളരെ പരിചിതമായാണ് തോന്നിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് പിരിക്കാന്‍ പാടു പെടുന്ന പാരലന്‍ കോളേജ് അദ്ധ്യാപകന്‍ (മുകേഷ്), പൊങ്ങച്ചക്കാരന്‍ പി.ടി.എ. മെമ്പര്‍ (അഗസ്റ്റിന്‍), ഒരു ‘ബിരിയാണിക്കുടുംബം’ (റീനാമച്ചാന്‍ & ഫാമിലി), കൈക്കൂലി സര്‍ക്കാര്‍ ജീവനക്കരന്റെ അവകാശമെന്ന് വിശ്വസിക്കുന്ന വില്ലേജ് ഓഫീസര്‍ (ജഗതി), ആഗോളവല്‍ക്കരണത്തിനെതിരെ പ്രസംഗിച്ച് നടക്കുന്ന എന്നാല്‍ അതിന്റെ ഭാഗമായ് മാറിയിരിക്കുന്ന രാഷ്ടീയക്കാരന്‍, പുതിയ തലമുറയിലെ ബാര്‍ബര്‍ (ജഗദീഷ്) തുടങ്ങിയ ഒരുപാട് ചെറിയ പാത്രങ്ങള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. കൂട്ടത്തില്‍ സലീംകുമാറിന്റെ കവി, മാമ്മുക്കോയയുടെ ചായക്കടക്കാരന്‍, ഇന്നസെന്റിന്റെ പലിശക്കാരന്‍ മുതലാളി, കോട്ടയം നസീറിന്റെ നാട്ടുറൌഡി തുടങ്ങിയ ക്ലീഷേ കഥാപാത്രങ്ങളും ഇതിലുണ്ടെന്ന് പറയാതെ വയ്യ.

സിനിമയ്ക്ക് അനുയോജ്യമായ് നീങ്ങുന്ന മനോജ് പിള്ളയുടെ ക്യാമറയും ഗോകുല്‍ ദാസിന്റെ കലാസംവിധാനവും എടുത്ത് പറയേണ്ടതാണ്. ആദ്യപകുതിയിലെ വലിച്ചിലിന് രഞ്ജന്റെ ചിത്രസംയോജനം കൂടി കാരണമാണ് എന്ന് തോന്നി. അനില്‍ പാച്ചൂരാന്‍-ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ വരികളും എം.ജയചന്ദ്രന്റെ സംഗീതവും സിനിമയോട് ചേര്‍ന്ന് നില്‍കുന്നു.


* ലളിതം, സുന്ദരം. അതിശോക്തിയില്ലാത്ത കഥ പറച്ചില്‍രീതി.
* മുഖ്യനടീനടന്മാരുടെ മികച്ച അഭിനയം
* താരങ്ങള്‍ക്ക് മുകളിലായ് മനസ്സില്‍ തങ്ങി നില്‍കുന്ന കഥാപാത്രങ്ങള്‍

x ഇടയിലൊന്ന് വലിയുന്ന തിരക്കഥ. 10-15 മിനിറ്റ് കുറച്ചിരുന്നെങ്കില്‍ കുറേ കൂടി നന്നായേനെ.
x ശ്രീനിവാസന്റെ സിനിമകള്‍ പറയുന്ന സ്ഥിരം സംഗതികള്‍, കേട്ടാല്‍ മലയാളിയുടെ ചുണ്ടില്‍ ഇന്നും ഒരു മന്ദഹാസമായ് മാറുന്ന, തന്റെ ശാരീരികപരിമിതികളെ സ്വയം കളിയാക്കുന്ന ക്ലീഷേ ശ്രീനിവാസന്‍ സംഭാഷണങ്ങള്‍, ഇതിലുമുണ്ട്. കുറേ കേള്‍ക്കുമ്പോള്‍ എന്തും മടുക്കുമല്ലോ?

5 comments:

ദൃശ്യന്‍ | Drishyan said...

വാക്കുകളില്‍ ഒതുക്കാവുന്ന ഒരു കഥ, നിത്യജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ കണ്ണോടിക്കുന്ന ഒരു തിരക്കഥ, ‘നേരെ വാ നേരെ പോ’ എന്ന മട്ടിലൊരു ആഖ്യാനരീതി, ഒരുപാട് ചെറിയ കഥാപാത്രങ്ങള്‍, വൃത്തിയുള്ള അഭിനയം. കൃസ്തുമസ്സ് ചിത്രങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു ഈ ചിത്രം-പണത്തിലും ഗുണത്തിലും!

കഥ പറയുമ്പോളിന്‍‌റ്റെ കാഴ്ചയുമായ് സിനിമാക്കാഴ്ച‍.

സസ്നേഹം
ദൃശ്യന്‍

ശ്രീ said...

നല്ല മികവോടെ വിശകലനം ചെയ്തിരിയ്ക്കുന്നു. കൊള്ളാം മാഷേ...

:)

ദൃശ്യന്‍ | Drishyan said...

നന്ദി ശ്രീ...

സസ്നേഹം
ദൃശ്യന്‍

N.J ജോജൂ said...

അടുക്കും ചിട്ടയുമുള്ള എഴുത്തും വിശകലനവും.

നല്ല സിനിമകളുടെ പരാജയവും, പൊള്ളയായ സിനിമകളുടെ വിജയവുമാണ് സിനിമാക്കാരുടെ പാഠപ്പുസ്തകം. അല്ലാതെ നല്ല പടങ്ങളുടെ വിജയവും പൊള്ളയായ വ് പടങ്ങളുടെ പരാജയവുമല്ല. മറിച്ചായിരുന്നെങ്കില്‍ എന്തു നന്നായിരുന്നു. (പൊതുവെ പറഞ്ഞതാണ്)

ദൃശ്യന്‍ | Drishyan said...

വളരെ ശരിയാണ് ജോജു,
നല്ല പടങ്ങളുടെ വിജയവും പൊള്ളയായ പടങ്ങളുടെ പരാജയവുമാണ് സംഭവിക്കുന്നതെങ്കില്‍ എത്ര നന്നായിരുന്നു. വിനോദം ലക്ഷ്യമാക്കുന്ന ചലച്ചിത്രങ്ങള്‍ നമുക്കു വേണം, പക്ഷെ നമ്മുടെ വിനോദത്തെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ ചിലര്‍ തന്നിഷ്ടപ്രകാരം ഡിഫൈന്‍ ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതിലൂടെ അവതരിക്കപ്പെട്ട വിനോദം തെറ്റിദ്ധരിക്കപ്പെട്ടതാണ്, മിക്കപ്പോഴും ബുദ്ധിശൂന്യവുമാണ്. കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ ‘നല്ലത്’ എന്നതിനെ കുറിച്ചുള്ള സങ്കല്‍പ്പവും ഇവര്‍ മാറ്റും.

സസ്നേഹം
ദൃശ്യന്‍