
നിര്‍മ്മാണം: എ.വി.അനൂപ്, എ.വി.എ. പ്രൊഡക്ഷന്‍സ്
അഭിനേതാക്കള്‍: ജഗതി, ജയസൂര്യ, ബാലചന്ദ്രമേനോന്, നെടുമുടി വേണു, തിലകന്, ഗോപകുമാര്‍, മാള, ജനാര്ദ്ദനന് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 11 ഏപ്രില്‍, 2008
സിനിമ കണ്ടത്: 13 ഏപ്രില്‍, 2008 @ ലാവണ്യ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 0.89 @ 10
രാഷ്ട്രീയം പാശ്ചാത്തലമാക്കിയ ഒരുപാട് കലാ-സാഹിത്യരൂപങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അക്ഷരങ്ങളായും കാഴ്ചകളായും നമ്മെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തവ അനവധി! രാഷ്ട്രീയമെന്ന പോലെ രാഷ്ട്രീയക്കാരന്റെ ജീവിതവും നമുക്ക് ഇഷ്ടവിഷയങ്ങള്‍ തന്നെ. ‘മുഖാമുഖം’, ‘മരണസിംഹാസനം’, ‘വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ’ തുടങ്ങിയ ചിന്തോദ്ദീപകമായ സൃഷ്ടികളെന്ന പോലെ ‘പഞ്ചവടിപ്പാലം’, ‘സന്ദേശം’, ‘അറബിക്കഥ’ തുടങ്ങിയ സരസമായ സിനിമകളും നമ്മള് മനസ്സ് നിറഞ്ഞ് ആസ്വദിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞവയുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നായിരുന്നു ബാലചന്ദ്രമേനോന്-മമ്മൂട്ടി ടീമിന്റെ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രം. ഒരു സാധാരണ രാഷ്ട്രീയപ്രവര്‍ത്തകന്റെ കുടുംബജീവിതം സരസമായ് പറഞ്ഞ ഈ ചിത്രത്തിന്റെ സംവിധായകന്, പ്രേക്ഷകസമക്ഷം സമര്‍പ്പിച്ച വിഷുക്കണിയത്രേ, അനൂപ് നിര്‍മ്മിച്ച്, ജഗതിയും ജയസൂര്യയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ‘ചലച്ചിത്രം’. സിനിമ എന്നാല്‍ ‘എന്തല്ല’ എന്ന അറിവിനായ് ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് പഠനവിധേയമാക്കാവുന്നതാണ് ലക്ഷ്യബോധമില്ലാത്ത ഈ അറുബോറന്‍ ചിത്രം!
സിനിമ തുടങ്ങി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ തന്നെ ഏതൊരു പ്രേക്ഷകനും ഊഹിച്ചെടുക്കാന്‍ പറ്റാവുന്ന തരത്തിലുള്ള അതിവിശിഷ്ടമായ ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ വെട്ടിക്കാട് സദാശിവന് (ജഗതി ശ്രീകുമാര്‍) എന്ന നിത്യബ്രഹ്മചാരിയായ കേരളാമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മരുമകന് വെട്ടികാട് ശിവനും (ജയസൂര്യ) ആണ്. മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ അമ്മാവനെ മാതൃകാപുരുഷനായ് മനസ്സില്‍ കൊണ്ട് നടക്കുന്ന തൊഴില്‍രഹിതനായ ഒരു ചെറുപ്പക്കാരനാണ് ശിവന്. തന്റെ മറ്റൊരു അമ്മാവന്റെ (ജനാര്ദ്ദനന്) മകള്‍ ചക്കരയുമായ് (പുതുമുഖം ) ശിവന് കൊടുംപ്രണയത്തിലാണ്. അവരുടെ ശിവ-‘പാര്‍വ്വതി’ ശൃംഗാരങ്ങള്‍ മുറുകുന്നതിനിടയില്‍ കേരളത്തില്‍ ഇലക്ഷന് പ്രഖ്യാപിക്കുന്നു. അമ്മാവനെ സര്‍വ്വപിന്തുണയേകാനായ് തിരുവനന്തപുരത്തെത്തുന്ന ശിവന് അദ്ദേഹത്തിന്റെ മറ്റൊരു മുഖം കാണുന്നു, ‘കേരള ജനത‘യ്ക്കായ് അവന് അമ്മാവനെതിരെ തിരിയുന്നു.

അഭിനയം, സാങ്കേതികം:
ജഗതി, നെടുമുടി വേണു, തിലകന്, ഗോപകുമാര്‍, മാള, ജനാര്ദ്ദനന് തുടങ്ങിയവ അഭിനയമറിയാവുന്ന നടന്മാര് അണിനിരക്കുന്ന ഒരു ചിത്രത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനയമുഹൂര്‍ത്തമോ തരക്കേടില്ലാതെ അഭിനയിച്ചു എന്ന് പറയാന്‍ പോലും ഒരു പേരോ ഇല്ല എന്നത് സങ്കടമുണര്‍ത്തുന്ന കാര്യമാണ്. ജഗതി പോലും നമ്മെ വല്ലാതെ ബോറടിപ്പിക്കുന്ന സിനിമയില്‍ സാങ്കേതികവശം ഒരു ടി.വി. സീരിയലിനേക്കാളും താണ നിലവാരം പുലര്‍ത്തുന്നു എന്നതാണ് പരമാര്‍ത്ഥം. അതിനാല്‍ ഒരു വിഭാഗവും ഏടുത്ത് പറയാന്‍ മുതിരുന്നില്ല ഞാന്‍.


വാല്‍ക്കഷ്ണം:
ഈ സിനിമയുടെ പോസ്റ്ററുകളൊന്നില്‍ ഇങ്ങനെ കണ്ടു - An Idiotic film with intention and intelligence. idiotic എന്ന വിശേഷണത്തോട് പരിപൂര്‍ണ്ണമായും യോജിക്കുന്നു. intention and intelligence സിനിമയിലെങ്ങും കണികാണാന്‍ കിട്ടിയതുമില്ല. വിഷുക്കണിയായ് ഇത്തരം സിനിമകള്‍ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഈ കൊല്ലം ഇനി സിനിമ കാണുകയേ ഇല്ല എന്ന് തീരുമാനിച്ചാല്‍ തന്നെ അതിശയിക്കാനില്ല!
12 comments:
ഒരു സാധാരണ രാഷ്ട്രീയപ്രവര്ത്തകന്റ്റെ കുടുംബജീവിതം സരസമായ് പറഞ്ഞ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തിന്റ്റെ സംവിധായകന്, പ്രേക്ഷകസമക്ഷം സമര്‍പ്പിച്ച വിഷുക്കണിയത്രേ, അനൂപ് നിര്‍മ്മിച്ച് ബാലചന്ദ്രമേന്നോന് എഴുതി സംവിധാനം ചെയ്ത്, ജഗതിയും ജയസൂര്യയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ‘ചലച്ചിത്രം’. സിനിമ എന്നാല്‍ ‘എന്തല്ല’ എന്ന അറിവിനായ് ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് പഠനവിധേയമാക്കാവുന്നതാണ് ലക്ഷ്യബോധമില്ലാത്ത ഈ അറുബോറന്‍ ചിത്രം!
കൂടുതല്‍ വിശേഷങ്ങളുമായ് സിനിമാക്കാഴ്ച വീണ്ടും.
സസ്നേഹം
ദൃശ്യന്‍
ഈ .89 എന്ന റേറ്റിംഗ് ഏതു വകുപ്പിലാ കൊടുത്തത്??
orennam samvidhayakanu kodukkan pattatha vishamathil aayirikkum 0.89 koduthath...shemi jyojoooo
40 രൂപ ലാഭം
മേനോന് ഇതെന്തു പറ്റിയോ ആവോ?
സിനിമ സംവിധയകന്റെ മാത്രം കല എന്ന് മുറവിളികേള്ക്കുമ്പോള്, സിനിമ തിരക്കഥയുടെ കല എന്ന് ഈ സിനിമയും നമ്മെ പഠിപ്പിക്കുന്നു.
ഈ ബാലചന്ദ്രമേനോന് എത്രയോ നല്ല ചിത്രങ്ങള്‍
മലയാളത്തിനു സമ്മാനിച്ചിട്ടുള്ള ആളാണു.പാര്‍വ്വതി,കാര്‍ത്തിക,ശോഭന,ലിസി,ആനി,നന്ദിനി ബാലചന്ദ്രമേനോന്റെ പുതിയ സെലക്ഷ്ന്‍ കണ്ടപ്പോഴെ ഈ പടം പൊട്ടുമെന്നു ഉറപ്പായിരുന്നു
പ്രതിഭ വറ്റിയാല്‍ ‘നല്ല ഇരിക്കണം’
വളരെ നന്ദി ..
ഇനി ഇത് കണ്ടു ബുദ്ധി മുട്ടണ്ടല്ലോ
ഇന്നലെ ഫസ്റ്റ് ഷോ കാണാന്‍ ലാവണ്യ യില്‍ ആരും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു ... പുറത്തു കോമ്പൌണ്ടില്‍ ഒറ്റ വണ്ടി പോലും ഇല്ലായിരുന്നു
:)
അപ്പോളങ്ങോട്ട് നോക്കുകയേ വേണ്ട അല്ലേ? നന്ദി.
ഓഫ്: സിനിമാക്കാഴ്ചകളെല്ലാം വായിക്കാറുണ്ട്. പക്ഷെ, ഓഫീസില്‍ ബ്ലോഗര്‍ ബ്ലോക്കാണ്. റീഡറില്‍ ഫുള്‍ ഫീഡായി എത്തുന്നതുകൊണ്ട് അപ്പോള്‍ തന്നെ വായിക്കും, പിന്നെ പറയാനുള്ളതു മറന്നും പോവും! :(
--
നന്ദി ജോജു. കൊടുക്കാവുന്ന മാക്സിമം റേറ്റിങ് എന്ന നിലയില്‍ കൊടുത്തതാണ്. മേനോന് ഒരു അന്ത്യകൂദാശ എന്ന നിലയില്‍!വായന്യ്ക്ക് നന്ദി പൂവന്‍കോഴി.
മാളൂസേ... :-)
ശ്രീ, ഇനി അഭിനയം മാത്രം മതി എന്ന് വെക്കുകയാണ് അദ്ദേഹത്തിന് നല്ലതു എന്ന് എനിക്കും തോന്നുന്നു.
മനു, സത്യം!
അനൂപ്, നന്ദി. നായികയെ കണ്ട് സിനിമ മോശമാവുമെന്ന് എനിക്ക് തോന്നിയിരുന്നില്ല.
ചാപ്പുണ്ണി, ഞാനും അത് വിശ്വസിക്കുന്നു. പക്ഷെ പ്രതിഭ വറ്റി എന്ന് അവര്‍ക്കും തോന്നണ്ടേ?
മുന്ന, ഞാന്‍ ഞായറാഴ്ച കണ്ടപ്പോഴും ആകെ പത്ത് മുപ്പത് പേരേ ആകെ ഉണ്ടായിരുന്നുള്ളൂ. വായനയ്ക്ക് നന്ദി.
നന്ദി ഹരീ. ഈ സിനിമ കളിക്കുന്ന ഏരിയയിലേക്കേ പോകേണ്ടാട്ടോ.
സസ്നേഹം
ദൃശ്യന്‍
ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പരിപാടിയില്‍ ഈ ചിത്രത്തെപ്പറ്റി സംവിധായകന് ശ്രീ ബാലചന്ദ്രമേനൊന്റെ അഭിപ്രായം ഉണ്ടായിരുന്നു. അതിലദ്ദേഹം നിരപരാധിയാണ് നിര്‍മ്മാതാവും മറ്റും ചേര്‍ന്ന് മുറിച്ചു മാറ്റിയതിലാണ് ആ സിനിമ ഈ പരുവത്തിലായത് എന്നൊക്കെയാണ്. ഇതെത്രത്തോളം വിശ്വസനീയമാണെന്ന് അറിയില്ല. നിര്‍മ്മാതാവിന്റെ പണം മുടക്കിയാണ് സിനിമ ഇറക്കുന്നതെങ്കിലും അതിലെ ഓരൊ ഷോട്ടിന്റെയും ഉത്തരവാദിത്വം സംവിധായകനല്ലെ?. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ അങ്ങിനെയൊരു കത്രിക വയ്ക്കല്‍ സിനിമലോകത്ത് കേള്‍ക്കുന്നത് ആദ്യമായിട്ടാ.. ഞാന്‍ ഒരു പാട് സ്നേഹിക്കുന്ന, വ്യക്തിപരമയി അടുപ്പവുമുള്ള ഒരു ആളെന്ന നിലയില്‍ ശ്രീ മേനോന്റെ ഈ സ്റ്റേറ്റ് മെന്റ് വിശ്വസിക്കാനും അവിശ്വസിക്കാനൊ വയ്യാത്ത സ്ഥിതിയാണ്. സത്യമെന്തെന്ന് ആര്‍ക്കറിയാം!. ശ്രീ മേനോന്റെ എല്ലാ ചിത്രങ്ങളും വന്‍ വിജയമായിരുന്നില്ലല്ലോ കളക്ഷനില്‍ വളരെ മോശമായ ചിത്രങ്ങള്‍ ഇറങ്ങിയപ്പോള്‍ പോലും ഇത്ര വികാരപരമായി അദ്ദേഹം പ്രതികരിച്ചു കണ്ടതുമില്ല!.
Post a Comment