Tuesday, April 22, 2008

അണ്ണന്‍ തമ്പി: എല്ലാം മമ്മൂട്ടി മയം!

സംവിധാനം: അന്‍‌വര്‍ റഷീദ്
കഥ, തിരക്കഥ, സംഭാഷണം:
ബെന്നി.പി.നായരമ്പലം
നിര്‍മ്മാണം: ഷാഹുല്‍ ഹമീദ് മരിക്കാര്‍, ആന്റോ ജോസഫ്, മരിക്കാര്‍ ഫിലിം‌സ്
അഭിനേതാക്കള്‍: മമ്മൂട്ടി, ജനാര്‍ദ്ദനന്‍, സിദ്ദിക്ക്, ഗോപിക, ലക്ഷ്മി റായി തുടങ്ങിയവര്‍ റിലീസിംഗ് തിയ്യതി: 17 ഏപ്രില്‍‍‍, 2008
സിനിമ കണ്ടത്: 20 ഏപ്രില്‍‍‍, 2008 @ കൈരളി, കോഴിക്കോട്‍
‍ദൃശ്യന്റെ റേറ്റിംഗ്: 3.37 @ 10തികച്ചും അപ്രതീക്ഷിതമായ ഒരു മുന്നേറ്റമായിരുന്നു അന്‍‌വര്‍റഷീദ്-മമ്മൂട്ടി ചിത്രമായ ‘രാജമാണിക്യം’ കേരളത്തിലെ തിയേറ്ററുകളില്‍ നടത്തിയത്. ഉള്‍നാടന്‍തിരോന്തരംഭാഷയുമായ് വന്ന മാണിക്യത്തെ സാധാരണക്കാരായ മലയാളസിനിമാപ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെട്ടു. വേണ്ട രീതിയില്‍ അവതരിപ്പിച്ചാല്‍ മമ്മൂട്ടിക്ക് ഹാസ്യം വഴങ്ങും എന്ന് ഒരിക്കല്‍ കൂടെ നമ്മെ ഓര്‍മ്മിപ്പിച്ച ഈ വാണിജ്യചിത്രം നിര്‍മ്മാതാവിന്റെയും വിതരണക്കാരന്റേയും പോക്കറ്റില്‍ നാണയകിലുക്കമുണ്ടാക്കി. അങ്ങനെയുള്ള ഒരു സിനിമയുടെ പ്രവര്‍ത്തകര്‍ ഒരിക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ - അതും നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച തിരക്കഥാകൃത്തുമൊത്ത്, ഒരു വിഷുക്കാലത്ത് ഒന്നിക്കുമ്പോള്‍ - നമ്മുടെയെല്ലാം പ്രതീക്ഷകള്‍ വാനോളമുയരുന്നത് സ്വാഭാവികം. പക്ഷെ അന്‍‌വര്‍ റഷീദ്-മമ്മൂട്ടി-ബെന്നി.പി.നായരമ്പലം ടീമിന്റെ ഈ വിഷുസമ്മാനം കണ്ട് മടുത്ത ഒരു മസാലക്കാഴ്ച മാത്രമാണ്. ഫാന്‍സിന്റെ കീശ മാത്രം ലാക്കാക്കി കൊണ്ടുള്ള, പൊള്ളാച്ചി സിന്‍ഡ്രോം കലര്‍ന്ന, ഇത്തരം കോപ്രായപടപ്പുകള്‍ മലയാളസിനിമയുടെ ‘പിന്നോക്ക യാത്ര‘യ്ക്ക് വേഗത കൂട്ടാനേ ഉപകരിക്കൂ.


കഥാസംഗ്രഹം:
പാലക്കാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമം. അവിടത്തെ ബാലെ ആശാനും (ജനാര്‍ദ്ദനന്‍) ഭാര്യയ്ക്കും (ഊര്‍മിള ഉണ്ണി) ആദ്യം പിറന്നത് ഇരട്ട കുട്ടികള്‍. ഗ്രാമത്തില്‍ ഒരു പരിചയക്കാരനെ കാണാന്‍ വരുന്ന ഒരു യാത്രികനെ (ബിജുകുട്ടന്‍) ഇവര്‍ കുരങ്ങ് കളിപ്പിക്കുന്ന രംഗങ്ങള്‍, ശ്രീനിവാസന്റെ കമന്ററിയിലൂടെ, അവതരിപ്പിച്ച് കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ജനിച്ച് വീണത് മുതലേ തമ്മില്‍ കണ്ടാല്‍ പാമ്പും കീരിയും പോലെ വര്‍ത്തിച്ച അവര്‍ ഒരുമിച്ചൊരിടത്ത് വളര്‍ന്നാല്‍ അത് അപമൃത്യുവിലേ കലാശിക്കൂ എന്ന് ജ്യോത്സ്യന്‍ പറഞ്ഞതനുസരിച്ച് ഇരട്ടകളിലൊരാളെ പൊള്ളാച്ചിയിലുള്ള അമ്മാവന്റെ (മണിയന്‍പിള്ള രാജു) അടുത്തയച്ച് പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുന്നു. അതേ തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ അവരുടെ ബന്ധം വഷളാകാനേ ഉപകരിച്ചുള്ളു. എന്തൊക്കെയായാലും ജ്യോത്സ്യോപദേശം പ്രാവര്‍ത്തികമായി, ഇരട്ടകള്‍ വേര്‍പിരിഞ്ഞു. തമ്മില്‍ കണ്ടാല്‍ ഉടനെ പരസ്പരം തല്ലുന്ന ഈ അണ്ണന്റേയും തമ്പിയുടേയും പിന്നീടുള്ള കഥയാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ അന്‍‌വര്‍ റഷീദ് പറയുന്നത്. പക്ഷെ കഥയുടേയും കഥാകഥനരീതിയുടേയും ക്രാഫ്ടിന്റേയും കാര്യത്തില്‍ അദ്ദേഹത്തിന്റെ മുന്‍‌ചിത്രങ്ങളേക്കാള്‍ ദരിദ്രമാണ് ഈ ചിത്രം.

അഭിനയം, സാങ്കേതികം:
സിനിമയില്‍ ആദ്യാന്തം നിറഞ്ഞ് നില്കുന്ന താരപ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത്. പക്ഷെ മമ്മൂട്ടിയിലെ നടന് അഭിമാനിക്കാവുന്ന ഒന്നും തന്നെ ഈ സിനിമയിലില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. വികാരാധീനമായ രംഗങ്ങളില്‍ ‘മമ്മുട്ടി മമ്മൂട്ടിയെ അനുകരിക്കുകയാണോ‘ എന്ന തോന്നല്‍ ഈ സിനിമ കാണുന്നവര്‍ക്കുണ്ടാമെങ്കില്‍ അതിനവരെ കുറ്റം പറയാനാകില്ല. നായികമാരില്‍ ഗോപിക തരക്കേടില്ല. തമിഴത്തിയുടെ ഒരു ഛായയുമില്ലാത്ത പൊള്ളാച്ചിക്കാരിയുടെ റോളില്‍ ലക്ഷ്മി റായ്‌ അഭിനയിക്കാന്‍ തന്നാല്‍ കഴിയും വണ്ണം ശ്രമിച്ചു. മറ്റു ചില അന്യഭാഷാനടികളെ പോലെ അവര്‍ ബോറാക്കിയില്ല എന്നത് തന്നെ ആശ്വാസം. നായകോപഗ്രഹറോളുകളില്‍ സുറാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സിദ്ദിക്ക്, ജനാര്‍ദ്ദനന്‍ എന്നിവര്‍ തങ്ങളുടേതായ നിലവാരം പുലര്‍ത്തി. സലീം കുമാറിന്റെ കണ്ടു പഴകിയ ഹാസ്യശൈലി മടുപ്പുളവാക്കി. ഒരുപാട് പൊട്ടന്‍ഷ്യലുണ്ടെന്ന് തോന്നിപ്പിച്ച ഒരു നടന്‍ ഇത്തരം സ്ഥിരംവേഷങ്ങളില്‍ സ്വയം തളച്ചിടുന്നത് പ്രേക്ഷകന്റെ നഷ്ടമെന്നല്ലാതെ എന്ത് പറയാന്‍. പ്രതീക്ഷയ്ക്കനുസരിച്ചുള്ള ഹാസ്യരംഗങ്ങളില്ല എന്നത് നിരാശയായ് തോന്നി.
‘പൊള്ളാച്ചി‘ സിനിമകളില്‍ സ്ഥിരം കാണുന്ന രംഗങ്ങള്‍ക്കപ്പുറം യാതൊരു പുതുമകളുമില്ലാത്ത കാഴ്ചകളാണ് സംവിധായകന് വേണ്ടി
കലാസംവിധായകന്‍ സുരേഷ്.ജി.കൊല്ലം ക്യാമറാമാന്‍ ലോകനാഥന്‍ എന്നിവര്‍ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളെ തന്റെ ക്യാമറയുമായ് പിന്തുടരുക എന്നതിനപ്പുറം പുതിയ കാഴ്ചകളൊന്നും ഈ സിനിമയിലുള്‍പ്പെടുത്താനുള്ള സാഹസം ലോകനാഥന്‍ കാണിച്ചില്ല. സിനിമയുടെ മുറുക്കം ഇടയ്ക്കിടെ നഷ്ടപ്പെടുത്തിയതിന്റെ ക്രെഡിറ്റ് മറ്റുള്ളവര്‍ക്കുമൊപ്പം ചിത്രസംയോജനം നിര്‍വ്വഹിച്ച ഡോണ്‍‌മാക്സിനുമവകാശപ്പെടാം. ഇത്തരമൊരു ചിത്രത്തില്‍ രംഗങ്ങള്‍ക്കിടയിലെ വേഗത ഒരു പ്രധാനഘടകമെന്നിരിക്കെ, സാങ്കേതികപ്രവര്‍ത്തകര്‍ക്ക്‍ പാസ്സ് മാര്‍ക്കിനും ഇത്തിരി കീഴെയാണ് സ്കോര്‍. സാങ്കേതികഘടകങ്ങളില്‍ വലിയ തെറ്റില്ലാതെ തോന്നിയത് അലക്സ് പോളിന്റെ പശ്ചാത്തലസംഗീതം മാത്രമാണ്. കൂട്ടത്തില്‍ ഏറ്റവും ബോറായ് തോന്നിയത് ‘ചന്ദനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും’ എന്ന മട്ടിലുള്ള കാവ്യജ്ഞാനത്തോടെ പേനയുന്തിയ കവികളുടെ രചനയില്‍ രാഹുല്‍ രാജ് ഈണം പകര്‍ന്ന ശബ്ദകോലാഹലങ്ങളാണ്.

ഡേറ്റ് കിട്ടിയ താരം ഇന്നേ വരെ അവതരിപ്പിക്കാത്തത് ഊമകഥാപാത്രമെന്ന തിരിച്ചറിവ്. ശബ്ദഗാംഭീര്യത്തിന്റെയും ഡയലോഗ് ഡെലിവറിയുടേയും കാര്യത്തില്‍ മികച്ച് നില്‍കുന്ന താരം സംസാരിക്കാത്തത് ആരാധര്‍ക്ക് ഇഷ്ടപ്പെടില്ല എന്നത് കൊണ്ട് ഡബിള്‍ റോള്‍ ആകാം എന്ന വാണിജ്യബുദ്ധി. ഇത് തോന്നിയ ആരോ - നിര്‍മ്മാതാവോ, താരമോ, സംവിധായകണോ, തിരക്കഥാക്കൃത്തോ ആകാം - കഴിഞ്ഞ നാലഞ്ച് കൊല്ലങ്ങളിലിറങ്ങിയ തെക്കേഇന്ത്യയിലിറങ്ങിയ താരചിത്രങ്ങളില്‍ ഒരു പത്തെണ്ണം തികച്ചും കണ്ട ആര്‍ക്കും എഴുതാവുന്ന ഒരു കഥ പടച്ച് കൂട്ടി, മാര്‍ക്കറ്റ് വാല്യു ഉള്ള തിരക്കഥക്കൃത്തിനേയും ഹാസ്യതാരങ്ങളേയും ഒക്കെ ഒരുമിച്ച് നിര്‍ത്തി ഒരു സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നു. അന്‍‌വറിന്റെയോ മമ്മൂട്ടിയുടേയോ ഉള്ളിലെ കലാകാരന്‍ മനസ്സില്‍ അധികമോര്‍ത്തിരിക്കാന്‍ ഇഷ്ടപ്പെടാത്ത സൃഷ്ടിയായിരിക്കും ഇത്.
പക്ഷെ കാര്യങ്ങളിങ്ങനെയൊക്കെയെങ്കിലും രണ്ടര മണിക്കൂര്‍ വലിയ വിഷമം കൂടാതെ കണ്ടിരിക്കാന്‍ പറ്റുന്നു എന്നത് ആശ്വാസം. അതിന് മമ്മൂട്ടിയോടാണ് സംവിധായകന്‍ നന്ദി പറയേണ്ടത്. ‘ഉദയനാണ് താര’ത്തിലെ സൂപ്പര്‍ സ്റ്റാര്‍ പറയുന്നത് പോലെ ‘എന്റെ ആരാധകര്‍ക്ക് രണ്ടര മണിക്കൂര്‍ എന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കണം. അതിന് ഞാന്‍ നല്ല കളര്‍ഫുള്‍ ഡ്രസ്സുകള്‍ ധരിക്കണം. കൂളിംഗ് ഗ്ലാസ്സുകള്‍ മാറ്റി മാറ്റി വെക്കണം’ എന്നതിനെ അക്ഷരംപ്രതി അനുസരിക്കുകയാണോ മമ്മൂട്ടി എന്ന് തോന്നി പോവും ഈ സിനിമ കണ്ടാല്‍. അത്രമാത്രം പ്രതീക്ഷിച്ച് വരുന്ന ഫാന്‍സുകാര്‍ ഈ സിനിമയും ആഘോഷിക്കും എന്നുറപ്പ്!

+ മമ്മൂട്ടി - കഥയിലെ പുതുമയില്ലായ്മ, സംഭവങ്ങളുടെ യുക്തി എന്നിവ മറക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുംവിധം സിനിമ മുഴുവന്‍ നിറഞ്ഞു നില്‍കുന്ന, ആരാധകരെ തൃപ്തിപ്പെടുത്താനുതകുന്ന, താരത്തിന്റെ സാന്നിദ്ധ്യം.

x മമ്മൂട്ടി - പരിഹാസ്യമായി മാറുന്ന ഹാസ്യാനുകരണ ശ്രമം.
x കണ്ടു കണ്ടു മടുത്ത, എളുപ്പത്തില്‍ ഊഹിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങള്‍.
x യുക്തിഭദ്രമല്ലാത്ത തിരക്കഥ, കേട്ടു മടുത്ത സംഭാഷണങ്ങള്‍.
x സിനിമ എങ്ങനെയെങ്കിലും അവസാനിപ്പിച്ച് റിലീസ് ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് തോന്നിക്കുന്ന, ഒട്ടും പ്രാധാന്യം നല്‍കാതെയുള്ള ക്ലൈമാക്സ്.9 comments:

ദൃശ്യന്‍ | Drishyan said...

അന്‍‌വര്‍ റഷീദ്-മമ്മൂട്ടി-ബെന്നി.പി.നായരമ്പലം ടീമിന്റെ ഈ വിഷുസമ്മാനം കണ്ട് മടുത്ത ഒരു മസാലക്കാഴ്ച മാത്രമാണ്. ഫാന്‍സിന്റെ കീശ മാത്രം ലാക്കാക്കി കൊണ്ടുള്ള, പൊള്ളാച്ചി സിന്‍ഡ്രോം കലര്‍ന്ന, ഇത്തരം കോപ്രായപടപ്പുകള്‍ മലയാളസിനിമയുടെ ‘പിന്നോക്ക യാത്ര‘യ്ക്ക് വേഗത കൂട്ടാനേ ഉപകരിക്കൂ.
മമ്മൂട്ടിയുടെ വിഷുചിത്രമായ അണ്ണന്‍‌തമ്പിയുടെ കാഴ്ചകളുമായ് സിനിമാക്കാഴ്ച വീണ്ടും.

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു said...

കണ്‍ഫുഷന്‍ കണ്‍ഫൂഷന്‍.. കണണോ വേണ്ടയൊ..

Balu..,..ബാലു said...

ഒരു തിരുത്ത്: രാജമാണിക്യം രഞ്ജിത്ത് എഴുതിയതല്ല, അത് ടി.എ. ഷാഹിദ് എഴുതിയതാണ്..

ഒന്നു കൂടി.. പോസിറ്റീവിന്റെയും നെഗറ്റീവിന്റെയും പടങ്ങള്‍ തമ്മില്‍ മാറിപ്പോയി എന്ന് തോന്നുന്നു..

റിവ്യൂ നന്നായി. ഞാന്‍ ഏതായാലും കാണാന്‍ ഉദ്ദേശിച്ചിട്ടില്ല. കാരണം കഥ “ഉണ്ടായ” രീതി ഞാന്‍ മുമ്പേ വായിച്ചിട്ടുണ്ട്..! :)

ശ്രീ said...

ഇനിയിപ്പോ ഇതും കാണണോ എന്ന് ഒന്നൂടെ ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ദൃശ്യന്‍ | Drishyan said...

മാളൂസേ, എന്തിനാ കണ്‍ഫൂഷ്യന്‍? സമയം ഉണ്ടെങ്കില്‍ പോയി കണ്ട് തന്‍‌റ്റെ അഭിപ്രായം പറയൂ.

ബാലൂ, രാജമാണിക്യം ടി.എ. ഷാഹിദ് എഴുതിയതാണ്, പെട്ടന്ന് വിട്ടു പോയി. രഞ്ജിത്ത് സംവിധാനം ചെയ്യാന്‍ പോയതായിരുന്നു എന്ന ഓര്‍മ്മ ഒന്നു പിണഞ്ഞ് പോയി. തിരുത്തുകള്‍ക്ക് നന്ദി.

ശ്രീ, വെറുതെ കൂട്ടുകാരുമായ് പോയി കണ്ടു നോക്കൂ. താന്‍ മമ്മൂട്ടി ഫാനാനെങ്കില്‍ രസിച്ചിരുന്ന് കാണും എന്ന് തോന്നുന്നു.

സസ്നേഹം
ദൃശ്യന്‍

ഗുരുജി said...

നല്ല നിരൂപണം...നല്ല ആഖ്യാനം...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

""അണ്ണനും തമ്പിയും
വേണമീ ഫാന്സും മൂളൂഴിയില്‍”

ദൃശ്യന്‍ | Drishyan said...

നന്ദി ഗുരുജി.
സഗീര്‍, വ്യവസായമെന്ന രീതിയില്‍ അതും ശരിയാണ്. പക്ഷെ കാശും കലാബോധവും ഒരുമിച്ച് വാഴില്ല എന്ന ശാഠ്യമാണ് പല അണ്ണന്‍‌തമ്പിമാരും ഇന്ന് കാണിക്കുന്നത്.

സസ്നേഹം
ദൃശ്യന്‍

Anonymous said...

Completely agree with your review...The quality is bad and the movie is more like a Tamil drama came in Eighties....But the problem is with our viewers and theatre owners...Malayali families hardly watch any movies from the theatre .So without diehard fan support any movie can not be a superhit..Most of the theatre owners are very happy with Annan Thampi as they made the most money through this Pollachi Masala.