Wednesday, June 18, 2008

പച്ചമരത്തണലില്‍: ചൂടില്ല, പക്ഷെ കുളിരുമില്ല!

കഥ, തിരക്കഥ, സംഭാ ഷണം, സംവിധാനം: ലിയൊ തദേവൂസ്
നിര്‍മ്മാണം: രേവതി കലാമന്ദിര്‍
‍അഭിനേതാക്കള്‍: ശ്രീനിവാസന്‍, ലാലു അലക്സ്, ലാല്‍, പത്മപ്രിയ, ബേബി നിവേദിത തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 9 മേയ്‍‍‍, 2008
സിനിമ കണ്ടത്: 10 മേയ്‍‍‍, 2008 @ ഡേവിസണ്‍‌, കോഴിക്കോട്

‍ദൃശ്യന്റെ റേറ്റിംഗ്: 3.84@ 10



ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് റിവ്യൂ ചെയ്യാനായില്ല. പച്ചമരത്തണലിന്റെ വിശദമായ കാഴ്ചകള്‍ നിങ്ങള്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് ഇതിനോടകം തന്നെ കിട്ടി കാണുമല്ലൊ. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.

ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ ലിയോ തദേവൂസിന്റെ പ്രഥമഫീച്ചര്‍സിനിമയാണ് ശ്രീനിവാസന്‍, പത്മപ്രിയ എന്നിവര്‍ മുഖ്യപാത്രങ്ങളെ അവതരിപ്പിച്ച ‘പച്ചമരത്തണലില്‍‘. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ച ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാറാണ്. പുതിയ ഒരു സംവിധായകന്റെ ചിത്രം എന്ന രീതിയില്‍ നോക്കിയാല്‍ തരക്കേടില്ലാത്ത ഒരു സിനിമയാണിത്. എന്നാല്‍ കഥയിലെ പുതുമയില്ലായ്മയും അസഹനീയമായ കോമഡിക്കാഴ്ചകളും ബാലിശമായ ക്ലൈമാക്സും സിനിമയുടെ ബലഹീനതകളാകുന്ന കാഴ്ചയാണ് ‘പച്ചമരത്തണലില്‍‘ നമുക്ക് തരുന്നത്.

അഭിനയം, സാങ്കേതികം:
ഒരു റേഞ്ചില്‍ വരുന്ന കഥാപാത്രങ്ങളെ മാത്രം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന ഒരു അഭിനേതാവാണ് ശ്രീനിവാസന്‍. ‘ചിദംബരം’, ‘ഒരിടത്ത്’, ‘സ്വരൂപം’ എന്ന സീരിയസ്സ്സിനിമകളില്‍ തുടങ്ങി ‘നാടോടിക്കാറ്റ്’, ‘വെള്ളാനകളുടെ നാട്’, ‘സന്ദേശം’,‘വരവേല്‍‌‌പ്’ എന്നീ നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യപ്രസക്തിയുള്ള സിനിമകളിലൂടെ ‘ചിന്താവിഷ്ടയായ ശ്യാമള’, ‘അറബിക്കഥ’ എന്നിവയിലെത്തി നില്‍ക്കുന്ന ശ്രീനിവാസന്‍ എന്ന നടന്റെ അഭിനയഗ്രാഫ് ഒരിക്കലും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ല എന്നത് മലയാളികള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ച സത്യമാണ് (!). അതിന് കാരണം, അദ്ദേഹത്തിന്റെ സ്ഥിരം‌ശൈലിയിലുള്ള അഭിനയം നമ്മെ രസിപ്പിച്ച് കൊണ്ട് ഇന്നും തുടരുന്നു എന്നതാണ്. തന്റെ പരിധികള്‍ മനസ്സിലാക്കി കൊണ്ട് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലുള്ള വൈദഗ്ദ്ധ്യമായിരിക്കാം അതിന് കാരണം. പക്ഷെ, ഒരു നടന്‍ എന്ന രീതിയില്‍ ശ്രീനിവാസന്റെ എല്ലാ ബലഹീനതകളും തുറന്നു കാണിക്കുന്നു ഈ ചിത്രത്തിലെ അഭിനയം. സച്ചിദാനന്ദന്‍ എന്ന പിതാവിന്റെ - ശാരീരികവും മാനസികവുമായ - വികാരപ്രകടനം നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലാണ്. മകള്‍ നഷ്ടപ്പെട്ടതിന് ശേഷമുള്ള രംഗങ്ങളില്‍ കഥാതന്തുവില്‍ നിന്നകന്നു മാറി നില്‍കുകയാണ് ശ്രീനിവാസന്‍ എന്ന് പ്രേക്ഷകന് തോന്നി പോകും. സൂക്ഷാഭിനയം ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ചലനങ്ങളിലും മുഖഭാവങ്ങളിലും തളര്‍ച്ച കൊണ്ട് വന്ന് തടി തപ്പുന്ന നടനെയാണ് ഇതില്‍ നാം കാണുന്നത്. അങ്ങനെ സാധാരണപ്രേക്ഷകന് ഈ സിനിമയിലെ ഏറ്റവും വലിയ നിരാശ ശ്രീനിവാസന്റെ തളര്‍ന്ന പ്രകടനമായ് മാറുന്നു.

അനു എന്ന അമ്മയായ് പത്മപ്രിയ നല്ല പ്രകടനമാണ് നടത്തിയിരിക്കുന്നത്. സിനിമയിലെ മനസ്സില്‍ പതിഞ്ഞ് നില്‍കുന്ന അപൂര്‍വ്വം രംഗങ്ങള്‍ ഇവരുടെതാണ്. പക്ഷെ തിരക്കഥയിലെ ഒഴുക്കില്ലായ്മ പത്മപ്രിയയുടെ കഥാപാത്രത്തെയും തദ്വാരാ അവരുടെ പ്രകടനത്തേയും ബാധിച്ചിരിക്കുന്നതായ് കാണാം. ഒരുപാട് കുസൃതിയും വലിയ വായിലെ വര്‍ത്തമാനവും കുറച്ച് അമിതാഭിനയവുമാണ് സിനിമയിലെ കുട്ടികള്‍ക്കാവശ്യമെന്ന തെറ്റിദ്ധാരണ മിക്ക സംവിധായകര്‍ക്കുമുണ്ട്. ഈ സിനിമയിലെ സ്നേഹ എന്ന മുഖ്യകഥാപാത്രവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ബേബി അഹിന അവതരിപ്പിച്ച സ്നേഹ പ്രേക്ഷകനില്‍ ഒരു വികാരവും ജനിപ്പിക്കുന്നില്ല.
പൊതുവെ അലസമായ് നീങ്ങുന്ന ഈ സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ നാസര്‍ രംഗത്ത് വരുമ്പോഴാണ്. കഥാപാത്രത്തിന്റെ അപൂര്‍ണ്ണത അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നേയില്ല എന്നത് എടുത്ത് പറയേണ്ടതാണ്.

മകളെ തിരയുന്ന അച്ഛന്റെ റോളില്‍ ലാല്‍ നന്നായിട്ടുണ്ട്. ലാലു അലക്സിന്റെ സുഹൃത്ത് വേഷത്തിനും വിജയ്‌മേനോന്റെ ഡയറക്ടര്‍ വേഷത്തിനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. സുറാജ്, ബിജുകുട്ടന്‍ എന്നിവര്‍ തങ്ങളാല്‍ കഴിയും വിധം ബോറായ് അഭിനയിച്ചിരിക്കുന്നു.

പുതുമുഖസംവിധായകന്‍ എന്ന നിലയില്‍ ലിയോ തദേവൂസ് പ്രതീക്ഷയുണര്‍ത്തുന്നു. കേസന്വേഷണത്തിന്റെ സീനുകള്‍, ലാലിന്റെ ഫ്ലാഷ്‌ബാക്കില്‍ വരുന്ന കലാപരംഗങ്ങള്‍ എന്നിവ മീഡിയാബോധമുള്ള ഒരു സംവിധായകന്റെ വരവ് വിളിച്ചോതുന്നവയാണ്. എന്നാല്‍ എത്രയോ ചിത്രങ്ങളില്‍ (എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്, ഡാഡി, കണ്ണത്തില്‍ മുത്തമിട്ടാള്‍ etc) നാം കണ്ട കഥയും കഥാമുഹൂര്‍ത്തങ്ങളും വീണ്ടും രചിച്ച ലിയോയിലെ തിരക്കഥാക്കൃത്ത് കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ‘പച്ചമരത്തണലില്‍’ ഇതിലും നന്നായിരുന്നേനേ. വിരസമായ ആദ്യത്തെ അരമണിക്കൂറിന് ശേഷം പതിയെ ക്ലച്ച് പിടിച്ച് വന്ന തിരക്കഥ അവസാനനിമിഷങ്ങളില്‍ വീണ്ടും ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്നു.(വേനലില്‍ മഴ പോലെ വരുന്ന) നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള ഫ്ലാഷ്‌ബാക്ക് രംഗങ്ങളിലും കേസന്വേഷണത്തിന്റെ ചില നേരത്തും മാത്രമാണ് നമ്മള്‍ സിനിമ അല്പമെങ്കിലും ആസ്വദിക്കുന്നത്. വികാരഭരിതമായ് നമുക്ക് തോന്നേണ്ടിയിരുന്ന ക്ലൈമാക്സ് ഏതൊരാള്‍ക്കും ഊഹിക്കാവുന്ന രീതിയില്‍ അവസാനിക്കുകയും ചെയ്യുന്നു.

രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനം, മനോജ് പിള്ളയുടെ ഛായാഗ്രഹണം, ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം എന്നിവ വിരസമല്ലാതെ സിനിമ കാണാന്‍ പ്രേക്ഷകനെ സഹായിച്ച ഘടകങ്ങളാണ്. പട്ടണം റഷീദിന്റെ മേക്കപ്പ് സുനില്‍ റഹ്‌മാന്റെ വസ്ത്രാലങ്കാരം എന്നിവ നന്നായിട്ടുണ്ട്. ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ വരുന്ന ശ്രീനിവാസന്റെ രൂപമാറ്റവും പത്മപ്രിയയുടെ അധികചമയങ്ങളില്ലായ്മയും മറ്റും നന്നായി തോന്നി. വയലാര്‍ ശരത്‌ചന്ദ്ര വര്‍മ്മ-അല്‍‌ഫോണ്‍‌സ്‌ ടീമിന്റെ ഗാനകോലാഹലങ്ങള്‍ ദുസ്സഹമായ് തോന്നി.

+ (വേനലില്‍ മഴ പോലെ) നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള ഫ്ലാഷ്‌ബാക്ക് രംഗങ്ങള്‍
+ നാസര്‍, പത്മപ്രിയ


x തുടക്കം മുതലേ ഇഴഞ്ഞ് നീങ്ങുന്ന തിരക്കഥ
x ക്ലൈമാക്സ് - ഒരുപാട് സിനിമകളെ ഓര്‍മ്മിപ്പിക്കുന്നു.
x ശ്രീനിവാസന്‍ - മിക്കപ്പോഴും അഭിനയിക്കാന്‍ പാടു പെടുന്ന പോലെ തോന്നി
x സുറാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ തുടങ്ങിയവരുടെ സഹിക്കാനാവാത്ത ഹാസ്യ(?)രംഗങ്ങള്‍
x പുതുമയില്ലാത്ത, ബോറടിപ്പിക്കുന്ന ഗാനങ്ങള്‍

വാല്‍ക്കഷ്ണം: സിനിമയേക്കാള്‍ എനിക്ക് ആസ്വാദ്യമായ് തോന്നിയത് ഇതിന്റെ പോസ്റ്ററുകളാണ്. അവയുടെ ഡിസൈനും പുതുമയും അഭിനന്ദനങ്ങളും പ്രത്യേകപരാമര്‍ശവുമര്‍ഹിക്കുന്നു.

-------------------------------------------------------------------------------------------------------

6 comments:

salil | drishyan said...

ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് റിവ്യൂ ചെയ്യാനായില്ല. പച്ചമരത്തണലിന്റെ വിശദമായ കാഴ്ചകള്‍ നിങ്ങള്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് ഇതിനോടകം തന്നെ കിട്ടി കാണുമല്ലൊ. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.
ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ ലിയോ തദേവൂസിന്റെ പ്രഥമഫീച്ചര്‍സിനിമയാണ് ശ്രീനിവാസന്‍, പത്മപ്രിയ എന്നിവര്‍ മുഖ്യപാത്രങ്ങളെ അവതരിപ്പിച്ച ‘പച്ചമരത്തണലില്‍‘. പുതിയ ഒരു സംവിധായകന്റെ ചിത്രം എന്ന രീതിയില്‍ നോക്കിയാല്‍ തരക്കേടില്ലാത്ത ഒരു സിനിമയാണിത്. എന്നാല്‍ കഥയിലെ പുതുമയില്ലായ്മയും അസഹനീയമായ കോമഡിക്കാഴ്ചകളും ബാലിശമായ ക്ലൈമാക്സും സിനിമയുടെ ബലഹീനതകളാകുന്ന കാഴ്ചയാണ് ‘പച്ചമരത്തണലില്‍‘ നമുക്ക് തരുന്നത്.

പച്ചമരത്തണലിന്‍‌റ്റെ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍

Haree said...

വളരെ നല്ല നിരൂപണം. അതുകൊള്ളാമല്ലോ, ഇത്രയും നാളു കഴിഞ്ഞാണോ എഴുതുന്നത്? :)

വാല്‍ക്കഷ്ണം വളരെ ശരി. പൊസ്റ്ററുകള്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. ആ ഒരു മൂഡ് ചിത്രത്തിനും കൂടി ഉണ്ടായിരുന്നെങ്കില്‍!
--

കണ്ണൂരാന്‍ - KANNURAN said...

മലയാള സിനിമാ രംഗത്തേക്ക് കുത്തകകളുടെ വരവ് വിളിച്ചോതുന്ന സിനിമ കൂടി അല്ലേ ഇത് :)

ശ്രീ said...

ചിത്രത്തിന്റെ പേരും പോസ്റ്ററുകളും എനിയ്ക്കും ആകര്‍ഷകമായി തോന്നി.
:)


“ഒരുപാട് കുസൃതിയും വലിയ വായിലെ വര്‍ത്തമാനവും കുറച്ച് അമിതാഭിനയവുമാണ് സിനിമയിലെ കുട്ടികള്‍ക്കാവശ്യമെന്ന തെറ്റിദ്ധാരണ മിക്ക സംവിധായകര്‍ക്കുമുണ്ട്.”

ഇത് വളരെ ശരിയാണ്.

nandakumar said...

“ഒരുപാട് കുസൃതിയും വലിയ വായിലെ വര്‍ത്തമാനവും കുറച്ച് അമിതാഭിനയവുമാണ് സിനിമയിലെ കുട്ടികള്‍ക്കാവശ്യമെന്ന തെറ്റിദ്ധാരണ മിക്ക സംവിധായകര്‍ക്കുമുണ്ട്.“

സത്യം!!, ചില ബാലതാരങ്ങളുടെ അഭിനയം കാണുമ്പോള്‍ കവിയൂര്‍പൊന്നമ്മക്കോ, തിലകനോ നല്‍കാനിരുന്ന വേഷമായിരുന്നോ ഇത് എന്നു തോന്നിപ്പോകാറുണ്ട്.!!

ഒരു സത്യം തുറന്നു പറഞ്ഞ ദൃശ്യന്‍ എന്റെ സല്യൂട്ട്

salil | drishyan said...

നനദി ഹരീ. എന്തു ചെയ്യാം, ചില പേഴ്‌സണല്‍ കാര്യങ്ങള്‍ കാരണം എഴുതാന്‍ പറ്റിയ സാഹചര്യമുണ്ടായിരുന്നില്ല.

കണ്ണൂരാനേ, ഈ സിനിമയ്ക്ക് മുന്നേ തന്നെ പിരമിഡ് സൈറ വന്നിരുന്നു മലയാളത്തില്‍. ടൈം ആയിരുന്നു അവരുടെ ആദ്യസംരംഭം. പിന്നെ, കലയുടെ കാര്യത്തില്‍, കുത്തകളുടെ വരവ് ചിലപ്പോള്‍ നല്ലതിനാവാം എന്നെനിക്ക് തോന്നുന്നു.

നന്ദകുമാര്‍,ശ്രീ - നന്ദി. മിക്ക സിനിമ കാണുമ്പോഴും തോന്നുന്ന സംഗതിയാണത്.

സസ്നേഹം
ദൃശ്യന്‍