കഥാസംഗ്രഹം:
കുട്ടനാടിലെ ഒരു കേബിള്‍ ഓപ്പറേറ്ററാണ് ബെന്നി (ജയറാം). അമ്മ (കെ.പി.എസ്.സി. ലളിത), വല്യമ്മച്ചി(ഈ നടിയുടെ പേര് രുക്മിണിയമ്മ എന്നാണെന്ന് തോന്നുന്നു), പെങ്ങള്‍ (ലക്ഷിപ്രിയ) എന്നിവരൊരുമിച്ച് കഴിയുന്ന ബെന്നിയുടെ ഒരേയൊരു ലക്ഷ്യം പണക്കാരനാവുക എന്നതാണ്. സ്കൂള്‍ പടിയില്‍ കടല വിറ്റു നടന്നിരുന്ന ജോണേട്ടനെ (അവതരിപ്പിച്ച നടന്റെ പേരറിയില്ല) പോലുള്ളവര്‍ അവന്റെ മനസ്സിലെ റോള്‍ മോഡലുകളായുണ്ട്. ബെന്നിയുടെ അപ്പച്ചന്റെ ശിഷ്യനായ കുട്ടനാടിലെ പ്രമുഖഗൈഡ് പിള്ളേച്ചന്‍ (നെടുമുടി വേണു) പണമുണ്ടാകാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് അവനുമായി ചര്‍ച്ച ചെയ്യുന്നു. അവസാനം ഒരു ഫിഷിംഗ്‌ബോട്ട് വാങ്ങാന്‍ അവര്‍ തീരുമാനിച്ച് തങ്കുവാശാന്‍ (ചേമ്പില്‍ അശോകന്‍) 25000ക. അഡ്വാന്‍സും കൊടുക്കുന്നു. ബാക്കി പണം ഉണ്ടാക്കാന്‍ വേണ്ടി ഒരു കല്യാണം കഴിക്കാന്‍ ബെന്നി തീരുമാനിക്കുന്നു. അക്കരെയുള്ള ഡെയ്‌സിയെ (കനിഹ) പെണ്ണുകണ്ട് അപ്പന്‍ ആന്റപ്പനുമായ് (വേണു നാഗവള്ളി) 5ലക്ഷം രൂപയ്ക്ക് ‘കല്യാണമുറപ്പിക്കുന്നു‘. സൊസൈറ്റി ലോണ്‍ മനസ്സില്‍ കണ്ട് വാക്ക് കൊടുത്ത അപ്പന് കല്യാണം കഴിയും വരെ കാശ് ശരിയാക്കാന്‍ കഴിയുന്നില്ല. മൂന്നു മാസം കൂടെ സമയം തരണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന ബെന്നിയുടെ നാടകനടനായ അളിയന്‍ (ഇന്നസെന്റ്) പള്ളിയിലച്ചന്റെ (പി.ശ്രീകുമാര്‍) മദ്ധ്യസ്ഥതയില്‍ സമ്മതിക്കുന്നു. പക്ഷെ ബോട്ടുകച്ചവടം മുടങ്ങുകയും അഡ്വാന്‍സ് തുക നഷ്ടപ്പെടുകയും ചെയ്ത സങ്കടത്താലും ദേഷ്യത്താലും ബെന്നി ഡെയ്‌സിയോട് കാശ് കിട്ടുന്നത് വരെ ‘നീ എന്റെ ഭാര്യയല്ല’ എന്ന് പറയുന്നു. മൂന്ന് മാസം കഴിഞ്ഞും കാശ് കിട്ടാഞ്ഞപ്പോള്‍ ബെന്നി ഡെയ്‌സിയെ വീട്ടില്‍ കൊണ്ടാക്കുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന ഭാഗ്യങ്ങളും നിര്‍ഭാഗ്യങ്ങളുമാണ് ഭാഗ്യദേവതയിലൂടെ നാം കാണുന്നത്.
അഭിനയം, സാങ്കേതികം:
ബെന്നി ജയറാമിന് ഒരു വെല്ലുവിളിയേ അല്ല. വര്‍ഷങ്ങളായി ചെയ്തു പോരുന്ന വേഷങ്ങളുടെ പുനരാവര്‍ത്തനം മാത്രമേ ഈ കഥാപാത്രത്തിനായി ജയറാമിന്റെ സംഭാവനയായുള്ളൂ. മിക്ക രംഗങ്ങളിലും, പ്രത്യേകിച്ചും രണ്ടാം പകുതിയില്‍, ‘ഈ രംഗമെന്തിനാ ജയറാം ഇങ്ങനെ അഭിനയിക്കുന്നത്‘ എന്ന് തോന്നി പോവും.അതിവേഗം മാറികൊണ്ടിരിക്കുന്ന ചിന്താഗതിയുള്ള മനുഷ്യനാണ് ബെന്നി എന്ന് പ്രേക്ഷകന് തോന്നുന്നുന്നില്ല. അസ്വാഭാവികതലങ്ങളിലേക്ക് പോവാതെ ബെന്നിയെ ജയറാം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബെന്നി നമ്മുടെ മനസ്സിനെ സ്പര്‍ശിക്കുകയോ വികാരഭരിതനാക്കുകയോ ചെയ്യുന്നില്ല. ഈ പഴിയുടെ ഒരു പങ്ക് സത്യനും അവകാശപ്പെട്ടതാണ്.
കനിഹയെ മലയാളത്തില്‍ നാമാദ്യം കാണുകയാണ്. പക്ഷെ കനിഹ ഡെയ്‌സിയാകുമ്പോള്‍ നമുക്ക് തികച്ചും പരിചിതയാകുന്നു. നായകന്റെ വശത്ത് നിന്ന് കഥ പറയുന്ന സിനിമയില്‍ ഡെയ്‌സി അത്യന്തം അഭിനയസാദ്ധ്യതകളുള്ള ഒരു കഥാപാത്രമൊന്നുമല്ല.. എങ്കിലും കുറച്ച് നാളത്തേക്കെങ്കിലും ഓര്‍ത്ത് വെക്കാവുന്ന രീതിയില്‍ ഡെയ്‌സിയാവാന്‍ കനിഹയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഡെയ്‌സിയുടെ അപ്പനായ് വരുന്ന വേണു നാഗവള്ളി സിനിമയുടെ സര്‍പ്രൈസ് എലെമെന്റാണ്. വാക്കുപാലിക്കാനാവാത്ത അഭിമാനിയായ ഒരു പിതാവിന്റെ വേഷം നന്നായി അവതരിപ്പിച്ചിട്ടുണ്ട് ഈ പഴയകാലനിരാശാകാമുകവ്യഖ്യാതാവ്! സിനിമയിലെ രസകരമായ രംഗങ്ങളില്‍ ചിലത് ബെന്നിയുടെ അമ്മയും വല്യമ്മച്ചിയും ചേര്‍ന്നുള്ളവയാണ്. കുറേ കാലത്തിന് ശേഷം ഇത്തിരി അഭിനയിക്കാനുള്ള വേഷത്തില്‍ കെ.പി.എസ്.സി. ലളിതയെ കാണാനായതില്‍ സന്തോഷം. നെടുമുടി വേണുവിന്റെ ഗൈഡും നന്നായിട്ടുണ്ട്.
ബെന്നിയുടെ നാടകനടനായ അളിയന്‍ (ഇന്നസെന്റ്) , ഭക്ഷണപ്രിയനായ പള്ളിയിലച്ചന്‍(പി.ശ്രീകുമാര്‍), ബെന്നിയുടെ അസിസ്റ്റന്റ് (വെട്ടുകിളി പ്രകാശ്), ഡെയ്‌സിയുടെ അമ്മ (വനിത), സഹോദരന്‍, ഡെയ്‌സിയുടെ അപ്പന്റെ സുഹൃത്തിന്റെ മകനും ബാങ്കുദ്യോഗസ്ഥനുമായ സാജന്‍ (നരേന്‍), തോണിക്കാരന്‍ (മാമ്മുക്കോയ), ഭാര്യ (ശാന്തകുമാരി) തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങളും ഭാഗ്യദേവതയിലുണ്ട്. അവരെല്ലാം സ്വന്തം വേഷങ്ങള്‍ നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്.
വേണുവിന്റെ ഛായാഗ്രഹണവും കെ.രാജഗോപാലിന്റെ ചിത്രസംയോജനവും ജോസഫ് നെല്ലിക്കലിന്റെ കലയും സിനിമയുടെ നല്ല വശങ്ങളാണ്. ഇളയരാജ-വയലാര്‍ ശരത്ചന്ദ്രവര്‍മ്മടീമിന്റെ ഗാനങ്ങള്‍ സിനിമയോണിണങ്ങി നില്‍ക്കുന്നു. കെ.എസ്.ചിത്രയും രാഹുല്‍ നമ്പ്യാരും ചേര്‍ന്ന് പാടിയ “സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ” കൂട്ടത്തില്‍ മികച്ചതാണ്. രാഹുലിന്റെ ശബ്ദത്തിന് പഴയകാല സിനിമാ-നാടക ഗാനങ്ങളുടെ ഒരു ഗൃഹാതുരത്വമുണ്ട്. കാര്‍ത്തിക് പാടിയ “തിര തല്ലി പോയാലും” രസകരമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ സിനിമയില്‍ കുത്തിതിരുകിയ വിജയ് യേശുദാസ്, ശ്വേത എന്നിവര്‍ ചേര്‍ന്നാലപിച്ച “അല്ലിപൂവേ മല്ലിപൂവേ“ ഗാനമെന്ന നിലയില്‍ തരക്കേടില്ലെങ്കിലും സിനിമയില്‍ തികച്ചും അനാവശ്യവും അനവസരോചിതവുമാണ്.
പേര് ധ്വനിപ്പിക്കുന്നത് സ്ത്രീപ്രാധാന്യമുള്ള സിനിമയെന്നാണെങ്കിലും തിരക്കഥാക്കൃത്ത് കൂടിയായ സംവിധായകന്‍ കഥ പറയുന്നത് ബെന്നിയിലൂടെയാണ്. അതില്‍ പന്തികേടെതുമില്ല താനും. കാരണം ഈ സിനിമയില്‍ ഇത്തിരി പുതുമ അവകാശപ്പെടാവുന്ന പാത്രസൃഷ്ടി ബെന്നി എന്ന മിഥ്യാഭിമാനമുള്ള സാധാരണക്കാരന്റേതാണ്. ഭാര്യയെ തന്റെ അടിമയാക്കി വെക്കണമെന്ന ആഗ്രഹമൊന്നുമില്ലെങ്കിലും അവളുടെ സമ്പത്‌ഭാഗ്യം തനിക്കും കൂടി വേണം എന്ന് തികഞ്ഞ ബോധമുള്ളവനാണ് അയാള്‍. അത് പുറത്ത് പറയാനും പ്രകടിപ്പിക്കാനും അയാള്‍ക്ക് മടിയേതുമില്ല. അതിനാല്‍ തന്നെ സ്ഥിരം നായകശൈലിയിലുള്ള നായകനേ അല്ല ബെന്നി. സ്വാഭാവികമായും ഇത്തരമൊരു കഥാപാത്രത്തിന് ഇത്തിരി കൂടി സീരിയസ്സായ ഒരു ട്രീറ്റ്മെന്റും മാനറിസങ്ങളും കൊടുക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. രണ്ടാം പകുതിയില്‍ പൊട്ടിപോയ പട്ടം പോലെ കഥാഗതി കറങ്ങി തിരിയുന്നതും ബെന്നിയുടെ ഭാവപകര്‍ച്ചകളുടെ സ്ഥിരതയില്ലായ്മയും സിനിമയുടെ മുഖ്യപോരായ്മകളാണ്. മറുഭാഗത്ത് കഥാപാത്രത്തിന് മറ്റൊരു മാനം നല്‍കാമായിരുന്ന ചെറുത്തുനില്‍പ്പോ സ്വയം തീരുമാനമെടുക്കാനുള്ള തന്റേടമോ ഡെയ്‌സി ആര്‍ജ്ജിക്കുന്നില്ല, അതിനായ് ശ്രമിക്കുന്നുമില്ല. സിനിമയുടെ പകുതി മുതല്‍ കുറേ നേരത്തേക്ക് എല്ലാവരുടേയും നാവിലുണ്ടെങ്കിലും ചെയ്യാന്‍ ഡെയ്‌സിക്കായ് ഒന്നും സംവിധായകന്‍ കരുതിയിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. പുരുഷന്റെ ആഗ്രഹത്തിനനുസരിച്ച് ദാമ്പത്യ-ലൈംഗികബന്ധം നിര്‍വച്ചിക്കേണ്ടി വരുന്ന മലയാളസിനിമാനായികമാരുടെ കഴുത്തിനു ചുറ്റുമുള്ള “പ്രണയത്തിന്റെ നീലക്കുയില്‍ക്കുരുക്ക്“ മറ്റൊരു രീതിയില്‍ ഇവിടെ ഡെയ്‌സിയുടെ ചുറ്റുമുണ്ട്. എന്നിരുന്നാലും സമൂഹത്തില്‍ സ്വയം പര്യാപ്തത നേടിയതിന് ശേഷവും നായകന്റെ കാല്‍ച്ചുവട്ടിലിരുന്ന് കരയാനുള്ള നിയോഗം അടിച്ചേല്‍പ്പിക്കപ്പെട്ട (താങ്കളുടെ പ്രിയസുഹൃത്തിന്റെ) ശ്യാമളയുടെ വിധി ഡേയ്‌സിയിലേക്ക് പകരാന്‍ താങ്കള്‍ ശ്രമിച്ചില്ല എന്നത് അഭിനന്ദനാര്‍ഹമാണ്.
ഈ രണ്ടു കഥാപാത്രങ്ങളുടെ ബന്ധത്തിനിനിടയിലുണ്ടാകുന്ന പിരിമുറുക്കങ്ങള്‍ പ്രേക്ഷകനില്‍ ആകാംക്ഷയായ് മാറ്റുന്ന രീതിയിലുള്ള ഒരു തിരനാടകം രചിക്കാന്‍ സത്യന്‍ അന്തിക്കാടിനായിട്ടില്ല. ലോഹിതദാസ് രചിച്ച സത്യന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍‘ ഓര്‍ക്കുക. പഴയ ഒരു സാരോപദേശകഥയുടെ മട്ടില്‍, പറഞ്ഞ് പഴകിയ ഒരു പ്രണയകഥ പറയാന്‍ ലോഹിതദാസ് ധൈര്യം കാണിച്ചത് മുഴുവനായും തന്റെ കഥാപാത്രങ്ങളെ താന്‍ മനസ്സിലാക്കിയിട്ടുണ്ട് എന്ന ധൈര്യത്തിലും അത് സരസമായ് പറയാന്‍ തനിക്ക് കഴിയുമെന്ന വിശ്വാസത്തിലുമാണ്. അതില്‍ ലോഹി വിജയിച്ചത് കൊണ്ടാണ് തിലകന്റെ തോമായും ജയറാമിന്റെ റോയിച്ചനും സംയുക്തയുടെ ഭാവനയും ഇന്നും നമ്മുടെ ഓര്‍മ്മയിലുള്ളത്. ഇവിടെ ഭാഗ്യദേവതയുടെ നിര്‍ഭാഗ്യവും അതാണ് - വിശ്വാസവും കഴിവുമുള്ള ഒരു തിരക്കഥാക്കൃത്ത്!
+ ഗ്രാമീണത, ഗ്രാമീണകഥാപാത്രങ്ങള്‍
+ വേണു നാഗവള്ളി, കെ.പി.എ.സി ലളിത, മാമ്മുക്കോയ, നെടുമുടി വേണു .......
x പ്രവചനീയമായ കഥാഗതി
x സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ മുഖമുദ്രയായ ഹാസ്യത്തിന്റെ അഭാവം
വാല്‍ക്കഷ്ണം: ഇന്നസെന്റ്, മമ്മുക്കോയ, ലളിത തുടങ്ങിയ സ്ഥിരം സത്യന്‍ അന്തിക്കാട് മുഖങ്ങള്‍ക്കിടയില്‍ നാം അറിയാതെ പപ്പു, ഒടുവില്‍, ഫിലോമിന, ശങ്കരാടി തുടങ്ങിയ ഗ്രാമീണമുഖങ്ങള്‍ തിരഞ്ഞ് പോകും. ആ സുഖവും നൊമ്പരവും ഈ സിനിമയ്ക്കുണ്ട്.
*---------------------------------------------*----------------------------------------*