വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ കഥയാണ് എം.ടി-ഹരിഹരന് ടീമിന്റെ ‘കേരളവര്‍മ്മ പഴശ്ശിരാജ‘ക്ക് പറയാനുള്ളത്. മലയാളസിനിമയുടെ സഹൃദയപക്ഷം ഇത്രയുമധികം ആവേശത്തോടെ കാത്തിരുന്ന മറ്റൊരു സിനിമ അടുത്ത കാലത്തുണ്ടായിട്ടില്ല. സാഹിത്യവും സിനിമയും സാങ്കേതികതയും നിറവോടെ ഒന്നിക്കുന്നതിലുള്ള പ്രതീക്ഷയാണ് ഈ കാത്തിരിപ്പിനെ ആവേശഭരിതമാക്കുന്നത് (ഇന്ത്യന്‍സ്വാതന്ത്യസമരചരിത്രവുമായ് ബന്ധപ്പെടുത്തിയുള്ള പിന്നണിപ്രവര്‍ത്തകരുടെ അവകാശവാദങ്ങളും ഫാന്‍സുകാരുടെ മറ്റു വീരവാദങ്ങളും ഞാന്‍ മന:പൂര്‍വ്വം വിസ്മരിക്കുന്നു). ശ്രീ ഗോകുലം ഫിലീംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച്, എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന് സംവിധാനം ചെയ്ത ‘കേരളവര്‍മ്മ പഴശ്ശിരാജ’ എന്ന ബിഗ്ബഡ്ജറ്റ് ചിത്രം മലയാളസിനിമാചരിത്രത്തിലെ സുവര്‍ണ്ണതിളക്കമുള്ള ഒരേടാണ് - അതിന് കാരണം ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അതുല്യമായ സമര്‍പ്പണമനോഭാവമാണ് !
കഥാസംഗ്രഹം:
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍, ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് കരം പിരിവ് കൊടുക്കാന്‍ ഉത്തരകേരളത്തിലെ നാട്ടുരാജാക്കന്മാര്ക്ക് സാധിക്കാത്ത സാമൂഹികപശ്ചാത്തലത്തിലാണ് സിനിമ ആരംഭിക്കുന്നത്. തങ്ങള്‍ക്ക് കരം നല്‍കാത്ത പഴശ്ശിരാജ (മമ്മൂട്ടി) യുടെ കൊട്ടാരവും സമ്പത്തും ബ്രിട്ടീഷുകാര്‍ കൈക്കലാക്കുന്നു. കണ്ണവത്ത് നമ്പ്യാര്‍ (ദേവന്), എമ്മന് നായര്‍ (ലാലു അലക്സ്) തുടങ്ങിയവരുടെ സഹായത്തോടെ വിദേശീയര്‍ക്കെതിരെ പഴശ്ശിരാജ പടയൊരുക്കുന്നു. എടച്ചേന കുങ്കന് (ശരത് കുമാര്‍), തലക്കല്‍ ചന്തു (മനോജ് കെ ജയന്), കൈതേരി അമ്പു (സുരേഷ് കൃഷ്ണ) എന്നിവര്‍ക്കൊപ്പം കാട്ടില്‍ താവളമൊരുക്കുന്ന കേരളവര്‍മ്മയുടെ മുന്നില്‍ ചിറക്കല്‍ രാജയും (മുരളി മോഹന്‍) മറ്റു നാട്ടു രാജാക്കന്മാരും സന്ധിസംഭാഷണത്തിനായ് വരുന്നു. നാടിന്റെയും നാട്ടാരുടേയും സമാധാനത്തിനായ് പഴശ്ശിരാജ വൈമനസ്യപൂര്‍വ്വം സന്ധികരാറിലൊപ്പു വെയ്ക്കുന്നുവെങ്കിലും തന്റെ പട പിരിച്ച് വിടുന്നില്ല. മാസങ്ങള്‍ പിന്നിട്ടിട്ടും കരാറിലെ വ്യവസ്ഥകള്‍ വെള്ളക്കാര്‍ പാലിക്കാത്തതിനാല്‍ ഉണ്ണി മൂത്ത (ക്യാപ്റ്റന്‍ രാജു) യുടെയും മറ്റുള്ളവരുടേയും ധന-ധാന്യ-ആയുധ-സഹായത്താല്‍ പഴശ്ശിരാജ പടകൂട്ടുന്നതോടെ ‘കേരള വര്‍മ്മ പഴശ്ശിരാജ’ കൂടുതല്‍ സങ്കീര്‍ണ്ണവും ഉദ്വേഗാഭരിതവുമാവുന്നു.
അഭിനയം, സാങ്കേതികം:
കേരളവര്‍മ്മ പഴശ്ശിരാജ എന്ന തോറ്റ രാജാവിനെ അയത്നലളിതമായ തന്റെ അഭിനയമികവ് കൊണ്ട് മികച്ചതായിരിക്കുന്നു മമ്മൂട്ടി എന്ന അനുഗ്രഹീത നടന്. എന്നിരുന്നാലും അദ്ദേഹത്തിന്റെ അഭിനയശേഷി കൂടുതലായി പ്രകടിപ്പിക്കാനാവശ്യപ്പെടുന്ന ഒന്നും തന്നെ എം.ടിയുടെ പാത്രസൃഷ്ടിയിലില്ല. അതിനാലായിരിക്കണം അഭിനയമികവധികം ആവശ്യപ്പെടാത്ത എടച്ചേന കുങ്കന് നായരെന്ന പഴശ്ശിപടത്തലവനെ അവതരിപ്പിച്ച ശരത്കുമാര് പ്രേക്ഷകപ്രീതി കൂടുതല്‍ നേടുന്നത്. ഒരു പടത്തലവന്റെ വീരവും ആവേശവും വൈരാഗ്യവും ഒട്ടും ചോരാതെ പകര്‍ത്താന്‍ ശരത്കുമാറിനായിട്ടുണ്ട്. തലക്കല്‍ ചന്തു എന്ന ഗോത്രവീരനായ് മനോജ് കെ ജയനും നന്നായിട്ടുണ്ട്.
സ്ത്രീപോരാളികളുടെ നേതാവ് നീലി പത്മപ്രിയയുടേയും, കൈതേരി അമ്പു എന്ന നായര്‍പടത്തലവന്‍ സുരേഷ് കൃഷ്ണയുടേയും അഭിനയജീവിതത്തിലെ മുതല്‍കൂട്ടാണ്.
ബ്രിട്ടീഷുകാരുടെ ശിങ്കിടിയായ കണാര മേനോനെ ജഗതി അനായാസമായ് അവതരിപ്പിച്ചിട്ടുണ്ട്. പഴശ്ശിരാജാവിന്റെ അമ്മാവന് രാജാ വീരവര്‍മ്മ (തിലകന്), മൂപ്പന് (നെടുമുടി വേണു), കണ്ണവത്ത് നമ്പ്യാര്‍ (ദേവന്), എമ്മന് നായര്‍ (ലാലു അലക്സ്), അത്തന്‍ കുരിക്കള്‍ (മാമ്മുക്കോയ), മുരളി മോഹന്‍ (ചിറക്കല്‍ രാജ), സുബേദര്‍ ചേരന് (അജയ് രത്നം), ഉണ്ണി മൂത്ത (ക്യാപ്റ്റന്‍ രാജു) എന്ന പാത്രങ്ങളോടൊപ്പം ഒരുപാട് ബ്രിട്ടീഷ് കഥാപാത്രങ്ങളും സിനിമയിലുണ്ട്. ആരും തന്നെ മോശമായിട്ടില്ല എന്ന് വേണം പറയാന്‍. വിദേശികളെ അവതരിപ്പിച്ച നടന്മാരില് പലരും അമിതാഭിനയത്തിലേക്ക് വഴുതി വീഴുന്നത് കാഴ്ചയിലെ കല്ലുകടിയായി.
പഴയവീട്ടില്‍ ചന്തുവായ് വന്ന സുമന്, പഴശ്ശിരാജയുടെ പത്നി കൈതേരി മാക്കത്തെ അവതരിപ്പിച്ച കനിക എന്നിവരുടെ പ്രകടനം ഇനിയും മികച്ചതാകേണ്ടിയിരുന്നു. കൈതേരി മാക്കത്തിന്റെ കണ്ണുകളില്‍ കാണേണ്ടിയിരുന്ന വിഷാദമോ അഭിമാനമോ ധൈര്യമോ കനികക്ക് പ്രകടിപ്പിക്കാനായില്ല. ‘പഴയവീടന്റെ’ മേക്കപ്പും ഭാവങ്ങളും ഇത്തിരി ഡ്രമാറ്റിക് ആയി തോന്നിച്ചു. ഗുമസ്തന്മാര് തമ്മിലുള്ള (ജഗതി-ജഗദീശ് ) തമ്മില്‍ത്തല്ലു രംഗങ്ങളും അസിസ്റ്റന്റ് കലക്ടര്‍ തോമസ് ബേബറും പ്രതിശ്രുതവധുവും ചേര്‍ന്നുള്ള രംഗങ്ങളും സിനിമയിലെ അനാവശ്യങ്ങളാണ്. (ബ്രിട്ടീഷ്ഭരണകാലം ചിത്രീകരിക്കുന്ന സിനിമകളില്‍ ഇന്ത്യക്കാരെ സ്നേഹിക്കുന്ന വെള്ളക്കാരി ഒരു സ്ഥിരസാന്നിധ്യമാകുന്നതിലെ ആവശ്യകതയും മന:ശ്ശാസ്ത്രവും എനിക്ക് പിടികിട്ടുന്നില്ല! ഇവിടെ തോമസ് ബെബറെ അവതരിപ്പിച്ച നടന്റെ അഭിനയം ‘തുറിച്ചു നോക്കലും’ പ്രതിശ്രുത വധുവിനെ അവതരിപ്പിച്ച ലിന്‍ഡ എന്ന നടിയുടെ അഭിനയം അസഹ്യവുമാണ്.)
പ്രകൃതിയും ടി മുത്തുരാജും ചേര്‍ന്നൊരുക്കിയ പഴശ്ശിരാജയിലെ ദൃശ്യപ്പൊലിമ മനോഹരമായ് പകര്‍ത്താന്‍ വേണു, രാമനാഥ് ഷെട്ടി എന്നിവരുടെ ക്യാമറക്കായിരിക്കുന്നു. സൂക്ഷ്മതയോടെ അവയെ വിളക്കിച്ചേര്‍ത്തിരിക്കുന്നു ശ്രീകര്‍പ്രസാദിന്റെ ചിത്രസംയോജനമികവ് .
മറ്റേത് സിനിമയേക്കാളും സംഘട്ടനങ്ങള്‍ക്ക് പ്രാധാന്യമുണ്ട് പഴശ്ശിരാജയില്‍. പതിനെട്ടാം നൂറ്റാണ്ടിലെ കഥ പറയുമ്പോള്‍ ഇന്നത്തെ രീതിയിലുള്ള ഫൈറ്റുകള്‍ പറ്റില്ലല്ലോ. എന്നാല്‍ പ്രേക്ഷകന്റെ ‘രസഞെരമ്പുകള്‍’ ത്രസിപ്പിക്കുന്ന രീതിയിലാവണം താനും. (കളരി രംഗങ്ങളുടെ പെര്‍ഫെക്ഷനെ പറ്റി പറയാനാന് എനിക്കാവില്ലെങ്കിലും) ‘ആക്ഷന്‍ ഡിറക്ടര്‍’ രവി ദിവാനും സംഘവും തരക്കേടില്ലാതെ ചെയ്തിട്ടുണ്ടെങ്കിലും കയറു കെട്ടി വലിച്ച് ആളുകളെ ‘പറപ്പിക്കുന്ന’ തരത്തിലുള്ളവ ഒഴിവാക്കേണ്ടിയിരുന്നു. യുദ്ധരംഗങ്ങള്‍ നന്നായി ചെയ്ത ഇവര്‍ മാന്‍-ടു-മാന്‍ ഫൈറ്റിംഗുകള്‍ ഇനിയുമെത്രയോ മെച്ചപ്പെടുത്തേണ്ടിയിരുന്നു. പട്ടണം റഷീദിന്റെ ചമയ്ക്കലും നടരാജന്റെ വേഷവിധാനങ്ങളും അവയുടെ ലാളിത്യം കൊണ്ടും സാംഗത്യം കൊണ്ടും എടുത്ത് പറയേണ്ടതാണ്.
പഴശ്ശിരാജയുടെ ഹൈലൈറ്റുകളീല്‍ മറ്റൊന്ന് ഇളയരാജയുടെ ഗാനങ്ങളാണ്. യേശുദാസും എം.ജി.യും ചേര്‍ന്നലപിച്ച പോരാട്ടവീര്യമുണര്‍ത്തുന്ന “ആദിയുഷസന്ധ്യപൂത്തതിവിടെ”, എം.ജി ശ്രീകുമാര്‍, വിധു പ്രതാപ്, അഷ്റഫ്, എടവണ്ണ ഗഫൂര്‍, ഫൈസല്‍, കൃഷ്ണനുണ്ണി തുടങ്ങിയവരും മറ്റനേകം ഗായകരും ഉന്മാദിച്ച് ആസ്വദിച്ച് പാടിയ “ആലമടങ്ക മൈത്തവനല്ലേ അഖിലത്തിനും ഉടയവനല്ലേ”, ചിത്രയുടെ മധുരസ്വരത്തിലുള്ള ‘കുന്നത്തെ കൊന്നയ്ക്കും” എന്നിങ്ങനെ മൂന്നു ഗാനങ്ങളാണ് പൂര്‍ണ്ണമായ് സിനിമയില്‍ വന്നിരിക്കുന്നത്. ഒ.എന്‍.വിയും കാനേഷ് പൂനൂരും എഴുതിയ ഇവയ്ക്ക് പുറമേ ഗിരീഷ് പുത്തഞ്ചേരിയെഴുതിയ “അമ്പും കൊമ്പും കൊമ്പന് പാട്ടും” എന്നൊരു ഗാനവും പശ്ചാത്തലത്തില്‍ വരുന്നുണ്ട്. ളയരാജയുടെ പഴയശീലുകളുടെ സ്വാധീനമുണ്ടെങ്കിലും സിനിമയുടെ ടെമ്പോയുമായ് ഒത്തു നില്കുന്നവയാണ് ഈണങ്ങള്‍. “ആദിയുഷസന്ധ്യപൂത്തതിവിടെ”യുടെ വരികള്‍ കൂട്ടത്തില്‍ ജ്വലിച്ചു നില്ക്കുന്നു. പാട്ടുകളേക്കാള്‍ പശ്ചാത്തലസംഗീതത്തിലാണ് ഇളയരാജ എന്ന ജീനിയസ്സിനെ നാം കാണുന്നത്. വിപ്ലവത്തിന്റേയും വീരത്വത്തിന്റേയും ഉച്ചസ്ഥായിയും പോലെ തന്നെ നേര്‍മ്മയുള്ള പതിഞ്ഞ ഈണവും മൌനവും രംഗങ്ങള്‍ക്ക് മിഴിവേകുമെന്ന തിരിച്ചറിവ് ഇളയരാജ പ്രകടിപ്പിക്കുന്നു (അമ്മാവനുമായുള്ള പഴശ്ശിയുടെ കൂടിക്കാഴ്ച ഒരുദാഹരണം മാത്രം). പഴശ്ശിരാജയുടെ സാങ്കേതികവിഭാഗത്തുലേക്കുള്ള റസൂല്‍ പൂക്കുട്ടിയുടെ വരവ് മാധ്യമങ്ങള്‍ അതിരു ഇട്ട് ആഘോഷിച്ചിരുന്നതിനോട് വ്യക്തിപരമായ് അനിഷ്ടമുണ്ടായിരുന്നെങ്കിലും ശബ്ദസങ്കലനത്തിലുള്ള മികവ് സിനിമയിലുടനീളം സ്പഷ്ടമായി കാണാം. ശബ്ദങ്ങളുടെ ഉയര്‍ച്ച താഴ്ച്ചകളില്‍ പാലിച്ച മിതത്വം ശ്ലാഖനീയമാണ്. ഇളയരാജയുടെ അനുഭവസമ്പത്തും റസൂലിന്റെ മികവുമൊത്ത് ചേരുമ്പോള്‍ ‘ശബ്ദവിഭാഗം’ മികച്ചതിലും മികച്ചതായ് മാറുന്നു.
സഹൃദയന് പഴശ്ശിരാജയിലുള്ള മുഖ്യാകര്‍ഷണം എം.ടി വാസുദേവന്‍ നായര്‍ എന്ന മലയാളസാഹിത്യത്തിലെ അതികായനായിരിക്കും. എം.ടി യുടെ നോവലുകളെ ഇഷ്ടപ്പെടാത്തവരെ പോലും അദ്ദേഹത്തിന്റെ തിരക്കഥകള്‍ മോഹിപ്പിച്ചിട്ടുണ്ട്. ഭാരതപുഴതീരത്തെ തറവാടുകളിലെ കഥാപാത്രങ്ങള്‍ മാനസികപശ്ചാത്തലങ്ങളും പേരുകളും മാത്രം മാറ്റി പ്രത്യക്ഷപ്പെടുന്ന എം.ടി തിരക്കഥകളെ വിമര്‍ശിച്ചാലും, നിര്‍മ്മാല്യവും താഴ്വാരവും മഞ്ഞും ആരൂഢവും ഉയരങ്ങളിലും ആരണ്യകവും വെള്ളവും വൈശാലിയും പെരുന്തച്ചനും ഒരു വടക്കന്‍ വീരഗാഥയും മറ്റും നല്കിയ പ്രമേയവൈവിധ്യം എന്നും മലയാളിയുടെ അതിര്‍വരമ്പുകളില്ലാത്ത അതിശയമാണ്. ആ തൂലികയ്ക്കുടമയുടെ സമര്‍പ്പണവും പാത്രനിര്‍മ്മാണവൈദഗ്ദ്ധ്യവും പഴശ്ശിരാജയിലും തെളിഞ്ഞ് കാണാം. കഥാപാത്രങ്ങള്‍ സന്ദര്‍ഭാനുസൃതമായ സംഭാഷണങ്ങള്‍ മാത്രം മൊഴിയുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.
ഹരിഹരന് എന്ന സംവിധായകന്റെ സംഘടനാപാടവം അടിവരയിടുന്ന സിനിമയാണ് പഴശ്ശിരാജ - കഥാപശ്ചാത്തലത്തിന്റേയും സാങ്കേതികാവശ്യങ്ങളിലും അദ്ദേഹത്തിന്റെ ഇന്നോളമുള്ള സിനിമകളില്‍ നിന്നെല്ലാം കാതങ്ങള്‍ മുന്നില്‍! ചരിതാഖ്യായികയുടെ പരിധികളില്‍ ഉറച്ച്, അടിസ്ഥാനങ്ങളില്‍ നിന്ന് ചരുതയോടെ കഥ പറയാന്‍ സംവിധായനായിട്ടുണ്ട്. മമ്മൂട്ടിയെ താരമായ് കാണാതെ പഴശ്ശിയായ് കണ്ട്, മറ്റ് കഥാപാത്രങ്ങള്‍ക്ക് ആവശ്യത്തിന് പ്രാധാന്യം കൊടുത്ത് സിനിമയെടുത്തതില്‍ അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു.
വീരനായകന്റെ സ്ഫോടനാത്മകമായ ഭാവപ്രകടനങ്ങള്‍ക്കൊന്നും പഴശ്ശിരാജയില്‍ ഇടം നല്‍കിയിട്ടില്ല രചയിതാവും സംവിധായകനും. സിനിമയുടെ ആരംഭത്തില്‍ നാം കാണുന്നത് പരിക്ഷീണനായ പരാജിതനായ രാജാവിനെയാണ്. പഴശ്ശിയുടെ വീരത്വം അവന്റെ പടയാളികളിലൂടെയും പരിമിതമായ സംഭാഷണങ്ങളിലൂടെയുമാണ് പുറത്തേക്ക് വരുന്നത്. പഴശ്ശിരാജ അപൂര്‍വ്വമായേ തന്നെ പറ്റി സംസാരിക്കുന്നുള്ളൂ (പിറക്കാന്‍ പോകുന്ന മകളെ കുറിച്ച് ഗര്‍ഭം അലസി കിടക്കുന്ന ഭാര്യയോട് പറയുന്ന രംഗം ഒരുദാഹരണം). രാജ്യത്തെ കുറിച്ചും നാട്ടാരെ കുറിച്ചുമുള്ള തോല്ക്കാന് പോകുന്ന യുദ്ധത്തെ കുറിച്ചും അയാള്‍ വാചാലനാകുന്നുമില്ല. “ജീവിതത്തിലുടനീളം കൂടെ സഞ്ചരിച്ച് അവസാനം തിരിഞ്ഞ് നിന്ന് നോക്കുന്ന നിഴലാണ് മരണം“ എന്നയാള്‍ക്കറിയാം. മരണത്തിലേക്കുള്ള യാത്രക്ക് മുന്‍പും ദു:ഖിക്കേണ്ടത് തന്നെ കുറിച്ചല്ലെന്നും ഗതി കെട്ട ഈ നാടിനെ കുറിച്ചാണെന്നുമാണ് രാജാവ് പറയുന്നത്. ബഹളങ്ങളുടെ അഭാവത്തിലുള്ള നായകപ്രവേശനവും വാചകകസര്‍ത്തില്ലാതെയുള്ള നായകന്റെ രംഗമൊഴിയലും (ഫാന്‍സുകാര്‍ക്ക് രുചിക്കില്ലെങ്കിലും) പ്രശംസനീയമെങ്കിലും തോറ്റ യുദ്ധം പോരാടുന്ന രാജാവിന്റെ മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കവും കാണിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും (അതാണല്ലോ എം.ടി തിരക്കഥകളുടെ ഹൈലൈറ്റ്) ഇല്ലാത്തത് നമ്മെ ഒട്ടൊന്നുമല്ല നിരാശപ്പെടുത്തുന്നത്. അതും അത്തരത്തിലുള്ള രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കൂന്നതില്‍ പ്രഗത്ഭനായ മമ്മൂട്ടി ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍!
സിനിമയുടെ നിര്‍മ്മാതാവ് (ശരിയായ അര്‍ത്ഥത്തില്‍) സംവിധായകനോ താരമോ വേറെ ആരെങ്കിലുമോ ആവട്ടെ, പണമിറക്കുവാനാളില്ലെങ്കില്‍ എന്തു കാര്യം? അതും പ്രൊഡക്ഷന്‍ പ്രതികൂലമായ് ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടെയിരിക്കുമ്പോള്‍! അത്തരത്തിലുള്ള ‘ദുശ്ശകുന‘ങ്ങളെല്ലാം കണക്കിലെടുക്കാതെ സിനിമയോടൊപ്പം നില്ക്കുന്ന ബാനര്‍/പ്രൊഡ്യൂസര്‍ ഒരപൂര്‍വ്വതയാണ്. പഴശ്ശിരാജ എന്ന സിനിമ സാക്ഷാത്കരിക്കാന്‍ മനവും അര്‍ത്ഥവും നല്കി കൂടെ നിന്ന ഗോകുലം ഗോപാലന് എന്ന വ്യക്തി സിനിമയില്‍ പുതുമുഖമായിരിക്കാം - പക്ഷെ സിനിമാപ്രേക്ഷകര്‍ ഒട്ടൊരു കാലം മറക്കാതെ അദ്ദേഹത്തെ മാനിക്കും എന്നുറപ്പ്. ഗോകുലം ഗോപാലന്റെ ആ പ്രതിഷ്ഠക്ക് നേരെ ദൃശ്യന്റെ വക ഒരു സല്യൂട്ട്!!!
വാല്‍ക്കഷ്ണം:
പഴശ്ശിരാജ കാണുന്ന ഏതൊരു പ്രേക്ഷകനും എം.ടി-ഹരിഹരന് ടീമിന്റെ ‘ഒരു വടക്കന്‍ വീരഗാഥ’യുമായ് ഒരു താരതമ്യത്തിന് മുതിരുമെന്നതുറപ്പ് . ഈ രണ്ടു സിനിമകളേയും ഒരേ അളവുകോല്‍ കൊണ്ട് അളക്കാനാവില്ല. കാരണം എം.ടി-ഹരിഹരന്-മമ്മൂട്ടി എന്നിവയല്ലാതെ മറ്റൊന്നും പൊതുവായ് ഈ സിനിമകള്‍ക്കില്ല. വടക്കേ മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്ന വായ്പ്പാട്ടുകളുടേ പാഠാന്തരമാണ് ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ ഒരു ചരിത്രാഖ്യായികയും! ഒരു സാഹിത്യകാരന്റെ ഗവേഷണമായിരുന്നു വീരഗാഥയില്‍ പ്രകടമായിരുന്നതെങ്കില്‍ പഴശ്ശിരാജയെ ഒരു ഗവേഷകന്റെ സാഹിത്യസംരംഭമായിട്ടാണ് കരുതേണ്ടത്. അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ഏവര്‍ക്കുമറിയാവുന്ന വടക്കന്‍ പാട്ടുകള്‍ തന്റേതായ വ്യാഖ്യാനങ്ങളോട് കൂടെയാണ് എം.ടി പറഞ്ഞത്. അതു വരെയുണ്ടായിരുന്ന വിശ്വാസവിഗ്രഹങ്ങളുടയ്ക്കുക എന്ന റിസ്കുണ്ടായിരുന്നെങ്കിലും ഒരു പാട് കഥാപാത്രങ്ങളെ പ്രേക്ഷകന് മുന്നില്‍ പരിചയപ്പെടുത്തുക എന്നത് താരതമ്യേനെ ലളിതമായ ഒരു ചടങ്ങായിരുന്നു. പക്ഷെ പഴശ്ശിരാജയിലെ കഥാപാത്രങ്ങള്‍ നമുക്ക് പരിചിതരല്ല. പഴശ്ശിരാജ എന്ന് പേര് ‘പാഠപുസ്തകളിലെ ചരിത്രം‘ നമ്മെ പഠിപ്പിച്ചതാണ്. പാഠപുസ്തകകങ്ങള്‍ക്കപ്പുറം പഴശ്ശിചരിത്രം നമുക്കജ്ഞാതമാണ്. കേരളചരിത്രത്തിലെ ആ ഏടും അന്നത്തെ സാമൂഹികപശ്ചാത്തലവും പങ്കെടുത്ത ആളുകളും പ്രേക്ഷകന് പരിചയപ്പെടുത്തുക എന്ന ദൌത്യം അത്ര എളുപ്പമല്ല. അതിനാല്‍ തന്നെ കഥയുടെ ചുറ്റുപാടുകള്‍ മനസ്സിലാക്കിയെടുക്കാന്‍ അല്പനേരം ഈ സിനിമ പ്രേക്ഷകനോട് ആവശ്യപ്പെടുന്നുണ്ട്. പഴശ്ശിരാജയിലെ ആദ്യമണിക്കൂറുകള്‍ കഥയോടൊപ്പം പ്രേക്ഷകനും ചിന്തിക്കേണ്ടതായ് വരുന്നു. സിനിമയെ കുറിച്ച് മാധ്യമങ്ങളും പിന്നണിപ്രവര്‍ത്തകരും മറ്റും പറഞ്ഞ് പരത്തിയ, നാം തന്നെ ഊതി വീര്‍പ്പിച്ചെടുത്ത ഒരുപാട് മുന്‍വിധികള്‍ ഈ പ്രക്രിയ കഠിനമാക്കുന്നു. പതിയെ ആ കാലഘട്ടത്തോട് ഇണങ്ങി ചേര്‍ന്ന് നില്ക്കുമ്പോഴേക്കും കഥ ഏറെ മുന്നോട്ട് പോയതായ് നാം ദു:ഖപൂര്‍വ്വം മനസ്സിലാക്കുകയും ചെയ്യുന്നു. അതിനാലാണ് ഈ സിനിമ ഒരു രണ്ടാം കാഴ്ച ആവശ്യപ്പെടുന്നതായ് എനിക്ക് തോന്നുന്നത്. ആ ഒരു ‘benefit of doubt‘ഉം, കച്ചവടച്ചേരുവകള്‍ ചേര്‍ക്കാതെ ഈ സിനിമയ്ക്ക് ഒരു ചരിത്രാഖ്യായികയുടെ മട്ടില്‍ നല്കിയ പാക്കേജിംഗും മുന്‍നിര്‍ത്തിയാണ് റേറ്റിംഗ് നല്‍കിയിരിക്കുന്നത്.
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
12 years ago
34 comments:
വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ കഥയാണ് എം.ടി-ഹരിഹരന് ടീമിന്റെ ‘കേരളവര്‍മ്മ പഴശ്ശിരാജ‘ക്ക് പറയാനുള്ളത്. മലയാളസിനിമയുടെ സഹൃദയപക്ഷം ഇത്രയുമധികം ആവേശത്തോടെ കാത്തിരുന്ന മറ്റൊരു സിനിമ അടുത്ത കാലത്തുണ്ടായിട്ടില്ല. സാഹിത്യവും സിനിമയും സാങ്കേതികതയും നിറവോടെ ഒന്നിക്കുന്നതിലുള്ള പ്രതീക്ഷയാണ് ഈ കാത്തിരിപ്പിനെ ആവേശഭരിതമാക്കുന്നത് (ഇന്ത്യന്‍സ്വാതന്ത്യസമരചരിത്രവുമായ് ബന്ധപ്പെടുത്തിയുള്ള പിന്നണിപ്രവര്‍ത്തകരുടെ അവകാശവാദങ്ങളും ഫാന്‍സുകാരുടെ മറ്റു വീരവാദങ്ങളും ഞാന്‍ മന:പൂര്‍വ്വം വിസ്മരിക്കുന്നു). ശ്രീ ഗോകുലം ഫിലീംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച്, എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന് സംവിധാനം ചെയ്ത ‘കേരളവര്‍മ്മ പഴശ്ശിരാജ’ എന്ന ബിഗ്ബഡ്ജറ്റ് ചിത്രം മലയാളസിനിമാചരിത്രത്തിലെ സുവര്‍ണ്ണതിളക്കമുള്ള ഒരേടാണ് - അതിന് കാരണം ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അതുല്യമായ സമര്‍പ്പണമനോഭാവമാണ് !
പഴശ്ശിരാജയുടെ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.
സസ്നേഹം
ദൃശ്യന്‍
പഴശ്ശി രാജയെ കുറിച്ച് ഇതേവരെ വായിച്ചതില്‍ വച്ച് ഏറ്റവും നല്ല റിവ്യൂ.
ഈ അവലോകനത്തിനു നന്ദി, മാഷേ.
വളരെ വിശദമായ, സമഗ്രമായ അവലോകനം..
തിരക്കൊഴിഞ്ഞിട്ട് പടമൊന്നു കണ്ടുനോക്കണം...പഴശ്ശിരാജയെക്കുറിച്ചുള്ള അമിത പ്രതീക്ഷ ഏതായാലും ഞാൻ ഉപേക്ഷിച്ചുകഴിഞ്ഞു.
വളരെ നല്ല റിവ്യൂ...
"ഗോകുലം ഗോപാലന് എന്ന വ്യക്തി സിനിമയില്‍ പുതുമുഖമായിരിക്കാം"
അല്ലാ... സൂപ്പര്‍ ഹിറ്റ് സംവിധായകനായ വിനയന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ "അതിശയന്‍" നിര്‍മ്മിച്ച് കൈപൊള്ളിയ അനുഭവം ഉണ്ട് പുള്ളിക്ക്....
ഓടോ : ബ്ലൂ കണ്ടോ? കണ്ടില്ലേ നാഷ്ണല്‍ ജിയോഗ്രഫിയോ ഡിസ്കവറിയും എഫ് ടിവിയും കണ്ടാല്‍ മതി ഒരു 2 മണിക്കൂര്‍.....
കലക്കി.. കുറച്ച് നാളുകള്‍ക്ക് ശേഷം ഒരു തനി “ദൃശ്യന്‍” റിവ്യൂ.. നന്നായി..
/ /പഴശ്ശി രാജയെ കുറിച്ച് ഇതേവരെ വായിച്ചതില്‍ വച്ച് ഏറ്റവും നല്ല റിവ്യൂ.
ഈ അവലോകനത്തിനു നന്ദി, മാഷേ. / / [+1]
:) Thanks for the review. I was confused, whether to spend 250/- or not...will watch soon :)
ഞാനും കണ്ടു..
ദൃശ്യ്ന്റെ സ്ഥിരം ഐറ്റം +/- കാണുന്നില്ലല്ലൊ.. :)
Drishyan,this blog really needs to be popularized for a number of reasons,at least for not getting biased versions of a movie.Can you check this blog listing/updates to our aggregators,twitter,facebook and other social networking webs ? Somehow i missed this blog for a long time.!
A very good review mashe..a deserved one..!
മലയാളം ബ്ലോഗില്‍ പഴശ്ശിരാജയെക്കുറിച്ച് ഇതുവരെ വന്നതില്‍ നല്ലൊരു റിവ്യൂ. ഏറെ വസ്തു നിഷ്ടവും, മുന്‍ വിധികള്‍ ഇല്ലാത്തതും ‘ബുജി’യെന്നു തോന്നത്തക്ക രീതിയില്‍ എഴുതാത്തതും. ഇത്തരമൊരു സിനിമാ റിവ്യൂവിന്റെ കുറവ് ശരിക്കും ഞങ്ങള്‍ ബ്ലോഗ് വായനക്കാര്‍ അനുഭവിക്കുന്നുണ്ട്.
അഭിനന്ദനങ്ങള്‍.
പഴശ്ശിരാജ ഒരു ചരിത്രാഖ്യായികയും! ഒരു സാഹിത്യകാരന്റെ ഗവേഷണമായിരുന്നു വീരഗാഥയില്‍ പ്രകടമായിരുന്നതെങ്കില്‍ പഴശ്ശിരാജയെ ഒരു ഗവേഷകന്റെ സാഹിത്യസംരംഭമായിട്ടാണ് കരുതേണ്ടത്
ഇത്രയും മികച്ച ഒരു റിവ്യൂ എഴുതിയ ദൃശ്യന്‍ എന്റെ വക ഒരു സല്യൂട്ട്!!!
nee kalakki... ee njaan polum athbhuthappettu poyi ;-) ..
Your's is the review which I would always wait for, for any releases..
പഴശിരാജ കണ്ടില്ല , എങ്കിലും എം.ടി ഹരിഹരന് ടീം ചതിക്കില്ല എന്നൊരു പ്രതീക്ഷ..How come we can forget the 'Sadhayam', 'Thaazhvaaram' and Uyarangalil from MT. പാട്ടുകളുടെ കാര്യത്തില്‍ ചില ഗാനരംഗങ്ങള്‍ (യൂറ്റ്യൂബ് ക്രെഡിറ്റ്..)മനപുര്‍വം ഒരു 'വടക്കന്‍ വീരഗാഥ ' സ്റ്റൈല്‍ കൊണ്ടു വരാന്‍ ശ്രമിച്ചതായി തോന്നിപ്പിച്ചു ...
പടം യുദ്ധ സിനിമ ആയാലും അല്ലെങ്കിലും കുറെ മനുഷ്യര്‍ തീയേറ്ററില്‍ പോയി കാണുന്നുണ്ടല്ലോ, ഈ കാലത്ത് അത് തന്നെ നല്ല കാര്യം..(വേള്‍ഡ് വാറുകള്‍ ഒന്നും കേരളത്തില്‍ നടന്നിട്ടില്ലാത്തതിനാല്‍ നമുക്ക് 'വേള്‍ഡ് വാര് ആഫ്ടര്‍ എഫ്ഫെക്ത്സ് ഇന്‍ കേരള' എന്ന രീതിയില്‍ അല്ലെ പിക്ചര്‍ എടുക്കാന്‍ സാധിക്കു... അത് കൊണ്ടു പഴശി രാജ യെ ലോക നിലവാരത്തിലുള്ള യുദ്ധ സിനിമകലുമായ് താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥം ഉണ്ടോ ... )...
Good Review Drishyan
..(Unfortunately seen 'Aadhavan' last week..."His Highness Abdulla- third rate Tamil version.."..Murali's last release..:( )
-KUTTANS | S.i.j.i.t.h
ദൃശ്യന്‍,
വളരെ വസ്തുനിഷ്ടമായ നിരൂപണം.
അഭിനന്ദനങ്ങള്‍.
:-)
നല്ല വിലയിരുത്തലുകള്‍. പല കാര്യങ്ങളോടും എനിക്ക് യോജിപ്പാണുള്ളത്. അഭിനേതാക്കളുടെ പ്രകടനം പ്രശംസനീയം. ബേബറെ അവതരിപ്പിച്ച വിദേശനടന് മാത്രം വല്ലാതെ പിന്നിലായി. യുദ്ധരംഗങ്ങള്‍ നന്നായി എന്നെനിക്കു തോന്നിയില്ല, പ്രത്യേകിച്ചും ഒളിപ്പോരായിരുന്നു അവയൊക്കെയും എന്നു കൂടി കണക്കിലെടുക്കുമ്പോള്‍. ഇളയരാജയുടെ ഗാനങ്ങളും പിന്നണിസംഗീതവും സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്; പക്ഷെ, ഒടുവില്‍ മാത്രം ചിത്രത്തില്‍ ചേര്‍ന്ന പൂക്കുട്ടിയുടെ സംഭാവനകള്‍ ചിത്രത്തിലേറെയുണ്ടെന്നു കരുതുവാന്‍ വയ്യ. എം.ടി.-യുടെ തിരക്കഥ - ഹരിഹരന്റെ സംവിധാനം; പോരാട്ടങ്ങള്‍ക്ക് അത്ര പ്രാധാന്യമില്ല്ലാത്ത ഒരു ഡ്രാമയായിരുന്നു ഇതെങ്കില്‍ ഒരുപക്ഷെ ഇതിലും മികച്ചതാവുമായിരുന്നു. ആക്ഷന്‍ ചിത്രങ്ങള്‍ക്ക് തിരനാടകമെഴുതി സംവിധാനം ചെയ്യുന്നതിലെ ഇരുവരുടേയും പരിമിതികള്‍ വ്യക്തമാക്കുന്ന ചിത്രമായി ഇത്. ഛായാഗ്രഹണം - ചിത്രസംയോജനം - ഇവ ശരാശരിയിലും മുകളിലാണെന്നു കരുതുക വയ്യ. കലാസംവിധാനവും / വസ്ത്രാലങ്കാരവും / മേക്ക്-അപ്പും മികച്ചു നിന്നു എന്നതിനോട് യോജിക്കുകയും ചെയ്യുന്നു. നായകന്റെ വരവ് രസകരമായെങ്കിലും, ഇംഗ്ലീഷില്‍ കുറേ ഡയലോഗു പറഞ്ഞതിനു ശേഷമുള്ള ഫൈറ്റ് അത്രയ്ക്ക് രസമുള്ളതായി തോന്നിയില്ല.
ഒരു ലോകോത്തരസിനിമയെന്ന ഘോഷങ്ങള്‍ക്ക് ചെവികൊടുക്കാതെ കണ്ടാല്‍, ഒരു സാധാരണ മലയാളചിത്രം. മോശമെന്ന് അര്‍ത്ഥമില്ല, നല്ല ചിത്രം തന്നെ. വളരെ മികച്ചതെന്നു പറയുവാനുമില്ല.
--
ഫാന്‍സിന്റെ തിരക്കൊന്ന് ഒഴിഞ്ഞിട്ട് വേണം ഒന്ന് കാണാന്‍ , മുന്പ്രതീക്ഷകളൊന്നും ഇല്ലാതെ തന്നെ. അവലോകനത്തിന് നന്ദി ദൃശ്യന്‍ :)
ചിത്രം കണ്ടു. പല റിവ്യൂസും കണ്ടു.
എന്റെ അഭിപ്രായത്തോട് ഏറ്റവും അടുത്തുനില്ക്കുന്നത് താങ്കളുടെ റിവ്യൂ ആണ്. :)
“പ്രകൃതിയും ടി മുത്തുരാജും ചേര്‍ന്നൊരുക്കിയ പഴശ്ശിരാജയിലെ ദൃശ്യപ്പൊലിമ“ ആ പ്രയോഗം നന്നേ പിടിച്ചു. പിന്നെ background score, art direction എന്നീ വിഭാവങ്ങള്‍ക്ക് 10 കൊടുത്തിരുന്നെങ്കിലും തെറ്റില്ലായിരിന്നു. പക്ഷെ, cinematographyയുടെ 9 മാര്‍ക്ക് ലേശം കൂടിപ്പോയി. മൊത്തത്തില്‍ നന്നായിരിന്നെങ്കില് കൂടി, ആദ്യ കുറച്ചു സമയം ഒരു out of focus ഫീല്‍ ചെയ്തു.
പിന്നെ പതിവ് -/+ ഇതില്‍ കണ്ടില്ല.
ദൃശ്യൻ,
നിരൂപണം നന്നായി.ഞാൻ ചെന്നൈയിലാണു.ഗോകുലം ഗോപാലൻ ഇവിടെ ആണെങ്കിലും സിനിമ ഇനിയും ഇവിടെ വരാനിരിക്കുന്നതേയുള്ളൂ.കാണാത്തതു കൊണ്ട് അഭിപ്രായം പറയാൻ പറ്റുന്നില്ല.
ദൃശ്യൻ പറഞ്ഞ ഒരു കാര്യം മാത്രം ഞാൻ മനസ്സിലോർക്കും.ഇത് ചരിത്രത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമ എന്നത്.അതിൽ 2 കാര്യമുണ്ട്.ചരിത്ര സിനിമ എന്ന് അവകാശപ്പെടുന്നുണ്ടോ എന്നത്.ഇതിന്റെ പിന്നണി പ്രവർത്തകർ അങ്ങനെ അവകാശപ്പെടുന്നുണ്ടെങ്കിൽ , സിനിമ ചരിത്രത്തോട് എത്രമാത്രം നീതി പുലർത്തിയിട്ടുണ്ട് എന്ന ചോദ്യത്തിനു ഉത്തരം തേടേണ്ടി വരും.ചരിത്രം തന്നെ പലവിധത്തിൽ മാറ്റിയെഴുതപ്പെടുന്ന കാലമാണിത്.പ്രത്യേകിച്ച് പഴശിയെപ്പോലെ ഒരു രാജാവിന്റെ ജീവിതത്തിൽ “ആദിവാസി വിഭാഗങ്ങൾ നൽകിയ സേവനം വളരെ വലുതാണു.കുറിച്യരെ എം.ടി എങ്ങനെ കാണുന്നു എന്നറിയാൻ എനിക്ക് താല്പര്യമുണ്ട്.
ഇനി ഇതു ചരിത്രത്തെ അടിസ്ഥാനമാക്കിയ ഒരു സ്വതന്ത്ര സിനിമ ആണെങ്കിൽ പിന്നെ എത്രമാത്രം ഭാവന ഇതിൽ വന്നിരിക്കുന്നു എന്നും അറിയാൻ ആഗ്രഹമുണ്ട്.അപ്പോൾ പിന്നെ ഈ സിനിമ ‘കല’ എന്ന തലത്തിൽ എവിടെ നിൽക്കുന്നു എന്നറിയാനാവും മോഹം.
തീർച്ചയായും ഈ സിനിമയെ അത്തരം ഒരു തലത്തിൽ നിന്നു കാണാനാണു ഞാൻ ആഗ്രഹിക്കുന്നത്.
ഇത്ര വിശദമായ നിരൂപണത്തിനു നന്ദി.
(ഓ.ടോ:കിരൺസ് പറഞ്ഞ പോലെ അഗ്രിഗേറ്ററുകളിൽ ഈ ബ്ലോഗ് ലിസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കുക)
ഇങ്ങനെ ഒരു റിവ്യു - വിനു വേണ്ടി കാത്തിരിക്കയായിരുന്നു.എല്ലാ അഭിപ്രായങ്ങള്‍ക്കും എന്റെ കയ്യൊപ്പ് .
വളരെ വസ്തുനിഷ്ഠമായ അവലോകനം.
എനിക്കെന്തോ ദൃശ്യന്റെ റിവ്യൂ വായിച്ചിട്ട് ആശ്വാസം
തോന്നുന്നു.:)
നന്നായിട്ടുണ്ട്. ടീം വര്‍ക്കിന്റെ വിജയമാണ് പഴശ്ശീരാജ.
പരാക്രമം മാത്രമല്ല, പക്വതയും ഒരു രാജാവിന് പ്രധാനമാണ് എന്ന് പഴശ്ശീയുടെ കഥാപാത്രം നമുക്ക് കാണിച്ചുതരുന്നു.
പക്ഷെ എംടീ യൂടെ മാജിക്ക് ഈ പടത്തിലില്ല എന്നും എടുത്തുപറയേണ്ട ഒന്നാണ്. സ്റ്റണ്ടുസീനുകള് പലപ്പോഴും ബോറായി. പാട്ടുകള്‍ തീര്‍ത്തും അനാവശ്യം.
ഓടോ:
വീരഗാഥയില്‍ ഓ.എന്‍.വി അല്ലല്ലോ പാട്ടെഴുതിയത്. ജയകുമാറല്ലേ
ഒരു മുന്‍ വിധിയും കൂടാതെ ഒരു സിനിമയെ എങ്ങനെ വിലയിരുത്തണമെന്നതിണ്റ്റെ മികച്ച അവലോകനം..
പക്ഷേ Haree/ഹരീ യുടെ അവലോകനത്തില്‍ - ആരൊക്കെയോ ഈസിനിമ ലോകോത്തരം എന്നു പറയുന്നു അതുകൊണ്ട് കാണിച്ച് തരാം എന്ന മട്ടിലുള്ള, ആരോടൊക്കെയോ പക പ്രകടിപ്പിക്കുന്ന രീതിയിലായി പോയിരുന്നു...
താങ്കള്‍ തുടരുക.... അഭിനന്ദനം...
മാഷേ,
എനിക്കു മനസ്സില്‍ തോന്നിയ അഭിപ്പ്രായം തന്നെ സത്യ സന്ധമായ വളരെ നല്ല റിവ്യൂ...
ഇതു വരെ വായിച്ച റിവ്യൂകളെല്ലാം സിനിമയെ കടന്നാക്രമിക്കുന്ന പോലെ തോന്നി,അതേസമയം സാധാരണ പ്രേക്ഷകർ നല്ല അഭിപ്രായം പരയുകയും ചെയ്തു.ഞാൻ ആകെ കൺഫ്യൂഷനിലായിരുന്നു.അതുകൊണ്ട് തന്നെ താങ്കളുടെ റിവ്യൂവിന് ഒരുപാട് നന്ദി.
Thanks....The best review I read abt Pazhassiraja So far...!!
മനോഹരമായ ചിത്രം, അതിമനോഹരമായ റിവ്യൂ... ആശംസകള്‍... ഒരു ചെറിയ റിവ്യൂ ഞാനും ഇട്ടിട്ടുണ്ട്. വായിച്ച് അഭിപ്രായം പറയുമല്ലോ അല്ലേ...?
നല്ല റിവ്യൂ. കുന്നത്തെ എന്നു തുടങ്ങുന്ന ഗാനം ഈ ചിത്രത്തിന് ആവശ്യമായിരുന്നോ? ചരിത്ര സിനിമ എന്നു പൂര്‍ണ്ണമായും അവകാശപ്പെടാനാവില്ല. വടക്കന്‍ പാട്ടിലെ കഥകളില്‍ നിന്ന് വടക്കന്‍ വീരഗാഥ ഉണ്ടാക്കിയ പോലെ കേരളവര്‍മ്മ പഴശ്ശിരാജയുടെ ചരിത്രത്തില്‍ നിന്ന് സിനിമയ്ക്കായുണ്ടാക്കിയ ഒരു കഥ.
നിര്‍മ്മാതാവ് ആരായാലും സിനിമ നന്നായാല്‍ മതി"
എന്ന ആപ്ത വാക്യം ഇവിടെ സ്മരണീയമെത്രെ!
പഴശ്ശിരാജയെക്കുറിച്ച് ഇതു വരെ വന്നതില്‍ വച്ച് ഏറ്റവും നല്ല നിരൂപണം. നിഷേധാത്മകമല്ലാത്ത സമീപനം. പടം കണ്ടില്ല, ഇവിടെ വരുമ്പോള്‍ കാണണം. നന്ദി.
ബഷീര്‍, ഷാര്‍ജ.
ഗ്ലാഡിയെറ്റർ,ട്രോയ്,മംഗൾ പാണ്ഡെ,പിന്നെ കുറച്ച് ലഗാനും പഴശ്ശിരാജാ എന്നസിനിമകണ്ടപ്പോൾ എനിക്കിതാണ് തോന്നിയത്...പിന്നെ പഴശ്ശിയുടെ അവസാനത്തെ ചാടികുത്തുകൊല..അതുനമ്മൾ ട്രോയിൽ ആദ്യം കണ്ടു,ജോധാ അക്ബറിൽ കണ്ടു,പിന്നെ സുബ്രഹ്മുണ്യപുരത്തിൽ വരെ കണ്ടു,ഇനിയേതെക്കൊ സിനിമകളിൽ കാണേണ്ടി വരുമെന്നാർക്കറിയാം.
നന്ദി ശ്രീ.
ബിന്ദൂ, അമിതപ്രതീക്ഷ ഉപേക്ഷിച്ചൊന്ന് കണ്ട് നോക്കൂ, ഇഷ്ടപ്പെടുമെന്നാണെന്റെ വിശ്വാസം.
രായപ്പ, അതിശയം കാണാനോ കണ്ടവനെ കാണാനോ ഒരവസരം കിട്ടാഞ്ഞതിനാലാവാം, അത് ഞാന്‍ വിട്ടു പോയി. ബ്ലൂ കാണണം എന്ന് കരുതിയ സിനിമകളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. ടിവിയില്‍ വരുമ്പോള്‍ കാണാമല്ലേ?
നല്ല വാക്കുകള്‍ക്ക് നന്ദി ബാലൂ.
ഹാഡ്ഡോക്ക്, കണ്ടീട്ട് അഭിപ്രായം പറയണേ.
നന്ദി മാളൂസേ, +/- ആദ്യമെഴുതി തുടങ്ങിയതാണ്. പിന്നെ ഒരുപാട് പോയന്റുകള്‍ വന്നതും മിക്കവയും ഒരൊറ്റവാക്കില്‍ ഒതുക്കാന്‍ കഴിയാഞ്ഞതിനാലും എഴുതാതിരിക്കുകയാണ് ഭേദമെന്ന് തോന്നി.
കിരണ്‍, മറുമൊഴികളില്‍ കമന്റുകള്‍ വരുന്നുണ്ട്. തനിമലയാളം, ചിന്ത എന്നീ അഗ്രഗേറ്ററുകളിലും ഇട്ടിട്ടുണ്ട്. ഓര്‍ക്കുട്ടിലും മറ്റും ഞാന്‍ അത്ര ഫ്രീക്വന്റ് അല്ല. വേറെ എന്തെങ്കിലും വഴി ഞാന്‍ മിസ്സ് ചെയ്യുന്നുണ്ടോ എന്നറിയില്ല, ഉണ്ടെങ്കില്ല് സഹായിക്കുക. ഫോളൊ ചെയ്യുന്നവയില്‍ ഇതും ചേര്‍ക്കുമല്ലോ?
നന്ദകുമാര്‍, നന്ദി. വാക്കുകള്‍ പ്രചോദനമേകുന്നു.
നന്ദി ഇടമണ്‍.
കുട്ടന്‍സ്,
മമ്മൂട്ടി കുതിരപ്പുറത്ത് വരുന്ന സീനുള്പ്പെടുത്തിയതിനാലാവാം അങ്ങനെ തോന്നിയത്. ചുറ്റുവട്ടങ്ങളിലെ നിറങ്ങളും മറ്റും വീരഗാഥയിലെ പോലെയാവാതിരിക്കാന്‍ മനപൂര്‍വ്വമായ ഒരു ശ്രമമുണ്ടായ പോലെയാ എനിക്ക് തോന്നിയത്. ആദവന് ഞാന്‍ കണ്ടില്ല.
നന്ദി കാളിദാസന്.
നിരക്ഷരാ,
ഫാന്‍സിന്റെ തിരക്കൊഴിഞ്ഞ് കാണണം.... അഭിപ്രായം പറയുമല്ലോ.
കണ്ണാ, ഔട്ട് ഓഫ് ഫോക്കസ് അല്ലായിരുന്നു എന്നാണെന്റെ ഓര്മ, ആണെങ്കില്‍ അത് ശ്രദ്ധിച്ചേനേ... പിന്നെ ലൈറ്റിംഗിലും മറ്റും ഇത്തിരി കൂടെ ശ്രദ്ധിക്കാമായിരുന്നു എന്ന ഒരഭിപ്രായമേ എനിക്കുണ്ടായിരുന്നുള്ളൂ...+/- വേണെമെന്ന് വെച്ച് ഒഴിവാക്കിയതാണ്.
സുനില്‍, കുറിച്യരുടെ ജീവിതരീതികളും മറ്റും സിനിമയിലങ്ങനെ പ്രതിപാദിക്കുന്നില്ല. പിന്നെ അവരെ ഒളിപ്പോര്വിദഗ്ദ്ധരായ് കാണിക്കാതെ കാടറിയുന്ന പോരാളീകളായിട്ടാണ് കാണിച്ചിട്ടുള്ളത്. ചരിത്രത്തില്‍ അത്ര കണ്ട് മായം ചേര്‍ത്തതായ് തോന്നിയില്ല. പഴശ്ശിയുടെ മരണം പോലെ തര്ക്കമുള്ല വിഷയങ്ങളീല്‍ തനിക്ക് ശരിയായ് തോന്നിയ കാഴ്ചപ്പാടാണ് എം.ടി എടുത്തിട്ടുള്ളത്. പിന്നെ ഒരുപാട് റിസേര്‍ച്ച് ചെയ്തിട്ടാണ് എം.ടിയും ഹരിഹരനുമത് ചെയ്തത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനെ പറ്റി അപ്പോള്‍ കൂടുതലായി ഒരഭിപ്രായം പറയാന്‍ (പാഠപുസ്തകചരിത്രം മാത്രം വായിച്ച) നമുക്കാവില്ലല്ലോ.
മുഫാദ്, കയ്യൊപ്പിന് നന്ദി.
ലേഖാ, നന്ദി. എന്തേ ഒരാശ്വാസം തോന്നാന്‍?
കുട്ടു,
ശരിയാണ്, പരാക്രമം മാത്രമല്ല, പക്വതയും ഒരു രാജാവിന് പ്രധാനമാണ് എന്ന് പഴശ്ശീയുടെ കഥാപാത്രം നമുക്ക് കാണിച്ചുതരുന്നു. ആ പക്വതയെ കുങ്കന് തെറ്റിദ്ധരിച്ച പോലെ നമ്മുടെ പ്രേക്ഷകരും തെറ്റിധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന വീരശൂരപരാക്രമിയായ രാജാവിനെ കാണാന്‍ പോകുന്നവര്‍ നിരാശരായതില്‍ അത്ഭുതമില്ല.
എം.ടി മാജിക്ക് സംഭാഷണങ്ങളിലാണ് കൂടുതല്‍ പ്രകടമാകുക. അതിന്റെ അഭാവം എന്നെയും നിരാശനാക്കിയെന്ന് പറയാതെ വയ്യ. വീരഗാഥയിലെ ഗാനങ്ങള്‍ ജയകുമാറും കൈതപ്രവുമാണ്. തെറ്റ് തിരുത്തിയിട്ടുണ്ട്. നന്ദി.
ബാകര്‍, മഹേഷ് നന്ദി.
നന്ദി, സിനിമ കണ്ടോ ഗന്ധര്‍വാ?
പിള്ളാച്ചാ, റിവ്യൂ വായിക്കാനൊത്തില്ല. വായിച്ചിട്ട് അഭിപ്രായ് പറയാം. നന്ദി.
ശിവ, കുന്നത്തെ എന്ന ഗാനം അനാവശ്യമെന്ന് പറയാനാകില്ല. വെറുതെ ഒരു ഗാനമെന്നതിലുപരി ദിവസങ്ങള്‍ നീണ്ട ഒളിജീവിതത്തിനിടയില്‍ പഴശ്ശിക്കും മാക്കത്തിനും വീണുകിട്ടിയ കുടുംബനിമിഷങ്ങളാണത്. ആ രാവിനു ശേഷമുള്ള പകലിലാണല്ലോ പഴശ്ശിയെ ബ്രിട്ടീഷ് പട വളയുന്നത്. പിന്നെ അത്തരമൊരു പാട്ട് സ്ത്രീജനങ്ങളെ ആകര്ഷിക്കാനുതകുമെന്നും കൂട്ടിക്കോളൂ.
പാവം ഞാനെ, സ്മരണീയം ഈ ആപ്തവാക്യം!
ബഷീര്‍,
ഷാര്‍ജയില്‍ വന്നാല്‍ കണ്ട് അഭിപ്രായം പറയൂ...
താരകാ,
താങ്കള്‍ പറയുന്നത് യുദ്ധരംഗങ്ങളിലെ ചില സാമ്യങ്ങള്‍ മാത്രമാണ്. അല്ലാതെ ഏതു രീതിയിലാണ് ഗ്ലാഡിയെറ്റർ,ട്രോയ്,മംഗൾ പാണ്ഡെ എന്നീ സിനിമകളുമായ് സാമ്യമെന്ന് മനസ്സിലാവുന്നില്ല. കളക്ടര്പത്നിയെ പോലെ ഒരു കഥാപാത്രമുണ്ടെന്നതായിരിക്കും ലഗാനുമായുള്ള സാമ്യത അല്ലേ?
ഹരീ, വിശദമായ് പറയേണ്ടതായത് കൊണ്ട് തനിക്കായൊരു മറുപടി പിറകെ വരുന്നുണ്ട് കേട്ടോ...
സസ്നേഹം
ദൃശ്യന്‍
ഹരീ, കഴിഞ്ഞ ആഴ്ച കോഴിക്കോട് കൈരളിയില്‍ പോയി സ്വ ലേ കണ്ടു. സ്ക്രീനിന്റെ വലതുമൂലയില്‍ വരുന്നവയെല്ലാം മങ്ങിയാണ് കാണപ്പെട്ടത്. ഇടയ്ക്കിടെ പ്രൊജക്ടര്‍ ഓഫാവുകയും കാണികള്‍ കൂവി രസിക്കുകയും ചെയ്തു. ശബ്ദം നഷ്ടപ്പെട്ടത് എത്ര തവണയാണെന്ന് എണ്ണി മടുത്തു. ഇതേ തിയേറ്ററിലാണ് തലേന്നാള്‍ വരെ പഴശ്ശിരാജ കളിച്ചത്... ഇതേ തിയേറ്ററില്‍ വെച്ച സിനിമ കണ്ട എന്റെ അച്ഛനുമമ്മയും പറഞ്ഞത് ശബ്ദപ്രശ്നങ്ങള്‍ അപ്പോഴുമുണ്ടായിരുന്നു എന്നാണ്. ഒരു പക്ഷെ ഞാനും പഴശ്ശിയെ കണ്ടത് അവിടെ നിന്നായിരുന്നുവെങ്കില്‍ ഒരുപക്ഷെ സിനിമാക്കാഴ്ചയിലെ എന്റെ അഭിപ്രായം മറ്റൊന്നായേനെ... നല്ലൊരു തിയേറ്ററില്‍ നിന്ന് കണ്ടത് കൊണ്ടാണോ എന്നറിയില്ല “ഒടുവില്‍ മാത്രം ചിത്രത്തില്‍ ചേര്‍ന്ന“ പൂക്കുട്ടിയുടെ സംഭാവനകള്‍ സിനിമയ്ക്ക് മുതല്‍കൂട്ടായി എന്നെനിക്ക് തോന്നിയത്.,
“യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലെ കഴിവില്ലായ്മ“ എന്നൊന്ന് എനിക്ക് ഇപ്പൊഴും മനസ്സിലാവാത്ത കാര്യമാണ്. ഒരു ത്രില്ലിംഗ് ആക്ഷന്റെ അഭാവം ഹരിയെ പോലെ എനിക്കും അനുഭവപ്പെട്ടു. ഞാന്‍ അതേ കുറിച്ച് കരുതുന്നത് ഇങ്ങനെയാണ് - പഴശ്ശിരാജ എന്ന നാട്ടുരാജാവിന്റെ പട എന്ന് പറയുന്നത് ‘തമ്പുരാനായ് ജീവന് പോലും കളയാന്‍ തയ്യാറുള്ള’ ആളുകളുടെ ഒരു സംഘം മാത്രമാണ്. ആ സംഘത്തിലേക്ക് കര്‍ഷകരും കുറിച്യരെന്ന ആദിവാസികളും ചേര്‍ന്ന് അവരാല്‍ കഴിയും വിധം പോരാടി. പഴശ്ശിയോ പഴശ്ശിയുടെ സൈന്യമോ ഒളിപ്പോര് ശാസ്ത്രീയമായ് അഭ്യസിച്ചവരല്ല. തങ്ങള്‍ക്ക് ചുറ്റുമുള്ള പ്രകൃതിയില്‍, ഉള്ള സൈന്യബലത്തില്‍, പ്രാവര്‍ത്തികമാക്കാവുന്ന ഒരു യുദ്ധതന്ത്രം മാത്രമായിരുന്നു അവര്‍ക്ക് ഒളിപ്പോര്. കാട്ടില്‍ ഒളിച്ച് നിന്ന് ശത്രുവിന്റെ കാഴ്ചയില്‍ നിന്ന് മറഞ്ഞ് പോരാടുക എന്നേ അത് കൊണ്ട് അവര്‍ ഉദ്ദേശിച്ചിട്ടുണ്ടായിരിക്കുകയുള്ളൂ. അത്തരത്തില്‍ പോരാടുന്ന ഒരു കൂട്ടം ആളുകളെയാണ് സിനിമയില്‍ നമുക്ക് കാണാനാകുന്നത് - അവര്‍ organised അല്ല well-trained അല്ല...! അത് കൊണ്ട് തന്നെ ‘പോരാട്ടത്തിന്റെ ആവേശ’ത്തില്‍ (കാണുന്ന നമുക്ക്) അതൊരു കൂട്ടത്തല്ലായേ തോന്നാന്‍ വഴിയുള്ളൂ. പിന്നെ ഹരി പറഞ്ഞ പോലെ “ഘോഷങ്ങള്‍ക്ക് ചെവികൊടുക്കാതെ“ തന്നെ വേണം ഏതൊരു സിനിമയും കാണാന്‍.
ഇംഗ്ലീഷില്‍ കുറേ ഡയലോഗു പറഞ്ഞതിനു ശേഷമുള്ള ഫൈറ്റ് എനിക്കും ബോറായി തോന്നി, റിവ്യൂവില്‍ എനിക്കത് മിസ്സായതാണ്. നന്ദി.
സസ്നേഹം
ദൃശ്യന്‍
"പഴശ്ശിരാജ എന്ന നാട്ടുരാജാവിന്റെ പട എന്ന് പറയുന്നത്... ...തോന്നാന്‍ വഴിയുള്ളൂ." - ഇവിടെ പറഞ്ഞ രീതിയിലൊരു സംഘമാണെന്നോ, പഴശ്ശിരാജയ്ക്ക് ഒളിപ്പോരാട്ടമെന്തെന്ന് അറിയില്ലെന്നോ ഒന്നും ചിത്രത്തിനു മുന്‍പ് കാണിക്കുന്ന/പറയുന്ന കാര്യങ്ങള്‍ വെച്ച് കരുതുവാനൊക്കില്ല. പഴശ്ശിയുടെ പോരാട്ടങ്ങള്‍ കമ്പനി കാണുവാനിരിക്കുന്നതേയുള്ളൂ, ഒളിപ്പോര് എന്നത് ഒരു പ്രത്യേക യുദ്ധതന്ത്രമാണ്, അതിനതിന്റേതായ നിയമങ്ങളുണ്ട് - ഇവയൊക്കെ ഓര്‍ക്കുക. കൂടെയുണ്ടായിരുന്നത് പോരാട്ടം അഭ്യസിച്ചവരും, കാടിനെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ളവ്വരും ആയിരുന്നു. എനിക്കു തോന്നിയത് അവര്‍ അവരുടേതായ രീതിയില്‍ trained ആയിരുന്നു, പഴശ്ശി അവരെ കമ്പനിക്കെതിരെ organize ചെയ്തു; തന്ത്രപരമായ യുദ്ധനീക്കങ്ങളിലൂടെ കമ്പനിക്കെതിരെ പിടിച്ചു നിന്നു. പല ഡയലോഗുകളും ഈ ദിശയിലേക്കാണെങ്കിലും, ദൃശ്യങ്ങളില്‍ ഇതു കൊണ്ടുവരുവാനായില്ല. ദൃശ്യന്‍ ചിന്തിക്കുന്ന രീതിയില്‍ എനിക്ക് ഇവയെ എടുക്കുവാന്‍ കഴിയുന്നില്ല. :-) (അതുകൊണ്ട് ഒരാള്‍ ശരി, മറ്റൊരാള്‍ തെറ്റ് എന്നും അര്‍ത്ഥമാക്കുന്നില്ല.)
തിയേറ്ററിലെ പ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ടാവാം. പൂക്കുട്ടി തന്നെ പറഞ്ഞത് ഇന്ത്യയിലെ 90% തിയേറ്ററിലേയും ശബ്ദസംവിധാനങ്ങള്‍ ശരിയല്ലെന്നാണ്. 10%-ല്‍ കേരളത്തിലെ എത്ര തിയേറ്ററുകള്‍ ഇടം പിടിക്കുമെന്നത് ചിന്തനീയമാണ്. പക്ഷെ, തിയേറ്ററിലെ ശബ്ദപ്രശ്നം മാത്രമല്ല അങ്ങിനെയൊരു അഭിപ്രായം രൂപപ്പെടുവാന്‍ കാരണം. ചിത്രത്തിന്റെ മൊത്തത്തിലുള്ള മൂഡ് ഒരുക്കുന്നതില്‍ ശബ്ദമിശ്രണത്തിന് കാര്യമായി ഒരു സംഭാവന ചെയ്യുവാന്‍ കഴിഞ്ഞുവെന്നു തോന്നിയില്ല.
--
നല്ല റിവ്യൂ...
പടം കണ്ടു കഴിഞ്ഞപ്പോള്‍ ഒരു സംശയം ബാക്കി നിന്നു..."നീലിക്കെന്തു പറ്റി....?"
You should study the history of kerala at first.......
Before writing a review consider the base of the story and its truth...
Best wishes to 'Pazhassiraja trust' and gokulam gopalan :)
Post a Comment