Wednesday, December 16, 2009

പാലേരിമാണിക്യം - കലര്‍പ്പില്ലാത്ത മാണിക്യം!!

സാഹിത്യവും സിനിമയും അപൂര്‍വ്വമായി മാത്രമേ മലയാളസിനിമയില്‍ ഒത്ത് ചേരാറുള്ളൂ. അത്തരമൊരു സംരംഭം എന്നതിലുമധികം പുതുമകളുമായ് രഞ്ജിത്തും സംഘവും അണിയിച്ചൊരുക്കിയ സിനിമയാണ് "പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ". സിനിമയുടെ പേരില്‍ തുടങ്ങി അവസാനടൈറ്റിലുകള്‍ വരെ പുതുമകള്‍ നിറഞ്ഞ ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് വര്‍ണ്ണചിത്രയുടെ ബാനറില്‍ കെ.വി. അനൂപ്, മഹാ സുബൈര്‍ എന്നിവരാണ്. പരീക്ഷണള്‍ക്ക് മുതിരാനും കച്ചവടത്തിന്റെ പതിവുപാതവിട്ട് സഞ്ചരിക്കാനും മടിയുള്ള മലയാളസിനിമാലോകത്തെ ‘അതികായന്മാര്‍ക്കുള്ള‘ ചാട്ടവാറടിയാണ് കഥയിലും കഥാപാത്രങ്ങളിലും കഥാപരിസരങ്ങളിലും എന്തിന് കാസ്റ്റിംഗില്‍ പോലും വ്യത്യസ്തത പുലര്‍ത്തുന്ന ഈ സിനിമ.


കഥാസംഗ്രഹം:
പ്രൊഫഷന്‍ കൊണ്ട് ഡിറ്റക്ടീവായ ഹരിദാസ് (മമ്മൂട്ടി) അമ്പത് വര്‍ഷങ്ങള്‍ മുന്‍പ് പാലേരിയില്‍ നടന്ന മാണിക്യത്തിന്റെ കൊലപാതകത്തിന്റെ കഥ പറഞ്ഞ് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ചിരുത എന്ന തീയ്യത്തി ചീരുവിന്റെ (ശ്വേത മേനോന്‍) മകന്‍ പൊക്കന്റെ (ശ്രീജിത്ത്) ഭാര്യയായി പാലേരിയിലെത്തിയ മാണിക്യം (മൈഥിലി) പതിനൊന്നാം നാള്‍ രാത്രി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നു, അന്ന് രാത്രി തന്നെ പാലേരിയില്‍ ഒരാള്‍ കൂടെ കൊല്ലപ്പെട്ടു - ധര്‍മ്മദത്തന്‍ എന്ന ശാന്തിക്കാരന്‍. രണ്ട് മരണങ്ങള്‍ക്ക് പകരം ഒരു ജനനവും പാലേരി അന്ന് കണ്ടു. അപസ്മാരമരണത്തില്‍ നിന്നു കൊലപാതകമെന്ന് നിഗമനത്തില്‍ എത്തിയ പോലീസന്വേഷണത്തിന്റെ ഫയല്‍ കൈകള്‍ മാറി മാറി സഞ്ചരിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിപട്ടികയില്‍ ചേര്‍ക്കപ്പെട്ടവരെയെല്ലാം കോടതി വെറുതെ വിട്ടു. കോടതി നിര്‍ദ്ദേശപ്രകാരം തുടര്‍ന്നുണ്ടായ അന്വേഷണം എവിടെയുമെത്തിയതുമില്ല. അരനൂറ്റാണ്ട് മുന്‍പ് നടന്ന ഈ രണ്ട് കൊലപാതകങ്ങളുടെ അന്വേഷണം എന്ന ദൌത്യവുമായ് ഹരിദാസ് പാലേരിയിലേക്ക് പോവുന്നതോടെ കഥയ്ക്ക് മുറുക്കമേറുന്നു. ഭാര്യ വനജയേയും മക്കളേയും ഡല്‍ഹിയിലാക്കി ക്രിമിനല്‍ അനലിസ്റ്റായ സുഹൃത്ത് സരയു (ഗൌരി)വിന്റെ കൂടെയാണ് ഹരിദാസ് പാലേരിയിലെത്തുന്നത്. രണ്ട് ഭൂഖണ്ഡങ്ങളിലായ് നടത്തി പോരുന്ന ഒരു ദാമ്പത്യത്തിനുടമയാണ് സരയു. ബാലന്‍ നായര്‍ (സിദ്ദിക്ക്) എന്ന നാട്ടുപ്രമുഖന്റെ വീട്ടിലാണ് എഴുത്തുകാരനും ഭാര്യയും എന്ന വ്യാജേനെ അവര്‍ താമസിക്കുന്നത്. ബാലന്‍ നായര്‍, എസ്.കെ.പള്ളിപ്പുറം, കെ പി ഹംസ (ടി ദാമോദരന്‍), കേശവന്‍ (ശ്രീനിവാസന്‍), ഭ്രാന്തന്‍ കുമാരന്‍ തുടങ്ങിയ എന്ന പഴയകാലപാലേരിക്കാരിലൂടെ ഹരിദാസ് നടത്തുന്ന അന്വേഷണവും നിഗമനങ്ങളുമാണ് സംവിധായകന്‍ തുടര്‍ന്ന് നമുക്ക് മുന്നില്‍ അതിമനോഹരമായ് ഇഴ പിരിച്ച് അവതരിപ്പിക്കുന്നത്.

അഭിനയം, സാങ്കേതികം:
ചെയ്യുന്ന കഥാപത്രത്തോടുള്ള ആത്മാര്‍ത്ഥത - വളരെ ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടീ-നടന്മാരില്‍ വരെ പ്രകടമായ ഈ പ്രതിബദ്ധതയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
മമ്മൂട്ടി എന്ന നടന്‍ ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് പാലേരിമാണിക്യം. പ്രൈവറ്റ് ഡിക്ടറ്റീവായ ഹരിദാസും പണ്ഡിതനായ സാഹിബും നമുക്ക് ഒരു പുതുഅനുഭവമല്ലെങ്കിലും നാട്ടുപ്രമാണിയായ മുരിക്കും‌കുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ തന്റെ ശരീര-ശാരീരഭാഷാവൈവിധ്യത്താല്‍ നമ്മെ അതിശയിപ്പിക്കുന്നു. നടപ്പിലും നില്‍പ്പിലും മൊഴിയിലും പൂര്‍ണ്ണമായ് ഹാജിയായ് മാറിയിട്ടുണ്ട് ഈ നടന്‍.


ആദ്യമായ് ചീരുവിനെ കാണുന്ന രംഗത്തും തന്റെ തൊടിയിലെ നാളികേരം കട്ട പണിക്കാരനെ ശിക്ഷിക്കുന്ന രംഗത്തുമെല്ലാം ഹാജി ‘നില്‍ക്കുന്ന’ രീതി മമ്മൂട്ടിയുടേയും (പിന്നണിപ്രവര്‍ത്തകരുടേയും) നിരീക്ഷണപാടവം വിളിച്ചോതുന്നു. വടക്കേ മലബാറിലെ മുസ്ലീം ഭാഷ അതിമനോഹരമായ് പറയാന്‍ സാധിച്ചു എന്നത് ഈ നടനോടുള്ള നമ്മുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നു.
ശ്വേതാ മേനോന്‍ എന്ന നടിയുടെ ഭാഗ്യമാണ് ചീരു. ഏതൊരു നടിയും കിട്ടാന്‍ കൊതിക്കുന്ന കഥാപാത്രം. ഒതേനന്റെ ഭാര്യയായും ഹാജിയുടെ ഇഷ്ടക്കാരിയായും ഗ്രാമത്തിന്റെ വേശ്യയായും പൊക്കന്റെ അമ്മയായും മാണിക്യത്തിന്റെ അമ്മായിയമ്മയായും ചന്തമ്മന്‍ പൂശാരിയുടെ ‘പ്ലാറ്റോണിക്ക് ലൌവര്‍‘ ആയും ചീരു കാഴ്ചക്കാരന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ചീരുവിന്റെ ഈ ഭാവപകര്‍ച്ചകള്‍ തെറ്റില്ലാത്ത വിധം അഭിനയിച്ച് ഫലിപ്പിക്കാന്‍ ശ്വേതക്കായിട്ടുണ്ട്. പക്ഷെ ഗ്രാമം മുഴുവന്‍ കൊതിക്കുന്ന ഒരു തീയ്യത്തിപ്പെണ്ണിന്റെ ശരീരവും, (അധികാരിയുടെ മഹസ്സര്‍‌എഴുത്ത്, പൊക്കനേയും ചീരുവിനേയും ചോദ്യം ചെയ്യല്‍ പോലത്തെ) ചില സീനുകള്‍ ആവശ്യപ്പെടുന്ന ഭാവങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സമ്മതിക്കുന്ന മുഖവും ഇല്ല എന്നത് ശ്വേതയുടെ പ്രധാനപോരായ്മകളാവുന്നു. ചീരുവിന്റെ ശബ്ദമായ് മാറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.


കവടിമണി പോലെ പൊക്കിള്‍ക്കൊടിയും പൂ വിരിയും പോലെ ചുണ്ടും പല്ലുമുള്ള മാണിക്യത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു മൈഥിലി. മാണിക്യത്തിന്റെ നിഷ്കളങ്കതയും ശൌര്യവും സൌന്ദര്യവുമെല്ലാം പ്രേക്ഷകന്‍ എളുപ്പം മറക്കാനിടയില്ല. സരയുവായ് വന്ന ഗൌരിക്ക് അധികമൊന്നും ചെയ്യാനില്ല.

കേശവന്‍ എന്ന പഴയകാലസഖാവിനെ അവതരിപ്പിക്കുന്നതില്‍ ശ്രീനിവാസന്‍ വിജയിച്ചിട്ടുണ്ടെങ്കിലും മേക്കപ്പിലെ കുറവുകള്‍ (മുന്‍‌നെറ്റിയിലെ നിറഭേദങ്ങളും മറ്റും) ആസ്വാദനത്തില്‍ കല്ലുകടിയാവുന്നു. കെ പി ഹംസയുടെ വയസ്സന്‍‌രൂപം ടി.ദാമോദരന്‍ അസ്സലാക്കി. കേശവന്റെ പഴയകാലം അവതരിപ്പിച്ച നടനും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു.

ഹാജിയുടെ സില്‍‌ബന്ധിയായ കുന്നുമ്മല്‍ വേലായുധന്‍, തെങ്ങുകച്ചവടക്കാരന്‍ കുഞ്ഞിക്കണ്ണന്‍, പൊണ്ണന്‍ പൊക്കന്‍ എന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചതാരെന്ന് എനിക്കറിയില്ല. മലയാളസിനിമയില്‍ ഇനിയുമൊരുപാട് കഥാപാത്രങ്ങള്‍ക്ക് ഈ നടന്മാര്‍ ജീവന്‍ നല്‍കുമെന്ന് വിശ്വസിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്ന പ്രകടനമാണ് ഇവര്‍ കാഴ്ച വെച്ചിരിക്കുന്നത്. ചന്തമ്മന്‍ പൂശാരിയും മാണിക്യത്തിന്റെ അച്ഛനും ആങ്ങളയും ചെറുപ്പക്കാരനായ കെ പി ഹംസയും മോഹന്‍‌ദാസ് മണാലത്ത് എന്ന പോലീസുദ്യോഗസ്ഥനും ഗ്രാമത്തിലെ മന്ത്രവാദിയും പാലേരിയുടെ അബോധമായ ഭ്രാന്തന്‍ കുമാരനും നാടകക്കാരന്‍ എസ് കെ പള്ളിപ്പുറവും മരിച്ചവരോട് സംസാരിക്കുന്ന ദേവകിയമ്മയും (നിലമ്പൂര്‍ ആയിഷ) മറ്റും‍ കാഴ്ചാവസാനവും നാളുകളോളം പ്രേക്ഷകമനസ്സില്‍ മായാതെ നില്‍കുമെന്നതുറപ്പ്. സരയുവിന്റെ ഭര്‍ത്താവ് ഗൌതം അദൃശ്യനെങ്കിലും സിനിമയില്‍ ഒരു കഥാപാത്രമായ് മാറിയിട്ടുണ്ട് .

ക്യാമറയ്ക്ക് പിന്നിലെ രഞ്ജിത്തിന്റെ കൂട്ടുകാരാണ് പാലേരിമാണിക്യത്തെ വെറുമൊരു സിനിമയില്‍ നിന്ന് മികച്ച ഒരു സിനിമയാക്കി മാറ്റിയത്. മനോജ് പിള്ളയുടെ ഛായാഗ്രഹണകല സിനിമയെ ഇന്നിന്റെ സിനിമയാക്കി മാറ്റുന്നു.. ആരംഭത്തില്‍ പാലേരിയെ പരിചയപ്പെടുത്തുന്ന രംഗങ്ങളിലും പിന്നീട് കഥാന്വേഷണത്തിന്റെ രംഗങ്ങളിലും ക്യാമറ രണ്ടു രീതിയില്‍ രണ്ടു പാതയിലാണ് സഞ്ചരിക്കുന്നത്. ആവശ്യത്തിന് നിന്നും നീങ്ങിയും കഥാഖ്യാനത്തോട് ചേര്‍ന്നു നില്‍കുന്നു മനോജ് പിള്ളയുടെ ക്യാമറാവ്യാകരണം.

വിജയ് ശങ്കറിന്റെ ചിത്രസംയോജനം നല്ല നിലവാരം പുലര്‍ത്തുന്നുവെങ്കിലും രണ്ടാം പകുതിയ്ക്കിടയില്‍ അനുഭവപ്പെടുന്ന ഇഴച്ചിലിന് തിരക്കഥാക്കൃത്തിനൊപ്പം തന്നെ ഉത്തരവാദിയുമാണ്. മുരുകന്‍ കാട്ടാക്കടയുടെ കലാസംവിധാനം പാലേരിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ് കൊണ്ട് ചെയ്തതാണ്. പതിറ്റാണ്ടുകളുടെ മാറ്റം പാളിച്ചകളില്ലാതെ ഒരുക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

റഫീക്ക് അഹമ്മദ്, ടി പി രാജീവന്‍ എന്നിവര്‍ ഒരുക്കിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് ശരത്തും ബിജിബാലുമാണ്. "പാലേറും നാടായ പാലേരീല്..." എന്ന ടൈറ്റില്‍ ഗാനവും പിന്നെ ഒരു ഗസലുമാണ് സിനിമയിലുള്ളത്. മാണിക്യത്തെ ഭംഗിയായ് വരച്ചു കാട്ടുന്ന ആദ്യഗാനം നല്ല ആസ്വാദനനിലവാരം പുലര്‍ത്തുന്നു. പശ്ചാത്തലസംഗീതത്തിന്റെ കാര്യത്തില്‍ തന്റെ മുന്‍‌ചിത്രങ്ങളേക്കാള്‍ ഒരു പടി മുന്നിലാണ് ബിജിബാല്‍ ഈ സിനിമയില്‍‍.

കഥയോടും കാലത്തോടും നീതി പുലര്‍ത്തുന്നതാണ് എസ്.ബി. സതീശന്‍, കുമാര്‍ (മമ്മൂട്ടി) എന്നിവരുടെ വസ്ത്രാലങ്കാരം. രഞ്ജിത്ത് അമ്പാടി, ജോര്‍ജ്ജ് (മമ്മൂട്ടി) എന്നിവരൊരുക്കിയ വേഷപകര്‍ച്ചകള്‍ കലയ്ക്ക് മുതല്‍‌കൂട്ടാണ്. പോള്‍ ബത്തേരിയുടെ സ്റ്റില്‍‌സും കോളിന്‍‌സ് ലിയോഫിലിന്റെ ഡിസൈന്‍സും തിയേറ്ററിന് പുറത്ത് സിനിമയുടെ മാറ്റ് കൂട്ടുന്നു.


രാജീവന്റെ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല. ഏതോ ഒരു യാത്രക്കിടയ്ക്കെപ്പോഴോ വായിച്ച ഒരധ്യായം മാത്രമാണ് സിനിമ കാണുന്നതിന് മുന്‍പ് കഥാപാത്രങ്ങളുമായുള്ള എന്റെ പരിചയം. ഒരു ഗ്രാമത്തിന്റെ ഒരിക്കലുമുറങ്ങാത്ത മുറിവായ കൊലപാതകത്തിനു പിന്നിലെ സത്യമന്വേഷിക്കാനെത്തുന്ന ഹരിദാസ് അറിയുന്ന കഥാപാത്രങ്ങള്‍ അനവധിയാണ്. അധികം മലയാളസിനിമകളൊന്നും ഇത്രയും വൈവിധ്യമുള്ള കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ടാവില്ല. ഇത്തരമൊരു കഥ സിനിമയാക്കാന്‍ ചിന്തിക്കുമ്പോള്‍ ഗ്രാമീണന്റെ ശരീരഭാഷയുള്ളവരെ കണ്ടെത്തുക എന്നത് പ്രയാസമേറിയ ഒരു പ്രവര്‍ത്തിയാണ്. അവര്‍ വ്യത്യാസമുള്ള ദേശഭാഷ സംസാരിക്കുന്നവരായിരിക്കണമെന്നത് കൃത്യത്തെ കൂടുതല്‍ ദുഷ്കരമാക്കുന്നു. ഈ ഒരു വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് വിജയകരമായ് പൂര്‍ത്തിയാക്കിയിരിക്കുന്നു "പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ" തിരക്കഥയെഴുതി സംവിധാനം ചെയ്ത രഞ്ജിത്ത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ നടന്റെ ഇമേജ് എന്ന ഭാരം പ്രേക്ഷകനില്‍ കെട്ടി വെക്കാന്‍ സംവിധായകന്‍ തയ്യാറാകുന്നില്ല എന്നതാണ് ഈ സിനിമയെ മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നത്. "ഇന്ന നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എന്ന സ്വഭാവമായിരിക്കും... ഇത്ര നേരം ഇയാള്‍ സിനിമയിലുണ്ടാകും... ഇയാള്‍ ഇന്ന ഇന്ന രീതിയിലെല്ലാം അഭിനയിക്കും സംസാരിക്കും..." ഇത്തരത്തിലുള്ള മുന്‍‌വിധികള്‍ക്കൊന്നും ഇട നല്‍കാതെ കഥ ആവശ്യപ്പെടുന്ന രീതിയില്‍ കഥാപാത്രങ്ങളെ പിന്തുരുക എന്നതാണ് പ്രേക്ഷകധര്‍മ്മമെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് സിനിമയുമായി ഒരു ബന്ധവുമില്ലാത്ത, കണ്ടു ശീലമില്ലാത്ത ഒരു പാടു മുഖങ്ങള്‍ അവതരിപ്പിച്ചതിലൂടെ രഞ്ജിത്ത് ചെയ്തത്.


മനുഷ്യന്റെ അടിസ്ഥാനസ്വഭാവങ്ങള്‍ കാലാന്തരങ്ങളിലും ഒന്നാണെന്ന് നമ്മെ ഈ സിനിമ ഓര്‍മ്മപ്പെടുത്തുന്നു. കാമവും ക്രോധവും മൂലം കൊല്ലപ്പെടുന്ന മാണിക്യമാരെ കുറിച്ചുള്ള വേദന ഇന്നലെകളില്‍ നിന്ന് ഇന്നിലേക്കും ഇന്നില്‍ നിന്ന് നാളേക്കും പടരുമെന്ന് പാലേരിയിലൂടെ നമ്മെ അറിയിക്കുകയാണ് രാജീവനും രഞ്ജിത്തും.ഹാജിയുടെ സ്ത്രീയോടൂള്ള മോഹം മറ്റൊരു രീതിയില്‍ സാഹിബിലും ഹരിദാസിലും ഉണ്ട്. ആ മോഹത്തിന്റെ മറ്റൊരു തലം ചന്തമ്മന്‍ പൂശാരിയിലും നാം കാണുന്നു. ജീവിതയാത്രയില്‍ ഈ മോഹം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ പുരുഷന്മാരിലുമുണ്ട്. സമൂഹം പുരുഷകേന്ദ്രീകരമായതിനാല്‍ ഈ മോഹത്തിന് ഹവിസ്സായ് മാറാന്‍ മാണിക്യമാരും ചീരുമാരും അന്നും ഇന്നും എന്നുമുണ്ട് എന്ന ചിന്തയിലാണ് സിനിമ അവസാനിക്കുന്നത്. "ഈ സിനിമ വ്യത്യസ്തമാണ്... വ്യത്യസ്തമാണ്" എന്ന് വിളിച്ചു കൂവാതെ "വ്യത്യസ്തമായ സിനിമ" എന്തെന്ന് പ്രവര്‍ത്തി കൊണ്ട് കാണിച്ച് തന്ന രഞ്ജിത്തിനും കൂട്ടര്‍ക്കും ദൃശ്യന്റെ വക അറ്റന്‍ഷനിലൊരു സല്യൂട്ട്...!


+ കഥാപാത്രങ്ങള്‍, അഭിനയം, കാസ്റ്റിംഗ്
+ അവതരണം, സാങ്കേതികവശം

+ കൃത്രിമത്വമില്ലാത്ത ഭാഷ

- അവസാനപകുതിയ്ക്കിടയിലെ നേരിയ ഇഴച്ചില്‍ (അതും എന്തെങ്കിലും പറയണമെങ്കില്‍ മാത്രം!)

`-`-`-`-`-`-`-`-`-`-`-`-`-`-
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-

13 comments:

ദൃശ്യന്‍ | Drishyan said...

“പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ”യുടെ കാഴ്ചകളാണ് സിനിമാക്കാഴ്ചയില്‍. സിനിമയുടെ പേരില്‍ തുടങ്ങി അവസാനടൈറ്റിലുകള്‍ വരെ പുതുമകള്‍ നിറഞ്ഞ ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് വര്‍ണ്ണചിത്രയുടെ ബാനറില്‍ കെ.വി. അനൂപ്, മഹാ സുബൈര്‍ എന്നിവരാണ്. പരീക്ഷണള്‍ക്ക് മുതിരാനും കച്ചവടത്തിന്റെ പതിവുപാതവിട്ട് സഞ്ചരിക്കാനും മടിയുള്ള മലയാളസിനിമാലോകത്തെ ‘അതികായന്മാര്‍ക്കുള്ള‘ ചാട്ടവാറടിയാണ് കഥയിലും കഥാപാത്രങ്ങളിലും കഥാപരിസരങ്ങളിലും എന്തിന് കാസ്റ്റിംഗില്‍ പോലും വ്യത്യസ്തത പുലര്‍ത്തുന്ന ഈ സിനിമ.

സസ്നേഹം
ദൃശ്യന്‍

Anonymous said...

Good review
kp it up

നന്ദകുമാര്‍ said...

നന്നായി എഴുതിയിട്ടുണ്ട്. നല്ല റിവ്യൂ

സിനിമ വ്യത്യസ്ഥവും മികച്ചതുമാണ്. ഇതിന്റെ തുടര്‍ച്ചയായി മറ്റു സംവിധായകര്‍ കൂടി ഇതേ പാത പിന്തുടര്‍ന്നാല്‍ നല്ല സിനിമകള്‍ ഇനിയും മലയാളത്തില്‍ സംഭവിക്കും

ബിന്ദു കെ പി said...

റിവ്യൂ വായിച്ചു. നന്നായി വിലയിരുത്തിയിരിക്കുന്നു...

സിനിമ കണ്ടിരുന്നു. ഇഷ്ടപ്പെട്ടു. മലയാളസിനിമയിൽ മാറ്റത്തിന്റെ പാത വെട്ടിത്തെളിക്കുവാൻ ഈ പുതിയ പരീക്ഷണം പ്രചോദനമായെങ്കിൽ എന്നാശിക്കുന്നു....

ചെലക്കാണ്ട് പോടാ said...

ഒതേനന്റെ ഭാര്യയായും ഹാജിയുടെ ഇഷ്ടക്കാരിയായും ഗ്രാമത്തിന്റെ വേശ്യയായും പൊക്കന്റെ അമ്മയായും മാണിക്യത്തിന്റെ അമ്മായിയമ്മയായും ചന്തമ്മന്‍ പൂശാരിയുടെ ‘പ്ലാറ്റോണിക്ക് ലൌവര്‍‘ ആയും ചീരു കാഴ്ചക്കാരന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു.

ചീരുവാണോ നായിക....

പലേരി മാണിക്യത്തിനെക്കുറിച്ച് വായിച്ചതില്‍ ഏറ്റവും നല്ല വിവരണം....

ഇട്ടിമാളു said...

എനിക്കും ആ ഫിലിം ഇഷ്ടായി.. ഫസ്റ്റ് ഹാഫിന്റെ ഹാങോവർ ആണൊന്ന് അറിയില്ല, സെക്കന്റ് ഹാഫ് വലിഞ്ഞതൊന്നും ഞാൻ അറിഞ്ഞില്ല..

ആ സരയുവിനെ ഒഴിച്ച് ബാക്കി കഥാപാത്രങ്ങളൊക്കെ ഓർക്കാനുള്ള വകയുണ്ട്..

സാഹിബിനും ഹരിദാസിനും എന്തിനാണൻല്ലെ ഒരേ മുഖച്ഛായയും സർനെയിംസും.. ജീനിന്റെ സ്വഭാവം അല്ലാതെ തന്നെ അവർ കാണിക്കുന്നില്ലെ :)

ശ്രീ said...

ചിത്രം കണ്ടില്ല.

റിവ്യൂ ഇഷ്ടമായി, മാഷേ.

ലേഖാവിജയ് said...

റിവ്യൂ വായിച്ചിട്ട് ഈ സിനിമ കാണാന്‍ വല്ലാത്ത ആഗ്രഹം.വളരെ മികച്ച അവലോകനം.

സ്വപ്നാടകന്‍ said...

അടുത്ത കാലത്തൊന്നും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും മായാത്ത വിധത്തില്‍ രഞ്ജിത്തും കൂട്ടരും സിനിമ ഒരുക്കിയിരിക്കുന്നു..
ഈ കലാസംവിധായകന്‍ മുരുകന്‍ കാട്ടാക്കട നമ്മുടെ കവിയാ?
ചീരുവിന്റെ ശബ്ദമായത് ,നടി സീനത്ത് ആണെന്ന് തോന്നുന്നു കേട്ടിട്ട് .
പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂര്‍ അവതരിപ്പിച്ച നൊസ്സ് മുസ്ല്യാരെ മറന്നുപോയോ?
പൊക്കന്‍--ശ്രീജിത്ത് കൈവേലി
ഹാജിയുടെ വലം കൈ വേലായുധന്‍--വിജയന്‍ വി.നായര്‍
കുഞ്ഞിക്കണ്ണന്‍--ബെന്‍പാല്‍
എന്നിവരാണ് മറ്റു പ്രമുഖ നടന്മാര്‍.(ശ്രീനിവാസന്റെ ചെറുപ്പകാലം അവതരിപ്പിച്ചയാള്ടെ പേരറിയില്ല.)
നല്ല റിവ്യു :)
രഞ്ജിത്തിനും കൂട്ടര്‍ക്കും എന്റെ വകയും ഒരു സല്യുട്ട് ..:)
വെല്‍ ഡണ്‍ രഞ്ജിത്ത്..

സ്വപ്നാടകന്‍ said...

പറയാന്‍ വിട്ടു..
ഇട്ടിമാളുവമ്മേ
"സാഹിബിനും ഹരിദാസിനും എന്തിനാണൻല്ലെ ഒരേ മുഖച്ഛായയും സർനെയിംസും.. ജീനിന്റെ സ്വഭാവം അല്ലാതെ തന്നെ അവർ കാണിക്കുന്നില്ലെ :)"
ഇത് കലക്കി..കൊട് കൈ..:)

poor-me/പാവം-ഞാന്‍ said...

I too loved this film and your writing.I have written on the very film pl read the raw writing...

ചേച്ചിപ്പെണ്ണ് said...

റിവ്യൂ ഇഷ്ടായി ... അഭിനയം എല്ലാരടേം നന്നായിരുന്നൂ ...
ന്നാലും ഇത്രേം സങ്കടോം ..ദുഷ്ടത്തരോം ... നിസ്സഹായതയും , അനീതീം ഒള്ള ഒരു സിനിമ എനിക്ക് ഇഷ്ട്ടായില്ല ...
ജീവിതത്തില്‍ കണ്ടാല്‍ ,വായിച്ചാല്‍ , ന്യൂസ്‌ കേട്ടാല്‍ സഹിക്കാന്‍ പറ്റാത്തത് , സങ്കടം വരുന്നത് , ഒന്നും സിനിമേല്‍ കണ്ടാലും എനിക്ക് സഹിക്കില്ല ....
ആ സിനിമ കണ്ടു കഴിഞ്ഞു ഞാന്‍ ആലോചിച്ച ചില കാര്യങ്ങള്‍ ...

അയാക്ക് ... (നായകനാന്നും പറഞ്ഞു കണ്ടോര്ടെ പെണ്ണിനേം കൊണ്ട് നടക്കുന്നു ...ദുഷ്ടന്‍ ,....) ആ പെണ്ണിനേം കൊണ്ട് നടക്കണ്ട വല്ലകര്യോം ഉണ്ടോ..
സ്വന്തം ഭാര്യേനെ കൊണ്ടോന്നാ പോരാര്‍ന്നോ ?
കേട്യോന്‍ പോയെങ്കിലും പാവം മാണിക്യത്തിനു അയലോക്കത്തെ ചേച്ചി മാര്ടെ കൂടെ നാടകം കാണാന്‍ പോകാന്‍ മേലാര്‍ന്നോ ?, എങ്കി ആ പാവത്തിന് ഈ ഗതി
വരുവാര്‍ന്നോ ?
ആ ദുഷ്ടന്‍ മമ്മൂട്ടിനെ ( വന്ദ്യ പിതാവ് ) തല്ലിക്കൊല്ലാന്‍ ആ നാട്ടി ആരൂല്ലേ കര്‍ത്താവെ ...
ഒള്ള കള്ളത്തരോം മുഴുവന്‍ ചെയ്തിട്ട് ആ വല്യപ്പന്‍ ( ബാര്‍ബര്‍ ശ്രീനിവാസന്റെ കൂട്ടുകാരന്‍ ) വായില്‍ കൊള്ളാത്ത വര്‍ത്താനം പറഞ്ഞു നടക്കണ കണ്ടില്ലേ ....

വല്യ വല്യ സിനിമ ആസ്വാദന ക്കാര്‍ക്ക് എന്റെ കമന്റു കണ്ടാ ചിരി വരൂന്നും എനിക്കറിയാം ചിരിച്ചോ ... എനിക്ക് തോന്നണത് അല്ലെ എനിക്കെഴുതാന്‍പട്ടോഒ
എനിക്കിഷ്ടം സങ്കടം ഒക്കെ കുറഞ്ഞ സിനിമകള്‍ തന്നെ ...

പിള്ളാച്ചന്‍ said...

മണോഹരം ഈ റിവ്യൂ....