Wednesday, December 30, 2009

ചട്ടമ്പിനാട്: വഞ്ചി തിരുന്നക്കര തന്നെ!

ഷാഫി എന്ന സംവിധായകന്‍ തന്റെ വരവറിയിച്ചത് വണ്‍‌മാന്‍‌ഷോ എന്ന വിവരം കെട്ട ഒരു സിനിമയുമായിട്ടായിരുന്നു. കല്യാണരാമന്‍ എന്ന കോപ്രായചിത്രവും, തൊമ്മനും മക്കളും എന്ന പൊള്ളാച്ചിചിത്രവും മായാവി, ചോക്ലേറ്റ് എന്ന രസകരമായ ചിത്രങ്ങളും ഷാഫിയെ പറ്റി അല്പം മതിപ്പുണ്ടാക്കി. ലോലിപ്പോപ്പ് എന്ന അവിയല്‍ചിത്രം ആരുമറിയാതെ പോവുകയും ചെയ്തു. ബെന്നി.പി.നായരമ്പലവുമായ് ചേര്‍ന്ന് മമ്മൂട്ടി കന്നഡിഗയായ് അഭിനയിക്കുന്ന ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നു എന്നത് ഫാന്‍സുമാര്‍ക്ക് ആവേശകരമായതും സഹൃദയന് പ്രതീക്ഷയില്ലാത്തതുമായ ഒരു വാര്‍ത്തയായിരുന്നു. ഷാഫി എന്ന സംവിധായകനും മലയാളസിനിമാപ്രവര്‍ത്തകരുടെ കച്ചവടബോധവും ഫാന്‍സുകാരുടെ പ്രതീക്ഷകളും ഒരുമിച്ച് ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്ന ചട്ടമ്പിനാട് എന്ന ഈ വഞ്ചി വിനോദതീരത്തില്‍ നിന്നും ബഹുദൂരം അകലെയാണ്. നൌഷാദ്, ആന്റോ ജോസഫ് എന്നിവര്‍ നിര്‍മ്മിച്ച ഈ പൊള്ളാച്ചിചിത്രം ആരും അധികം മണിക്കൂറുകള്‍ ഓര്‍ക്കാന്‍ വഴിയില്ല.

കഥാസംഗ്രഹം:
ഒരുപാട് ചട്ടമ്പികള്‍ ഉള്ളത് കൊണ്ട് ചട്ടമ്പി നാട് എന്നറിയപ്പെടുന്ന ചെമ്പട്ട് നാട് എന്ന ഗ്രാമത്തിലെ മൂത്ത ചട്ടമ്പിയാണ് കട്ടാപ്പിള്ളി നാഗേന്ദ്രന്‍ (സിദ്ദിക്ക്). തന്റെ ആജന്മശത്രുവായ മല്ലഞ്ചറ ചന്ദ്രമോഹന്‍ ഉണ്ണിത്താനെ (മനോജ് കെ ജയന്‍) കൊണ്ട് മല്ലഞ്ചറ തറവാട് വില്പിക്കില്ലെന്ന ദൃഢപ്രതിജ്ഞ ചെയ്തവനാണവന്‍. സ്ഥലത്തെ എസ്.ഐ.യുടെയും ബ്രോക്കറും കൂടി ചേര്‍ന്ന് വീരേന്ദ്ര മല്ലയ്യയോട് (മമ്മൂട്ടി) സ്ഥലവും വീടും വാങ്ങാന്‍ അപേക്ഷിക്കുന്നു. മല്ലയ്യയുടെ സഹോദരതുല്യനായ മുരുകനും (വിനു മോഹന്‍) ഇതില്‍ തല്പരനാണ്. നാഗേന്ദ്രന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് മല്ലയ്യ മല്ലഞ്ചറവീട്ടില്‍ താമസമാക്കുന്നു. മെല്ലെ മെല്ലെ അയാള്‍ നാട്ടുകാരുടെ ഇഷ്ടത്തിന് പാത്രമാവുന്നു. പക്ഷെ ചെമ്പട്ട്നാട്ടിലേക്കുള്ള മല്ലയ്യയുടെ വരവിന് പിന്നില്‍ മറ്റു താല്പര്യങ്ങളുണ്ടായിരുന്നു. പറമ്പിലെ കുടിക്കിടപ്പുകാരിയായ ഗൌരി (ലക്ഷി റായ്)യുമായുള്ള മല്ലയ്യയുടെ പ്രണയവും നാഗേന്ദ്രനും ഗുണ്ടകളുമായുള്ള സംഘട്ടനങ്ങളുമാണ് പിന്നീട് ചട്ടമ്പിനാടില്‍ നാം കാണുന്നത്.

അഭിനയം, സാങ്കേതികം:
ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി അഭിനയിക്കാന്‍ പറഞ്ഞാലും മമ്മൂട്ടി മല്ലയ്യയെ ഇതു പോലെ അഭിനയിച്ച് ഫലിപ്പിക്കും. കന്നഡ കലര്‍ന്ന മലയാളം എന്നൊരു പുതുമ (!) മാത്രമേ മല്ലയ്യയ്ക്കുള്ളൂ. സംഭാഷണത്തിലുള്ള ഈ വ്യത്യാസവും പതിവുപൊള്ളാച്ചിചിത്രങ്ങളുളെ മമ്മൂട്ടിയുടെ കോമാളിക്കളികള്‍ ഇല്ലാത്തതും മാത്രമാണ് ഈ സിനിമയിലെ മമ്മൂട്ടിഹൈലൈറ്റ്. പ്രേക്ഷകന്റെ ഓര്‍മ്മയില്‍ അധികകാലം മല്ലയ്യ എന്ന ചട്ടമ്പി ഉണ്ടായിരിക്കാനിടയില്ല.

ലക്ഷ്മി റായ് എന്നതെയും പോലെ ഈ സിനിമയിലും മോശമായിട്ടുണ്ട്. ഇവിടം സ്വര്‍ഗ്ഗമാണ് എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായത്തില്‍ പറഞ്ഞ പോലെ ഡബ്ബിംഗിലെ പ്രശ്നങ്ങള്‍ കാഴ്ചക്കാരന് അലോസരമുണ്ടാക്കുന്നുണ്ട്. അറ്റന്‍ഷനില്‍ നിന്നു കൈകള്‍ വടി കൊണ്ട് കെട്ടിയ പോലെ ആട്ടുന്നതിലും കൂടുതല്‍ പ്രാഗത്ഭ്യം അഭിനയിക്കാനാവശ്യമാണെന്ന് ഈ നടിയോട് ഏതെങ്കിലും സംവിധായകന്‍ പറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സലീംകുമാര്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍ നവാസ് എന്നിവര്‍ തമാശകള്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കെ അല്പെമെങ്കിലും ആശ്വാസമാകുന്നത് സുറാജ് വെഞ്ഞാറമൂടിന്റെ മിമിക്രിയാണ്. വല്ലാതെ ബോറടിക്കുമ്പോള്‍ കോപ്രായക്കളികളും ചിലപ്പോള്‍ ചിരിപ്പിക്കുമല്ലോ!

സിദ്ദിക്കിന്റെ നാഗേന്ദ്രന്‍ വേഷത്തിലും സംഭാഷണത്തിലും ഭാവത്തിലുമെല്ലാം മാടമ്പിയിലെ കുറുപ്പിന്റെയും പ്രജാപതിയിലെ ഗിരിയുടേയും തുടര്‍ച്ചയാണ്. നാഗേന്ദ്രന്റെ ശിങ്കിടിയായ് മോഹന്‍‌ജോസ്, റിട്ട. ചട്ടമ്പിയായ് ടി ജി രവി, മുരുകനായ് വിനു മോഹന്‍ എന്നിവര്‍ തരക്കേടില്ല.

മനോജ്‌പിള്ള ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ തരക്കേടില്ലെങ്കിലും അവ ഇതിലും വൃത്തിയായ് ഒഴുക്കോടെ വി സാജന് സന്നിവേശിപ്പിക്കാമായിരുന്നു. എങ്കില്‍ ബെന്നി പി നായരമ്പലത്തിന്റെ കഥാരഹിതമായ മോശം തിരക്കഥ ഇത്രയും വിരസമാവില്ലായിരുന്നേനെ. ആദ്യചര്‍ച്ചയില്‍ തന്നെ ഒരു സിനിമയ്ക്ക് വേണ്ടതായി ഒന്നും ഈ കഥാതന്തുവില്‍ ഇല്ല എന്ന് തിരിച്ചറിയാനാവാഞ്ഞ സംവിധായകകലയെ കുറിച്ച് അധികമൊന്നും പറയണമെന്ന് തോന്നുന്നില്ല. ഓര്‍ത്തുവെക്കാനൊരു നിമിഷം പോലുമില്ല എന്നതാണ് ചട്ടമ്പിനാടിന്റെ ഏറ്റവും വലിയ ദുരന്തം! കണ്ടുമടുത്തതെങ്കിലും, താരങ്ങളുടെ സാന്നിധ്യവും പൊള്ളാച്ചി-പഴനിയുടെ പ്രകൃതിയും മാത്രാമാണ് ചട്ടമ്പിനാടിനെ അല്പമെങ്കിലും കണ്ടിരിക്കാവുന്നതാക്കുന്നത് - പിന്നെ സിനിമ, അതെത്ര ചവറാണെങ്കിലും, അതില്‍ നിന്നെന്തെങ്കിലും പഠിക്കാനുണ്ടാവുമെന്ന എന്ന എന്റെ ചിന്തയും!


+ ???


- എഴുത്ത്, സംവിധാനം
- ആവര്‍ത്തനവിരസമായ അഭിനയം, പരിസരങ്ങള്‍


വാല്‍ക്കഷ്ണം: ഫാന്‍സുകാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഥയുടെ ഒരു സ്പാര്‍ക്ക് പോലുമില്ലാത്ത ഇത്തരം സിനിമകള്‍ പടച്ച് വിടുന്നതെങ്കില്‍, ഇത്തരം സിനിമകള്‍ ആഘോഷിക്കുന്ന മസ്തിഷ്കശൂന്യരാണ് ഫാന്‍സുകാരെങ്കില്‍, ഇവരില്‍ തളിക്കാന്‍ പറ്റിയ ഒരു കീടനാശിനി കണ്ടുപിടിക്കാന്‍ മുഖ്യമന്തിക്ക് ഉടനെ ഒരു നിവേദനം കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. അതിലേക്കായ് ആദ്യത്തെ ഒപ്പ് ദൃശ്യന്റെ വക!

Labels: ചട്ടമ്പിനാട്, Chattambi Nadu Review, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച
&------------------------------------------------------------------------------------------------------------------&

9 comments:

salil | drishyan said...

ഷാഫി എന്ന സംവിധായകനും മലയാളസിനിമാപ്രവര്‍ത്തകരുടെ കച്ചവടബോധവും ഫാന്‍സുകാരുടെ പ്രതീക്ഷകളും ഒരുമിച്ച് ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്ന ചട്ടമ്പിനാട് എന്ന ഈ വഞ്ചി വിനോദതീരത്തില്‍ നിന്നും ബഹുദൂരം അകലെയാണ്. നൌഷാദ്, ആന്റോ ജോസഫ് എന്നിവര്‍ നിര്‍മ്മിച്ച ചട്ടമ്പി നാട് എന്ന പൊള്ളാച്ചിചിത്രം ആരും അധികം മണിക്കൂറുകള്‍ ഓര്‍ത്തിരിക്കാന്‍ വഴിയില്ല. ഓര്‍ത്തുവെക്കാനൊരു നിമിഷം പോലുമില്ല എന്നതാണ് ചട്ടമ്പിനാടിന്റെ ഏറ്റവും വലിയ ദുരന്തം!

കൂടുതല്‍ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍

ബിന്ദു കെ പി said...

ഹ..ഹ.. ആ ‘വാൽക്കഷ്ണം’ കലക്കി കേട്ടോ... അതിലുണ്ട് എല്ലാം...

ചെലക്കാണ്ട് പോടാ said...

തലക്കെട്ടും വാല്‍ക്കഷ്ണവും പെരുത്തിഷ്ടായി..

കല്യാണരാമന്‍ കോപ്രായ സിനിമ?, അത് ശ്ശി പിടിച്ചില്ല.

Vince said...
This comment has been removed by the author.
Kiranz..!! said...

ഒപ്പ് നമ്പർ രണ്ടേയ്..!

ലേഖാവിജയ് said...

ഒപ്പ് നമ്പര്‍ മൂന്ന് :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ചിത്രത്തില്‍ കാണുന്നുണ്ട്‌. എന്തായിരുന്നു റോള്‍? എങ്ങിനെ?
(ഒാ.ടോ. ചിത്രങ്ങള്‍ ഒന്നും കാണാന്‍ കഴിയാറില്ല)

ശ്രീ said...

കാര്യമാത്രാപ്രസക്തമായി ചിത്രത്തെ പറ്റി പറഞ്ഞിരിയ്ക്കുന്നു മാഷേ... നന്ദി.

നാട്ടിലെത്തിയപ്പോള്‍ ചട്ടമ്പിനാട് അല്ലെങ്കില്‍ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന് ഒരു പ്ലാനിട്ടിരുന്നു. ഭാഗ്യത്തിന് തിരഞ്ഞെടുപ്പ് പാളിയില്ല :)

salil | drishyan said...

ബിന്ദു: നന്ദി..
ചെ.പോ: കല്യാണരാമന്‍ കോപ്രായകോമഡിയായിരുന്നു എന്നാണെന്റെ അഭിപ്രായം.. പക്ഷെ കോപ്രായങ്ങളും നല്ല ചിരിക്ക് വഴി തെളിക്കും...അതിനാല്‍ കല്യാണരാമന്‍ എനിക്ക് രസിച്ചിരുന്നു...
കിരണ്‍‌സ്: നന്ദി
ജിതേന്ദ്രകുമാര്‍: നാഗേന്ദ്രന്റെ (സിദ്ദിക്ക്) അമ്മാവന്‍, രാഷ്ട്രീയക്കാരന്‍ എന്നതായിരുന്നു മൂപ്പരുടെ റോള്‍... അഭിനയം സ്ഥിരം ശൈലി തന്നെ...
ലേഖാ: നന്ദി...
ശ്രീ: കണ്ടിട്ട് അഭിപ്രായം പറയൂ...

സസ്നേഹം
ദൃശ്യന്‍