Monday, November 19, 2007

ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍?

സംവിധാനം: വിനയന്‍
നിര്‍മ്മാണം: സതീഷ് നായര്‍, നന്ദികേശ് ഫിലിംസ്
കഥ: വിഷ്ണു വിനയ്
തിരക്കഥ, സംഭാഷണം: വിനയന്‍
അഭിനേതാക്കള്‍ : ഇന്ദ്രജിത്ത്, ജയസൂര്യ, മണിക്കുട്ടന്‍, ഷെറിന്‍, ഭാമ, സലീം കുമാര്‍,ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 16 ഒക്ടോബര്‍, 2007


എന്റെ റേറ്റിംഗ്:
1.3/10




‘സ്റ്റാര്‍ലൈന്‍സ്‘ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സ്ഥാപകചെയര്‍മാനായ ഹരീന്ദ്രന്‍ എന്ന യുവ ബിസ്സിനസ്സ്മാഗ്നറ്റിന്‍‌റ്റെ ഉദ്യോഗ-വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങളാണ് ‘വ്യത്യസ്ഥതകളുടെ സംവിധായകനെന്ന് മാധ്യമങ്ങള്‍ (പോസ്റ്ററുകളും) അവകാശപ്പെടുന്ന വിനയന്‍ എന്ന സംവിധായകന്‍‌റ്റെ ‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍(?)‘ എന്ന പുതിയ ചലച്ചിത്രത്തില്‍ പറയുന്നത്.
ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ’ എന്ന മുഖവുരയില്‍ വന്ന ഈ സിനിമയില്‍ നായകകഥാപാത്രം ഒരു അബ്‌കാരിയായിരുണെങ്കില്‍ കൂടി കഥയ്ക്ക് ഒരു മാറ്റവും സംഭവിക്കുമായിരുന്നില്ല.

* ജയസൂര്യയുടെ വ്യത്യസ്തമുഖം. (അന്യഭാഷാചിത്രങ്ങള്‍ കാണുന്ന പ്രേക്ഷകന് വലിയ പുതുമയൊന്നും തോന്നില്ലെങ്കിലും!) പക്ഷെ ഒരുപാട് സാദ്ധ്യതകളുണ്ടായിരുന്ന ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെ നേരാംവണ്ണം ഗ്രഹിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനുമായ വിനയന് കഴിഞ്ഞില്ല. പക്ഷെ, തന്‍‌റ്റെ കഴിവിന്‍‌റ്റെ പരിധിയില്‍ നിന്നു കൊണ്ടുള്ള ജയസൂര്യയുടെ ശ്രമം ശ്ലാഘനീയമാണ്.
* ക്ലൈമാക്സ് (ഒരു പ്ലസ് പോയന്‍‌റ്റ് കൂടെ പറയണമെങ്കില്‍ മാത്രം)


x (നിലാവത്ത് വിട്ട കോഴിയെ പോലെ) എങ്ങോട്ടോ പോകുന്ന തിരക്കഥ. കൂടെ തുഴയാന്‍ ശ്രമിക്കുന്ന നായകകഥാപാത്രം.
x കഥയിലെ ഏകപ്രണയജോഡിയായ മണിക്കുട്ടന്‍-ഭാമാദികളുടെ അഭിനയത്തില്‍ സ്വാരസ്യമില്ലായ്മ പ്രകടമാണ്. വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളും തീര്‍ത്തും കൃത്രിമമായ് അനുഭവപ്പെടുന്ന അഭിനയവും!
x അരോചകമായ പശ്ചാത്തലസംഗീതം. ചില നേരങ്ങളില്‍ സി-ഗ്രേഡ് ചിത്രങ്ങളേക്കാളും അസഹ്യമായിരുന്നു പശ്ചാത്തലവാദ്യഘോഷം!
x കൊച്ചിന്‍ ഹനീഫ, സാജു കൊടിയന്‍ തുടങ്ങിയവരുടെ തീര്‍ത്തും അനാവശ്യമായ കഥാപാത്രങ്ങള്‍.
x സലീംകുമാറിന്റെ ആവര്‍ത്തനവിരസതയുണര്‍ത്തുന്ന അഭിനയവും ഡയലോഗ് ഡെലിവെറി സ്റ്റൈലും.


വാല്‍ക്കഷ്ണം: വിനയന്റെ മുന്‍‌ചിത്രമായ ബ്ലാക്ക്‍ക്യാറ്റിനെ കുറിച്ചുള്ള ഹരിയുടെ നിരൂപണം വായിച്ചിട്ടും ഈ സിനിമ കാണാന്‍ കുടുംബസമേതം പോയ ‘ഞാന്‍ എന്ന നിഷ്കളങ്കനെ‘ തിരണ്ടിവാല്‍ കൊണ്ടടിക്കണം!

11 comments:

salil | drishyan said...

‘സിനിമാക്കാഴ്ച‘യിലെ ആദ്യപോസ്റ്റ്.
ഈ ബ്ലോഗില്‍ വരുന്നവയെ നിരൂപണം എന്ന് വിളിക്കാനാവില്ല എന്നറിയാം. കണ്ട സിനിമകളെ കുറിച്ചുള്ള എന്‍‌റ്റെ അഭിപ്രായം രേഖപ്പെടുത്താന്‍ ഒരിടം, അത്ര മാത്രം. കൂടുതല്‍ ആധികാരികമായ നിരൂപണത്തിന് ഹരിയുടെ ചിത്രവിശേഷം കാണുക.

‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍?’ എന്ന പുതിയ വിനയന്‍ ചിത്രത്തെ കുറിച്ചുള്ള എന്‍‌റ്റെ അഭിപ്രായം.

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

സത്യായിട്ടും തല്ലണം.. ആ പോസ്റ്ററുകള്‍ കണ്ടാല്‍ ആരെങ്കിലും പോവുമൊ കാണാന്‍...

Haree said...

ഏതായാലും പുതിയ ബ്ലോഗിന് ആശംസകള്‍. ടെമ്പ്ലേറ്റ് പിടിച്ചില്ലെങ്കിലും (ഫയര്‍ഫോക്സില്‍ മര്യാദയ്ക്ക് കാണിക്കൂല്ലന്നേ...) ശൈലി പിടിച്ചു. പിന്നെ, കൂടുതല്‍ ആധികാരികമായ നിരൂപണത്തിന് ഹരിയുടെ ചിത്രവിശേഷം കാണുക. ഇങ്ങിനെയൊക്കെ പറഞ്ഞ് എന്നെ ടെന്‍ഷനാക്കാതെ...

ഹേതായാലും കൊള്ളാം, ബ്ലോഗ് തുടങ്ങുവാന്‍ ഇങ്ങിനത്തെ പടമൊക്കെ കിട്ടുകാന്നു വെച്ചാലതൊരു ഭാഗ്യാണേ... പതിനാല് ദിവസത്തില്‍ മറ്റോ പൂര്‍ത്തിയാക്കിയ പടം എന്നൊക്കെയാണ് കേട്ടത്. ഈ വിനയന്‍ ആളൊരു ‘പുലി’യാണല്ലേ? :)

പിന്നെ തനിമലയാളം.ഓര്‍ഗില്‍ വരുവാന്‍ ഇവിടെയല്ലേ നല്‍കേണ്ടത്?

@ ഇട്ടിമാളു,
എന്തേ? ഭാമയെ കണ്ടിട്ട് ഇഷ്ടായില്ലേ? ആ പോസ്റ്ററുകള്‍ കണ്ടിട്ട് പോയാലോന്ന് ആലോചിച്ചതാണ്... :) അല്ലേലും ഈ പെണ്‍പിള്ളാര്‍ക്ക്/സ്ത്രീകള്‍ക്ക് സുന്ദരിമാരെ കണ്ടൂടന്നേ... ഹി ഹി ഹി
--

salil | drishyan said...

മാളൂസേ... :-(


ഹരീ, അതെ നല്ല ഭാഗ്യം തന്നെ. കൂടെയിരുന്ന നല്ലപാതിയും അമ്മയും കൂടെ തിയേറ്ററിലിരുന്ന് സീരിയല്‍കഥ പറയുകയായിരുന്നു. ഒന്നും മിണ്ടാനാവാതെ ഞാനും :-(
ആ ലിങ്കും ഞാന്‍ നോക്കി ഹരി. സ്ഥിതിക്ക് മാറ്റമില്ല.
ആശംസകള്‍ക്ക് നന്ദി.

സസ്നേഹം
ദൃശ്യന്‍

adrissyan said...

ഞാനും കണ്ടു ഈ സാധനം! ഇനി ജന്മത്ത് വിനയന്റെ പടം കാണില്ലെന്നുറച്ചു.

Anonymous said...

പോസ്റ്ററില്‍ തന്റെ പേര് ഇംഗ്ലീഷില്‍ നല്‍കിത്തുടങ്ങയിട്ടുണ്ട്,വിനയന്‍.
മലയാളത്തിനു പുറത്തുള്ള നിഷ്കളങ്കരേ.. സൂക്ഷിക്കുവിന്‍!

ശാലിനി said...

:)

where is naran & saya?

Mahesh Cheruthana/മഹി said...

പുതിയ ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും !

salil | drishyan said...

അദൃശ്യാ,
അങ്ങനെ കരുതേണ്ട ആവശ്യമില്ല... നമ്മുടെ സൂപ്പര്‍ സംവിധായകരൊക്കെ എന്നെങ്കിലും നന്നാവുമായിരിക്കും.
സുരാ,
അതു സൂക്ഷിക്കേണ്ടതു തന്നെ. എന്നാലും ഒരോ പുതിയ സിനിമയ്ക്കും വേറെ വേറെ സ്പെല്ലിംഗ് നല്‍കുന്ന ചിലരേക്കാള്‍ ഭേദമല്ലേ?
നന്ദി മഹേഷ്.
ശാലിനീ, നരനും സായയും ഉടന്‍ വരുന്നുണ്ട്ട്ടോ.

സസ്നേഹം
ദൃശ്യന്‍

നവരുചിയന്‍ said...

മാഷെ , ആരൊക്കെ നന്നായാലും വിനയന്‍ നന്നാവൂല ...
പട്ടിടെ വാല് കുഴലില്‍ ഇട്ടിടു എന്താ പ്രേയോജനം

ശ്രീ said...

ഭാഗ്യം! കാണേണ്ടി വന്നില്ല, ഈ ചിത്രം.
:)