Tuesday, December 18, 2007

റോമിയോ: ഓടയിലെ പഴയ വീഞ്ഞ്!

സംവിധാനം: രാജസേനന്‍
നിര്‍മ്മാണം: റാഫി
കഥ, തിരക്കഥ, സംഭാഷണം: റാഫി-മെക്കാര്‍ട്ടിന്‍
അഭിനേതാക്കള്‍ : ദിലീപ്, വിമലാരാമന്‍, സംവൃത, ശ്രുതി (പുതുമുഖം), സുറാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 14 ഡിസംബര്‍, 2007സിനിമ ഒരു വാണിജ്യോല്പന്നമാണെന്നത് നാമെല്ലാവരും സമ്മതിച്ചിട്ടുള്ള കാര്യമാകുന്നു. വില്‍ക്കാനല്ലാതെ കലയ്ക്കായ് മാത്രം സിനിമയെടുത്തിട്ടുള്ളവര്‍ വളരെ വിരളം. കലയും കച്ചവടവും സമരസപ്പെടുത്തി നല്ല സിനിമ എടുക്കാന്‍ കഴിയുന്നവനാണ് ഇന്ന് നല്ല സംവിധായകന്‍ എന്ന് പരക്കെ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. അത്തരം ഒരുപാട് സംവിധായകരെയും സിനിമകളെയും കണ്ടിട്ടുള്ളവരാണ് മലയാളികള്‍. കലയുടെയും കച്ചവടത്തിന്റെയും അളവ് ഇത്തിരി ഏറിയാലും കുറഞ്ഞാലും നാമത് സഹിക്കാറുണ്ട്. ചിലപ്പോള്‍ ചില ഇഷ്ടങ്ങള്‍ മുന്‍‌നിര്‍ത്തി തനി കച്ചവട സിനിമകളെ നാം വിജയിപ്പിച്ചിട്ടുണ്ട്. ആ വിജയങ്ങള്‍ കണ്ട് വെറുതെ പടച്ചുവിട്ട മിമിക്രി-കോമഡി-ആക്ഷന്‍ പടങ്ങളെ നാം പാടെ തിരസ്ക്കരിച്ചിട്ടുമുണ്ട്-സംവിധായകനും നായകനും ആരായാലും! എന്നീട്ടും, നിലനില്‍പ്പിന്റെ ഭാഗമെന്നോണം വീണ്ടും പഴയവീഞ്ഞ് പഴയ കുപ്പികളില്‍ നിറച്ച് വില്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. അത്തരത്തിലൊരു സൃഷ്ടിയാണ് ഈ വാരത്തെ പുതിയ റിലീസ് ചിത്രമായ ‘റോമിയോ’.‘കനകസിംഹാസനം’ എന്ന മോശം ചിത്രത്തിനു ശേഷം രാജസേനന്‍, ‘ഹലോ’ എന്ന ഈ വര്‍ഷത്തെ മോഹന്‍ലാല്‍ ഹിറ്റിന്റെ ശില്പികളായ റാഫി-മെക്കര്‍ട്ടിന്‍മാരുമായ് കൈകോര്‍ത്ത് ‘ജൂലൈ 4’ എന്ന ‘ജ്യോതിഷ’ദുരന്തചിത്രത്തിലെ നായകനായ ദിലീപിനെ വെച്ച് വാര്‍ത്തെടുത്ത ഈ ചലച്ചിത്രപേക്കോലത്തിന് ചെല്ലും ചെലവും കൊടുത്ത് നിര്‍മ്മിക്കാന്‍ ധൈര്യപ്പെട്ടത് റാഫി (സ്തോത്രം!!!). വിതരണത്തിനെടുത്തത് മരിക്കാര്‍ ഫിലിംസ്.

കഥാസംഗ്രഹം:
പേരു സൂചിപ്പിക്കും പോലെ ഒരു കാമുകന്റെ കഥയാണ് റോമിയോ. മനു (ദിലീപ്) എന്ന മെയില്‍നേഴ്സ് രഹസ്യമായ് പ്രണയിക്കുന്ന ലീന (സംവൃത) റിയാലിറ്റി ഷോകളിലൂടെ വളര്‍ന്നു വരുന്ന ഒരു ഗായികയാണ്. ‘കിറ്റെക്സിന്റെ’ പരസ്യത്തിനായ് മാത്രമാണെന്ന് തോന്നുന്നു നായികയ്ക്ക് ഈ പണി കൊടുത്തത്. ‘ഷോ‘യിലെ മൂന്ന് ജഡ്ജിമാരില്‍ ഒരാളായ ‘മാഡ’ത്തിന്റെയും (മല്ലികാ സുകുമാരന്‍), നല്ലൊരു വേഷം മോഹമായ് കൊണ്ടു നടക്കുന്ന ‘ജൂനിയര്‍’ആര്‍ട്ടിസ്റ്റ് രതീഷ് കുമാരിന്റെയും. ഏക മകനായ മനുവിനെ അവന്‍ അറിയാതെ അവന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ ഒരാളായ പ്രിയ (വിമലാ രാമന്‍) പ്രണയിക്കുന്നു. തന്റെ പ്രണയം മനുവിനെ അറിയിക്കാന്‍ അവള്‍ ശ്രമിക്കുന്നെങ്കിലും കഴിയുന്നില്ല. തദവസരത്തില്‍, ചില ‘പ്രത്യേക’സാഹചര്യങ്ങളാല്‍, മനു തന്റെ ആഗ്രഹം ലീനയുടെ അച്ഛനായ അവറാച്ചനെ (ഭീമന്‍ രഘു) അറിയിക്കുന്നു. (എന്തു കൊണ്ടെന്നറിയില്ല,) ലീനയും സമ്മതം മൂളുന്നു. അവരുടെ കണ്ടീഷന്‍ പ്രകാരം മനു മതം മാറി ‘മാനുവേല്‍‘ എന്ന പേരു സ്വീകരിക്കുന്നു. പിന്നെയും വന്നു ഭവിച്ച ‘ചില’ പ്രത്യേകസാഹചര്യങ്ങളില്‍ മനു ‘സുബ്രഹ്മണി’ എന്ന കള്ളപ്പേരില്‍ ഒരു അഗ്രഹാരത്തെരുവിലെഏകഭ്രാന്തനായ രാമനാഥന്റെ (റിസബാവ)യുടെ പരിചരണത്തിനായ് എത്തുന്നു. അവിടെ വെച്ച് മനു സ്ഥലത്തെ പ്രധാനപാട്ടുകാരിയായ ഭാമയെ (ശ്രുതി) പരിചയപ്പെടുന്നു. രാമനാഥന്റെ മകനും ഭാമയുടെ ഭാവിവരനുമായ ‘മറ്റൊരു‘ സുബ്രഹ്മണിയുടെ (അശോകന്‍) കരാളഹസ്തങ്ങളില്‍ മനു ഭാമയെ രക്ഷിക്കുന്നു. പക്ഷെ അവിടെ വെച്ച് അവന്റെ ഐഡന്റിറ്റി വെളിപ്പെടുന്നു.ഓടി രക്ഷപ്പെടുന്ന അവനെ പ്രിയ ദേവദൂതയെ പോലെ വന്ന് കാറില്‍ കയറ്റി കൊണ്ട് പോയി കഥയിലെ അടുത്ത ‘ടേണിംഗ് പോയന്റ്’ ബോദ്ധ്യപ്പെടുത്തുന്നു. തന്റെ അച്ഛനും മുന്‍-സി.ബി.ഐ. ഓഫീസറുമായ രാഘവമേനോന്‍, മനുവിനെ ‘മകളെ പറ്റിച്ച് കടന്നു കളഞ്ഞ കാമുകനായ് ‘തെറ്റിദ്ധരിച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ പരിശ്രമിക്കുന്നു! പ്രിയയുടെ യഥാര്‍ത്ഥപ്രണയം തിരിച്ചറിഞ്ഞ മനു അവളെ കാമുകിയായ് സ്വീകരിക്കുന്നു. പക്ഷെ അഭിനവ റോമിയോ അറിയുന്നില്ല, അഗ്രഹാരവാസികള്‍ ഒന്നായി മനുവിനെ ഭാമയെ കൊണ്ട് വേളി കഴിപ്പിക്കാന്‍ തീരുമാനിക്കുകയും, തന്റെ ഭാര്യായാക്കാന്‍ വേണ്ടി ലീനയെ തന്റെ അച്ഛന്‍ കൂട്ടികൊണ്ടുവരികയും ചെയ്തിരിക്കുന്നു എന്ന്!

മൂന്നു സുന്ദരിക്കുട്ടികളില്‍ ആര്‍ക്കാണ് മനുവിന്റെ ഭാര്യയാകാനുള്ള ഭാഗ്യം സിദ്ധിക്കുക?
മനു അഥവാ മാനുവേല്‍ അഥവാ സുബ്രഹ്മണി ഈ ഊരാക്കുടുക്കില്‍ പെട്ട മനുവിന് എന്തു സംഭവിക്കും??
പ്രിയയുടെ അച്ഛനായ മുന്‍ സി.ബി.ഐ. ഉദ്യോഗസ്ഥന്റെയും ലീനയുടെ അച്ഛനായ സ്വന്തമായൊരു ഗുണ്ടാപ്പടയുള്ള മുതലാളിയുടെയും ഭാമയുടെ അഭ്യുദയകാംക്ഷിയായ ഭ്രാന്തന്റേയും കയ്യില്‍ നിന്ന് പരിക്കുകളില്ലാതെ മനു രക്ഷപ്പെടുമോ???
ഇങ്ങനെയുള്ള പ്രേക്ഷകമനസ്സിലെ ഒരായിരം ചോദ്യങ്ങള്‍ക്കുത്തരമാണ് സിനിമയുടെ രണ്ടാം പകുതിയില്‍ കളിയായും കാര്യമായും രാജസേനനും റാഫി-മെക്കാര്‍ട്ടിനും ചേര്‍ന്ന്‍ പറയുന്നത്.

സാങ്കേതികം:

എടുത്ത് പറയാവുന്ന ഒന്നും തന്നെ സാങ്കേതികവിഭാഗത്തില്‍ ഇല്ല. കെ.പി.നമ്പ്യാതിരിയുടെ ക്യാമറയും രാജാമുഹമ്മദിന്റെ ചിത്രസംയോജനവും തെറ്റില്ല എന്ന് മാത്രം. അലക്സ് പോള്‍-വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ ടീമിന്റെ ഗാനങ്ങള്‍ ഒരു വികാരവും ജനിപ്പിക്കുന്നില്ല. ‘കിളിച്ചുണ്ടന്‍ മാമ്പഴം..’ എന്ന് തുടങ്ങുന്ന ഗാനം തരക്കേടില്ല. വരിക്കാശ്ശേരി മനയെ ആയുര്‍വേദറിസോര്‍ട്ടാക്കി മാറ്റിയ ബോബന്റെ കലാസംവിധാനത്തില്‍ ‘കല‘ വളരെ കുറവാണെന്ന് തോന്നി.


അഭിനയം:
* മനു എന്ന അവതരിപ്പിക്കാന്‍ ദിലീപ് പരമാവധി കഷ്ടപ്പെട്ടിരിക്കുന്നു, വിഫലമെങ്കിലും!
സംവൃത തന്നാല്‍ കഴിയും വിധം ശ്രമിച്സിരിക്കുന്നു.
* വിമലാരാമന്‍ അഭിനയം പഠിക്കാന്‍ ഇനിയും ഒരുപാട് കാലമെടുക്കും.
* ഐ-ലാഷ് പൂശിയ, നല്ലവണ്ണം ലിപ്സ്റ്റിക്കിട്ട നാടന്‍ പെണ്ണായ് ശ്രുതിരാജ് എന്തൊക്കെയോ ചെയ്തിട്ടുണ്ട്.
* മല്ലിക സുകുമാരന്‍ അമിതാഭിനയം ഇത്തിരി കുറച്ചിട്ടുണ്ട്.
* സുരാജ്, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ തങ്ങളുടെ സ്ഥിരം കോമഡി ശൈലിയില്‍ വെറുപ്പിക്കുന്നുണ്ട്.
* ‘ജെയിംസ് ബോണ്ട് 001’ എന്ന തന്റെ പഴയ ഒരു കോമഡി(വിഫല)ശ്രമത്തിന് ശേഷം വീണ്ടും ആ പാതകം ചെയ്യാന്‍ ഭീമന്‍ രഘുവിനെ പ്രേരിപ്പിച്ചത് ‘നരനിലെ’ തരക്കേടില്ലാത്ത വേഷമാണെന്ന് തോന്നുന്നു. എന്തായാലും രാജന്‍.പി.ദേവിനായ് മാറ്റി വെച്ച കഥാപാത്രവും വസ്ത്രാലങ്കാരങ്ങളും ‍എടുത്ത് ചാര്‍ത്തിയതാണെന്ന് തോന്നും ടിയാനെ കണ്ടാല്‍.
* റിസബാവ, അശോകന്‍ മുതലായവര്‍ തമ്മില്‍ ഭേദമാണ്.


* ദ്വയാര്‍ത്ഥങ്ങളിലാത്ത സംഭാഷണങ്ങള്‍ (ഇതൊക്കെ പ്ലസ് പോയിന്റുകളായ് എടുത്ത് പറയേണ്ട നമ്മുടെയൊക്കെ ഗതികേടേ!!!)

x ഒന്നോര്‍ത്ത് ചിരിക്കാന്‍ ഒരൊറ്റ രംഗം പോലുമില്ലാത്ത ഹാസ്യചിത്രം!
x തട്ടികൂട്ടിയെടുത്ത കഥയും തിരക്കഥയും. ‘ചതിക്കാത്ത ചന്തു’വിനെ ‘ഹലോ’ആക്കി മാറ്റിയ റാഫി-മെക്കാര്‍ട്ടിന്‍ ഇക്കുറി ‘ഇമ്മിണി നല്ലൊരാളിലെ‘ ചിലരെ വേഷം മാറ്റി കൊണ്ടു വന്നതാണെന്ന് തോന്നിക്കുന്ന കഥാപാത്രങ്ങള്‍. അതിനൊത്ത രീതിയില്‍ അതേ ശൈലി പിന്തുടരാന്‍ ശ്രമിക്കുന്ന രാജസേനന്റെ സംവിധാനപാടവം!
x വ്യക്തിത്വമില്ലാത്ത നായികാകഥാപാത്രങ്ങള്‍. സംവിധായകന്‍ പറഞ്ഞത് കൊണ്ട് മാത്രം നായകനെ പ്രേമിക്കുന്ന സംവൃതയുടേയും ശ്രുതിരാജിന്റെയും കഥാപാത്രങ്ങളോട് സഹതപിക്കാന്‍ പോലും പ്രേക്ഷകന്‍ മറന്നു പോകും എന്നുറപ്പ്!


വാല്‍ക്കഷ്ണം: ഈ സിനിമ കാണാന്‍ വിചാരിച്ചവരോട് ഒരു വാക്ക്. അടുത്ത സി.ഡി. കടയില്‍ നിന്ന് ‘മേലേ പറമ്പില്‍ ആണ്‍ വീട്’, ‘തെങ്കാശിപ്പട്ടണം’ തുടങ്ങിയവ ഒന്നു കൂടി എടുത്ത് കാണുന്നതാവും കീശയ്ക്കും മനസ്സിനും നല്ലത്. ഇത്രയും വായിച്ചിട്ടും കാണാനാണ് തീരുമാനമെങ്കില്‍ ഒറ്റയ്ക്ക് മാത്രം പോകുക. മറ്റുള്ളവരെ കൂട്ടിയാല്‍ അവര്‍ നിങ്ങളെ ഉറങ്ങാന്‍ പോലും സമ്മതിക്കില്ല (എനിക്ക് സംഭവിച്ച പോലെ!)!!!

3 comments:

ദൃശ്യന്‍ | Drishyan said...

‘കനകസിംഹാസനം’ എന്ന മോശം ചിത്രത്തിനു ശേഷം രാജസേനന്‍, ‘ഹലോ’ എന്ന ഈ വര്‍ഷത്തെ മോഹന്‍ലാല്‍ ഹിറ്റിന്റെ ശില്പികളായ റാഫി-മെക്കര്‍ട്ടിന്‍മാരുമായ് കൈകോര്‍ത്ത് ‘ജൂലൈ 4’ എന്ന ‘ജ്യോതിഷ’ദുരന്തചിത്രത്തിലെ നായകനായ ദിലീപിനെ വെച്ച് വാര്‍ത്തെടുത്ത ‘റോമിയോ’യുടെ കാഴ്ചകളാണ് ഇക്കുറി ‘സിനിമാക്കാഴ്ച‘യില്‍...

സസ്നേഹം
ദൃശ്യന്‍

ശ്രീ said...

നല്ല ഒരു വിവരണം തന്നെ മാഷേ... ചിത്രത്തെക്കുറിച്ച് പക്ഷപാതമില്ലാത്ത വ്യക്തമായ ഒരു ധാരണ ലഭിയ്ക്കുന്നു, താങ്കളുടെ കുറിപ്പിലൂടെ.
:)

[ഈ ബ്ലോഗ് ഇപ്പൊഴാണ്‍ ശ്രദ്ധയില്‍‌പ്പെട്ടത്.

ഇത്രയും ഭംഗിയായി ഇത് ഇവിടെ അവതരിപ്പിയ്ക്കുന്നതിനു അഭിനന്ദനങ്ങള്‍‌!]

ദൃശ്യന്‍ | Drishyan said...

നന്ദി ശ്രീ....

സസ്നേഹം
ദൃശ്യന്‍