കഥ, തിരക്കഥ, സംഭാഷണം: അമോല്‍ ഗുപ്തെ
നിര്‍മ്മാണം: ആര്‍മിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്
അഭിനേതാക്കള്‍ : ദര്‍ഷീല്‍ സഫാരി, ആമിര്‍ ഖാന്‍, തിസ്ക ചോപ്ര, വിപിന്‍ ഷര്‍മ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 21 ഡിസംബര്‍, 2007
കണക്ക് ചോദ്യപേപ്പറില്‍ ‘3 x 9 = ?‘ എന്ന് കണ്ടാല്‍ നിങ്ങളോ നിങ്ങളുടെ മക്കളോ എന്താണോര്‍ക്കുക? അറിയുമെങ്കില്‍ പെട്ടെന്ന് ഉത്തരം എഴുതും അല്ലെങ്കില്‍ ഉത്തരം ആലോചിച്ച് മനസ്സിനെ കുഴക്കും. എന്നീട്ടും ഉത്തരം കിട്ടിയില്ലെങ്കില്‍ അടുത്തുള്ള കുട്ടിയുടെ ഉത്തരകടലാസില്‍ നോക്കും. ഇനി മറ്റെന്തൊക്കെ ചെയ്താലും, 3നെ ഭൂമിയായും 9നെ പ്ലൂട്ടോയായും അനുമാനിച്ച് , ഭൂമിയും പ്ലൂട്ടോയും ഒത്തു ചേരുന്നതു ഭാവനയില്‍ കണ്ട് , പ്ലൂട്ടൊ (9) ഇനി ഇല്ല ഭൂമി (3) മാത്രമേ ഉള്ളൂ എന്ന് ശാസ്ത്രസത്യം മനസ്സിലോര്‍ത്ത് , ‘3 x 9 = 3’ എന്നുത്തരം എഴുതില്ല എന്നുറപ്പ്! പക്ഷെ ഇഷാന്‍ അവാസ്തി എന്ന എട്ടു വയസ്സുകാരന്‍ അങ്ങനെ എഴുതും. ക്ലാസിലെ ഏറ്റവും മോശം കുട്ടിയായ അവന്റെ മുന്നിലെ പുസ്തകത്തിലെ അക്കങ്ങളും അക്ഷരങ്ങളും നൃത്തച്ചുവടുകള്‍ വെയ്ക്കും. പഠിത്തത്തിലും ടെന്നിസിലും മുന്‍പനായ ദാദാ (ചേട്ടന്‍) ഉള്ള അവന്റെ കൂട്ടുകാര്‍ തെരുവിലെ പട്ടികളും ചാലിലെ മത്സ്യങ്ങളുമാണ്, പിന്നെ അനുസരണ ഇല്ലാതെ അവന്റെ മനസ്സാകെ നിറഞ്ഞു നില്‍കുന്ന അനേകായിരം നിറങ്ങളും! യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്ത് നിന്ന് ഭാവനയുടെ അനന്തതയിലേക്ക് വ്യഥിതമനസ്സോടേ അകന്നകന്നു പോകുന്ന ഇഷാന്റെ കഥയാണ് അമോല്‍ ഗുപ്റ്റേയുടെ കഥ-തിരക്കഥയില്‍ ആമീര്‍ഖാന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘താരേ സമീന്‍ പര്‍’ എന്ന ചിത്രം നമ്മളോട് പറയുന്നത്.
കഥാസംഗ്രഹം:തിരക്ക് പിടിച്ച ഉദ്യോഗസ്ഥനായ അവാസ്തി (വിപിന്‍ ഷര്‍മ), ഭാര്യ മായാ അവാസ്തി (ടിസ്കാ ചോപ്ര), മൂത്ത പുത്രന്‍ യൊഹാന്‍ അവാസ്തി (സാചേത്) എന്നിവരടങ്ങിയ ഒരു നാലംഗ അപ്പര്‍ മിഡില്‍ക്ലാസ്സ് കുടുംബത്തിലെ ഇളയവനാണ് ഇഷാന്‍ അവാസ്തി (ദര്‍ഷീല്‍ സഫാരി). മറ്റാര്‍ക്കും മനസ്സിലാവാത്ത അവന്റെ വിചാരങ്ങളും താല്പര്യങ്ങളും പ്രശ്നങ്ങളും പഠിത്തത്തെ സാധാരണയില്‍ കവിഞ്ഞ് ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛനമ്മമാര്‍ അവനെ ബോര്‍ഡിങില്‍ ചേര്‍ക്കുന്നു. തന്റെ ചുറ്റുവട്ടങ്ങളിലോടുള്ള അവന്റെ ചെറുത്ത് നില്‍പ്പ് വഷളാവാനേ ആ മാറ്റം ഉപകരിച്ചുള്ളൂ. അവന്‍ കൂടുതല്‍ മൂകനായി. ക്ലാസ്സിലെ രാജന്‍ ദാമോദരന്‍ എന്ന ഒരു കൂട്ടുകാരന്‍ (തനയ്) മാത്രമുള്ള അവന്റെ ജീവിതം കൂടുതല്‍ മോശമാകാന്‍ തുടങ്ങുമ്പോളാണ് നികുംഭ് (ആമിര്‍ ഖാന്‍) അവിടെ ഒരു താല്‍ക്കാലിക ടീച്ചര്‍ ആയി വരുന്നത്. തന്റേതായ പഠനരീതികള്‍ പിന്തുടരുന്ന നികുംഭ് പതുക്കെ ഇഷാനെ മനസ്സിലാക്കുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് മാറുകയാണ്.
അഭിനയം:
സിനിമ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ദര്‍ശീലിന്റെ ഇഷാന്‍ അവാസ്തി കഥാപാത്രം നമ്മോട് കൂടെ കുറേ നാള്‍ സഞ്ചരിക്കുമെന്ന് ഉറപ്പാണ്. ഒരു പുതുമുഖ ബാലതാരം ഒറ്റയ്ക്കൊരു ചിത്രം കൊണ്ട് പോകുന്ന അവിസ്മരണീയമായ കാഴ്ചയാണ് ദര്‍ശീലിന്റെ സ്വാഭാവികാനുഭവം നമുക്ക് പ്രദാനം ചെയ്യുക. ആമീര്‍ ഖാന്‍, ടിസ്കാ ചോപ്ര, വിപിന്‍ ഷര്‍മ തുടങ്ങി കഥയിലെ ഓരോ കഥാപാത്രത്തെ അവതരിപ്പിച്ചവരും നല്ല നിലവാരത്തിലുള്ള അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.
സാങ്കേതികം:
എഴുത്തുകാരന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ എന്നിവയില്‍ അമോല്‍ ഗുപ്തേ, ചിത്രസംയോജനം-വിഷയഗവേഷണം എന്നിവയില്‍ ദീപ ഭാട്ടിയ തുടങ്ങിയവരുടെ സംഭാവനകള്‍ ചിത്രത്തിന്റെ അടിത്തറയാണെന്ന് നിസ്സംശയം പറയാം. സേതുവിന്റെ ഛായാഗ്രഹണം കഥ ആവശ്യപ്പെടുന്ന രീതിയില്‍ തന്നെ. പ്രസൂണ്‍ ജോഷിയുടെ വരികളും ശങ്കര്‍-എഹ്‌സാന്‍-ലോയുടെ സംഗീതവും ചിത്രത്തിന്റെ ഒഴുക്കിനനുയോജ്യമായ രീതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തില്‍ ഏടുത്ത് പറയേണ്ട ഒരു കാര്യം കഥയില്‍ അത്യാവശ്യമെന്ന രീതിയില്‍ മാത്രം അവതരിപ്പിച്ചിട്ടുള്ള ആനിമേഷണ്‍സ് ആണ്. ഇഷാന്റെ ചിന്തകളും ചിന്താസരണികളും കാര്‍ട്ടൂണിലൂടെ വളരെ ഫലപ്രദമായ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഒരു പുതുമുഖത്തിന്റെ ആശങ്കകളൊന്നും പ്രകടമാക്കാതെ, ഒരു അനുഭവസമ്പന്നന്റെ വൈദഗ്ദ്യത്തോടെ - അതിഭാവികത്വത്തിന്റെ പിടിയില്‍ പെടാതെ - ഈ ചിത്രം സാക്ഷാത്കരിച്ച ആമിര്‍ പ്രത്യേകഅനുമോദനം അര്‍ഹിക്കുന്നു-കൂടാതെ ഒട്ടേറെ പുരസ്കാരങ്ങളും!
നന്ദി ആമീര്‍, ഇന്നത്തെ തിരക്കുകള്‍ക്കിടയില്‍ വിസ്മരിച്ചു പോകുന്ന കുഞ്ഞുമനസ്സിന്റെ ചിന്തകളിലൂടെ ഞങ്ങളെ കൂട്ടി പോയതിന്.
* ദര്‍ശീല്‍ - ഒരു സൂപ്പര്‍സ്റ്റാര്‍ ബോളിവുഡ് ചിത്രത്തില്‍ താരത്തിന്റെ പേരിനു മുന്‍പ് ഒരു പുതുമുഖബാലതാരത്തിന്റെ പേര് ടൈറ്റിലില്‍ വന്നു എന്ന് പറയുമ്പോള്‍ തന്നെ ആ കഥാപാത്രത്തിനും അതവതരിപ്പിച്ച നടനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എത്ര മാനിക്കുന്നു എന്ന് മനസ്സിലാകുമല്ലോ.
* സമയോചിതമായ, കാലാതിവര്‍ത്തിയായ ഇതിവൃത്തം, അതിന് അനുയോജ്യമായ കഥാകഥനരീതി.
x എന്തെങ്കിലും പറയണമെങ്കില്‍, എങ്കില്‍ മാത്രം, സിനിമയുടെ ദൈര്‍ഘ്യം ആവശ്യത്തിലും ഇത്തിരി കൂടി എന്ന് പറയാം. ബാലപ്രേക്ഷകരെ കൂടി ലാക്കാക്കിയുള്ള ഒരു സിനിമയ്ക്ക് 18റീല്‍ സാധാരണയിലും ഇത്തിരി കൂടുതലാണ്. പക്ഷെ ഈ കഥയുടെ ഒഴുക്കില്‍ ഈ ദൈര്‍ഘ്യം നമ്മെ വല്ലാതെ ബാധിക്കില്ല എന്ന് നിസ്സംശയം പറയാം.
11 comments:
യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്ത് നിന്ന് ഭാവനയുടെ അനന്തതയിലേക്ക് വ്യഥിതമനസ്സോടേ അകന്നകന്നു പോകുന്ന ഇഷാന്റെ കഥയാണ് അമോല്‍ ഗുപ്റ്റേയുടെ കഥ-തിരക്കഥയില്‍ ആമീര്‍ഖാന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘താരേ സമീന്‍ പര്‍’ എന്ന ചിത്രം നമ്മളോട് പറയുന്നത്.
കൂടുതല്‍ വിശേഷങ്ങള്‍ സിനിമാക്കാഴ്ച യില്‍.
സസ്നേഹം
ദൃശ്യന്‍
നീളം കൂടിയതായൊന്നും സിനിമ കണ്ടിരിക്കുമ്പോള്‍ തോന്നിയതേയില്ല.ഒരു പക്ഷെ ഒരമ്മയുടെ മനസ്സോടെ കൂടുതല്‍ ഗൗരവത്തോടെ സിനിമയെ സമീപിച്ചതു കൊണ്ടാകാം.
എന്തോ..അല്‍പ്പം കൂടി വ്യത്യസ്തത പുലര്‍ത്താമായിരുന്ന ചിത്രം,പ്രവചനീയമായ ശുഭപര്യന്തം..:)
നീളക്കൂടുതല്‍ ഞാന്‍ പറയുവാന്‍ വിട്ടുപോയ ഒന്നാണ്. :)
റേറ്റിംഗ് വളരെ നന്നായിരിക്കുന്നു. കുറച്ചുകൂടി ശാസ്ത്രീയത ഇതിനുണ്ട്. ഇങ്ങിനെതന്നെ തുടരുമെന്നു കരുതട്ടെ.
Stunts: 10 (ഇതില്‍ സ്റ്റണ്ട്സ് ഉണ്ടോ? അടിപിടി മാത്രമല്ല ഇതിന്റെ പരിധിയില്‍ വരിക എന്നറിയാം; പിന്നെയെന്തൊക്കെയാണ് ഇതിലുള്ളത്?) NA അല്ലേ കൂടുതല്‍ ചേരുക?
--
നല്ല രസമുള്ള ഭാഷ, പ്രത്യേകിച്ച് ആദ്യ പാരഗ്രാഫില്‍. വളരെ നല്ല റിവ്യൂ.
സിനിമയെ പറ്റി കൂടുതല്‍ ഒന്നും പറയാനില്ല, ഒരേയൊരു വാക്ക് മാത്രം:
“മനോഹരം!”
അടുത്തിടെ കണ്ടതില്‍ വച്ച് ഏറ്റവും ഇഷ്ടമായി ഈ ചിത്രം.
റിവ്യൂ നന്നായിരിക്കുന്നു..
ആശംസകള്‍..
നല്ല റിവ്യൂ . കുറച്ചു കാല്ത്തിനു ശേഷമാണ് ഒരു നല്ല സിനിമ കണ്ടത്. ദര്‍ശീല്‍ എന്ന കൊച്ചു നടന്റെ ഭാവ പരിണാമങ്ങള്‍,
സേതുശ്രീരാമിന്റെ ക്യാമറ, മനോഹരമായ സ്ക്രിപ്റ്റും എഡിറ്റിങ്ങും, എനിക്കാകെ ഒരു പോരായ്മായി തോന്നിയത് ആമിറിനെ അവതരിപ്പിച്ച ആ പാട്ടു സീന്‍ മാത്രമായിരുന്നു.
കലാമൂല്യവും സാങ്കേതിക മികവും ഉള്ള സിനിമകള്‍ കാണണമെങ്കില്‍
ഇപ്പോള്‍ അന്യഭാഷാചിത്രങ്ങള്‍ കാണുകയേ നിവൃത്തിയുള്ളൂ എന്നായിട്ടുണ്ട്. (രണ്ടാഴ്‌ച്ച മുമ്പ് ഓഫീസില്‍ നിന്നിറങ്ങി നേരെ പി വി ആറില്‍ പോയി റോക്ക് ആന്‍ഡ് റോള്‍ കണ്ടതിന്റെ ആഘാതം ഇപ്പോഴും മാറിയിട്ടില്ല)
വല്യമ്മായി , നന്ദി.
കിരണ്‍സ്, നമ്മള്‍ കാണാത്തതായി അധികം ഇല്ല എന്നത് നേര്, പ്രവചനീയമായ ശുഭപര്യന്തവുമാണ്. പക്ഷെ അസാധാരണചിന്തകളുടെ വൃത്തിയുള്ള സാധാരണമായ അവതരണരീതി നമ്മളുടെ സിനിമാകാര്‍ക്ക് നഷ്ടപെട്ടിട്ട് കാലം എത്രയായി. അങ്ങനെ ചിന്തിച്ചാല്‍ ഈ ചിത്രം വേനലില്‍ മഴ തന്നെ അല്ലേ?
നന്ദി മുംസീ, ശരിക്കും അത്തരം ഒരു പാട്ടുസീന്‍ സിനിമയില്‍ ഒഴിവാകാനാവാത്തതല്ലേ. പുതിയ ടീച്ചറുടെ വ്യത്യസ്തമായ ഒരു സമീപനം പെട്ടന്ന് കുട്ടികള്‍ക്ക് (പ്രേക്ഷകര്‍ക്കും) മനസ്സിലാക്കാന്‍ വേറെ എങ്ങനെ പറ്റും. പിന്നെ ആ ഗാനത്തിന്റെ വരികളും നികുംഭിന്‍റ്റെ ചിന്തകള്‍ക്കൊപ്പമല്ലേ.
ബാലൂ, വീണ, നന്ദി.
സസ്നേഹം
ദൃശ്യന്‍
നന്ദി ഹരീ,
റേറ്റിംഗ് ഇങ്ങിനെതന്നെ തുടരാന്‍ ശ്രമിക്കുന്നതാണ്.
ഓരോ parametersനും വേറെ വേറെ weightage കൊടുത്തിട്ടാണ് ചെയ്യുന്നത്. Stuntsന് NA ആണ് കൂടുതല്‍ ചേരുക എന്നത് ശരിയാണ്. ഈ സിനിമയില്‍ Stunts ഇല്ലാത്തതിനാല്‍ മൊത്തം റേറ്റിംഗിനെ അത് ബാധിക്കില്ല. ഇവിടെ picture എടുത്തപ്പോള്‍ അറിയാതെ കടന്ന് കൂടി എന്നേ ഉള്ളൂ. അതു കറക്ട് ചെയ്തിട്ടുണ്ട്.
സസ്നേഹം
ദൃശ്യന്‍
just last night I saw this film. What a great film it was. Amir Khaney njan orikkalum nalloru nadan aayi inney varey karuthiyittilla. pakshe ee padam kandu kazhinjappol amir khan nalloru director aayi kaanendi vannu.
2018 മാർച്ച് 16-നാണ് ഈ ചിത്രം കാണുന്നത്. തന്റെ കുട്ടിയ്ക്ക് പഠന വൈകല്യമാണെന്ന് തിരിച്ചറിഞ്ഞാലും അത് അംഗീകരിക്കുന്നത് എന്തോ മഹാപാപമായി കരുതുന്ന മാതാപിതാക്കൾ സ്കൂളുകൾ മാറ്റി മാറ്റി അവരെ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു.ദൻശീൽ... ആ നോവ് പങ്കിട്ട് കരഞ്ഞു. ചിത്രത്തിൽ ഉടനീളം.ഐ ലവ് യു.
Post a Comment