Monday, January 14, 2008

ഫ്ലാഷ്: പ്രതിഭാധനരുടെ കൊഞ്ഞനം കുത്തല്‍

സംവിധാനം: സിബി മലയില്‍
‍കഥ, തിരക്കഥ, സംഭാഷണം: എസ്. ഭാസുരചന്ദ്രന്‍
നിര്‍മ്മാണം: ടോമിച്ചന്‍ മുളകുപാടം
അഭിനേതാക്കള്‍: മോഹന്‍ലാല്‍, പാര്‍വ്വതി, ഇന്ദ്രജിത്ത്, സായ് കുമാര്‍, സിദ്ദിക്ക് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 22 ഡിസംബര്‍‍, 2007

ദൃശ്യന്റെ റേറ്റിംഗ്: 3.4 @ 10

മലയാളികള്‍ മനസ്സാ വരിച്ച ഒരുപാട് നല്ല ചിത്രങ്ങള്‍ സാക്ഷാത്കരിച്ച സിബി മലയില്‍-മോഹന്‍ലാല്‍ ടീം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ഒന്നിക്കുന്നു എന്ന വാര്‍ത്ത, നല്ലൊരു സിനിമ പ്രതീക്ഷിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍, ഭാസുരചന്ദ്രന്റെ തൂലികയില്‍ പിറന്ന്, ടോമിച്ചന്‍ മുളകുപാടംനിര്‍മ്മിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ഫ്ലാഷ് എന്ന മന:ശ്ശാസ്ത്രത്രില്ലര്‍ പ്രതിഭ വരണ്ട ഒരു കൂട്ടം ചലച്ചിത്രപ്രവര്‍ത്തകരുടെ സംഭാവനയായ് കാണാനാണ് എനിക്ക് തോന്നിയത്. പഴയ പ്രതാപ കാലത്തിന്റെ പുനരാവര്‍ത്തനം പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയ പ്രേക്ഷകര്‍ക്ക് നേരെയുള്ള ‘പ്രതിഭാധനരുടെ‘ കൊഞ്ഞനം കുത്തലാണ് ഈ ചിത്രം.

കഥാസംഗ്രഹം:

കേരളത്തിലെ പ്രസിദ്ധമായ ഒരു തറവാട്ടില്‍ കുടുംബാംഗങ്ങളെല്ലാം ഒത്തു ചേരുന്നു. കുടുംബബിസിനസ്സിന്റെ തുടര്‍ന്നുള്ള നടത്തിപ്പിനെ കുറിച്ചുള്ള ചര്‍ച്ചയാണ് സമാഗമകാരണം. 75 കടന്ന മുത്തച്ഛനാണ് ഇപ്പോള്‍ ബിസ്സിനസ്സിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഒരു വശത്തിന് ശക്തിക്ഷയം സംഭവിച്ച ഈ കളരി അഭ്യാസി ഇന്ന് വീല്‍ച്ചെയറിലാണ്. ചെന്നൈയില്‍ സ്വന്തം ബിസിനസ്സ് നടത്തുന്ന മൂത്ത മകന്‍ (സായ് കുമാര്‍), കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ ധ്വനി പാര്‍വ്വതി), ഇപ്പോള്‍ കുടുംബബിസിനസ്സ് ഇളയ മകന്‍ (സുരേഷ് കൃഷ്ണ), പാര്‍വ്വതിയുടെ മുറച്ചെറുക്കന്‍ പ്രിയന്‍ (ഇന്ദ്രജിത്ത്) ഒരു പിടി മറ്റു തറവാട്ടംഗങ്ങള്‍ (പി. ശ്രീകുമാര്‍ തുടങ്ങിയവര്‍) എന്നിവര്‍ക്കൊപ്പം മിഥുനിന്റെ സുഹൃത്ത് ഐഡിയാ ശശി (ജഗതി) , ഭക്ഷണപ്രേമിയായ ഫുഡ് ഇന്‍സ്പെക്ടര്‍ (ജഗദീഷ്), കാരണവരുടെ ഉഴിച്ചില്‍ പിഴിച്ചില്‍ എന്നിവ നോക്കുന്ന മുറിവൈദ്യന്‍ (സുറാജ് വെഞ്ഞാറമൂട്), പോക്കറ്റടിക്കാരനായിരുന്ന വൈദ്യശിഷ്യന്‍ (ബിജുകുട്ടന്‍) തുടങ്ങിയ അനാവശ്യകഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ഒരു ഉത്സവരാത്രിപ്പിറ്റേന്ന് നിനച്ചിരിക്കാതെ ധ്വനിയുടെ മാനസികനിലയില്‍ വരുന്ന വ്യതിയാനങ്ങള്, കാരണവരുടെ ഭേദമാവുന്ന തളര്‍വാതം തുടങ്ങിയ അപ്രതീക്ഷിതസംഭവങ്ങളുടെ അരങ്ങേറ്റം തന്റെ സുഹൃത്തും വഴിക്കാട്ടിയുമായ മിഥുന്‍ മാധവനെ (മോഹന്‍ലാല്‍) തറവാട്ടിലേക്ക് ക്ഷണിക്കാന്‍ പ്രിയനെ പ്രേരിപ്പിക്കുന്നു. മിഥുന്‍ ഒരു ഐ.ടി. പ്രൊഫഷണലാണ്, ‘അന്തര്‍ദ്ദേശീയ’ സാമൂഹ്യപ്രവര്‍ത്തകനാണ്, മന:ശ്ശാസ്തജ്ഞനാണ് സര്‍വ്വോപരി ഒരു കളരിയഭ്യാസിയുമാണ് (സ്ത്രോത്രം!!!). തുടര്‍ന്നും തറവാട്ടില്‍ ഉണ്ടാകുന്ന ആകസ്മികസംഭവപരമ്പരകളുടെ കുരുക്കുകള്‍ മിഥുന്‍ ബുദ്ധിപരമായി അഴിക്കുന്നതാണ് കഥാശേഷം.

അഭിനയം, സാങ്കേതികം:
മണിച്ചിത്രത്താഴിലെ ഡോ:സണ്ണി വേഷപ്രച്ഛന്നനായി വന്നു നില്‍കുന്ന പോലെയാണ് മിഥുന്‍ മാധവനെ കാണുമ്പോള്‍ നമുക്കു തോന്നുക. സര്‍വ്വകലാവല്ലഭനായ ഇത്തരം നായകന്മാരെ എത്രയോ വട്ടം മോഹന്‍ലാല്‍ ഇതേ ശൈലിയില്‍ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ഇത്തരം കഥാപാത്രങ്ങള്‍ സഹായകമാവില്ല. മിഥുനെ ഒരു സംഗീതഞ്ജനായ് അവതരിപ്പിച്ചില്ല എന്നത് ആശ്വാസാജനകമായി. ധ്വനിയുടെ കിനാവിലാണെങ്കില്‍ പോലും മിഥുനുമായുള്ള സ്വപ്നഗാനം തികച്ചും അനാവശ്യമായ് തോന്നി. ടീനേജ് പരുവത്തിലുള്ള നായികമാരൊത്ത് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അഭിനയിക്കുന്നത് ആസ്വദിച്ച് കാണുന്ന ഒരു പ്രേക്ഷകസമൂഹം ഇപ്പോള്‍ കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല.

അഭിനയ മേഖലയില്‍ സംഭാവനകള്‍ നല്‍കാന്‍ ഈ ചിത്രത്തിലെ നടീ-നടന്മാര്‍ക്കാര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ല. മുന്‍ സിബി-മോഹന്‍ലാല്‍ ചിത്രമായ ദേവദൂതനിലെ ഏറ്റവും മോശം രംഗങ്ങള്‍ ജഗതി-ജഗദീഷ് ടീമിന്റെ കോമഡികോപ്രായങ്ങളായിരുന്നു. അതേ നിലവാരത്തില്‍, അല്ലെങ്കില്‍ ഇത്തിരി കൂടി കുറഞ്ഞ നിലയില്‍ ആവര്‍ത്തിച്ചിരിക്കുന്നതിലെ മന:ശാസ്ത്രം മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്ക് പ്രയാസമാവും. നായിക പാര്‍വ്വതി തന്നാല്‍ കഴിയും വിധം ‘അമിതാഭിനയം‘ കാഴ്ച വെച്ചിരിക്കുന്നു. സായ് കുമാര്‍, സിദ്ദിക്ക്, ഇന്ദ്രജിത്ത്, സുരേഷ് കൃഷ്ണ, ശ്രീകുമാര്‍, വിനീത്കുമാര്‍ തുടങ്ങിയവര്‍ താന്താങ്ങളുടെ വേഷത്തോട് നീതി പുലര്‍ത്തി. കാരണവരുടെ വേഷത്തിലെത്തുന്ന തമിഴ് നടന്‍ പൊന്‍‌വര്‍ണ്ണന്‍ തെറ്റില്ലാതെ അഭിനയിച്ചെങ്കിലും‍, സിനിമയിലെ കാരണവര്‍ കഥാപാത്രം തിലകനെയും നരേന്ദ്ര പ്രസാദിനെയും പോലുള്ളവരുടെ അഭാവത്തെ കുറിച്ചുള്ള ബോധം നമ്മുടെ മനസ്സിലുണര്‍ത്തുന്നു. ജനത്തിന്റെ വിവേകത്തെ തെല്ലും മുഖവിലയ്ക്കെടുക്കാതെയുള്ള ക്ലൈമാക്സ് സീനുകള്‍ കൂനിന്മേല്‍ കുരുവായ് പ്രേക്ഷകന് തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ.

പുതുമുഖസംഗീത സംവിധായകന്‍ ഗോപി സുന്ദറും റഫീക്ക് അഹമ്മദും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ സിനിമയില്‍ മുഴച്ചു നില്‍ക്കുന്നു. യുവതലമുറയ്ക്കായ് ആംഗലീകരിച്ച ‘മലയാല’ത്തില്‍ പാടിയ സിനിമയിലെ ആദ്യഗാനം വളരെ അരോചകമായ് തോന്നി. തെലുങ്ക് ഡബ്ബിംഗ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന, ധ്വനിയുടെയും സുഹൃത്ത് മാലിനിയുടെയും (ഷംന കരീം) കോളേജ് രംഗങ്ങള്‍ യുവപ്രേക്ഷകരെ ആകര്‍ഷിക്കാനായ് മാത്രം കുത്തി നിറച്ചതാണെന്ന് വ്യക്തം. മലേഷ്യയില്‍ വെച്ചുള്ള ഗാനചിത്രീകരണം സിനിമയുടെ ചിലവു വര്‍ദ്ധിപ്പിക്കുന്നു എന്നല്ലാതെ പ്രേക്ഷകനെ ഹരം കൊള്ളിക്കില്ല എന്നുറപ്പ്. സാജന്‍ കളത്തിലിന്റെ ക്യാമറ, ബിജിത്ത് ബാലായുടെ ചിത്രസംയോജനം, പ്രശാന്ത് മാധവന്റെ കലാസംവിധാനം എന്നിവ നിലവാരത്തിലൊങ്ങുന്നു.
പ്രേക്ഷകനു നേരെ കൊഞ്ഞനം കുത്തുന്ന ഇത്തരം അസംബന്ധനാടകങ്ങള്‍ പടച്ചെടുക്കാന്‍, താരത്തിനായ് കഥകളുണ്ടാക്കുന്ന, നമ്മുടെ സിനിമാകുലപതികള്‍ക്ക് ഇനിയൊരിക്കലും തോന്നിക്കരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം, കൂടാതെ കഥയും തിരക്കഥയും തയ്യാറായ ശേഷം അതിനനുസരിച്ച് നടീ-നടന്മാരെ കാസ്റ്റ് ചെയ്യാന്‍
ഇവര്‍ക്ക് തോന്നിക്കട്ടെ എന്നും!

* പറയാനായ് പ്രത്യേകിച്ച് ഒന്നുമില്ല


x പുതുമയില്ലാത്ത കഥ, ഒഴുക്കില്ലാത്ത തിരക്കഥ

x മോഹന്‍ലാലിന്റെ കണ്ടു മടുത്ത തരത്തിലുള്ള കഥാപാത്രം
x അവിശ്വസനീയമായ ക്ലൈമാക്സ്

x ജഗതി, ജഗദീഷ്, സുറാജ്, ബിജുകുട്ടന്‍ തുടങ്ങിയവരുടെ അനാവശ്യകഥാപാത്രങ്ങള്‍, ഹാസ്യത്തിനായുള്ള വൃഥാശ്രമം കാഴ്ചയെ വിരസമാക്കുന്നു.

5 comments:

salil | drishyan said...

ഭാസുരചന്ദ്രന്റെ തൂലികയില്‍ പിറന്ന് സിബി മലയില്‍ സംവിധാനം ചെയ്ത ഫ്ലാഷ് എന്ന മന:ശ്ശാസ്ത്രത്രില്ലര്‍ പ്രതിഭ വരണ്ട ഒരു കൂട്ടം ചലച്ചിത്രപ്രവര്‍ത്തകരുടെ സംഭാവനയായ് കാണാനാണ് എനിക്ക് തോന്നിയത്. പഴയ പ്രതാപ കാലത്തിന്റെ പുനരാവര്‍ത്തനം പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയ പ്രേക്ഷകര്‍ക്ക് നേരെയുള്ള ‘പ്രതിഭാധനരുടെ‘ കൊഞ്ഞനം കുത്തലാണ് ഈ ചിത്രം.

സിനിമ ആദ്യമേ കണ്ടെങ്കിലും അഭിപ്രായമെഴുതാന്‍ വൈകി. സിബി-മോഹന്‍ലാല്‍ ടീമിന്‍‌റ്റെ ഒത്തുച്ചേരല്‍ചിത്രമായ ഫ്ലാ‍ഷിന്‍‌റ്റെ കാഴ്ചകളുമായ് സിനിമാക്കാഴ്ച വീണ്ടും.

സസ്നേഹം
ദൃശ്യന്‍

ശ്രീ said...

നല്ല അവലോകനം, മാഷേ...

“ടീനേജ് പരുവത്തിലുള്ള നായികമാരൊത്ത് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അഭിനയിക്കുന്നത് ആസ്വദിച്ച് കാണുന്ന ഒരു പ്രേക്ഷകസമൂഹം ഇപ്പോള്‍ കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല.”

വളരെ ശരി. ഇവര്‍‌ ഇത് ഇനി എന്നാണ്‍ മനസ്സിലാക്കുന്നത്?

കൊച്ചുമുതലാളി said...

പാഴ് പടം.
ശ്രീ പറഞ്ഞത് വളരെ ശരി.

ഏ.ആര്‍. നജീം said...

നല്ല അവലോകനം ഭായ്...

ഇവിടെ മറുനാട്ടില്‍ ഒരു സിനിമ കാണണമെങ്കില്‍ ആകെ കിട്ടുന്ന ഒരു ലീവും പിന്നെ നാട്ടില്‍ ഒരു കുടുമ്പം വിശാലമായി പോയി പടം കാണാന്‍ ചിലവാകുന്ന തുകയും മുടക്കേണ്ടിവരുമ്പോള്‍ കയറി ഇരുന്നിട്ട് നഷ്ടം സഹിക്കാതെ, ആദ്യമേ ചിത്രത്തെ കുറിച്ചുള്ള ഏകദേശ വിവരങ്ങള്‍ കിട്ടുന്നത് വളരെ ഉപകാരപ്രദമാണ്..

നന്ദിയോടെ...

salil | drishyan said...

ശ്രീ, ഇവര്‍ അല്ലെങ്കില്‍ ഇവിടത്തെ സംവിധായകപ്രതിഭകള്‍ ഇതു എത്രയും പെട്ടന്ന് മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കാം.
കൊച്ചുമുതലാളി, നജീം, നന്ദി - വായനയ്ക്കും അഭിപ്രായത്തിനും.

സസ്നേഹം
ദൃശ്യന്‍