Tuesday, September 15, 2009

ഈറം-തണുപ്പും കുളിരും പിന്നെ ചൂടും

ഷങ്കര്‍ എന്ന സംവിധായകനെ കുറിച്ച് എനിക്ക് പല രീതിയിലും എതിരഭിപ്രായം ഉണ്ട്. പക്ഷെ ഷങ്കര്‍ എന്ന നിര്‍മ്മാതാവിനെ എനിക്കിഷ്ടമാണ്. കലയും കച്ചവടവും സമന്വയിപ്പിക്കുന്ന ഒരുപാട് നല്ല സിനിമകള്‍ ഷങ്കറിന്റെ എസ്. പിക്‍ചേ‌ഴ്‌സ് നമുക്ക് സമ്മാനിച്ചിട്ടുണ്ട്. നഷ്ടപ്രണയത്തിന്റെ ദുരന്തവുമായ് ‘കാതല്‍’, കലാലയജീവിതത്തിന്റെ ഗൃഹാതൂരത്വം പേറുന്ന ‘കല്ലൂരി‘, ആക്ഷേപഹാസ്യത്തിന്റെ പുതുമുഖവുമായ് ‘ഇംസൈ അരസന്‍ 23ആം പുലികേശി’, സഹോദരബന്ധത്തിന്റെ തീവ്രമായ ആവിഷ്ക്കാരമായ ‘വെയില്‍’ തുടങ്ങിയ സിനിമകളെല്ലാം സാമ്പത്തികവിജയം നേടിയ കുടുംബസമേതം കാണാവുന്ന നല്ല സിനിമകളായിരുന്നു. ഷങ്കറിന്റെ പുതിയ നിര്‍മ്മാണസംരംഭമായ, അറിവഴകന്‍ എഴുതി സംവിധാനം ചെയ്ത ‘ഈറം’ ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലൊരുക്കിയ സിനിമയാണ്. സിനിമ ‘കാണലാ‘ണെന്ന് ശഠിക്കുന്നവര്‍ക്ക് ഈറം ഒരു നല്ല അനുഭവമായിരിക്കും. പക്ഷെ കഥയിലെ പുതുമയും അവതരണത്തിലെ ചടുലതയും കാംക്ഷിക്കുന്നവരെ ഈറം നിരാശപ്പെടുത്തിയേക്കാം. പ്രേക്ഷകര്‍ സ്വീകരിച്ച വിക്രം കുമാറിന്റെ ‘യാവരും നലം‘ത്തിനു (ഹിന്ദിയില്‍ 13ബി) ശേഷം ക്ലീഷേകള്‍ കുറഞ്ഞ ഒരു ഹൊറര്‍ സിനിമ എന്ന രീതിയില്‍ ഈറം നമ്മെ തൃപ്തിപ്പെടുന്നുന്നുണ്ട്. ജാപ്പനീസിലും പിന്നെ ഹോളിവുഡ്ഡിലുമായ് നിര്‍മ്മിക്കപ്പെട്ട ഡാര്‍ക്ക് വാട്ടര്‍ എന്ന സിനിമയുമായ് സാമ്യത തോന്നിക്കുമെങ്കിലും, അവതരണത്തിലേയും എഴുത്തിലെയും പരിമിതികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഈറം കണ്ടിരിക്കാവുന്ന ഒരു നല്ല സംരംഭമാണ്.

കഥാസംഗ്രഹം:
പുലര്‍ച്ചെ 2:30. ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കോം‌പ്ലെക്സ്. വാട്ടര്‍ ഔറ്റ്ലെറ്റില്‍ നിന്നും വെള്ളമൊഴുകുന്ന ശബ്ദം കേട്ട് ചെന്ന സെക്യൂരിറ്റി ഗാര്‍ഡ് കാണുന്നത് ഒരു ഫ്ലോര്‍ നിറച്ചും വെള്ളമാണ്. ബാലക്കൃഷ്ണന്‍ (നന്ദ) - രമ്യ (സിന്ധു മേനോന്‍) ദമ്പതിമാര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് വെള്ളം വരുന്നത്. ആത്മഹത്യ ചെയ്ത നിലയില്‍ രമ്യ കിടന്ന ബാത്ത് ടബ്ബ് കവിഞ്ഞൊഴുകിയ വെള്ളമാണ് കോറിഡോറിലെത്തിയതെന്ന് നാം മനസ്സിലാക്കുന്നു. അന്വേഷിക്കാന്‍ വരുന്ന പോലീസ് ടീമിന്റെ ഭാഗമായ ഒരു പോലീസുദ്യോഗസ്ഥന്‍ മരിച്ചത് രമ്യയാണോയെന്ന് സഹപാഠിയും സഹപ്രവര്‍ത്തകനുമായ വാസുദേവനോട്‍ (ആദി) തിരിച്ചറിയാന്‍ ആവശ്യപ്പെടുന്നു. വാസുവും രമ്യയും തമ്മിലുണ്ടായ കോളേജ്‌കാല‌പ്രണയവും രമ്യയുടെ മരണം സംബന്ധിച്ച പോലീസന്വേഷണവും ഇടകലര്‍ന്ന് നാം കാണുന്നു.
ആത്മഹത്യയെന്ന അനുമാനത്തില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച കേസ് വാസുവിന്റെ താല്പര്യപ്രകാരം തുടര്‍ന്ന് അന്വേഷിക്കാന്‍ തീരുമാനിക്കുക്കവേ അപ്പാര്‍ട്ട്മെന്റില്‍ കൂടുതല്‍ മരണങ്ങളുണ്ടാകുന്നു. മരണങ്ങളിലെല്ലാം ജലത്തിന്റെ ഒരു പ്രത്യക്ഷസാന്നിധ്യം വാസു അനുഭവിക്കുന്നു - കൂടെ രമ്യയുടെ അപ്രത്യക്ഷസാന്നിധ്യവും. വാസുവിന്റെ അന്വേഷണത്തിലെ യുക്തിയും അയുക്തിയും ഭീതിയും കലര്‍ന്ന ദിനങ്ങളാണ് തുടര്‍ന്ന് ഈറം കൈകാര്യം ചെയ്യുന്നത്.


അഭിനയം, സാങ്കേതികം:
മൃഗം എന്ന സിനിമയിലൂടെ നമുക്ക് പരിചിതനായ ആദിയുടെ ഒരു പുതിയ ഭാ‍വം വാസുവില്‍ നമുക്ക് കാണാം. രമ്യയുടെ കാമുകനായും പോലീസ് ഓഫീസറായും തൃപ്തികരമായ പ്രകടനമാണ് ആദിയുടേതെങ്കിലും പ്രേക്ഷകമനസ്സില്‍ ഒരടയാളമുണ്ടാക്കുന്ന ഒന്നും തന്നെ ആദിയുടെ സംഭാവനായായിട്ടില്ല. കാഴ്ചയിലും ഭാവത്തിലും സിന്ധു മേനോന്റെ രമ്യയെ നമുക്കിഷ്ടമാവും. ആ കഥാപാത്രത്തിന് വേണ്ട ഭംഗിയും നിഷ്ക്കളങ്കതയും അഭിനയ പാടവവും സിന്ധുവിനുണ്ട്. വാസുവുമായ് പിണങ്ങുന്ന രംഗത്തില്‍ അഭിനയം കുറച്ചമിതമായ് തോന്നിയെങ്കിലും ആകെത്തുക നോക്കുമ്പോള്‍ സിന്ധു മേനോന്‌ അഭിമാനിക്കാവുന്ന ഒന്നാണ് രമ്യയായുള്ള വേഷപകര്‍ച്ച.

ബാലക്കൃഷ്ണ നന്ദനില്‍ ഭദ്രമാണ്. കഥാപാത്രത്തിന്റെ ഭാവപകര്‍ച്ചകള്‍ ആക്ഷേപമില്ലാതെ അവതരിപ്പിക്കുന്നതില്‍ നന്ദ വിജയിച്ചു എന്ന് തന്നെ പറയാം. രമ്യയുടെ അനിയത്തി ദിവ്യയായ് ശരണ്യ മോഹന്‍ നന്നായിരിക്കുന്നു. മുഖത്തെ സ്ഥായിയായ നിഷ്കളങ്കഭാവം പാത്രത്തിന് അനുയോജ്യമാണ്.

ബാലക്കൃഷ്ണയുടെ സുഹൃത്ത് വിക്കിയായ് വരുന്ന ശ്രീനാഥും മറ്റു ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരും കൃത്യമായ അഭിനയം കാഴ്കവെച്ചിട്ടുണ്ട്.

വിവേകയുടെ വരികളും തമന്‍ നല്‍കിയ സംഗീതവും സൃഷ്ടിച്ച ഗാനങ്ങള്‍ സിനിമയുടെ മൂഡിന് ചേര്‍ന്നതെങ്കിലും കാഴ്കക്കപ്പുറം സഞ്ചരിക്കുന്നില്ല. തരക്കേടില്ലാത്ത ഒരു കഥയും പരിമിതികളുള്ള ഒരു തിരക്കഥയും തെറ്റില്ലാത്ത അഭിനയവുമാ‍യ് നമുക്ക് മുന്നിലെത്തിയ ‘ഈറം’ ഒരനുഭവമായ് മാറുന്നത് ആവശ്യത്തിന് മാത്രമുള്ള - ഉന്നതനിലവാരം പുലര്‍ത്തുന്ന- ഗ്രാഫിക്സും മനോജ് പരമഹംസയുടെ ചായാഗ്രഹണവും കിഷോറിന്റെ ചിത്രസംയോജനവുമാണ്. ജലത്തിന്റെ സാമീപ്യം - കുളിരുള്ള തണുപ്പുള്ള ചൂടുള്ള ഒപ്പം പേടി തോന്നിപ്പിക്കുന്ന ജലത്തിന്റെ സാമീപ്യം സിനിമയിലുടനീളം അനിഭവിപ്പിക്കാന്‍ ഇവര്‍ക്കായി. അവസാനത്തെ 20-25 മിനിറ്റുകളില്‍ തിരക്കഥരചനാവേളയിലും എഡിറ്റിംഗ് ടേബിളിലും സംവിധായകന്‍ ഇത്തിരി കൂടി സമയം ചിലവഴിച്ചിരുന്നെങ്കില്‍ ഈറം ഇതിലുമേറെ മെച്ചപ്പെട്ട ഒരനുഭവമായ് മാറിയേനെ. സ്തോഭജനകമായ രംഗങ്ങളോ കമ്പനമുണ്ടാക്കുന്ന ഹൊറര്‍ ദൃശ്യങ്ങളോ അവിചാരിതമായ സസ്പെന്‍സോ ഇല്ലെങ്കിലും വെള്ളസാരിയുടുത്ത ദ്രംഷ്ട്രകളുള്ള ചോര പുരണ്ട പ്രേതകഥകളില്‍ നിന്ന് മാറി ചിന്തിക്കുന്ന, സിനിമ കാഴ്ചയാണെന്ന പ്രഖ്യാപനം നടത്തുന്ന ഈറം പോലുള്ള സിനിമകള്‍ പ്രോത്സാഹനാര്‍ഹമാണ്.


+ ‍സാങ്കേതികവിഭാഗം (അത്യാവശ്യത്തിന് മാത്രമുള്ള ഗ്രാഫിക്സ്, കഥയുടെ പരിസരം മനസ്സിലാക്കിയ ഛായാഗ്രഹണം, കണിശമായ ചിത്രസംയോജനം)

- പ്രവചനീയമായ കഥാഗതി
- വലിച്ച് നീട്ടിയ ക്ലൈമാക്സ്

`-`-`-`-`-`-`-`-`-`-`-`-`-`-
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-