കലവൂര്‍ രവികുമാറിന്റെ രചനയില്‍ പ്രശസ്തഛായാഗ്രാഹകന്‍ പി.സുകുമാറിന്റകന്നിസംവിധായകസംരംഭമായ് പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് ദിലീപ് നായകനായ സ്വ.ലേ. (സ്വന്തം ലേഖകന്‍). പത്രപ്രവര്‍ത്തനരംഗത്തെ (അപ്രിയ)വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ട് പോവുന്ന സ്വ.ലേ. നല്ലൊരു ആശയം ഒരു നല്ല സിനിമയായ് മാറാതെ പോവുന്നതിന്റെ പുത്തന്‍ ഉദാഹരണമാണ്.
കഥാസംഗ്രഹം:
1980-കളില്‍ നടക്കുന്ന രണ്ട് വന്‍കിടപത്രങ്ങളുടെ കിടമത്സരത്തിന്റെ ഇടയില്‍ സര്‍ക്കുലേഷന്‍ കൂട്ടാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ജനചിന്ത എന്ന ചെറുപത്രത്തിന്റെ റിപ്പോര്‍ട്ടറാണ് ഉണ്ണി മാധവന് (ദിലീപ്). പ്രണയവിവാഹത്തിന്റെ പേരില്‍ ബന്ധുക്കളുടെ സഹായം ലഭിക്കാതെ വരുന്ന ഉണ്ണിക്ക് ഗര്‍ഭിണിയായ ഭാര്യ വിമലയ്ക്കായ് (ഗോപിക) പോലും മാറ്റി വെക്കാന്‍ സമയമില്ല്ലാതെ വാര്‍ത്തകള്‍ക്ക് പിറകെ പോവേണ്ടി വരുന്നു. തുച്ഛമായ ശമ്പളത്തിന്റെ പരാധീനതയില്‍ ജീവിക്കുന്ന ഉണ്ണിയെ ന്യൂസ് എഡിറ്റര്‍ കൈമള്‍ (ഇന്നസെന്റ്) കുടുംബത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാതെ പുതിയ എക്സ്ക്ലൂസിവുകള്‍ക്ക് പിറകെ പോവാന്‍ നിര്‍ബന്ധിക്കുന്നു. തന്റെ കൂടെയുള്ള - ചെയ്യുന്ന ശമ്പളത്തിനാവശ്യമായ ജോലി മാത്രം ചെയ്യാന്‍ താല്പര്യമുള്ള – ഫോട്ടോഗ്രാഫര്‍ ചന്ദ്രമോഹനെ (സലീംകുമാര്‍) വെച്ച് മറ്റു പത്രങ്ങളുടെ ജേര്‍ണലിസ്റ്റ് സംഘങ്ങളോട് (ഗണേശ്, അശോകന്, ഇടവേള ബാബു തുടങ്ങിയവര്‍) പിടിച്ചു നിന്ന് വാര്‍ത്തകള്‍ ശേഖരിക്കാന്‍ ഉണ്ണി പാടു പെടുന്നു.
തന്റെ പത്രത്തിന് മാത്രം ലഭിക്കുന്ന ഒരു സ്കൂപ്പ് കൊണ്ടു വന്നേ പറ്റൂ എന്ന ദുരിതസ്ഥിതിയില്‍ എത്തിനില്‍ക്കുമ്പോഴാണ് ഉണ്ണിയെ തേടി പുതിയ വാര്‍ത്തയെത്തുന്നത് - മലയാളസാഹിത്യലോകത്തെ അതികായന് പാലാഴി ശിവശങ്കരപ്പിള്ള (നെടിമുടി വേണു) മരണക്കിടക്കയിലാണ്. ആശുപത്രികളും ഡോക്ടര്‍മാരും ഉപേക്ഷിച്ച് നിലയില്‍ തറവാട്ടിലെത്തിയ അദ്ദേഹത്തിന്റെ അവസാനനിമിഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ഉണ്ണിയുടെ പുതിയ അസൈന്മെന്റ്. ഉണ്ണിക്ക് അദ്ദേഹവുമായുള്ള മുന്‍കാലപരിചയം ജനചിന്തയ്ക്ക് മാത്രം ലഭിക്കാവുന്ന സെന്റിമെന്റല്‍ റിപ്പോര്‍ട്ടുകളായ് മാറുമെന്ന കൈമളിന്റെ കണക്കുകൂട്ടലുകള്‍ക്ക് വഴങ്ങി, മറ്റു പത്രപ്രവര്‍ത്തകഴുകസംഘത്തോടൊപ്പം ഉണ്ണിയും പാലാഴിയുടെ നാട്ടില്‍ തമ്പടിക്കുന്നു. അവസാനഎഡിഷന്‍ അച്ചടിക്കേണ്ട സമയമായ പുലര്‍ച്ച3മണി വരെ അവിടെ തമ്പടിക്കേണ്ടി വരികയും അതിന് ശേഷം പുഴ നീന്തി കടന്ന് ഗര്‍ഭിണിയായ ഭാര്യയുടെ അടുക്കലെത്തുകയും ചെയ്യുന്ന, ദുരിതപൂര്‍ണ്ണമായ ഒരു ജീവിതസാഹചര്യത്തിലേക്ക് ‘പത്രധര്‍മ്മം’ വലിച്ചിഴക്കപ്പെട്ട, (പാലാഴിയുടെ) മരണവും (സന്താനത്തിന്റെ) ജീവിതവും കാത്തിരിക്കുന്ന ഉണ്ണിയുടെ ദിനങ്ങളാണ് പിന്നീട് സിനിമ കാണിക്കുന്നത്.
അഭിനയം, സാങ്കേതികം:
ഉണ്ണി മാധവന് എന്ന സാധാരണക്കാരന് ദിലീപിന് ഒരു ടെയ്ലര്‍മേഡ് കഥാപാത്രമാണ്. ദിലീപിന്റെ മാനറിസങ്ങളും അയല്‍പ്പക്കത്തെ പയ്യനെന്ന ഇമേജും ചേര്‍ത്ത് പരുവപ്പെടുത്തിയ പത്രപ്രവര്‍ത്തകനെ പ്രേക്ഷകന് സ്വീകാര്യമാവുന്ന രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ ദിലീപിനായിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ അധികം കോട്ടുവായകളിടാതെ സിനിമ കണ്ടിരിക്കാന്‍ നമ്മെ സഹായിക്കുന്നതും ദിലീപിന്റെ അനായാസപ്രകടനമാണ്.
അഭിനയജീവിതത്തിലെ രണ്ടാം വരവില്‍ ചെയ്യാനായ് സ്വലേ ഗോപികയ്ക്കായ് മാറ്റി വെച്ചത് ചില സംഭാഷണങ്ങള്‍ മാത്രമാണ്. ഉണ്ണി മാധവനെ ജീവിതത്തോട് ചേര്‍ത്ത് വെക്കുക എന്നതില്‍ കവിഞ്ഞ് - ഏതൊരു പത്രപ്രവര്‍ത്തകന്റേയും സ്വപ്നഭാര്യയായ് അവതരിപ്പിക്കപ്പെട്ട - വിമലക്കായ് കൂടുതല്‍ ഒന്നും തന്നെ തിരക്കഥാക്കൃത്ത് കരുതി വെച്ചിട്ടില്ല.
മരണത്തിന്റെ കണ്ണുപൊത്തിക്കളിക്കിടയില്‍ വ്യാപാരസാദ്ധ്യതകളുമായി ജീവിതം മുന്നോട്ട് നീക്കാന്‍ പാടു പെടുന്ന ചായക്കടക്കാരന് ഗോവിന്ദന് (ജഗതി ശ്രീകുമാര്‍), പാലാഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ സരോജിനി അമ്മ (കെ.പി.എസ്.സി. ലളിത ), അനുദിനം തകര്‍ന്ന് കൊണ്ടേയിരിക്കുന്ന ദാമ്പത്യത്തിനവകാശിയായ വിഷ്ണു (ഗണേശ്), എന്തിലും ഏതിലും വാര്‍ത്തയും വാര്‍ത്തയ്ക്ക് വേണ്ടിയുള്ള അനാരോഗ്യകരമായ മത്സരവും മാത്രം കാണാന്‍ കഴിയുന്ന ഹരി (അശോകന്), ഫോട്ടോഗ്രാഫര്‍മാരായ ബിജുരാജ് (ഇടവേള ബാബു), മാര്ട്ടിന് (ഷാജു), ക്രിക്കറ്റര്‍ സന്ദീപ് ജഡേജ (നിഷാന്ത് സാഗര്‍), റിപ്പോര്‍ട്ടര്‍ ആലത്തൂര്‍ സുരേഷ് (കലാഭവന്‍ ഹനീഫ്), ഡോ. മാലതി (സോനാ നായര്‍) തുടങ്ങിയ കഥാപാത്രങ്ങളും ഈ പത്രപ്രവര്‍ത്തനക്കഥയില്‍ കടന്നു വരുന്നുണ്ട്. പത്രപ്രവര്‍ത്തകനില്‍ നിന്ന് കര്‍ഷകായ് മാറിയ രാമനാഥന്റെ ചെറിയ റോളില്‍ ശ്രീജിത്ത് രവി നന്നായിട്ടുണ്ട്.
ബാവയുടെ കലാസംവിധാനം കഥയാവശ്യപ്പെടുന്ന പരിസരങ്ങള്‍ ഒരുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. വി.സാജന്റെ ചിത്രസംയോജനകലയ്ക്ക് തിരനാടകത്തിലെ രണ്ടാം പകുതിയിലെ പോരായ്മകള്‍ തരണം ചെയ്യാനായിട്ടില്ല. സുദേവന്റെ മേക്കപ്പ്, അനില്‍ ചെമ്പൂരിന്റെ വസ്ത്രാലങ്കാരം എന്നിവ മിതമായ രീതിയില്‍ തന്നെ.പ്രസന്നയുടെ നൃത്തകലയും മാഫിയാ ശശിയുടെ സംഘട്ടനവും പി.സുകുമാറിനധികം പ്രയോജനപ്പെടുത്തേണ്ടി വന്നിട്ടില്ല.
ലൌഡ് സ്പീക്കറിന് ശേഷം ബിജി ബാല്‍ - അനില്‍ പനച്ചൂരാന് ടീം വീണ്ടുമൊന്ന് ചേരുന്നു ഈ സിനിമയില്‍. കഥസന്ദര്‍ഭങ്ങളില്‍ ചേര്‍ത്തിട്ടുള്ള ഗാനവും കവിതയും നല്ല നിലവാരം പുലര്‍ത്തുന്നു. മധു ബാലക്കൃഷ്ണനും ശ്വേതാ മേനോനും ചേര്‍ന്നാലപിച്ച ‘ചെറുതിങ്കള്‍ത്തോണി’ എന്ന ഗാനം ശ്രവണമധുരമാണ്. ഗാനങ്ങളിലെ പിന്നണിസംഗീതത്തില്‍ ബിജിബാല്‍ പുലര്‍ത്തുന്ന മിതത്വം എടുത്ത് പറയേണ്ടതാണ് ‘അറബിക്കഥ’ മുതല്‍ക്കിങ്ങോട്ട് നിലവാരമുള്ള പാട്ടുകളൊരുക്കുന്നതിലെ ബദ്ധശ്രദ്ധ ഇവര്‍ വരുംകാലങ്ങളിലും തുടരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
കലവൂര്‍ രവികുമാറിന്റെ കഥയില്‍ അനുഭവങ്ങളുടെ ചൂടുണ്ട്. പക്ഷെ ആ വികാരം പ്രേക്ഷകരിലേക്ക് പകരാന്‍ പോന്ന ശക്തിയുള്ള തിരക്കഥ രചിക്കാന്‍ അദ്ദേഹത്തിനായില്ല എന്നതാണ് സ്വ.ലേയുടെ പ്രധാനന്യൂനത. ആദ്യപകുതിയില്‍ ഫലപ്രദമായ് പടുത്തുയര്‍ത്തിയ ഉണ്ണിയുടെ പ്രശ്നങ്ങള്‍ തന്നെ വീണ്ടും രണ്ടാം പകുതിയില്‍ പറഞ്ഞ് കൊണ്ടേയിരുന്നത് പ്രേക്ഷകനെ മടുപ്പികാനേ ഉതകിയുള്ളൂ. മരണം കാത്തു നില്കുന്ന വീട്ടിലെ തമാശകള്‍ സരസമായ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു പരിധി വരെ വിജയിച്ച തിരക്കഥാക്കൃത്ത് സിനിമ കൂടുതല്‍ രസകരമാക്കാനെന്നോണം കുത്തി നിറച്ച ദ്വയാര്‍ത്ഥസംഭാഷണങ്ങള്‍ തറടിക്കറ്റുകാരെ പോലും ചിരിപ്പിക്കുന്നവയല്ല. “സാമാന്യം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടി”എന്ന പരസ്യത്തിലെ അച്ചടിപ്പിശകും, ചായക്കടക്കാരന്റെ അളിയന് ദാസന്റെ (ഹരെശ്രീ അശോകന്റെ) സംഭാഷണങ്ങളും ഫോട്ടോഗ്രാഫറുടെ ‘കര്‍ഷക’ഫോട്ടോസെഷനും മറ്റും ആരിലും അരോചകമുളവാക്കുന്നവയാണ്.
പി.സുകുമാര്‍ സംവിധാനകലയില്‍ പുതുമുഖമെങ്കിലും സംവിധായകന്റെ മനസ്സായ് പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള ഒരു ഛായഗ്രാഹകനാണ്. പക്ഷെ തൊടുപുഴയുടെ പരിസരങ്ങള്‍ ഒപ്പിയെടുക്കുന്നതിലെ പ്രാവീണ്യം ഉണ്ണിയുടെ ജീവിതം പകര്‍ത്തുന്നതില്‍ കാണിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 80കളെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ച സംവിധാകന് ഇന്നത്തെ കാലം കാണിച്ചപ്പോള്‍ മാത്രം ഒരു മിമിക്രിക്കാരന്റെ മനസ്സെങ്ങനെ ലഭിച്ചു എന്ന് മനസ്സിലാവുന്നില്ല. നികേഷ് കുമാറിന്റെ ചലനങ്ങളും സംസാരരീതികളുമുള്ള ഒരു കോമാളിരൂപമായ് ഉണ്ണിയെ അവസാനം അവതരിപ്പിച്ചതിലുള്ള അനൌചിത്യം, പത്രപ്രാര്‍ത്തനത്തെ കുറിച്ചുള്ള ഒരു സറ്റയര്‍ എന്ന രീതിയിലവസാനിക്കേണ്ടിയിരുന്ന ഒരു സിനിമയെ വെറുമൊരു ഹാസ്യസിനിമയാക്കുന്നതില്‍ കലാശിച്ചു എന്ന് വേണം കരുതാന്‍. ഇത്തരം കുറവുകളുണ്ടെങ്കിലും ഒരു ക്യാമറാമാന്റെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു അരങ്ങേറ്റമായ് സ്വ.ലേയെ കാണാവുന്നതാണ്.
+ സത്യസന്ധമായ അനുഭവങ്ങള്‍, ജീവിതസാഹചര്യങ്ങള്‍
- ഇഴയുന്ന രണ്ടാം പകുതി
- തമാശയ്ക്കായുള്ള അനാവശ്യസംഭാഷണങ്ങള്‍, രംഗങ്ങള്‍
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
12 years ago
13 comments:
കലവൂര്‍ രവികുമാറിന്റെ രചനയില്‍ പ്രശസ്തഛായാഗ്രാഹകന്‍ പി.ശ്രീകുമാറിന്റെ കന്നിസംവിധായകസംരംഭമായ് പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് ദിലീപ് നായകനായ സ്വ.ലേ. (സ്വന്തം ലേഖകന്‍). പത്രപ്രവര്‍ത്തനരംഗത്തെ (അപ്രിയ)വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ട് പോവുന്ന സ്വ.ലേ. നല്ലൊരു ആശയം ഒരു നല്ല സിനിമയായ് മാറാതെ പോവുന്നതിന്റെ പുത്തന്‍ ഉദാഹരണമാണ്.
സ്വ.ലേയുടെ കൂടുതല്‍ വിശേഷങ്ങള്‍ സിനിമാക്കാഴ്ച യില്‍.
സസ്നേഹം
ദൃശ്യന്‍
പടം കാണണമെന്ന് തീരുമാനിച്ചു, റിവ്യൂവിന് നന്ദി.
തറപ്പടമായിരിക്കുമെന്നാ ഞാൻ വിചാരിച്ചിരുന്നത്. വല്യ കുഴപ്പമില്ല അല്ലേ..?
കണ്ടില്ല.. അതോണ്ട് അഭിപ്രായം എന്താ പറയാ..
ആദ്യം കേരള കഫെ.. പിന്നെയെ ഇത് ലിസ്റ്റിൽ ഉള്ളു..
ബൈജു: കണ്ടീട്ട് അഭിപ്രായം പറയൂ...
ബിന്ദു: തറപ്പടമല്ല എന്നാണെന്റെ അഭിപ്രായം.
ഇട്ടിമാളു: കേരള കഫേ ആയിരുന്നു എന്റെയും ഫസ്റ്റ് പ്രിഫറന്‍സ്.. പക്ഷെ ഷോടൈം ഒത്ത് വന്നില്ല, അത് കൊണ്ട് സ്വലേ ആദ്യം കണ്ടു. കഫേ ബാംഗ്ലൂരില്‍ ഇത് വരെ വന്നില്ല, ഈ ആഴ്ച നാട്ടില്‍ പോകുന്നുണ്ട്, അപ്പോ കാണാമെന്ന് കരുതുന്നു.
സസ്നേഹം
ദൃശ്യന്‍
ദൃശ്യന്‍, നല്ലൊരു വിശകലനമാണല്ലോ. പക്ഷേ സിനിമ കാണല്‍ അത്ര എളുപ്പമല്ല(ഇവിടെ).
ഞാനും കണ്ടു.. “ഇന്ന്” നു മുമ്പ് ഇറങ്ങി പോരാമായിരുന്നെന്നു എനിക്കും തോന്നി..
രാവിലെ കട്ടനൊപ്പം തട്ടുന്ന വാർത്തകൾക്ക് ഇങ്ങനെയും ചില പിന്നാപ്പുറങ്ങൾ ഉണ്ടല്ലെ.. :)
ജിതേന്ദ്ര, നോര്‍ത്തില്‍ പുതിയ മലയാളസിനിമ കാണാനുള്ള കാത്തിരിപ്പ് ഞാനും ഒരുപാട് അനുഭവിച്ചതാണ്. നന്ദി.
മാളൂസേ,നമ്മള് പത്രങ്ങളില്‍ കാണുന്നത് പോളിഷ്ഡ് വാര്‍ത്തകളാണ് അല്ലേ... അതിലും കയ്പേറിയ സത്യങ്ങള്‍ ഉണ്ട്... അപ്പോള്‍ നാമറിയാതെ പോവുന്ന പിന്നമ്പുറവാര്ത്തകള്ക്ക് അതിലും കയ്പുണ്ടാവുന്നതില് അത്ഭുതമില്ല...
മായം ചേര്‍ത്ത ചില്ലറരംഗങ്ങളൊഴിച്ചാല് സ്വലേ നല്ല ഒരു സംരംഭമായാണെനിക്ക് തോന്നിയത്...
സസ്നേഹം
ദൃശ്യന്‍
നന്നായി, മാഷേ. അപ്പോ വലിയ കുഴപ്പമില്ല അല്ലേ?
കണ്ടു. എനിക്കനുഭവപ്പെട്ടതെല്ലാം തന്നെ ഇവിടെയും വായിച്ചത്. കഥയുടെ ഇഴച്ചില്‍ വല്ലാതെ ബോറടിപ്പിച്ചു. എങ്കിലും കലാ മുല്യമുള്ള ഒരു സിനിമയെന്ന് തന്നെ തോന്നി.
;)
മാഷേ, സൂക്ഷ്മ മായ വിശകലനം തന്നെ!
സ്വലേ കണ്ടില്ല.
തീരെ പ്രതീക്ഷയില്ലാത്ത ചിത്രമെന്ന് തന്നെയായിരുന്നു റിലീസിനു മുന്‍പേ കിട്ടിയ വാര്‍ത്ത. നല്ലൊരു ത്രെഡ് ഉണ്ടായിട്ടും നശിപ്പിച്ചു കളയുന്ന സിനിമകളില്‍ ഒന്നു കൂടി എന്നാണ് സത്യസന്ധമായ അഭിപ്രായങ്ങളില്‍ കേട്ടത്.
Post a Comment