
ആദ്യമായ് ചീരുവിനെ കാണുന്ന രംഗത്തും തന്റെ തൊടിയിലെ നാളികേരം കട്ട പണിക്കാരനെ ശിക്ഷിക്കുന്ന രംഗത്തുമെല്ലാം ഹാജി ‘നില്‍ക്കുന്ന’ രീതി മമ്മൂട്ടിയുടേയും (പിന്നണിപ്രവര്‍ത്തകരുടേയും) നിരീക്ഷണപാടവം വിളിച്ചോതുന്നു. വടക്കേ മലബാറിലെ മുസ്ലീം ഭാഷ അതിമനോഹരമായ് പറയാന്‍ സാധിച്ചു എന്നത് ഈ നടനോടുള്ള നമ്മുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നു.
ശ്വേതാ മേനോന്‍ എന്ന നടിയുടെ ഭാഗ്യമാണ് ചീരു. ഏതൊരു നടിയും കിട്ടാന്‍ കൊതിക്കുന്ന കഥാപാത്രം. ഒതേനന്റെ ഭാര്യയായും ഹാജിയുടെ ഇഷ്ടക്കാരിയായും ഗ്രാമത്തിന്റെ വേശ്യയായും പൊക്കന്റെ അമ്മയായും മാണിക്യത്തിന്റെ അമ്മായിയമ്മയായും ചന്തമ്മന്‍ പൂശാരിയുടെ ‘പ്ലാറ്റോണിക്ക് ലൌവര്‍‘ ആയും ചീരു കാഴ്ചക്കാരന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ചീരുവിന്റെ ഈ ഭാവപകര്‍ച്ചകള്‍ തെറ്റില്ലാത്ത വിധം അഭിനയിച്ച് ഫലിപ്പിക്കാന്‍ ശ്വേതക്കായിട്ടുണ്ട്. പക്ഷെ ഗ്രാമം മുഴുവന്‍ കൊതിക്കുന്ന ഒരു തീയ്യത്തിപ്പെണ്ണിന്റെ ശരീരവും, (അധികാരിയുടെ മഹസ്സര്‍എഴുത്ത്, പൊക്കനേയും ചീരുവിനേയും ചോദ്യം ചെയ്യല്‍ പോലത്തെ) ചില സീനുകള്‍ ആവശ്യപ്പെടുന്ന ഭാവങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സമ്മതിക്കുന്ന മുഖവും ഇല്ല എന്നത് ശ്വേതയുടെ പ്രധാനപോരായ്മകളാവുന്നു. ചീരുവിന്റെ ശബ്ദമായ് മാറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.

ക്യാമറയ്ക്ക് പിന്നിലെ രഞ്ജിത്തിന്റെ കൂട്ടുകാരാണ് പാലേരിമാണിക്യത്തെ വെറുമൊരു സിനിമയില്‍ നിന്ന് മികച്ച ഒരു സിനിമയാക്കി മാറ്റിയത്. മനോജ് പിള്ളയുടെ ഛായാഗ്രഹണകല സിനിമയെ ഇന്നിന്റെ സിനിമയാക്കി മാറ്റുന്നു.. ആരംഭത്തില്‍ പാലേരിയെ പരിചയപ്പെടുത്തുന്ന രംഗങ്ങളിലും പിന്നീട് കഥാന്വേഷണത്തിന്റെ രംഗങ്ങളിലും ക്യാമറ രണ്ടു രീതിയില്‍ രണ്ടു പാതയിലാണ് സഞ്ചരിക്കുന്നത്. ആവശ്യത്തിന് നിന്നും നീങ്ങിയും കഥാഖ്യാനത്തോട് ചേര്‍ന്നു നില്‍കുന്നു മനോജ് പിള്ളയുടെ ക്യാമറാവ്യാകരണം.
വിജയ് ശങ്കറിന്റെ ചിത്രസംയോജനം നല്ല നിലവാരം പുലര്‍ത്തുന്നുവെങ്കിലും രണ്ടാം പകുതിയ്ക്കിടയില്‍ അനുഭവപ്പെടുന്ന ഇഴച്ചിലിന് തിരക്കഥാക്കൃത്തിനൊപ്പം തന്നെ ഉത്തരവാദിയുമാണ്. മുരുകന്‍ കാട്ടാക്കടയുടെ കലാസംവിധാനം പാലേരിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ് കൊണ്ട് ചെയ്തതാണ്. പതിറ്റാണ്ടുകളുടെ മാറ്റം പാളിച്ചകളില്ലാതെ ഒരുക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
റഫീക്ക് അഹമ്മദ്, ടി പി രാജീവന്‍ എന്നിവര്‍ ഒരുക്കിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് ശരത്തും ബിജിബാലുമാണ്. "പാലേറും നാടായ പാലേരീല്..." എന്ന ടൈറ്റില്‍ ഗാനവും പിന്നെ ഒരു ഗസലുമാണ് സിനിമയിലുള്ളത്. മാണിക്യത്തെ ഭംഗിയായ് വരച്ചു കാട്ടുന്ന ആദ്യഗാനം നല്ല ആസ്വാദനനിലവാരം പുലര്‍ത്തുന്നു. പശ്ചാത്തലസംഗീതത്തിന്റെ കാര്യത്തില്‍ തന്റെ മുന്‍ചിത്രങ്ങളേക്കാള്‍ ഒരു പടി മുന്നിലാണ് ബിജിബാല്‍ ഈ സിനിമയില്‍.
കഥയോടും കാലത്തോടും നീതി പുലര്‍ത്തുന്നതാണ് എസ്.ബി. സതീശന്‍, കുമാര്‍ (മമ്മൂട്ടി) എന്നിവരുടെ വസ്ത്രാലങ്കാരം. രഞ്ജിത്ത് അമ്പാടി, ജോര്‍ജ്ജ് (മമ്മൂട്ടി) എന്നിവരൊരുക്കിയ വേഷപകര്‍ച്ചകള്‍ കലയ്ക്ക് മുതല്‍കൂട്ടാണ്. പോള്‍ ബത്തേരിയുടെ സ്റ്റില്‍സും കോളിന്‍സ് ലിയോഫിലിന്റെ ഡിസൈന്‍സും തിയേറ്ററിന് പുറത്ത് സിനിമയുടെ മാറ്റ് കൂട്ടുന്നു.

രാജീവന്റെ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല. ഏതോ ഒരു യാത്രക്കിടയ്ക്കെപ്പോഴോ വായിച്ച ഒരധ്യായം മാത്രമാണ് സിനിമ കാണുന്നതിന് മുന്‍പ് കഥാപാത്രങ്ങളുമായുള്ള എന്റെ പരിചയം. ഒരു ഗ്രാമത്തിന്റെ ഒരിക്കലുമുറങ്ങാത്ത മുറിവായ കൊലപാതകത്തിനു പിന്നിലെ സത്യമന്വേഷിക്കാനെത്തുന്ന ഹരിദാസ് അറിയുന്ന കഥാപാത്രങ്ങള്‍ അനവധിയാണ്. അധികം മലയാളസിനിമകളൊന്നും ഇത്രയും വൈവിധ്യമുള്ള കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ടാവില്ല. ഇത്തരമൊരു കഥ സിനിമയാക്കാന്‍ ചിന്തിക്കുമ്പോള്‍ ഗ്രാമീണന്റെ ശരീരഭാഷയുള്ളവരെ കണ്ടെത്തുക എന്നത് പ്രയാസമേറിയ ഒരു പ്രവര്‍ത്തിയാണ്. അവര്‍ വ്യത്യാസമുള്ള ദേശഭാഷ സംസാരിക്കുന്നവരായിരിക്കണമെന്നത് കൃത്യത്തെ കൂടുതല്‍ ദുഷ്കരമാക്കുന്നു. ഈ ഒരു വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് വിജയകരമായ് പൂര്‍ത്തിയാക്കിയിരിക്കുന്നു "പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ" തിരക്കഥയെഴുതി സംവിധാനം ചെയ്ത രഞ്ജിത്ത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ നടന്റെ ഇമേജ് എന്ന ഭാരം പ്രേക്ഷകനില്‍ കെട്ടി വെക്കാന്‍ സംവിധായകന്‍ തയ്യാറാകുന്നില്ല എന്നതാണ് ഈ സിനിമയെ മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നത്. "ഇന്ന നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എന്ന സ്വഭാവമായിരിക്കും... ഇത്ര നേരം ഇയാള്‍ സിനിമയിലുണ്ടാകും... ഇയാള്‍ ഇന്ന ഇന്ന രീതിയിലെല്ലാം അഭിനയിക്കും സംസാരിക്കും..." ഇത്തരത്തിലുള്ള മുന്‍വിധികള്‍ക്കൊന്നും ഇട നല്‍കാതെ കഥ ആവശ്യപ്പെടുന്ന രീതിയില്‍ കഥാപാത്രങ്ങളെ പിന്തുരുക എന്നതാണ് പ്രേക്ഷകധര്‍മ്മമെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് സിനിമയുമായി ഒരു ബന്ധവുമില്ലാത്ത, കണ്ടു ശീലമില്ലാത്ത ഒരു പാടു മുഖങ്ങള്‍ അവതരിപ്പിച്ചതിലൂടെ രഞ്ജിത്ത് ചെയ്തത്.
മനുഷ്യന്റെ അടിസ്ഥാനസ്വഭാവങ്ങള്‍ കാലാന്തരങ്ങളിലും ഒന്നാണെന്ന് നമ്മെ ഈ സിനിമ ഓര്‍മ്മപ്പെടുത്തുന്നു. കാമവും ക്രോധവും മൂലം കൊല്ലപ്പെടുന്ന മാണിക്യമാരെ കുറിച്ചുള്ള വേദന ഇന്നലെകളില്‍ നിന്ന് ഇന്നിലേക്കും ഇന്നില്‍ നിന്ന് നാളേക്കും പടരുമെന്ന് പാലേരിയിലൂടെ നമ്മെ അറിയിക്കുകയാണ് രാജീവനും രഞ്ജിത്തും.

ഹാജിയുടെ സ്ത്രീയോടൂള്ള മോഹം മറ്റൊരു രീതിയില്‍ സാഹിബിലും ഹരിദാസിലും ഉണ്ട്. ആ മോഹത്തിന്റെ മറ്റൊരു തലം ചന്തമ്മന്‍ പൂശാരിയിലും നാം കാണുന്നു. ജീവിതയാത്രയില്‍ ഈ മോഹം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ പുരുഷന്മാരിലുമുണ്ട്. സമൂഹം പുരുഷകേന്ദ്രീകരമായതിനാല്‍ ഈ മോഹത്തിന് ഹവിസ്സായ് മാറാന്‍ മാണിക്യമാരും ചീരുമാരും അന്നും ഇന്നും എന്നുമുണ്ട് എന്ന ചിന്തയിലാണ് സിനിമ അവസാനിക്കുന്നത്. "ഈ സിനിമ വ്യത്യസ്തമാണ്... വ്യത്യസ്തമാണ്" എന്ന് വിളിച്ചു കൂവാതെ "വ്യത്യസ്തമായ സിനിമ" എന്തെന്ന് പ്രവര്‍ത്തി കൊണ്ട് കാണിച്ച് തന്ന രഞ്ജിത്തിനും കൂട്ടര്‍ക്കും ദൃശ്യന്റെ വക അറ്റന്‍ഷനിലൊരു സല്യൂട്ട്...!
+ കഥാപാത്രങ്ങള്‍, അഭിനയം, കാസ്റ്റിംഗ്
+ അവതരണം, സാങ്കേതികവശം+ കൃത്രിമത്വമില്ലാത്ത ഭാഷ
- അവസാനപകുതിയ്ക്കിടയിലെ നേരിയ ഇഴച്ചില്‍ (അതും എന്തെങ്കിലും പറയണമെങ്കില്‍ മാത്രം!)
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-