കഥ, തിരക്കഥ, സംഭാഷണം: അമോല്‍ ഗുപ്തെ
നിര്‍മ്മാണം: ആര്‍മിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്
അഭിനേതാക്കള്‍ : ദര്‍ഷീല്‍ സഫാരി, ആമിര്‍ ഖാന്‍, തിസ്ക ചോപ്ര, വിപിന്‍ ഷര്‍മ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 21 ഡിസംബര്‍, 2007
കണക്ക് ചോദ്യപേപ്പറില്‍ ‘3 x 9 = ?‘ എന്ന് കണ്ടാല്‍ നിങ്ങളോ നിങ്ങളുടെ മക്കളോ എന്താണോര്‍ക്കുക? അറിയുമെങ്കില്‍ പെട്ടെന്ന് ഉത്തരം എഴുതും അല്ലെങ്കില്‍ ഉത്തരം ആലോചിച്ച് മനസ്സിനെ കുഴക്കും. എന്നീട്ടും ഉത്തരം കിട്ടിയില്ലെങ്കില്‍ അടുത്തുള്ള കുട്ടിയുടെ ഉത്തരകടലാസില്‍ നോക്കും. ഇനി മറ്റെന്തൊക്കെ ചെയ്താലും, 3നെ ഭൂമിയായും 9നെ പ്ലൂട്ടോയായും അനുമാനിച്ച് , ഭൂമിയും പ്ലൂട്ടോയും ഒത്തു ചേരുന്നതു ഭാവനയില്‍ കണ്ട് , പ്ലൂട്ടൊ (9) ഇനി ഇല്ല ഭൂമി (3) മാത്രമേ ഉള്ളൂ എന്ന് ശാസ്ത്രസത്യം മനസ്സിലോര്‍ത്ത് , ‘3 x 9 = 3’ എന്നുത്തരം എഴുതില്ല എന്നുറപ്പ്! പക്ഷെ ഇഷാന്‍ അവാസ്തി എന്ന എട്ടു വയസ്സുകാരന്‍ അങ്ങനെ എഴുതും. ക്ലാസിലെ ഏറ്റവും മോശം കുട്ടിയായ അവന്റെ മുന്നിലെ പുസ്തകത്തിലെ അക്കങ്ങളും അക്ഷരങ്ങളും നൃത്തച്ചുവടുകള്‍ വെയ്ക്കും. പഠിത്തത്തിലും ടെന്നിസിലും മുന്‍പനായ ദാദാ (ചേട്ടന്‍) ഉള്ള അവന്റെ കൂട്ടുകാര്‍ തെരുവിലെ പട്ടികളും ചാലിലെ മത്സ്യങ്ങളുമാണ്, പിന്നെ അനുസരണ ഇല്ലാതെ അവന്റെ മനസ്സാകെ നിറഞ്ഞു നില്‍കുന്ന അനേകായിരം നിറങ്ങളും! യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്ത് നിന്ന് ഭാവനയുടെ അനന്തതയിലേക്ക് വ്യഥിതമനസ്സോടേ അകന്നകന്നു പോകുന്ന ഇഷാന്റെ കഥയാണ് അമോല്‍ ഗുപ്റ്റേയുടെ കഥ-തിരക്കഥയില്‍ ആമീര്‍ഖാന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘താരേ സമീന്‍ പര്‍’ എന്ന ചിത്രം നമ്മളോട് പറയുന്നത്.
കഥാസംഗ്രഹം:തിരക്ക് പിടിച്ച ഉദ്യോഗസ്ഥനായ അവാസ്തി (വിപിന്‍ ഷര്‍മ), ഭാര്യ മായാ അവാസ്തി (ടിസ്കാ ചോപ്ര), മൂത്ത പുത്രന്‍ യൊഹാന്‍ അവാസ്തി (സാചേത്) എന്നിവരടങ്ങിയ ഒരു നാലംഗ അപ്പര്‍ മിഡില്‍ക്ലാസ്സ് കുടുംബത്തിലെ ഇളയവനാണ് ഇഷാന്‍ അവാസ്തി (ദര്‍ഷീല്‍ സഫാരി). മറ്റാര്‍ക്കും മനസ്സിലാവാത്ത അവന്റെ വിചാരങ്ങളും താല്പര്യങ്ങളും പ്രശ്നങ്ങളും പഠിത്തത്തെ സാധാരണയില്‍ കവിഞ്ഞ് ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛനമ്മമാര്‍ അവനെ ബോര്‍ഡിങില്‍ ചേര്‍ക്കുന്നു. തന്റെ ചുറ്റുവട്ടങ്ങളിലോടുള്ള അവന്റെ ചെറുത്ത് നില്‍പ്പ് വഷളാവാനേ ആ മാറ്റം ഉപകരിച്ചുള്ളൂ. അവന്‍ കൂടുതല്‍ മൂകനായി. ക്ലാസ്സിലെ രാജന്‍ ദാമോദരന്‍ എന്ന ഒരു കൂട്ടുകാരന്‍ (തനയ്) മാത്രമുള്ള അവന്റെ ജീവിതം കൂടുതല്‍ മോശമാകാന്‍ തുടങ്ങുമ്പോളാണ് നികുംഭ് (ആമിര്‍ ഖാന്‍) അവിടെ ഒരു താല്‍ക്കാലിക ടീച്ചര്‍ ആയി വരുന്നത്. തന്റേതായ പഠനരീതികള്‍ പിന്തുടരുന്ന നികുംഭ് പതുക്കെ ഇഷാനെ മനസ്സിലാക്കുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് മാറുകയാണ്.
അഭിനയം:
സിനിമ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ദര്‍ശീലിന്റെ ഇഷാന്‍ അവാസ്തി കഥാപാത്രം നമ്മോട് കൂടെ കുറേ നാള്‍ സഞ്ചരിക്കുമെന്ന് ഉറപ്പാണ്. ഒരു പുതുമുഖ ബാലതാരം ഒറ്റയ്ക്കൊരു ചിത്രം കൊണ്ട് പോകുന്ന അവിസ്മരണീയമായ കാഴ്ചയാണ് ദര്‍ശീലിന്റെ സ്വാഭാവികാനുഭവം നമുക്ക് പ്രദാനം ചെയ്യുക. ആമീര്‍ ഖാന്‍, ടിസ്കാ ചോപ്ര, വിപിന്‍ ഷര്‍മ തുടങ്ങി കഥയിലെ ഓരോ കഥാപാത്രത്തെ അവതരിപ്പിച്ചവരും നല്ല നിലവാരത്തിലുള്ള അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.
സാങ്കേതികം:
എഴുത്തുകാരന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ എന്നിവയില്‍ അമോല്‍ ഗുപ്തേ, ചിത്രസംയോജനം-വിഷയഗവേഷണം എന്നിവയില്‍ ദീപ ഭാട്ടിയ തുടങ്ങിയവരുടെ സംഭാവനകള്‍ ചിത്രത്തിന്റെ അടിത്തറയാണെന്ന് നിസ്സംശയം പറയാം. സേതുവിന്റെ ഛായാഗ്രഹണം കഥ ആവശ്യപ്പെടുന്ന രീതിയില്‍ തന്നെ. പ്രസൂണ്‍ ജോഷിയുടെ വരികളും ശങ്കര്‍-എഹ്‌സാന്‍-ലോയുടെ സംഗീതവും ചിത്രത്തിന്റെ ഒഴുക്കിനനുയോജ്യമായ രീതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തില്‍ ഏടുത്ത് പറയേണ്ട ഒരു കാര്യം കഥയില്‍ അത്യാവശ്യമെന്ന രീതിയില്‍ മാത്രം അവതരിപ്പിച്ചിട്ടുള്ള ആനിമേഷണ്‍സ് ആണ്. ഇഷാന്റെ ചിന്തകളും ചിന്താസരണികളും കാര്‍ട്ടൂണിലൂടെ വളരെ ഫലപ്രദമായ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഒരു പുതുമുഖത്തിന്റെ ആശങ്കകളൊന്നും പ്രകടമാക്കാതെ, ഒരു അനുഭവസമ്പന്നന്റെ വൈദഗ്ദ്യത്തോടെ - അതിഭാവികത്വത്തിന്റെ പിടിയില്‍ പെടാതെ - ഈ ചിത്രം സാക്ഷാത്കരിച്ച ആമിര്‍ പ്രത്യേകഅനുമോദനം അര്‍ഹിക്കുന്നു-കൂടാതെ ഒട്ടേറെ പുരസ്കാരങ്ങളും!
നന്ദി ആമീര്‍, ഇന്നത്തെ തിരക്കുകള്‍ക്കിടയില്‍ വിസ്മരിച്ചു പോകുന്ന കുഞ്ഞുമനസ്സിന്റെ ചിന്തകളിലൂടെ ഞങ്ങളെ കൂട്ടി പോയതിന്.
* ദര്‍ശീല്‍ - ഒരു സൂപ്പര്‍സ്റ്റാര്‍ ബോളിവുഡ് ചിത്രത്തില്‍ താരത്തിന്റെ പേരിനു മുന്‍പ് ഒരു പുതുമുഖബാലതാരത്തിന്റെ പേര് ടൈറ്റിലില്‍ വന്നു എന്ന് പറയുമ്പോള്‍ തന്നെ ആ കഥാപാത്രത്തിനും അതവതരിപ്പിച്ച നടനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എത്ര മാനിക്കുന്നു എന്ന് മനസ്സിലാകുമല്ലോ.
* സമയോചിതമായ, കാലാതിവര്‍ത്തിയായ ഇതിവൃത്തം, അതിന് അനുയോജ്യമായ കഥാകഥനരീതി.
x എന്തെങ്കിലും പറയണമെങ്കില്‍, എങ്കില്‍ മാത്രം, സിനിമയുടെ ദൈര്‍ഘ്യം ആവശ്യത്തിലും ഇത്തിരി കൂടി എന്ന് പറയാം. ബാലപ്രേക്ഷകരെ കൂടി ലാക്കാക്കിയുള്ള ഒരു സിനിമയ്ക്ക് 18റീല്‍ സാധാരണയിലും ഇത്തിരി കൂടുതലാണ്. പക്ഷെ ഈ കഥയുടെ ഒഴുക്കില്‍ ഈ ദൈര്‍ഘ്യം നമ്മെ വല്ലാതെ ബാധിക്കില്ല എന്ന് നിസ്സംശയം പറയാം.