Wednesday, January 30, 2008

കല്‍ക്കത്താ ന്യൂസ്: നിരാശാജനകം, ബ്ലെസ്സി ചിത്രമായതു കൊണ്ട് മാത്രം!

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ലെസ്സി
നിര്‍മ്മാണം: തമ്പി ആന്റണി, കായല്‍ ഫിലിംസ്
അഭിനേതാക്കള്‍: ദിലീപ്, മീരാ ജാസ്മിന്‍, ഇന്നസെന്റ്, ഇന്ദ്രജിത്ത്, വിമലാരാമന്‍, കൃഷ്ണമൂര്‍ത്തി (കാതല്‍ ഫെയിം), ടോം ജേക്കബ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 25 ജനുവരി‍‍, 2008
സിനിമ കണ്ടത്: 26 ജനുവരി‍‍, 2008 @ കൈരളി, കോഴിക്കോട്
ദൃശ്യന്റെ റേറ്റിംഗ്: 5.98 @ 10


കാഴ്ച, തന്മാത്ര, പളുങ്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലെസ്സി കഥ-തിരക്കഥയൊരുക്കി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കല്‍ക്കത്ത ന്യൂസ്. ദിലീപ്-മീരാജാസ്മിന്‍ ജോഡികള്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കായല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് തമ്പി ആന്റണിയാണ്. കാഴ്ച, തന്മാത്ര (പളുങ്ക് കാണാന്‍ ഇതു വരെ എനിക്കായില്ല) എന്ന മുന്‍‌കാലചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷകനെ ബ്ലെസ്സി നിരാശപ്പെടുത്തുമെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കല്‍ക്കത്ത ന്യൂസും കാണിച്ചു തരുന്നുണ്ട്. ഒരുപക്ഷെ, ഒന്ന് രണ്ട് റീല്‍ കുറച്ച് ഈ ചിത്രം ഒന്ന് റീ-ഫോര്‍മാറ്റ് ചെയ്തിരുന്നെങ്കില്‍ കഴിഞ്ഞ 3-4 കൊല്ലത്തിനിടയ്ക്ക് മലയാളത്തിളിറങ്ങിയ നല്ല ചിത്രങ്ങളിലൊന്നായ് മാറിയേനെ ഈ ചിത്രം.

കഥാസംഗ്രഹം:
കല്‍ക്കത്താനഗരത്തില്‍ ജനിച്ച് വളര്‍ന്ന്, ഇപ്പോള്‍ കല്‍ക്കത്താന്യൂസ് എന്ന ചാനലിന്റെ റിപ്പോര്‍ട്ടറായ് ജോലി ചെയ്യുന്ന അജിത് തോമസിന്റെ (ദിലീപ്) ‘ഷാഡോസ് ഓഫ് കല്‍ക്കത്ത’ എന്ന ഡോക്യു-ഫിക്ഷന്‌ ലഭിച്ച ഇന്റര്‍നാഷണല്‍ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങോടെയാണ് സിനിമ ആരംഭിക്കുന്നത്. ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട അജിത് അമ്മയും രണ്ട് സഹോദരികളോടുമൊന്നിച്ചാണ് താമസം. സ്മിത (വിമലാ രാമന്‍), അരുണ (മാനസ), ഷീല (ബൃന്ദ) (പിന്നെ ഉണ്ണി ശിവപാല്‍ അവതരിപ്പിക്കുന്ന എനിക്ക് പേരോര്‍മ്മയില്ലാത്ത ഒരു കഥാപാത്രവും) തുടങ്ങിയ സഹപ്രവര്‍ത്തകരടങ്ങുന്ന നല്ല ഒരു ടീം അജിത്തിനുണ്ട്. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്‍പില്‍ ‘ഷാഡോസ് ഓഫ് കല്‍ക്കത്ത’യുടെ പ്രദര്‍ശനമാരംഭിക്കുമ്പോള്‍ അജിത്ത് ‘കല്‍ക്കത്തയുടെ നിഴലുകള്‍’ പോലെ കടന്നു പോയ നാളുകള്‍ ഓര്‍ത്തെടുക്കുകയാണ്. ദുര്‍ഗ്ഗാപൂജയെ കുറിച്ചുള്ള ഒരു പരിപാടിയുടെ ഷൂട്ടിംഗിനിടയില്‍ ക്യാമറയിലേക്ക് വഴി തെറ്റി കടന്നു വന്ന ഹരി (ഇന്ദ്രജിത്ത്)യുടെ മരണം അജിത്തിന്റെ മനസ്സില്‍ നോവലായ് മാറിയത് അപ്രതീക്ഷിതമായിരുന്നു. പൂജയ്ക്കിടയിലും പിന്നെ ട്രാമിലും മറ്റുമായ് അവിചാരിതമായ് കണ്ടുമുട്ടിയ ഹരിയും ഹരിയുടെ ഭാര്യയും (മീര ജാസ്മിന്‍ അവതരിപ്പിച്ച കൃഷ്ണപ്രിയ) അവന്റെ മനസ്സില്‍ ഒരു ദുരൂഹതയാവുന്നു. നഗരത്തിലെ ഒരു ചെറുകിട ലോഡ്ജില്‍ നിന്ന് അര്‍ദ്ധബോധാവസ്ഥയില്‍ കണ്ടത്തിയ കൃഷ്ണപ്രിയയെ, കൈരളീ സമാജം സെക്രട്ടറിയുടെയും (ഇന്നസെന്റ്) ഭാര്യയുടെയും (ബിന്ദു മേനോന്‍) സഹായത്തോടെ അവന്‍ പതുക്കെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നു. അവര്‍ക്കിടയില്‍ പതിയെ ഒരു പ്രണയം നാമ്പെടുക്കവേ കൃഷ്ണപ്രിയയിലൂടെ അജിത്ത് മനസ്സിലാക്കുന്ന ഭയപ്പെടുത്തുന്ന ചില യാഥാര്‍ഥ്യങ്ങളും അവയിലൂടെയുള്ള സഞ്ചാരവുമാണ് കല്‍ക്കത്ത ന്യൂസ് പ്രേക്ഷകന് നല്‍കുന്നത്.

അഭിനയം, സാങ്കേതികം:
മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീപ്, മീര എന്നിവര്‍ സംവിധായകന്‍ ‘പറഞ്ഞ‘ പോലെ അഭിനയിച്ചിരിക്കുന്നുവെങ്കിലും മന്ദഗതിയില്‍ സഞ്ചരിക്കുന്ന സിനിമയില്‍ അവരുടെ പ്രകടനം വിരസമായ് അനുഭവപ്പെടുന്നു. പ്രണയവാചകങ്ങള്‍ ദിലീപിന്റെ നാവില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ വെറും വാചകങ്ങളായ് മാറുന്നു. എങ്കിലും തന്റെ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് ദിലീപിന്റെ ‘അഭിനയഗ്രാഫ്’ ഈ ചിത്രത്തില്‍ മുകളിലേക്കാണ്. പക്ഷെ രസതന്ത്രം, ഒരേ കടല്‍ എന്നീ സിനിമകളിലെ അഭിനയത്തിന്റെ നിഴല്‍ മാത്രമായ് ഒതുങ്ങുന്നു മീരയുടെ പ്രകടനം . കല്‍ക്കത്താ നഗരത്തിലെ മലയാളിപിമ്പിനെ ഇന്ദ്രജിത്ത് നന്നായി അവതരിപ്പിച്ചിരിക്കുന്നു. കുറച്ച് നേരം മാത്രമേ ഉള്ളുവെങ്കിലും ടോം ജേക്കബ്ബ് അവതരിപ്പിച്ച പെട്ടികടക്കാരന്‍ നന്നായിട്ടുണ്ട്. മറ്റുള്ളവരെല്ലാം സാധാരണമായ് തോന്നി.

സംവിധായകന്‍ മനസ്സില്‍ കണ്ടതും കാണാത്തതുമായ കല്‍ക്കത്ത നമുക്ക് കാണിച്ചു തരുന്ന കുമാറിന്റെ ഛായഗ്രഹണമികവ് സിനിമയിലാകെ നിറഞ്ഞു നില്‍ക്കുന്നു. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വെളിച്ചക്രമീകരണം, അനാവശ്യആംഗിളുകളുടെ അഭാവം തുടങ്ങിയവ പ്ലസ് പോയിന്റുകളാണ്. മനു ജഗത്തിന്റെ കലാസംവിധാനം എടുത്ത് പറയേണ്ടതാണ്. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും പരിസരമൊരുക്കുക എന്നത് പലരും കരുതുന്നത് പോലെ ഒരു സൂത്രപണിയല്ല. മനുവിന്റെ പക്വതയാര്‍ന്ന കലാവൈദഗ്‌ദ്യം കല്‍കത്താ ന്യൂസിന്റെ മാറ്റ് കൂട്ടുന്നു. സമര്‍ത്ഥവും വ്യത്യസ്തവുമായ കട്ട്‌സിലൂടെ കഥയെ നയിക്കുന്ന വിജയ് ശങ്കറിന്റെ ചിത്രസംയോജനം നന്നെങ്കിലും, സിനിമയുടെ വേഗതകുറവില്‍ ഒരു പങ്ക് എഡിറ്റര്‍ക്കും അവകാശപ്പെട്ടതാണ്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും സായിയുടെ വസ്താലങ്കാരവും മികച്ചു നില്‍ക്കുന്നു.
മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ ടെക്‍നിക്കലി ഏറ്റവും മികച്ച ഒന്നാണ് കല്‍കത്ത ന്യൂസ് എന്ന് നിസ്സംശയം പറയാം. സാങ്കേതികത്തികവ് എന്നാല്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ അധികപ്രസരമാണെന്ന ഒരു തെറ്റിദ്ധാരണ പ്രേക്ഷകനും സിനിമാപ്രവര്‍ത്തകര്‍ക്കും ഈയിടെയായ് ഉണ്ട്. എന്നാല്‍ സിനിമയുടെ കഥയ്ക്കനുയോജ്യമായ രീതിയില്‍ ഒരുക്കിയ പരിസരങ്ങള്‍ യഥാവിധി പകര്‍ത്തുകയും സംയോജിപ്പിക്കുകയും ക്രമീകരിക്കുകയും ഇം‌പ്രൊവൈസ് ചെയ്യുകയുമാണ് യഥാര്‍ത്ഥത്തില്‍ ചലച്ചിത്രമെന്ന മാധ്യമം ആവശ്യപ്പെടുന്ന സങ്കേതികമേന്മയെന്ന് തിരിച്ചറിഞ്ഞ അപൂര്‍വ്വം ചില മലയാളസംവിധായകരില്‍ ഒരാളാണ് താനെന്ന് ബ്ലെസ്സി ഈ സിനിമയിലൂടെ കാണിച്ചു തരുന്നു.

ചിത്രത്തിനായ് ദേബ് ജ്യോതി-ശരത് വയലാര്‍ ടീം ഒരുക്കിയ ഗാനങ്ങള്‍ മെലോഡിയസാണെങ്കിലും, അനവസരത്തിലുള്ള അവയുടെ പ്രവേശനം മൂലം സിനിമ കണ്ടിരിക്കുമ്പോള്‍ നാം അവയെ ശ്രദ്ധിക്കാന്‍ വിട്ടു പോവുകയും, തന്മൂലം എതിരഭിപ്രായം ഉണ്ടാവുകയും ചെയ്യും. പിന്നീട് ആ ഗാനങ്ങള്‍ മ്യൂസിക്ക് ഇന്‍ഡ്യാ‍ ഓ‌ണ്‍‌ലൈനില്‍ കേട്ടപ്പോളാണ് ഗാനങ്ങളെ കുറിച്ചുള്ള എന്റെ ആദ്യാഭിപ്രായം മാറിയത്. മുറിയിലെ വെളിച്ചമണച്ച് കുറഞ്ഞ ശബ്ദത്തില്‍ കേട്ടു കൊണ്ട് പതിയെ സുഖകരമായ ഉറക്കത്തിലേക്ക് നയിക്കാന്‍ പര്യാപ്തമായയാണ് അവ. ‘എങ്ങു നിന്നു വന്ന പഞ്ചവര്‍ണ്ണക്കിളി‘, ‘അകലെയൊരു ചില്ല‘ എന്നിവ നന്നായിരിക്കുന്നു. ‘കണ്ണാടി കൂട്ടിലെ‘ എന്ന ഗാനത്തിനും ഗാനചിത്രീകരണത്തിനും ഒരു പുതുമയുമില്ല. സിനിമയ്ക്ക് അതാവശ്യവുമില്ല.

സാധരണക്കാരന്റെ അസാധാരണബന്ധങ്ങള്‍, അതിനെ ഉലച്ചിലുകള്‍, പ്രതീക്ഷകള്‍, പൂവിടലുകള്‍, മരുപ്പച്ചകള്‍, മധുരനൊമ്പരപ്പാടുകള്‍ എന്നിവ അനുഭവമാക്കുന്ന മറ്റു ബ്ലെസ്സി ചിത്രങ്ങളുമായ് താരതമ്യപ്പെടുത്തിയാല്‍ കല്‍ക്കത്താ ന്യൂസ് ഒരു നിരാശയാണ്. പുതുതായൊന്നും പറയാനില്ലാത്തതെങ്കിലും സിനിമയുടെ സാദ്ധ്യതകളുള്ള ഒരു കഥയ്ക്ക് ഒരുക്കിയ സാധാരണമായ തിരക്കഥയാണ് ഈ നിരാശയ്ക്ക് പ്രധാനകാരണം. ബ്ലെസ്സിയിലെ നല്ല സംവിധായകനെ കാണിച്ചു തരുന്ന സിനിമയിലെ ആദ്യ 15 മിനിറ്റും അവസാന 15 മിനിറ്റും മനോഹരമാണെങ്കില്‍ അവയെ ഇണക്കുന്ന സമയം ഏറെക്കുറെ വിരസമാണ്. മഹാനദി, സൂത്രധാരന്‍ തുടങ്ങിയ ഒരുപാട് സിനിമകള്‍ ഒരുക്കിയ കാഴ്ചകള്‍ ഈ സിനിമയില്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുണ്ട്.

+ കുമാറിന്റെ ഛായാഗ്രഹണം, മനുവിന്റെ പക്വതയാര്‍ന്ന കലാവൈദഗ്‌ദ്യം, വിജയ് ശങ്കറിന്റെ ചിത്രസംയോജനം
+ ബ്ലെസ്സിയുടെ സംവിധാനപാടവം തെളിയിക്കുന്ന അവസാന 15 നിമിഷങ്ങള്‍
+ കല്‍ക്കത്തയുടെ പരിസരങ്ങള്‍

x ഇഴഞ്ഞു നീങ്ങുന്ന തിരക്കഥ. നല്ലൊരു സിനിമയായ് ആരംഭിക്കുകയും നല്ലൊരു സിനിമയായ് അവസാനിക്കുകയും ചെയ്യുന്നെങ്കിലും ഇടയിലെ ‘കാറ്റുവീഴ്ച‘ സിനിമയുടെ ടോട്ടാലിറ്റിയ്ക്ക് പ്രതികൂലമാവുന്നു.
x നമുക്കൊക്കെ ഏറെ ഇഷ്ടമെങ്കിലും, ആവര്‍ത്തനവിരസമാവുന്ന മീരയുടെ അഭിനയശൈലി
x ആര്‍ക്കുമൂഹിക്കാനാവുന്ന കഥ
x കഥയുടെ യാഥാര്‍ത്ഥ്യബോധത്തോട് മാറി നില്‍ക്കുന്ന ബ്ലാക്ക് മാജിക്ക്, പ്രേതവുമായുള്ള കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ അവിശ്വസനീയമായ സംഭവപരമ്പരകള്‍.

വാല്‍ക്കഷ്ണം: കച്ചവടസിനിമയുടെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് സിനിമയിലെ കലയെ പ്രേക്ഷകനിലേക്ക് പകരാന്‍ ശ്രമിക്കുന്ന ബ്ലെസ്സിയുടെ ശ്രമത്തെ കാണാതിരിക്കാനും പ്രശംസിക്കാതിരിക്കാനും നമുക്കാവില്ല.

16 comments:

salil | drishyan said...

ബ്ലെസ്സി കഥ-തിരക്കഥയൊരുക്കി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കല്‍ക്കത്ത ന്യൂസ്.

കാഴ്ച, തന്മാത്ര (പളുങ്ക് കാണാന്‍ ഇതു വരെ എനിക്കായില്ല) എന്ന മുന്‍‌കാലചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷകനെ ബ്ലെസ്സി നിരാശപ്പെടുത്തുമെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കല്‍ക്കത്ത ന്യൂസും കാണിച്ചു തരുന്നുണ്ട്. ഒരുപക്ഷെ, ഒന്ന് രണ്ട് റീല്‍ കുറച്ച് ഈ ചിത്രം ഒന്ന് റീ-ഫോര്‍മാറ്റ് ചെയ്തിരുന്നെങ്കില്‍ കഴിഞ്ഞ 3-4 കൊല്ലത്തിനിടയ്ക്ക് മലയാളത്തിളിറങ്ങിയ നല്ല ചിത്രങ്ങളിലൊന്നായ് മാറുമായേനേ ഈ ചിത്രം.സിനിമയുടെ കഥയ്ക്കനുയോജ്യമായ രീതിയില്‍ ഒരുക്കിയ പരിസരങ്ങള്‍ യഥാവിധി പകര്‍ത്തുകയും സംയോജിപ്പിക്കുകയും ക്രമീകരിക്കുകയും ഇം‌പ്രൊവൈസ് ചെയ്യുകയുമാണ് യഥാര്‍ത്ഥത്തില്‍ ചലച്ചിത്രമാവശ്യപ്പെടുന്ന സങ്കേതികമേന്മയെന്ന് തിരിച്ചറിഞ്ഞ അപൂര്‍വ്വം ചില മലയാളസംവിധായകരില്‍ ഒരാളാണ് താനെന്ന് ബ്ലെസ്സി ഈ സിനിമയിലൂടെ കാണിച്ചു തരുന്നു.

കല്‍ക്കത്ത ന്യൂസിന്റെ കാഴ്ചകളുമായ് സിനിമാക്കാഴ്ച വീണ്ടും.

സസ്നേഹം
ദൃശ്യന്‍

siva // ശിവ said...

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായവുമായി യോജിക്കുന്നു...

ശ്രീ said...

ഈ വിവരണവും നന്നായി, മാഷേ.
:)

Haree said...

വളരെ നന്നായിരിക്കുന്നു. എനിക്കു ചിത്രവിശേഷത്തില്‍ ഞാനെഴുതിയതിനേക്കാള്‍ ഇഷ്ടമായത് ഇതാണ്. കുറച്ചു കൂടി ആഴവും ഇതിനുണ്ട്. ഉണ്ടാവുകയും വേണം. :)

• അവസാന 15 മിനിറ്റ്: അതെനിക്ക് അത്ര ആകര്‍ഷകമായിത്തോന്നിയില്ല, പ്രത്യേകിച്ചും സിനിമയുടെ ആരംഭത്തിലെ പുതുമ ആസ്വദിച്ചശേഷം.
• പാട്ടുകള്‍ നല്ലതുതന്നെ. പക്ഷെ, സിനിമയില്‍ ഒരാവശ്യവുമില്ലാത്തതായി തോന്നി.
• മീരയുടെ കഥാ‍പാത്രത്തിന് മറ്റൊരു മുഖം നല്‍കിയിരുന്നെങ്കില്‍!
• ഈ ഫിക്ഷന്‍-ഡൊക്യുമെന്ററി, മൊബൈല്‍ വീഡിയോ, അവാര്‍ഡ് - ഇതൊക്കെ ഒഴിവാക്കി നല്ലൊരു ഇന്‍‌വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റിന്റെ കഥയാക്കിയിരുന്നെങ്കിലോ?

ഊ സാങ്കേതിക വിദഗ്ദ്ധരുടെയൊക്കെ പേര് എവിടെനിന്നു കിട്ടുന്നു? എഴുതിക്കാണിക്കുമ്പോള്‍ കുറിച്ചെടുക്കുന്നതാണോ? പേരില്ലാത്തതുകൊണ്ട് കുറേയേറെ ഞാന്‍ പല വിശേഷങ്ങളിലും പറയാതെ വിടുന്നുണ്ട്. :)
--

കാര്‍വര്‍ണം said...

അതെ ഞാനും കുറച്ചേറെ പ്രതീക്ഷയോടെയാണ് പോയത്. ചെറിയ നിരാശ ഉണ്ട്. പോസ്റ്റിനോട് യോജിക്കുന്നു. ഒരു കാര്യം പോസ്റ്റില്‍ കണ്ടില്ല അതുകൊണ്ട് പറയുന്നു. ആ ബ്ലാക്ക് മാജിക്കു കൊണ്ടു ബ്ലെസി എന്താണ് ഉദ്ദേശിക്കുന്നത്. അതിനെ ന്യായീകരിക്കുകയാണോ. ??

Balu said...

റിവ്യൂ നന്നായിട്ടുണ്ട്.. ഹരീഷേട്ടന്‍ തന്നെ പറഞ്ഞല്ലോ.. സിനിമയുടെ കഥ മലയാളസിനിമയെ സംബന്ധിച്ച് അധികം പറയാത്ത വിഷയമാണ്. ദൃശ്യങ്ങള്‍ക്ക് ഒരു ഹോളിവുഡ് ചിത്രത്തിന്റെ നിലവാരം ഒക്കെ തോന്നി, ചില സീനുകള്‍ മെല്‍ ഗിബ്സന്റെ അപൊകാലിപ്റ്റൊ ഓര്‍മ്മിപ്പിച്ചു.

ടെക്‍നിക്കലി പെര്‍ഫക്ട്, പക്ഷെ സ്ക്രിപ്റ്റ് ചതിച്ചു!

salil | drishyan said...

ശിവകുമാര്‍, ശ്രീ, നന്ദി.

നന്ദി ബാലു, അവസാനസീനുകള്‍ക്ക്, ശരിയാണ്, ഒരു അപൊകാലിപ്റ്റൊ ഛായ ഉണ്ട്. അതു മാത്രമല്ല, വേറെ പല സിനിമകളുടെയും ഛായ തോന്നിക്കും. “ടെക്‍നിക്കലി പെര്‍ഫക്ട്, പക്ഷെ സ്ക്രിപ്റ്റ് ചതിച്ചു“-സത്യം!

കാര്‍വര്‍ണ്ണം, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
“കഥയുടെ യാഥാര്‍ത്ഥ്യബോധത്തോട് മാറി നില്‍ക്കുന്ന ബ്ലാക്ക് മാജിക്ക്, പ്രേതവുമായുള്ള കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ അവിശ്വസനീയമായ സംഭവപരമ്പരകള്‍“ എന്നിവ നെഗറ്റിവ് പോയന്‍‌റ്റ്സായി എഴുതിയിരുന്നുവല്ലോ. കഥ കൊണ്ട് പോകാനുള്ള ഒരു ഉപാധിയായാണ് എനിക്കത് തോന്നിയത്. സംവിധായകന്‍ അതിനെ ന്യായീകരിക്കുന്നുമില്ല, എതിര്‍ക്കുന്നുമില്ല. നരബലിയും മറ്റും ആചാരമായുണ്ടായിരുന്ന കൊല്‍ക്കത്താ നഗരത്തിനും ബംഗാളിനും ആഭിചാരം ഒരു പുതിയ സംഗതിയല്ല. അതു ആ സംസ്ക്കാരത്തിന്‍‌റ്റെ ഭാഗം തന്നെയാണ്. അതിനാല്‍ കൊല്‍ക്കത്ത പശ്ചാത്തലമായുള്ള കഥയില്‍ ആ സംസ്ക്കാരവും വിലക്കി ചേര്‍ത്തതാവും ബ്ലെസ്സി. ആ രംഗങ്ങള്‍ തരക്കേടില്ലെങ്കിലും മാജിക്ക് ബോളില്‍ ഇന്ദ്രജിത്തിന്‍‌റ്റെ രൂപം പ്രത്യക്ഷപ്പെടുന്നതും കൃഷ്ണവേണി ഹരി മരിച്ച സ്ഥലത്തു പോകുന്നതുമെല്ലാം അങ്ങ് ദഹിക്കാന്‍ പറ്റുന്നില്ല.

നന്ദി, ഹരി. വിശദമായ മറുപടി പിറകെ.

സസ്നേഹം
ദൃശ്യന്‍

ശാലിനി said...

മീര ഒരേപോലെയുള്ള കഥാപാത്രങ്ങളെയണ് ഈയിടെയായി അവതരിപ്പിക്കുന്നത് എന്നു തോന്നുന്നു. അപ്പോള്‍ പിന്നെ ഒരേ ഭാവമല്ലേ വരൂ‍.. എന്തു പറഞ്ഞാലും ഇപ്പോഴുള്ളതിലേക്കും പ്രിയപ്പെട്ട നടി മീര തന്നെ.

ദിലീപിനോട് സഹതാപം തോന്നുന്നു.

ബ്ലെസിയുടെ കാഴ്ച ഇതുവരെ കണ്ടില്ല. തന്മാത്രയും പളുങ്കും ഇഷ്ടപെട്ടിരുന്നു. എങ്കിലും പളുങ്ക് നോട്ട് ബുക്കിന്റെയത്ര വരില്ല്. (റോഷനാണ് മികവുകൂടുതല്‍)

നരനേയും സായയേയും ഒന്നുണര്‍ത്തിക്കൂടേ?

salil | drishyan said...

ശാലിനീ, വായനയ്ക്കും അഭിപ്രായത്തിനും നന്ദി. മീര ഒരേപോലെയുള്ള കഥാപാത്രങ്ങളെയണ് ഈയിടെയായി അവതരിപ്പിക്കുന്നത് കൊണ്ടാണോ ഒരേ ഭാവങ്ങള്‍ മാത്രം വരുന്നത് അതോ എല്ലാ കഥാപാത്രങ്ങളേയും മീര ഒരേ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടോ. എനിക്ക് തോന്നുന്നത് സംവിധായകരും അതേ ഭാവങ്ങള്‍ കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്നാണ്. ഇപ്പോഴുള്ളതില്‍ വെച്ച് നല്ലത് മീര തന്നെ എന്നത് നിസ്സംശയം പറയാം. എന്തേ കാഴ്ച ഇതുവരെ കാണാഞ്ഞത്? എത്രയും പെട്ടന്ന് കാണൂ. പളുങങ്കും നോട്ടുബുക്കും ഞാന്‍ കണ്ടിട്ടില്ല, അതു കൊണ്ട് അതിനെ കുറിച്ച് അഭിപ്രായം പരയുന്നില്ല. റോഷന്‍-ബ്ലെസ്സി താരതമ്യത്തില്‍ ബ്ലെസ്സി മുന്നിലാവുമെന്ന് സംശയമില്ല.
നരനേയും സായയേയും ഈ മാസം തന്നെ ഒന്നുണര്‍ത്തുന്നുണ്ട്.:-)

സസ്നേഹം
ദൃശ്യന്‍

ടി.സി.രാജേഷ്‌ said...

സ്റ്റിംഗ്‌ ഓപ്പറേഷനുകളുടെ കാലത്ത്‌ മൊബൈല്‍ ക്യാമറ ഉപയോഗിച്ചുള്ള ഈ പത്രപ്രവര്‍ത്തനം ശ്രദ്ധേയമാണ്‌. സാങ്കേതികരംഗത്തെ ഈ വളര്‍ച്ച അതിദ്രുതം സിനിമയിലെത്തിച്ചതിന്‌ ബ്ലെസിയെ അ്‌ഭിനന്ദിക്കണം. പോരായ്‌മകള്‍ ഉള്ളത്‌ വളരെ ചെറുതാണ്‌. മൊബൈലില്‍ പകര്‍ത്തുന്നത്‌ ടെലികാസ്റ്റ്‌ ചെയ്യാന്‍ മടിക്കാത്ത ചാനലുകളാണ്‌ ഇന്നുള്ളത്‌. മൊബൈല്‍ ക്യാമറ വളരെ എളുപ്പം പ്രവര്‍ത്തിപ്പിക്കാനാകുമെന്നതിനാല്‍ സിറ്റിസണ്‍ ജേര്‍ണലിസത്തില്‍ അതിനു പലതും ചെയ്യാനാകും. അത്തരമൊരു ബോധവല്‍ക്കരണം കൂടി ഈ ചിത്രം നല്‍കുന്നുണ്ട്‌. സത്യത്തില്‍ കല്‍ക്കത്താ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ എന്നതിലുപരി ഒരു സാധാരണക്കാരനായ വ്യക്തിയായി ദിലീപിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു കൂടുതല്‍ ഉചിതം. പഴുതുകളില്ലാതെ കഥ പറയാന്‍ ബുദ്ധിമുട്ടുണ്ടാകുമായിരുന്നുമില്ല. അവസാനഭാഗത്തെ ശുഭപര്യവസായിയും വേണ്ടിയരുന്നില്ല. പളുങ്കില്‍ പറ്റിയ തെറ്റ്‌ കഥാവതരണത്തിന്റെ കാര്യത്തില്‍ ഈ സിനിമയില്‍ ബ്ലെസി തിരുത്തിയപ്പോള്‍ ക്ലൈമാക്‌സില്‍ ഒരു ഒത്തുതീര്‍പ്പു നടത്തുകയായിരുന്നോ..
വേറെന്നു കേള്‍ക്കണോ. കല്‍ക്കത്തയിലെ സൊനഗാച്ചിയില്‍ ഈ സിനിമയുടെ ക്ലൈമാക്‌സ്‌ ചിത്രീകരിക്കാന്‍ ലക്ഷങ്ങളാണു മുടക്കിയത്‌. ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയ്‌ക്ക്‌ ദിവസം 30000 രൂപ. ആണും പെണ്ണുമടങ്ങുന്ന ദാദമാരുണ്ട്‌. ഓരോരുത്തര്‍ക്കും ദിവസം 15000 രൂപ. പിന്നെ പോലീസിനും വാരിക്കോരിക്കൊടുക്കേണ്ടി വന്നുവത്രെ. ചിത്രത്തിന്റെ സംവിധാന സഹായിയായ എന്റെ സുഹൃത്തു പറഞ്ഞതാണിത്‌.....

salil | drishyan said...

ഹരീ,
തന്റെ കമന്‍‌റ്റ് ശരിക്കും എനിക്കൊരു ബൂസ്റ്റായിരുന്നു. നന്ദി.
ഫിക്ഷന്‍-ഡൊക്യുമെന്ററി, മൊബൈല്‍ വീഡിയോ, അവാര്‍ഡ് - ഇതൊക്കെ ഒഴിവാക്കി നല്ലൊരു ഇന്‍‌വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റിന്റെ കഥയാക്കിയിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ നന്നായേനേ എന്നത് പരമാര്‍ത്ഥം. മീരയുടെ അഭിനയം മറ്റൊരു തലത്തിലായിരുന്നെങ്കില്‍ എന്നെനിക്കും തോന്നി. പാട്ടുകള്‍ ചിത്രത്തില്‍ ഒരു അഡ്‌ജസ്റ്റ്‌മെന്റ് പോലെയാണ്. ചിലത് തികച്ചും അനാവശ്യം. സാങ്കേതിക വിദഗ്ദ്ധരുടെയൊക്കെ പേര് ഞാന്‍ മനസ്സില്‍ ഓര്‍ത്ത് വെക്കാറുണ്ട്. ഓര്‍ത്തെടുക്കാനാവാത്തത് ഗൂഗിള്‍ വഴി തപ്പി പിടിക്കും. അത്രന്നെ. :-)

വക്രബുദ്ധി,
വായനയ്ക്കും വിശദമായ കമനന്‍‌റ്റിനും നന്ദി.
കല്‍ക്കത്താ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ എന്നതിലുപരി ഒരു സാധാരണക്കാരനായ വ്യക്തിയായി ദിലീപിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നെങ്കില്‍ നമ്മള്‍ക്ക് ദഹിക്കുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്. പ്രത്യേകിച്ചും ഹരി-കൃഷ്ണവേണി ദമ്പതികളെ അജിത്ത് കണ്ടുമുട്ടുന്നത്, പിന്നീട് കൃഷ്ണയെ അടച്ചിട്ട മുറിയില്‍ നിന്ന് ലഭിച്ചത് അജിത്ത് അറിഞ്ഞത്, മൊബൈലിലെ രംഗങ്ങള്‍ വളരെ പെട്ടെന്ന് സം‌പ്രേക്ഷണം ചെയ്ത് ജനശ്രദ്ധ പിടിച്ച് പറ്റാനായത് - ഇതെല്ലാം അജിത് ഒരു മീഡിയപേര്‍‌സണ്‍‌ ആയതിനാലല്ലേ? അവസാനഭാഗത്തെ ശുഭപര്യവസായി ഒരു കോമ്പ്രമൈസ് ആയിരുന്നുവെന്ന് എനിക്കും തോന്നുന്നു.

സസ്നേഹം
ദൃശ്യന്‍

aneeshans said...

ഒരു കാര്യം വ്യക്തമാണ് കാഴ്ച്ച, തന്മാത്ര അതിനു ശേഷം എന്തുകൊണ്ടോ ബ്ലെസ്സിയുടെ രണ്ട് ചിത്രങ്ങളും നിരാശാജനകമായിരുന്നു. പളുങ്കും കൈകാര്യം ചെയ്തത് ഏകദേശം ഈ വിഷയം തന്നെ ആയിരുന്നു, പ്ലോട്ട് മാറിയെന്നേയുള്ളൂ.

കല്‍ക്കട്ടാ ന്യൂസ് പലപ്പോഴും ഒരു വിനയന്‍ ചിത്രത്തിന്റെ നിലവാരത്തിലേക്ക് താഴുകയും ചെയ്തു. ഒരു മൊബൈല്‍ വീഡിയോയുടെ ക്ലാരിറ്റി കണ്ടിട്ട് അത്ഭുതം തോന്നി. മോട്ടറോള 2015 ല്‍ ഇറക്കാന്‍ പോകുന്ന ക്യാമറ ഫോണ്‍ ആണെന്ന് തോന്നുന്നു അത് :).

നായികയുടെ ചാരിത്ര്യം നിലനിര്‍ത്താന്‍ ബ്ലെസ്സി ഒരുപാട് കഷ്ടപ്പെട്ട് കാണണം. ഇപ്പോഴും മലയാള സിനിമ ഈ വക ക്ലീഷേകളുടെ വാലില്‍ കിടന്ന് ചുറ്റിത്തിരിയുകയണല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.
മുന്തിരിത്തോപ്പുകളും, തൂവാനത്തുമ്പികളും എടുത്ത പദ്മരാജന്റെ പിന്‍ ഗാമിയായി അറിയപ്പെടുന്ന ബ്ലെസ്സിയും കപട സദാചാര ബോധത്തിന്റെ കൂച്ചു വിലങ്ങില്‍ പെട്ടു പോയല്ലോ.

ദിലീപിന്റെ ഹിന്ദി, ആംഗലേയ ഡയലോഗുകള്‍ ചിരിയുണത്തി. കല്‍ക്കട്ടയില്‍ ജനിച്ച് വളര്‍ന്ന് മീഡിയയില്‍ ജോലി ചെയ്യുന്ന ഒരാളുടെ ഭാഷയിലുള്ള വൈദഗ്ദ്യം :)മീരയുടെ ഒരു സീന്‍ പോലും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല.

ഓര്‍മ്മയില്‍ നില്‍ക്കുന്നത് കുമാറിന്റെ ക്യാമറ മാത്രമാണ്. കല്‍ക്കട്ട നന്നായി പകര്‍ത്തിയിട്ടൂണ്ട്.
നല്ല പാട്ടുകള്‍ ഉണ്ട് , ചിത്രത്തില്‍ അസ്ഥാനത്തായി പോയെങ്കിലും.
ഈ സിനിമ ആര്‍ക്ക് ഗുണം ചെയ്യും ആവോ !!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നോമാദ് സേം പിഞ്ച്..
“ദിലീപിന്റെ ഹിന്ദി, ആംഗലേയ ഡയലോഗുകള്‍ ചിരിയുണത്തി”

ആ “ദിസ് ഇസ് ടെറ്‌റിബിള്‍ സിറ്റുവേഷന്‍ ഹിയര്‍” ഹെന്റമ്മോ... ഇതൊന്നും ആരും കേട്ടില്ലേ ആവോ!!!!...ചിരിച്ചു ചിരിച്ചെന്റെ കുടലു മറിഞ്ഞു. ആ സീനിന്റെ സീരിയസ്നസ്സ് മൊത്തം പോയിക്കിട്ടി.

Peelikkutty!!!!! said...

ചിത്രികരണ രീതി നന്നായിട്ടുണ്ട്...പക്ഷേ പല സീനുകളും‌ ഏച്ചു കെട്ടിയപോലുണ്ട്...മീര ജാസ്മിനെ സ്ക്രീനില്‍‌ കാണാനൊരുപാട് ഇഷ്ടാ..പക്ഷേ ഈ സിനിമേല് ഇത്തിരി വ്യത്യസ്തത കൊടുക്കായിരുന്നു മീരയ്ക്ക്.. ദിലീപിന്റെ സ്റ്റൈല്‍‌ (ലുക്ക് വൈസ്)നന്നായിട്ടുണ്ട് പക്ഷേ ....:( കമലാഹാസന്റെ ഏതോ സിനിമേല് കണ്ട അതേ സീനിന് ഒരു കഥ തട്ടിക്കൂട്ടിയപോലുണ്ട്..

ദൃശ്യേട്ടന്റെ വിശകലനം‌ നന്നായിട്ടുണ്ട്:)

mumsy-മുംസി said...

ബ്ലെസ്സി ഒരു ഊതിവീര്‍പ്പിക്കപ്പെട്ട ബലൂണല്ലേ എന്ന എന്റെ സംശയം ഈ പടത്തോടെ ഉറച്ചു. കല്‍ക്കട്ട ന്യൂസ് ഇത്ര റേറ്റിങ്ങ് അര്‍ഹിക്കുന്നുണ്ടോ?
പടത്തിന്റെ ടോണ്‍ കൊള്ളാം അതുപോലെ സംഗീതവും ശബ്ദലേഖനവും, ടെക്‌നിക്കലി മോശമായിട്ടാണ്‌ എനിക്കനുഭവപ്പെട്ടത്. പ്രത്യേകിച്ച് എഡിറ്റിങ്ങ്. പിന്നെ ആദ്യത്തെ പത്തു മിനിറ്റിലെപ്പോഴോ മൊബൈല്‍ ക്യാമറ ക്രെയിനില്‍ സന്ചരിക്കുന്നതും കണ്ടു. ബ്ലെസ്സി ഇത്ര കാലം പത്‌മരാജനു പഠിച്ചിട്ടും രക്ഷപ്പെട്ടിട്ടില്ലല്ലോ? (നായികയെ 'പരിശുദ്ധയായി' തന്നെ നായയകന്‍ കൈമാറിയതു കണ്ടപ്പോള്‍ ചോദിച്ചതാണ്!)

salil | drishyan said...

വിശദമായ കമന്‍‌റ്റിന് നന്ദി നൊമാദ്. പളുങ്ക് ഞാന്‍ കണ്ടിട്ടില്ല, പക്ഷെ സമാനാഭിപ്രായമാണ് ചില സുഹൃത്തുക്കള്‍ പറഞ്ഞത്. മൊബൈല്‍ വീഡിയോയുടെ ക്ലാരിറ്റി കണ്ടിട്ട് ഞാനും അത്ഭുതപ്പെട്ടു. നായികയുടെ ചാരിത്ര്യശുദ്ധി മലയാളിക്ക് ഇന്നും ഒരു പ്രശ്നമാണെന്ന് കരുതുന്നവര്‍ മലയാളിയുടെ കപടസദാചാരബോധത്തെ മൂകം മാനിക്കുകയാണ്. കൃഷ്ണപ്രിയയെ കന്യകയായ് നിലനിര്‍ത്താനുള്ള ഹരിയുടെ (ഇന്ദ്രജിത്ത്) നിലപാട് സ്വാഭാവികമാണ്. പക്ഷെ അവസാനരംഗത്തില്‍ ‘കന്യകയായ’ കൃഷ്ണപ്രിയയെ (മീര) ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.

കുട്ടിച്ചാത്താ... :-)

പീലിക്കുട്ടി, നന്ദി. ഈ ചിത്രത്തില്‍ മീരയ്ക്ക് - അഭിനയത്തിലും കാഴ്ചയിലും - ഒരു വ്യത്യസ്തതയുമില്ലെന്നതാണ് സത്യം. മഹാനദിയെ അനുസ്മരിപ്പിക്കുന്ന കാഴ്ചകള്‍ എന്നെയും നിരാശപ്പെടുത്തി.

മുംസീ, ബ്ലെസ്സി ഒരു ഊതിവീര്‍പ്പിക്കപ്പെട്ട ബലൂണാണെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ പ്രതിഭയുടെ ബഹിര്‍സ്പുരണങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്.
പടത്തിന്റെ ടോണ്‍ തീര്‍ച്ചയായും കൊള്ളാം. സംഗീതവും ശബ്ദലേഖനവും, ടെക്‌നിക്കലി മോശമായി എനിക്ക് തോന്നിയില്ലാട്ടൊ. മൊബൈല്‍ ക്യാമറ ക്രെയിനില്‍ സഞ്ചരിക്കുന്നുണ്ടോ? ഡോക്യു-ഫിക്ഷന്റെ ഷോട്ടുകളിലൊന്നാണോ അങ്ങനെ തോന്നിച്ചത്. ഞാന്‍ അത്രയ്ക്ക് ശ്രദ്ധിച്ചില്ല. ഇനിയൊരിക്കല്‍ കാണുമെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം. പിന്നെ സിനിമയുടെ അവസാനം ആദ്യം തീരുമാനിച്ചതില്‍ നിന്ന് അണിയറക്കാര്‍ മാറ്റിയോ എന്നൊരു സംശയം എനിക്കുണ്ട്. സാങ്കേതികമായ് ചിത്രം മികച്ച് നില്‍കുന്നു എന്നതാണ് ഈ റേറ്റിം‌ഗ് കൊടുക്കാന്‍ കാരണം. ഓരോ ഘടകത്തിനും ഞാന്‍ കൊടുത്ത റേറ്റിംഗ് ശ്രദ്ധിച്ചിരിക്കുമല്ലോ. വിശദമായ കുറിപ്പിന് വളരെ നന്ദി.

സസ്നേഹം
ദൃശ്യന്‍