കഥാസംഗ്രഹം:
ഇന്റര്‍നാഷനല്‍ ലെവലില്‍ ചെറുകിടകള്ളക്കടത്ത് നടത്തുന്ന അറുമുഖ ദാസ് എന്ന ദാസണ്ണയുടെ (പ്രഭു) വലംകയ്യാണ് ദേവ (സൂര്യ). സൂര്യയുടെ അച്ഛനും ദാസും ചേര്‍ന്ന് തുടങ്ങിയ കൈ-കാല്‍ വെട്ട് ബിസിനസ്സ് നിര്‍ത്തിവ്യാജ സി.ഡി-സ്വര്‍ണ്ണ-വജ്ര വ്യാപാരമേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ദില്ലി (കരുണാസ്) കൂടി ഉള്‍പെട്ട ഇവരുടെ ടീം ചെയ്യുന്നത്. ദേവയുടെ അമ്മ കാവേരിയുടെ (രേണുക) ആഗ്രഹം മകന്‍ ഒരു സര്‍ക്കാറുദ്യോസ്ഥനാവണം എന്നാണ്. പക്ഷെ ദാസണ്ണനെ വിട്ട് പോകാന്‍ അഭ്യസ്തവിദ്യനായ ദേവയ്ക്കാവുന്നില്ല. ബിസിനസ്സില്‍ ഇവരുടെ ഏകശത്രു സേട്ടുപുത്രന്‍ കമലേഷാണ് (ആകാഷ്‌ദീപ് സൈഗള്‍). ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ റിബല്‍ നേതാവ് മോന്‍ബോയുമായുള്ള ദാസിന്റെ ഡയമണ്ട് ബിസിനസ്സും വിദേശകപ്പലുകള്‍ വഴി വന്നു ചേരുന്ന സ്വര്‍ണ്ണവുമെല്ലാം കമലേഷിന്റെ മോഹങ്ങളാണ്. പുതിയ സൂപ്പര്‍സ്റ്റാര്‍ ചിത്രമായ ‘ആണ്ടവന്‍ ആരംഭ’ത്തിന്റെ വ്യാജ സി.ഡിയുമായ് മലേഷ്യയില്‍ നിന്ന് ദേവ വരുന്നതോട് കൂടിയാണ് അയന്‍ ആരംഭിക്കുന്നത്. അതേ സിനിമയുടെ സി.ഡി കടത്താന്‍ ശ്രമിച്ച് കമലേഷിന്റെ ആളുകളെ കസ്റ്റംസ് ഓഫീസര്‍ പാര്‍ത്ഥിപന്‍ (പൊന്‍വണ്ണന്‍) പിടിക്കുന്നു. കമലേഷിന്റെ ഇന്‍ഫോര്‍മേഷന്‍ അനുസരിച്ച് ദാസിന്റെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പോലീസ് എത്തുന്നുവെങ്കിലും സി.ഡികള്‍ അവിടെയുപേക്ഷിച്ച് ദേവയും കൂട്ടരും രക്ഷപ്പെടുന്നു. രേഖയ്ക്കായ് ആരെയെങ്കിലുമൊരാളെ അറസ്റ്റ് ചെയ്യണമെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ പറയുമ്പോള്‍ തൊഴില്‍രഹിതനായ ചിത്തി ബാബു (ജഗന്‍) സ്വയം ആ ദൌത്യം ഏറ്റെടുക്കുന്നു. ദേവയും ചിത്തിയും സുഹൃത്തുക്കളാകുന്നു. “ഒരു നോക്ക് രണ്ട് വാക്ക്, പിന്നെ പ്രേമം’ എന്ന മട്ടില്‍ ചിത്തിയുടെ സഹോദരി യമുനയും (തമന്നഭാട്ടിയ) ദേവയും തമ്മിലടുക്കുന്നു. ദാസിന്റെ ടീം തകര്‍ക്കാനുള്ള കമലേഷിന്റെ ശ്രമങ്ങളും അജയ്യനായി നില്‍കാനുള്ള ദേവയുടെ ശ്രമങ്ങളുമാണ് പിന്നീട് അയന്‍ കാണിക്കുന്നത്.
അഭിനയം, സാങ്കേതികം:
പോസ്റ്ററുകളിലും മറ്റും പറഞ്ഞിരിക്കുന്ന പോലെ അയന്‍ ഒരു സൂര്യചിത്രമാണ്. വിദ്യാഭ്യാസമുള്ള സ്റ്റണ്ടും ഡാന്‍സും പാട്ടും പ്രണയവും എല്ലാമറിയുന്ന കൂര്‍മ്മബുദ്ധിയുള്ള സ്റ്റീരിയോടൈപ്പ് നായകനായ ദേവയെ അഭിനയിച്ച് ഫലിപ്പിക്കാന്‍ സൂര്യ ഏറെയൊന്നും ശ്രമപ്പെട്ടിട്ടുണ്ടാവില്ല. ഗജിനിക്ക് ശേഷം സൂര്യക്ക് ലഭിക്കുന്ന നല്ലൊരു വാണിജ്യവിജയമായിരിക്കും അയന്‍.
കല്ലൂരിക്കും പഠിക്കാത്തവനും ശേഷം തമന്നക്ക് കിട്ടിയ ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് യമുന. കച്ചവടസിനിമയുടെ സ്ഥിരം ചട്ടകൂടിലൊതുങ്ങുന്ന ഈ നായികാവേഷത്തെ ഗ്ലാമറിന്റെ അതിപ്രസരം നല്‍കാതെ രക്ഷപ്പെടുത്തിയിട്ടുണ്ട് തമന്നയും സംവിധായകനും. സൂര്യയുമൊരുമിച്ചുള്ള പ്രണയരംഗങ്ങളില്‍ തരക്കേടില്ലെങ്കിലും ഇത്തിരി അഭിനയം ആവശ്യപ്പെടുന്ന രംഗങ്ങളില്‍ തമന്ന നന്നേ പാടു പെടുന്നതായ് കാണാം.
അയനില്‍ ഏറ്റവും നന്നായി അനുഭവേദ്യമായ് അഭിനയിച്ചിരിക്കുന്നത് ചിത്തിയായ് വരുന്ന ജഗനും ദാസണ്ണയായ് മാറിയ പ്രഭുവുമാണ്. മലേഷ്യയിലേക്ക് മയക്കുമരുന്ന്കടത്തുന്ന രീതിയും ചിത്തിക്കുണ്ടാവുന്ന ദുരന്തവുമെല്ലാം പ്രേക്ഷകനോടൊപ്പം തിയേറ്ററിന് വെളിയിലേക്ക് വരുമെന്നതുറപ്പാണ്. രേണുകയും പൊന്‍വണ്ണനും [ഫ്ലാഷ് എന്ന സിനിമയിലൂടെ മലയാളത്തില്‍ നാം ഇദ്ദേഹത്തെ മുന്‍പ് കണ്ടിട്ടുണ്ട്], കരുണാസുമെല്ലാം കഥാപാത്രങ്ങളായിരിക്കുന്നു.
അയനിലെ ഏറ്റവും ദുര്‍ബലകണ്ണി കമലേഷായി വരുന്ന ആകാഷ്‌ദീപ് സൈഗളാണ്. സാസ്-ബഹു പരമ്പരകളിലൂടെ പരിചിതനായ ആകാഷ് സീരിയല്‍ അഭിനയം തന്നെ വെള്ളിത്തിരയിലും കാഴ്ച വെച്ചിരിക്കുന്നു. “ഹീറോ, എന്നെ പെട്ടന്ന് ഇടിച്ചോ” എന്ന് വിളിച്ച് പറയുന്ന രീതിയില്‍ പഴയകാല-പ്രതിനായകഥാപാത്രങ്ങളുടെ ഭാവഹാവാദികളുമായ് (കണ്ണുരുട്ടല്‍, തലയും മുടിയും കുലുക്കല്‍, അത്യുച്ചത്തില്‍ സംസാരിക്കല്‍, എന്തിനും എതിര്‍ക്കല്‍) സ്ക്രീന്‍ നിറഞ്ഞ് നില്‍കുന്ന ആകാഷ് അഭിനയമെന്തെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു.
മാഫിയശൃംഖലയിലെ ജീവിതങ്ങള്‍ പകര്‍ത്തുന്ന കഥ മെനഞ്ഞ ശുഭ പ്രവചനീയമായ ഒരു അവസാനം സിനിമയ്ക്ക് നല്‍കരുതായിരുന്നു. ദേവയുടെ പ്രതികാരവും കമലേഷിന്റെ പതനവുമെല്ലാം എത്രയോ വര്‍ഷങ്ങളായി നാം കാണുന്നതാണ്. രണ്ടാം പകുതിയില്‍ വരുന്ന പ്രണയവും പകയും വേര്‍പാടും വളവുകളും തിരിവുകളുമെല്ലാം (ട്വിസ്റ്റ് & ടേര്‍ണ്‍) പരിചിതമായ് തോന്നുമെങ്കിലും തിരക്കഥയുടെ വേഗത നിലനിര്‍ത്തി കൊണ്ട് അതെല്ലാം പറഞ്ഞിരിക്കുന്നതിനാല്‍ പ്രേക്ഷകന് മുഷിയില്ല. ആഭ്യന്തരയുദ്ധം പരിസരമായുള്ള കോംഗോ അദ്ധ്യായത്തിലെ വജ്രകച്ചവടത്തിനായ് വരുന്ന ദേവയും റിബല്‍ നേതാവ് മോന്‍ബോയുമായുള്ള കൂടിക്കാഴ്ചയും, ഡയമണ്ടിനായുള്ള ചേസുമെല്ലാം ബ്ലഡ് ഡയമണ്ട്, കസിനോ റോയല്‍ തുടങ്ങിയ ഒട്ടനവധിവിദേശചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. സാധാരണകച്ചവടസിനിമകളില്‍ കാണാറുള്ള വേറിട്ട കോമഡി ട്രാക്കും, സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രംഗങ്ങളുമില്ലാത്ത ഒരു വിനോദസിനിമ എടുത്തതില്‍ സിനിമയുടെ തിരക്കഥാപങ്കാളി കൂടിയായ കെ.വി.ആനന്ദിന് അഭിമാനിക്കാം.
അയന്റെ ഹൈലൈറ്റ് കനല്‍ കണ്ണന്റെ സംഘട്ടനരംഗങ്ങളാണ്. അതിമാനുഷികങ്ങളെങ്കിലും വിശ്വസനീയമായ രീതിയില്‍ സംഘട്ടനങ്ങള്‍ ചിത്രീകരിക്കാന്‍ കനല്‍ കണ്ണനും ആനന്ദിനും കഴിഞ്ഞിരിക്കുന്നു. രാജീവന്റെ കലാസംവിധാനം ഫലപ്രദമാണ്. ആന്റണിയുടെ എഡിറ്റിംഗ് ടേബിളില്‍ രൂപപ്പെട്ട കോംഗൊ, ചെന്നൈ, മലേഷ്യ എന്നിടങ്ങളിലൂടെസഞ്ചരിക്കുന്ന പ്രഭുവിന്റെ ക്യാമറ പകര്‍ത്തിയ രംഗങ്ങള്‍ ആദിമദ്ധ്യാന്തം പ്രേക്ഷകനെ രസിപ്പിച്ചിരുത്താന്‍ പര്യാപ്തമാണ്.
ഹാരിസ് ജയരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് വരികളൊപ്പിച്ചത് വൈരമുത്തു, നാ.മുത്തുകുമാര്‍, പ.വിജയ് എന്നിവരാണ്. ഹാരിസിന്റെ സ്ഥിരം ഫോര്‍മാറ്റിലൊരുക്കിയിരിക്കുന്ന ഗാനങ്ങള്‍ മികച്ചതെന്ന് പറയാനാകില്ലെങ്കിലും ഒരു വട്ടം കേള്‍ക്കുമ്പോള്‍ തരക്കേടില്ല എന്ന തോന്നിപ്പിക്കുന്നവയാണ്. കോയ്‌ന മിത്രയുടെ ഐറ്റം നമ്പറിന് താളം പിടിക്കുന്ന ‘ഹണി ഹണീ...’ എന്ന് ഗാനം അസ്സഹനീയവും സിനിമയില്‍ അനവസരോചിതവുമാണ്. കാര്‍ത്തിക് പാടിയ ‘വിഴി മൂടി...’ പിന്നെയും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്നതാണ്. ഇതിന്റെ ഗാനചിത്രീകരണം ചിലയിടങ്ങളില്‍ ഗജിനിയെ ഓര്‍മ്മിപ്പിക്കുമെങ്കിലും രസകരമാണ്. ഹരീഷും മഹതിയും പാടിയ ‘നെഞ്ചേ നെഞ്ചേ’ ചിത്രീകരിച്ചിരിക്കുന്നത് ഗജിനി (ഹിന്ദി പതിപ്പ്)യിലെ ‘ഗുസാരിഷ്...’ എന്ന് ഗാനത്തിന് പരിസരമായ നമിബ് മരുഭൂമിയിലാണ്.
+ സൂര്യ, പ്രഭു, ജഗന്‍
+ ആക്ഷന്‍ രംഗങ്ങള്‍
+ വേഗതയുള്ള തിരക്കഥ
x പുതുമയില്ലാത്ത അവസാനരംഗങ്ങള്‍
x കണ്ണുരുട്ടി നടക്കുന്ന വില്ലന്‍
x അനവസരത്തില്‍ വരുന്ന ഗാനങ്ങള്‍
വാല്‍ക്കഷ്ണം:
ആക്ഷന്‍-ത്രില്ലര്‍ എന്ന ലേബലില്‍ പോലീസ് കഥകളും അധോലോകനായകവില്ലുപാട്ടുകളും പടച്ചിറക്കുന്ന മലയാളസിനിമാനായക-സംവിധായകപ്രഭുക്കന്മാര്‍ ഇംഗ്ലീഷ് സിനിമകളില്ലെങ്കിലും തമിഴ്‌സിനിമകളെങ്കിലും കണ്ട് ‘ത്രില്ലര്‍’ എന്നാല്‍ എന്തെന്ന് കണ്ടു പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് അയന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
*---------------------------------------------*----------------------------------------*
7 comments:
‘കനാ കണ്ടേന്‍‘ എന്ന തന്റെ ആദ്യസംവിധാനസംരംഭത്തിനു ശേഷം കെ.വി ആനന്ദും ‘വാരണം ആയിരം‘ എന്ന ഗൌതം മേനോന്‍ ചിത്രത്തിനു ശേഷം സൂര്യയും ഒത്ത് ചേര്‍ന്ന ചിത്രമാണ് അയന്‍. അന്താരാഷ്ട്ര വ്യാജ സി.ഡി-സ്വര്‍ണ്ണബിസ്കറ്റ്-മയക്കുമരുന്ന് ശൃംഗലയിലെ കണ്ണികളായ ഇടത്തരക്കാരുടെ കഥ പറയുന്ന ഈ ചിത്രം വലിയ പാളിച്ചകളില്ലാത്ത ഒരു എന്റര്‍ടെയിനറാണ്. ആക്ഷന്‍-ത്രില്ലര്‍ എന്ന ലേബലില്‍ പോലീസ് കഥകളും അധോലോകനായകവില്ലുപാട്ടുകളും പടച്ചിറക്കുന്ന മലയാളസിനിമാനായക-സംവിധായകപ്രഭുക്കന്മാര്‍ ഇംഗ്ലീഷ് സിനിമകളില്ലെങ്കിലും തമിഴ്‌സിനിമകളെങ്കിലും കണ്ട് ‘ത്രില്ലര്‍’ എന്നാല്‍ എന്തെന്ന് കണ്ടു പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് അയന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
കൂടുതല്‍ സിനിമാക്കാഴ്ച യില്‍.
സസ്നേഹം
ദൃശ്യന്‍
നന്ദി മാഷേ
ഒരു തിയേറ്ററില്‍ ‘അയന്‍’, മറ്റൊന്നില്‍ ‘ഐ.ജി.’; ഏതു കാണണമെന്ന് ഒന്നു ശങ്കിച്ചു; പിന്നെ ‘ഐ.ജി.’ കണ്ടേക്കാമെന്നു കരുതി. വിശേഷവും പോസ്റ്റി. :-)
വായിച്ചിട്ട് ഇതും കാണുവാന്‍ തോന്നുന്നുണ്ട്. കാണണോ? :-)
--
മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.
Are you crazy? "Ayan:Maduppikkatha Action"....This movie was horrible from beginning to end....Really bad story ,songs ,direction and the heroine....A very low quality movie strictly for front benchers.
നന്ദി ശ്രീ.
ഹരീ, ഐ.ജിയുടെ വിശേഷം കുറച്ച് വായിച്ചിരുന്നു. റേറ്റിംഗ് പ്രതീക്ഷിച്ചത് തന്നെ.. എനിക്ക് ഉണ്ണിക്കൃഷ്ണന്റെ മാടമ്പിയും ഇഷ്ടമായിരുന്നില്ല. അയന്‍ കാണണ്ട ഒരു സിനിമയാണെന്നൊന്നും ഞാന്‍ പറയില്ല, വേറെ ഒന്നും കാണാനില്ലെങ്കില്‍ കാണാം എന്നേ ഉള്ളൂ... സ്ഥിരമായ് തമിഴ് സിനിമകള്‍ കാണുന്നവര്‍ക്ക് ബോറടിക്കില്ല എന്നാണെന്റെ പക്ഷം.
അനൂപേ,
ഒരു പക്കാ കച്ചവടസിനിമയാണെന്നല്ലാതെ low quality movie strictly for front benchers ആണെന്നൊന്നുമെനിക്ക് തോന്നിയില്ല. താങ്കളുടേയും എന്റേയും താല്പര്യങ്ങളിലുള്ള വ്യത്യാസമായിരിക്കാം ഈ അഭിപ്രായത്തിന് കാരണം.
സസ്നേഹം
ദൃശ്യന്‍
About the fist scene of Ayan:
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പലതും ഉള്ള ഒരു സിനിമ ആണ്. Pirated cinema CD യില്‍ തന്നെ ഒരാള്‍ Malyasia യില്‍ പോയി കൊണ്ട് വരണം എന്ന് എന്താ ഇത്ര നിര്‍ബന്ധം ? internet ഇല്‍ ലൂടെ transfer ചെയ്യാലോ അതും അല്ലെങ്കില്‍ ഒരു കണ്ണില്‍ കാണാന്‍ പോലും പ്രയാസമായ Miro SD chip ഇലൂടെ കൊണ്ടുവരാലോ ? Do you know what I am sayin?
Ayan = Blood Diamond(churandiyathu) + Maria Full of Grace(tholi kalanjathu) + paattu + dance + heroine show + amma sentiments(aavashyathinu).
A stupid film but yet an entertainer I like that song "Vizhi Moodi Yosithal" that is it.. Suraj
www.sreeragam.com
Post a Comment